malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഇത്‌ സത്യന്‍ സ്മരണയുടെ സ്നേഹശാല

രാജേഷ്‌ കുറുമാലി
തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ചിറ്റിശ്ശേരി ഗ്രാമത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ സത്യന്‍ സ്മാരക വായനശാല എന്ന ബോര്‍ഡ്‌ കാണാം. ആ നാട്ടിലെ ഒരു പ്രാദേശിക നേതാവിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാവാം ഈ വായനശാല എന്നാണ്‌ ഒറ്റമാത്രയില്‍ ആരും ചിന്തിക്കുക. എന്നാല്‍ മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാസ്റ്ററുടെ പഴയ രണ്ട്‌ ചിത്രങ്ങള്‍ ചുവരില്‍ കാണുമ്പോഴാണ്‌ ആ നാടിന്റെ മഹത്വം തിരിച്ചറിയാനാവുക. സത്യന്‍ എന്ന മഹാനടന്‌ സ്മാരകം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും ഈ കൊച്ചു ഗ്രാമത്തിലെ സത്യന്‍ സ്മാരക വായനശാല ഒരുപക്ഷേ ഇത്ര പഴക്കമുള്ള ഒരു സത്യന്‍ സ്മാരകം കേരളത്തില്‍ തന്നെ ആകെയുള്ളതാകാം. സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത്‌, സത്യന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള സെന്റ്‌ ജോസഫ്സ്‌ സ്കൂളിനു മുന്നില്‍, ജനറല്‍ ഹോസ്പിറ്റലിനു സമീപം സ്ഥാപിക്കുമെന്ന പറഞ്ഞ പ്രതിമയുടെ ഫയല്‍ ഒരു സ്മാരകമായി എവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാകണം. 1912 നവംബര്‍ 9ന്‌ പഴയ ബ്രിട്ടീഷ്‌ ഇന്ത്യയിലെ നാഗര്‍കോവിലില്‍ ജനിച്ച മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ 1971 ജൂണ്‍ 15 നാണ്‌ മലയാളികളെ വിട്ടുപിരിഞ്ഞത്‌. നീലക്കുയിലിലെ ശ്രീധരന്‍നായരേയും ഓടയില്‍നിന്നിലെ പപ്പുവിനെയും ചെമ്മീനിലെ പളനിയെയും കരുത്തിന്റെ പ്രതീകങ്ങളായി നെഞ്ചിലേറ്റിയ ചിറ്റിശേരിയിലെ ചെറുപ്പക്കാര്‍ക്ക്‌ സത്യന്റെ വിയോഗം താങ്ങാനായില്ല. മരിക്കാത്ത ഓര്‍മകളായി സത്യന്‍മാസ്റ്റര്‍ ഇനിയും ജീവിക്കണമെന്ന അവരുടെ മോഹമായിരുന്നു വായനശാല എന്ന ആശയത്തിന്‌ പിന്നില്‍. നാടിന്റെ നന്മക്കും ഒപ്പം തലമുറയ്ക്കും മാറ്റം വരണമെന്ന ആശയത്തോടെയാണ്‌ മലയാള സിനിമ ആസ്വാദനത്തിന്‌ മാറ്റം വരുത്തിയ സത്യന്‍ എന്ന നടന്റെ സ്മാരകത്തിനായി വായനശാല നിര്‍മ്മിക്കാന്‍ അധ്യാപകനായ ചുള്ളിക്കാട്ടില്‍ ഡേവീസ്‌ മാഷും കൂട്ടുകാരും തീരുമാനിച്ചത്‌. 1972 ല്‍ ഡേവീസ്‌ മാഷ്‌ പ്രസിഡന്റും എന്‍.സി.കുട്ടന്‍ സെക്രട്ടറിയുമായി സത്യന്‍ സ്മാരക വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. ഒമ്പതംഗ ഭരണസമിതിയായിരുന്നു അന്ന്‌ നിലവിലുണ്ടായിരുന്നത്‌. വായനശാലയുടെ പേരിലോ സത്യന്‍മാഷുടെ ഫോട്ടോ വെയ്ക്കുന്നതിലോ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. ഓടുവ്യവസായത്തിന്‌ പേരുകേട്ട ചിറ്റിശേരിയില്‍ തൊഴിലാളി കുടുംബങ്ങളായിരുന്നു അധികവും. അവിടെ ഒരു വായനശാല നിര്‍മിക്കുക എന്നുപറയുന്നത്‌ അക്കാലത്ത്‌ അത്ര എളുപ്പമായിരുന്നില്ലെന്ന്‌ ഡേവീസ്‌ മാഷ്‌ പറയുന്നു. നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ എതിര്‍പ്പുകളും പൊട്ടിപ്പുറപ്പെട്ടുവത്രെ. പോലീസ്‌ കേസ്‌ ഉണ്ടായിട്ടും വായനശാല എന്ന ലക്ഷ്യത്തില്‍നിന്നും പിന്മാറാന്‍ ആരുംതന്നെ തയ്യാറായില്ല. കട്ടപ്പണികള്‍ നടത്തുന്ന പാടങ്ങളില്‍നിന്നും സംഭാവനയായി കിട്ടിയിരുന്ന കടകള്‍ കാളവണ്ടികളിലായി ഉണ്ണിയും ഗോപാലനും ചേര്‍ന്നാണ്‌ കൊണ്ടുവരാറുള്ളതെന്ന്‌ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ പണിക്കുപോയിരുന്ന ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ഉറങ്ങാതെയാണ്‌ വായനശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഡേവീസ്‌ മാഷിന്റെ നിശ്ചയദാര്‍ഢ്യവും പിന്തുണയും തന്നെയായിരുന്നു വായനശാല നിര്‍മാണത്തിന്‌ ഊര്‍ജ്ജമേകിയിരുന്നതെന്ന്‌ കുട്ടനും മറ്റുള്ളവരും സമ്മതിക്കുന്നു. കളിമണ്‍ നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ ഒരു വായനാ സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ സത്യന്‍ സ്മാരകവായനശാല വഹിച്ച പങ്ക്‌ ചെറുതല്ല. ഗ്രാമത്തില്‍ തപാലാപ്പീസ്‌ വന്നതും വഴിവിളക്കുകള്‍ തെളിഞ്ഞതും എന്തിന്‌ ആകാശവാണി പ്രക്ഷേപണം ഗ്രാമീണര്‍ കേട്ടതും വായനശാല കാരണമാണ്‌. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ്‌ വായനശാലയായി ഇപ്പോള്‍ സത്യന്‍ സ്മാരക വായനശാല മാറിയിരിക്കുന്നു. പതിനായിരത്തില്‍പ്പരം പുസ്തകങ്ങളും എഴുന്നൂറോളം സ്ഥിരം അംഗങ്ങളുമുണ്ട്‌. ദിവസവും വൈകിട്ട്‌ 5 മുതല്‍ 8.30 വരെയാണ്‌ വായനശാലയുടെ പ്രവര്‍ത്തന സമയം. ഒമ്പത്‌ ദിനപ്പത്രങ്ങളും 26 ആനുകാലികങ്ങളും വായനശാലയില്‍ ലഭ്യമാണ്‌. ബസ്‌ സ്റ്റോപ്പിനോട്‌ ചേര്‍ന്ന്‌ വായനശാല സ്ഥിതിചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക്‌ പത്രം വായിക്കാനുള്ള ഇടത്താവളം കൂടിയാണ്‌ വായനശാല. സ്ത്രീകളും കുട്ടികളുമടക്കം 300 പേര്‍ സ്ഥിരമായി വായനശാലയില്‍ എത്താറുണ്ടെന്ന്‌ ലൈബ്രേറിയന്‍ കോവാത്ത്‌ ആനന്ദന്‍ സമ്മതിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി പുസ്തകങ്ങളുടെ കാവല്‍ക്കാരനാണ്‌ ആനന്ദന്‍. വായനശാലക്ക്‌ കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി രംഗമുദ്ര നാടകവേദിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വായനശാല സത്യന്റെ ചരമദിനത്തില്‍ അനുസ്മരണവും സിനിമാ പ്രദര്‍ശനവും നടത്തിവരുന്നു. തലമുറകള്‍ മാറിയിട്ടും നായകസങ്കല്‍പ്പങ്ങള്‍ മാറിയിട്ടും വായനശാലയുടെ പേര്‌ സത്യന്‍ എന്ന മഹാനടന്റെ സ്മാരകമായി സൂക്ഷിക്കുകയാണ്‌ ചിറ്റിശേരിക്കാര്‍. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം