malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഒരു ചോരക്കടലിനും സത്യത്തെ മുക്കിക്കൊല്ലാന്‍ കഴിയില്ല

എം മുകുന്ദന്‍
വലിയ എഴുത്തുകാര്‍ നമ്മെ സ്വാധീനിക്കാറുണ്ട്. അതുപോലെ തന്നെ അവര്‍ സൃഷ്ടിച്ച വലിയ കഥാപാത്രങ്ങളും. പെട്ടെന്ന് മറ്റുള്ളവരുടെ സ്വാധീനത്തില്‍ ചെന്നുവീഴുന്ന ആളാണ് ഞാന്‍. അത് സ്വന്തമായൊരു കാഴ്ചപ്പാടില്ലാത്തതു കൊണ്ടാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. ശരിയാണ്. എനിക്ക് സുസ്ഥിരമായ ഒരു ജീവിത ദര്‍ശനമില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പിന്നീട് ഞാന്‍ പുസ്തകങ്ങള്‍ വായിക്കുകയോ എഴുതുകയോ ചെയ്യില്ലല്ലോ. ജീവിതത്തെക്കുറിച്ച് ശരിയായൊരു അവബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് കുറേ വായിക്കുന്നതും അല്‍പം ചിന്തിക്കുന്നതും അതിലും കുറച്ച് എഴുതുന്നതും. ഓരോ ക്ലാസിക് കൃതികള്‍ വായിക്കുമ്പോഴും അതിലെ കഥാനായകനെപ്പോലെ ജീവിക്കാന്‍ ഞാന്‍ കൊതിച്ചു. ആദ്യം ഭീമസേനായി ജീവിക്കുവാനാണ് മോഹിച്ചത്. ഒട്ടും വണ്ണമില്ലാത്ത ശരീരപ്രകൃതമായിരുന്നു അന്നെനിക്ക്. ശോഷിച്ച ശരീരമുള്ള ഒരാള്‍ക്ക് അനുകരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഭീമന്‍ തന്നേയല്ലേ? മാത്രമല്ല ഭീമനായാല്‍ മറ്റു നാലു സഹോദരന്മാരോടൊപ്പം സുന്ദരിയായ ദ്രൗപദിയുടെ കൂടെ ജീവിക്കുകയും ചെയ്യാം. കുട്ടിക്കാലത്ത് ഞാന്‍ വളരെ ദാനശീലനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എന്തു കൈയില്‍ കിട്ടിയാലും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കും. പാണ്ഡവന്മാര്‍ അങ്ങനെയായിരുന്നല്ലോ. ദ്രൗപദിയെ പോലൊരു പെണ്ണിന്റെ സ്നേഹം സഹോദരന്മാരുമായി പങ്കിടുവാന്‍ അവര്‍ക്കു മാത്രമേ കഴിയൂ. ഇന്നാണെങ്കിലോ? ദ്രൗപദിക്കുവേണ്ടി പാണ്ഡവന്മാര്‍ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ടു പരസ്പരം കൊല്ലിക്കും.

ബാല്യകാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു നോവലാണ് മാക്സിം ഗോര്‍ക്കിയുടെ "അമ്മ". അതിലെ ആദ്യ അധ്യായത്തിലെ പല ഭാഗങ്ങളും മനഃപ്പാഠമായിരുന്നു. പുകയും പശിമയും നിറഞ്ഞ തൊഴിലാളികളുടെ ഗ്രാമത്തിലെ ചാരനിറത്തിലുള്ള കൊച്ചു വീടുകളും ഫാക്ടറിയില്‍ നിന്നു ഉള്‍ക്കിടിലമുണ്ടാക്കുന്ന സൈറണ്‍ മുഴങ്ങുമ്പോള്‍ അവിടേക്കു പോകുന്ന ദരിദ്രരും പാവങ്ങളുമായ തൊഴിലാളികളും മായാത്ത ചിത്രങ്ങളായി മനസ്സില്‍ പറ്റിക്കിടന്നിരുന്നു. സ്വാഭാവികമായും പാവല്‍ മിഖായിലോവിച്ചിനെപോലെ ജീവിക്കുവാനാണ് അന്ന് ഞാന്‍ ആഗ്രഹിച്ചത്. ആ യുവാവിനെപ്പോലെ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ നെഞ്ചില്‍ ചേര്‍ത്തു പിടിച്ച് വീട്ടിലേക്കു കൊണ്ടുവന്നു വായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പാവലിന്റെ പ്രണയിനിയായ സാഷയെ പോലെ ഒരു പ്രണയിനി എനിക്കുമുണ്ടാകാന്‍ മോഹിച്ചു. സാറിസ്റ്റ് ഭീകരതക്കെതിരെ പ്രവര്‍ത്തിച്ചതിനു ജയിലിലായ സാഷ അവിടെ നിരാഹാരവ്രതം അനുഷ്ഠിച്ചു. എട്ടു ദിവസം അവള്‍ വെള്ളംപോലും കുടിച്ചില്ല. മഹാത്മാഗാന്ധിയല്ല സാഷയാണ് നിരാഹാരവ്രതത്തിന്റെ കരുത്ത് ആദ്യമായി തെളിയിച്ചതെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. അമ്മയിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു രംഗം മെയ്ദിന റാലിയില്‍ പങ്കെടുത്തതിന് അറസ്റ്റിലായ പാവല്‍ മിഖായിലോവിച്ച് ന്യായാധിപന്റെ മുമ്പില്‍ നടത്തുന്ന പ്രസംഗമാണ്. തൊഴിലാളി വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചും വരാന്‍ പോകുന്ന പ്രോലിറ്റേറിയന്‍ വിപ്ലവത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് പാവല്‍ ന്യായാധിപന്മാര്‍ക്ക് താക്കീത് നല്‍കുന്നു. പാവല്‍ സൈബീരിയയിലേക്കു നാടു കടത്തപ്പെടുന്നു. മകന്റെ പ്രസംഗത്തിന്റെ സൈക്ലോസ്റ്റൈല്‍ ചെയ്ത കോപ്പികള്‍ തീവണ്ടിയാപ്പീസിലും മറ്റും വിതരണം ചെയ്യുമ്പോള്‍ അമ്മ പറയുന്നു: ""ഒരു രക്തക്കടലിനും സത്യത്തെ മുക്കിക്കൊല്ലാന്‍ കഴിയില്ല..."" അങ്ങനെയൊരു അമ്മയുടെ മകനായി, പാവല്‍ മിഖായിലോവിച്ചായി ജീവിക്കുന്നത് ഞാനെന്റെ ബാല്യകാലത്ത് എത്രമാത്രം സ്വപ്നം കണ്ടിരുന്നു! തുടര്‍ന്നു വായിച്ച പല ഐതിഹാസിക മാനങ്ങളുള്ള നോവലുകളിലെ കഥാനായകന്മാരും അതുപോലെ എന്നെ അവരുടെ കൂടെ കൊണ്ടുപോയി. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയ വിജ്ഞാന പോഷിണി വായനശാലയില്‍ നിന്നാണ് ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും വായിക്കാനെടുത്തത്. ഗോര്‍ക്കിയുടെ അമ്മയിലെന്ന പോലെ അതില്‍ ഒരു ഹീറോയെ കണ്ടെത്താനായില്ല. കാരണം പല ഭാഗങ്ങളിലുള്ള ആ നോവലില്‍ ഒട്ടേറെ കഥാനായകന്മാരുണ്ടായിരുന്നു. അവരില്‍ ആരുടെ കൂടെ പോകണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല.

എന്നെ കൂടെക്കൊണ്ടുപോയ മറ്റൊരു കഥാപാത്രം ഹാന്‍സ് കാസ്ട്രപ് ആയിരുന്നു. തോമസ് മന്നിന്റെ മാജിക് മൗണ്ടന്‍ വായിച്ചപ്പോള്‍ ഒന്നും ആലോചിക്കാതെ ഞാന്‍ കാസ്ട്രപ്പിന്റെ കൂടെ ഇറങ്ങിപ്പോയി. കാസ്ട്രപ് ചെറുപ്രായത്തില്‍ തന്നെ വീടു വിട്ടുപോയവനാണ്. അങ്ങനെ നാടും വീടും വിട്ടുപോകുന്ന കഥാപാത്രങ്ങളെ ഞാന്‍ പെട്ടെന്ന് ഇഷ്ടപ്പെട്ടുപോകുന്നു. ഹാരൂകി മുരാകാമിയുടെ ഒരു കഥാനായകന്‍ പതിനഞ്ചു വയസ്സുകാരന്‍ കാഫ്ക തമൂര വീടു വിട്ടുപോയത് പുസ്തകങ്ങള്‍ വായിക്കാനായിരുന്നല്ലോ. ഒരു ലൈബ്രറിയില്‍ ജോലി സമ്പാദിച്ച് അവന്‍ രാവും പകലും പുസ്തകങ്ങള്‍ വായിച്ചു. എഴുപതിലേക്കു കടക്കുന്ന ഞാന്‍ വായിച്ചതിലേറെ ആ പതിനഞ്ചു വയസ്സുകാരന്‍ വായിച്ചിരുന്നു. ഹാന്‍സ് കാസ്ട്രപ്പും നാടു വിടുന്നത് വായിക്കാനും ചിന്തിക്കാനും അറിയുവാനുമാണ്. ശ്വാസതടസ്സവുമായി ചികിത്സയ്ക്കു ചെന്ന കാസ്ട്രപ് അവസാനം ചെന്നെത്തുന്നത് സ്വിറ്റ്സര്‍ലന്‍ഡിലെ ടിബി സാനട്ടോറിയത്തിലാണ്. അവിടെ മരണത്തെ ആലിംഗനം ചെയ്യാനായി കാത്തിരിക്കുന്നതിനിടയില്‍ കാസ്ട്രപ് യൂറോപ്യന്‍ നാഗരികതയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ ചിന്തിക്കുന്നു.... ഹാന്‍സ് കാസ്ട്രപ്പിനോടുള്ള ആരാധന കാരണം ഞാന്‍ ഒരു ക്ഷയരോഗിയായി സാനട്ടോറിയത്തില്‍ ചെന്നു പാര്‍ക്കാന്‍ പോലും മോഹിച്ചിരുന്നു. വലിയ എഴുത്തുകാരുടെ ക്ലാസിക് നോവലുകളിലെ ഇതിഹാസ മാനങ്ങളുള്ള കഥാനായകരെ പോലെ ജീവിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോഴും കഥാപാത്രങ്ങളെ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവര്‍ ഇതിഹാസ മാനങ്ങളുള്ള കഥാനായകരല്ല.

ഈയിടെ ഞാന്‍ തലയോലപ്പമ്പില്‍ പോയി. കേരള സാഹിത്യ അക്കാദമി ഒരുക്കിയ ഏകദിന ബഷീര്‍ സെമിനാറില്‍ പങ്കെടുക്കാനാണ് പോയത്. വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചുവളര്‍ന്ന ആ നാട്ടുമ്പുറത്ത് കാല്‍ സ്പര്‍ശിച്ചപ്പോള്‍ എന്നില്‍ ഒരുപാട് ഓര്‍മകള്‍ ഉണര്‍ന്നു. ബാല്യകാല സഖിയും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നും വായിച്ച നാളുകള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. ബഷീറിന്റെ ഓരോ കഥാപാത്രങ്ങളും ചുറ്റും വന്നുനിന്നു. എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയും ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയും ഉണ്ടക്കണ്ണന്‍ അന്ത്രുവും മാത്രമല്ല. ജാമ്പക്ക മരവും ആടും ഗ്രാമഫോണും സുലൈമാനിയും എല്ലാം എന്റെ ലോകത്തിന്റെ ഭാഗമായി മാറി. ദീര്‍ഘകാല സുഹൃത്തായ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്റെ കൂടെ ഞാന്‍ പാത്തുമ്മയുടെ ആടിലെ അബുവിനെ കാണാന്‍ ചെന്നു. ആ പഴയ വീടിന്റെ കോലായില്‍ നീരുവന്ന കാലുകളുമായി അബൂക്ക ഞങ്ങളെ കാത്തിട്ടെന്നപോലെ ഇരുപ്പുണ്ടായിരുന്നു. ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ ഫാബി ബഷീറും അവിടെയുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ബഷീറിനെക്കുറിച്ചും ബഷീറിന്റെ കഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ചു. അന്തരിച്ചുപോയ പാത്തുമ്മയെ കാണാന്‍ കഴിയാതെ പോയതില്‍ ദുഃഖം തോന്നി. കുറേനേരം കഴിഞ്ഞപ്പോള്‍ മഴ പെയ്യുന്ന പുഴയിലെ ബഷീര്‍പാലത്തിനു മുകളിലൂടെ ഞങ്ങള്‍ സെമിനാര്‍ നടക്കുന്ന ഹാളിലേക്കു മടങ്ങി. അപ്പോള്‍ എന്നില്‍ ചില ചെറിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി തോന്നി. ഞാനിനി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നത് എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ്. മണ്ടന്‍ മുത്തപ്പയെയും ആനവാരി രാമന്‍നായരെയും പോലെയാണ്. ഉണ്ടക്കണ്ണന്‍ അന്ത്രുവിനെയും അബുവിനെയും പാത്തുമ്മയെയും പോലെയാണ്. കഴിയുമെങ്കില്‍ മാങ്കോസ്റ്റീന്‍ മരമായും പുസ്തകങ്ങളും പൈസയും തിന്നുന്ന ആടായും ജീവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ കഥാപാത്രങ്ങളെപ്പോലെ ജീവിക്കുവാന്‍ കഴിഞ്ഞില്ല. എങ്കില്‍ ഇനി ചെറിയ കഥാപാത്രങ്ങളെപ്പോലെ ഈ ജീവിതം ജീവിക്കട്ടെ. മറ്റൊന്നുമില്ലെങ്കിലും അവരുടെ ലോകത്തില്‍ സ്നേഹവും സാഹോദര്യവും കെടാതെ നില്‍പ്പുണ്ടല്ലോ.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം