malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സൗമ്യക്കേസും അവസാനിക്കാത്ത ചോദ്യങ്ങളും

ഡോ. ടി എന്‍ സീമ
കേരളത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സൗമ്യവധക്കേസില്‍ തൃശൂരിലെ അതിവേഗക്കോടതി ഗോവിന്ദച്ചാമിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ ലേഖനം അച്ചടിച്ചുവരുമ്പോഴേക്ക് ഗോവിന്ദച്ചാമിക്കുള്ള ശിക്ഷയും കോടതി വിധിച്ചിരിക്കും. കൊലപാതകവും മാനഭംഗവുമടക്കം നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ഗോവിന്ദച്ചാമി ചെയ്തുവെന്ന കോടതിയുടെ കണ്ടെത്തല്‍ കുറ്റവാളിക്ക് കടുത്ത ശിക്ഷതന്നെ കിട്ടുമെന്ന സൂചനയാണ് നല്‍കുന്നത്. ഒരു ക്രൂരമായ കൊലപാതകം ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാറുള്ള ഞെട്ടലും ആഘാതവും സാധാരണഗതിയില്‍ കുറച്ചുദിവസങ്ങള്‍ക്കുശേഷം മറന്നുപോവുകയും അവയുടെസ്ഥാനത്ത് പുതിയ സംഭവങ്ങള്‍ കടന്നുവരികയും ചെയ്യുകയാണ് കാണാറുള്ളതെങ്കില്‍ സൗമ്യയുടെ കൊലപാതകം കഴിഞ്ഞ എട്ടുമാസമായി കേരളസമൂഹത്തില്‍ സജീവചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും വിഷയമായി എന്നത് ശ്രദ്ധേയമാണ്. അതിെന്‍റ കാരണങ്ങള്‍ പലതാണ്. അവയില്‍നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുമുണ്ട്.

എറണാകുളത്ത് ജോലിചെയ്യുന്ന സൗമ്യ വീട്ടിലേക്കു മടങ്ങുന്ന യാത്രയ്ക്കിടയില്‍ രാത്രിയോടെ വിജനമായ ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റില്‍വെച്ചാണ് ആക്രമിക്കപ്പെടുന്നത്. അവിടെനിന്ന് അക്രമി അവളെ പുറത്തേക്ക് തള്ളിയിട്ട് ഇരുളിെന്‍റ മറവില്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തു. സൗമ്യയുടെ യാത്ര ഒരിക്കലും ഒരു സാഹസിക യാത്രയായിരുന്നില്ല. ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴിലിനായി ദിവസവും നടത്തുന്ന പതിവുയാത്രകളിലൊന്ന്. കേരളത്തിലങ്ങോളമിങ്ങോളമോടുന്ന പാസഞ്ചര്‍ ട്രെയിനുകളിലും മറ്റു ട്രെയിനുകളിലും വെളുപ്പിന് അഞ്ചുമണിമുതല്‍ രാത്രി പത്തരമണിവരെയുള്ള സമയത്തിനിടയില്‍ ജോലിക്കായി യാത്രചെയ്യുന്ന ധാരാളം സ്ത്രീകളെ കാണാം. എത്ര ബുദ്ധിമുട്ടിയാലും വേണ്ടില്ല സ്വന്തം വീട്ടിലെ തങ്ങളുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവില്ല എന്നതുകൊണ്ടുമാത്രം യാത്രയുടെ ക്ലേശം പേറുന്നവരാണ് ഇവരില്‍ നല്ലപങ്കും. ഇവരാരും സാഹസികരല്ല, നിവൃത്തികേടുകൊണ്ട് സ്വന്തം ശരീരത്തെയും മനസ്സിനെയും ക്ലേശിപ്പിച്ചും യാത്ര ചെയ്യുന്നവര്‍ . ഈ പതിവുയാത്രകളെ കൊച്ചുവര്‍ത്തമാനങ്ങളും വായനയും ഉറക്കവുമൊക്കെയായി തങ്ങളുടെ സ്വന്തം സമയമാക്കി മാറ്റുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ മനസ്സില്‍ സൗമ്യയുടെ ദാരുണമായ അനുഭവം സൃഷ്ടിച്ച ആഘാതം ചെറുതല്ല. സന്ധ്യയ്ക്കുശേഷം തനിച്ചു യാത്രചെയ്യേണ്ടിവരുന്ന ഓരോ സ്ത്രീയും എപ്പോഴുമൊരു അപകടത്തിെന്‍റ ഉത്കണ്ഠയിലാണ്. തങ്ങളുടെ ദിവസത്തിെന്‍റ നല്ലപങ്കും യാത്രയില്‍ ചെലവഴിക്കുന്ന സ്ത്രീകള്‍ ഓരോ നിമിഷവും അനുഭവിക്കുന്ന ഉത്കണ്ഠയെ തീവ്രമാക്കുകയാണ് സൗമ്യയുടെ അനുഭവം ചെയ്തത്. ട്രെയിന്‍ , റെയില്‍വേസ്റ്റേഷന്‍ , ബസ്സ്, ബസ്റ്റാന്‍ഡ് എന്നിവയൊക്കെ പൊതു സ്ഥലങ്ങളാണ്. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുടെ മേല്‍നോട്ടവും ഉത്തരവാദിത്വവും ഉണ്ടാകേണ്ട ഇടങ്ങളാണ്.

നിരന്തരം തങ്ങള്‍ സഞ്ചരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന ഈ ഇടങ്ങളില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന ബോധം യാത്രചെയ്യുന്ന സ്ത്രീകളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. തങ്ങളോരോരുത്തരും ഒരു സൗമ്യയാണ് എന്ന ഭീതിയില്‍ കേരളത്തില്‍ സ്ത്രീകള്‍ സഞ്ചരിക്കേണ്ടിവരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ സജീവ ചര്‍ച്ചയ്ക്ക് വിഷയമാക്കാന്‍ സൗമ്യയുടെ അനുഭവം പ്രേരണയായി. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രധാന ഉത്തരവാദിത്വമുള്ള റെയില്‍വെയുടെ പ്രതികരണമാണ് കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നത്. സൗമ്യവധത്തെത്തുടര്‍ന്ന് ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കും എന്ന പ്രഖ്യാപനമല്ലാതെ കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ ഇതുസംബന്ധിച്ച് ഒരു നടപടിയും റെയില്‍വെ സ്വീകരിച്ചിട്ടില്ല. സൗമ്യ സഞ്ചരിച്ച എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറും മറ്റു ട്രെയിനുകളും ഇപ്പോഴും സ്ത്രീകള്‍ക്ക് ഒരു സുരക്ഷിതത്വവും നല്‍കാതെ ഇരുളില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. വധത്തിനുശേഷവും ട്രെയിനുകളില്‍ പല സ്ത്രീകള്‍ക്ക് കയ്യേറ്റങ്ങള്‍ നേരിടേണ്ടിവന്നു. റെയില്‍വെസ്റ്റേഷന്‍ പരിസരങ്ങളിലെ ഇരുട്ടിെന്‍റ മറവില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായി. എന്നാല്‍ വനിതാ സംഘടനകളുടെയും എംപിമാരുടെയും നിരന്തര ആവശ്യങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ് റെയില്‍വെ ചെയ്യുന്നത്. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്)നാണ് ട്രെയിനുകളിലെ സുരക്ഷാ ചുമതല. എന്നാല്‍ എണ്‍പതിനായിരത്തോളം ഒഴിവുകളാണ് ആര്‍പിഎഫില്‍ ഇന്നുള്ളത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ആര്‍പിഎഫിനെ മഹിളാവാഹിനി എന്ന പേരില്‍ സജ്ജമാക്കും എന്ന് റെയില്‍വെ പ്രഖ്യാപിച്ചിട്ട് വര്‍ഷം മൂന്നായി. ഇത്ര ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍പോലും റെയില്‍വെ കടുത്ത അവഗണനയാണ് സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ കാണിക്കുന്നത്.

സംസ്ഥാനസര്‍ക്കാരിെന്‍റ ആഭ്യന്തരവകുപ്പില്‍നിന്ന് പൊലീസുകാരെ (ജിആര്‍പിഎഫ്) സംസ്ഥാനത്ത് സഞ്ചരിക്കുന്ന ട്രെയിനുകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നതിനെ ഇല്ലാതാക്കാനാണ് റെയില്‍വെ ഇപ്പോള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ സ്ഥിരം കുറ്റവാളികളെ സംബന്ധിച്ചും അവരുടെ മറ്റ് ബന്ധങ്ങള്‍ സംബന്ധിച്ചും സംസ്ഥാന പൊലീസിനാണ് കൂടുതല്‍ ധാരണയുണ്ടാവുക. അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസ് സേനയെ ആര്‍പിഎഫിനൊപ്പം സംസ്ഥാനത്തെ ട്രെയിനുകളിലും റെയില്‍വെസ്റ്റേഷന്‍ പരിസരത്തും കൂടുതല്‍ വിന്യസിക്കുന്നതിനുള്ള തീരുമാനമാണുണ്ടാകേണ്ടത്. വനിതാ കമ്പാര്‍ട്ടുമെന്‍റുകളില്‍ ആയുധധാരികളായ വനിതാ പൊലീസിനെ നിയോഗിക്കാനുള്ള കഴിഞ്ഞ ഇടതുസര്‍ക്കാരിെന്‍റ തീരുമാനവും നടപ്പാക്കേണ്ടതുണ്ട്. സൗമ്യവധക്കേസില്‍ കേരളത്തിലെ പൊതുസമൂഹം, വിശേഷിച്ച് വനിത-യുവജനസംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് ഈ വിഷയത്തെ സജീവമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. പൊതുസമൂഹത്തിെന്‍റ ആകെ പ്രതികരണം ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ ഉണര്‍ത്തുന്നതില്‍ ബഹുജന സംഘടനകളുടെ പങ്കിനെ അടിവരയിടുന്നതായിരുന്നു ഈ പ്രക്ഷോഭങ്ങള്‍ . സൗമ്യയുടെ കുറ്റവാളിയെ കണ്ടെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ആദ്യം സൗമ്യയെ പരിശോധിച്ച ഡോ. തനൂജയും തെളിവുകള്‍വെച്ച് ഉടനെ കുറ്റവാളിയെ തേടിപ്പിടിച്ച പൊലീസും കാണിച്ച കാര്യക്ഷമത വളരെ ശ്രദ്ധേയമാണ്. ജാഗ്രതയോടെ പ്രതികരിക്കേണ്ടവര്‍ നിഷ്ക്രിയമാകുകയോ നിസംഗരാകുകയോ ചെയ്യുമ്പോള്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സഥിരം അനുഭവങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് സൗമ്യ വധക്കേസില്‍ ഉണ്ടായത്.

നീതിയും ന്യായവും നടപ്പാക്കുന്നതില്‍ ഓരോ ചുവടിലും സൂക്ഷിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് എത്രമാത്രം തിരിച്ചറിവുണ്ടാകണമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സൗമ്യ വധക്കേസിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് നീതിന്യായ സംവിധാനത്തിെന്‍റ കാര്യക്ഷമതയും കൃത്യതയുമാണ്. മറ്റ് പല കേസുകളും മാറ്റിവെച്ചുകൊണ്ട് കഴിഞ്ഞ എട്ടുമാസംകൊണ്ട് ഈ കേസിലെ കുറ്റവാളിയെ നിയമത്തിനുമുന്നില്‍ കീഴ്പ്പെടുത്താനും ഒരു പാവം പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നീതി ഉറപ്പുവരുത്താനും പ്രോസിക്യൂഷനും തൃശൂര്‍ അതിവേഗക്കോടതിയും കാണിച്ച ജാഗ്രത അഭിനന്ദനീയമാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഈ കേസിലുണ്ടായി. നിയമത്തിെന്‍റ സാങ്കേതികതകള്‍ക്കപ്പുറം സ്ത്രീ നീതിയുടെയും സാമൂഹ്യനീതിയുടെയും സന്ദേശമുയര്‍ത്തിപ്പിടിക്കുന്ന നിലപാട് കോടതി സ്വീകരിച്ചുവെന്നത് ഏറ്റവും പ്രധാനമാണ്. ഗോവിന്ദച്ചാമിയെന്ന അതിക്രൂരനായ കുറ്റവാളിസമൂഹത്തിെന്‍റ വിപത്താണെന്ന് അടിവരയിടുന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. കൊലപാതകവും മാനഭംഗവും അതിക്രമവുമുള്‍പ്പടെ പ്രധാനപ്പെട്ട അഞ്ചു വകുപ്പുകള്‍ പ്രതിയുടെമേല്‍ കോടതി ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് വിശേഷിച്ച് സ്ത്രീകള്‍ക്ക് നീതിന്യായ സംവിധാനത്തില്‍ വിശ്വാസവും പ്രതീക്ഷയും ഉറപ്പിക്കുന്നതാണ് കോടതിയുടെ നിലപാട്. എന്നാല്‍ സൗമ്യവധക്കേസിെന്‍റ സങ്കീര്‍ണ്ണത ഗോവിന്ദച്ചാമിയുടെ വിധികൊണ്ടുമാത്രം അവസാനിക്കുമെന്ന് തോന്നുന്നില്ല. ആരാണ് ഗോവിന്ദച്ചാമി? ഈ കുറ്റവാളിയെ രക്ഷിക്കാന്‍ മുംബൈയില്‍നിന്നു വന്ന് വാദിക്കുന്ന അഭിഭാഷകെന്‍റ താല്‍പര്യമെന്താണ്? അയാള്‍ പ്രതിഫലമില്ലാതെ വാദിച്ചുവെന്നാണ് കേട്ടത്. ആര്‍ക്കുവേണ്ടിയാണ് അത് ചെയ്തതത്? ശക്തമായ ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറന്‍സിക് വകുപ്പിനെത്തന്നെ കുഴപ്പത്തിലാക്കിക്കൊണ്ട് റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്താന്‍ ശ്രമം നടത്തിയ ഡോ. ഉന്മേഷിെന്‍റ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്? എങ്ങനെ അയാള്‍ പ്രതിഭാഗം സാക്ഷിയായി? നിരവധി മറുപടികിട്ടാത്ത ചോദ്യങ്ങള്‍ ഈ കേസിെന്‍റ വിധി പ്രഖ്യാപിക്കുമ്പോഴും അവശേഷിക്കുമെന്നത് ഒരു ആശങ്കയാണ്. കാരണം ഗോവിന്ദച്ചാമിമാര്‍ ധാരാളമായി സമൂഹത്തില്‍ വിഹരിക്കുന്നുണ്ട്.

ട്രെയിനുകളും ബസ്സ്റ്റാന്‍റും ഒക്കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരവധി കണ്ണികളുള്ള അധോലോക സംഘത്തിെന്‍റ ഭാഗമാണ് പല കുറ്റവാളികളും.ഒരു കുറ്റവാളിയെ ശിക്ഷിച്ചതുകൊണ്ടുമാത്രം അവസാനിക്കുന്ന പ്രശ്നമായി ഇതിനെ കാണാനാവില്ല. ഗോവിന്ദച്ചാമിയെന്ന കുറ്റവാളിയെ സംബന്ധിച്ചും കോടതിയില്‍ അയാള്‍ക്കുവേണ്ടി നടന്ന ഇടപെടലുകള്‍ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഏതു പ്രതിക്കും കോടതിയില്‍ നിയമപരിരക്ഷയ്ക്കുവേണ്ടി വാദിക്കാനുള്ള അവകാശമുണ്ട് എന്നത് ഇന്ത്യന്‍ നിയമ സംവിധാനത്തിെന്‍റ സവിശേഷതയായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകെന്‍റ റോളിനെ അത്തരത്തില്‍ ന്യായീകരിക്കുന്നതിനുമുമ്പ് അദ്ദേഹം നിരന്തരം ഇടപെടുന്ന കേസുകളുടെ സ്വഭാവത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. കൊടും ക്രൂരതകള്‍ ചെയ്ത കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോള്‍ തോന്നുന്ന ആശ്വാസം എന്നാല്‍ അധികം താമസിയാതെ ആശങ്കയ്ക്കു വഴിമാറുന്ന അനുഭവമാണ് നിലനില്‍ക്കുന്നത്. കാരണം, കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന പല അതിക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്ഥിരം കുറ്റവാളികളാണ്.

കൊലപാതകത്തിനും ബലാത്സംഗത്തിനും പെണ്‍വാണിഭത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ ജാമ്യത്തിലിറങ്ങി അടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഒരു പതിവുകാഴ്ചയാണ്. മാവേലിക്കരയില്‍ ഓലകെട്ടിയമ്പലത്തെ സ്മിതയെന്ന ചെറുപ്പക്കാരിയെ സന്ധ്യാസമയത്ത് അതിക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളി 22 വയസിനകം നാലു സ്ത്രീപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയവനാണ്. തടവുകാര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ നിയമത്തിെന്‍റ സാങ്കേതികത മാത്രം അടിസ്ഥാനമാക്കിയാല്‍ പോര എന്നും കുറ്റവാളിയുടെ ക്രിമിനല്‍ പശ്ചാത്തലവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും കൂടി പരിഗണിക്കേണ്ടതുണ്ട് എന്നും അടിവരയിടുന്നതാണ് പല സംഭവങ്ങളും. ഇങ്ങനെ ജാമ്യത്തിലിറങ്ങുന്നവര്‍ പ്രാദേശികമായി പൊലീസിെന്‍റ നിരന്തര നിരീക്ഷണത്തിലായിരിക്കണമെന്ന് പറയുമ്പോഴും പലപ്പോഴും ജാമ്യത്തിലിറങ്ങി അടുത്ത ഇരകള്‍ക്കായി വലവീശി നടക്കുന്ന കുറ്റവാളികള്‍ ഒരാളുടെയും നിരീക്ഷണവലയത്തിലല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളംപോലെ ഉയര്‍ന്ന സാമൂഹ്യബോധമുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകള്‍ തനിച്ച് സഞ്ചരിക്കാന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി കഴിയുന്നതെന്നത് ഗുരുതരമായ സാമൂഹ്യ പ്രശ്നമാണ്. ആ പ്രശ്നത്തിന് പൂര്‍ണ പരിഹാരം കാണാന്‍ കോടതിക്കാവില്ല. നീതിന്യായ സംവിധാനവും പൊലീസ് സംരക്ഷണവും ഭരണഘടന നല്‍കുന്ന ഉറപ്പാണ്. എന്നാല്‍ സ്ത്രീകളോടുള്ള അതിക്രമം സമൂഹത്തിെന്‍റ തകര്‍ന്ന മാനസികാവസ്ഥയെയാണ് കാണിക്കുന്നത്. ഈ രോഗത്തെയാണ് ചികിത്സിക്കേണ്ടത്. ക്രൂരന്മാരായ കുറ്റവാളികളടെ ആക്രമണത്തില്‍ തകര്‍ന്ന സൗമ്യയും സ്മിതയും നൂറുകണക്കിന് സ്ത്രീകളും സമൂഹത്തോട് അലമുറയിട്ടു പറയുന്നതിതാണ്. അത് എത്രനാള്‍ കേരള സമൂഹം കേട്ടില്ലെന്ന് നടിക്കും?

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം