malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീകള്‍ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ

ഡോ. ടി എന്‍ സീമ
ഒരു കോടിയിലധികം സ്ത്രീകള്‍ അംഗങ്ങളായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനത്തിന്റെ സമ്മേളനം എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള ആഴമുള്ള ചര്‍ച്ചയുടെ വേദിയാകുന്ന അനുഭവത്തിന് ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. ബുദ്ധന്റെയും നളന്ദയുടെയും നാടായ ബീഹാറിലെ ബോധ്ഗയയില്‍ നവംബര്‍ 22 മുതല്‍ 25 വരെ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പത്താം ദേശീയ സമ്മേളനം ഇന്ത്യന്‍ സ്ത്രീജീവിത അനുഭവങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയായിരുന്നു.ഇരുപത്തിമൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി എഴുന്നൂറ്റി അറുപത്തിനാല് പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക വൈവിധ്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു. കേരളത്തില്‍ നിന്ന് 200 പ്രതിനിധികള്‍ പങ്കെടുത്തു. എന്നാല്‍ സ്ത്രീകള്‍ എന്ന നിലയിലും തൊഴിലാളികള്‍ എന്ന നിലയിലും ,ജാതിമത അധികാര ബന്ധങ്ങളില്‍ തളച്ചിട്ടവര്‍ എന്ന നിലയിലും സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തിന്റെയും അതിക്രമങ്ങളുടെയും സമാനതകള്‍ എല്ലാ വൈവിധ്യങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെ വേദിയായി സമ്മേളനത്തെ മാറ്റി. ഇന്ത്യയില്‍ ജനപക്ഷ ഭരണത്തിന്റെ ഇടതു ബദല്‍ മാതൃകയുമായി മുന്നേറുന്ന ത്രിപുരയുടെ സ്ത്രീ വികസന അനുഭങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷ മുഖം സമ്മേളനം ഉത്ഘാടനം ചെയ്ത വ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര ചൗധരി ചൂണ്ടിക്കാട്ടിയത് പ്രതിനിധികളില്‍ ആവേശം പകര്‍ന്നു. ഒന്നാം ദിവസം വൈകുന്നേരം മുതല്‍ സാര്‍വദേശീയ - ദേശീയ വിഷയങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഉള്ള റിപ്പോര്‍ട്ടുകളുടെ മേല്‍ നടന്ന പൊതു ചര്‍ച്ച രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ധാരണകള്‍ മാത്രമല്ല തന്നത്, മഹിള അസോസിയേഷന്റെ മൂന്നു ദശകങ്ങള്‍ പിന്നിട്ട വളര്‍ച്ചയില്‍ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ വിശകലനം ചെയ്യാന്‍ മഹിളാ പ്രവര്‍ത്തതകര്‍ നേടിയ രാഷ്ട്രീയസംഘടനാബോധത്തിന്റെ തെളിമയും ആഴവും ബോധ്യപ്പെടുത്തി. സാമ്രാജ്യത്വ കുത്തകകള്‍ക്ക് വിടുപണി ചെയ്യുന്ന രാജ്യത്തെ യുപിഎ ഭരണം ഏറ്റവും അധികം ദുരിതം വിതച്ചത് കോടിക്കണക്കായ സ്ത്രീകളുടെ ജീവിതത്തിലാണെന്നു സ്വന്തം അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അവര്‍ പറഞ്ഞു. ജാതിമത പ്രാദേശിക ഭേദമെന്യേ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അതികഠിനമായ ലിംഗവിവേചനത്തിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. വര്‍ഗീയതയുടെയും മത മൗലിക വാദത്തിന്റെയും ഇരകളെന്ന നിലയില്‍ ജീവിക്കാനുള്ള മൗലികാവകാശം പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നതും രാജ്യത്ത് ഇന്നും നിര്‍ണായകമായിട്ടുള്ള പുരുഷമേധാവിത്വ മൂല്യബോധം സ്ത്രീയുടെ ആത്മാഭിമാനത്തെ ചവിട്ടിത്താഴ്ത്തുന്നതും അവര്‍ പൊള്ളുന്ന വാക്കുകളില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയാനും അരുതെന്ന് പറയാനും മഹിളാ പ്രസ്ഥാനത്തില്‍ അണിനിരന്നിട്ടുള്ള സ്ത്രീകള്‍ കൂടുതല്‍ വളര്‍ന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോരാട്ടങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പ്രതിനിധികളുടെ വാക്കുകള്‍. സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷവും നാനാതരത്തിലുള്ള അതിക്രമങ്ങളുടെ ഇരകളായി സ്ത്രീകള്‍ തുടരുന്നതിന്റെ നേര്‍ചിത്രമായിരുന്നു ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി ആറു സ്ത്രീകളുടെ അനുഭവങ്ങള്‍ പങ്കു വെച്ച "അതിക്രമങ്ങള്‍ക്കെ തിരെ സ്ത്രീകള്‍" എന്ന അവതരണം. ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ ധര്‍മഗിരി ജില്ലയിലെ വാചാത്തി എന്ന ഗ്രാമത്തില്‍ ചന്ദനക്കടത്ത് അന്വേഷിക്കാനെന്ന പേരില്‍ ഇരുനുറോളം വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും പൊലീസുകാരും ചേര്‍ന്ന് നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ ഭൂരിപക്ഷം ദളിതര്‍ താമസിച്ചിരുന്ന ആ ഗ്രാമത്തിലെ എല്ലാ വീടുകളും തകര്‍ക്കപ്പെടുകയും എല്ലാ സ്വത്തു വകകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു.പതിനെട്ടു സ്ത്രീകള്‍ നിഷ്ഠുരമായി കൂട്ട ബലാത്സംഗത്തിനിരകളായി. നീണ്ട ഇരുപതു വര്‍ഷത്തെ തുടര്‍ച്ചയായ നിയമപോരാട്ടത്തിനു ശേഷം 2011 സെപ്തംബര്‍ 11 നു പ്രത്യേക കോടതി കുറ്റവാളികളെ ശിക്ഷിച്ചു. കഠിനവും സംഘര്‍ഷഭരിതവുമായ ഈ പോരാട്ടത്തിന് അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് തമിഴ്നാട്ടിലെ മഹിളാ അസോസിയേഷനാണ്. വാചാത്തിയില്‍ ഈ ആക്രമണങ്ങള്‍ക്ക് ഇരയായ സഹോദരി ആ ഭീകരദിനത്തിന്റെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ചോദിച്ചത്, സ്ത്രീകളുടെ വേഷമാണ് ലൈംഗിക ആക്രമണത്തിന് പുരുഷന്മാരെ പ്രകോപിപ്പിക്കുന്നത് എങ്കില്‍ മാന്യമായി വേഷം ധരിച്ച തങ്ങളെ എന്തിനാണ് ഇത്തരത്തില്‍ ആക്രമിച്ചത് എന്നാണ്.ഹരിയാനയില്‍ പന്ത്രണ്ടു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത, കൗമാരം കഴിയാത്ത ദളിത് പെണ്‍കുട്ടി ഇടറിയതെങ്കിലും സംശയരഹിതമായ ശബ്ദത്തില്‍ സദസ്സിനോട് പറഞ്ഞത് തന്നോട് ചെയ്ത കൊടും ക്രൂരതയ്ക്ക് കുറ്റവാളികള്‍ക്ക് ശിക്ഷ നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോരാടും എന്നാണ്.ദളിത് സ്ത്രീകള്‍ക്ക് നേരെ ഹരിയാനയില്‍ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെക്കുറിച്ച് പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് അവിടെ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഒരുപാട് വെല്ലുവിളികള്‍ക്കിടയിലും ഹരിയാനയില്‍ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തക ഇത്തരത്തിലുള്ള നിരവധി പോരാട്ടങ്ങള്‍ ഏറ്റെടുക്കുന്നുണ്ട് എന്നത് മഹിളാ പ്രസ്ഥാനത്തിന്റെ പ്രാപ്തിയെയും പ്രസ്ഥാനത്തിലുള്ള അശരണരായ ലക്ഷക്കണക്കിനു സ്ത്രീകളുടെ വിശ്വാസത്തെയുമാണ് കാണിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മന്വാര ദേവിയുടെ ദുരന്താനുഭവം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ് സമ്മേളനത്തിനു നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്വാര ദേവിയുടെ ഭര്‍ത്താവിനെ തെരഞ്ഞെടുപ്പ് ദിവസം അതിക്രൂരമായി തൃണമൂല്‍ ഗുണ്ടകള്‍ വധിച്ചു. എന്നാല്‍ മന്വാര ദേവി ആ ദുരന്തത്തില്‍ തളരാതെ തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ തന്നെ നിന്നുകൊണ്ട് തന്റെ വോട്ടര്‍മാരെ കണ്ടു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഐ എമ്മിന് നേരെ നടന്ന നൂറു കണക്കിന് തൃണമൂല്‍ ഗുണ്ട ആക്രമണങ്ങളുടെ ഇരയായ മന്വാര ദേവി സിപിഐ എം പ്രവര്‍ത്തകര്‍ ബംഗാളില്‍ നേരിടുന്ന ആക്രമങ്ങളുടെയും അവയ്ക്കെതിരെ നടക്കുന്ന ആവേശകരമായ പ്രതിരോധത്തിന്റെയും ഉത്തമ മാതൃകയാണ്. ദാരിദ്ര്യത്തിന്റെയും സാമൂഹ്യപിന്നോക്കാവസ്ഥയുടെയും പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുള്ള ബീഹാറിന്റെ അവസ്ഥ നേരിട്ട് കാണാന്‍ കിട്ടിയ അവസരം ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ നന്നായി ബോധ്യപ്പെടുത്തുന്നതായിരുന്നു.ബീഹാറില്‍ നിന്നുള്ള സുശീല ദേവി ഭൂമിക്കും കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സമ്മേളനത്തിന് മുന്നില്‍ വിവരിച്ചു.ഗുജറാത്തില്‍ മോഡിയുടെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്ത ഇസ്രത്ത് ജഹാന്റെ അമ്മയും സഹോദരിയും ഈ സെഷനില്‍ പങ്കെടുത്തു. ഇസ്രത്തിന്റെ സഹോദരി നിശ്ചയദാര്‍ഢ്യത്തോടെ സമ്മേളനത്തിന് മുന്നില്‍ സഹോദരിക്ക് വേണ്ടിയുള്ള നീതിക്കായുള്ള തന്റെ പോരാട്ട വീര്യം തുറന്നു കാട്ടി. തന്റെ സഹോദരിയെ പോലെ നിരവധി നിരപരാധികള്‍ മോദിയുടേത് പോലുള്ള വര്‍ഗീയവാദികളുടെ ഇരകളാകുന്നുവെന്ന യാഥാര്‍ഥ്യം അവര്‍ ചൂണ്ടിക്കാട്ടി. ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമ സിന്‍ഹ എന്ന പെണ്‍കുട്ടി ഓടുന്ന ട്രെയിനില്‍ നിന്നും ആക്രമിക്കപ്പെട്ടു പുറത്തേക്കു വലിച്ചെറിയപ്പെട്ടതിന്റെ ഭീകര അനുഭവം വിശദീകരിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സൗമ്യയെ ഓര്‍ത്തു . അപകടത്തില്‍ പെട്ട് കാലു നഷ്ടപ്പെട്ടെങ്കിലും ഈ ദുരന്തത്തില്‍ തളരാതെ കൃത്രിമ കാലുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ വ്യക്തി എന്ന ബഹുമതി നേടിയ അരുണിമ സ്വന്തം ജീവിതം ഉദാഹരിച്ചു സമ്മേളനത്തോട് പറഞ്ഞു:&ൃറൂൗീ; ""ഇത്രയും കാലം ഞാന്‍ എന്നെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ, എന്നാല്‍ ഈ ആക്രമണം എന്നെ മാറ്റി, ഇനി നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട് മറ്റു സ്ത്രീകള്‍ക്ക്് കൂട്ടായി"".&ൃറൂൗീ; വിവിധ വിഷയങ്ങളിലായി നടന്ന ഏഴു കമ്മീഷന്‍ ചര്‍ച്ചകളും സമ്മേളനത്തില്‍ പ്രകാശിപ്പിക്കപ്പെട്ട അഞ്ചു പ്രസിദ്ധീകരണങ്ങളും സംഘടനയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് നല്കുന്ന തരത്തില്‍ വിജ്ഞാനപ്രദങ്ങളായിരുന്നു. ഇന്ത്യയിലെ ഇടതു പ്രസ്ഥാനത്തിന്റെ തന്നെ കരുത്തരായ നേതാക്കളായ വൃന്ദ കാരാട്ടിന്റെയും സുഭാഷിണി അലിയുടെയും എല്ലാംസാന്നിധ്യം ചര്‍ച്ചകള്‍ക്കും സമ്മേളന നടപടികള്‍ക്കും ആവേശവും നേതൃത്വവും നല്‍കി. എന്നാല്‍ സമ്മേളനത്തില്‍ ആദരിക്കപ്പെട്ട സംഘടനയുടെ നിലവിലെ പ്രസിഡന്റ് ശ്യാമിലി ഗുപ്തയുടെ ആകസ്മിക മരണം വല്ലാത്ത ഞെട്ടലും വേദനയുമാണ് സമ്മേളനത്തിനൊടുവില്‍ സമ്മാനിച്ചത്. ഹരിയാനയില്‍ നിന്നുള്ള ജഗമതി സാങ്വാന്‍ സെക്രട്ടറിയും ബംഗാളിലെ മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ കൂടിയായ മാലിനി ഭട്ടാചാര്യ പ്രസിഡന്റും പി കെ ശ്രീമതി ടീച്ചര്‍ ഖജാന്‍ജിയും ആയ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു കൊണ്ട് പത്താം ദേശീയ സമ്മേളനം സമാപിച്ചത് ഏറ്റെടുക്കാനുള്ള നിരവധി സാമൂഹ്യ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള പ്രതിജ്ഞയോടെയാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം