malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

നാലാംതൂണിലെ സ്ത്രീകരുത്ത്

മീരാ അശോക്
തിരുവനന്തപുരം നഗരത്തില്‍ പ്രസ്സ്‌ക്ലബില്‍ ഇങ്ങനെയൊരു ചടങ്ങ് ആദ്യമായിട്ടായിരുന്നു. ചടങ്ങ് സംഘടിപ്പിച്ചതും പങ്കെടുത്തതും കേരളത്തിലങ്ങോളമിങ്ങോളമുള്ള വനിതാമാധ്യമപ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്ന ദേശീയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി എന്‍ ഡബ്ല്യൂ എം കേരളം എന്നപേരില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുപോലെ ഒരു സംഗമം വേണമെന്ന ആഗ്രഹം ആലോചനയില്‍ത്തന്നെ പൊലിഞ്ഞുപോയിട്ടുമുണ്ട്. പലപ്പോഴും ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന അല്പസമയം കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുമ്പോള്‍ ഇത്തരം കൂട്ടായ്മയ്‌ക്കൊക്കെ എന്തു പ്രസക്തി എന്നായിരുന്നു പലരുടെയും ചിന്ത. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഒത്തുചേരല്‍ ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോയത്.

നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ വിവിധ മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അനൗദേ്യാഗിക കൂട്ടായ്മയാണ്. പരസ്പരവിശ്വാസത്തിലൂന്നി ആശയങ്ങളും ആവിഷ്‌ക്കാരങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും കൂടാതെ മാധ്യമരംഗത്തും സമൂഹത്തിലും സ്ത്രീക്ക് വിവേചനരഹിതമായ പ്രവര്‍ത്തനസാഹചര്യം ഉറപ്പാക്കുവാനും നീതിനിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും ഉള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിയണമെന്ന താല്‍പര്യവുമാണ് ഈ കൂട്ടായ്മക്ക് ഉള്ളത്. എന്‍ ഡബ്ല്യൂ എം- ന്റെ ദേശീയ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് രാജ്യത്തങ്ങോളമിങ്ങോളമായി 16 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ സെന്ററുകളും തദ്ദേശീയമായ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് സ്വാശ്രയസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ഫെലോഷിപ്പ് വിതരണവും വിവിധ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വീകരണവും ഒത്തുചേരലും സംഘടിപ്പിച്ചത് എന്‍ ഡബ്ല്യൂ എം ന്റെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു.

ഒത്തുചേരല്‍ സ്വയം പരിചയപ്പെടുത്തലോടുകൂടിയാണ് തുടങ്ങിയത്. കെ എ ബീന, ഗീതനസീര്‍, ഹേമലത, രാധിക സി നായര്‍, കെ ആര്‍ മല്ലിക തുടങ്ങിയ മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ഥിനികളും അടക്കം വലിയൊരു നിര തന്നെ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു. കോഴിക്കോടു നിന്നും കൊച്ചിയില്‍ നിന്നും അംഗങ്ങള്‍ എത്തിയിരുന്നു.
കെ എ ബീന ചര്‍ച്ച തുടങ്ങിവച്ചു. എന്‍ ഡബ്ല്യൂ എം നെക്കുറിച്ചും തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു.

തുടര്‍ന്ന് സംസാരിച്ച ഗീതനസീര്‍ ഇത്രയും പ്രവര്‍ത്തകരെ, സുഹൃത്തുക്കളെ ഒന്നിച്ചുകണ്ടതിലുള്ള സന്തോഷം മറച്ചുവച്ചില്ല. എട്ടോളം ചാനലുകള്‍, അതിലധികം പത്രസ്ഥാപനങ്ങള്‍, സ്ഥിരമായി ജോലി ചെയ്യുന്നവര്‍ ഫ്രീലാന്‍സേഴ്‌സ് ......എത്രയധികം പേരുണ്ട് ഈ നഗരത്തില്‍തന്നെ. ഈ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടേണ്ടത് നിങ്ങള്‍ക്ക് വേണ്ടിതന്നെയാണ്. അനുഭവങ്ങളും പരിചയസമ്പന്നതയും പങ്കിടാനുള്ള വേദി കൂടിയാണിത് എന്നുപറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം ദൂരദര്‍ശന്റെ ആദ്യ വാര്‍ത്താഅവതാരകയായ ഹേമലത ആദ്യകാലഅനുഭവങ്ങള്‍ പങ്കുവച്ചത് കൗതുകത്തോടെയാണ് എല്ലാവരും കേട്ടത്. ഓ ബി വാനുകളും ലൈവ് ടെലികാസ്റ്റും ഫഌഷ് ന്യൂസും ഇല്ലാതിരുന്ന കാലം പുതിയ തലമുറക്ക് സങ്കല്‍പിക്കുവാന്‍ കൂടി പ്രയാസം. അവിടുന്ന് ഇതുവരെയുള്ള ഹേമലതയുടെ ഔദേ്യാഗിക ജീവിതം മലയാള വാര്‍ത്താചരിത്രത്തിന്റെ ഭാഗം തന്നെ.

തുടര്‍ന്ന് സിന്ധുസൂര്യകുമാര്‍ സംസാരിച്ചു. മീറ്റിംഗിന് വിളിച്ചപ്പോഴൊന്നും വരാതിരുന്നത് മനപ്പൂര്‍വ്വമല്ല. ആകെ കിട്ടുന്നൊരു ഞായറാഴ്ച വിശ്രമത്തിനായി മാറ്റിവയ്ക്കുന്നതുകൊണ്ടാണ് എന്ന ആമുഖത്തോടെ ചടുലമായ വാക്കുകളില്‍ സിന്ധു പറഞ്ഞുകൊണ്ടിരുന്നു. പിന്നിട്ട വഴികളെപ്പറ്റി, എത്തിനില്‍ക്കുന്നിടത്തെപ്പറ്റി, നല്ല ബോധ്യത്തോടെ. വിജയത്തിന് കുറുക്കുവഴികളൊന്നുമില്ല. സ്വയമൊരു പെണ്ണിന്റെ പരിമിതികളൊന്നും തന്നെ പുറകോട്ടു നിര്‍ത്തിയിട്ടില്ല. വ്യക്തിത്വവും കഠിനാധ്വാനം ചെയ്യാനുമുള്ള മനസ്സുമുണ്ടെങ്കില്‍ ആരും നിങ്ങളെ മാറ്റിനിര്‍ത്തുകയുമില്ല. വസ്ത്രധാരണത്തിലും ചമയങ്ങളിലും മാത്രമായി ഈ രംഗത്തേക്ക് പുതുതായി എത്തുന്നവര്‍ ഒതുങ്ങിപ്പോകാതെ നോക്കണം എന്നൊരു നിര്‍ദ്ദേശവും സിന്ധു പറഞ്ഞു.

തീര്‍ച്ചയായും വെല്ലുവിളികള്‍ നിറഞ്ഞൊരു രംഗമാണിതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് നേരിടാന്‍ കരുത്തുള്ളവര്‍ക്ക് മാത്രമേ ഇവിടെ തുടരാന്‍ കഴിയൂ. സ്ത്രീയെന്ന നിലയില്‍ അപരിചിതമായ ഒരിടത്തേക്ക് വാര്‍ത്ത തേടിപ്പോകാനും വാര്‍ത്തയിലെ വ്യക്തികളെ പിന്‍തുടരാനും സ്വയം സജ്ജരാകേണ്ടതുണ്ട്. മോണിറ്ററില്‍ കാണുന്ന ആകര്‍ഷണീയതയും വ്യക്തിത്വവും ഒരു പരിധിവരെ മാത്രമേ സഹായിക്കുകയുള്ളൂ. അറിവാണ് ആയുധം.

വ്യക്തിഹത്യ നടത്തിയും മനോവീര്യം തകര്‍ക്കുന്നവരും ഇല്ലാക്കഥകള്‍ മെനയുന്നവരും മറ്റെവിടെയും പോലെ ഈ രംഗത്തുമുണ്ട്. ഇവയൊക്കെത്തള്ളിക്കളഞ്ഞ് ഉദ്ദേശശുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ മുന്നോട്ടുപോകാന്‍ കഴിയും.

ചാനലുകള്‍ പരിക്കേല്‍പ്പിക്കുന്ന മലയാളഭാഷയെക്കുറിച്ചാണ് രാധിക സി നായര്‍ സംസാരിച്ചത.് അക്ഷരസ്ഫുടത ഇല്ലായ്മയും ആശയവൈകല്യങ്ങളും അവതരണത്തിന്റെ നിറം കെടുത്തുന്നു. സ്‌ക്രീനില്‍ എഴുതിവരുന്ന വാചകങ്ങളില്‍പോലും ഇത്തരത്തില്‍ തെറ്റുകള്‍ കടന്നുകൂടുന്നു. മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുന്ന പുതിയ തലമുറ ഭാഷ കൈകാര്യം ചെയ്യുന്നത് അപക്വമായ രീതിയിലാണ്. ചരിത്രബോധവും കുറവ്. നല്ല പദസമ്പത്ത് ആര്‍ജ്ജിക്കുക വഴി ആശയങ്ങള്‍ക്ക് തെളിമയും ഗാംഭീര്യവും കൈവരുത്താനാകും എന്ന് രാധിക ഓര്‍മ്മിപ്പിച്ചു.

അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മീഡിയയുടെ പുതിയ മുഖങ്ങള്‍, വെല്ലുവിളികള്‍, പ്രതിന്ധികള്‍ എല്ലാം തുടര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. വമ്പിച്ച സ്ത്രീ പ്രാതിനിധ്യമുള്ള ഈ മേഖല സ്ത്രീസൗഹൃദപരമായി മാറിയിട്ടുണ്ടോ, ഉള്ളടക്കത്തിലും പ്രതിപാദനത്തിലും അവതരണത്തിലും സ്ത്രീയുടെ ഇടപെടല്‍ എന്തുമാത്രം ക്രിയാത്മകവ്യതിയാനങ്ങള്‍ ഉളവാക്കുന്നു എന്നു കണ്ടെത്താനും ശ്രമമുണ്ടായി. മുതിര്‍ന്ന തലമുറയിലെയും ഇളംതലമുറയിലെയും പ്രതിനിധികള്‍ മനസ്സുതുറന്നു. ചൂടുചായയോടുകൂടി സൗഹൃദ ഒത്തുചേരല്‍ താല്‍ക്കാലികമായി അവസാനിച്ചു.

അഞ്ചുമണിക്ക് ആരംഭിക്കുന്ന ഔദേ്യാഗികചടങ്ങിലേക്ക് അതിഥികള്‍ ഒരോരുത്തരായി എത്തിെക്കാണ്ടിരുന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. എന്‍ ഡബ്ല്യൂ എം ന്റെ ദേശീയകൗണ്‍സില്‍ അംഗം കെ എ ബീനയുടെ സ്വാഗതപ്രസംഗത്തോടെ. താന്‍ ജേര്‍ണലിസം പഠിക്കുന്ന കാലത്ത് വിരലിലെണ്ണാവുന്ന പെണ്‍കുട്ടികള്‍ മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നത്. ഇന്ന് ആണ്‍കുട്ടികളേക്കാളധികം പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് വരുന്നു. സ്‌പോര്‍ട്‌സും രാഷ്ട്രീയവും ആനുകാലിക വിഷയങ്ങളും തങ്ങള്‍ക്കു വഴങ്ങുമെന്ന് ഉള്‍ക്കരുത്തോടെ തെളിയിക്കുന്നു. മാധ്യമരംഗത്തുള്ളവര്‍ക്ക് ലഭിക്കുന്ന അവാര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ ഗുണപരമായ ഈ മാറ്റം വ്യക്തമാകും. വനിതകള്‍ എന്ന നിലയില്‍ പരിഹാരംകാണേണ്ട പ്രശ്‌നങ്ങള്‍ അനവധിയാണ്. ഔദേ്യാഗികമായ യാത്രകള്‍, താമസം, സുരക്ഷിതത്വം, നൈറ്റ്ഷിഫ്റ്റുകള്‍ തുടങ്ങി പൊതുവായി തൊഴിലിടങ്ങളില്‍ സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും മോചനമില്ല. തങ്ങളുടെ ശരീരം മറ്റുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് തങ്ങളുടെ കുറ്റമല്ല എന്ന് ബീന തുറന്നടിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമാര്‍ഥം 'കരട്' തയ്യാറാക്കിയതിനുശേഷമുള്ള ഒരു നടപടിയും സര്‍ക്കാര്‍തലത്തില്‍ ഇതേവരെ നടന്നിട്ടില്ലെന്നും ബീന ഓര്‍മ്മിപ്പിച്ചു. മാന്യമായ തൊഴില്‍സാഹചര്യങ്ങളും സ്ത്രീസൗഹൃദപരമായ അന്തരീക്ഷവും ഒരുങ്ങേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടിയാണ് സ്വാഗതപ്രസംഗം ഉപസംഹരിച്ചത്.

തുടര്‍ന്ന് അധ്യക്ഷപ്രസംഗം നടത്തിയ പ്രസ്സ് അക്കാഡമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, സ്ത്രീകള്‍ സംഘടനകളേയും സംഘടനകള്‍ സ്ത്രീകളേയും ശ്രദ്ധിക്കുന്നില്ലെന്നും ഈ പോരായ്മ പരിഹരിക്കണമെന്നും പറഞ്ഞു. പ്രസ്സ് അക്കാഡമിയില്‍പോലും ഈ വനിതാസന്തുലനമില്ല. വരുംകാലങ്ങളില്‍ സ്ത്രീകള്‍ മുന്നോട്ട് വരികതന്നെ വേണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സൗഹൃദത്തോടെ വൈകിയെത്തിയതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയത്. പ്രിന്റ് മീഡിയയിലേക്ക് സ്ത്രീകള്‍ എത്തിച്ചേരാന്‍ വൈകിയെങ്കിലും വിഷ്വല്‍ മീഡിയ ആ കുറവ് നികത്തി എന്ന് അദ്ദേഹം നിരീക്ഷിച്ചു. സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെ സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരാനും അതിക്രമങ്ങള്‍ തടയാനും മാധ്യമങ്ങളിലെ വനിതാസാന്നിധ്യംകൊണ്ട് കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

പ്രൊഫഷണല്‍ വിദ്യാഭ്യാസവും കേരളത്തിലെ സ്ത്രീകളും എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന പഠനത്തിനായി എം ഡബ്ല്യൂ എം നല്‍കുന്ന ഫെലോഷിപ്പ് ഗീതാഞ്ജലി കൃഷ്ണന് നല്‍കി. തുടര്‍ന്ന് വിവിധ അവാര്‍ഡുകള്‍ നേടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൊമൊന്റോകള്‍ സമ്മാനിച്ചു. കെ എ ബീന, റജി ആര്‍ നായര്‍, സന്ധ്യാബാലസുമ, ഷൈനിജേക്കബ് ബഞ്ചമിന്‍, ശ്രീജ എന്‍, രജനിവാര്യര്‍, അമൃതസോഹന്‍, നിധുന നെവിന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

തുരുതുരെ മിന്നിയ ഫഌഷ്‌ലൈറ്റുകളും നിറഞ്ഞകൈയടിയും അഭിമാനനിമിഷങ്ങളായി എന്‍ ഡബ്ല്യൂ എം ന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍, കേരളത്തിന്റെ ധൈഷണിക മുഖം ആര്‍ വി ജി മേനോന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രദീപ്പിള്ള എന്നിവര്‍ സംസാരിച്ചു.

റജി ആര്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സന്ധ്യാബാലസുമ നന്ദി പറഞ്ഞു.
സജിത മഠത്തില്‍ സംവിധാനം ചെയ്ത പി കെ മേദിനിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം മാറ്റത്തിന്റെ പാട്ടുകാരി പ്രദര്‍ശിപ്പിച്ചു. അര്‍ഥപൂര്‍ണ്ണമായ ഒരു സായാഹ്നം സമാപിച്ചു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം