malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

വനിതാ സംവരണം ഔദാര്യമല്ല; അവകാശമാണ്

അഡ്വ. പി വസന്തം
വനിതാസംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ മഹിളാ ഫെഡറേഷന്റെ (ചഎകണ) നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 16 വരെ പാര്‍ലമെന്റിന് മുമ്പില്‍ സ്ത്രീകളുടെ ശക്തമായ പ്രക്ഷോഭതുടര്‍പരിപാടികള്‍ ആരംഭിക്കുകയാണ്. അധികാരത്തില്‍ വന്നാല്‍ നൂറുദിവസത്തിനുള്ളില്‍ സംവരണബില്‍ പാസ്സാക്കുമെന്ന് വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയും രണ്ടാം യു പി എ ഗവണ്‍മെന്റും ബില്‍ പാസ്സാക്കാതിരിക്കാന്‍ സമര്‍ത്ഥമായ നീക്കങ്ങള്‍ നടത്തുകയാണ്. സി പി ഐയുടേയും മറ്റ് ഇടതുപക്ഷപാര്‍ട്ടികളുടെയും ശക്തമായ ഇടപെടലിന്റെ ഭാഗമായി ഉപരിസഭയായ രാജ്യസഭയില്‍ ബില്‍ ഐകകണ്‌ഠേന പാസ്സാക്കാന്‍ കഴിഞ്ഞിരുന്നു. ഇത് സ്ത്രീകളിലുളവാക്കിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുകയായിരുന്നു പിന്നീട് മൂന്നു വര്‍ഷങ്ങളില്‍ ഈ ബില്ലിനോടുള്ള സര്‍ക്കാറിന്റെ സമീപനം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ലോകസഭയില്‍ ഈ ബില്‍ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. ഒരോ സഭാസമ്മേളനത്തിലും ഈ ബില്‍ പാസ്സാകും എന്നു പറയുകയും ഉറപ്പു നല്‍കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന (52.5%) വോട്ടര്‍മാരായ സ്ത്രീകളെ വിഡ്ഢികളാക്കികൊണ്ടിരിക്കുന്നത്. 1979 ഡിസംബര്‍ 18-ാം തീയതി ഐക്യരാഷ്ട്രസഭ സ്ത്രീകള്‍ക്ക് നേരെയുള്ള ഏത് തരം വിവേചനം അവസാനിപ്പിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും അതില്‍ ഒപ്പുവെക്കുകയും ചെയ്തു - നെയ്‌റോബിയില്‍ വെച്ചു നടന്ന ഈ സമ്മേളന (കണ്‍വെന്‍ഷന്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ - (ഇഋഉഅണ) ത്തിന്റെ നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയില്‍ നാഷണല്‍ പേഴ്‌സ്‌പെക്റ്റീവ് പ്ലാന്‍ ഫോര്‍ വുമന്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടത് - മാത്രമല്ല 1990 ലെ യു എന്‍ കമ്മിഷന്‍ ഓണ്‍ സ്റ്റാസ്റ്റസ് ഓഫ് വുമണ്‍ എല്ലാ രാജ്യങ്ങളോടും നിയമനിര്‍മ്മാണസഭകളില്‍ 30 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ 73ഉം 74ഉം ഭേദഗതികള്‍ വഴി 1992 ല്‍ വനിതാസംവരണം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത് - ഇന്ന് ഇന്ത്യയൊട്ടാക്കെ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നുകഴിഞ്ഞതിന്റെ ഭാഗമായി ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ആത്മാര്‍ത്ഥതയോടും അര്‍പ്പണമനോഭാവത്തോടും, രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ നല്ല ഒരു പങ്കുവഹിക്കാന്‍ കഴിയുന്നുണ്ട്. 1995 ല്‍ യു എന്‍ ഒ യുടെ നേതൃത്വത്തില്‍ ചൈനയിലെ ബീജിങ്ങില്‍ വെച്ചുനടന്ന സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് അധികാരം നല്‍കാന്‍ തീരുമാനമെടുക്കുന്ന പ്രക്രിയയടക്കം സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവര്‍ക്ക് പൂര്‍ണ്ണമായ പങ്കാളിത്വം ഉറപ്പുവരുത്തുവാന്‍ ലോക രാഷ്ട്രങ്ങളോട് നിര്‍ദ്ദേശിച്ചു. ബീജിംഗ് സമ്മേളനത്തിലെ സുപ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് ബോദ്ധ്യം വന്ന ഇന്ത്യയിലെ പ്രധാനരാഷ്ട്രീയ പാര്‍ട്ടികള്‍ 1996ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ 33% സംവരണം നിയമസഭകളിലും പാര്‍ലമെന്റിലും വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സി പി ഐയുടെയും മറ്റ് ഇടതുപക്ഷകക്ഷികളുടെയും ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രി സഭ അധികാരത്തില്‍ വന്നപ്പോള്‍ 81-ാം ഭരണഘടനാഭേദഗതി ബില്‍ (സംവരണ ബില്‍) ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധരായവരാണ് പാര്‍ലമെന്റിലെ പ്രധാനകക്ഷികള്‍ എന്ന ധാരണ തെറ്റായി ഭരണമുന്നണിക്കാര്‍ തന്നെ ബില്ലിനെ എതിര്‍ത്തു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ല് പാര്‍ലമെന്റിന്റെ സംയുക്ത സെലക്ട് കമ്മറ്റിക്ക് വിട്ടു - പാര്‍ലമെന്റ് കമ്മറ്റിക്ക് നേതൃത്വം കൊടുത്ത സംഗീതാമുഖര്‍ജി ബില്‍ പാസ്സാക്കാന്‍ വേണ്ടി തീവ്രശ്രമമായിരുന്നു നടത്തിയത് - സി പി ഐയും ഇടതുപക്ഷപാര്‍ട്ടികളും മാത്രമാണ് ആ ബില്ലിനോടൊപ്പം ആത്മാര്‍ത്ഥമായി നിലകൊണ്ടിരുന്നത്. നിരവധി ഭേദഗതികളും ചര്‍ച്ചകളും സെലക്ടീവ് കമ്മറ്റിക്ക് മുന്നില്‍ വരികയും കമ്മറ്റി ഭിന്നാഭിപ്രായകുറിപ്പോടെ അംഗീകരിക്കയും ചെയ്തിട്ടുണ്ട്. 1997 ല്‍ പ്രധാനമന്ത്രി ഗുജറാള്‍ ബില്‍ അവതരിപ്പിച്ചു. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ബില്‍ പാസ്സായാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു. ശരദ്‌യാദവിനെപ്പോലുള്ള ചില നേതാക്കള്‍ നമ്മുടെ രാജ്യത്ത് ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ പോലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം അംഗങ്ങള്‍ അത് പ്രകടിപ്പിക്കാറുമുണ്ട് - എന്നാല്‍ വനിതാസംവരണബില്ലിന്റെ കാര്യത്തില്‍ ബില്‍ അവതരിപ്പിക്കാനനുവദിച്ചത് പോലുമില്ല. ഇന്ത്യാ രാജ്യത്തിന്റെ പരമാധികാരവും, സ്വാതന്ത്ര്യവും എല്ലാം പണയം' വെക്കുന്ന ബില്ലുകള്‍ നിമിഷനേരം കൊണ്ട് ഇക്കൂട്ടര്‍ കൈയ്യടിച്ചു പാസ്സാക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു - സ്ത്രീകളെ ബാധിക്കുന്ന ബില്ലുകള്‍ എന്നും പാസ്സാക്കിയെടുക്കാന്‍ കാലവിളംബമായിരുന്നു. പ്രീനാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്‌നിക് (റെഗുലേഷന്‍ & പ്രിവന്‍ഷന്‍ ഓഫ് മിസ് യൂസ്) ബില്‍ 1991 ല്‍ അവതരിപ്പിച്ചു -പാസ്സായത് 1994 ല്‍. സ്ത്രീധനനിരോധനനിയമം പാസ്സാക്കാന്‍ വേണ്ടിവന്നത് 4 വര്‍ഷം- ഇപ്പോള്‍ വനിതാസംവരണബില്ലിന് 17 വര്‍ഷവും മതിയായില്ല. ഭരണഘടനാനിര്‍മ്മാണസമിതിയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം ആവശ്യമില്ലെന്നും ജനാധിപത്യപ്രക്രിയയിലൂടെ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നേടിയെടുക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. സമിതിയിലെ വനിതാ അംഗങ്ങള്‍ പറഞ്ഞിരുന്നത് ''ഞങ്ങള്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ സംവരണമെന്ന ഊന്നുവടിയുടെ ആവശ്യമില്ല'' എന്നുമായിരുന്നു-എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷം പൂര്‍ത്തിയായിട്ടും സ്ത്രീകള്‍ നിയമനിര്‍മ്മാണ സഭകളില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു - പാര്‍ലമെന്റിലായാലും സംസ്ഥാനനിയമനിര്‍മ്മാണസഭകളിലായാലും അവര്‍ക്ക് ലഭിച്ച പ്രാതിനിധ്യം നാമമാത്രമാണ്. ഒന്നാംലോക് സഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 22 ആണെങ്കില്‍ 2008 ലെ ലോകസഭ അംഗങ്ങള്‍ - 1952 മുതല്‍ 2008 വരെയുള്ള കാലയളവില്‍ നാമമാത്രമായ വര്‍ധനവ് മാത്രമേ ഉണ്ടാവുന്നുള്ളൂ - നിയമസഭകളിലേ സ്ഥിതിയും വ്യത്യസ്തമല്ല. കേരളനിയമസഭ സ്ത്രീപ്രാതിനിധ്യത്തില്‍ ഒരു കാലഘട്ടത്തില്‍ മുന്നിലായിരുന്നെങ്കില്‍ ഇപ്പോള്‍ പിറകോട്ടടിച്ചിരിക്കയാണ്. ഇങ്ങനെ നിയമനിര്‍മ്മാണസഭകളില്‍ സ്ത്രീപ്രാതിനിധ്യം കുറഞ്ഞുവന്ന സാഹചര്യത്തിലാണ് സ്ത്രീസംവരണമെന്ന പ്രശ്‌നം ഉയര്‍ന്നു വന്നത്. ഭരണഘടനാ നിര്‍മ്മാണസഭയില്‍ വനിതാസംവരണത്തെ എതിര്‍ത്ത പരേതയായ ബീഗം റസൂല്‍ 1997 ല്‍ വനിതാസംവരണത്തെപ്പറ്റി പറഞ്ഞത് ''ഇന്നാണെങ്കില്‍ ഞാന്‍ സംവരണം വേണമെന്ന് പറയും'' എന്നാണ്. സ്വാതന്ത്ര്യസമരകാലത്ത് അറസ്റ്റ് ചെയ്തു ജയിലിലടക്കപ്പെട്ടവരില്‍ 10% സ്ത്രീകളായിരുന്നു. ജനാധിപത്യം ലഭിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ 10% ജയിലിലടക്കപ്പെട്ടപ്പോള്‍, ജനാധിപത്യം വന്നപ്പോള്‍ കഴിഞ്ഞ 66 വര്‍ഷത്തിലൊരിക്കല്‍ പോലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകള്‍ 15 ശതമാനത്തിലധികം വന്നിട്ടില്ലെന്നത് എന്തൊരു സങ്കടകരമാണ്. പാര്‍ലമെന്റിലെ സ്ത്രീ സാന്നിദ്ധ്യത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ 88% സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്ത് ദേശീയ അസംബ്ലികളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപ്രാതിനിധ്യം സബ്‌സഹാറന്‍ ആഫ്രിക്കയില്‍പ്പെട്ട 13 രാജ്യങ്ങള്‍ക്കാണ്. മൊസാംബിക്കില്‍ 30%, നമീബിയയില്‍ 40%, ക്യൂബയില്‍ 42%, അറബ് രാഷ്ട്രങ്ങളില്‍ 3.2 ശതമാനവുമാണ്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, സിറിയ എന്നിവിടങ്ങളില്‍ ഒമ്പത് മുതല്‍ 12% വരെ സ്ത്രീ പ്രാതിനിധ്യമുണ്ട്. 2008 ലെ ഇന്റര്‍ പാര്‍ലമെന്ററി റിപ്പോര്‍ട്ട് പ്രകാരം 46 വികസിത രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ഫ്രാന്‍സ്, ഗ്രീസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിയമനിര്‍മ്മാണസഭകളിലെ 10% താഴെമാത്രമേ സ്ത്രീപ്രാതിനിധ്യമുള്ളൂ എന്നാണ്. ഏതൊരു രാഷ്ട്രത്തിന്റെയും വികസനത്തില്‍ ഒരു ജനാധിപത്യത്തിന്റെ വിജയത്തിന് അവിടുത്തെ എല്ലാ പൗരന്മാരുടെയും തുല്യവും ശക്തവുമായ പ്രാതിനിധ്യം അത്യന്താപേക്ഷിതമാണ്-'' സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല'' എന്നാണ് ലെനിന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.''സ്ത്രീകളെ കൂടി രാഷ്ട്രീയത്തില്‍ കൊണ്ടുവരാതെ പൊതുജനങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല'' എന്നും അദ്ദേഹം പറയുകയുണ്ടായി- 1931 ല്‍ കറാച്ചിസമ്മേളനത്തില്‍ സ്ത്രീക്കും പുരുഷനും രാഷ്ട്രീയത്തില്‍ തുല്യപദവി നല്‍കണമെന്ന് അംഗീകരിച്ച കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന രാജ്യത്താണ് വനിതാ സംവരണബില്‍ പാസ്സാക്കാന്‍ കാലവിളംബം നേരിടുന്നത്. വനിതാസംവരണബില്‍ പാസ്സാക്കിയെടുക്കാന്‍ സന്ധിയില്ലാ സമരവുമായി എന്‍ എഫ് ഐ ഡബ്യൂ രംഗത്തിറങ്ങിയിരിക്കയാണ് - ഇന്ത്യന്‍, ഭരണാധികാരി വര്‍ഗ്ഗം സ്ത്രീകളെ അര്‍ഹമായ സ്ഥാനം നല്‍കി അംഗീകരിക്കാന്‍ മടികാണിക്കുന്നവരാണെന്ന് മനസ്സിലാക്കികൊണ്ട് നിയമനിര്‍മ്മാണസഭകളിലെ സ്ത്രീപ്രാതിനിധ്യം രാഷ്ട്ര പുരോഗതിക്ക് അത്യന്തം അനിവാര്യമായ ഘടകമാണ് എന്നു ള്‍ക്കൊണ്ടുകൊണ്ടാണ് ഈ അവകാശപോരാട്ടം തുടരുന്നത്. ഇന്ത്യന്‍ ജനാധിപത്യം അര്‍ത്ഥവത്താവണമെങ്കില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീസാന്നിദ്ധ്യം പാര്‍ലമെന്റില്‍ ഉണ്ടായേ തീരൂ. പാര്‍ലമെന്റിനകത്തും പുറത്തും സി പി ഐ വനിതാ സംവരണനിയമത്തിനായി നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയങ്ങളാണ്. സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണസഭയില്‍ സംവരണം നല്‍കാത്ത രാജ്യത്ത് കേന്ദ്രമന്ത്രിസ്ഥാനം എനിക്കാവശ്യമില്ലാ എന്ന് പ്രഖ്യാപിച്ച സ: ഗീതാമുഖര്‍ജിയെപ്പോലുള്ള ധീരസഖാക്കളുടെ ഓര്‍മ്മകള്‍ ചഎകണ നടത്തുന്ന സമരങ്ങള്‍ക്ക് ആവേശം പകരും എന്ന കാര്യത്തില്‍ സംശയമില്ല. (കേരളമഹിളാസംഘം ജോയിന്റ് സെക്രട്ടറിയാണ് ലേഖിക) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം