malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഗലീലിയോയുടെ ശാസ്ത്രവിപ്ലവം

ഡോ. സി ആര്‍ പ്രസാദ്
ശാസ്ത്ര നിരീക്ഷണങ്ങളിലും നിലപാടുകളിലും വെടിയുപ്പ് നിറച്ച വ്യക്തിയായിരുന്നു ഗലീലിയോ എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ഗലീലിയോ ബോനാട്ടി ദെ ഗലീലി. സ്വന്തമായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ നിലവിലുണ്ടായിരുന്ന പല ചിന്തകളെയും ധാരണകളെയും തിരുത്തുകയോ പുതുക്കുകയോ ചെയ്ത വ്യക്തി. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ശാസ്ത്രം പുതിയ മേഖലകള്‍ കീഴടക്കുമ്പോഴും 1564 ഫെബ്രുവരി 15 ന് ജനിച്ച ഗലീലിയോയുടെ ജീവിതം വിസ്മരിക്കുവാന്‍ കഴിയില്ല. കാരണം ശാസ്ത്രീയ യുക്തി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് സ്വന്തം ജീവിതംകൊണ്ട് വ്യക്തമാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം. ഗലീലിയോ എന്ന ശാസ്ത്രപ്രതിഭയെ വര്‍ത്തമാനകാലത്തിന് സമഗ്രമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് പ്രൊഫ. എ. പ്രതാപചന്ദ്രന്‍നായര്‍ എഴുതിയ ഭഗലീലിയോയും ശാസ്ത്ര വിപ്ലവവും . ഗലീലിയോയുടെ ജീവിതത്തിലൂടെ, ഗലീലിയോയെ സ്വാധീനിച്ച ദാര്‍ശനികര്‍ , അരിസ്റ്റോട്ടിലിയന്‍മാരും പ്ലേറ്റോണിസ്റ്റുകളും, സിദ്ധാന്തവും പ്രയോഗവും സംയോജിക്കുന്നു, ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ , പ്രശസ്തിയുടെ ഉന്നതിയിലേക്ക്, ഗലീലിയോയും സഭയും, ശാസ്ത്രവിപ്ലവം എന്നിങ്ങനെ എട്ട് അധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം ഗലീലിയോയുടെ ശാസ്ത്ര ജീവിതത്തിന്റെ വളര്‍ച്ചയെ ക്രമമായി രേഖപ്പെടുത്തുന്നുണ്ട്. ഒരു ശാസ്ത്ര പ്രതിഭയെ കണ്ണുമടച്ചു പുകഴ്ത്തുക എന്നതിനേക്കാള്‍ വിമര്‍ശബുദ്ധിയോടെ മൂല്യവിചാരം ചെയ്യുക എന്ന രീതിശാസ്ത്രമാണ് പുസ്തക രചനയില്‍ പ്രൊഫ. പ്രതാപചന്ദ്രന്‍നായര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗലീലിയോയെ സംബന്ധിച്ചുള്ള നിഷ്പക്ഷമായ നിലപാടുകള്‍ ഉള്ള ഒരു പുസ്തകമായി ഇത് മാറിയിരിക്കുന്നു.

ഒരു പ്രതിഭയും പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല. എല്ലാവര്‍ക്കും പിന്നില്‍ അദ്യശ്യമായ ജീവിതചുറ്റുപാടും വീക്ഷണ ചുറ്റുപാടും ഉണ്ടായിരിക്കും. ഈ പുസ്തകത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍ ഗലീലിയോയുടെ ജീവിതസാഹചര്യത്തെയും വീക്ഷണ സാഹചര്യത്തെയും വിശകലനംചെയ്യുന്ന എഴുത്തുകാരനെ കാണാം. ശാസ്ത്രം ജീവിതവുമായി അടുക്കണമെങ്കില്‍ ശാസ്ത്രജ്ഞന്റെ ഉള്ളില്‍ ഒരു മനുഷ്യസ്നേഹി ഉണ്ടായിരിക്കണം. ഗലീലിയോയുടെ പുരോഗമന ചിന്തയുടെ പിന്നില്‍ ഒരു മനുഷ്യസ്നേഹിയെ കാണാമെന്ന് കുടുംബപശ്ചാത്തലം പരിശോധിക്കുന്ന പ്രതാപചന്ദ്രന്‍നായര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ സ്വാധീനിച്ച ദാര്‍ശനികരെ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യക്ഷേമകരങ്ങളായിരിക്കണം എന്ന ചിന്ത ഗലീലിയോയില്‍ കാണുന്നതിനു കാരണം ഈ പശ്ചാത്തലംതന്നെയായിരുന്നു.

ശാസ്ത്രത്തെ മതത്തിന്റെയും തത്വചിന്തയുടെയും വേലിക്കെട്ടില്‍നിന്ന് മോചിപ്പിച്ച് മനുഷ്യചിന്തയില്‍ വമ്പിച്ച കുതിപ്പിന് ഇടയാക്കുകയായിരുന്നു ഗലീലിയോ എന്ന് ഗ്രന്ഥകര്‍ത്താവ് എഴുതുന്നത് ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ടാണ്. തന്റെ അറിവിനെയും ചുറ്റുപാടുമുള്ള സംഭവങ്ങളെയും ചേര്‍ത്തുവച്ച് ശാസ്ത്രീയ നിഗമനത്തിലെത്താന്‍ ഗലീലിയോക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ശാസ്ത്രകാരന്‍ ജീവിതചലനങ്ങളെ ഏത് കണ്ണിലൂടെയാണ് കാണുന്നത് എന്ന് വ്യക്തമാക്കാന്‍ പുസ്തകത്തില്‍ ചില സംഭവങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്. അതിലൊന്ന് പെന്‍ഡുലത്തെക്കുറിച്ച് പറയുന്നിടത്താണ്. 1583 ലെ ഒരു ഞായറാഴ്ച പിസാ നഗരത്തിലെ പള്ളിയില്‍ പ്രാര്‍ഥന നടക്കുകയായിരുന്നു. വിദ്യാര്‍ഥിയായ ഗലീലിയോക്ക് പുതിയതായി വന്ന പുരോഹിതന്റെ പ്രസംഗം വിരസമായി തോന്നി. പ്രസംഗത്തില്‍ ശ്രദ്ധിക്കാതെ അലസനായിരുന്ന ഗലീലിയോ മച്ചില്‍നിന്ന് തൂക്കി ഇട്ടിരിക്കുന്ന ശരറാന്തല്‍ ആടുന്നതായി കണ്ടു. ഓരോരുത്തരും അകത്തേക്കോ പുറത്തേക്കോ പോകാന്‍ വാതില്‍ തുറക്കുമ്പോള്‍ ഉള്ളിലേക്ക് ശക്തിയായി വീശുന്ന കാറ്റില്‍പ്പെട്ട് വിളക്ക് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതും ക്രമേണ ആട്ടം കുറഞ്ഞ് കുറഞ്ഞ് നിശ്ചലാവസ്ഥയിലെത്തുന്നതും ശ്രദ്ധിച്ചു.

വലിയ ആട്ടമായാലും ചെറിയ ആട്ടമായാലും ഓരോ ആട്ടത്തിനും എടുത്ത സമയം വ്യത്യാസമില്ലായെന്ന് ഗലീലിയോക്ക് തോന്നി. വാച്ച് ഉണ്ടായിരുന്നില്ല. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഗലീലിയോക്ക് നാഡീസ്പന്ദം (ജൗഹലെ) ക്രമമാണെന്ന് അറിയാമായിരുന്നു. നാഡീസ്പന്ദങ്ങള്‍ എണ്ണി താരതമ്യംചെയ്തപ്പോള്‍ , വലിയ ദൂരത്തിലേക്കായാലും ചെറിയ ദൂരത്തിലേക്കായാലും ഓരോ ആട്ടത്തിനും കൃത്യമായും ഒരേ സമയംതന്നെയാണ് എടുക്കുന്നതെന്ന് ബോധ്യപ്പെട്ടു. മെഡിക്കല്‍ വിജ്ഞാനത്തെ മറ്റൊരു നിരീക്ഷണത്തിന് പ്രയോജനപ്പെടുത്തുന്ന ശാസ്ത്രപ്രതിഭയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സംഗീതജ്ഞാനത്തെപ്പോലും ഗലീലിയോ പ്രയോജനപ്പെടുത്തിയത് എങ്ങനെ എന്ന് പുസ്തകം സൂചിപ്പിക്കുന്നുണ്ട്. ജീവിതസ്നേഹിയായ, മനുഷ്യസ്നേഹിയായ ശാസ്ത്രപ്രതിഭയായിരുന്നു ഗലീലിയോ. മനുഷ്യജീവിതത്തിന് പ്രയോജനകരമായ അറിവുകളെ വളര്‍ത്താനും അല്ലാതുള്ള അന്ധമായ വിവരങ്ങളെ എതിര്‍ക്കാനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാന്‍ പ്രതാപചന്ദ്രന്‍നായര്‍ ശ്രമിച്ചിട്ടുണ്ട്. ഗലീലിയോയെ മാത്രമല്ല, പ്രതാപചന്ദ്രന്‍നായരെന്ന ഒരു ശാസ്ത്രകാരനെയും നമുക്കിവിടെ പരിചയപ്പെടാം.

ഗലീലിയോയെ പരിചയപ്പെടുത്താന്‍ സ്വീകരിക്കുന്ന നിലപാടുകളും വീക്ഷണങ്ങളും ഗ്രന്ഥകാരന്റെ ജീവിതവീക്ഷണത്തെ കൂടിയാണ് വെളിപ്പെടുത്തുന്നത്. ഗലീലിയോയുടെ പുരോഗമനാത്മക നിലപാടുകളെ വിശദമാക്കുന്നതിനൊപ്പം അതിന്റെ പോരായ്മകള്‍ കൂടി ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധിക്കണം. പഴയ അറിവുകളെ തിരുത്തുകയോ നിഷേധിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതിലൂടെയേ പുതിയ അറിവുകള്‍ കരുത്തുള്ളതാകയുള്ളൂ. ഗലീലിയോ ചെയ്തത് അതാണ്. അങ്ങനെയെങ്കില്‍ ഗലീലിയോയെ പരിചയപ്പെടുത്തുന്ന പുസ്തകവും ആ രീതിയില്‍ ഉള്ളതായിരിക്കണമല്ലോ. പുരോഗമന ചിന്തയിലും മനുഷ്യ നന്മയിലും ഊന്നുന്ന ഒരു ശാസ്ത്രകാരനാണ് പ്രതാപചന്ദ്രന്‍നായരും എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഗലീലിയോയെ സമഗ്രമായി സമീപിക്കുന്ന ഒരു പുസ്കതമാണിത്.

*

ഗലീലിയോയും ശാസ്ത്ര വിപ്ലവവും
പ്രൊഫ. എ. പ്രതാപചന്ദ്രന്‍നായര്‍
ചിന്ത പബ്ലിഷേഴ്സ്- 160 രൂപ

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം