malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

ചിലിയന്‍ വിന്റര്‍

സുനി
"വിദ്യാഭ്യാസം എന്തിനുള്ളതാണ്? പണമുണ്ടാക്കുന്നതിനോ? കച്ചവടത്തിനോ? ഇതു രണ്ടിനുമല്ലാതെ സമൂഹത്തിന്റെ സര്‍വതോമുഖമായ നന്മ ഉദ്ദേശിച്ചുകൊണ്ട് വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്..." പറയുന്നത് തോക്കും പൈപ്പും സ്കി മാസ്ക്കുമില്ലാത്ത സുന്ദരിയായ വിപ്ലവകാരി കാമില വലേജോ ഡൗളിങ്. കാമിലയെ ലോകം അറിഞ്ഞുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 20 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനുശേഷം കോടീശ്വരനായ സെബാസ്റ്റ്യന്‍ പിനോറെ അധികാരത്തിലേറിയതിനുപിന്നാലെ നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരായ സമരനായികയാണ് കേവലം 23 വയസ്സുകാരിയായ ഭൂമിശാസ്ത്ര വിദ്യാര്‍ഥിനി കാമില. കഴിഞ്ഞ വര്‍ഷമാണ് ഈ പെണ്‍കുട്ടി ചിലി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആകുന്നത്. സര്‍വകലാശാലയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ഈ സ്ഥാനത്തുവന്ന രണ്ടാമത്തെ വനിതയാണ് ഇവര്‍ . വിദ്യാഭ്യാസരംഗത്തെ സമൂല പരിവര്‍ത്തനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭമാണ് ഇവര്‍ നടത്തിവരുന്നത്.

വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്യാതെ നടപ്പാക്കിയ വിദ്യാഭ്യാസ ബില്‍ പിന്‍വലിക്കണമെന്നതാണ് ഇവരുടെ ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുക, വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുക, ദരിദ്രരും സമ്പന്നരുമെന്ന പ്രവണത വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ . "ചിലിയന്‍ വിന്റര്‍" എന്നറിയപ്പെട്ട ഈ പ്രക്ഷോഭത്തെ പൊലീസ് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇത് ഈ യുവ പോരാളിക്കുമുന്നില്‍ വിലപ്പോയില്ല. പിനോറെ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കി. കാമിലക്ക് സുപ്രീംകോടതി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. "യുവാക്കളാണ് പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടത്. കാരണം അവര്‍ക്ക് കുടുംബപരമായ കെട്ടുപാടുകളില്ല. നമ്മള്‍ ആദ്യത്തെ ചുവടുവച്ചു. പക്ഷേ ഏറെനാള്‍ നാം ഒറ്റക്കുപോകുകയില്ല. മുന്‍തലമുറ നമ്മോടൊപ്പം ചേര്‍ന്നുതുടങ്ങിയിരിക്കുന്നു. "- കാമില പറയുന്നു. "അതിക്രമവും സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കലും പൊലീസിനെ ആക്രമിക്കലും ഒന്നും ഞങ്ങളുടെ നയവുമല്ല." പൊലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ എറിഞ്ഞ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ച് സമാധാനത്തിന്റെ ചിഹ്നം ഉണ്ടാക്കുകയാണ് ഈ വിപ്ലവകാരികള്‍ . താമസിയാതെ ട്രേഡ് യൂണിയനുകളും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ രണ്ട് ദിവസം ചിലി പൂര്‍ണമായും സ്തംഭിച്ചു. കാമിലയും മറ്റുനേതാക്കളുമായും പിനോറെ നേരിട്ട് ചര്‍ച്ചനടത്തി. 20,000 കോടി രൂപ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി അനുവദിച്ചു. വിദ്യാഭ്യാസ വായ്പകളുടെ പലിശയും കുറച്ചു. എന്നാല്‍ ഭരണഘടനാ പരിഷ്കാരത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് കാമിലയും കൂട്ടരും.

"നിങ്ങള്‍ അര്‍ജന്റീനയിലും ബ്രസീലിലും ചിലിയിലും എന്താണ് നടക്കുന്നതെന്നതിനെപ്പറ്റി സംസാരിക്കേണ്ടിയിരിക്കുന്നു. അവിടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയാണ് യുവജനങ്ങളെ ഒരു അതിശക്തമായ മുന്നേറ്റത്തിലേക്ക് നയിക്കുന്നത്"- ബൊളീവിയയിലെ യുവനേതാക്കളുടെ ഒരു കൂട്ടായ്മയെ അഭിസംബോധന ചെയ്യവേ ബൊളീവിയന്‍ വൈസ് പ്രസിഡന്റ് അല്‍വാരോ ഗാര്‍സിയ ലിനേറ വിദ്യാര്‍ഥികളോട് പറഞ്ഞു. ഇതേപ്പറ്റി പരാമര്‍ശിക്കവേ വലേജോയുടെ മറുപടി ഇപ്രകാരമായിരുന്നു: "സൗന്ദര്യം ഒരു ചൂണ്ടയാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. അതൊരു പ്രശംസയായിരിക്കാം.. എന്റെ ബാഹ്യരൂപത്തിലാകൃഷ്ടരായി ആളുകള്‍ വരുന്നു. അപ്പോള്‍ ഞാന്‍ എന്റെ മനസ്സിലുള്ളത് അവരോട് വിശദീകരിക്കുന്നു. ചരിത്രപരമായ ഇത്തരം മുന്നേറ്റങ്ങളെ ഇങ്ങനെ ഉപരിപ്ലവമായി ചിത്രീകരിച്ച് ചെറുതാക്കാന്‍ കഴിയില്ല." ചിലിയുടെ ഇടതുപക്ഷത്തിന് ഒരു പുതിയ നേതാവിനെയാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രസംഗകയായ കാമിലക്ക് ബ്രസീലില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തെ അഭിസംബോധനചെയ്യാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച ഈ പെണ്‍കുട്ടി പിനോഷേയുടെ സ്വേഛാധിപത്യത്തിനെതിരായ സമരങ്ങളില്‍ അണിനിരന്ന ചിലിയന്‍ കമ്യൂണിസ്റ്റ് ദമ്പതികളായ റെയ്നോള്‍ഡോ വലേജോയുടെയും മരിയേല ഡൗളിങ്ങിന്റെയും മകളാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം