malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

കേരളം കുടിച്ചു ചാവുന്നു

ചാര്‍ളി പോള്‍
കേരളത്തിന്റെ 'കുടിക്കണക്ക്' കേട്ട് ലോകം ഞെട്ടുകയാണ്. ഒരു ദിവസം ബീവറേജസ് ഷോപ്പുകളില്‍ 80,000പേര്‍ വരെ സന്ദര്‍ശിക്കുന്ന തായിട്ടാണ് കണക്ക്. ബീവറേജസിന്റെ 337 ഷോപ്പുകളിലൂടെ പ്രതിമാസം ശരാശരി 500 കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്.


ഓണക്കാല മദ്യവില്‍പ്പനയില്‍ സംസ്ഥാനം വീണ്ടും റെക്കോര്‍ഡ് തിരുത്തി. ഓണക്കാലത്ത് കേരളത്തില്‍ പത്ത്ദിവസം കൊണ്ട് കുടിച്ചുതീര്‍ത്തത് 288.63 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷത്തേക്കാള്‍ 23.78 ശതമാനം വര്‍ദ്ധന. കഴിഞ്ഞ ഒണക്കാലത്ത് 231.56 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞിരുന്നത്. ഒറ്റവര്‍ഷംകൊണ്ട് 57 കോടി വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ മദ്യം ഇത്തവണ വിറ്റത് ഉത്രാട ദിവസമാണ്. അന്നുമാത്രം 37.51 കോടിയുടെ മദ്യമാണ് മലയാളി വാങ്ങിയത്. ബീവറേജസിന്റെ ഷോപ്പുകളിലൂടെയുള്ള വിറ്റ്‌വരവ് മാത്രമാണിത്. ഇവകൂടാതെ 653 ബാറുകളും 383 ഔട്ട്‌ലറ്റുകളും 5029 കള്ളുഷാപ്പുകളും കേരളത്തിലുണ്ട്. ആര്‍മി ക്വോട്ടാ, വിദേശത്തുനിന്നും കൊണ്ടുവരുന്നത്, വ്യാജസ്പിരിറ്റ്, വ്യാജവാറ്റ് തുടങ്ങിവ കൂടി ചേര്‍ത്താല്‍ ഏകദേശം 500 കോടിയിലേറേ രൂപയുടെ മദ്യം ഓണക്കാലത്ത് മലയാളി കുടിച്ചുതീര്‍ത്തിട്ടുണ്ടാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് ഗ്രാഫ് ഓരോ ദിവസവും കുതിച്ചുയരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,540 കോടി രൂപയുടെ മദ്യമാണ് ബീവറേജ് കോര്‍പ്പറേഷന്റെ വില്പന ശാലകളിലൂടെ മാത്രം വിറ്റഴിച്ചത്. ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്. മദ്യക്കച്ചവടത്തിലൂടെ ഖജനാവിലേക്ക് പണം കുമിഞ്ഞു കൂടുന്നതിന്റെ ത്രില്ലിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് കേരളത്തിലെ നിരവധി കുടുംബങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന്റെ വിലയാണെന്ന് കൂടി ഭരണാധികാരികള്‍ ഓര്‍ക്കണം.

കേരളത്തിന്റെ 'കുടിക്കണക്ക്' കേട്ട് ലോകം ഞെട്ടുകയാണ്. ഒരുദിവസം ബീവറേജസ് ഷോപ്പുകളില്‍ 80,000പേര്‍വരെ സന്ദര്‍ശിക്കുന്നതായിട്ടാണ് കണക്ക്. ബീവറേജസിന്റെ 337 ഷോപ്പുകളിലൂടെ പ്രതിമാസം ശരാശരി 500 കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്. കേരളത്തില്‍ മദ്യപാനത്തിന്റെ ഗ്രാഫ് ഉയരുന്നതിന്റെ സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരും ജനങ്ങളും വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മദ്യമെന്ന മരണസംസ്‌കാരം കേരളത്തെ പിടിമുറുക്കുന്നതിന്റെ സാഹചര്യം പഠനവിധേയമാക്കണം. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക-മത-കുടുംബ മേഖലകളുടെയെല്ലാം നന്മകളെ അപ്പാടെ നശിപ്പിക്കുന്ന മദ്യമെന്ന വലിയ വിപത്തിനെ നേരിടാന്‍ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് ഇനിയെങ്കിലും തുടക്കം കുറിക്കണം. അനുദിനം തള്ളിവിടുന്ന സാമൂഹ്യ തിന്മയാണ് മദ്യമെന്ന് സര്‍ക്കാരുകള്‍ തിരിച്ചറിയണം. ജീവിത സങ്കല്പങ്ങളുടെയെല്ലാം തകിടംമറിച്ചിലുകള്‍ മദ്യത്തോട് ചേര്‍ന്ന് നമുക്ക് കണാനാകും. മദ്യക്കുപ്പികളില്‍ കേരളീയന്റെ ഹൃദയവും കരളും ഉരുകി മരിക്കുകയാണ്. നന്മയുടെ വേരുകളിവിടെ ദ്രവിക്കുന്നു. സത്യവും ധര്‍മ്മവും സനാതന മൂല്യങ്ങളും മരണപ്പെടുന്നു. ഇവിടെ കൊലയും കൊള്ളിവയ്പും, പീഡനങ്ങളും അഴിമതിയും ധൂര്‍ത്തും മദ്യലഹരിയിലാണ് അരങ്ങേറുന്നത്. പകയും കലഹവും രോഗവും അധര്‍മവും അരാജകത്വവും മദ്യത്തിന്റെ ഭവിഷ്യത്തുകളാണ്. ഇവിടെ മദ്യപരായ പൊതുപ്രവര്‍ത്തകരും ഗുരുക്കന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന സുബോധവും സമനിലയും നഷ്ടപ്പെട്ട ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നത്. അകമേ അധര്‍മം വസിക്കുന്ന ഒരു സംവിധാനത്തിന് സ്ഥായീഭാവമുള്ള ഒരു നന്മയും പുറപ്പെടുവിക്കുവാന്‍ കഴിയില്ല.

കേരളത്തിലെ കുടുംബങ്ങള്‍ ശൈഥില്യത്തിന്റെ വക്കിലാണ്. പുതിയ തലമുറ മനോരോഗികളുടേതായി മാറുകയാണ്. നൂറില്‍ ഏഴ് ഭവനങ്ങളില്‍ എങ്കിലും മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു. മദ്യപര്‍ക്ക് ജനിക്കുന്ന മക്കള്‍ ശാരീരിക-മാനസിക-വൈകാരിക പ്രശ്‌നമുള്ളവരാണ്. വിഷാദരോഗികളും, ചുഴലി ബാധിച്ചവരും, പഠനശേഷികുറഞ്ഞവരും, സിരാരോഗികളും മദ്യപര്‍ക്ക് ജനിക്കുന്നു. കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നിന്റെ 27 ശതമാനവും മനോരോഗങ്ങള്‍ക്കുള്ളതാണ്. 2009-10ല്‍ നടന്ന 4000 വാഹനാപകടങ്ങള്‍ മദ്യപാനം മൂലമുണ്ടായതാണെന്നും കേരളത്തില്‍ വിവാഹമോചനം വന്‍തോതില്‍ വര്‍ദ്ധിച്ചതായും അതില്‍ 90 ശതമാനവും മദ്യപാനം മൂലമാണെന്നും ബിബിസി ചാനല്‍ വെളിപ്പെടുത്തുകയുണ്ടായി. ദിവസം ശരാശരി 37 വിവാഹമോചനക്കേസുകള്‍ ഫയല്‍ ചെയ്യുന്ന നാടാണ് കേരളം. ജോലി നഷ്ടപ്പെടുന്നവരില്‍ 40 ശതമാനവും മദ്യപാനം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. മദ്യപാനം സൃഷ്ടിക്കുന്ന ഗാര്‍ഹിക കലഹങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 105.6 ആണെങ്കില്‍ കേരളത്തിലേത് 306.5 ആയി. ഇന്ത്യയില്‍ ഏറ്റവുമധികം മനോരോഗികള്‍ ഉള്ള സംസ്ഥാനം കേരളമാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ബാധിക്കുകയാണ്. ബലാല്‍സംഗവും ലൈംഗികാതിക്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ മിക്കവയും മദ്യലഹരിയിലാണ് സംഭവിക്കുന്നത്. ആത്മഹത്യ പെരുകുവാന്‍ കാരണവും മദ്യമാണ്.

ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 85 ശതമാനവും മദ്യപരാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ 29,000 സ്ത്രീപീഡനങ്ങള്‍ നടന്നതായി നിയമസഭയില്‍ അഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. അതിലേറെയും മദ്യപാനം മൂലമുണ്ടാകുന്നതാണ്. മഹിളാപ്രസ്ഥാനങ്ങള്‍ സജീവമായ കേരളത്തിലെ സ്ഥിതിയാണിത്. ക്രിമനല്‍ കുറ്റകൃത്യങ്ങളില്‍ 87 ശതമാനത്തിനുപിന്നില്‍ മദ്യവും മയക്കുമരുന്നുകളുമാണെന്ന് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വാഹന അപകടങ്ങളില്‍ 85 ശതമാനവും മദ്യപിച്ച് വണ്ടി ഓടിക്കുന്നതുമൂലമുണ്ടാകുന്നതാണ്. കേരളത്തില്‍മാത്രം 17 ലക്ഷംപേര്‍ മദ്യാസക്തരാണ്. 47 ലക്ഷംപേര്‍ മദ്യം ഉപയോഗിക്കുന്നവരാണ്. 60 ശതമാനം യുവാക്കളും മദ്യം ഉപയോഗിച്ചിട്ടുള്ളവരാണ്. മദ്യോപയോഗത്തിന്റെ ആളോഹരി വിഹിതം ദേശീയ തലത്തില്‍ 4.5 ലിറ്ററാണെങ്കില്‍ കേരളത്തില്‍ അത് 8.3 ലിറ്ററാണ്. ഒരുകൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26.56 കോടി ലിറ്ററാണ്. മദ്യപാനം മൂലം കരള്‍രോഗം ബാധിച്ചവരുടെ എണ്ണം കേരളത്തില്‍ എട്ട് ലക്ഷം കവിഞ്ഞു. ഹൃദ്രോഗികളുടെ എണ്ണം 2015 ആകുന്നതോടെ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ വരുന്നവരില്‍ 37 ശതമാനം മദ്യപരാണ്. മദ്യാസക്തി മരണഹേതുവാണ്. കേരളം പതുക്കെ ഒരു മരണസംസ്‌ക്കാരത്തിലേക്ക് നീങ്ങുകയാണ്. അവധിയും ആഘോഷങ്ങളും എന്തിന്, ഹര്‍ത്താലും പണിമുടക്ക് പോലും മദ്യത്തില്‍ കുളിക്കുകയാണ്. നിശബ്ദമായ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ലഹരി വിരുദ്ധ ബോധവത്കരണം പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ ആരംഭിക്കണം. പാഠപുസ്തകങ്ങളില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ബോധവത്കരണവും ക്ലബ്ബുകളും ആരംഭിക്കണം. ദൂരപരിധി നിയം ലംഘിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഷാപ്പുകളും അടച്ചുപൂട്ടണം. ഓരോ പ്രദേശത്തും മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്തീ രാജ്-നഗരപാലികാ ബില്ലിലെ 232, 474 വകുപ്പുകള്‍ പുന:സ്ഥാപിക്കണം.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം