malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

വിശ്വവിഖ്യാത പൂരം

പാലേലി മോഹന്‍
വടക്കുംനാഥന്റെ വിശാലമായ വീഥിയില്‍ വന്നണയുന്ന വാദ്യസംഘങ്ങള്‍. പുരുഷാരം നിറയുന്ന പൂരപ്പറമ്പില്‍ പാദമൂന്നാന്‍ പഴുതില്ല. കണ്ണിനിമ്പം കലരുന്ന ‘കരി’ക്കൂട്ടങ്ങള്‍. പാണ്ടിമേളപ്പകിട്ടില്‍ പകലോനുതിര്‍ക്കുന്ന പൊരിവെയില്‍. പട്ടുക്കുടയുമായി പുണ്യം ചൊരിയുന്ന പാരിന്റെ ദേവതകള്‍. തെക്കേ ഗോപുരം തിങ്ങിനിറഞ്ഞ്‌ താളവട്ടവുമായിവരുന്ന തട്ടകക്കാരുടെ തിമര്‍പ്പ്‌. കുടമാറ്റത്തിന്റെ കമനീയ കൗതുക വട്ടം. മഠത്തില്‍ വരവിന്റെ മന്ത്രധ്വനിയും, മികവാര്‍ന്ന മേളം കൊഴുക്കുന്ന മതില്‍ക്കെട്ടിനകത്തെ ഇലഞ്ഞിച്ചുവട്ടില്‍ മതിമറന്ന്‌ മനുഷ്യസമുദ്രവും. പെരുവനത്തിന്റെ പുകള്‍പെറ്റ പാണ്ടിയും. അന്നമനടയുടെ അനര്‍ഗള പ്രവാഹമായ പഞ്ചവാദ്യവും പൂരത്തിന്റെ പുണ്യം തന്നെ.

ആനന്ദത്തിന്റെ മഹാസമുദ്രം. അത്‌ അറിഞ്ഞാസ്വദിക്കുവാന്‍ അവതരിക്കേണ്ടത്‌ ഈ ഹരിതഭൂവില്‍. മഹാദ്ഭുതങ്ങള്‍ ഒന്നിലേറെ നിറഞ്ഞുനില്‍ക്കുന്ന ഈ മണ്ണില്‍ എത്തിച്ചേരാനും കണ്ണുനിറയെ കാണാനും കേള്‍ക്കാനും അനുഭവിക്കാനും കാത്തിരിക്കുന്നവര്‍ എത്രയെന്ന്‌ കണക്കില്ല. കേട്ടവര്‍ കേട്ടവര്‍ ഇറങ്ങിത്തിരിക്കുകയാണ്‌ സഹ്യന്റെ നാട്ടിലേക്ക്‌. പുറത്ത്‌ കണ്ടു തീര്‍ന്ന ലോകമല്ല നമ്മുടേത്‌. ഇവിടം ധന്യമായ ഒരു സാമ്രാജ്യം തന്നെയാണ്‌. പകര്‍ത്താനും കുറിക്കാനും കുതിച്ചു പാഞ്ഞലയണം എന്നാലും ചെറിയൊരംശമേ കിട്ടൂ. കനത്ത നിലവറയാണീ ഭൂമി. കണ്ണഞ്ചിപ്പിക്കുന്ന പ്രഭാ പൂരം പറഞ്ഞുതീര്‍ക്കാനാവില്ല.

മേല്‍പ്പറഞ്ഞവയില്‍ ഒന്നാണ്‌ സാംസ്ക്കാരിക പുരിയില്‍ ഉണരാന്‍ പോകുന്നത്‌. മണിക്കൂറുകള്‍ക്കകം ഈ മണ്ണില്‍ കാലുകുത്താന്‍ ഇടമില്ലാത്തവിധം ജനനിബിഡമാവും. ലോകത്തിന്റെ നാനാദിക്കില്‍നിന്നും കാഴ്ചക്കാരും മാധ്യമപ്പടയും പുറപ്പെട്ടു കഴിഞ്ഞു; തൃശ്ശൂര്‍ പൂരത്തിന്‌.

അപമാനഭാരത്താല്‍ ഒരു ദേശം മുഴുവന്‍ ദുഃഖത്തില്‍ മൂടിക്കെട്ടിനിന്നപ്പോള്‍ അതില്‍നിന്ന്‌ കൈപിടിച്ചുയര്‍ത്തിയത്‌ ശക്തന്‍. മലയാളക്കരയുടെ ശക്തനായ തമ്പുരാന്‍. കൊച്ചി ശീമ ഭരിച്ച്‌ എന്നും ഓര്‍മിക്കാന്‍ തക്കവണ്ണം നിരവധി ബിന്ദുക്കള്‍ കൊത്തിയ മഹാന്‍.

ആറാട്ടുപുഴയിലെ പൂരത്തില്‍ പങ്കെടുത്ത്‌ ആറാട്ടു കുളിക്കാന്‍ നൂറ്റെട്ട്‌ ദുര്‍ഗ്ഗമാരും വന്നിരുന്ന പ്രതാപകാലം. അതില്‍ പങ്കാളിയാവാന്‍ തൃശ്ശിവപുരിയിലെ ദേവതമാര്‍ക്ക്‌ സാധിക്കാതെ വന്നു. പേമാരി ചതിച്ചതാണ്‌ കാരണം. ചിലര്‍ തിരിച്ചുപോയി, ഒരു ദേവി ഒരു മാടത്തില്‍ ഇറങ്ങിയിരുന്നു. ഇക്കാരണത്താല്‍ തീണ്ടല്‍ കല്‍പ്പിച്ചു. തുടര്‍ന്നുവന്ന വര്‍ഷത്തില്‍ ഇവര്‍ക്ക്‌ ആറാട്ടുപുഴയില്‍ പ്രവേശനം നിഷേധിച്ചു. ഈ സങ്കടം തീര്‍ത്ത തമ്പുരാന്‍ മീനത്തിലെ പൂരത്തിനു പകരം മേടത്തിലെ പൂരം തൃശ്ശൂര്‍ നഗരത്തില്‍ നടത്തുവാന്‍ ഉത്തരവായി.
തമ്പുരാന്‍ രൂപകല്‍പ്പന ചെയ്തപൂരം ഇന്ന്‌ പ്രൗഢിയാല്‍ നിറഞ്ഞ്‌ വിശ്വമാകെ നിറഞ്ഞു. വിശ്വനാഥനായ ശിവപുരത്തിന്റെ നാഥന്‍ എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്നു. ഏഴോളം പൂരങ്ങള്‍ വന്ന്‌ ചേര്‍ന്ന്‌ നഗരം നിറയുമ്പോള്‍ അത്‌ പൂരങ്ങളുടെ പൂരമായി.

വാദ്യരംഗത്തെ മുടിചൂടാമന്നന്മാര്‍, പേരെടുത്ത കൊമ്പന്മാര്‍, വെടിക്കെട്ടില്‍ കവിത രചിക്കുന്ന കേമന്മാര്‍, പട്ടുക്കുടയടക്കമുള്ള ആനച്ചമയങ്ങള്‍ തീര്‍ക്കാന്‍ വൈദഗ്ദ്ധ്യമുള്ളവര്‍, കമനീയ പന്തല്‍ പണിയില്‍ ഖ്യാതി നേടിയവര്‍…..തുടങ്ങിയ പ്രഗത്ഭര്‍ ഒന്നുചേരുന്ന പൂരം. തിരുവമ്പാടിയും പാറമേക്കാവും മത്സരത്തിന്റെ പിടിവലിയിലായിരുന്നു ഒരുകാലത്ത്‌. പിന്നീട്‌ സ്വയം നിയന്ത്രണം വരുത്തി മത്സരം ഏറെക്കുറെ ഉപേക്ഷിച്ചു.

മേടമാസത്തിലെ പൂരം അര്‍ധരാത്രിയുള്ളപ്പോഴാണ്‌ തൃശൂര്‍ പൂരം. അന്നേ ദിവസം പുലര്‍ച്ചേ മുതല്‍ തുടങ്ങി പിറ്റേന്ന്‌ മദ്ധ്യാഹ്നത്തോടെ യാത്ര പറഞ്ഞ്‌ പിരിയുംവരെ പൂരത്തോട്‌ പൂരം. കരിമരുന്നിന്റെ ഗന്ധം എങ്ങും നിറഞ്ഞുനില്‍ക്കും. ഇതിനൊപ്പം ആനച്ചൂരും. എവിടെനിന്നും അടുത്തുവരുന്ന ചങ്ങലക്കിലുക്കം കേള്‍ക്കാം. ഒപ്പം കൊട്ടിക്കയറുന്ന മേളപ്പൊലിമയും.
പൂരത്തിന്‌ രണ്ടുനാള്‍ മുന്‍പേമുതല്‍ ആനച്ചമയങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുതിയതായി നിര്‍മിച്ച ആടയാഭരണങ്ങള്‍കൊണ്ടാണ്‌ തിരുവമ്പാടി, പാറമേക്കാവ്‌ വിഭാഗങ്ങള്‍ പൂരത്തിനിറങ്ങുക. പൊരിവെയിലിന്റെ ജ്വാലയില്‍ നെറ്റിപ്പട്ടം തിളങ്ങുന്നത്‌ ഹൃദ്യമായ കാഴ്ചയാണ്‌.

പാറമേക്കാവിന്റെ പ്രശസ്തി നിറഞ്ഞുനില്‍ക്കുന്നത്‌ ഇലഞ്ഞിച്ചുവട്ടിലെ മേളത്തിന്റെ പൊലിമകൊണ്ടാണ്‌. പാറമേക്കാവിന്റെ ഗോപുരത്തിനു പുറത്തുനിന്നും ചെമ്പട കൊട്ടിക്കലാശിച്ച്‌ ‘ഒലുമ്പ’ലിന്റെ മന്ത്രോച്ചാരണവുമായി പാണ്ടിമേളത്തിന്‌ കാലമിടുന്നു. അസുരവാദ്യമായ ചെണ്ടയില്‍നിന്ന്‌ കടലിന്റെ ഗൗരവത്തോടെ മേളം ശ്രീവടക്കുംനാഥന്റെ പടിഞ്ഞാറേ നടയില്‍ പൂത്തുലഞ്ഞ ഇലഞ്ഞിച്ചുവട്ടില്‍ കൊട്ടിപ്പൊലിപ്പിക്കുന്നു. രണ്ടരമണിക്കൂറുകൊണ്ട്‌ വീരഭാവം നിറഞ്ഞ പാണ്ടിപ്പൊടി പാറുന്നു. പത്മപുരസ്ക്കാരംവരെ നേടിയ പെരുവനം കുട്ടന്‍മാരാരാണ്‌ ഇലഞ്ഞിച്ചുവട്ടിലെ നായകന്‍.

അമ്പാടി മണിവര്‍ണന്റെ സഖിയായ തിരുവമ്പാടി ഭഗവതി പൂരപുലര്‍ച്ചെ വേദപാഠശാലയായ ബ്രഹ്മസ്വം മഠത്തിലേക്ക്‌ എഴുന്നള്ളുന്നു. മദ്ധ്യാഹ്നത്തോടടുപ്പിച്ച്‌ അവിടെനിന്നും തിരിച്ചെഴുന്നള്ളുന്നു. ദേവവാദ്യമായ പഞ്ചവാദ്യം ശംഖധ്വനിയോടെ ആരംഭിക്കും. തിമിലയില്‍ കാലംനിരത്തി പതികാലം വായിച്ചെടുത്ത്‌ കലാശിച്ച്‌ മദ്ദളത്തിന്‌ കൈമാറും. മദ്ദളത്തിന്റെ താളവട്ടങ്ങള്‍ തീരവേ ആദ്യ കൂട്ടിക്കൊട്ട്‌. മാധുര്യമേറിയ ആ കൂട്ടിക്കൊട്ടില്‍ത്തന്നെ ലോകം കുളിരണിയും. മൂന്നാനയുമായി പുറപ്പെടുന്ന മഠത്തില്‍ വരവ്‌ അന്നമനട പരമേശ്വര മാരാരുടെ പ്രമാണത്തില്‍ മുത്തശ്ശിയാലിന്‌ ചുവട്ടില്‍ ഇരമ്പിയാര്‍ക്കും. ഇടകാലം പൊടിപാറുമ്പോള്‍ ഏഴാനയും തിമില ഇടയാന്‍കാലത്ത്‌ പതിനഞ്ചാനയും നിരക്കും. കിഴക്കൂട്ട്‌ അനിയന്‍ മാരാരുടെയും ചേരാനെല്ലൂര്‍, ശങ്കരന്‍കുട്ടി മാരാരുടെയും നേതൃത്വത്തില്‍ പാണ്ടിമേളം കലാശിച്ചാല്‍ തെക്കോട്ടിറക്കം.

അസ്തമയസൂര്യനെ സാക്ഷിയാക്കി കുടമാറ്റം തുടങ്ങും. പട്ടുകുടകള്‍ മുതല്‍ ആര്‍ട്ടുവര്‍ക്കിന്റെ കുസൃതി നിറഞ്ഞ രൂപങ്ങള്‍ വരെ ആനപ്പുറത്തുവരും. വടക്കുംനാഥന്റെ തെക്കേ ഗോപുര നട തുറക്കുന്നത്‌ തൃശ്ശൂര്‍ പൂരത്തിന്‌ മാത്രം. വൈകിട്ട്‌ ഈ നടയില്‍ നടക്കുന്ന കുടമാറ്റത്തിന്റെ ഭംഗി ലോകജനത കാത്തിരുന്നു കാണും. ജനലക്ഷം അതിമോഹത്തോടെ പരന്ന്‌ പൂരപ്പറമ്പ്‌ നിറയെ നിന്നാസ്വദിക്കുമ്പോള്‍ പ്രോത്സാഹനവുമായി ആര്‍പ്പുവിളി ഉയരും. അന്‍പതോളം സെറ്റ്‌ കുടകള്‍ തിരുവമ്പാടിയും പാറമേക്കാവും ഉയര്‍ത്തി ഹരം കൊള്ളിക്കും.
രാത്രി പൂരത്തിന്‌ പഞ്ചവാദ്യം പെയ്തിറങ്ങും. രാവ്‌ തീരാനുള്ള യാമത്തിലാണ്‌ വെടിക്കെട്ടിന്‌ തിരികൊളുത്തുക. നാട്‌ നടുങ്ങുന്ന ശബ്ദത്തില്‍ പൊട്ടിത്തീരുന്ന വെടിക്കെട്ട്‌ കാണാനായി എത്തിച്ചേരുന്നവര്‍ കുറച്ചൊന്നുമല്ല. പുലര്‍ച്ചെവരെ നീണ്ടുനില്‍ക്കുന്ന കരിമരുന്ന്‌ പ്രയോഗം കഴിഞ്ഞാല്‍ പ്രഭാതത്തില്‍ എട്ടരയോടെ ഇരുവിഭാഗവും പാണ്ടിമേളം കൊട്ടിക്കയറി പൂരത്തിന്റെ കലശത്തില്‍ ലയിച്ചു തീര്‍ക്കും.

തൃശ്ശിവപൂരം നഗരത്തിന്റെ വിളിപ്പാടകലെയുള്ള ക്ഷേത്രങ്ങളും പൂരത്തില്‍ പങ്കാളികളാണ്‌. അയ്യന്തോള്‍, ലാലൂര്‍, പനമുക്കംപിള്ളി, പുക്കാട്ടിക്കര, കാരമുക്ക്‌, ചൂരക്കോട്ടു കാവ്‌, നെയ്തലക്കാവ്‌, കണിമംഗലം തുടങ്ങി നിരവധി ദേവീദേവന്മാര്‍ പൂരത്തിന്‌ പൊലിമയായിവരും. കണിമംഗലം ശാസ്താവാണ്‌ പുലര്‍ച്ചെ തന്നെ വടക്കുംനാഥനെ നമിക്കാനെത്തുക. വെയില്‌, മഞ്ഞ്‌, മഴ ഇവയൊന്നും സഹിക്കാന്‍ വയ്യാത്ത കണിമംഗലം തേവര്‍ നേരത്തെതന്നെ വന്ന്‌ തുടക്കം കുറിച്ച്‌ മടങ്ങും.

പൂരത്തിന്‌ തുടക്കം കുറിച്ച്‌ കൊടി കയറിയശേഷം സാമ്പിള്‍ വെടിക്കെട്ട്‌. അതുപോലും വിലയിരുത്താന്‍ തുടങ്ങും. “കോവിലകത്ത്‌ പൂരം” എന്ന ദിവസമാണ്‌ സാമ്പിള്‍. ശക്തന്‍ തമ്പുരാന്‍ എഴുന്നെള്ളുന്ന കോവിലകത്തേക്ക്‌ പൂരവുമായി ദേവിമാര്‍ പോയിരുന്ന കാലമുണ്ടായിരുന്നു.

നഗരം നിറയെ അന്യനാട്ടുകാരാല്‍ നിറയുമ്പോള്‍ അവരെ സ്വീകരിക്കാന്‍ തദ്ദേശീയര്‍ ഒരു ലോഭവും കാണിക്കില്ല. മതസൗഹാര്‍ദ്ദം നിറഞ്ഞ്‌ വിരിയുന്ന പൂരമാണിവിടെ. ഇതിലും ഗംഭീര പൂരം എവിടേയും കണ്ടേക്കാം. എങ്കിലും തൃശ്ശൂര്‍ പൂരം അത്‌ ഒന്നുവേറെ തന്നെ. തറവാടിത്തം നിറഞ്ഞ ഇതിന്റെ വരവും കാത്തിരിക്കുന്നവര്‍ കുറച്ചൊന്നുമല്ല. റേഡിയോ, ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍ വഴി ഇതിന്റെ ഗാംഭീര്യം ലോകം മുഴുവന്‍ നിറഞ്ഞു കഴിഞ്ഞു.

ശക്തന്‍ തമ്പുരാന്‍ കൊളുത്തിയ ഈ തിരിയെ കെടാതെ സൂക്ഷിക്കാന്‍ എല്ലാ മലയാളിയും ബാധ്യസ്ഥരാണ്‌. ചെവിയാട്ടി നില്‍ക്കുന്ന ആനകളും താളവട്ടത്തിന്റെ മന്ത്രമുരുവിടുന്ന വാദ്യമേളങ്ങളും കരിമരുന്നിന്റെ കനത്തശബ്ദവും വര്‍ണ നിറച്ചാര്‍ത്തിന്റെ കുടമാറ്റവും എല്ലാം എല്ലാം ചേര്‍ന്നതാണ്‌ പൂരം….


*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം