malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

സംഗീതം... ജോണ്‍സണ്‍

കെ ജയകുമാര്‍
മൂന്നാഴ്ച മുമ്പ് ഒരു ഞായറാഴ്ച ഉച്ചമുതല്‍ രാത്രിപത്തുമണിവരെ ജോണ്‍സനോടൊപ്പം ചെലവഴിച്ച് യാത്രപറയുമ്പോള്‍ ഈ വിധമൊരു കുറിപ്പ് എഴുതാനിടയാകുമെന്ന് ആരു കരുതി? ഒന്നിച്ച് കഴിയണമെന്ന് മുമ്പെങ്ങോ നിര്‍ണ്ണയിക്കപ്പെട്ട സമയം മുഴുവന്‍ ചെലവിട്ടുതീര്‍ക്കാന്‍ വേണ്ടി ഒരുക്കപ്പെട്ട ഒര സമാഗമമായിരുന്നു അതെന്ന് ഇപ്പോള്‍ അറിയുന്നു. ഇപ്പോള്‍ മാത്രം. പലപ്പോഴും പിണയാറുള്ളതാണ് ഈ അബദ്ധം നമുക്കൊക്കെ. കാണാനും സംസാരിക്കാനും പിരിയാനും ഇനിയും ഒരുപാട് അവസരങ്ങളുണ്ടാകുമെന്ന് നിരൂപിച്ചിരിക്കേ, നിശ്ശബ്ദമെങ്കിലും ദൃഢമായ കാല്‍വയ്പ്പോടെ മൃത്യുവന്ന് നമുക്ക് ഇഷ്ടപ്പെട്ടവരെ കൊണ്ടുപോകുന്നു. (ഒരുനാള്‍ നമ്മളെയും) ജോണ്‍സണും ഞാനുമായി ആറു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ഞങ്ങളുടെ പാട്ടുകള്‍ സ്രോതാക്കള്‍ക്ക് ഇഷ്ടമായി. ആ ഓര്‍മ്മകള്‍ പങ്കുവെക്കാനും ആ പാട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനും കൈരളി ടിവിയുടെ ഗാനസാഗരം വേദിയൊരുക്കി.

ഒന്നിച്ചിരുന്നു ഗാനങ്ങളെ ക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. അഭിമാനം പങ്കുവെച്ചു. സന്തോഷമുള്ള കുറെ മണിക്കൂറുകള്‍ . സംഗീതസാന്ദ്രമായ അന്തരീക്ഷം. ഓര്‍മ്മകളുടെ പ്രവാഹശബ്ദം മനസ്സില്‍ . അതായിരുന്നു ഞങ്ങളുടെ അവസാന സമാഗമം. ഗാനരചയിതാക്കളോട് തികഞ്ഞ മാന്യത പുലര്‍ത്തിയിരുന്നു ഈ സംഗീത സംവിധായകന്‍ . വ്യക്തിപരമായ ഹൃദ്യതയും എഴുതിക്കൊടുത്ത വരികളോട് സര്‍ഗ്ഗാത്മകമായ ആദരവും എപ്പോഴും കാത്തുസൂക്ഷിച്ചു. ദേവരാജന്‍ ശൈലിയുടെ ഏറ്റവും മികച്ച പിന്‍മുറക്കാരനെന്ന അംഗീകാരം ജോണ്‍സണ്‍ സ്വന്തമാക്കുന്നതിന്റെ കാരണങ്ങളിലൊന്ന്, വരികള്‍ക്ക് പരിക്കേല്‍പിക്കാതെ ഒരു ഗാനത്തിന്റെ ഭാവതന്ത്രിയില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞതാണ്. പ്രകടനപരതയും അമിതമായ ഉപകരണവിന്യാസവും ജോണ്‍സണ്‍ എപ്പോഴും ഒഴിവാക്കി.

ഭാവവും ലയവും തന്റെ ഗാനങ്ങളില്‍ കുടിയിരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. ഒരു ഗാനത്തിന്റെ വിജയത്തിന് സാഹിത്യവും സംഗീതവും ഒരേപോലെ പ്രധാനമാണെന്ന് വിശ്വസിച്ചു. അങ്ങനെ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന നിരവധി ഗാനങ്ങള്‍ ജോണ്‍സണ്‍ സൃഷ്ടിച്ചു. പാട്ടുകളുടെ പട്ടിക നിരത്തുന്നില്ല. "ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം, സായാഹ്നസാനുവില്‍ വിലോലമേഘമായ്" മാറുന്നത് ആ ഗാനത്തിലൂടെ അനുഭവേദ്യമാക്കുന്ന സമീപനമാണ് ജോണ്‍സന്റേത്. ഓരോ ഗാനത്തിലും ഈ ഭാവനിഷ്ഠ പുലര്‍ത്താന്‍ ജോണ്‍സണ് സാധിച്ചു. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിലുള്ള അവഗാഹം, മലയാള ഭാഷയുടെ ആത്മാവറിയാനുള്ള കഴിവ്, ഉപകരണസന്നിവേശത്തിലെ ഔചിത്യം, ഇതൊക്കെയായിരുന്നു ചലച്ചിത്രലോകത്ത്, വേറിട്ട ഈണങ്ങളുടെ രാജകുമാരനായി പരിശോഭിക്കാന്‍ ജോണ്‍സണെ പ്രപ്തനാക്കിയത്. മലയാള ചലച്ചിത്ര സംഗീതത്തില്‍ എന്തൊക്കെയോ ജനിതക മാറ്റങ്ങള്‍ വന്നുഭവിച്ച കഴിഞ്ഞ ഒരു ദശകത്തില്‍ ജോണ്‍സണ്‍ സിനിമാരംഗത്തുനിന്ന് ഒഴിഞ്ഞുനിന്നു.

പക്ഷേ, മലയാളിക്ക് അദ്ദേഹം തന്ന പാട്ടുകളില്‍ മായാതെകിടക്കുന്ന ഒരു കൈയൊപ്പുണ്ട്. ലയത്തിന്റെയും ലാളിത്യത്തിന്റെയും ലിപിയില്‍ ചാര്‍ത്തിയ ആധികാരികതയുടെയും അവകാശത്തിന്റെയും തിളക്കമുള്ള ഒരു കൈയൊപ്പ്. "സംഗീതം: ജോണ്‍സണ്‍" എന്ന കേള്‍ക്കുമ്പോള്‍ ഉള്ളിലുണരുന്ന ഒരു ഭാവതരംഗത്തില്‍ ആ കൈയൊപ്പുണ്ട്. സംഗീതത്തെ സ്നേഹിക്കുന്ന മലയാളിസ്രോതാക്കള്‍ ജോണ്‍സണ്‍ തന്നുപോയ ഗാനങ്ങള്‍ വീണ്ടും കേട്ട് ഒരേസമയം അഭിമാനിക്കുകയും നഷ്ടബോധം അനുഭവിക്കുകയും സന്താപത്തില്‍ മുഴുകുകയും ചെയ്യുന്നു. അകാലത്തില്‍ വന്നെത്തിയ മൃത്യുവിനോട് പരിഭവിക്കുന്നു. ഇത്രയും സമ്മോഹനഗാനങ്ങള്‍ നമുക്കിടയില്‍ ജീവിക്കുമ്പോള്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകന് മരണമെവിടെ എന്ന് നാം ഉടനേ തിരിച്ചറിയുകയും ചെയ്യുന്നു. അവസാനയാത്രയ്ക്ക് മുന്‍പ്, നമ്മുടെ ഗാനങ്ങള്‍ ഒരുമിച്ചിരുന്ന് കേള്‍ക്കാനും അവയുടെ പിറവിയുടെ പകലിരവുകളിലേക്കും പശ്ചാത്തലങ്ങളിലേക്കും ഒപ്പമുണ്ടായിരുന്നവരുടെ ഓര്‍മ്മകളിലേക്കും ഒന്നിച്ചൊന്ന് പോയിവരാനും സാധിച്ചുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ആ ആശ്ചര്യത്തിന്റെ ആകാശത്ത് വേര്‍പാടിന്റെ ഒരു കറുത്തമേഘം പടരുകയും ചെയ്യുന്നു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം