malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

ശ്വേത മേനോന്‍ സംഭവം നല്‍കുന്ന സന്ദേശം

സോണിയ ജോര്‍ജ്
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്ന സമയമാണിത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതിക്രൂരമായ ബലാത്സംഗം രാജ്യത്തെ മുഴുവന്‍ ഞെട്ടിക്കുകയും വളരെ ശക്തമായ പ്രതികരണങ്ങളുളവാക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ഉയര്‍ന്നുവന്ന ഈ പ്രക്ഷോഭങ്ങള്‍ ഇത്തരത്തിലുള്ള അതിക്രമങ്ങളെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകളിലേയ്ക്ക് നയിച്ചു. സ്ത്രീപീഡനങ്ങളെ തടയുന്ന നിയമ നിര്‍മാണത്തിലേയ്ക്കും (ആന്റി റേപ്പ് ബില്‍ - 2013) മറ്റു നീതിന്യായ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുതകുന്ന അടിയന്തര മാര്‍ഗങ്ങളിലേയ്ക്കും ഭരണകൂടം നീങ്ങുകയുണ്ടായി. തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ബില്ലും ഈ വര്‍ഷം തന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. ഡല്‍ഹി പ്രത്യേക കോടതി 9 മാസം കൊണ്ട് ഈ കേസിലെ ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനും നമ്മള്‍ സാക്ഷികളായി. ഈ പ്രക്രിയകളൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴും ഇതിലും ക്രൂരമായ പീഡനങ്ങള്‍ നമ്മുടെ മുമ്പില്‍ കൂടി കടന്നുപോയി. ഹരിയാനയില്‍ ദളിത് പെണ്‍കുട്ടി വളരെ ക്രൂരമായി ബലാത്സംഗത്തിലൂടെ കൊല്ലപ്പെടുകയുണ്ടായി. ബിഹാറില്‍ ട്രെയിനില്‍ യാത്രചെയ്തിരുന്ന യുവതിയെ വലിച്ചിറക്കി ബലാത്സംഗം ചെയ്തുകൊന്നു. എന്തിനേറെ പറയണം നമ്മുടെ മുമ്പില്‍ കഴിഞ്ഞയാഴ്ച അക്‌സ എന്ന പിഞ്ചോമന അമ്മയുടെ കാമുകന്മാരാല്‍ വളരെ ക്രൂരമായ ലൈംഗിക പീഡനത്തിലൂടെ കൊല്ലപ്പെടുകയുണ്ടായി. യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും കുടുംബങ്ങള്‍ക്കുള്ളിലും അതിക്രമ വിധേയരാവുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. പൊതുയിടങ്ങള്‍ സ്ത്രീ സൗഹാര്‍ദ്ദപരമാകണണെന്ന് അടിവരയിട്ടു പറയുമ്പോഴും അതിനു വിപരീതമായ അനുഭവങ്ങള്‍ എന്നും നമുക്ക് നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി 'സാംസ്‌ക്കാരിക - രാഷ്ട്രീയ' പ്രബുദ്ധ കേരളം അതീവ ജാഗ്രതയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം പ്രസക്തമാവുന്നത്. പ്രമുഖ നടി ശ്വേത മേനോന്‍ കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കവേ ആ പൊതുപരിപാടിയില്‍വച്ച് പ്രമുഖനായ രാഷ്ട്രീയനേതാവ് തന്നെ സഭ്യമല്ലാത്ത രീതിയില്‍ ശല്യപ്പെടുത്തി എന്ന് പരാതി പറഞ്ഞത്. ഈ പരിപാടിയില്‍ വച്ച് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ ജില്ലയുടേയും പരിപാടിയുടേയും പ്രധാന ചുമതലയുള്ള ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സാംസ്‌ക്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് കൊല്ലത്തെ പ്രമുഖനായ ജനപ്രതിനിധിയില്‍ നിന്നും തനിക്കുണ്ടായതെന്നാണ് ശ്വേത പറയുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതുമുതല്‍ മടങ്ങി പോകുന്നതുവരെ ഈ വ്യക്തി തന്റെ ഒപ്പം നടന്ന് ശല്യം ചെയ്തതായി അവര്‍ പറഞ്ഞു. തനിക്കുണ്ടായ ഈ ദുരനുഭവം അവര്‍ മാധ്യമങ്ങളോട് പറഞ്ഞ സമയം മുതല്‍ ആ പരിപാടിയുടെ ദൃശ്യങ്ങള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സൂക്ഷ്മമായി കാണിക്കുവാന്‍ തുടങ്ങി. ഈ ദൃശ്യങ്ങള്‍ അവിടെ എന്താണ് നടന്നതെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലുള്ളതായിരുന്നു. എന്നാല്‍ പൊടുന്നനെ അവര്‍ ഉയര്‍ത്തിയ ഈ ആരോപണങ്ങളെ കീറിമുറിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ വിവിധയിടങ്ങളില്‍ നിന്നുണ്ടായി. എന്നത്തേയും പോലെ കുറ്റാരോപിതന്‍ അത് നിഷേധിക്കുന്നു, അതിനു പിന്തുണയുമായി നേതാവിന്റെ രാഷ്ട്രീയ-വ്യക്തി ചരിത്രം മുഴുവന്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തെ സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകകരും. ഇത്രയധികം പ്രായമുള്ള എല്ലാവരും ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ നേതാവില്‍ നിന്നും ഇങ്ങനെ ഒരനുഭവം ചിന്തിക്കാന്‍പോലും ആവില്ല എന്നായിരുന്നു പ്രതികരണങ്ങളേറെയും. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് നേതാവ് ശ്വേതയുടെ അടുത്ത് നിന്ന് അവരെ മറ്റുള്ളവരില്‍ നിന്ന് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നു വിശദീകരണം. വളരെയധികം വാത്സല്യത്തോടെ അവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്ന 'രാഷ്ട്രീയ അപ്പൂപ്പന്റെ' തലോടലായി അതിനെ വ്യാഖ്യാനിക്കുവാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ മത്സരിക്കുകയായിരുന്നു. ഇത്തരം ഒരു പൊതുവേദിയില്‍ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്ന പൊതുവികാരവും ഉണ്ടായി.മറുവശത്ത് തന്റെ തൊഴിലില്‍ വ്യത്യസ്തമായ അഭിനയശേഷി കൊണ്ട് വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് തയ്യാറായ ശ്വേതയെ മോശം സ്ത്രീയായി വ്യാഖ്യാനിക്കുന്നതിനുള്ള മത്സരങ്ങളും കാമവും പ്രണയവും മാതൃത്വവും വാര്‍പ്പുമാതൃകകളായി നിലനില്‍ക്കുന്ന സമൂഹത്തില്‍ അതിനെ തന്റെ അഭിനയത്തിലൂടെ പൊളിച്ചെഴുതിയ സ്ത്രീയായത് കൊണ്ട് അവളെ ആക്രമിക്കാന്‍ തയാറായി നില്‍ക്കുന്ന നിരവധിപേരെ സോഷ്യല്‍ മീഡിയകളിലൂടെ കാണാന്‍ കഴിഞ്ഞു. അവളിതല്ല ഇതിനപ്പുറവും പറയും എന്ന പ്രതികരണങ്ങളായിരുന്നേറെയും. കേരള സമൂഹത്തിന്റെ പൊതുഅവസ്ഥയെയാണ് ഈ വാദഗതികളെല്ലാം തുറന്ന് കാട്ടുന്നത്. തനിക്ക് അന്യപുരുഷനില്‍ നിന്ന് ഉണ്ടാവുന്ന സ്പര്‍ശനങ്ങള്‍ ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയുന്നതിനുള്ള സാമാന്യബോധം ഏതു സ്ത്രീക്കുമുണ്ട്. പിതൃവാത്സല്യത്തെ ലൈംഗിക ചേഷ്ടയായി വ്യാഖ്യാനിക്കേണ്ട ഒരു സാഹചര്യവുമിവിടെ ഇല്ല. 'അപര'യോട് ഇടപെടേണ്ട നൈതിക ബോധമാണ് ഇവിടെ പ്രശ്‌നം. ആ നൈതികതയെ അവളുടെ അഭിനയശേഷിയുടെ പ്രതിഫലനങ്ങളുമായി കൂട്ടിയോജിപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ട വികാരമായി ഇവിടെ വ്യാഖ്യാനിക്കാം. കുറച്ചു കൂടി വിശദീകരിച്ചാല്‍ ഇത്രയധികം 'പ്രലോഭിപ്പിച്ച സ്ത്രീ' നേരിട്ട് അടുത്ത് വരുമ്പോള്‍ ഉണ്ടായ വികാരം. സിനിമാ നടിമാരെ പൊതുപരിപാടികളില്‍ കാണുമ്പോള്‍ കേരളത്തിലെ പൊതുജനം കാണിക്കുന്ന ആവേശം - അവരെ തൊടാനും തലോടാനും - ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌ക്കറോട് കാണിച്ച വികാരവും ഇത് തന്നെ. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെയും മറ്റ് പൊതുബോധങ്ങളിലൂടെയും രൂപപ്പെടുന്ന ഉപഭോഗതൃഷ്ണയുടെ ഒരു മുഖമാണിവിടെ വ്യക്തമാകുന്നത്. സ്ത്രീയുടെ ലൈംഗികതയെ അമിതമായി സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക അധിനിവേശ തന്ത്രമാണിത്. അതിക്രമങ്ങളുടെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോള്‍ പലപ്പോഴും അതിനെ 'ഞരമ്പു രോഗമായി' കണ്ട് നിരന്തരമായി തള്ളിക്കളയാന്‍ നമ്മുടെ സമൂഹം താല്‍പര്യപ്പെടുന്നു. എന്നാല്‍ നഷ്ടപ്പെടുന്ന സാമാന്യ ബന്ധങ്ങളുടെ കുത്തൊഴുക്കില്‍ ആണ്‍കോയ്മയുടെയും സ്ത്രീശരീരത്തിന്റെ 'മാദകത്വത്തിന്റെയും' എല്ലാറ്റിനെയും ലാഭമായി രൂപപ്പെടുത്തുന്ന ചട്ടക്കൂട്ടിലേക്കുള്ള സംയോജനമാണ് നടക്കുന്നത് എന്ന വിശകലനം ഉണ്ടാവുന്നില്ല. അവിടെ വീണ്ടും സ്ത്രീയുടെ സംരക്ഷകര്‍ തലപൊക്കുകയാണ്. സ്ത്രീയെ സംരക്ഷിക്കേണ്ടവരായി കാണാനാണ് പൊതുവേ താല്‍പര്യം. നിര്‍ദ്ദയമായി യാത്ര ചെയ്യാനോ, പൊതു ഇടങ്ങളില്‍ ഇടപെടുന്നതിനോ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ സ്വാഭിമാനത്തോടെ പങ്കാളിയാവുന്നതിനോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സംരക്ഷണ സ്വഭാവം സ്ത്രീയുടെ മുന്നോട്ട്‌പോക്കിന് തന്നെ ഭീഷണിയാണ്. കഴുകന്റെ കണ്ണുകളുമായി തന്നെ കാത്തു നില്‍ക്കുന്നവര്‍ തന്റെ ചുറ്റിനും എപ്പോഴും ഉണ്ടെന്ന പൊതുവികാരമാണ് സ്ത്രീയെ ഈ ഭയത്തിലേക്ക് നയിക്കുന്നത്. മറ്റൊരാളുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് തെറ്റാണ് എന്ന ബോധം എന്നാണ് ഇനി ഉണ്ടാവുക? സ്വന്തം ശരീരത്തിന്മേല്‍ തനിക്കുള്ള അവകാശം ഉറപ്പിച്ചുകൊണ്ട് തനിക്ക് താല്‍പര്യമില്ലാത്ത രീതിയില്‍ ഉണ്ടാവുന്ന ചേഷ്ടകളോട് പ്രതികരിക്കുക ഏതൊരു സ്ത്രീയുടേയും മൗലികാവകാശമാണ്. അത് പലപ്പോഴും പൊതുസമൂഹം അംഗീകരിക്കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളില്‍ ചെന്നെത്തുന്നത്. ഇരകളാക്കപ്പെട്ട സ്ത്രീയുടെ പ്രതികരണങ്ങളെ പലപ്പോഴും സംശയാസ്പദമായി നോക്കിക്കൊണ്ട് അവരെ 'മോശം' സ്ത്രീകളായി ചിത്രീകരിക്കുന്ന സാഹചര്യങ്ങളാണ് നാം പലപ്പോഴും കാണുന്നത്. കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട സൂര്യനെല്ലി, വിതുര, കവിയൂര്‍ , ഐസ്‌ക്രീംപാര്‍ലര്‍ തുടങ്ങിയ ലൈംഗിക പീഡനക്കേസുകള്‍ തന്നെ നമ്മുടെ മുമ്പില്‍ ഉദാഹരണങ്ങളാണ്. വളരെ നീചമായി ബലാത്സംഗം ചെയ്യപ്പെട്ട ഈ പെണ്‍കുട്ടികളെല്ലാം തന്നെ ഇന്നും 'നീതി' തേടി അലയുകയാണ്. സ്ത്രീസംഘടനകളോ സാമൂഹ്യ സംഘടനകളോ ഒക്കെ ഈ വിഷയം ഉയര്‍ത്തിയെങ്കിലും അര്‍ഹിക്കപ്പെട്ട ശിക്ഷ ഈ പീഡകര്‍ക്കൊന്നും നല്‍കുന്നതിന് നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇതില്‍ കുബുദ്ധികളായിട്ടുള്ളവരുടെ അധികാരം, രാഷ്ട്രീയ പിന്തുണ, തുടങ്ങിയവ പലപ്പോഴും ഈ കേസുകളെ വളച്ചൊടിച്ച് കൊണ്ട് ഇരകളെ വീണ്ടും ശിക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ്. അവസാനം തളരാതെ ധൈര്യപൂര്‍വം പൊരുതുന്നവര്‍ എത്ര പേരുണ്ടാവും? ഇന്നലെ തന്നെ ശ്വേത ഈ ആരോപണങ്ങളുമായി എത്തിയപ്പോള്‍ മുതല്‍ അതിനെ ഖണ്ഡിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്ന പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കുറ്റാരോപിതനായ നേതാവിന്റെ രാഷ്ട്രീയപിന്‍ബലം അവരുടെ സ്ത്രീസംഘടനാ നേതാക്കള്‍ക്കുപോലും അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യതയുളവാക്കി. പ്രബുദ്ധ കേരളം ആശങ്കയോടെ നോക്കിക്കാണുന്ന അവസ്ഥകളാണിത്. കക്ഷി രാഷ്ട്രീയ ചട്ടക്കൂടിനപ്പുറത്തുനിന്നും ജനസംഖ്യയില്‍ പാതിയിലേറെ വരുന്ന സ്ത്രീകളുടെ അവകാശങ്ങളെ ചര്‍ച്ച ചെയ്യേണ്ട ബാധ്യത ജനാധിപത്യ ഭരണസംവിധാനത്തിനില്ലേ! ഭരണകൂടത്തിനില്ലേ! ഇത്രയധികം കോലാഹലം ഉണ്ടായിട്ടും പരാതിവരട്ടേ, ഞങ്ങള്‍ അന്വേഷിക്കാം എന്ന് പറയുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. താന്‍ കളക്ടറോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്നു പറയുമ്പോള്‍ അത് നിഷേധിക്കുന്ന കളക്ടര്‍, ഏറ്റവും അവസാനം അതീവ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞു എന്നും പറഞ്ഞുകൊണ്ട് പരാതിയില്‍ നിന്ന് പിന്മാറിയ ശ്വേത മേനോന്‍! കേരളത്തിനെന്തെങ്കിലും അഭിമാനിക്കാനുണ്ടോ ഇതില്‍. സ്ത്രീകളുടെ സുരക്ഷയേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രം കാണുന്ന ഈ നിസംഗതയ്ക്ക് എന്താ മറുപടി പറയുക. സ്ത്രീയെ രണ്ടാം തരമായി കാണുന്ന ഒരു സമൂഹത്തിനും സ്ത്രീയുടെ കുറ്റങ്ങളെ മുഴപ്പിച്ചുകൊണ്ട് ഘോരഘോരമായി സംസാരിക്കുവാന്‍ യാതൊരു മടിയുമില്ല. ഈ അടുത്തകാലത്ത് പലതരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കുറേ സ്ത്രീകളെ കേരള സമൂഹം ആഘോഷിച്ചു. സ്ത്രീകള്‍ അതില്‍ പ്രധാന പ്രതികളായതുകൊണ്ട് സാമാന്യത്തിലധികം 'സെന്‍സേഷണലിസം' ഈ സംഭവങ്ങളിലെല്ലാമുണ്ടായി. എന്നാല്‍ കുറ്റവാളികളെ കുറ്റവാളികളായി തന്നെ കാണുന്നതിനും സ്ത്രീപുരുഷഭേദമെന്യേ ശിക്ഷിക്കുന്നതും ആരും പ്രശ്‌നമാക്കില്ല. സ്ത്രീകളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ഇത്തരം പ്രവണതകളെ നഖശിഖാന്തം എതിര്‍ക്കുക തന്നെ വേണം. അതേസമയം സ്ത്രീകളെല്ലാവരും കുഴപ്പക്കാരാണെന്ന് പറയുന്ന സാമൂഹ്യബോധത്തെയും എതിര്‍ക്കേണ്ടതുണ്ട്. സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഇവിടെ തന്റെ നേരെ നടന്ന മോശമായ പെരുമാറ്റങ്ങളെക്കുറിച്ച് പരാതി പറഞ്ഞത്. എന്നാല്‍ അവര്‍ക്കുപോലും പിടിച്ചു നില്‍ക്കാനാവാത്ത സമ്മര്‍ദ്ദമുണ്ടായി പരാതി പന്‍വലിക്കേണ്ടി വന്നു എന്നുള്ളത് സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണുണര്‍ത്തുന്നത്. നിയമം പാലിക്കേണ്ടവര്‍ തന്നെ പീഡകരായി മാറുന്ന സാഹചര്യങ്ങളും നമ്മുടെ മുമ്പില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ഈ വര്‍ഷം 'ബലാത്സംഗ വിരുദ്ധ' (ആന്റി റേപ്) ബില്‍ പാസാക്കുന്ന നിയമനിര്‍മാണ സഭയില്‍ പങ്കാളിയായ 'ബഹുമാനപ്പെട്ട' പാര്‍ലമെന്റ് അംഗം തന്നെ പ്രതിയാക്കപ്പെടുമ്പോള്‍ നിയമവ്യവസ്ഥകള്‍ക്ക് സ്ത്രീകളെ രക്ഷിക്കാനാകുമോ? തങ്ങളുടെ തൊഴിലിന്റെ ഭാഗമായും മറ്റ് ആവശ്യങ്ങള്‍ക്കുമായി ധാരാളം യാത്ര ചെയ്യേണ്ടിവരുന്ന ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരുന്ന, പൊതുസ്ഥലങ്ങളില്‍ ഇടപെടേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നു. തദ്ദേശസ്വയംഭരണസ്ഥാപങ്ങളില്‍ 50 ശതമാനം സ്ത്രീപങ്കാളിത്തം, കുടുംബശ്രീ പോലെയുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍-ഇവയെല്ലാം സ്ത്രീകളുടെ പൊതുരാഷ്ട്രീയ പങ്കാളിത്തം കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പുരുഷനോടൊപ്പം എല്ലായിടത്തും തുല്യമായി ഇടപെട്ടുകൊണ്ട് തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ മുമ്പിലുണ്ട്. പരസ്പര വിശ്വാസത്തോടെ ബഹുമാനത്തോടെ ഇടപെടേണ്ട സഹപ്രവര്‍ത്തകരില്‍ നിന്നും ഒരു സ്ത്രീയും മോശം പെരുമാറ്റം ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ അവകാശങ്ങളും നിലനില്‍പ്പും കേവലം കക്ഷിരാഷ്ട്രീയ പ്രശ്‌നമായല്ല മറിച്ച് മനുഷ്യന്റെ നിലനില്‍പിനു സാധ്യമാകേണ്ട രാഷ്ട്രീയ വിഷയസംവാദമാണുണ്ടാകേണ്ടത്. തുല്യതയോടെ, സഹജീവിയായി, മനുഷ്യരായി സ്ത്രീകളെ കാണുന്നതിനും അവരുടെ കഴിവുകളെ ബഹുമാനിക്കുന്നതിനും അവരുടെ വളര്‍ച്ച സാധ്യമാക്കുന്ന പൊതുഇടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സാംസ്‌ക്കാരിക - രാഷ്ട്രീയ പരിവര്‍ത്തനം ഇവിടെ സാധ്യമാവുമോ? ഈ ഒരു പരിവര്‍ത്തനത്തിന്റെ ഉള്‍ക്കാഴ്ച എല്ലാവരിലും നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയിലേയ്ക്ക് നമുക്ക് ഇനിയെങ്കിലും മനഃപൂര്‍വം നീങ്ങാം. ആ പ്രക്രിയയില്‍ കണ്ണിചേരാന്‍ ഇവിടുത്തെ സ്ത്രീപ്രസ്ഥാനങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്. (ലേഖിക സേവായൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ്) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം