malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

പെണ്‍കരുത്തിന്റെ പോരാട്ടങ്ങള്‍

കെ ആര്‍ മായ
"നിങ്ങള്‍ക്കെന്റെ പുസ്തകം കത്തിക്കാം. എന്റെ ജീവിതം ദുഃസഹമാക്കാനും എന്നെ കൊല്ലുവാനും നിങ്ങള്‍ക്ക് കഴിയും. പക്ഷേ അഫ്ഗാന്റെ ചരിത്രം തുടച്ചുനീക്കാന്‍ കഴിയില്ല". നിരോധിക്കപ്പെട്ട പുസ്തകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരണങ്ങളും വില്‍പന നടത്തിയതിന് താലിബാന്‍കാര്‍ പിടികൂടി ജയിലിലടച്ച കാബൂളിലെ പുസ്തക വില്‍പനക്കാരനായ സുല്‍ത്താന്‍ ഖാന്റെ വാക്കുകളാണിത്. താലിബാന്‍കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എഴുത്തുകാരി സുസ്മിതാ ബാനര്‍ജിയുടെ രക്തസാക്ഷിത്വം ഈ വാക്കുകളെയാണ് അനുസ്മരിപ്പിക്കുന്നത്. സുസ്മിതയ്ക്ക് ജീവിതംപോലെ എഴുത്തും പോരാട്ടമായിരുന്നു.വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും സ്ത്രീകള്‍ എക്കാലവും വേട്ടയാടപ്പെട്ട ചരിത്രമാണ് ലോകത്തുണ്ടായിട്ടുള്ളത്. അത്തരം പോരാട്ടങ്ങളിലെ ചില ധീരമായ ഏടുകളാണ് "പോരാട്ടത്തിന്റെ പെണ്‍വഴികള്‍" എന്ന പുസ്തകത്തില്‍ വി കെ ഷറഫുദീന്‍ പഠനവിധേയമാക്കിയിരിക്കുന്നത്. ഇറാന്‍കാരിയായ അസര്‍ നഫീസി മുതല്‍ ജെറാള്‍ഡിന്‍ ബ്രൂക്സ് വരെയുള്ളവരുടെ തീക്ഷ്ണമായ ജീവിതപ്പോരാട്ടങ്ങളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്നു ഈ കൃതി. "ടെഹ്റാനിലെ തടവുകാരി" എന്ന കൃതിയിലൂടെ വിഖ്യാതയായ മരീന നിമാത് കമ്യൂണിസ്റ്റ് ചിന്താഗതികളൊന്നും വച്ചു പുലര്‍ത്തിയിരുന്നില്ലെങ്കിലും 16-ാം വയസ്സില്‍ ഇറാനിലെ ഖൊമേനി വിരുദ്ധ പ്രക്ഷോഭകാലത്ത് രാഷ്ട്രീയത്തടവുകാരെ പീഡിപ്പിക്കുന്നതിന് കുപ്രസിദ്ധി നേടിയ എവിന്‍ ജയിലിലടയ്ക്കപ്പെട്ടു. മത പൊലീസുകാരനായ അലിയ്ക്ക് അവളില്‍ തോന്നിയ പ്രണയം വധശിക്ഷയില്‍നിന്നും അവളെ രക്ഷിച്ചുവെങ്കിലും ആജീവനാന്തം അലിയുടെ ജീവിതത്തടവറയില്‍ അവള്‍ ബന്ധിതയായി. ഇടവിട്ടിടവിട്ടുള്ള ജയില്‍വാസവും പരോളിലിറങ്ങുന്ന സമയത്തെ അലിയോടൊപ്പമുള്ള ജീവിതവും-രണ്ടും അവള്‍ക്ക് ഒരുപോലെയായിരുന്നു. ഇങ്ങനെ ഏറെ കഠിനാനുഭവങ്ങളിലൂടെ കടന്നുപോയ മരീനയ്ക്ക് അതൊക്കെ കുറിയ്ക്കാതിരിക്കാനായില്ല. അങ്ങനെയാണ് "ടെഹ്റാനിലെ തടവുകാരി" പുസ്തകമായി പിറന്നത്. "പറയാതിരുന്ന കാര്യങ്ങള്‍" (ഠവശിഴെ ക"്ല യലലി ശെഹലിേ മയീൗേ) എഴുതിയ അസര്‍ നഫീസിയും ഇറാനിലെ കലുഷിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോയവളാണ്. ഇടതുപക്ഷ പുരോഗമന ശക്തികളില്‍നിന്ന് ഇറാനിയന്‍ വിപ്ലവത്തിനെ മതമൗലികവാദികള്‍ റാഞ്ചിയെടുത്ത കഥയാണ് അസര്‍ നഫീസി പറഞ്ഞത്. വിപ്ലവവും പ്രണയവും അസറിന്റെ ദൗര്‍ബല്യങ്ങളാണ്; അതുപോലെ സാഹിത്യവും. "അവിശ്വാസി-എന്റെ ജീവിതം" എന്ന കൃതി വായിക്കുമ്പോള്‍ ഓര്‍മ്മയിലെത്തുക അയാന്‍ ഹിര്‍സി അലിയുടെ പച്ചയായ ജീവിതമാണ്. ലോകമെങ്ങും വായിക്കപ്പെട്ട ആ ജീവിതം സൊമാലിയയെന്ന ഇരുളടഞ്ഞ രാജ്യത്തിന്റെ, അതിലും ഇരുണ്ട സത്യങ്ങളെയാണ് വിളിച്ചുപറഞ്ഞത്. (പെണ്‍കുട്ടികളുടെ കൃസരി ഛേദിച്ച് അവരെ വിശ്വാസികളാക്കുന്ന, മതത്തിന്റെ പ്രാകൃതമായ ദുരാചാരത്തിന് അയാനും തന്റെ 5-ാം വയസ്സില്‍ ഇരയായി) മതത്തിന്റെ സ്ത്രീവിരുദ്ധമായ കല്‍പനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് മതമൗലികവാദികള്‍ കരിമ്പട്ടികയില്‍ പെടുത്തിയ അയാന്റെ ജീവിതം മതത്തിന്റെ ചങ്ങലകളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടതായിരുന്നു. എന്നാല്‍ അതില്‍നിന്നെല്ലാം കുതറി മാറിയ അയാനെ മതവും സമുദായവും അവിശ്വാസിയായി പ്രഖ്യാപിക്കുകയായിരുന്നു. സോമാലിയയില്‍നിന്നും സൗദി അറേബ്യയിലേക്ക് കുടിയേറിയപ്പോള്‍ മതത്തിന്റെ പീഡനം കുറെക്കൂടി സഹിക്കേണ്ടതായി വന്നു. തിരികെയെത്തി സോമാലിയയില്‍ ജീവിതം തുടര്‍ന്നു. പിന്നീട് ഡച്ചു പൗരത്വം നേടി ഹോളണ്ടിലെത്തി. മുസ്ലീംസ്ത്രീകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി. സൗദി ഭരണകൂടം നിരോധിച്ച "റിയാദിലെ പെണ്‍കുട്ടികള്‍" എന്ന പുസ്തകമെഴുതിയത് ഡോ. രാജാ അല്‍സാനിയയാണ്. നാലു കൂട്ടുകാരികളുടെ വ്യത്യസ്തമായ ജീവിതകഥ പറയുകയാണ് ഇതില്‍. അനുഭവങ്ങള്‍ വ്യത്യസ്തമാണെങ്കിലും അതിനു കാരണമാകുന്ന സാമൂഹ്യപശ്ചാത്തലം ഏകദേശം ഒന്നുതന്നെ. സ്വന്തം തടവുജീവിതത്തിന്റെ കഥ പറഞ്ഞ എഴുത്തുകാരിയാണ് മലിക ഔഫ്കിര്‍. രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്നിട്ടും യാദൃച്ഛികമായി വന്നു ഭവിച്ച കാര്യങ്ങള്‍ മലികയുടെയും കുടുംബത്തിന്റെയും ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. മൊറോക്കോയിലെ രാജഭരണത്തിന്‍കീഴില്‍ പിതാവ് വധിക്കപ്പെട്ടതോടെയാണ് അവരുടെ അതിസാഹസികമായ തടവുജീവിതം ആരംഭിക്കുന്നത്. ഒടുവില്‍ മലികയും മൂന്നു സഹോദരങ്ങളും തടവുചാടി. പിന്നെയും കുറെ നാളുകള്‍ അവര്‍ക്ക് ദുരിതങ്ങളുടേതായിരുന്നു. ഒടുവില്‍ ജീവിതം സ്വസ്ഥമായ അവസ്ഥയിലെത്തിയപ്പോഴായിരുന്നു മലികയില്‍നിന്നും "തടവുകാരി" പിറന്നത്. സൗദിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെയും അതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും പ്രമേയമാക്കി ജീന്‍ പി സാസന്‍ രചിച്ചതാണ് "രാജകുമാരി" (ജൃശിരലൈ) എന്ന ഗ്രന്ഥം. സ്ത്രീകളെ വെറും ശയനോപകരണങ്ങളായി മാത്രം കാണുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെയായിരുന്നു രാജകുമാരി എന്ന കൃതിയിലെ സുല്‍ത്താനയുടെ പോരാട്ടം. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി അറബ് രാജ്യങ്ങളിലുയര്‍ന്നുവന്ന പോരാട്ടത്തിലെ ശക്തിസ്തംഭമായത് അവിടത്തെ വമ്പിച്ച സ്ത്രീ മുന്നേറ്റമായിരുന്നു. ആ മുന്നേറ്റത്തിലെ അനുരണനങ്ങളാണ് രാജകുമാരി യിലെ പ്രമേയം. "അഫ്ഗാനിസ്ഥാനിലെ ഏറ്റവും ധീരയായ വനിത" എന്ന് ബിബിസി വിശേഷിപ്പിച്ച മലാലായ് ജോയയ്ക്ക്, മലാല യൂസഫ്സായിയെപ്പോലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി പോരാടിയതിന് താലിബാന്‍ തീവ്രവാദികളില്‍നിന്നും വലിയ ഭീഷണി നേരിടേണ്ടി വന്നു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യം സ്ഥാപിച്ചു എന്ന അമേരിക്കയുടെ അവകാശവാദത്തെ പൊളിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും കൂടിയായിരുന്നു മലാലായ്യുടെ പോരാട്ടം. മലാല യൂസഫ്സായി എന്ന പേര് ഇന്ന് ഒരു പ്രതീകമാണ്. മലാലയുടെ വെറും പതിനഞ്ചുകൊല്ലത്തെ ജീവിതത്തെ ചരിത്രം അടയാളപ്പെടുത്തുന്നത് ഒരുപക്ഷേ താലിബാന്റെ മതാധിപത്യത്തിനെതിരെ പൊരുതിയ ജീവിക്കുന്ന രക്തസാക്ഷിയെന്നായിരിക്കും. താലിബാന്റെ തോക്കിനുമുന്നില്‍നിന്നും ജീവിതത്തിലേക്കു മടങ്ങിയ മലാലയുടെ വാക്കുകള്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്നവര്‍ക്ക് എന്നും കരുത്താണ്. "കാബൂളിലെ പുസ്തകവില്‍പനക്കാരന്‍" എന്ന പുസ്തകം രചിച്ച നോര്‍വെക്കാരിയായ അസ്നെ സെയിര്‍സ്റ്റഡ്, കനേഡിയന്‍ എഴുത്തുകാരിയായ ആലിസണ്‍ വിയറിംഗ്, "ആസക്തിയുടെ ഒമ്പത് ഘടകങ്ങള്‍" രചിച്ച ജെറാള്‍ഡ് ബ്രൂക്സ് എന്നിവരുടെയും ജീവിതപ്പോരാട്ടങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു. മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഭീഷണികള്‍ക്കു നടുവില്‍ മനക്കരുത്തുകൊണ്ടുമാത്രം അതിജീവിച്ച ഇവരുടെ ജീവിത പശ്ചാത്തലവും പോരാട്ടങ്ങളും അവിടത്തെ രാഷ്ട്രീയാന്തരീക്ഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മത യാഥാസ്ഥിതികത്വത്തിനും പുരുഷാധിപത്യത്തിനുമെതിരെ സ്വന്തം ജീവിതത്തിലൂടെയും കൃതികളിലൂടെയും പോരാടുന്ന മുസ്ലീം വനിതകളെ അടയാളപ്പെടുത്തുന്ന പോരാട്ടത്തിന്റെ പെണ്‍വഴികള്‍ തീര്‍ച്ചയായും സ്ത്രീവിമോചന പോരാട്ടത്തിന്റെ പാതയിലെ മറ്റൊരടയാളപ്പെടുത്തലാണ്. ഗ്രന്ഥകാരനും പുസ്തക പ്രസാധനരംഗത്തെ വേറിട്ട ശബ്ദമായ സമതയും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം