malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

അശോകന്‍ ചരുവില്‍

കൊടും ശൈത്യത്തിന്റെ പിടിയില്‍
പതിവുപോലെ ഉത്തരേന്ത്യയിലെ തണുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു. "കൊടും ശൈത്യത്തിന്റെ പിടിയില്‍" എന്നാണ് പ്രസിദ്ധമായ വാചകം. നമ്മുടെ തലസ്ഥാന നഗരത്തിലെ ശൈത്യകാലം വളരെ പ്രസിദ്ധമാണ്. എം മുകുന്ദന്റെ നോവലുകളിലൂടെയാണ് ആ ശൈത്യം ഞാന്‍ അനുഭവിച്ചിട്ടുള്ളത്. ഡല്‍ഹി നഗരം അപരിചിതമല്ലെങ്കിലും ശൈത്യകാലത്ത് ഞാന്‍ അവിടെ പോയിട്ടില്ല. ഇത്തവണ പോകണമെന്നുണ്ടായിരുന്നു. അതിനിടെ ഇടുക്കിയില്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്തി. ജലദോഷവും പനിയും പിടിച്ച് കിടപ്പിലായി. ചെറുതോണിയിലേയും കുട്ടിക്കാനത്തേയും തണുപ്പു പിടിക്കാത്തവന് ഡല്‍ഹിയെ നേരിടാനാവുമോ? ഇത്തവണ ഡല്‍ഹിയിലെ ശൈത്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ജസീറയേയും കുഞ്ഞുങ്ങളെയുമാണ് ഓര്‍മിച്ചത്. നാട്ടിലെ മണല്‍ മാഫിയക്കെതിരായ തന്റെ ഒറ്റയാള്‍ സമരത്തിന്റെ ഭാഗമായി അവര്‍ ഡല്‍ഹിയിലെ ഏതോ പാതയോരത്ത് താമസിച്ചിരുന്നുവല്ലോ. അടുത്ത കാലത്ത് പൊലീസ് അവരുടെ സമരപ്പന്തല്‍ പൊളിച്ചു മാറ്റിയെന്നു വാര്‍ത്തയുണ്ടായിരുന്നു. കടിച്ചുകീറുന്ന തണുപ്പില്‍ ഇത്തിരിപ്പോന്ന ആ കുഞ്ഞുങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് ഞാന്‍ ആലോചിച്ചു. ഗുമസ്തപ്പണി കഴിഞ്ഞ് തണുപ്പില്‍നിന്നു രക്ഷപ്പെടാനായി സന്ധ്യക്കു മുമ്പേ വീടുപറ്റാന്‍ തിരക്കിട്ടു പോകുന്ന ഡല്‍ഹിയിലെ ബാബുമാര്‍ ആ കുഞ്ഞുങ്ങളെ ഒരു വട്ടമെങ്കിലും തിരിഞ്ഞുനോക്കിയിട്ടുണ്ടാകുമോ? പലരും അറിഞ്ഞിട്ടുണ്ടാവില്ല ആ കുടുംബം എന്തിനിവിടെ വന്നു കിടക്കുന്നു എന്ന്. ചില കാലങ്ങളില്‍ ശൈത്യം മനസ്സിനെയും ബാധിക്കുമല്ലോ. അറിവും വിവരവുമുള്ള, പത്രം വായിച്ച് ലോകകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന ഗുമസ്തന്മാര്‍ തമ്മില്‍ തമ്മില്‍ ചോദിക്കും: "ഈ സ്ത്രീക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?" ഇങ്ങനെയൊരു ചോദ്യം പണ്ടും ഉണ്ട്. ഇപ്പോഴത് രാജ്യത്ത് സംഘടിതമായി ഉയരുന്നു എന്നു മാത്രം. സമരങ്ങളും പ്രക്ഷോഭവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ പൊതുപ്രവര്‍ത്തകരോട് ശുദ്ധഗതിക്കാര്‍ എന്നറിയപ്പെടുന്ന മന്ദബുദ്ധികള്‍ പണ്ടു ചോദിച്ചിരുന്ന ഈ ചോദ്യം മാധ്യമ പിന്തുണയോടെ ഇന്നൊരു രാഷ്ട്രീയ ദര്‍ശനമായി മാറിയിരിക്കുന്നു. ഇയാള്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ? എങ്ങനെയെങ്കിലും നാലു കാശുണ്ടാക്കി വീടു പുലര്‍ത്തി കുഞ്ഞുങ്ങളെ പരിപാലിച്ച് ജീവിച്ചാല്‍ പോരെ? ജീവിച്ച് ജീവിച്ച് കാലാന്തരത്തില്‍ വൃദ്ധനായി മരിച്ചാല്‍ പോരെ? വയസ്സനായി മരിക്കുക എന്നതാവണം ഒരാളുടെ ആത്യന്തികമായ ജീവിത ലക്ഷ്യം. ശ്മശാനത്തിലേക്കുള്ള യാത്രയില്‍ ബന്ധുക്കളും അയല്‍ക്കാരുമായി കുറച്ചു പേര്‍ അനുഗമിക്കും. ശ്മശാനത്തിലേക്കുള്ള യാത്ര മാത്രമാണ് വ്യവസ്ഥാപിതമായ ഒരു സമൂഹയാത്ര. എത്ര ഫാസിസ്റ്റായ ഏകാധിപതിയും ഈ യാത്രയെ നിരോധിച്ചതായി കേട്ടിട്ടില്ല. പിന്നെ പട്ടാളത്തിന്റെ റൂട്ട് മാര്‍ച്ചോ, അമ്പലത്തിലെ രഥയാത്രയോ, പെരുന്നാളിന്റെ പ്രദക്ഷിണമോ ആവാം. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഈ ലേഖകന്‍ കുട്ടിക്കാലത്ത് മേല്‍പ്പറഞ്ഞ ചോദ്യത്തെ പല മട്ടില്‍ അഭിമുഖീകരിച്ചിട്ടുണ്ട്. വീട്ടിലെ മുതിര്‍ന്ന പുരുഷന്മാര്‍ അരക്ഷിതമായ ഒരു ജീവിതമാണ് അന്ന് നയിച്ചിരുന്നത്. പലപ്പോഴും അവര്‍ ഒളിവിലാണ്. എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം. ലോക്കപ്പിലിട്ട് മര്‍ദിക്കപ്പെടാനും കൊല്ലപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ കൊല്ലപ്പെട്ടവരുടെയും ജീവച്ഛവമായി തീര്‍ന്നവരുടെയും നിരവധി കഥകള്‍ ജീവനോടെ മുന്നിലുണ്ട്. മറ്റെല്ലാ വീടുകളിലെയും കുടുംബനാഥന്മാര്‍ തന്‍കാര്യം നോക്കി കുടുംബത്തെയും നോക്കി സമാധാനത്തോടെ ജീവിക്കുമ്പോള്‍ നിന്റെ അച്ഛനെന്തിനാണ് ഇങ്ങനെയൊരു നരകജീവിതം സ്വയം തെരഞ്ഞെടുത്തത് എന്നാണ് ചോദ്യം. ഭക്ഷണത്തിനും വസ്ത്രത്തിനും ഒരു തുണ്ട് ഭൂമിക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമാണ് അത്. ഇന്ത്യാ-ചൈന, ഇന്ത്യാ-പാക്ക് യുദ്ധങ്ങള്‍ക്കിടയിലെ കാലം. രൂക്ഷമായ ഭക്ഷ്യക്ഷാമമാണ്. ചില സമരങ്ങളില്‍ ഞങ്ങള്‍ കുടുംബസമേതം പങ്കെടുക്കാറുണ്ട്. ഒരു പട്ടിണിജാഥയില്‍ കഞ്ഞിക്കലവുമേന്തി പോകുന്നവരുടെ കൂട്ടത്തില്‍ എന്നെക്കണ്ട മാന്യനായ സഹപാഠി വാര്യത്തെ രാധാകൃഷ്ണന്‍ ലജ്ജിച്ചു തലതാഴ്ത്തി. പ്രായത്തേക്കാള്‍ കവിഞ്ഞ ഗൗരവത്തോടെ അവന്‍ എന്നോട് പറഞ്ഞു: "അശോകന്‍, ഞാന്‍ ഇത്രക്കു പ്രതീക്ഷിച്ചില്ല കെട്ടോ?" റേഷന്‍പീടികയില്‍ ഗോതമ്പ് വന്നു എന്ന സദ്വാര്‍ത്ത കേട്ട് ഓടി വീട്ടില്‍ പോയി കാര്‍ഡും പണവുമെടുത്ത് ക്യൂവില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍ രണ്ടു പേരും എന്ന് ഓര്‍ക്കണം. സന്ധ്യയാവുന്നു. ക്യൂവില്‍ നിന്ന് രാധാകൃഷ്ണന്‍ അക്ഷമനാവുന്നുണ്ട്. അവന്‍ പറഞ്ഞു: "എട്ടു മണിക്ക് എന്‍ജിന്‍ ലാസറിന്റെ പൊടിമില്ല് അടക്കണേലും മുമ്പ് ഗോതമ്പു പതിച്ചു കിട്ട്യാല്‍ ഭാഗ്യണ്ടാര്‍ന്നു. പൊടിപ്പിച്ചു കൊണ്ടു ചെന്നാല് അപ്പൊത്തന്നെ റൊട്ടീണ്ടാക്കി തരാന്ന് അമ്മ പറഞ്ഞിട്ടുണ്ട്." അന്തരിച്ച പത്രപ്രവര്‍ത്തകനും ബംഗാളി എഴുത്തുകാരനും മലയാളിയുമായ വിക്രമന്‍നായരുടെ യുറോപ്യന്‍ യാത്രാവിവരണ ഗ്രന്ഥം ഞാന്‍ ഈയിടെ വീണ്ടും വായിച്ചു. "പശ്ചിമ ദിഗന്തേ പ്രദോഷ് കാലേ". സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷമാണ് വിക്രമന്‍നായര്‍ ജര്‍മനിയിലെ ട്രിയര്‍ പട്ടണത്തിലുള്ള കാള്‍ മാര്‍ക്സിന്റെ ജന്മഗൃഹം സന്ദര്‍ശിക്കുന്നത്. വിക്രമന്‍നായര്‍ കമ്യൂണിസ്റ്റോ സഹയാത്രികനോ ഒന്നുമല്ല. മറിച്ച് കടുത്ത വിമര്‍ശകനാണ് എന്നു പറയാം. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നേരാനേരം കുറച്ചെങ്കിലും ഭക്ഷണം കൊടുക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട ആ വീട്ടിലെ ഗൃഹനാഥനെ അദ്ദേഹം വികാരഭരിതനായി ഓര്‍ക്കുന്നു. മാര്‍ക്സിനെ കൂടാതെ ഒരാള്‍ക്ക് ലോകത്തെ വീക്ഷിക്കാനാവും. പകരം മതങ്ങള്‍ ഉണ്ടല്ലോ. മതങ്ങള്‍ മനശ്ശാന്തി നല്‍കുന്നു. പക്ഷേ മനശ്ശാന്തി ആര്‍ക്കു വേണം? നായര്‍ ടോള്‍സ്റ്റോയിയെ ഉദ്ധരിക്കുന്നു: "മനസ്സിലെ ശാന്തി ആത്മാവിലെ ദുഷിപ്പാണ്." ജസീറയുടെ സമരത്തോട് മധ്യവര്‍ഗ സമൂഹം കുറച്ചെങ്കിലും അനുഭാവം കാണിക്കുന്നുണ്ട്. കാരണം അവരുടെ കൂടെ വേറെ ആരുമില്ലല്ലോ. സമരങ്ങളില്‍ ജനപങ്കാളിത്തമുണ്ടാവുമ്പോഴാണ് അതൊരു വലിയ കുറ്റമാവുന്നത്. എത്രയധികം ആളുകളുണ്ടോ അത്രക്കു വലിയ കുറ്റമാവുന്നു. മനുഷ്യന്റെ പ്രതികരണങ്ങള്‍ സംഘടിതമാകരുത് എന്നൊരു തത്വശാസ്ത്രം രൂപീകരിക്കപ്പെട്ടിരിക്കുന്നു. രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ തലവെട്ടി റോഡില്‍ കൊണ്ടുവയ്ക്കുന്ന വിപ്ലവത്തിന്റെ സൈദ്ധാന്തികര്‍ തന്നെയാണ് ഈ ദര്‍ശനത്തിന്റെയും അവതാരകര്‍. സമരങ്ങളെല്ലാം ഒറ്റക്ക് അല്ലെങ്കില്‍ ഒരു വീട്ടിലെ ആളുകള്‍ മാത്രം, കൂടിയാല്‍ പരിസരവാസികള്‍ മാത്രം നടത്തേണ്ടതാണ്. ജനപങ്കാളിത്തം അപകടമാണ്. ഒരു പ്രക്ഷോഭം ജനകീയമായാല്‍ എന്തു സംഭവിക്കും എന്നറിയാന്‍ 1930-കള്‍ക്കു മുമ്പും പിമ്പുമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പരിശോധിച്ചാല്‍ മാത്രം മതി. ബാരിസ്റ്റര്‍മാരും സെമിന്ദാര്‍മാരും നയിച്ചിരുന്ന ദേശീയസമരത്തിന് ഒരു ലക്ഷ്യവും അജണ്ടയും മുദ്രാവാക്യ വും ഉണ്ടാകുന്നത് മുപ്പതുകളി ലാണ്. ദരിദ്രനാരായണന്മാരുടെ പിന്‍ബലത്തില്‍. ഈ ലേഖകന്‍ എഴുതുന്ന കഥകളിലും ലേഖനങ്ങളിലും ചില സമരങ്ങളുടെ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നതായി അഭ്യുദയകാംക്ഷികള്‍ നിരീക്ഷിക്കാറുണ്ട്. ആവര്‍ത്തനം സാഹിത്യത്തിലെ ഒരു ദോഷമാണ്. എത്ര ശ്രദ്ധിച്ചാലും ഒരാളുടെ സാഹിത്യ ജീവിതത്തില്‍ കുറച്ചൊക്കെ ആവര്‍ത്തനങ്ങള്‍ വന്നുപോകും. അറിയാതെ സംഭവിക്കുന്നതാണ് അത്. പക്ഷേ എന്റെ എഴുത്തില്‍ സംഭവിക്കുന്ന ആവര്‍ത്തനങ്ങള്‍ അറിഞ്ഞും ബോധപൂര്‍വവുമാണ് എന്നതുകൊണ്ട് കുറ്റത്തില്‍നിന്നു മുക്തിയില്ല. എന്റെ ലോകത്തെ, എന്നെ രൂപപ്പെടുത്തിയ സമൂഹത്തെ നിര്‍ണായകമായി സ്വാധീനിച്ച ചില പ്രക്ഷോഭങ്ങളെയാണ് ഞാന്‍ പലമട്ടില്‍ ആവര്‍ത്തിച്ചിട്ടുള്ളത്. രണ്ടു സമരങ്ങളെക്കുറിച്ച് സൂചിപ്പിക്കാം. രണ്ടും ഞാന്‍ ജനിക്കുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നവയാണ്. ഒന്ന് താണിശേരിയിലെ നായരീഴവ ലഹള. രണ്ട് ഇരിങ്ങാലക്കുടയിലെ കുട്ടന്‍കുളം സമരം. 1920ലാണ്(1095 തുലാം 27) താണിശേരിയിലെ നായരീഴവ ലഹള നടന്നത്. താണിശേരി ബഹളം എന്നും ഈ സംഭവം ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. താണിശേരി ഈ ലേഖകന്റെ അയല്‍ ദേശമാണ്. നവോത്ഥാനത്തില്‍ ആവേശഭരിതരായ അധഃസ്ഥിതര്‍ തങ്ങളുടെ ആചാരങ്ങളെയും ചടങ്ങുകളെയും പരിഷ്കരിക്കാനൊരുമ്പെടുന്നു. ശ്രീനാരായണഗുരുവിന്റെ നിര്‍ദേശമനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ ലളിതമാക്കാന്‍ അവിടത്തെ ഈഴവര്‍ തീരുമാനിച്ചു. പതിനാറു ദിവസത്തെ പുലയാചരണം ചുരുക്കി പത്തു ദിവസമാക്കാന്‍ നിശ്ചയിച്ചു. സവര്‍ണര്‍ സഹിക്കുമോ? പത്തു ദിവസത്തെ പുല ബ്രാഹ്മണരുടെ ആചാരമാണ്. ഈഴവര്‍ ബ്രാഹ്മണരാകാനാണ് പുറപ്പാട്. പുലയടിയന്തിരം നടക്കുന്ന മേനാത്ത് കുഞ്ഞികൃഷ്ണന്‍ എന്നയാളുടെ വീട് ആക്രമിക്കുവാന്‍ അവര്‍ നിശ്ചയിക്കുന്നു. പാവപ്പെട്ട നായര്‍ സമുദായക്കാരാണ് പടയാളികളായി രംഗത്തുവന്നത്. സ്വാമി ബോധാനന്ദന്റെ നേതൃത്വത്തിലുള്ള ഈഴവരുടെ "ധര്‍മ്മഭടസംഘം" പ്രത്യാക്രമണം നടത്തി. രണ്ടു ഭാഗത്തും നിരവധി പേര്‍ക്ക് പരിക്കു പറ്റി. ദീര്‍ഘകാലം ഇതു സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ 1946-ല്‍ നടന്ന കുട്ടന്‍കുളം സമരത്തെക്കുറിച്ച് എന്റെ "കങ്കാരുനൃത്തം", "കറപ്പന്‍" എന്നീ നോവലുകളില്‍ പരാമര്‍ശമുണ്ട്. പ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള പൊതുവഴിയില്‍കൂടി അധഃസ്ഥിത സമുദായക്കാര്‍ക്കു വഴിനടക്കാന്‍ വേണ്ടി നടന്ന സമരമാണത്. പി ഗംഗാധരനായിരുന്നു നേതാവ്. കമ്യൂണിസ്റ്റ് പാര്‍ടി, കൊച്ചി എസ് എന്‍ഡിപി, പുലയ മഹാസഭ എന്നിവയിലെ പ്രവര്‍ത്തകര്‍ വിലക്കു ലംഘിച്ച് റോഡിലൂടെ മാര്‍ച്ചു ചെയ്തു. കുപ്രസിദ്ധമായ മലബാര്‍ സ്പെഷല്‍ പൊലീസാണ് അവരെ നേരിട്ടത്. ക്രൂരമായ ലാത്തിച്ചാര്‍ജ്, ലോക്കപ്പു മര്‍ദനം. ഗംഗാധരനേയും അനുയായി കെ വി ഉണ്ണിയേയും മര്‍ദിച്ച ശേഷം വഴിയരികിലുള്ള ഒരു വിളക്കുകാലില്‍ കെട്ടിയിട്ടു. ആളുകള്‍ കാണട്ടെ. പാഠം പഠിക്കട്ടെ എന്നുവച്ച്. കേരളത്തിലെ ഓരോ മനുഷ്യനും ഓര്‍മിക്കുന്നതിന് അവന് വിലക്കുകളൊന്നും നിലവിലില്ലെങ്കില്‍ ഇത്തരം നിരവധി സമരങ്ങളെ കണ്ടെടുക്കാനാവും. ഞാന്‍ വിചാരിക്കുന്നത് ഓരോ ഗ്രാമത്തിനും ഫോക്ലോറുകള്‍ പോലെ തനതായ സമരചരിത്രവും ഉണ്ടായിരിക്കും എന്നാണ്. നാടകത്തിന് കര്‍ട്ടന്‍ വീഴുന്നപോലെ സമരങ്ങള്‍ എന്നെങ്കിലും അവസാനിക്കുമോ? പാടെ ഇല്ലാതാവുമോ? ഭാവിയില്‍ ഒരു സമത്വ സുന്ദര ലോകം ഉണ്ടായാല്‍ സമരങ്ങളെല്ലാം അവസാനിക്കുമെങ്കില്‍ ആ സമത്വ സുന്ദര ലോകം ഉണ്ടാകരുതേ എന്നാണ് എന്റെ ആഗ്രഹം. ഒന്നു കുരയ്ക്കാന്‍ നിവൃത്തിയില്ലെങ്കില്‍ പട്ടി എന്ന ജീവിതത്തിന് എന്ത് പ്രസക്തി? നവോത്ഥാനം നടന്നുവല്ലോ ഇനിയെന്തിനാണ് സമരങ്ങള്‍ എന്നു ചോദിക്കുന്നവരുണ്ട്. ക്ഷേത്രപ്രവേശന വിളംബരം നടന്നതോടെ തിരുവിതാംകൂറില്‍ എസ്എന്‍ഡിപിയും എന്‍എസ് എസും എല്ലാ സമരങ്ങളില്‍നിന്നും പിന്മാറി. രാജഭക്തന്മാരായി. രാഷ്ട്രീയ സ്വാതന്ത്ര്യം അവരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. ചിലരുടെ കാലപരിധി 1947 ആഗ സ്ത് 15 ആണ്. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച ധീരസമരങ്ങളെ ഉള്‍പ്പുളകത്തോടെ ഓര്‍മിക്കുന്നവരില്‍ പലരും പിന്നീടു ണ്ടായ സമരങ്ങളെ അപഹസിക്കുന്നത് കണ്ടിട്ടുണ്ട്. ""അത് അന്നത്തെ കാലം. മഹാത്മാഗാന്ധി. ഇത് നമ്മടെ പടിഞ്ഞാറ്റുംമുറീലെ കറപ്പന്‍. ആ വ്യത്യാസം കാണണം"" എന്നാണ് ഭാഷ്യം. പുസ്തകങ്ങള്‍ പോലെ സമരങ്ങളും ആപേക്ഷികമായാണ് മനുഷ്യനെ സ്വാധീനിക്കുന്നത്. താണിശേരി ബഹളവും കുട്ടന്‍കുളം സമരവും ഞാന്‍ ഓര്‍മിക്കുന്നതുപോലെ വികാരഭരിതമായി ആവണമെന്നില്ല എന്റെ സഹപാഠി വാര്യത്തെ രാധാകൃഷ്ണന്‍ ഓര്‍മിക്കുന്നത്. ജസീറയുടെ സമരം വിജയിക്കുമോ പരാജയപ്പെടുമോ എന്നെനിക്കു നിശ്ചയമില്ല. സമരങ്ങളുടെ പരാജയത്തെക്കുറിച്ചാണല്ലോ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പരാജയപ്പെട്ടാല്‍ നവ സമൂഹത്തിന്റെ മുമ്പാകെ ജസീറ കുറ്റവാളിയാകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. മുടക്കുമുതലും കണിശമായ പലിശയും തിരിച്ചുകിട്ടേണ്ട ഒരു കച്ചവടമായിട്ടാണ് മാധ്യമ രംഗത്തെ ചില പണ്ഡിതന്മാര്‍ ഇന്നു സമരങ്ങളെ വീക്ഷിക്കുന്നത്. "കാശുമുതലായോ?" എന്ന ചോദ്യം ഞങ്ങളുടെ കാട്ടൂരങ്ങാടിയില്‍ പണ്ടു വളരെ പ്രസിദ്ധമായിരുന്നു. കാശു മുതലായാല്‍ കാര്യം ശരി, അല്ലാത്തപക്ഷം തെറ്റ് എന്നായിരുന്നു അങ്ങാടിയിലെ ന്യായം. പണ്ട് പൊതു പ്രവര്‍ത്തനവുമായി വിയര്‍ത്തൊലിച്ച് നടക്കുമ്പോള്‍ കാരണവന്മാര്‍ ഞങ്ങളോട് ചോദിക്കും: "എന്തൊക്കും?" കള്ളുഷാപ്പില്‍ പോയാലും കണക്കുവച്ച് കുടിക്കുന്നവരാണ് ആ കാരണവന്മാര്‍. ഒരു കുപ്പി കള്ള്, ഒരു പിഞ്ഞാണം ചാളക്കറി. അതിലപ്പുറവും ഇപ്പുറവും ഇല്ല. എന്നിട്ടു തലക്കുപിടിച്ചില്ലെങ്കില്‍ മുതലുപോയതിന്റെ വിഷമത്തില്‍ ബോധക്കേടു വന്ന് വീട്ടില്‍ വന്നുകിടക്കും. കാട്ടൂര്‍ ഷീജയില്‍ സിനിമക്കു കയറിയാല്‍ കാശു മുതലായാല്‍ - രണ്ടു സ്റ്റണ്ട്, ഒരു കാറോട്ടം, ഒരു കല്യാണം. പോരെ? - ക്ഷണം ഇറങ്ങിപ്പോരും. അമിതലാഭം പ്രതീക്ഷിക്കുന്നില്ല. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി ഇരിങ്ങാലക്കുടയില്‍ സമരം നടക്കുമ്പോള്‍ സ്വാതന്ത്ര്യ സമ്പാദനത്തിന് കേവലം ഒരു വര്‍ഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏതാണ്ട് കാല്‍നൂറ്റാണ്ടിനു മുമ്പ് 1924ല്‍ ഇതേ ആവശ്യത്തിനുവേണ്ടി വൈക്കത്ത് സത്യഗ്രഹം നടന്നിരുന്നു. പിന്നീട് ഗുരുവായൂര്‍ സത്യഗ്രഹം നടന്നു. ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ ഒന്നുപോലും നേടിയെടുക്കാതെ ആ സമരങ്ങള്‍ അവസാനിച്ചപ്പോള്‍ തോറ്റ സമരത്തിന്റെ പേരില്‍ നേതാക്കളെ -ടി കെ മാധവന്‍, കെ കേളപ്പന്‍- കൂക്കിവിളിക്കാനും അപമാനിക്കാനും അന്ന് ഒരു മാധ്യമപ്പട ഉണ്ടായിരുന്നില്ല. വൈക്കത്തും ഗുരുവായൂരിലും പരാജയപ്പെട്ട സമരങ്ങളാണ് പിന്നീട് കേരളത്തിന്റെ അഭിമാനകരമായ ജൈത്രയാത്രക്കുള്ള ഇന്ധനമായത്. വൈക്കത്തുകാരനായ ഒരു കൃഷ്ണപിള്ളയുടെ രക്തം ആദ്യം ഗൂരുവായൂര്‍ ക്ഷേത്രനടയില്‍ വീണു. പിന്നെ കോഴിക്കോട് കടപ്പുറത്ത്, കണ്ണൂരിലെ ആറോണ്‍ മില്ലില്‍. അനേകമനേകം ലോക്കപ്പുകളില്‍. അതു കേരളമാകെ പടര്‍ന്നു. ഒരു സമരം വിജയമോ പരാജയമോ എന്നത് അത്യന്തം സങ്കീര്‍ ണമായ ഒരു ദാര്‍ശനിക പ്രശ്നമാണ്. കച്ചവടച്ചൊരുക്കു പിടിച്ച മാനസികാവസ്ഥകൊണ്ടു വിലയിരുത്താവുന്ന ഒരു പ്രക്രിയയല്ല മനുഷ്യന്റെ പ്രതിരോധവും പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും. ഇന്ത്യയുടെ മഹത്തായ ദേശീയസമരം 1947 ആഗസ്ത് 15ന് വിജയം കൈവരിച്ചതായി നമ്മളെല്ലാം ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതു സംബന്ധ മായ വിജയാഘോഷങ്ങള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍ സമരനായകന്‍ അത്യന്തം വിഷാദവാനായി കല്‍ക്കത്താ തെരുവിലും നവാഖലിയിലും അലഞ്ഞു തിരിയുകയായിരുന്നു. വിജയത്തിന്റെ ഒരു ചെറു ലാഞ്ചന പോലും ആ മുഖത്തു കണ്ടതായി ഒരാളും നാളിതുവരെ രേഖപ്പെടുത്തിയിട്ടില്ല. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചെറുതും വലുതുമായ എത്രയോ പ്രക്ഷോഭങ്ങള്‍ നടന്നു. നൂറുപൂക്കള്‍ വിരിഞ്ഞതുപോലെ ബഹുവര്‍ണ പ്രക്ഷോഭങ്ങളായിരുന്നു. സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന സമരങ്ങളുണ്ടായി. ശൈത്യം ബാധിക്കാത്ത സമൂഹമനസ്സാക്ഷിയുടെ പ്രതികരണങ്ങള്‍. ജാലിയന്‍വാലാബാഗും, ചമ്പാരനും, കയ്യൂരും, നിസ്സഹകരണവും, ഉപ്പുസത്യഗ്രഹവും, ക്വിറ്റിന്ത്യയും, നാവിക പ്രക്ഷോഭവും, വയലാറും മാത്രമല്ല വഴിനടക്കാന്‍ വേണ്ടി നടന്ന വൈക്കം, ഗുരുവായുര്‍ സത്യഗ്രഹങ്ങളും സ്വാതന്ത്ര്യസമര ഭടന്മാരാണ് നടത്തിയത്. അവയില്‍ ഏതൊക്കെ സമരങ്ങള്‍ വിജയിച്ചു ഏതൊക്കെ പരാജയപ്പെട്ടു എന്ന് പുതിയ ഫീച്ചറെഴുത്തുകാര്‍ വിലയിരുത്തട്ടെ. അവരുടെ കണക്കില്‍ നാലു കര്‍ഷകയുവാക്കള്‍ തൂക്കിലേറിയ കയ്യൂര്‍ സമരത്തേക്കാള്‍ വലിയ പരാജയമായിരിക്കും വീട്ടമ്മമാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ പിടഞ്ഞുമരിച്ച ജാലിയന്‍വാലാബാഗ്. വയലാറില്‍ പാവങ്ങളെ "പറഞ്ഞുപറ്റിച്ച്" സമരത്തിന് കൊണ്ടു പോയവരെ അന്വേഷിച്ചു നടക്കുകയാണല്ലോ അവര്‍. അവരുടെ വീക്ഷണത്തില്‍ ഗാന്ധിജി നേതൃത്വം നല്‍കിയ നൂറുനൂറു സമരങ്ങളില്‍ ഒന്നു മാത്രമായിരിക്കണം വിജയം വരിച്ചത്. തല്‍ക്ഷണം വിജയിച്ച 1922ലെ ചൗരിചൗരാ. ആ വിജയത്തിന്റെ ദുഃഖത്തില്‍ മനംനൊന്ത ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം തന്നെ പിന്‍വലിച്ചു. ജനങ്ങള്‍ക്ക് താല്‍പ്പര്യമോ പങ്കാളിത്തമോ ഇല്ലാത്ത സമരങ്ങള്‍ റോഡ് ബ്ലോക്കുണ്ടാക്കുകയില്ല. പക്ഷേ സ്ഫോടനങ്ങളുടെ രൂപത്തിലായിരിക്കും ചിലപ്പോള്‍ അവ അവതരിക്കുക. ജനങ്ങള്‍ കൂട്ടംകൂടുന്നതും ആവശ്യങ്ങള്‍ മുദ്രാവാക്യമായി മുഴക്കുന്നതും ജനാധിപത്യത്തിന്റെ ലക്ഷണങ്ങളാണ്. അനുഭവവും ചരിത്രവുമില്ലാത്ത ജനതക്ക് ഒരു ജനാധിപത്യ ജീവിതം സാധ്യമാവുകയില്ല. സമൂഹത്തിന്റെ ആവശ്യങ്ങളും പ്രതിസന്ധികളും തിരിച്ചറിയാത്തവര്‍ക്ക് സമരങ്ങള്‍ മാത്രമല്ല, ആളുകള്‍ കൂട്ടം കൂടുന്നതെന്തും അസഹ്യമായി അനുഭവപ്പെടും. വിദ്യാഭ്യാസ മികവില്‍ മുന്നോട്ടു പോവുമ്പോള്‍ തന്നെ സാമൂഹ്യ വിവേകത്തില്‍ പിന്നോട്ടു പോവുക എന്ന സന്ദേശമാണ് പുതു തലമുറക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. നാട്ടിലെ ഒരു ബിരുദാനന്തര ബിരുദധാരിയോട് ചോദിച്ചു നോക്കൂ വില്ലേജ് ആപ്പീസും പഞ്ചായത്ത് ആപ്പീസും വ്യത്യാസമുണ്ടെന്ന വിവരം അവനറിയുമെങ്കില്‍ മഹാഭാഗ്യം. എംപിയും എംഎല്‍എയും രണ്ടാളാണെന്ന് അവന് നിശ്ചയമില്ല. സ്വാതന്ത്ര്യസമരസേനാനി എന്ന സംയുക്ത വാക്ക് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അവനു മനസ്സിലായിട്ടില്ല. അതെല്ലാം രാഷ്ട്രീയമാണെന്നും രാഷ്ട്രീയം കൊടിലുകൊണ്ടുപോലും തൊടാന്‍ പാടില്ലാത്തതുമാണെന്നുമാണ് ആ പാവത്തെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ ഏതു സമരത്തേയും വിചിത്രമായിട്ടായിരിക്കും നോക്കിക്കാണുക. പണ്ട് ഫുട്ബോള്‍ മത്സരം കാണാന്‍ വന്ന രാജാവിനെപ്പോലെ അയാള്‍ ഇരുപത്തിരണ്ടു പേര്‍ക്കും ഓരോ പന്ത് വാഗ്ദാനം ചെയ്യും. ഇരിങ്ങാലക്കുടയിലെ കുട്ടന്‍കുളം സമരത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. വിലക്കു ലംഘിച്ചുള്ള മാര്‍ച്ചില്‍ അന്നത്തെ പുലയ മഹാസഭയുടെ ധാരാളം വനിതാ വളണ്ടിയര്‍മാര്‍ പങ്കെടുത്തിരുന്നു. സമരം തടയാനെത്തിയ പരിസരപ്രദേശത്തെ സവര്‍ണ പ്രമാണിമാര്‍ അവര്‍ക്കു നേരെ മുറുക്കിത്തുപ്പി. എന്തുകൊണ്ട് അവര്‍ക്കു നേരെ മാത്രം ഈ "മുറുക്കിത്തുപ്പല്‍" പ്രയോഗം നടത്തിയത് എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. സാരി ധരിച്ചാണ് ആ സ്ത്രീകള്‍ അന്നത്തെ ജാഥയില്‍ പങ്കെടുത്തത്. വഴിനടക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ് പുലയസ്ത്രീകള്‍ സാരി ധരിക്കുന്നത്. അന്ന് മാധ്യമങ്ങള്‍ കുറവായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഒന്നുമില്ല. രാത്രി നേരത്തെ സംവാദവും ചര്‍ച്ചയുമില്ല. ഇന്നായിരുന്നുവെങ്കില്‍ സമരത്തിന്റെ പേരില്‍ റോഡ് തടസ്സപ്പെടുത്തുന്നതിനെതിരായ പരിസരവാസികളുടെ പ്രതിഷേധമായി ആ തുപ്പല്‍ പ്രയോഗം വ്യാഖ്യാനിക്കപ്പെടുമായിരുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം