malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

അറബ് വസന്തത്തിന്റെ ഉണര്‍ ത്തു പാട്ടുകാരികള്‍

വി കെ ഷറഫുദ്ദീന്‍
""പെണ്‍കുഞ്ഞുങ്ങള്‍ ഉള്ളവര്‍, അവളെ ജീവനോടെ കുഴിച്ചുമൂടാത്തവര്‍, അവളെ ശകാരിക്കാത്തവര്‍, അവളോട് വിവേചനം കാണിക്കാത്തവര്‍ - അവരെ ദൈവം സ്വര്‍ഗത്തിലേക്ക് ആനയിക്കട്ടെ"" - മുഹമ്മദ് നബി (സ.അ.)

അറബ് വസന്തത്തിന്റെ തുയിലുണര്‍ത്തുപാട്ടുകാര്‍ വനിതകളാണെന്നത് ചരിത്രത്തിലെ മറ്റൊരു വിസ്മയ കാഴ്ച. പുരുഷാധിപത്യവും യാഥാസ്ഥിതിക മത പരികല്‍പനകളും സൃഷ്ടിച്ച മതില്‍ക്കെട്ട് തകര്‍ത്ത് ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും, സിറിയയിലും, യമനിലും, ജോര്‍ദാനിലും, മൊറോക്കോയിലും സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ പുതിയ നൂറ്റാണ്ടില്‍ വിപ്ലവങ്ങളുടെ ശംഖനാദം ഉയര്‍ന്നു. അടുക്കളയും പ്രസവമുറിയും വിട്ടിറങ്ങിയ അറബ് വനിതകള്‍ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുയര്‍ത്തിയ മുറവിളി, ജനാധിപത്യത്തിനായുള്ള ബഹുജനപ്രക്ഷോഭങ്ങളുമായി അണിചേര്‍ന്നു. കുലപതികളുടെ പതനവുമായി. എന്നാല്‍ മതത്തിന്റെ തലപ്പാവും കിരീടവും അണിഞ്ഞ രാജാക്കന്മാര്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് സജീവ പങ്കാളിത്തമുള്ള ജനമുന്നേറ്റങ്ങളെ നിഷ്ഠുരം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിലും, ബഹറൈനിലും, ഒമാനിലും ഭരണകൂടം നടത്തുന്ന നൃശംസതകളെ മനുഷ്യാവകാശവും വനിതാ മുന്നേറ്റവും ഉദ്ഘോഷിക്കുന്ന അമേരിക്കയും പാശ്ചാത്യലോകവും കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, ആയുധങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. കര്‍ശനമായ മതചട്ടങ്ങള്‍ പരിപാലിക്കപ്പെടുന്ന സൗദി അറേബ്യയില്‍ ഭരണകൂടത്തിന്റെയും മത - സദാചാര പൊലീസിന്റേയും ഭീഷണികളും ശിക്ഷകളും തൃണവത്ഗണിച്ച് കാറോടിക്കുന്നതുപോലും വ്യവസ്ഥിതിയോടുള്ള കലഹവും പ്രതിഷേധവും ഒരു കൊച്ചു വിപ്ലവവും ആകുന്നത് ഈ പശ്ചാത്തലത്തിലാണ്.

രഹസ്യമായി പ്രസിദ്ധീകരിക്കുന്ന സാഹിത്യ സൃഷ്ടികളിലൂടെ സൗദി പെണ്‍കൊടികള്‍, മുഖപടത്തിനുള്ളിലെ കണ്ണീരും വേദനയും നൊമ്പരവും അമര്‍ഷവും പുറംലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രബലമായ സൗദി രാജകുടുംബത്തിലെ ഒരംഗമായ സുല്‍ത്താന സാധാരണക്കാര്‍ക്ക് അനഭിഗമ്യമായ കൊട്ടാരത്തിലെ അറകളിലൂടെയും ചുടുനിശ്വാസങ്ങള്‍ തളംകെട്ടിയ ഇടനാഴികളിലൂടെയും വായനക്കാരെ കൂട്ടിക്കൊണ്ടു പോകുകയാണ് "രാജകുമാരി" (ജൃശിരലൈ) എന്ന കൃതിയിലൂടെ. 1902-ല്‍ ഗോത്ര യുദ്ധത്തിലൂടെ അധികാരം പിടിച്ചെടുത്ത സഊദ് കുടുംബത്തിലെ ഇളമുറ തമ്പുരാട്ടി തന്റെ അനിതരസാധാരണമായ ജീവിതകഥ പറയുന്നത് ജീന്‍ സാസണ്‍ എന്ന അമേരിക്കന്‍ വനിതാ സുഹൃത്തിലൂടെയാണ്. സുരക്ഷാ കാരണങ്ങളാല്‍ രാജകുമാരി പേര് വെളിപ്പെടുത്തുന്നില്ല. രാജകുമാരി എന്നര്‍ഥമുള്ള സുല്‍ത്താന എന്ന് തന്നെയാണ് അവര്‍ സ്വയം വിളിക്കുന്നത്.

ഇപ്പോഴത്തെ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നേര്‍ ബന്ധുവാണ് അതിസമ്പന്ന കുടുംബത്തില്‍ പിറന്ന് സകല ഭൗതികസമൃദ്ധികളും അനുഭവിച്ച് ജീവിക്കുന്ന സുല്‍ത്താന. എന്നാല്‍ എല്ലാ ആഡംബരങ്ങള്‍ക്കും ഇടയില്‍, തനിക്ക് ജന്മനാ സിദ്ധിച്ച സ്വാതന്ത്ര്യദാഹവും, സ്ത്രീകളോട് സമൂഹം പുലര്‍ത്തുന്ന വിവേചനത്തോടുള്ള അമര്‍ഷവും സുല്‍ത്താനയെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ യാതനകള്‍ വിധിയോ നിയോഗമോ അല്ലെന്ന തിരിച്ചറിവിലൂടെ, പുരുഷനിര്‍മിത ദുരിതങ്ങള്‍ക്കെതിരെ അടങ്ങാത്ത ഇച്ഛാശക്തിയോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയും വിജയകരമായി കൊച്ചുകൊച്ചു കലാപങ്ങള്‍ നടത്തുന്നതാണ് സുല്‍ത്താനയെ വേറിട്ടൊരു രാജകുമാരിയാക്കുന്നത്. ഒരേ തൂവല്‍പ്പക്ഷികള്‍ ഒരേ മരത്തില്‍ ചേക്കേറണമെന്ന സംഘബോധവും, പ്രത്യയശാസ്ത്രാടിത്തറയില്ലെങ്കിലും, കേവല മാനവികബോധത്തിലൂടെ സുല്‍ത്താന പങ്കുവയ്ക്കുന്നു. പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീകള്‍ ശയനോപകരണം മാത്രമാകുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥയ്ക്ക് നേരെയാണ് സുല്‍ത്താന പോര്‍മുഖം തുറക്കുന്നത്. കടുത്ത മതവീക്ഷണം പുലര്‍ത്തുന്ന "വഹാബിസം" പുരുഷന്‍ അവന്റെ ആയുധമാക്കുകയും ചെയ്യുന്നു. സ്വന്തം കുടുംബത്തില്‍ തന്നെ തുടങ്ങുന്നു അവഗണന. പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീയുടെ കാര്യം കഷ്ടം തന്നെ. ആണ്‍കുട്ടിയെ "തരാത്ത" ഭാര്യയെ പുരുഷന് മൊഴി ചൊല്ലാം. അല്ലെങ്കില്‍ ആണ്‍കുഞ്ഞുങ്ങളെ കിട്ടുന്നിടത്തോളം ഭാര്യമാരെ കണ്ടെത്തിക്കൊണ്ടിരിക്കാം. സുല്‍ത്താനയുടെ ഉമ്മ പ്രസവിച്ചത് 10 പെണ്‍മക്കളെ. ഒരു ആണ്‍കുട്ടിയേയും. ഓരോ ഗര്‍ഭകാലവും ഉമ്മയ്ക്ക് ഭീതിയുടെ 10 മാസമായിരുന്നു എന്ന് സുല്‍ത്താന ഓര്‍ക്കുന്നു.

പിറന്നു വീഴുന്നത് പെണ്‍കുഞ്ഞായാലോ! പിതാവ് അതിനിടയില്‍ പുരുഷപ്രജയ്ക്കായുള്ള പര്യവേഷണം തുടങ്ങിക്കഴിഞ്ഞിരുന്നു. നാലാം ഭാര്യവീട് നിറയെ ആണ്‍മക്കള്‍ നിറഞ്ഞപ്പോള്‍ യജ്ഞം നിറുത്തി. പിതാവും ഏകസഹോദരനും സ്നേഹത്തിന്റെയോ വാത്സല്യത്തിന്റെയോ ഒരു കണികപോലും തനിക്കും ഉമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കിയിട്ടില്ലെന്ന് സുല്‍ത്താന വേദനയോടെ ഓര്‍ക്കുന്നു. ഉമ്മ 16 പ്രസവിച്ചതില്‍ 11 പേരാണ് അവശേഷിച്ചത്. ആണ്‍തരി പിതാവിന്റെ വഴിയെ. പിതാവിന്റെ സ്നേഹവും പരിഗണനയും അവന് മാത്രം. കുട്ടികളുടെ ശണ്ഠകളിലും കലഹങ്ങളിലും ശിക്ഷ പെണ്‍മക്കള്‍ക്ക്. പിതാവിന്റെ ഏകാധിപത്യവും സ്ത്രീ വിവേചനവും കണ്ടു വളരുന്ന ആണ്‍മക്കള്‍ അതേ പാത പിന്തുടരുന്നു. സഹോദരന്‍ അലിയുടെ പല നടപടികളെയും അന്യായങ്ങളേയും ചോദ്യം ചെയ്ത സുല്‍ത്താനയ്ക്ക് ലഭിച്ച ശിക്ഷ ക്രൂരമായിരുന്നു. എന്നാല്‍ അവന്റെ മദ്യപാനവും അശ്ലീല പാരായണവും ഉള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ മനസ്സിലാക്കിയ സുല്‍ത്താന അവനെ മതപൊലീസിന്റെ വലയില്‍ വിദഗ്ധമായി വീഴ്ത്തുന്നുണ്ട്.

പിതാവും സഹോദരനും ഭാര്യമാര്‍ക്ക് പുറമെ ദരിദ്ര ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ പോയി ലൈംഗികദാഹം തീര്‍ക്കുന്നതും സുല്‍ത്താന മനസ്സിലാക്കുന്നു. ഫൈസല്‍ രാജാവ് പുരോഗമന ചിന്താഗതിക്കാരിയായിരുന്ന ഇഫാത്ത് രാജ്ഞിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതിന്റെ ഗുണഫലം സുല്‍ത്താനയും മൂത്ത സഹോദരി സാറയും അനുഭവിക്കാന്‍ തുടങ്ങിയെങ്കിലും അത് നീണ്ടു നിന്നില്ല. പ്രായപൂര്‍ത്തിയായ ഉടന്‍, 16-ാം വയസ്സില്‍ സാറയെ ഒരു അറുപത്തിരണ്ടുകാരന്റെ മൂന്നാം ഭാര്യയാക്കി. സുന്ദരിയും ബുദ്ധിമതിയുമായ സാറയുടെ ദുരന്തത്തിന് വീട്ടിലെ സ്ത്രീകള്‍ക്ക് മുകസാക്ഷികളാകാനേ കഴിഞ്ഞുള്ളൂ. ആ വിവാഹം ഒഴിവാക്കി തരണമെന്ന സാറയുടെ യാചന പിതാവിന്റെ നിലപാട് കര്‍ക്കശമാക്കുകയാണ് ചെയ്തത്. ദുഃഖവും അമര്‍ഷവും കടിച്ചമര്‍ത്തി സാറ പറഞ്ഞത് ശ്രീ ബുദ്ധന്റെ വാക്കുകള്‍: ""വിജയത്തില്‍ നിന്ന് വെറുപ്പ് പിറവിയെടുക്കുന്നു. കീഴ്പ്പെടുത്തിയവരാണ് അസന്തുഷ്ടര്‍"". വിവാഹനാള്‍ മകള്‍ കരഞ്ഞ് തന്നെ അപമാനിക്കുമെന്ന് ഭയപ്പെട്ട പിതാവ് ആ നിര്‍ണായക ദിവസം അവളെ മയക്കുമരുന്ന് കുത്തിവയ്പ്പിച്ച് തളര്‍ത്തുകയും ചെയ്തു. വൃദ്ധവരന്റെ ലൈംഗികാതിക്രമങ്ങള്‍ അസഹനീയമായ സാറ വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വീണ്ടും മകളെ ഭര്‍ത്തൃസവിധത്തിലേയ്ക്ക് പറഞ്ഞയക്കുവാനുള്ള ഭര്‍ത്താവിന്റെ ശ്രമത്തെ ചെറുത്ത ഉമ്മയ്ക്കും മൊഴിഭീഷണി ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.

സൗദിയില്‍ ഭാര്യക്ക് ഭര്‍ത്താവിനെ മൊഴിചൊല്ലാന്‍ സങ്കീര്‍ണതകള്‍ ഏറെയാണെന്ന് സ്വന്തം സഹോദരിയുടെ അനുഭവം സുല്‍ത്താനയെ പഠിപ്പിച്ചു. ഒടുവില്‍ ഭര്‍ത്താവ് നവവധുവിനെ മൊഴി ചൊല്ലി. പുനര്‍വിവാഹം സൗദിയില്‍ സ്ത്രീകള്‍ക്ക് എളുപ്പമല്ല. ചിലപ്പോള്‍ ഏതെങ്കിലും വൃദ്ധന്റെ മൂന്നാം ഭാര്യയോ നാലാം ഭാര്യയോ ആകാം. സാറയെ തുണച്ചത് അവളുടെ സൗന്ദര്യമാണ്. അത് പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം, സുല്‍ത്താനയുടെയും വിവാഹശേഷം. സുല്‍ത്താനയുടെ ഭര്‍ത്താവിന്റെ അനിയന്‍ സാറയുമായി പ്രഥമദൃഷ്ട്യാ അനുരാഗത്തിലായി. അയാളുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിവാഹം നടന്നു. അയാളുടെ ആദ്യവിവാഹമായിരുന്നു അത്. അത് അപൂര്‍വങ്ങളില്‍ അപൂര്‍വം. കമിതാക്കളെ കല്ലെറിഞ്ഞു കൊല്ലുന്ന സംഭവങ്ങള്‍ സുല്‍ത്താന എടുത്തുപറയുന്നുണ്ട്. പ്രേമിച്ച കുറ്റത്തിന് വീട്ടുതടങ്കല്‍ അനുഭവിച്ച സ്ത്രീകളും, പിതാക്കന്മാരും സഹോദരന്മാരും ജീവനെടുത്ത പെണ്‍കുട്ടികളും "രാജകുമാരി"യില്‍ അണിനിരക്കുന്നു. നടുക്കത്തോടെ മാത്രമേ ആ അരുംകൊലകളുടെ വിവരണം വായിക്കാനാകൂ.

തുടിക്കുന്ന ചുണ്ടുകള്‍ ഉമ്മയുടെ ആക്സ്മിക മരണം കഴിഞ്ഞ ഉടന്‍ പിതാവ് പുതിയൊരു ഭാര്യയെ കണ്ടെത്തിയതും, കുടുംബസമേതമുള്ള വിദേശ പര്യടനത്തിനിടയില്‍, ഈജിപ്തില്‍, സഹോദരനും, അയാളുടെ സദാ മതചിന്ത പുലര്‍ത്തുന്ന കൂട്ടുകാരനും കൊച്ചു പെണ്‍കുട്ടികളെ ലൈംഗികദാഹം തീര്‍ക്കാന്‍ ഉപയോഗിക്കുന്നതിനും സാക്ഷിയായതും, സൗദി പുരുഷന്റെ വിശ്വരൂപം മനസ്സിലാക്കുവാന്‍ രാജകുമാരിയെ സഹായിച്ചു. സുല്‍ത്താനയുടെ കളിക്കൂട്ടുകാരിയായിരുന്ന, അവളേക്കാള്‍ ഒരു വയസ്സ് മാത്രം കൂടുതലുള്ള പെണ്‍കുട്ടിയെയാണ് പിതാവ് മണവാട്ടിയാക്കിയത്. എന്നാല്‍ രണ്ടാനമ്മയുമായി ബാല്യകാല സൗഹൃദം തുടര്‍ന്ന സുല്‍ത്താന അവരേയും മറ്റു രണ്ടു കൂട്ടുകാരികളേയും ഉള്‍പ്പെടുത്തി സ്ത്രീവിമോചനത്തിനായി "തുടിക്കുന്ന ചുണ്ടുകള്‍" എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കി. എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാക്കി പുറത്തിറങ്ങിയ നാലുപേരും സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടയില്‍ നാദിയ, വഫ എന്ന കൂട്ടുകാരികള്‍ രണ്ടുപേരും മുതവയെന്ന മത - സദാചാര പൊലീസിന്റെ പിടിയിലായി. രണ്ടുപേരും വ്യവസ്ഥിതിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ചെറുപ്പക്കാരുമായി സല്ലപിക്കാറുണ്ടായിരുന്നു. വിവരം അറിഞ്ഞ് ക്രുദ്ധനായ സുല്‍ത്താനയുടെ പിതാവ് നവവധുവിനെ മൊഴി ചൊല്ലുകയും മകളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. വഫ എന്ന പതിനേഴുകാരിയെ അവളുടെ പിതാവ് അമ്പത്തിമൂന്നുകാരനായ ഒരു ബദുമുതവയുടെ മൂന്നാം ഭാര്യയാക്കി. കുടുംബത്തിന്റെ മാനം കളഞ്ഞ നാദിയയെ പിതാവ് വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊന്നു.

"തുടിക്കുന്ന ചുണ്ടുകള്‍" നിശ്ചലമായി. ഇനി രാജകുമാരി സുമംഗലിയാകുന്നു. രക്ഷപ്പെടാന്‍ പയറ്റിയ തന്ത്രങ്ങളെല്ലാം പിഴച്ചപ്പോള്‍ സുല്‍ത്താനയ്ക്ക് വഴങ്ങേണ്ടി വന്നു. രാജകുടുംബാംഗവും വിദ്യാസമ്പന്നനും കോടീശ്വരനുമായ കരീം ആണ് വരന്‍. താന്‍ വിരൂപയാണെന്ന് പറഞ്ഞു നോക്കിയിട്ടും പ്രതിശുത്ര വരന്റെ ഉമ്മയെ പ്രകോപിപ്പിച്ചിട്ടും ഫലമുണ്ടായില്ല. സ്വന്തം സഹോദരിമാരേക്കാളും ഇതര സൗദി പെണ്‍കൊടിമാരേക്കാളും ഭാഗ്യവതിയായിരുന്നു സുല്‍ത്താനയെന്ന് വേണമെങ്കില്‍ പറയാം. വരന്‍ ചെറുപ്പമാണ്, വിദ്യാഭ്യാസമുള്ളവനാണ്, ആദ്യവിവാഹമാണ്. ഏറ്റവും ആര്‍ഭാടമായി തന്നെ വിവാഹം നടന്നു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സുഖകരവും സന്തോഷകരവുമായ ജീവിതം. താമസിയാതെ അമ്മയായി. സൗദിയില്‍ തലമുറകളായി സ്ത്രീകള്‍ അനുഭവിച്ച് തലമുറകള്‍ക്ക് കൈമാറിയ ഭയം സുല്‍ത്താനയേയും ഗ്രസിച്ചു. കുഞ്ഞ് പെണ്ണായിരിക്കുമോ! എങ്ങും പ്രാര്‍ഥനയാണ്. ദൈവം കനിഞ്ഞു - ആണ്‍കുഞ്ഞ്. സന്തോഷം കൊണ്ട് മതിമറന്ന കരീം ആശുപത്രി ജീവനക്കാര്‍ക്ക് കൈയയച്ച് പൊന്നും പണവും നല്‍കി. തുടര്‍ന്ന് സുല്‍ത്താന ജന്മം നല്‍കിയത് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക്.

അതിനിടയില്‍ സ്തനാര്‍ബുദം. ഒരു സ്തനം നീക്കം ചെയ്യേണ്ടി വന്നു. ഇനി പ്രസവിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൊച്ചുകൊച്ചു കലാപങ്ങള്‍ കരീമിലെ പുരുഷന്‍ എങ്ങനെ അടങ്ങിയിരിക്കും ? അയാള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങി. ജീവിതത്തെക്കുറിച്ചുള്ള തന്റെ പഴയധാരണകള്‍ തന്നെയാണ് ശരിയെന്നു തിരിച്ചറിഞ്ഞ സുല്‍ത്താന, തന്റെ സവിശേഷതയായ കലാപവാസനയും പ്രതികാര ചിന്തയും മിനുക്കിയെടുത്തു. അവസരത്തിനൊത്ത് ഉയര്‍ന്ന് കരുക്കള്‍ നീക്കി. സ്വര്‍ണവും പണവും നിക്ഷേപങ്ങളും കരീം അറിയാതെ കൈക്കലാക്കി. കുട്ടികളേയും കൂട്ടി സ്ഥലം വിട്ടു. ദുബായ്, ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, സൂറിച്ച്, വീണ്ടും പാരീസ്, ലണ്ടന്‍... കുട്ടികളുമായി ഒടുവില്‍ പാരീസില്‍ സ്ഥിരതാമസമാക്കി. സര്‍വ അഹന്തയും നഷ്ടപ്പെട്ട കരീം ഒടുവില്‍ വിവരം അറിഞ്ഞ് ഒത്തുതീര്‍പ്പിന് സന്നദ്ധനായി. പുനര്‍വിവാഹമോഹം ഉപേക്ഷിച്ച അയാള്‍ "കുട്ടികളുടെ ബാപ്പ"യായി സുല്‍ത്താനയോടൊപ്പം ബന്ധം തുടരാന്‍ നിര്‍ബന്ധിതനായി. സന്ധ്യാനമസ്ക്കാരത്തിന് ബാങ്കുവിളി ഉയര്‍ന്നപ്പോള്‍ ഭര്‍ത്താവും മകനും പള്ളിയിലേക്ക് പോകുന്നത് നോക്കി നില്‍ക്കുമ്പോള്‍, 30 വര്‍ഷവും തനിക്ക് കൂട്ടായിരുന്നത് ഏകാന്തതയാണെന്ന് സുല്‍ത്താന തിരിച്ചറിയുന്നു. പിതാവില്‍നിന്ന് പുത്രനിലേയ്ക്ക് കൈമാറി പുരുഷന്‍ നിലനിര്‍ത്തുന്ന തന്‍പ്രമാണിത്തവും അഹന്തയും സ്ത്രീകളോടുള്ള അവജ്ഞയും ഒരു രാഷ്ട്രത്തിന്റെ മുഖമുദ്രകളായി തുടരുന്നു. കാമം ജീവിതവ്യവസ്ഥയാക്കിയ സമൂഹം. തന്റെ ഭര്‍ത്താവിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യമുണ്ടെങ്കിലും രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ദുരവസ്ഥയോര്‍ത്ത് അവര്‍ നെടുവീര്‍പ്പുതിര്‍ക്കുമ്പോള്‍ "രാജകുമാരി" പൂര്‍ണമാകുന്നു. പര്‍ദയ്ക്കുള്ളില്‍ കണ്ണീരും നെടുവീര്‍പ്പും കാണിച്ചു തരുന്നതിനിടയില്‍ സഊദ് വംശത്തിന്റെ ചരിത്രവും രാജ്യത്തിന്റെ സാമൂഹിക ചിത്രവും സുല്‍ത്താന യഥാതഥമായി വിവരിക്കുന്നുണ്ട്.

മരുഭൂമിയിലെ പരസ്പരം പോരടിക്കുന്ന ഗോത്രങ്ങളെ ഒന്നിപ്പിച്ച് ഒരു രാഷ്ട്രം കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി 300-ല്‍ അധികം സ്ത്രീകളെ വിവാഹം ചെയ്ത് 50 ആണ്‍മക്കളുടേയും 80 പെണ്‍കുട്ടികളുടേയും പിതാവായ രാഷ്ട്രപിതാവ് അബ്ദുള്‍അസീസ് രാജാവിന്റെയും പിന്മുറ തമ്പുരാക്കന്മാരുടേയും ചരിത്രം "രാജകുമാരി"യുടെ താളുകളിലൂടെ വായിച്ചെടുക്കാം. യാഥാസ്ഥിതികതയും ഉത്പതിഷ്ണുത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊട്ടാരവിപ്ലവങ്ങളും സുല്‍ത്താന വിവരിക്കുന്നു. പ്രശ്നങ്ങളില്‍ പുരോഗമന വീക്ഷണം പുലര്‍ത്തുകയും ചെയ്യുന്നു. "തുടിക്കുന്ന ചുണ്ടുകള്‍" പിന്നെ വിടര്‍ന്നില്ലെങ്കിലും 90-കളില്‍ റിയാദിലെ രാജവീഥികളില്‍ കാറോടിച്ച് വിപ്ലവം ഉണ്ടാക്കിയ സ്ത്രീകളുമായി ബന്ധപ്പെട്ട് വനിതാകൂട്ടായ്മ ശക്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചത് സുല്‍ത്താന എടുത്തുപറയുന്നുണ്ട്. സൗദിയിലെ രാജക്കാന്മാരുടേയും രാജകുമാരിമാരുടേയും ആഡംബരജീവിതവും കൊട്ടാരത്തിലെ അടിമകളായ വിദേശ ജോലിക്കാരുടെ ദുരിതങ്ങളും ധാര്‍മിക രോഷത്തോടെയാണ് സുല്‍ത്താന വെളിപ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊട്ടാരങ്ങളും സ്വന്തമായി നിരവധി വിമാനങ്ങളും ഉള്ള "പ്രിന്‍സുമാരും പ്രിന്‍സസ്സുമാരും" അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളാണെന്ന് സുല്‍ത്താന പറയുന്നു.

സ്വന്തം വിവാഹവും പ്രസവവും തന്നെ ഉദ്ദാഹരണം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഏറ്റവും നല്ല സാധനങ്ങള്‍ ഒരുക്കി ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷമായിരുന്നു വിവാഹം, പ്രസവം ലണ്ടനിലാക്കാന്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ അവിടത്തെ പ്രഗത്ഭ ഡോക്ടര്‍മാരുടേയും നേഴ്സുമാരുടേയും ഒരു സംഘംതന്നെ റിയാദിലെ ആശുപത്രിയില്‍ മാസങ്ങളോളം തമ്പടിച്ചു. അതൊരു ഫൈവ്സ്റ്റാര്‍ ആശുപത്രിയാക്കി. സമ്പത്തിന്റെ അതിപ്രസരമാണ് സമൂഹത്തില്‍ ആരോഗ്യകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിഘാതമെന്ന് സുല്‍ത്താന നിഗമനത്തിലെത്തുന്നുണ്ട്. ഈജിപ്തിലെ ദാരിദ്ര്യവും പട്ടിണിയും നേരില്‍ കണ്ടപ്പോഴാണ് അതവര്‍ ചിന്തിക്കുന്നത്. ദാരിദ്ര്യം വിപ്ലവത്തിന്റെ പന്തങ്ങളെ ജ്വല്ലിപ്പിക്കുമെന്നും വിപ്ലവം സമൂഹത്തെ സചേതനമാക്കുമെന്നും സുല്‍ത്താന പറയുന്നു. വിപ്ലവവും പരിവര്‍ത്തനവും ഇല്ലെങ്കില്‍ സമൂഹം നിശ്ചേതനമാകും. ഭൗതിക സൗകര്യങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞ നാട്. പക്ഷേ സമൂഹത്തിന് ഇപ്പോഴും ഇരുണ്ട കാലത്തിന്റെ മനസ്സ്. അറിവും പരിവര്‍ത്തനവും പുണരാന്‍ സമൂഹം കുതിക്കുന്നതിന്റെ ചരിത്രമാണ് സംസ്കൃതിയെന്ന് സുല്‍ത്താന കണ്ടെത്തുന്നു. പക്ഷേ തന്റെ പൂര്‍വികരുടെ നാടിന് ഇപ്പോഴും ആയിരം വര്‍ഷം മുമ്പുള്ള മനസ്സാണെന്ന് വേദനയോടെ അവര്‍ ചൂണ്ടിക്കാട്ടുന്നു.

മതത്തെയോ പ്രവാചകനേയോ ഇതിനു പഴിക്കേണ്ടതില്ല. സ്ത്രീകളെ അവഗണിക്കാനും അപഹസിക്കാനും വിശ്വാസം പുരുഷന് അധികാരം നല്‍കുന്നില്ല. കരുണയും മാന്യതയും സ്ത്രീകളോട് പുലര്‍ത്തണമെന്ന് പ്രവാചകന്‍ കല്‍പ്പിക്കുകയും ചെയ്തു. പക്ഷേ പിറകേ വന്നവര്‍ അത് ഗൗനിക്കാതെ ഇരുണ്ട കാലത്തിലെ രീതികളും ആചാരങ്ങളും ഉദ്ഘോഷിച്ചു എന്നാണ് രാജകുമാരിയുടെ കണ്ടെത്തല്‍. ""പെണ്‍കുഞ്ഞുങ്ങള്‍ ഉള്ളവര്‍, അവളെ ജീവനോടെ കുഴിച്ചുമൂടാത്തവര്‍, അവളെ ശകാരിക്കാത്തവര്‍, അവളോട് വിവേചനം കാണിക്കാത്തവര്‍ - അവരെ ദൈവം സ്വര്‍ഗത്തിലേക്ക് ആനയിക്കട്ടെ"" എന്നാണ് പ്രവാചകന്‍ പറഞ്ഞത്. എന്നിട്ടും പെണ്‍കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ സൗദിയില്‍ പുരുഷന്‍മാര്‍ ചെയ്യാത്തതൊന്നുമില്ല. പെണ്‍കുഞ്ഞിന്റെ പിതാവിനെ "ഉല്‍പാദനയന്ത്രമില്ലാത്തവന്‍" എന്ന് കൂട്ടുകാര്‍ പരിഹസിക്കും. അതുകൊണ്ടു തന്നെ സ്ത്രീകള്‍ പിതാവിനാല്‍ അവഗണിക്കപ്പെട്ടും സഹോദരന്മാരാല്‍ അവഹേളിക്കപ്പെട്ടും ഭര്‍ത്താക്കന്മാരാല്‍ ദൂഷണം ചെയ്യപ്പെട്ടും ആയുസ്സ് കഴിച്ചെടുക്കുന്നു. അവരുടെ ജനവും മരണവും ഔദ്യോഗിക രേഖകളില്‍ എവിടെയും ഉണ്ടായിരിക്കുകയില്ല. ജനസംഖ്യാ പഠനവും ഇല്ല.

രാജ്യത്തെ ബിരുദധാരികളില്‍ 58% പെണ്‍കുട്ടികളാണെങ്കിലും തൊഴില്‍ ശക്തിയില്‍ കേവലം 6% ആണ് വനിതകള്‍ എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. സുല്‍ത്താനയുടെ ഓര്‍മകളും അവള്‍ 11-ാം വയസ്സ് മുതല്‍ രഹസ്യമായി എഴുതി സൂക്ഷിച്ച ഡയറിക്കുറിപ്പുകളുമാണ് ജീന്‍സാസണ്‍ ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചത്. താന്‍ ഉള്‍പ്പെട്ട സൗദി സമൂഹത്തില്‍ മാറ്റം അനിവാര്യമാണെന്ന് വിളിച്ചു പറയുന്നതോടൊപ്പം പരിഷ്കൃതലോകം സ്ത്രീകള്‍ക്ക് കുറേക്കൂടി പരിഗണന നല്‍കണമെന്ന് ആഹ്വാനം ചെയ്യുക കൂടിയാണ് ഈ രാജകുമാരി. "രാജകുമാരി"യുടെ തുടര്‍ച്ചയായി "അറേബ്യയുടെ പെണ്‍മക്കള്‍", "രാജകീയ മരുഭൂമി" എന്നീ രണ്ട് കൃതികള്‍ കൂടി ജീന്‍ സാസണ്‍ രചിച്ചിട്ടുണ്ട്. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച "ദ റേപ് ഓഫ് കുവൈത്ത്" അവരുടെ പ്രസിദ്ധ രചനയാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം