1/4
മാനവരാശിയുടെ പുരോഗതിയുടേ എടുത്തുപറയേണ്ട ഒരു ലക്ഷണം വിവിധ ജനവിഭാഗങ്ങളുടെ അധികാരശ്രേണിയിലുള്ള പ്രാതിനിധ്യമാണ്. പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ഏത് ശ്രമങ്ങളേയും മുളയിലെ നുള്ളുന്ന ഒരു ന്യൂനപക്ഷ വിഭാഗം എല്ലാക്കാലത്തും ഉണ്ടായിട്ടുമുണ്ട്. തങ്ങളുടെ സവിശേഷഭാഗ്യം കളഞ്ഞുകുളിക്കാൻ അസാമാന്യ മന:ക്കരുത്ത് വേണം. മഹത്വമുള്ളവരൊഴികെ ആരും ഈ സവിശേഷഭാഗ്യങ്ങളെ ത്യജിക്കാൻ പുറപ്പെടുകയുമില്ല. പുരുഷൻ-സ്ത്രീ, ഭൂരിപക്ഷം-ന്യൂനപക്ഷം, സമ്പന്നൻ-ദരിദ്രൻ, അധികാരി-അടിമ, വിജ്ഞാനി-അജ്ഞാനി തുടങ്ങിയ ദ്വന്ദങ്ങളിൽ ആദ്യം പറഞ്ഞ വിഭാഗങ്ങൾ അനുഭവിക്കുന്ന ആനുകുല്യങ്ങൾ നിയമം വഴിയല്ലാതെയോ, ബോധപൂർവമായ സാമൂഹ്യ ഇടപെടലുകൾ കൂടാതെയോ നീതിപൂർവം വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യാമോഹിച്ചിട്ട് ഒരു കാര്യവുമില്ല. നിങ്ങൾക്കുള്ള വ്യക്തിപരമായ സൗഭാഗ്യങ്ങൾ പങ്കുവെച്ചുകൂടെ, സ്ത്രീകൾക്ക് എല്ലാ രംഗങ്ങളിലും അതത് പാർട്ടികൾ, സംഘടനകൾ, ഗ്രൂപ്പുകൾ സ്വയം നിശ്ചയിച്ച് സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൂടെ എന്ന ചോദ്യങ്ങൾ ചോദിക്കുന്നവർ വിവേകമില്ലാത്തവരാണ് മറുപുറത്ത് നില്ക്കുന്നവരെന്നും, അവധാനതയില്ലാതെ അങ്ങിനെയെങ്കിലും അവർ തീരുമാനിച്ചാൽ അതിന്റെ ഗുണഫലങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന ദു:ഷ്ടലാക്ക് ഉള്ളവരാണെന്ന് നിസ്സംശയം പറയാം.
പ്രാതിനിധ്യം പല തരത്തിൽ ഉറപ്പുവരുത്താൻ കഴിയും. വിവിധജനവിഭാങ്ങൾക്ക് ജനാധിപത്യ പ്രക്രിയയിലും തൊഴിലിലും ഉള്ള സംവരണങ്ങൾ, വിവിധ ജനവിഭാങ്ങൾക്കുള്ള നിയമപരിരക്ഷകൾകൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്ന ഉന്നമനത്തിന്റെ ഭാഗമായി വരുന്ന പ്രാതിനിധ്യം, ബോധവത്ക്കരണം സാമൂഹ്യ ഇടപെടൽ പ്രക്ഷോഭങ്ങൾ തുടങ്ങിയവ സമ്മാനിക്കുന്ന പ്രാതിനിധ്യം ഇവയെല്ലാം ഉറപ്പിന് കാരണമാകുന്നുണ്ട്. പ്രാതിനിധ്യം എന്ന വിഷയത്തിൽ ഊന്നിയുള്ള ചർച്ചകൾ വിപുലവും ഗൗരവമേറിയതുമാണ്. ഒരു ചെറിയ ലേഖനം കൊണ്ട് അത് പൂർണ്ണമാകില്ലെന്നറിയം. എന്നാൽ സ്ത്രീകൾ, മതന്യുനപക്ഷങ്ങൾ, വർണ്ണവിവേചനം അനുഭവിക്കുന്നവർ (ഇതിൽ ചരിത്രപരമായിതന്നെ വിവേചനം അനുഭവിക്കുന്ന ഇന്ത്യയിലെ ജാതികളും ഉൾപ്പെടുത്താം), ലൈഗീക ന്യുനപക്ഷങ്ങൾ എന്നിവയിൽ ഊന്നാമെന്ന് തോന്നുന്നു. ഭാഷന്യൂനപക്ഷങ്ങളുടേയും, ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള എല്ലാവിഭാഗങ്ങളിലുമുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടേയും നഗര-ഗ്രാമ ദ്വന്ദം പരിഗണിക്കുകയാണെങ്കിൽ ഗ്രാമീണജനതയുടേയും പ്രതിനിധ്യം അപ്രധാനമായതുകൊണ്ടല്ല ഒഴിവാക്കുന്നത്, വിസ്താരഭയം മൂലമാണ്.
സ്ത്രീകളുടെ പ്രാതിനിധ്യം
പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീസമൂഹത്തിന്റെ ഉന്നതിയില്ലാതെ പൊതുസമുഹത്തിന് മുന്നേറാനോ, പുരോഗമിക്കുവാനൊ കഴിയുകയില്ല. 2022-ലെ വേൾഡ് ഇക്കോണോമിക് ഫോറം സ്തീകളുടെ വിദ്യഭ്യാസം, തൊഴിൽ, ആരോഗ്യം, അതിജീവനം, ശാക്തീകരണം എന്നീ ലിംഗസമത്വത്തിന്റെ (gender parity) അളവുകോലുകളേ ആധാരമാക്കി നടത്തിയ പഠനറിപ്പോർട്ടിലെ സ്ഥിതിവിവരക്കണക്കുകൾ നോക്കിയാൽ സ്ഥിതി പരമദയനീയമാണ്. ലിംഗസമത്വ സൂചികയിൽ (Gender Gap Index)) ആദ്യത്തെ അഞ്ച് രാജ്യങ്ങൾ ഐസ്‌ലന്റ്, ഫിൻലന്റ്, നോർവെ, ന്യൂസിലന്റ്, സ്വീഡൻ എന്നിവയാണ്. അമേരിക്കയുടെ സ്ഥാനം 27-ഉം ഉന്ത്യയുടേത് 135-ഉം ആണ്. കേരളം ഒരു രാജ്യമായിരുന്നെങ്കിൽ ഒരു പക്ഷെ അമ്പതിൽ താഴെയെങ്കിലും വരുമായിരുന്നു.
ഏത് രാജ്യത്തിന്റെ പുരോഗതിയിലും സ്തീകളുടെ ഭരണരംഗത്തുള്ള പ്രാതിനിധ്യം പരമപ്രധാനമാണ്. അതിന് ജനപ്രതിനിധി സഭകളിൽ സ്ത്രീക്കൾക്കുള്ള സംവരണം 50% ത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ പ്രാദേശിക ഭരണസമിതികളിലെ പ്രാതിനിധ്യം നിയമം മൂലം 50% ആക്കിയെങ്കിലും പലവിധ പുരുഷാധിപത്യ സാമൂഹ്യസാഹചര്യങ്ങൾ നിലനില്ക്കുന്നതുകൊണ്ട് നിയമത്തിന്റെ പൂർണ്ണഫലം വേണ്ടത്ര ലഭിക്കുന്നില്ല. വിവിധ രാജ്യങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സ്ഥിതിവിവരക്കണക്കളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ വികസിതമെന്ന് മേനി നടിക്കുന്ന പല രാജ്യങ്ങളുടെയും അവസ്ഥ ദയനീയമാണെന്ന് കാണാം. മന്ത്രിസഭകളിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള ആദ്യത്തെ മുന്ന് രാജ്യങ്ങൾ ബെൽജിയം (57%) നിക്വരാഗ്വ (58%), സ്വീഡൻ (57%) എന്നിവയാണ്. ഇപ്പോഴത്തെ ബൈഡൻ കാബിനറ്റിൽ 50% തൊട്ട് താഴെ സ്ത്രീ പ്രാതിനിധ്യമുണ്ടെങ്കിലും അത് സാധാരണമല്ല. അമേരിക്കയിൽ ചരിത്രമെടുത്താൽ ശരാശരി അത് 25% - ത്തിൽ താഴയെ വരു. ഇന്ത്യയിൽ അത് 10-ശതമാനത്തിൽ താഴെയാണ്. പാർലിമെന്റ് അംഗങ്ങളുടെ കണക്ക് നോക്കിയാൽ അത് മെക്സിക്കോ (50%), നിക്വരാഗ്വ (50%), റുവാണ്ട (61%) എന്നിങ്ങനെയാണ്. ഇന്ത്യയിൽ അത് 15% -ത്തിൽ താഴെയാണ്. അമേരിക്കയിൽ അത് 25% - ത്തിന് ചുറ്റുമാണ്. ലോകത്തിലെ പൊതുസ്ഥിതിയിൽ ചെറിയ അളവിൽ മാറ്റം വന്നിട്ടുണ്ട്. മന്ത്രിസഭകളിൽ അത് 9% -ത്തിൽനിന്നും 16-ലേക്കും പാർലിമെന്റുകളിൽ അത് 14-ൽ നിനൂം 22-ലേക്കും ഉയർന്നിട്ടുണ്ട് എന്നുള്ളത് ആശാവഹമാണ്.
അധികാരകേന്ദ്രങ്ങളിലെ പ്രാതിനിധ്യത്തിന്റെ വളർച്ചയനുസരിച്ച് ജീവിതത്തിന്റെ വിവിധമേഖലകളായ വിദ്യഭ്യാസം, തൊഴിൽ, സമ്പത്ത്, സംരംഭങ്ങൾ, നേതൃത്വപദവികൾ തുടങ്ങിയവയിലുള്ള സ്ത്രീ-പുരുഷ അസമത്വം ക്രമേണ കുറഞ്ഞുവരുമെന്ന് പ്രതിക്ഷപോലും ഗ്ലോബൽ ലിംഗ-വ്യത്യാസ പഠനം നല്കുന്നില്ല. ഈ തോതിലാണ് പോക്കെങ്കിൽ ഒരു നൂറ്റമ്പത് വർഷമെങ്കിലും എടുക്കും എല്ലാമേഖലകളിലും സ്ത്രീ-പുരുഷസമത്വം കൈവരിക്കാൻ എന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്. അതായത് ഒരു അഞ്ച് തലമുറയെങ്കിലും കഴിയേണ്ടിവരും ലോകത്തിലെ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കാനെന്ന് രത്നചുരുക്കും.
മതന്യൂനപക്ഷങ്ങളുടെ അവസ്ഥ
മതന്യൂനപക്ഷവിഭഗാങ്ങൾ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമാണ്. ഇന്ത്യയിൽ അത് പ്രധാനമായും മുസ്ലിംങ്ങളും ക്രിസ്താനികളും ആണെങ്കിൽ, മുസ്ലിംഭൂരിപക്ഷ രാജ്യങ്ങളിൽ അത് ഹിന്ദുക്കളും, ക്രിസ്താനികളും ആകാം. ബുദ്ധമതഭൂരിപക്ഷകേന്ദ്രങ്ങളിൽ അത് ഹിന്ദുക്കൾ ആകാം (ഹിന്ദുവെന്ന ഒരു മതമേയില്ലെന്ന വാദത്തിൽ കഴമ്പുണ്ടെങ്കിലും ഇന്ത്യയിലെ വിവധജാതികൾ കൂടിചേർന്ന ഒരു ജനവിഭാഗത്തെ സൗകര്യത്തിനുവേണ്ടി ഹിന്ദു എന്ന് വിളിക്കുകയാണ്) . ക്രിസ്ത്യൻ ഭൂരിപാക്ഷരാഷ്ട്രങ്ങളിൽ അത് ജൂതമതവിശ്വാസികളാകാം. ഈ വിഭങ്ങളുടേയെല്ലാം അതത് രാജ്യങ്ങളിലെ ഭരണരംഗത്തുള്ള പ്രാതിനിധ്യം അവരുടെ തുല്യതയിലുള്ള ഒരു അളവുകോലാണെന്ന് പറയം. കൂടാതെ മറ്റ് മേഖലകളിലുള്ള തുല്യതകൂടിയാകുമ്പോൾ ഒരു രാജ്യം അതിന്റെ മതന്യൂനപക്ഷങ്ങളോടുള്ള അതിന്റെ കടമ പൂർത്തീകരിച്ചതായി കണക്കാക്കാം.
ഒരു രാജ്യമെന്നനിലയിൽ ഇന്ത്യയിലെ ഇന്നത്തെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ എല്ലാ ജനധിപത്യ-പുരോഗമന വിശ്വാസികളും ഗൗരവമായി കാണേണ്ടതും എന്ത് വിലകൊടുത്തും നിലവിലുള്ള അവസ്ഥ തുടരാതിരിക്കാൻ പ്രയന്തിക്കേണ്ടതും അനിവാര്യമാക്കിയിരിക്കുന്നു. ഭരണതലത്തിലോ, പ്രതിനിധിസഭകളിലോ ഭരണകക്ഷിക്ക് ന്യൂനപക്ഷ പ്രതിനിധികൾ ഇല്ലാതാകുന്നത് വെറും യാദൃശ്ചികമല്ല, ബോധപൂർവമായി നിശ്ചയിക്കപ്പെട്ടതാണെന്ന് മനസിലാക്കിയേ തീരൂ. വിവിധ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ ഭരണാധികരികൾ എങ്ങിനെ ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്തുനിർത്തി ഭരണാധികാരത്തിലേക്ക് കയറുന്നതും, നിലനിർത്തുന്നതും നമ്മൾ അനുദിനം കാണുകയാണ്. അമേരിക്കയിലെ ട്രമ്പും, ബ്രിട്ടനിലെ ബോറിസും, ഇന്ത്യയിലെ മോദിയും, ടർക്കിയിലെ എർഡൊവാൻ (Erdogan) - നും ഈ നിലയിൽ വിജയങ്ങൾ കൊയ്തവരാണെന്ന് നമുക്കറിയാം. അമേരിക്കയിലെ ജൂതർക്ക് നേരെയുള്ള ആക്രമണങ്ങൾ, ഇന്ത്യയിലെ ക്രിസ്ത്യൻ-മുസ്ലീം മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വേട്ടകൾ, സമാധനത്തിന്റെ മതമെന്ന് പറയപ്പെടുന്ന ബുദ്ധമതാനുയായികൾ രൊഹിംഗ മുസ്ലീംജനവിഭാഗത്തിനുനേരെ മ്യാമറിൽ (Myanmar) - ൽ നടത്തുന്ന് ലജ്ജാവഹമായ ഹിംസാത്മക പ്രയോഗങ്ങൾ, ശ്രീലങ്കയിൽ നടക്കുന്ന ക്രിസ്ത്യൻ മതവിഭാങ്ങൾക്കെതിരായ അതിക്രമങ്ങൾ, ചൈനയിൽ വീഗേഴ്സ് മുസ്ലിം ന്യൂനപക്ഷത്തിനെതിരായ അടിച്ചമർത്തൽ എന്നിവ ഒരുരാഷ്ട്രവും ഇതിൽനിന്നും മുക്തമല്ല എന്ന് തെളിയിക്കുന്നതാണ്.
വിവിധ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ മേൽപ്പറഞ്ഞ അവസ്ഥ മാറ്റിത്തീർക്കുക എന്നത് മനുഷ്യസ്നേഹികളുടെ ഒരു വലിയ വെല്ലുവിളിയാണ്. മാനുഷികമുല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണഘടന, തുല്യത ഉറപ്പുവരുത്തുന്ന നിയമങ്ങൾ, ജനാധിപത്യം മതനിരപേക്ഷത ശാസ്ത്രബോധം പുരോഗമനചിന്ത എന്നീ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രിയപ്പാർട്ടികൾ, ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം എന്നിവ ഈ വെല്ലുവിളികളെ നേരിടാൻ അനിവാര്യമാണ്. വിവിധ തട്ടുകളിലുള്ള ഭരണസമിതികളിലെ മതിയായ പ്രാതിനിധ്യം, വിദ്യഭ്യാസ-ആരോഗ്യ-സമ്പത്തിക മേഖലകളിലുള്ള തുല്യാവസരങ്ങൾ, മതവും രാഷ്ട്രീയവും പരസ്പരം ഇടപെടാതിരിക്കൽ, സാമുഹ്യ അസന്തുലിതാവസ്ഥയുടെ നിർമ്മാർജ്ജനം എന്നിവ് മതന്യൂനപക്ഷങ്ങളുടെ ഉന്നതിക്ക് അത്യന്താപേക്ഷിതമാണ്. ഈ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിൽ ശാസ്ത്ര-സാങ്കേതികവിദ്യയെ ഉപയോഗിച്ച് പുതുതലമുറ ഈ വെല്ലുവിളികളെ തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
വർണ്ണ-ജാതി വിവേചനങ്ങൾ
മതന്യൂനപക്ഷങ്ങളെപ്പോലെ തന്നെ ജന്മംകൊണ്ട് അവശതയനുഭവിക്കുന്നന്നതിന് കാരണമാകുന്നവയാണ് വ്യക്തിയുടെ നിറവും ജാതിയും. മതം മാറാൻ കഴിയുമെങ്കിൽ നിറവും ജാതിയും മാറ്റാൻ കഴിയുകയില്ല. കർമ്മമാണ് ജാതി നിശ്ചയിക്കുന്നത് എന്ന വിടുവായത്വം കേൾക്കാറുണ്ടെങ്കിലും അത് പ്രായോഗികതലത്തിൽ പ്രാപ്യമായതിന്റെ തെളിവുകൾ ഈ ആധൂനികകലഘട്ടത്തിലും ഉണ്ടെന്ന് തോന്നുന്നില്ല. വർണ്ണ-ജാതി വിവേചനത്തിന്റെ ചരിത്രം എത്രമാത്രം മനുഷ്യത്വ വിരുദ്ധമായിരുന്നു (വർത്തമാനകാലവും വിഭിന്നമല്ല) എന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യയേയും അമേരിക്കൻ ഐക്യനാടുകളേയും പഠിച്ചാൽ മതി. അമേരിക്കയിലെ കറുത്ത വംശജരും തദ്ദേശീയരായ അമേരിക്കക്കാരും, ഇന്ത്യയിലെ ദളിതരും ഗോത്രവർഗവും അനുഭവിക്കുന്ന അടിമത്വസമാനമായ സാഹചര്യങ്ങളും അവശതകളും വാക്കുകൾകൊണ്ട് അനുഭവവേദ്യമാക്കാൻ കഴിയില്ല.
അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്കെതിരായ വിവേചനങ്ങൾ, വെളുത്തവർക്ക് മൃഗീയ ഭൂരിപക്ഷമുള്ള തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ചും, സാധാരണമാണ്. അതിൽത്തന്നെ പോലീസിന്റെ ഭരണവർഗ്ഗഭീകരത അടുത്തകാലത്തായി വർദ്ധിച്ചുവരുന്നതിന്റ് റിപ്പോർട്ടുകൾ ധാരാളമായി മാദ്ധ്യമങ്ങളിൽ കാണുന്നുണ്ട്. ഇന്ത്യയിലാണെങ്കിൽ, പാർലിമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, രണ്ട് ലക്ഷത്തിലേറെ ക്രിമിനൽ കേസുകൾ ദളിത് ആക്രമണവുമായി ബന്ധപ്പെട്ട് 2018 മുതൽ 2021 വരെയുള്ള നാലുവർഷങ്ങളിൽ രജിസ്റ്റർ ചെയ്തതിൽ മുപ്പതിനായിരത്തിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
നിറവും ജാതിയും മാറ്റാൻ കഴിയാത്തതുകൊണ്ട് എങ്ങിനെ ഈ ഉച്ചനീചത്വങ്ങളെ തരണം ചെയ്യാൻ കഴിയുമെന്നുള്ളത് വലിയൊരു ചോദ്യമാണ്. ഇത്തരം അവശതകൾ അനുഭവിക്കുന്നവരുടെ ജീവിതഭൗതീകസാഹചര്യം മാറ്റുക മാത്രമാണ് ഏകപോംവഴി. അതിന് സ്വീകരിക്കേണ്ടവഴികളിൽ പ്രഥമമായിട്ടുള്ളത് അവരുടെ ഭരണതലത്തിലുള്ള പങ്കാളിത്വവും അവർക്കെതിരേയുള്ള അക്രമണങ്ങളെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള നിയമവും അതിന്റെ പാലനവുമാണ്. അതോടൊപ്പം അവരുടെ വിദ്യഭ്യാസം, തൊഴിൽ, ആരോഗ്യം, ജീവിതസാഹചര്യങ്ങൾ എന്നിവയുടെ പുരോഗതിയും കൂടാതെ ഇവരുടെ മറുപുറത്ത് നില്ക്കുന്നവരുടെ ബോധവല്ക്കരണവും നിയമം ലംഘിക്കൂന്നവരുടെ കടുത്ത ശിക്ഷകളുമാണ് കരണിയമായിട്ടുള്ളത്.
ലൈംഗീക ന്യൂനപക്ഷങ്ങൾ
ലൈംഗീകന്യുനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ജനാധിപത്യ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങൾ കൂടുതൽ ബോധവാന്മാരാകാൻ ശ്രമിക്കുന്നതിന്റെ ചില ചെറിയ സൂചനകൾ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ കാണാവുന്നത്മാണ്. ഇത്തരം കാര്യങ്ങളിൽ അമേരിക്കയും യൂറോപ്പും അടക്കമുള്ള ലിബറൽ ജനാധിപത്യ രാജ്യങ്ങൾ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നുള്ളത് അവിതർക്കിതമാണ്. ഇന്ത്യയിൽ സ്വവർഗ്ഗ ലൈഗീകത ഇപ്പോൾ ഒരു ക്രിമിനൽ കുറ്റമല്ലെങ്കിലും അതിനെതിരെയുള്ള മത-സാമുഹ്യനിലപാടുകൾ കർക്കശം തന്നെയാണ്. ഇങ്ങിനെ ഒരുവിഭാഗം ഉണ്ടെന്നുള്ളത് തന്നെ അംഗീകരിക്കാൻ തയ്യാറാകത്ത രാജ്യങ്ങൾ ഏറെയുണ്ട്. മതാധിപത്യരാജ്യങ്ങളിൽ സ്വവർഗ്ഗലൈഗീകത കുറ്റകരവുമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തീവ്രവലതുപക്ഷത്തിന് ഭരണതലങ്ങളിൽ സ്വാധീനം ലഭിച്ചതോടെ ലൈംഗീകന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമണങ്ങൾ ഏറിവരുന്നതായി കാണുന്നുണ്ട്. മതയാഥാസ്ഥികതയുടെ തീവ്രനിലപാടുകൾ ഇത്തരം ആക്രമണങ്ങൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.
ലൈംഗീക ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വിവേചനങ്ങൾ പരിഹരിക്കുന്നതിന് എവിടെ തുടങ്ങണമെന്നുള്ളത് പ്രധാനമാണ്. ഈ വിഭാഗക്കാർ വളരെ ചെറുന്യൂനപക്ഷമായതുകൊണ്ട് ഭരണതലത്തിലെ പ്രാതിനിധ്യം ഇത്തരണത്തിൽ പ്രായോഗിമാണോ എന്ന് സംശയിക്കുന്നവർ ധാരാളമുണ്ട്. യുവജനസംഘടനകൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളതിനാണ് പ്രാമുഖ്യം നല്കേണ്ടത് എന്ന് തോന്നുന്നു. ഇവരുടെ സംരക്ഷണം, വിദ്യഭ്യാസം, തൊഴിൽ, എന്നിവയിൽ ഊന്നൽ കൊടുക്കേണ്ടതുണ്ട്. പുരോഗമനേച്ഛുക്കളായ പുതുതലമുറക്ക് ലൈംഗീകന്യുനപക്ഷങ്ങളുടെ വിവിധപ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കഴിയുമെന്ന് കരുതാം. സമാന്തരമായി അവരുടെ വിവിധമേഖലകളിലെ പ്രാതിനിധ്യത്തെക്കുറിച്ച് ഗൗരവരതരമായ ചർച്ചകൾ തുടരുകയും ചെയ്യാം.
സ്വത്വരാഷ്ടീയവും വർഗ്ഗരാഷ്ട്രീയവും
സമൂഹത്തിലെ വിവിധ ന്യൂനപക്ഷ ജനവിഭഗങ്ങൾ അനുഭവിക്കുന്ന എല്ലാവിവേചനങ്ങൾക്കും സ്വത്വരാഷ്ട്രീയമാണ് പരിഹാരമെന്ന് കരുതുന്ന ധാരാളം പേരുണ്ട്. സ്വത്വരാഷ്ട്രിയം, ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, പലപ്പോഴും വിഭജനങ്ങൾക്കും വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിലേക്കും നിലപതിക്കാനുള്ള സാദ്ധ്യതകൾ തീരെ കുറവല്ല. എന്നാൽ ന്യുനപക്ഷങ്ങളുടെ തനതായ വെല്ലുവിളികളെ നേരിടുന്നതിന് സ്വത്വരാഷ്ട്രീയത്തിന് അതിന്റേതായ പങ്കുണ്ട്. അതുകൊണ്ട് വർഗ്ഗരാഷ്ട്രീയത്തിലൂന്നിയ സ്വത്വരാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ തേടുകയാണ് അഭികാമ്യം. രാഷ്ട്രീയം, സാമ്പതികം, ഭരണപരം, നീതിന്യായം, വിദ്യഭ്യാസം, സാമൂഹികം തുടങ്ങി സർവമേഖലകളിലും എല്ലാവിധ ന്യൂനപക്ഷങ്ങൾക്കും നീതിയുക്തവും നിയമപരവുമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് നിസ്സംശയം പറയാം.
******
(ജൂൺ 9-11, 2023 ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളന സോവനീറിൽ പ്രസിദ്ധീകരിച്ചത്.)
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.