malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

മഹാനിഘണ്ടുവിന്റെ ദുര്‍ഗതി

വി ദത്തന്‍
ഇന്ത്യന്‍ ഭാഷകളില്‍ നടക്കുന്ന നിഘണ്ടുനിര്‍മാണ സംരംഭങ്ങളില്‍ ഏറ്റവും വലുതും ഗഹനവുമായ ഒന്നാണ് മലയാള മഹാനിഘണ്ടു (മലയാളം ലക്‌സിക്കണ്‍). ഭാഷാശാസ്ത്രപരവും ചരിത്രപരവുമായ തത്ത്വങ്ങളെ ആധാരമാക്കി നിര്‍മിക്കുന്ന മലയാള മഹാനിഘണ്ടു, ഗുണ്ടര്‍ട്ട് നിഘണ്ടുവിനും ശബ്ദതാരാവലിക്കും ശേഷം, അവയുടെ കര്‍ത്താക്കള്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഷാ സാമഗ്രികള്‍ വിശകലനം ചെയ്ത് അതിവിപുലമായ ക്യാന്‍വാസില്‍ അര്‍ഥവിവരണം നിര്‍വഹിക്കുന്ന ഒരു സമ്പൂര്‍ണ നിഘണ്ടുവാണ്. ഇതുവരെയുള്ള മലയാള നിഘണ്ടുക്കളില്‍ കടന്നുകൂടിയിട്ടുള്ള പിശകുകള്‍ കണ്ടുപിടിക്കാനുള്ള പ്രവര്‍ത്തന പദ്ധതിയും ലക്‌സിക്കന്റെ മാത്രം പ്രത്യേകതയാണ്.
തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ 1953 ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ആരംഭിച്ചതാണ് മലയാളം ലക്‌സിക്കണ്‍ പ്രോജക്ട്. 1957 ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാലയായി മാറിയപ്പോള്‍ ആ പ്രോജക്ട് 'മലയാളം ലക്‌സിക്കണ്‍' വകുപ്പായി രൂപംപ്രാപിച്ചു.

പദങ്ങളെ രൂപപരമായും അര്‍ഥപരമായും വിശകലനം ചെയ്യുക, അതിന്റെ വ്യുല്‍പ്പത്തിയും ചരിത്രവും രേഖപ്പെടുത്തുക, പഴഞ്ചൊല്ലുകള്‍, ശൈലികള്‍, പ്രയോഗങ്ങള്‍ എന്നിവയിലടങ്ങുന്ന അര്‍ഥങ്ങള്‍ വിശകലനം ചെയ്യുക, ദ്രാവിഡ പദങ്ങള്‍ക്ക് അതേ ഗോത്രഭാഷകളിലെ സമാനരൂപം കണ്ടെത്തിക്കൊടുക്കുക, പരകീയ പദങ്ങള്‍ക്ക് വ്യുല്‍പ്പത്തിയും മൂലരൂപവും നിര്‍ണയിക്കുക. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശാസ്ത്രീയനാമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുക, തൊഴിലുമായി ബന്ധപ്പെട്ട പദങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, പാരമ്പര്യ ശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള പദങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക വിവരണം നല്‍കുക, സര്‍വോപരി മലയാള ഭാഷയുടെ സമഗ്രമായ വ്യാകരണ വിശകലനവും വ്യാഖ്യാനവും നിര്‍വഹിക്കുക തുടങ്ങിയ അതിവിപുലമായ പ്രവര്‍ത്തനങ്ങളാണ് ലക്‌സിക്കണ്‍ വകുപ്പില്‍ ചെയ്യാനുള്ളത്. എ ആര്‍ രാജരാജവര്‍മ്മയുടെ കേരളപാണിനീയത്തിനുശേഷം നിശ്ചലവും നിര്‍ജീവവുമായിപ്പോയ വ്യാകരണ പഠനത്തിന് നവജീവന്‍ പകരാന്‍ മലയാളം ലക്‌സിക്കണ്‍ ഉപകരിക്കും എന്നതാണ് മറ്റൊരു പ്രയോജനം.
ലക്‌സിക്കണ്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, പിന്തുടരാനോ അനുകരിക്കാനോ പറ്റിയ ഒരു പൂര്‍വമാതൃകയും ഉണ്ടായിരുന്നില്ല. പുതിയ ഒരു മാതൃകയും വഴിയും സ്വയം സൃഷ്ടിക്കേണ്ടിയിരുന്നു. മലയാളം ലക്‌സിക്കണ്‍ വകുപ്പിന്റെ ആദ്യത്തെ അധ്യക്ഷന്‍ (ലക്‌സിക്കണ്‍ എഡിറ്റര്‍) ആയിരുന്ന ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ളയുടെയും അര്‍പ്പിത മനസ്‌ക്കരായ ഒരു പറ്റം പണ്ഡിതന്മാരുടെയും ശ്രമഫലമായിട്ടാണ് മലയാള മഹാനിഘണ്ടുവിന് ശക്തവും കുറ്റമറ്റതുമായ അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞത്. ലക്‌സിക്കന്റെ ആദ്യത്തെ രണ്ടുവാല്യങ്ങള്‍ അദ്ദേഹം എഡിറ്ററായിരുന്ന കാലത്തുതന്നെ പ്രസിദ്ധീകൃതമായി. അദ്ദേഹം വിരമിച്ച ശേഷം അതേ രീതിയില്‍ പിന്നീട് അഞ്ചുവാല്യങ്ങള്‍കൂടി പുറത്തിറങ്ങി. ഏകദേശം അഞ്ചുവര്‍ഷത്തിനിടയില്‍ ഒന്ന് എന്ന തോതില്‍ പ്രസിദ്ധീകരിച്ചുവന്ന പതിവ് 1997 ല്‍ അവസാനിച്ചു. കേരള സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ നിന്നും ഡപ്യൂട്ടേഷനില്‍ പുതിയ എഡിറ്റര്‍ ചുമതലയേറ്റശേഷം 13 വര്‍ഷം കഴിഞ്ഞാണ് ഒരു വാല്യം പ്രസിദ്ധീകരിച്ചത്.

ആ വാല്യം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതുതന്നെ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററും ഉള്‍പ്പെടെ ജോലി അറിയാവുന്ന ജീവനക്കാര്‍ രാപ്പകലില്ലാതെ പരിശ്രമിച്ചതുകൊണ്ടാണ്. ആണ്ടില്‍ ഒരു കോടിയോളം രൂപ പ്രവര്‍ത്തനഫണ്ടുള്ള ഒരു വകുപ്പ് കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് നാശോന്മുഖമാകുന്ന കാഴ്ചയാണ് കഴിഞ്ഞ 15 വര്‍ഷത്തെ ലക്‌സിക്കണ്‍ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വ്യക്തമാകുന്നത്.

പ്രവര്‍ത്തന മാന്ദ്യവും കെടുകാര്യസ്ഥതയും മൂര്‍ച്ഛിച്ചപ്പോള്‍ 2000 ഏപ്രിലില്‍ ലക്‌സിക്കണ്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുപഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സര്‍വകലാശാല ഒരു കമ്മറ്റിയെ നിയോഗിച്ചു. പ്രഫ. എസ് ഗുപ്തന്‍നായര്‍ അധ്യക്ഷനും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ. എന്‍ ആര്‍ ഗോപിനാഥപിള്ള, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള വിദഗ്ധ സമിതി വിപുലമായ പഠനങ്ങളും തെളിവെടുപ്പും നടത്തി. വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മഹാനിഘണ്ടുവിന്റെ പ്രസിദ്ധീകരണം ത്വരിതപ്പെടുത്തുന്നതിനും ഉതകുന്ന ശുപാര്‍ശകളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് 2000 സെപ്തംബറില്‍ തന്നെ സമര്‍പ്പിച്ചു.

എന്നാല്‍ എവിടെയാണ് വീഴ്ചയെന്നു മനസ്സിലാക്കി പരിഹരിക്കുന്നതിനുള്ള എന്തെങ്കിലും നടപടി കൈക്കൊള്ളാന്‍ മാറി മാറി വന്ന വൈസ്ചാന്‍സലര്‍മാരോ, സിന്‍ഡിക്കേറ്റോ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഡെപ്യൂട്ടേഷന്‍ എഡിറ്റര്‍ വിരമിക്കുന്ന തീയതി മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ഒരു പിന്‍ഗാമിയെ നിയമിക്കാനുള്ള നടപടികളൊന്നും സര്‍വകലാശാല കൈകൊണ്ടില്ല. അദ്ദേഹം വിരമിച്ച ശേഷം മറ്റൊരു വകുപ്പിലെ അധ്യാപകന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. അസിസ്റ്റന്റ് എഡിറ്റര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നിലവിലുള്ള ഒരു സബ് എഡിറ്ററാകട്ടെ അടുത്തുതന്നെ റിട്ടയര്‍ചെയ്യും. പ്രസ്തുത തസ്തികകളിലേയ്ക്കും പെന്‍ഷന്‍പറ്റിയവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണു നീക്കം.

സര്‍വകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യത്തെതന്നെ വിസ്മരിച്ചവര്‍ യൂണിവേഴ്‌സിറ്റി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കരാര്‍ നിയമനത്തിനൊരുങ്ങുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ലക്‌സിക്കണ്‍ വകുപ്പിലെന്നല്ല, സര്‍വകലാശാലയിലെ ഒരു വകുപ്പിലും കരാര്‍ അടിസ്ഥാനത്തില്‍ അധ്യക്ഷനെ (ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡ്) നിയമിക്കുവാന്‍ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ, പെന്‍ഷന്‍ പറ്റിയവരെ മലയാളം ലക്‌സിക്കണ്‍ വകുപ്പധ്യക്ഷനായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള തീരുമാനം സര്‍വകലാശാല നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.

സര്‍ക്കാരിന്റെ മലയാള ഭാഷാപ്രേമം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ ഭാഷയ്ക്കുവേണ്ടി രൂപംകൊടുത്ത മലയാളം ലക്‌സിക്കണ്‍ എന്ന മഹാസംരംഭത്തെ നശിപ്പിക്കാനുള്ള സര്‍വകലാശാല അധികൃതരുടെ നീക്കം തടയുകയാണ് ആദ്യം ചെയ്യേണ്ടത്.

(കേരള സര്‍വകലാശാലയിലെ മുന്‍ സെനറ്റംഗമാണ് ലേഖകന്‍)

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം