malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

പുതുലോകത്തിന്റെ പെണ്‍കരുത്ത്

വന്ദന കൃഷ്ണ
ഇന്റര്‍നെറ്റിന്റെ ലോകത്ത് വിഹരിക്കുന്നവരില്‍ ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അംഗമാകാത്തവര്‍ ചുരുക്കമായിരിക്കും. ഫേസ്ബുക്കിലൂടെ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവരും പുതുതായി ലഭിച്ച സൗഹൃദവലയങ്ങളിലൂടെ പുതിയൊരു ലോകം തീര്‍ക്കുന്നവരും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല അടുത്തകാലത്ത് വിദേശരാജ്യങ്ങളില്‍ നടന്ന പലവിപ്ലവങ്ങള്‍ക്കും ഭരണമാറ്റങ്ങള്‍ക്കുംവരെ ഫേസ്ബുക്ക് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടുണീഷ്യയിലേയും ഈജിപ്തിലേയും വിപ്ലവങ്ങള്‍ക്ക് കരുത്തുപകര്‍ന്നതില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിനുള്ള സ്വാധീനം ലോകം തിരിച്ചറിഞ്ഞതാണ്. എന്താണ് ഫേസ്ബുക്ക് എന്ന ചോദ്യത്തിന് ആദ്യമുയരുന്ന പേര് മാര്‍ക്ക് സൂക്കര്‍ബര്‍ഗ് എന്ന അമേരിക്കന്‍ യുവാവിന്റേതായിരിക്കും. അദ്ദേഹമാണ് ഈ നെറ്റ്വര്‍ക്കിന്റെ ജനയിതാവ്. എന്നാല്‍ സൂക്കര്‍ബര്‍ഗ് മാത്രമല്ല അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അനേകം പേരുടെ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ മുന്‍നിരയിലാണ് സൂക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗ് എന്ന ഇരുപത്തിയൊമ്പതുകാരി. ഫേസ്ബുക്ക് സ്ഥാപിതമായതു മുതല്‍ അതിന്റെ വിജയത്തിന്റെ ഓരോ നാള്‍ വഴികളിലും റാന്‍ഡി എന്ന പെണ്‍കരുത്ത് സഹോദരനൊപ്പമുണ്ട്. പരമ്പരാഗതമായ മാധ്യമ- സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിനെ തകര്‍ത്തെറിയുകയായിരുന്നു അവര്‍ ഫേസ്ബുക്കിലൂടെ ലോകത്തിന് കാട്ടിത്തന്നത്. "ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗ് സ്വന്തമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങാന്‍ ഒരുങ്ങുന്നു"- കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ലോകം വായിച്ച ഒരു വാര്‍ത്തയാണിത്. ഫേസ്ബുക്കിനെ സ്നേഹിക്കുന്നവര്‍ക്ക് ആശ്ചര്യമുണ്ടാക്കുന്ന ഒന്നായിരുന്നു ഇത്. ആരംഭകാലം മുതല്‍ അതിന്റെ അടിവേരായി പ്രവര്‍ത്തിച്ച റാന്‍ഡി ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു. ഫേസ്ബുക്കിന്റെ മാര്‍ക്കറ്റിങ് ഡയറക്ടറായിരുന്ന അവര്‍ ആറുവര്‍ഷത്തെ സേവനത്തിനുശേഷമാണ് വിടപറയുന്നത്. ഫേസ്ബുക്കിന്റെ വളര്‍ച്ചയുടെ പടവുകളില്‍ അതിന്റെ ഓരോ മേഖലയിലും റാന്‍ഡിയുടെ കൈയൊപ്പുണ്ടായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് മേഖലയില്‍ ഫേസ്ബുക്ക് ലൈവ് എന്ന തത്സമയ പരിപാടിക്ക് റാന്‍ഡി സൂക്കര്‍ബര്‍ഗാണ് ചുക്കാന്‍ പിടിച്ചിരുന്നത്. ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് അടര്‍ന്നുമാറി പുതിയൊരു സംരംഭത്തിന്റെ പണിപ്പുരയിലാണ് അവര്‍ . അതും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടതുതന്നെ. ആര്‍ ടു ഇസഡ് എന്ന സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിങ് കമ്പനിയാണ് അവര്‍ സ്ഥാപിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെ തത്സമയവാര്‍ത്തകള്‍ നല്‍കുന്ന സംവിധാനം ഇവര്‍ വികസിപ്പിച്ചെടുത്തിരുന്നു. വളരെയധികം പ്രശംസനേടിയ ഒരു പരിപാടിയായി ഇത് മാറി. തത്സമയ വാര്‍ത്തകള്‍ നല്‍കുന്നതില്‍ താന്‍ രൂപകല്‍പ്പനചെയ്ത സംവിധാനത്തിലൂടെ മാധ്യമങ്ങളെ സഹായിക്കുകയാണ് ഇവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. "ഇതാണ് പിരിഞ്ഞുപോകാനുള്ള യഥാര്‍ഥ സമയം. ഇത്രയും കാലം ഫേസ്ബുക്കിനുവേണ്ടി എന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. ഇനി സ്വന്തമായി ഒരു സ്ഥാപനം- അതാണ് ലക്ഷ്യം. ഫേസ്ബുക്കിന്റെ ജീവനാഡിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഈ കമ്പനിയില്‍ ആറുവര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. ഫേസ്ബുക്ക് വിട്ടുപോയാലും അതിന്റെ വക്താവായി തുടരും" ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നതിനു മുമ്പ്റാന്‍ഡി സൂക്കര്‍ബര്‍ഗ് പറഞ്ഞ വാക്കുകളാണിത്. ഗൂഗിള്‍പോലുള്ള വമ്പന്മാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുമായി വന്‍ പ്രചാരണവുമായി എത്തിയെങ്കിലും ഫേസ്ബുക്കിനെ വെല്ലാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ച ഗൂഗിള്‍ പ്ലസ് തുടക്കത്തില്‍ നെറ്റിസണ്‍സിനെ ആകര്‍ഷിച്ചെങ്കിലും ഫേസ്ബുക്കിന് ഭീഷണിയുയര്‍ത്താന്‍ കഴിയില്ലെന്നാണ് സൈബര്‍ ലോകത്തെ അണിയറ വര്‍ത്തമാനം. ഇനി അറിയേണ്ടത് സഹോദരിക്ക് മുന്നില്‍ സഹോദരന്‍ മുട്ടുമടക്കുമോ എന്നാണ്. സൈബര്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം