malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഡൈയോക്സിന്‍ എന്ന വിപത്ത്‌

ഡോ.സി.എം.ജോയി
ഡൈയോക്സിന്‍ ഭൂമുഖത്ത്‌ ഉണ്ടാകുന്നത്‌ ക്ലോറിന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കത്തിയ്ക്കുമ്പോഴും ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആകസ്മികമായി ഉണ്ടായേക്കാവുന്ന ഉപഉല്‍പ്പന്നവുമായാണ്‌. ഒരിക്കല്‍ നിര്‍മിക്കപ്പെട്ടാല്‍ ഒരു വിഷമാലിന്യമായി സര്‍വവ്യാപിയായി എക്കാലവും തുടരും എന്നതാണ്‌ ഡൈയോക്സിന്റെ പ്രത്യേകത. ജീവജാലങ്ങളില്‍ ചെറിയ തോതില്‍ സംഭരിക്കപ്പെടുന്ന ഡയോക്സിന്‍ പിന്നീട്‌ മാരകശേഷിയുള്ള രാസവസ്തുവായി മാറുകയാണ്‌. കാന്‍സര്‍, വിവിധതരം ആരോഗ്യപ്രശ്നങ്ങള്‍, ജനന വൈകല്യങ്ങള്‍, ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രമേഹം, പഠനവൈകല്യങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, ഉല്‍പ്പാദനേന്ദ്രിയ പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, രോഗപ്രതിരോധത്തിലുള്ള കുറവ്‌, നാഡീവ്യവസ്ഥയ്ക്ക്‌ മാന്ദ്യത, കുടല്‍-ഉദര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഡൈയോക്സിന്‍ വഴിയുണ്ടാകുന്ന പ്രശ്നങ്ങളില്‍ ചിലതു മാത്രം. കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍, ക്ലോറിന്‍ എന്നീ കണികകള്‍ ചേര്‍ന്നാണ്‌ ഡൈയോക്സിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. ഡൈയോക്സിനിലെ ക്ലോറിന്‍ കണികകളുടെ എണ്ണവും അതിന്റെ രാസഘടകത്തിലെ സ്ഥാനവുമാണ്‌ അവയുടെ മാരകശേഷി വര്‍ധിപ്പിക്കുന്നത്‌. വിവിധ ഡൈയോക്സിനുകളില്‍ ടെട്രാക്ലോറോ ഡൈബെന്‍സോ പാരാഡൈയോക്സിനുകളെ (ടിസിഡിഡി)പറ്റിയാണ്‌ ലോകത്തില്‍ ഏറെ ഗവേഷണങ്ങളും പഠനങ്ങളും നടന്നിട്ടുള്ളത്‌. ഒരു കാര്യം വളരെ വ്യക്തമാണ്‌. ഡയോക്സിനുകള്‍ മനുഷ്യനിര്‍മിതമായ മാരകമാലിന്യങ്ങളാണ്‌. പ്രകൃതിയില്‍ ഡയോക്സിനുകള്‍ മുനിസിപ്പല്‍ ഖരമാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍, മാരക വിഷ രാസമാലിന്യങ്ങള്‍, പേപ്പര്‍ പള്‍പ്പ്‌, രാസവ്യവസായങ്ങള്‍, ലോഹനിര്‍മാണ വ്യവസായങ്ങള്‍, സിമന്റ്‌ ചൂളകള്‍, ലോഹം ഉരുകല്‍, മരം കത്തിക്കല്‍, വാഹനങ്ങളിലെ ഡീസല്‍ ഉപയോഗം, കല്‍ക്കരി ഉപയോഗിച്ച്‌ വാഹനം ഓടിക്കല്‍, വന്‍ വ്യവസായങ്ങള്‍, ശവങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥലങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍, കാട്ടു തീ, ബയോകെമിക്കല്‍ റിയേക്ഷനുകള്‍, കമ്പനികളില്‍നിന്നും അപകടത്തിലൂടെ ബഹിര്‍ഗമനം, ഓയില്‍ അടങ്ങിയ വസ്തുക്കള്‍ കത്തിക്കുക എന്നിവയാണ്‌ ഡൈയോക്സിന്‍ ഉണ്ടാകുവാനുള്ള അവസരങ്ങള്‍. ശരിയായ രീതിയില്‍ പദാര്‍ത്ഥങ്ങള്‍ കത്താതിരിക്കുന്ന അവസ്ഥയിലൂടെ മാരകമായ ഡൈയോക്സിനുകള്‍ അന്തരീക്ഷത്തിലെത്താന്‍ സാധ്യത ഏറെയാണ്‌. അന്തരീക്ഷത്തിലെത്തുന്ന ഡൈയോക്സിനുകള്‍ ജലത്തിലെത്തുവാന്‍ നിമിഷങ്ങളേ വേണ്ടൂ. ഇതുവഴി ഭക്ഷണ പദാര്‍ത്ഥങ്ങളിലെത്തിച്ചേരുന്നു. മനുഷ്യനിലെത്തുന്ന 90 ശതമാനം ഡൈയോക്സിനുകള്‍ക്കും കാരണം മത്സ്യം, മാംസം, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ്‌. ജലത്തിലൂടെയും പുല്ല്‌, സസ്യങ്ങള്‍ എന്നിവയിലൂടെയും ജന്തുക്കളില്‍ എത്തുന്ന ഡൈയോക്സിനുകള്‍ അവയുടെ കൊഴുപ്പില്‍ അടിയുന്നു. വായുവിലെ ഡൈയോക്സിനുകള്‍ പുല്ലില്‍ പതിക്കുന്നതോടെ നാല്‍ക്കാലികളുടെ വയറ്റിലെത്തുന്നു. ഇത്‌ മനുഷ്യനില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ എത്തിച്ചേരുന്നു. മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലും ഡൈയോക്സിന്‍ എത്തിച്ചേരുന്നുണ്ട്‌. ഗര്‍ഭസ്ഥ ശിശുക്കളിലും പൊക്കിള്‍ക്കൊടിയിലൂടെ ഈ മാരക വിഷവസ്തു എത്തുന്നുണ്ട്‌. ഇത്‌ കുഞ്ഞുങ്ങളുടെ അവയവ സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണത്തിനുള്ള അന്തര്‍ദ്ദേശീയ ഏജന്‍സി ഡയോക്സിനുകള്‍ കാന്‍സര്‍ രോഗത്തിന്‌ കാരണക്കാരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കളനാശിനികളുടെ ഉപയോഗം ഡൈയോക്സിന്‍ മലിനീകരണത്തിന്‌ പ്രധാന കാരണമാണെന്നും ലോകം മനസ്സിലാക്കിയിട്ടുണ്ട്‌. 1976 ല്‍ ഇറ്റലിയിലെ സെവേസോ പട്ടണത്തിലെ രാസഫാക്ടറിയില്‍നിന്നും ഒരു മേഘം പോലെ പുറത്തുവന്ന ടെട്രാക്ലോറോഡൈ ബെന്‍സോ പാരാഡൈയോക്സിന്‍ (ടിസിഡിഡി) ഈ പട്ടണത്തിലെ 15 കി.മീ. ചുറ്റളവില്‍ 37000 ആളുകളെയാണ്‌ സാരമായി ബാധിച്ചത്‌. 2004 ല്‍ ഉക്രെയിന്‍ പ്രസിഡന്റ്‌ വിക്ടര്‍ യാഷെന്‍ങ്കോയുടെ മുഖം വിരൂപമാക്കിയതിലും ഡൈയോക്സിനുകള്‍ക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അമേരിക്ക 1965 മുതല്‍ 1971 വരെ വിയറ്റ്നാമില്‍ നടത്തിയ യുദ്ധത്തില്‍ വിയറ്റ്നാം കാടുകളില്‍ അഭയം തേടിയ വിയറ്റ്നാം പോരാളികളെ തുരത്തുവാനായി ഈ കാടുകളില്‍ തളിച്ച ഏജന്റ്‌ ഓറഞ്ച്‌ എന്ന ഇലപൊഴിച്ചില്‍ നടത്തുവാനുള്ള രാസപദാര്‍ത്ഥത്തില്‍ ഡൈയോക്സിനുകള്‍ കലര്‍പ്പായി കടന്നുകൂടിയിരുന്നു. ഈ യുദ്ധത്തില്‍ രണ്ട്‌ കോടി യുഎസ്‌ ഗ്യാലന്‍ കളനാശിനികളും ഇലപൊഴിയല്‍ രാസപദാര്‍ത്ഥങ്ങളുമാണ്‌ അമേരിക്ക ഉപയോഗിച്ചത്‌. ഇപ്രകാരം വിയറ്റ്നാമിന്റെ 90 ശതമാനം കാടുകളും ഇലപൊഴിപ്പിച്ചും ഉണക്കിയും നശിപ്പിച്ചു. മനുഷ്യന്‌ ഏറ്റവും കൂടുതല്‍ ഡൈയോക്സിനുകള്‍ ശ്വസിക്കേണ്ടതായി വന്ന സന്ദര്‍ഭവും ഇതായിരിക്കും. യുദ്ധത്തില്‍ ബയോളജിക്കല്‍ ഉപകരണങ്ങളും രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കരുതെന്ന്‌ 1925 ലെ ജെയിനെവ ഉടമ്പടി വിയറ്റ്നാം യുദ്ധകാലത്ത്‌ അമേരിക്ക കാറ്റില്‍ പറത്തിയിരുന്നു. അതുകൊണ്ടുതന്നെ ഡൈയോക്സിനുകള്‍ മൂലം രോഗാതുരമായത്‌ ലക്ഷക്കണക്കിന്‌ വിയറ്റ്നാം ജനതയാണ്‌. റെഡ്ക്രോസിന്റെ കണക്കുപ്രകാരം 4.8 ദശലക്ഷം ആളുകളാണ്‌ ഏജന്റ്‌ ഓറഞ്ചും ഡൈയോക്സിനുകളും മൂലം ദുരിതം അനുഭവിച്ചത്‌. 40000 ആളുകള്‍ മരിച്ചു. ലക്ഷക്കണക്കിന്‌ ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. മനുഷ്യരേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചത്‌ മൃഗങ്ങളിലായിരുന്നു. 24 ഇനം പക്ഷികള്‍ക്കും അഞ്ചിനം സസ്തനികള്‍ക്കും വംശനാശം സംഭവിച്ചു. 31,00,000 ഹെക്ടര്‍ സ്ഥലത്തെ വനമേഖല വിയറ്റ്നാം കമ്പോഡിയ അതിര്‍ത്തിയില്‍ നാമാവശേഷമായി. 40 വര്‍ഷത്തിലേറെയായി സംഭവം നടന്നിട്ടെങ്കിലും ഡൈയോക്സിനുകള്‍ ഇക്കോസിസ്റ്റത്തില്‍ വിവിധ കണ്ണികളിലായി ബയോമാഗ്നിഫിക്കേഷനിലൂടെ സംഭരിക്കപ്പെടുകയും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യനിലും മറ്റു ജീവജാലങ്ങളിലും ഇന്നും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ ഏറ്റവും അപകടകാരികളും നിര്‍മിക്കപ്പെട്ടാല്‍ നശിക്കാത്തതുമായ ‘ഡര്‍ട്ടി ഡസന്‍’ എന്ന വിഷമാലിന്യങ്ങളില്‍ ഒന്നാണ്‌ ഡൈയോക്സിനുകള്‍. വായു വഴിയോ വെള്ളം വഴിയോ ഭക്ഷ്യവസ്തുക്കള്‍ വഴിയോ ഡൈയോക്സിനുകള്‍ മനുഷ്യ ശരീരത്തിലെത്താം. അത്‌ ശരീരത്തിലെ കൊഴുപ്പു നിറഞ്ഞ കോശങ്ങള്‍ ആഗിരണം ചെയ്യുന്നു. അങ്ങനെ മനുഷ്യശരീരത്തില്‍ ഡൈയോക്സിനുകള്‍ സംഭരിക്കപ്പെടുന്നു. ശരീരത്തില്‍ ഡൈയോക്സിനുകള്‍ക്ക്‌ 11 വര്‍ഷം വരെ അവയുടെ മാരക വിഷമയമായ അവസ്ഥയില്‍ മാറ്റമില്ലാതെ തുടരാനാകുമെന്നതാണ്‌ ഏറ്റവും പ്രധാനം. ലോകത്ത്‌ 419 വിവിധതരം ഡൈയോക്സിനുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ 30 ഇനങ്ങള്‍ ടെട്രോക്ലോറോഡൈബെന്‍സോപാരാ ഡൈയോക്സിന്‍, പോളിക്ലോറിനേറ്റഡ്‌ ഡൈബെള്‍സോഫ്യൂറാന്‍സ്‌, ഡൈയോക്സിന്‍ പോലുള്ള പോളിക്ലോറിനേറ്റഡ്‌ ബൈഫിനെയില്‍സ്‌ ഉള്‍പ്പെടെ മാരകവിഷങ്ങളാണ്‌. ലോഹം ഉരുക്കല്‍, പേപ്പറും പള്‍പ്പും ക്ലോറിനുപയോഗിച്ച്‌ ബ്ലീച്ച്‌ ചെയ്യല്‍, പ്ലാസ്റ്റിക്‌ അടക്കം ഖരമാലിന്യങ്ങള്‍ കത്തിക്കല്‍, ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കല്‍ എന്നിവ ചെയ്യുമ്പോഴൊക്കെ ഡൈയോക്സിനുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ ശരിയായ കത്തിത്തീരല്‍ നടക്കാത്തതിനാലാണ്‌ ഡൈയോക്സിനുകളുടെ ഉല്‍പ്പാദനം കൂടുതലാകുന്നത്‌. പൂര്‍ണമായുള്ള കത്തിത്തീരലിന്‌ ശേഷിയുള്ള സാങ്കേതിക വിദ്യ ഉണ്ടെങ്കിലും ആരും അതിന്‌ മെനക്കെടാറില്ല. അതുകൊണ്ടാണ്‌ ഡൈയോക്സിനുകള്‍ കൂടുതലായും വായുവും വെള്ളവും മണ്ണും മലിനീകരിക്കുന്നത്‌. 2008 ല്‍ അയര്‍ലാന്റില്‍ വിറ്റഴിച്ച പോര്‍ക്കിറച്ചിയില്‍ സുരക്ഷിതമായ ഡൈയോക്സിന്‍ അളവിന്റെ 200 ഇരട്ടി മാലിന്യങ്ങള്‍ കണ്ടെത്തിയിരുന്നു. കോഴിമുട്ടയിലും പാലിലും കക്കയിറച്ചിയിലും മത്സ്യത്തിലും ഡൈയോക്സിനുകളുടെ അളവ്‌ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ഭക്ഷ്യ ശൃംഖലാ ജാലത്തില്‍ വിവിധ കണ്ണികളില്‍ ഡൈയോക്സിനുകളുടെ അളവ്‌ വര്‍ധിച്ചുവരുന്നത്‌ ബയോ അക്കുമുലേഷന്‍, ബയോമാഗ്നിഫിക്കേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌. മാലിന്യങ്ങള്‍ കത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചാല്‍ ഡൈയോക്സിനുകളുടെ അന്തരീക്ഷത്തിലെത്തുന്നതിന്റെ അളവ്‌ കുറയ്ക്കാനാകും. ഒരു കാരണവശാലും പ്ലാസ്റ്റിക്‌ കത്തിക്കരുത്‌. ഫാക്ടറികള്‍ ഡൈയോക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാതിരിക്കാന്‍ ഉല്‍പ്പാദനത്തിന്‌ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. ലോകാരോഗ്യ സംഘടനയും ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനും സംയുക്തമായി ഇറക്കിയിട്ടുള്ള ബൈയോക്സിന്‍ ഡൈയോക്സിന്‍ പോലുള്ള പോളിക്ലോറിനേറ്റഡ്‌ ബൈഫിനെയില്‍ എന്നിവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യവസായശാലകളില്‍ നടപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണം. 90 ശതമാനം ഡൈയോക്സിനുകളും മനുഷ്യശരീരത്തിലെത്തുന്നത്‌ ഭക്ഷണം, ഇറച്ചി, പാല്‍ പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, കക്കയിറച്ചി എന്നിവയിലൂടെയായതിനാല്‍ ഭക്ഷണത്തിലെ ഡൈയോക്സിന്‍ ഒഴിവാക്കുവാനാണ്‌ കൂടുതല്‍ ശ്രദ്ധപതിക്കേണ്ടത്‌. സുരക്ഷിതമായ ഭക്ഷ്യ ഉല്‍പ്പാദനവും വിതരണവും ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്‌ കഴിയണം. പൊതുസ്ഥലങ്ങളില്‍ ചവറ്‌ കൂട്ടിയിട്ട്‌ കത്തിക്കുമ്പോള്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കൂടെ കത്തുന്നത്‌ ഡൈയോക്സിനുകള്‍ അന്തരീക്ഷവായുവിലെത്തുന്നതിനും അതുവഴി ജീവജാലങ്ങളിലെത്തുന്നതിനും കാരണമാകുന്നു. ഇത്‌ ഒഴിവാക്കണം. കാലിത്തീറ്റയില്‍ ഡൈയോക്സിന്‍ കലരുന്നത്‌ തടയുവാന്‍ നടപടി വേണം. ഇത്‌ ഒഴിവാക്കിയില്ലെങ്കില്‍ ഡൈയോക്സിനുകള്‍, പാല്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൂടെ വളരെ വേഗം മനുഷ്യനിലെത്തും. മനുഷ്യ ശരീരത്തിലെ ചോരയില്‍ കലരുന്ന ഡൈയോക്സിനുകള്‍ കുഞ്ഞുങ്ങളിലെത്തുന്നതിനും ഭാവിതലമുറയ്ക്ക്‌ ഡൈയോക്സിന്‍ മൂലമുണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ക്കും ഇട നല്‍കും. ഇത്‌ ഒഴിവാക്കണം. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ ഡൈയോക്സിനുകളുടെ ഉല്‍പ്പാദനം ഒഴിവാക്കുവാന്‍ വ്യവസായ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ കാര്യമാത്ര പ്രസക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്‌. ഭക്ഷ്യവസ്തുക്കളിലെ ഡൈയോക്സിനുകളുടെ തോത്‌ നിരന്തരം അളന്ന്‌ തിട്ടപ്പെടുത്തി പ്രതിവിധികള്‍ നടപ്പാക്കിവരുന്നുണ്ട്‌. ഇതിനായി യുഎസ്‌ ഭക്ഷ്യ ഔഷധ അഡ്മിനിസ്ട്രേഷന്‍ (യുഎസ്‌എഫ്ഡിഎ), യുഎസ്‌ കാര്‍ഷിക ഡിപ്പാര്‍ട്ടുമെന്റ്‌ എന്നിവയുടെ കീഴില്‍ ഗവേഷണ വിഭാഗങ്ങള്‍ കാര്യമാത്ര പ്രസക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ഡൈയോക്സിനുകള്‍ മനുഷ്യശരീരത്തിലെത്തുന്നത്‌ തടയുവാന്‍ ഒരു പരിധിവരെ അവര്‍ക്ക്‌ സാധിക്കുന്നുണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങള്‍ ഒന്നും കാര്യമാത്ര പ്രസക്തമായി പ്രവര്‍ത്തിക്കുന്നില്ല. നമ്മുടെ സര്‍ക്കാരുകളും ജനങ്ങളും ഇപ്പോഴും ഡൈയോക്സിനുകള്‍ വരുത്തി തീര്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ അജ്ഞരാണ്‌. അതുകൊണ്ട്‌ കാന്‍സര്‍ വരുമ്പോഴും ഭക്ഷ്യവസ്തുക്കള്‍ വഴി മറ്റു മാറാരോഗങ്ങള്‍ വരുമ്പോഴും വിധിയെ പഴിച്ച്‌ കഴിയേണ്ട ദുഃസ്ഥിതിയാണ്‌ ഭാരതത്തിലുള്ളത്‌. ഡൈയോക്സിനുകള്‍ ഭക്ഷ്യവസ്തുക്കളിലൂടെയും വായുവിലൂടെയും ജലത്തിലൂടെയും മനുഷ്യശരീരത്തിലെത്തുന്നത്‌ തടയുവാന്‍ സത്വര നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണം. ഡൈയോക്സിന്‍ ഉല്‍പ്പാദനം തടയുവാനുള്ള നിയമനിര്‍മാണം നടത്തുന്നതോടൊപ്പം അത്‌ കാര്യമാത്ര പ്രസക്തമായി നടപ്പിലാക്കുന്നതിനും നടപടി വേണം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം