malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

മരുഭൂമിയിലെ വാടാമലരുകള്‍

വന്ദന കൃഷ്ണ
സൊമാലിയന്‍ മോഡലും എഴുത്തുകാരിയുമായ വാരിസ് ദീരി തുറന്നെഴുതി; തന്റെ ജീവിത കഥ. അഞ്ചാം വയസ്സില്‍ അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന തനിക്ക് സമ്മാനിച്ച ക്രൂരമായ "ആചാര"ത്തിന്റെ നേര്‍ക്കാഴ്ച. ഡെസേര്‍ട്ട് ഫ്ളവര്‍ എന്ന ആത്മകഥയില്‍, അവരുടെ വേദന ഒരു മറയുമില്ലാതെ ലോകത്തോട് പങ്കുവച്ചു. സ്ത്രീകള്‍ക്ക് ലൈംഗികസംതൃപ്തി ലഭിക്കുന്നത് ഒഴിവാക്കാന്‍ ഭഗാങ്കുരം മുറിച്ചുകളയുന്ന (ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍- എഫ്ജിഎം) പ്രാകൃത ആചാരത്തിന് ഇരയായിരുന്നു വാരിസ്. അഞ്ചാം വയസ്സില്‍ ഭഗാങ്കുരച്ഛേദത്തിന് ഇരയായെന്നും അതിന്റെ കഠിനമായ വേദന ഇപ്പോഴും അനുഭവിക്കുകയാണെന്നും അവര്‍ പറഞ്ഞു.

തന്നെപ്പോലെ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ ഈ ക്രൂരമായ ആചാരത്തിന് ഇരയാകുന്നുണ്ട് എന്ന വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. കാരണം, സ്ത്രീകള്‍ ക്രൂരമായി ഭഗാങ്കുരച്ഛേദത്തിന് ഇരയാകുന്ന "ആചാര"ത്തെക്കുറിച്ച് പലര്‍ക്കും കേട്ടുകേള്‍വിപോലുമില്ലായിരുന്നു. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലായിരുന്നു പെണ്‍കുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഈ ക്രൂരമായ ആചാരം അരങ്ങേറിയിരുന്നത്. പലസംഘടനകളും ഇതിനെതിരെ രംഗത്തുവന്ന് സര്‍വേകള്‍ നടത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. എന്നാല്‍ സര്‍വവും പഴയതുപോലെതന്നെ നടക്കുന്നു. ഇപ്പോള്‍ ഭഗാങ്കുരച്ഛേദം "പരിഷ്കൃത" വികസിത രാജ്യങ്ങളിലും വ്യാപകമായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ക്രൂര ആചാരത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന നടത്തുന്ന പ്രചാരണത്തിന്റെ അംബാസിഡറാണ് ഇന്ന് വാരിസ് ദീരി. സൊമാലിയന്‍ ഫെമിനിസ്റ്റും പില്‍ക്കാലത്ത് ഡച്ച് പാര്‍ലമെന്റംഗവുമായ അയാന്‍ ഹിര്‍സി അലി താന്‍ ഈ ക്രൂരതയ്ക്കിരയായത് "ഇന്‍ഫിഡല്‍" എന്ന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട് (അയാന്‍ ഹിര്‍സി അലിയുടെ ആത്മകഥ "അവിശ്വാസി" ഡിസി ബുക്സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).

പെണ്‍കുട്ടികളുടെ "വഴിതെറ്റല്‍" ഒഴിവാക്കാനെന്ന ന്യായം പറഞ്ഞ് ഭഗാങ്കുരം മുറിച്ചു കളയുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായിരുന്നു. സൊമാലിയയും എത്യോപ്യയും സുഡാനും ഈജിപ്തും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അവിടെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലാണ് ഈ ക്രൂരത അരങ്ങേറുന്നത്. ബ്ലെയ്ഡും കത്തിയും മറ്റ് മൂര്‍ച്ചയുള്ള വസ്തുക്കളുമാണ് ഇതിന് ഉപയോഗിക്കുന്നത്. പെണ്‍കുട്ടികള്‍ കല്യാണംവരെ കന്യകകളായി നില്‍ക്കാനാണത്രേ ഈ ക്രൂരത. എഫ്ജിഎമ്മിന് ഇരയായ സ്ത്രീ ജീവിതകാലം മുഴുവന്‍ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ലോക ആരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 12-14 കോടി സ്ത്രീകള്‍ ഈ ക്രൂരതയുടെ പരിണതഫലം അനുഭവിക്കുന്നു. ഒരു ദിവസം ഏകദേശം 6000പേര്‍ എഫ്ജിഎമ്മിന് ഇരയാകുന്നു, വര്‍ഷത്തില്‍ ഏകദേശം മുപ്പത്ലക്ഷം പേര്‍. സ്ത്രീകളുടെ ആര്‍ത്തവകാലത്തും പ്രസവസമയത്തുമാണ് ഇതിന്റെ വേദന ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ശാരീരികവും മാനസികവുമായ ഒട്ടനവധി പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. ഭാര്യാ-ഭര്‍തൃ ബന്ധം തകരാനും പലപ്പോഴും ഇത് കാരണമാകുന്നു. ബ്രിട്ടനില്‍ ഒരു ലക്ഷത്തില്‍പ്പരം സ്ത്രീകളില്‍ ഭഗാങ്കുരച്ഛേദം നടത്തി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അടുത്തയിടെ പുറത്തുവന്നത്. തീരെ ചെറിയ പെണ്‍കുട്ടികളാണ് ഈ നിരോധിത അനാചാരത്തിന് കൂടുതലായി ഇരയാകുന്നത്. ഇതിനുള്ള ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നു.

ബ്രിട്ടനിലെ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കിടയിലാണ് ഇത് വ്യാപകം. ലണ്ടനില്‍മാത്രം പ്രതിവര്‍ഷം ആറായിരത്തോളം പെണ്‍കുട്ടികള്‍ ഈ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്. പലപ്പോഴും അനസ്തേഷ്യപോലും നല്‍കാതെയാണ് ഡോക്ടര്‍മാര്‍ ഇത് നടത്തുന്നത്. ഭഗാങ്കുരച്ഛേദം നടത്തുന്നത് ബ്രിട്ടനില്‍ 14 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2008ല്‍ ഇതുമായി ബന്ധപ്പെട്ട് 166 കേസ് ഫയല്‍ചെയ്തു. എന്നാല്‍, തുടര്‍ നടപടിയെടുക്കാനോ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ല. അധികൃതരുടെ നിഷ്ക്രിയത്വത്തില്‍ വംശീയതയും നിഴലിക്കുന്നു. കറുത്ത വംശജരാണ് ഈ ക്രൂരതയ്ക്കിരയാകുന്നത് എന്നതിനാലാണ് ഡോക്ടര്‍മാരടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത്. "വെള്ളക്കാരായ കുട്ടികളാണ് ഇരയാകുന്നതെങ്കില്‍ പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് ഇടപെടുമായിരുന്നു. എന്നാല്‍ കറുത്ത കുട്ടികള്‍ ഇതിനിരയാകുമ്പോള്‍ ആരും ശ്രദ്ധിക്കില്ല. ഇതാണ് വംശീയത" എന്ന് വാരിസ് ദീരി തുറന്നടിക്കുന്നു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം