malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

മുസ്ലിംസ്ത്രീക്ക് ജീവനാംശം എത്രകാലം?

അഡ്വ. കെ ആര്‍ ദീപ

വിവാഹമോചിതയാകുന്ന മുസ്ലിംസ്ത്രീക്ക് ജീവനാംശം നിഷേധിക്കുന്ന തരത്തിലുള്ള നിയമവ്യാഖ്യാനങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും ഉണ്ടാകുന്നു. ഷാബാനുകേസില്‍ മുസ്ലിംസ്ത്രീയുടെ വിവാഹമോചനകാര്യത്തില്‍ സ്ത്രീക്കനുകൂലമായ വിധി 1985ല്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായി. എന്നാല്‍ , ചില മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വന്ന നിയമത്തിലൂടെ ഈ വിധിയുടെ ഗുണം ഇല്ലാതായി. എങ്കിലും വിവാഹമോചിതയാകുന്ന മുസ്ലിംസ്ത്രീ പുനര്‍വിവാഹം കഴിക്കുംവരെ മുന്‍ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടുണ്ട്. പലപ്പോഴും തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണെങ്കിലും ഇടയ്ക്കിടെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധികള്‍ വരും. ജീവനാംശം "ഇദ്ദ" കാലത്തേക്കു മാത്രം മതി എന്ന നിലപാടാണ് ചിലപ്പോള്‍ ചില കോടതികള്‍ എടുക്കുക.

ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി മതവിശ്വാസപ്രകാരം നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ (ശററമവ ീൃ ശററമേ). ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു (അല്ലെങ്കില്‍ 3 മാസം). ഭര്‍ത്താവിന്റെ മരണത്തിനുശേഷം നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്. ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ ഫലത്തില്‍ ജീവനാംശം നാലുമാസമായി ചുരുങ്ങും. 2009ല്‍ ഗ്വാളിയറില്‍നിന്നുള്ള ഒരുവിവാഹമോചന കേസ് സുപ്രീംകോടതിയിലെത്തി. ജീവനാംശം "ഇദ്ദ" കാലത്തേക്കു മാത്രമായി ചുരുക്കിയത് അംഗീകരിച്ച മധ്യപ്രദേശ് ഹൈക്കോടതിവിധിക്കെതിരെയായിരുന്നു അപ്പീല്‍ . ആ കേസില്‍ മുസ്ലിംസ്ത്രീകളുടെ ജീവനാംശത്തിന് കോടതി കുറേക്കൂടി വ്യക്തത വരുത്തി. മുസ്ലിംസ്ത്രീയുടെ വിവാഹമോചനം "കുടുംബകോടതി നിയമ"പ്രകാരം തീര്‍പ്പാക്കാനാകില്ലെന്ന വാദം തള്ളിയായിരുന്നു കോടതിയുടെ വിധി. ഇത്തരം കേസുകളിലെ ജീവനാംശം ക്രിമിനല്‍ നടപടി നിയമസംഹിത(സിആര്‍പിസി)യിലെ 125-ാം വകുപ്പനുസരിച്ച് തീരുമാനിക്കാനാകില്ലെന്ന വാദവും കോടതി തള്ളി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനവും ക്രൂരതയും നേരിടേണ്ടിവന്ന സ്ത്രീയായിരുന്നു ഹര്‍ജിക്കാരി.

പ്രസവത്തിന് സ്വന്തം വീട്ടില്‍പോയ അവരെ ഭര്‍ത്താവ് പിന്നീട് അന്വേഷിച്ചില്ല. കുട്ടിയുണ്ടായശേഷവും വരാതായപ്പോള്‍ ഗ്വാളിയര്‍ കുടുംബകോടതിയില്‍ പരാതി നല്‍കി. സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് പ്രതിമാസം 3000 രൂപ ജീവനാംശം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ , മുസ്ലിം വ്യക്തിനിയമപ്രകാരം ഭാര്യയെ താന്‍ മൊഴിചൊല്ലിക്കഴിഞ്ഞെന്നും മുസ്ലിംസ്ത്രീ (വിവാഹമോചിതരുടെ അവകാശസംരക്ഷണ)നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇദ്ദ കാലം കഴിഞ്ഞാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഭര്‍ത്താവ് വാദിച്ചു. ഭാര്യ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടെന്നും അങ്ങനെ പണം കിട്ടുന്നതിനാല്‍ ജീവിക്കാന്‍ പ്രയാസമില്ലെന്നും വാദം വന്നു. സ്വന്തം തീരുമാനപ്രകാരം സ്വര്‍ണവും 1000 രൂപയുമായി വീട്ടിലേക്കു പോയ ഭാര്യ ആവര്‍ത്തിച്ച് നോട്ടീസയച്ചിട്ടും തന്റെ വീട്ടിലേക്കു വന്നില്ലെന്നും പരാതിപ്പെട്ടു. കേസ് കേട്ട കുടുംബകോടതി പ്രതിമാസം 2000 രൂപ വീതം ജീവനാംശം അനുവദിച്ചു. പക്ഷേ, പരാതി നല്‍കിയ തീയതിമുതല്‍ വിവാഹമോചനം നടന്ന തീയതിവരെയും ആ തീയതിമുതല്‍ "ഇദ്ദ" കാലം കഴിയുന്നതുവരെയും ജീവനാംശം നല്‍കിയാല്‍ മതിയെന്ന് കോടതി പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലും തള്ളപ്പെട്ടു. കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. മുസ്ലിം ഭാര്യയെ വിവാഹമോചനം ചെയ്താല്‍ സിആര്‍പിസിയിലെ 125-ാം വകുപ്പ്, അവര്‍ നല്‍കുന്ന ജീവനാംശ പരിരക്ഷ നിലനില്‍ക്കില്ലെന്ന തെറ്റായ ധാരണയാണ് കുടുംബകോടതിയും ഹൈക്കോടതിയും പുലര്‍ത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇരു കോടതിയും 1984ലെ കുടുംബകോടതി നിയമത്തിലെ പ്രസക്തമായ വകുപ്പ് കാണാതെപോയി. കുടുംബകോടതി നിയമം, അതിനുമുമ്പ് പാസാക്കിയ സമാനവ്യവസ്ഥകളുള്ള നിയമങ്ങള്‍ക്കുമേല്‍ പ്രാബല്യമുള്ളതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് ജീവനാംശം നല്‍കാനുള്ള ഉത്തരവിടാന്‍ കുടുംബകോടതിക്ക് അവകാശമുണ്ട്. ഇക്കാര്യം മുന്‍കാലവിധികളില്‍ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ വാദിയായ സ്ത്രീക്ക് ജീവനാംശം നല്‍കേണ്ടതാണ്. അതുകൊണ്ട് ഗ്വാളിയറിലെ കുടുംബകോടതി കേസ് നിയമാനുസൃതം പരിഗണിച്ച് എത്രയുംവേഗം തീര്‍പ്പാക്കാനും സുപ്രീംകോടതി വിധിച്ചു. ജ. ബി സുദര്‍ശനറെഡ്ഡി, ജ. ദീപക്വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. *ഇദ്ദ: ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോ ശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ (ശററമവ ീൃ ശററമേ). ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു (അല്ലെങ്കില്‍ 3 മാസം). ഭര്‍ത്താവിന്റെ മരണത്തിനുശേഷം നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം