malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഇടുക്കി ഭീതിയുടെ നിഴലില്‍

മനോജ് മുരളി
ഏഴ് തുടര്‍ ഭൂചലനങ്ങള്‍ അണക്കെട്ടുകളുടെ നാട് എന്നറിയപ്പെടുന്ന ഇടുക്കി ജില്ലയിലെ ലക്ഷോപലക്ഷം ജനങ്ങളെ കഴിഞ്ഞദിവസം ഭയചകിതരാക്കി. വിട്ടുമാറാത്ത ആശങ്കയിലാണ് ജനങ്ങള്‍.


അണക്കെട്ടുകളുടെ നാടെന്ന് പെരുമ കേട്ട ഇടുക്കി നടുങ്ങി വിറച്ച ദിനമായിരുന്നു കഴിഞ്ഞുപോയത്. ഒന്നിനുപുറമെ ഒന്നായി ഏഴ് ഭൂചലനങ്ങള്‍ നടുക്കത്തിന്റെ നിമിഷങ്ങളാണ് മലയോരനിവാസികള്‍ക്ക് നല്‍കിയത്. ഭൂചലനത്തില്‍ പല സ്ഥലങ്ങളിലും വീടുകളും വന്‍കെട്ടിടങ്ങളും കുലുങ്ങി വിറച്ചു. പാത്രങ്ങള്‍ കുലുങ്ങിവീണു, ജനാലകള്‍ ഇളകി, ജനം വീട്ടില്‍ നിന്നും ഇറങ്ങിയോടി.
ഉപ്പുതറ, വാഗമണ്‍, പശുപ്പാറ, ഏലപ്പാറ, വളകോട്, ഇളംദേശം, കലയന്താനി, വെള്ളിയാമറ്റം, വെട്ടിമറ്റം, കരിമണ്ണൂര്‍, ആലക്കോട്, അടിമാലി-പത്താംമൈല്‍, പണിക്കന്‍കുടി, മുരിക്കാശേരി, കട്ടപ്പന, അയ്യപ്പന്‍കോവില്‍ തുടങ്ങിയ മേഖലകളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 1.09-ന് അനുഭവപ്പെട്ട ചലനം ഏകദേശം മൂന്ന് സെക്കന്റ് നീണ്ടു നിന്നു . എന്താണ് സംഭവിച്ചതെന്ന് ആദ്യമാര്‍ക്കും മനസിലായില്ല. പിന്നീടാണ് അത് ഭൂചലനമായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞത്. ആദ്യമുണ്ടായ ഭൂചലനത്തില്‍ പരിഭ്രമിച്ച ജനങ്ങള്‍ വിവരങ്ങള്‍ കൈമാറിതുടങ്ങിയപ്പോഴേക്കും രണ്ടാമത്തെയെത്തി. അതോടെ പരിഭ്രാന്തിയായി. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളിലുണ്ടായിരുന്നവര്‍ക്ക് ശക്തമായ നടുക്കം അനുഭവപ്പെട്ടു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു അടുത്ത ചലനം. ഇതിന് ശേഷം 2.09-നും 2.15-നും, 3.10-നും, 4.20-നും, 4.21-നും, 5.21-നും ഭൂചലനം ആവര്‍ത്തിച്ചു. ഭൂചലനം അനുഭവപ്പെട്ട മേഖലകളിലെ മിക്ക സ്‌കൂളുകളിലെയും കുട്ടികളെ പുറത്തിറക്കി നിര്‍ത്തിയിരുന്നു. ചില സ്‌കൂളുകള്‍ നേരത്തെ വിട്ടു. വാഗമണ്‍, പശുപ്പാറ, വളകോട്, അയ്യപ്പന്‍കോവില്‍ മേഖലകളിലാണ് കൂടുതല്‍ ചലനം അനുഭവപ്പെട്ടത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണിക്ക് പുറമെ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ജില്ലയെ ഉല്‍ക്കണ്ഠയിലാഴ്ത്തുന്നു. 110 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടെ പതിനഞ്ചോളം അണക്കെട്ടുകള്‍ ജില്ലയില്‍ ഉണ്ടെന്നാണ് കണക്ക്. ഇത് കൂടാതെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ച് വയ്ക്കാവുന്ന നൂറ്റമ്പതിലധികം ചെക്ക്ഡാമുകള്‍ വേറെയും. ഇത്‌കെണ്ടാണ് നാടിനെ മുഴുവന്‍ നശിപ്പിക്കുവാന്‍ ശേഷിയുള്ള ജലബോംബാണ് ഇടുക്കിയെന്ന് ചിലര്‍ വിശേഷിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍, ഇടുക്കി, കുളമാവ്, കുണ്ടള, പൊന്‍മുടി, ലോവര്‍ പെരിയാര്‍, ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി, ഉള്‍പ്പെടെയുള്ള ഡാമുകളുടെ പരിധിയില്‍ താമസിക്കുന്നവരാണ് ഭൂചലനത്തെ തുടര്‍ന്ന് ഏറെ ആശങ്കയിലായിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സ്ഥിരീകരിച്ചതോടെ ഈ രണ്ട് അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെയാണ് ഇടുക്കി-എറണാകുളം ജില്ല നിവാസികള്‍ നേരിടുന്നത്. മുന്‍വര്‍ഷങ്ങളിലും ഇതേ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായപ്പോള്‍ ജനങ്ങള്‍ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഇതിന് മുമ്പും പലതവണ ഭൂചലനം ഉണ്ടായിട്ടുണ്ട്. കൊടൈക്കനാലില്‍ ആരംഭിച്ച് ഈരാറ്റുപേട്ടയില്‍ അവസാനിക്കുന്ന ഭൂകമ്പ ഭ്രംശ നാളികള്‍ മുല്ലപ്പെരിയാര്‍ ഇടുക്കി അണക്കെട്ടുകളുടെ മേഖലകളിലൂടെയാണ് കടന്നുപോകുന്നതെന്ന കണ്ടെത്തലും ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിക്കാനിടയായിട്ടുണ്ട്. കാലപ്പഴക്കത്തിന്റെ ബലക്ഷയവും, ഭൂചലനത്തിന്റെ ഭീഷണിയിലും നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പെരിയാര്‍ തീരവാസികള്‍ക്ക് മാത്രമല്ല ഇടുക്കിയും എറണാകുളവും ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ 40 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി ഉയര്‍ത്തുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സുര്‍ക്കി മിശ്രിതം ഭൂചലനങ്ങളെ പ്രതിരോധിക്കുവാന്‍ പര്യാപ്തവുമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ശ്കതി കൂടിയ ഭൂകമ്പ മാപിനികള്‍ സ്ഥാപിക്കകണമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.കാലവര്‍ഷം കനത്തതോടെ മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഉയരുന്നതിന്റെ ആശങ്കയില്‍ കഴിയുന്ന ഒരുപറ്റം ജനങ്ങള്‍ക്ക് ഭൂചലനം സമ്മാനിച്ചത് ഉറക്കമില്ലാത്ത രാവുകളാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം