malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

ഈ കുഞ്ഞുങ്ങള്‍ക്ക് നാമെന്തു നല്‍കി?

വിനോദ് പായം
ഈ കുഞ്ഞുങ്ങള്‍ ഇപ്പോഴും ദുരിതമഴ നനയുകയാണ്. ജീവിക്കണമെന്ന "ആവശ്യമില്ലാത്ത" ശാഠ്യത്തിന്റെ മഴ തുടര്‍ച്ചയായി നനഞ്ഞിട്ടും സര്‍ക്കാരിന് എന്താണ് ഇപ്പോഴും ഒരു ആശങ്കയുമില്ലാത്തത്? കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പൊതുവില്‍ പേരിന് മാത്രം നല്‍കുന്ന സാന്ത്വനം മാത്രം മതിയോ ഈ കുഞ്ഞുങ്ങള്‍ക്ക്. കൊടിയ ദുരന്തത്തിന്റെ കടുത്ത ഇരകളായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സവിശേഷമായ ശ്രദ്ധയും പദ്ധതികളും വേണ്ടതല്ലേ? നിസ്സാര പെന്‍ഷന്‍ നല്‍കി, മാമൂല്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുപ്പിച്ച്; ഇടക്കിടയ്ക്ക് സ്പെഷ്യല്‍ സ്കൂളുകളുടെ മഹാത്മ്യം പറഞ്ഞ് സര്‍ക്കാര്‍ ഈ കുട്ടികളെയും അമ്മമാരെയും വഞ്ചിക്കുന്നു. മരിക്കാനായി മാത്രം ഇപ്പോഴും ജനിക്കുന്നുണ്ട് കുഞ്ഞുങ്ങള്‍, നെഞ്ചംപറമ്പിലും മറ്റും.
നിറഞ്ഞ താളമുണ്ടവള്‍ക്ക്. അരയ്്ക്കുമേല്‍ ഉള്ള ജീവിതവും കെട്ടിപ്പിടിച്ച് അവള്‍ ഡാന്‍സ് കളിക്കും. നിവര്‍ന്ന് നില്‍ക്കാനാകില്ലെങ്കിലും സിന്ധു ടീച്ചര്‍ പഠിപ്പിച്ച പാട്ടുപാടി അവള്‍ ഇളകിയാടും. ഡാന്‍സ് ഇഷ്ടമുള്ള സ്കൂളില്‍ പോയി പഠിക്കണമെന്ന് വല്ലാതെ മോഹമുള്ള ചെട്ടുംകുഴിയിലെ 11കാരി ഷംനയ്ക്ക് എല്ലുപൊടിയുന്ന അസുഖമാണ്. രോഗം മൂര്‍ച്ഛിച്ച് നിവര്‍ന്ന് നില്‍ക്കാന്‍പോലും കഴിയാതായതോടെ, സവിശേഷ ശാരീരിക പ്രത്യേകതയുള്ളവര്‍ക്ക് വേണ്ടിയുള്ള എന്‍ഡോസള്‍ഫാന്‍ "ബഡ്സ്" സ്കൂളിലേക്ക് പോകാന്‍പോലും അവള്‍ക്ക് കഴിയാതായി. കാസര്‍കോട് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക സര്‍ക്കാര്‍ വെല്‍ഫെയര്‍ സ്കൂളിനോട് ചേര്‍ന്ന് സ്പെഷ്യല്‍ സ്കൂളുമുണ്ട്. എന്നാലും അവിടെ വരെ പോകാനുള്ള ത്രാണി പോലുമില്ല ഷംനയ്ക്ക്. ആഴ്ചയില്‍ രണ്ടുദിവസം വീട്ടില്‍ എത്തി സിന്ധു ടീച്ചറും മറ്റും പാഠങ്ങള്‍ പറഞ്ഞുകൊടുക്കും. അവള്‍ മാത്രമോ; എന്‍ഡോസള്‍ഫാന്‍ വിഷഭീകരന്‍ ഭാവിയിലേക്ക് അടയാളപ്പെടുത്തി തളര്‍ത്തിവിട്ട വേറെയും കുഞ്ഞുങ്ങളുണ്ട് ഈ അതിര്‍ത്തി ദേശത്ത്. പേശീതളര്‍ച്ചമൂലം ചികിത്സയെന്തെന്ന് നിശ്ചയിക്കാന്‍ പോലും പറ്റാത്ത അസുഖമുള്ള കൂടലിലെ ഷറഫ (13 വയസ്സ്): അവള്‍ നന്നായി ചിത്രം വരയ്ക്കും. മിന്നാമിനുങ്ങിന്റെ പകല്‍ വീടെവിടെയാണ് എന്നതുപോലുള്ള സംശയങ്ങള്‍ ടീച്ചര്‍ വീട്ടില്‍ വരാത്ത ദിവസമാണെങ്കില്‍ ഫോണില്‍ വരെ വിളിച്ച് ആ മിടുക്കി ചോദിക്കും. പൂര്‍ണമായും കിടപ്പിലായ കുട്ലുവിലെ ചിന്തന്‍ (11), പുറംകാഴ്ചയില്ലെങ്കിലും ഉള്‍ക്കാഴ്ച കൊണ്ട് കാര്യങ്ങളെല്ലാം ഗ്രഹിക്കാന്‍ ഇഷ്ടപ്പെടുന്ന ഉളിയത്തടുക്കയിലെ തന്നെ സുല്‍ഫ (10)... കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരകളായ കുട്ടികളുടെ പട്ടിക ഇങ്ങനെ നീളുന്നു. അതിവിചിത്രരായി ജനിച്ച്, അതിനേക്കാളും മുമ്പേ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുള്ള ഭ്രമാത്മക കഥയുടെ പശ്ചാത്തലമാകുന്നു കാസര്‍കോട്ടെ 11 പഞ്ചായത്തുകള്‍. ജനിക്കും മുമ്പേ, നമുക്കും സമൂഹത്തിനും "അലോസരമുണ്ടാക്കുന്ന" ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നാം എന്ത് ചെയ്തു എന്ന വലിയ ചോദ്യം വീണ്ടും ഉയരുകയാണ്. നമ്മുടെയെല്ലാം അടങ്ങാത്ത ആര്‍ത്തി അവരെ ജീവിതദുരിതത്തിന്റെ വലിയ മഴയില്‍ നിര്‍ത്തിച്ചു. എന്നിട്ടും ഒരിലക്കുമ്പിളിന്റെ തണല്‍പോലും നാം അവര്‍ക്ക് കൈമാറാന്‍ മടിക്കുന്നതെന്തേ? മാധ്യമങ്ങള്‍ക്കും മടുത്തിരിക്കുന്നു. ചരമക്കോളത്തില്‍ "എന്‍ഡോസള്‍ഫാന്‍: കുട്ടി മരിച്ചു" എന്ന നിസ്സംഗ വാര്‍ത്ത കൊടുത്ത് തൃപ്തിയടയുന്നു അവരും. സര്‍ക്കാരിനും അതെ; ഈ കുട്ടികള്‍ വളരാതിരിക്കുന്നത് തന്നെയായിരിക്കും അവര്‍ക്കും നല്ലത്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഇരകള്‍ എന്ന പൊതുനിര്‍വചനത്തിന് കീഴെ നല്‍കുന്ന നിസ്സാര സഹായത്തില്‍ മാത്രം ഈ കുഞ്ഞുങ്ങള്‍ പുലരില്ല. ശിശുക്ഷേമ, സാമൂഹ്യക്ഷേമ മറ്റിതര ശിശുക്ഷേമ ഏജന്‍സികളെ ഇടപെടുവിച്ച് ഈ കുഞ്ഞുങ്ങളുടെ വിലാപം കേള്‍ക്കാനുള്ള ഗൗരവതരമായ നീക്കം ഉണ്ടാടയിട്ടില്ല. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കുന്ന സഹായം നിര്‍ത്തുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇഴഞ്ഞുനീങ്ങുന്ന ഈ ബാല്യങ്ങള്‍ അപ്പോള്‍ ജീവിതദുരിതത്തിന്റെ ഉച്ചവെയിലില്‍ കിതക്കുകയായിരിക്കില്ലെ? അവര്‍ പിന്നെ എങ്ങോട്ടുപോകും എന്നതിനുള്ള ഉത്തരം ഇന്നേ കിട്ടിയില്ലെങ്കില്‍, ഈ മഹാപാതകങ്ങള്‍ക്ക് നമ്മളും സര്‍ക്കാരും എല്ലാക്കാലത്തേക്കും മറ്റൊരുത്തരം കണ്ടെത്തേണ്ടി വരും. "ശാസ്ത്രീയ" പരിശീലനം! ദുരന്തഭൂമയിലെ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയവയത്രെ "ബഡ്സ് സ്കൂളുകള്‍". ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് തരാതരം പോലെ ശാസ്ത്രീയപരിശീലനം നല്‍കുക എന്നതാണ് ഈ സ്കൂളുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സ്കൂളില്‍ മികച്ചതെന്ന് പറയാവുന്ന പെരിയ ബഡ്സ് സ്കൂളിന്റെ അവസ്ഥ നോക്കൂ: ഒറ്റ ക്ലാസ്മുറി, പഠിക്കാനെത്തേണ്ടത് 76 കുട്ടികള്‍. ഒരോ കുട്ടിയും സവിശേഷശ്രദ്ധ പതിയേണ്ടവര്‍. ഈ കൊച്ചു ക്ലാസ്മുറിയിലാണ് അവരുടെ പഠനവും പരിശീലനവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവ് പരിഗണിച്ച് തരംതിരിച്ചും ഇരുത്തണം. അതിനും ഈ ഒറ്റമുറി തന്നെ ആശ്രയം. ഈ മഹത്തായ പരിശീലന രീതി കണ്ട് "മനം നിറഞ്ഞാവണം" രജിസ്റ്റര്‍ ചെയ്തവരില്‍ 40 കുട്ടികള്‍ക്ക് ഇപ്പോഴും സ്കൂളിലേക്ക് വരുന്നില്ല. (വരാത്തതല്ല; വരുത്താത്തതാണ്) ഇത് പെരിയയിലെ മാത്രം അവസ്ഥയല്ല. ദുരന്തബാധിത ലിസ്റ്റിലുള്ള 11 പഞ്ചായത്തുകളില്‍ എഴ് എന്‍ഡോസള്‍ഫാന്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ ബഡ്സ് സ്കൂളുകളുള്ളത്. മിക്കയിടത്തും സര്‍ക്കാര്‍ ഉപേക്ഷിച്ച കെട്ടിടങ്ങളിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സന്നദ്ധസംഘടനകളും മറ്റും നല്‍കിയ കളിയുപകരണങ്ങള്‍ വയ്ക്കാന്‍വരെ സ്ഥലമില്ലാത്ത സ്കൂളുകളും ഇതിലുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൈയിലാണ് മിക്ക ബഡ്സ് സ്കൂളുകളും പുലര്‍ന്നുപോകുന്നത്. ജില്ലാപഞ്ചായത്തും അതാത് ഗ്രാമപഞ്ചായത്തുകളും കുട്ടികളെ കൈപിടിച്ച് നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതും എത്രനാള്‍ എന്നാണ് അവരും ചോദിക്കുന്നത്. ദുരന്തബാധിത പഞ്ചായത്തുകള്‍ മിക്കതും മലയോരത്താണ്. ഗതാഗതസൗകര്യങ്ങള്‍ അപര്യാപ്തമായ മേഖലയില്‍ ഈ കുഞ്ഞുങ്ങള്‍ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തില്‍ എങ്ങനെ സ്കൂളില്‍ പോകും. അവനെ സ്കൂളില്‍ എത്തിക്കാന്‍ വാഹനമില്ല. ഉണ്ടായാല്‍ത്തന്നെ അവര്‍ക്കതില്‍ കയറാന്‍ ത്രാണിയില്ല. വീടിന്റെ തിണ്ണയില്‍ നിരങ്ങി നിരങ്ങി പുകഞ്ഞുതീരുന്നു ഈ ബാല്യങ്ങള്‍. പെരിയ സ്കൂളില്‍ വരേണ്ടിയിരുന്ന 40 കുട്ടികളില്‍ പകുതിപേരും എത്താത്തത് ഈ വാഹന അപര്യാപ്തതയാണ്. വന്നാലോ; ഈ കുടുസുമുറിയില്‍ എത്രസമയം ഈ കുഞ്ഞുങ്ങളെ തളച്ചിടാന്‍ കഴിയും. അങ്ങനെയാണ് നമ്മുടെ തെറ്റിന് ശിക്ഷിക്കപ്പെട്ട ഈ അരജീവിതങ്ങളോട് നമ്മുടെ സര്‍ക്കാര്‍ പെരുമാറേണ്ടത്. സ്പെഷ്യല്‍ സ്കൂള്‍ പരിശീലന കോഴ്സ് കഴിഞ്ഞ അധ്യാപകരാണ് ബഡ്സ് സ്കൂളിലേത്. അതിനനുസരിച്ചുള്ള അധ്യാപനം നല്‍കാനുള്ള പശ്ചാത്തലസൗകര്യം പ്രധാനമാണെന്ന് അധ്യാപകര്‍ പറയുന്നു. അതൊന്നും ഇല്ലെന്നുമാത്രമല്ല, അത്യാവശ്യം കാര്യങ്ങള്‍ നടന്നുപോകണമെങ്കില്‍ സ്വന്തം കീശയില്‍ നിന്നുമെടുക്കേണ്ട ഗതികേടിലുമാണ് അധ്യാപകര്‍. 3800 രൂപയാണ് ബഡ്സ് സ്കൂളിലെ പ്രധാനാധ്യാപകന് നല്‍കുന്നത്. അതും കിട്ടാത്ത സ്കൂളുകള്‍ നിരവധി. അധ്യാപകര്‍ക്ക് 3400. ആയമാര്‍ക്ക് 2500, പാചകക്കാരന് ദിവസം 150. സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ പരിശീലനം ലഭിച്ച ഇതേ കാറ്റഗറിയിലുള്ള അധ്യാപകര്‍ക്ക് എസ്എസ്എയില്‍ 15,000 രൂപ ലഭിക്കുന്നുണ്ട്. കേവലം മൂവായിരം രൂപയ്ക്ക് ഈ അര ജീവിതങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഈ സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കല്ലേ യുജിസി ശമ്പളം നല്‍കേണ്ടതെന്നാണ് രക്ഷാകര്‍ത്താക്കള്‍ ചോദിക്കുന്നത്.
നെഞ്ചുപിളരുന്ന കാഴ്ചകള്‍
ഭോപ്പാല്‍ ദുരന്തം പോലെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തവും പടരുകയാണെന്ന് വിദഗ്ദര്‍ തന്നെ വിലയിരുത്തിയതാണ്. തലമുറയില്‍ നിന്ന് തലമുറയിലേക്ക് അത് കെടുതിയുടെ കുറിമാനം കൊടുത്തുവിടുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച 2001ന് ശേഷം ജനിച്ച/മരിച്ച കുട്ടികള്‍ ഇപ്പോള്‍ കേവലം ജനന/ചരമവാര്‍ത്ത മാത്രമാകുകയാണ്. വിഷമഴ ഏറെ പെയ്ത കാറഡുക്ക പഞ്ചായത്തിലെ മിഞ്ചിപദവ് നെഞ്ചംപറമ്പിലെ വാര്‍ത്ത കേള്‍ക്കുക: ഓരോ ജനനവും അവിടെ ഒരോ നിലവിളിയാണിപ്പോള്‍. 2001ന് ശേഷം ബാക്കിയായ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട കുന്നിന്‍ ചെരിവാണ് നെഞ്ചംപറമ്പ്. കശുമാവ് തോട്ടങ്ങളില്‍ അടിക്കാന്‍ വിഷക്കൂട്ട് തയ്യാറാക്കിയ സിമന്റ് ടാങ്കുകള്‍ ഇപ്പോഴും അവിടെയുണ്ട്. മണ്ണിലൂടെ ആ വിഷം നിരന്തരം ഊര്‍ന്നിറങ്ങി, കുടിവെള്ളത്തില്‍ കലര്‍ന്നു എന്നാണ് കണ്ടെത്തിയത്. അമ്മമാരില്‍ മുലപ്പാലിനൊപ്പവും വരെ ആ വിഷഭീകരനെത്തിയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതാണ്. നെഞ്ചംപറമ്പിലും മിഞ്ചിപദവിലും മാത്രം 35 കുട്ടികളാണ് ജനിച്ചയുടന്‍ മരിച്ചതെന്ന് സന്നദ്ധസംഘടനകള്‍ നടത്തിയ കണക്കില്‍ വെളിപ്പെട്ടിട്ടുണ്ട്. മരിക്കാനായി മാത്രം ജനിച്ച ഈ കുട്ടികള്‍ക്ക് പക്ഷേ, സര്‍ക്കാര്‍ രേഖകളിലേക്ക് കടക്കാനെ ആകുന്നില്ല. നെഞ്ചംപറമ്പിലെ നാരായണന്‍- മമത ദമ്പതികളുടെ അവസ്ഥ നോക്കുക. മൂത്തവന്‍ നവീന്‍, രണ്ടാമന്‍ നാഗേഷ്; ഇവരെ നെഞ്ചിലെ ചൂടു പകര്‍ന്ന് ഉമ്മവച്ചുറക്കിയത് മാത്രം ഓര്‍മയുണ്ട്. അതിനിടയില്‍ രണ്ടുപേരും അമ്മയ്ക്കും അച്ഛനും നിലക്കാത്ത കണ്ണീര്‍ ബാക്കിയായാക്കി യാത്രയായി. പിന്നീടാണ് അവര്‍ക്ക് ഇരട്ടകള്‍ പിറന്നത്. ആ ഇരട്ടകളും കണ്ണുതുറക്കും മുമ്പേ അവരെ വിട്ടുപോയി. ഈ ദമ്പതികള്‍ നെഞ്ചംപറമ്പിന്റെ ഇന്നത്തെ പരിശ്ചേദമാണ്. നെഞ്ചംപറമ്പ് കൈത്തോടിലെ ഉമൈബത്ത്- സാലി, മറിയം- മുജീബ്, ഇബ്രാഹിംകുട്ടി- ബീഫാത്തിമ... കുഞ്ഞുങ്ങള്‍ കൈവിട്ടുപോയ ഈ ദമ്പതികളുടെ വിലാപം നെഞ്ചുപിളര്‍ക്കുകയാണ് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം