malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ത്യാഗമെന്നതേ നേട്ടം, താഴ്മതാന്‍ അഭ്യുന്നതി

എന്‍. രാജന്‍നായര്‍
ത്യാഗങ്ങളില്ലാത്ത സൂത്രശാലിത്വത്തിന്റെ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനും എളുപ്പവഴിയാണ് നമുക്കിഷ്ടം. കഷ്ടപ്പാട് കൂടാതെ കാര്യനേട്ടം. എളുപ്പക്കാരന്‍ സ്വയം നശിക്കുന്നതു കൂടാതെ സമൂഹത്തെ കൂടി നശിപ്പിക്കുന്നു. ഇങ്ങനെയാണ് സാമൂഹിക ജീവിതം അപചയപ്പെടുന്നത്. പഠിച്ചാലെ പരീക്ഷ ജയിക്കൂ എന്നതുപോലെ ത്യാഗമുണ്ടെങ്കിലേ നേട്ടങ്ങള്‍ ഉണ്ടാകൂ. ത്യാഗം ചെയ്യാനുള്ള സന്നദ്ധതയും സമാധാനവും മനുഷ്യന് ഉണ്ടാകണം. കുഴിച്ച് വച്ചാല്‍ ഉടനെ തേങ്ങ പിടിക്കുന്ന ഒരു തെങ്ങും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ശ്രദ്ധയും പരിചരണവും കൊണ്ടാണ് തെങ്ങ് വളര്‍ന്ന് കായ്ക്കുന്നത്. മനുഷ്യന്‍ കായ്ക്കുന്നതും ഇങ്ങനെ തന്നെ. ഒരുദിവസംകൊണ്ട് ആരും ഐഎഎസുകാരനോ ധനികനോ സന്യാസിയോ ആകുന്നില്ല. നിരന്തരമായ പരിശ്രമങ്ങളിലൂടെ ഒരാള്‍ ഇഷ്ടസ്ഥാനത്ത് എത്തുന്നു. ഒരു മന്ത്രം പൂര്‍ണ്ണഫലസിദ്ധി കിട്ടാന്‍ പന്ത്രണ്ട് വര്‍ഷത്തെ നിരന്തര ജപതപങ്ങള്‍ ആവശ്യമാണ്. നേരിന്റെ വഴിക്ക് എന്നും ഇങ്ങനെ ഒരു ത്യാഗകാലമുണ്ട്. ആ ത്യാഗകാലം ശരിയായി അനുഷ്ഠിച്ചാല്‍ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂ. നൂറ്റാണ്ടുകളുടെ വിദേശാടിമത്വത്തെ നിരന്തരസമരംകൊണ്ടാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രരായത്. അക്രമം ഒരിക്കലും മാനുഷികമല്ല. അക്രമം മനുഷ്യരിലെ അപരിഷ്‌കൃതനായ മൃഗത്തെ പുറത്തിറക്കുന്നു. ബലപ്രയോഗത്തിലൂടെയല്ല മനഃമാറ്റത്തിലൂടെയാണ് ത്യാഗജീവിതം വിജയിക്കുന്നത്. നാം ധരിക്കുന്ന വസ്ത്രം, ഭക്ഷണം, വീട് എന്നിവയെല്ലാം മിക്കവാറും മറ്റുള്ളവരുടെ അദ്ധ്വാനമാണ്. നമുക്കതില്‍ ധനബന്ധമേയുള്ളൂ. നമ്മള്‍ അതിനെല്ലാം ധനം നല്‍കുന്നുണ്ടെങ്കിലും അത് ഉല്പാദിപ്പിച്ചവരോട് നമുക്കൊരു കടപ്പാടുണ്ട്. ഇതാണ് സമൂഹവുമായി ഓരോ വ്യക്തിയെയും ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. സ്വാര്‍ത്ഥര്‍ പലപ്പോഴും അത് മറന്നുപോകുന്നു. വളര്‍ത്തിയ അച്ഛനമ്മമാരോടുപോലുമുള്ള കടപ്പാട് സ്വാര്‍ത്ഥതമൂലം മറക്കാറുണ്ട്. നന്ദികെട്ട മനുഷ്യന്‍ നായെക്കാള്‍ നികൃഷ്ടനാണെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പെരുമാറ്റവും ചിന്തയും ശരിയായാല്‍ നമ്മള്‍ ശരിയാകും എന്നുള്ളതാണ് വസ്തുത. ത്യാഗമില്ലാത്ത ജീവിതം നേട്ട ശൂന്യമാണ്, ഭയചകിതമാണ്. സര്‍ട്ടിഫിക്കറ്റ് തിരുത്തി പലരും ഉദ്യോഗത്തില്‍ പ്രവേശിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് ആ ജോലി ഒരിക്കലും സുഖം തരികയില്ല. എപ്പോഴാണ് താന്‍ പിടിക്കപ്പെടുക എന്നൊരു ആധി അയാളിലുണ്ടായിരിക്കും. ആധികളാണല്ലോ പിന്നീട് വ്യാധികളായി മാറുന്നത്. ഇത്തരക്കാര്‍ കുറഞ്ഞപക്ഷം മനോരോഗികളെങ്കിലും ആയി മാറി സമൂഹത്തിന്റെ ശാപവും തന്റെ തന്നെ നാശവും ഏറ്റുവാങ്ങും എന്നതാണ് കണ്ടുവരുന്നത്. അങ്ങനെയൊരു ശപിക്കപ്പെട്ട ജീവിതം എന്തിനാണ്. നമ്മുടെ സമൂഹികാവസ്ഥയല്ല, നന്മയുടെ അവസ്ഥയാണ് സമൂഹം എപ്പോഴും വിലയിരുത്തുന്നത്. വലിയനിലയിലാണെങ്കിലും അയാള്‍ ഒരു ഗുണമില്ലാത്തവനാണെന്ന് ആളുകള്‍ പറയുന്നതിന്റെ പൊരുള്‍ ഇതാണ്. നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ത്യാഗവും അല്പം സ്വാര്‍ത്ഥത നിറഞ്ഞതാണ്. നിഷ്‌കാമകര്‍മ്മമാണ് സുഗന്ധപൂരിതം. ഇതെന്റെ കടമയാണ് എന്ന നിലയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയാണ് അഭികാമ്യം. ഫലം താനെ വന്നുകൊള്ളും. അതില്‍ ഒരു ഈശ്വരീയതയുമുണ്ട്. ഗാന്ധിജി നിഷ്‌കാമകര്‍മ്മ വിശ്വാസിയായിരുന്നു.ത്യാഗങ്ങളില്ലാതെ നേട്ടങ്ങള്‍ ഉണ്ടാകുന്നവരാണ് സ്വയം ദുരിതവും സമൂഹദുരന്തവും. മലയാളക്കരയില്‍ നിത്യോപയോഗത്തിലുണ്ടായിരുന്ന ഒരു പഴഞ്ചൊല്ലുണ്ട്. ത്യാഗമെന്നതേ നേട്ടം താഴ്മതാന്‍ അഭ്യുന്നതി. വിനയം ത്യാഗത്തിനും നേട്ടത്തിനും സ്വര്‍ണ്ണത്തിന് സുഗന്ധംപോലെയായി തീരും.സമാധാനപൂര്‍ണ്ണവും ശാന്തിദായകവുമായൊരു സാമൂഹിക ജീവിതവും വ്യക്തിജീവിതവുമാണ് എപ്പോഴും നല്ലത്. ജീവിതം സംഗീതംപോലെ മനോഹരമായിരിക്കണം. അതിന് ത്യാഗജീവിതം തന്നെയാണ് അഭികാമ്യം. ലോകജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയവരെല്ലാം ത്യാഗജീവിതം നയിച്ചവരാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം