malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

ആയിരം മടങ്ങ് പൊലിപ്പിച്ചെടുത്ത പുരുഷ പീഡന മാഹാത്മ്യം

ഡോ. ഷേര്‍ളി പി. ആനന്ദ്
നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. പാശ്ചാത്യസംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കുടുംബ സംവിധാനം കെട്ടുറപ്പുള്ളതും, അരോഗ്യകരവുമായിരിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണുള്ളത്. എങ്കിലും സ്ത്രീയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ വിട്ടുവീഴ്ചയും ക്ഷമയും സഹനവും ത്യാഗവും ഒക്കെ ഇതിനുവേണ്ടിവരുന്നുണ്ടെന്ന് നമുക്കെല്ലാം അറിവുള്ളതാണ്.

''പീഡനം കൊണ്ട് വീര്‍പ്പുമുട്ടുന്ന പുരുഷന്മാര്‍'' എന്ന ലേഖനത്തില്‍ ഡോ. ത്രേസ്യാ ഡയസ് ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങളില്‍ കാണുന്ന സ്ത്രീ പുരുഷ കഥാപാത്രങ്ങളെ അത്യപൂര്‍വ്വമായി നമ്മുടെ സമൂഹത്തില്‍ കണ്ടുമുട്ടാം. എന്നാല്‍ ജോനാതാന്‍ സ്വിഫ്ടിന്റെ ഗളിവര്‍ 'കൊച്ചുമനുഷ്യര്‍' മാത്രമുളള ലോകത്ത് എത്തിപ്പെട്ടതുപോലെ പുരുഷ പീഡനം നടത്തുന്ന, ശുചിത്വമില്ലാത്ത 'കാമവെറി' മൂത്ത സ്ത്രീകള്‍ മാത്രമാണു നമ്മുടെ നാട്ടിലുള്ളതെന്നാണ് ലേഖനത്തിന്റെ വിവക്ഷ. ഈ പെണ്ണരശ്ശ് നാട് ഡോ ത്രേസ്യായുടെ മനോരാജ്യത്തിലെ കെട്ടുകഥകളില്‍ മാത്രമാണ് കാണുക.

പരസ്പരം സ്‌നേഹവും പ്രണയവുമൊക്കെയുള്ള വ്യക്തികള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും അത് ആസ്വദ്യകരമാണെന്നുള്ളത് സത്യമാണ്. ഓഫീസിന്റെ കോണികയറുന്നതിനിടെ അബദ്ധത്തില്‍ സ്പര്‍ശിച്ച ഉദ്യോഗസ്ഥനോട് 'ഞാന്‍ ശരിക്കും ആസ്വദിച്ചു' എന്ന് കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു യുവതി പറയുന്നുവെങ്കില്‍ അവള്‍ക്ക് എന്തെങ്കിലും മാനസികവൈകല്യമുണ്ടെന്നുവേണം കരുതാന്‍.
കിടപ്പറയിലേയ്ക്ക് എണ്ണമെഴുക്കുള്ള മുടിയും, വിയര്‍പ്പിന്റെ ദുര്‍ഗന്ധവുമായി ശുചിത്വമില്ലാതെ ഭാര്യ കടന്നുവരുന്നെങ്കില്‍ അത് കാണിച്ചുതരുന്നത് അവളനുഭവിക്കുന്ന ജീവിത പ്രാരാബ്ദങ്ങളുടെ ചിത്രമാണ്. ആവശ്യത്തിന് വിശ്രമവും സുഭിക്ഷമായ ജീവിതവുമുള്ള ഒരു സ്ത്രീയും പുരുഷനെ പീഡിപ്പിക്കാന്‍ വേണ്ടി ശുചിത്വമില്ലാതെ കിടപ്പറയില്‍ ചെല്ലുകയില്ല. പൊതുവേ പുരുഷനേക്കാള്‍ ശുചിത്വബോധം സ്ത്രീകള്‍ക്കുതന്നെയാണുള്ളതെന്നുള്ളത് നിസ്തര്‍ക്കമാണ്.

ലൈംഗീകാസംതൃപ്തി പുരുഷനെപ്പോലെ സ്ത്രീക്കും അനുഭവപ്പെട്ടെന്നിരിക്കും. കാരണം സ്ത്രീയും സംവേദന ക്ഷമതയുളള ഒരു ജീവിതന്നെ. ഒരു സുഹൃത്തിനെപ്പോലെ കരുതിയില്ലെങ്കിലും അല്പം സ്‌നേഹവും പരിഗണനയും നല്‍കാത്ത ഭര്‍ത്താവിന് 'രാത്രിയുടെ യാമങ്ങളില്‍ എല്ലാം മറന്ന് ലയിക്കാന്‍'' പഞ്ചസാര ലായനിയോ, മദ്യമോ ഒന്നുമല്ലല്ലോ ഭാര്യ. പ്രതീക്ഷകളും സ്വപ്‌നങ്ങളും ഒക്കെയുള്ള ഒരു മനുഷ്യ ജീവിയല്ലേ ഭാര്യയും?

ഓഫീസുകളില്‍ സ്ത്രീകള്‍ നടത്തുന്ന നിന്ദ്യമായ പെരുമാറ്റങ്ങളുടെ നീണ്ട ലിസ്റ്റ്‌നൊടുവില്‍ അവര്‍ രുചികരമായ ഭക്ഷണം കൊണ്ടുവന്ന് പങ്ക് വച്ച് കഴിക്കുന്നു എന്ന അക്ഷന്തവ്യമായ തെറ്റിനെപ്പറ്റിയാണു പറയുന്നത്.

''നിതംബം കൊണ്ടുരസിയും, സ്തനങ്ങള്‍ കാട്ടി ഭ്രാന്ത് പിടിപ്പിച്ചും, തലമുടികൊണ്ട് തലോടിയും'....... കാമവെറിമൂത്ത ശൂര്‍പ്പണഖയെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സ്ത്രീകള്‍ ഇവിടെ ഏതോഫീസിലാണാവോ ഉള്ളത്.

'അധ്യാപികമാരുടെ ഭര്‍ത്താക്കന്മാരെല്ലാം 'ഇരുതലമൂര്‍ഛയേറിയ' വാക്കുകളുടെ പ്രഹരമേറ്റ് ബോധശൂന്യരായികിടപ്പാണെന്നു തോന്നും ലേഖനം വായിക്കുമ്പോള്‍.

''പീഡനം ഏല്‍ക്കുന്ന പുരുഷന്‍ വായ് തുറക്കാത്തതിന്റെ രഹസ്യങ്ങളിലേക്കു നാം കടന്നു ചെല്ലേണ്ടിയിരിക്കുന്നു എന്ന് ലേഖിക....

''എന്താണാവോ ആ രഹസ്യങ്ങള്‍?

കായിക ശേഷിയില്‍ പുരുഷനേക്കാള്‍ പിന്നിലാണെങ്കിലും സ്വന്തം കുടുംബത്തിനുവേണ്ടി നമ്മുടെ സമൂഹത്തില്‍ സ്ത്രീകളേറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍.... ചുമക്കുന്ന ഭാരം.... അതിനൊരു സാക്ഷ്യപത്രത്തിന്റെ ആവശ്യമില്ല.

പ്രകൃതി തന്നെ ഏല്‍പ്പിച്ചുകൊടുത്തിട്ടുള്ള പ്രത്യുല്‍പ്പാദനവും അടുത്ത തലമുറയെ കരുപ്പിടിപ്പിക്കുകയും ചെയ്യുക എന്നുള്ള വലിയ ഉത്തരവാദിത്വത്തിന്റെ ഭാഗമായി വീട്ടുജോലികളും സ്ത്രീകളുടെ ചുമതലയായി. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടി പുരുഷനൊപ്പം ജോലിചെയ്യാനും വിദ്യാഭ്യാസപരമായി മുന്നേറാനും അവള്‍ തയ്യാറായി. മാറിയ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കി സ്ത്രീകള്‍ ഒരുപാട് മാറി. എന്നാല്‍ പുരുഷന്മാരിലധികം പേരും സ്ത്രീയുടെ വര്‍ദ്ധിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സിലാക്കുന്നില്ല. ഒട്ടും മാറാന്‍ ശ്രമിക്കുന്നില്ല. ഒരു ചെറിയ ശതമാനം പുരുഷന്മാര്‍ മാത്രമാണ് ഭാര്യയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അവളെ സഹായിക്കുന്നത്.

ദീര്‍ഘദൂരം യാത്ര ചെയ്തു ജോലിക്കുപോകുന്ന സ്ത്രീകള്‍ ഭര്‍ത്താവിന്റെയും, കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും സുഖസൗകര്യങ്ങള്‍ക്കുവേണ്ടി സ്വന്തം ആരോഗ്യവും അസൗകര്യങ്ങളും കണക്കിലെടുക്കുന്നില്ല.

''അവരുടെ ഡ്രസുകള്‍ തേച്ചുകഴിഞ്ഞപ്പോള്‍ സ്വന്തം ഷര്‍ട്ട് തേയ്ക്കാന്‍ സമയം കിട്ടാതെ ഈറനണിഞ്ഞ കണ്ണുകളുമായി നിന്ന സ്റ്റാഫിനെപ്പറ്റിപ്പറഞ്ഞതാണേറെ'ഹൃദയസ്പര്‍ശി'യായത്.
ഗാര്‍ഹിക പീഡനങ്ങള്‍ക്കപ്പുറം ഇവിടെ കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീ അപമാനിക്കപ്പെ ടുകയും, കിരാതമായി പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്നത് നിത്യസംഭവമായിതീര്‍ന്നിരിക്കുന്നു.
'ഇര'യാക്കപ്പെടുന്നവരുടെ പ്രായം ഒരു പ്രശ്‌നമല്ല. 6 മാസം മുതല്‍ തൊണ്ണൂറുവരെയുമാകാം.
ഈ കഥകളൊക്കെ സെന്‍സേഷനുവേണ്ടി ഇവിടുത്തെ വാര്‍ത്താമാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു പറയാന്‍ ലേഖികയ്ക്ക് കഴിയുമോ?

സ്വന്തം രക്തത്തില്‍ പിറന്ന ഒരു പെണ്‍കുഞ്ഞിന് സൗമ്യയുടെയോ സ്മിതയുടെയോ അനുഭവമുണ്ടാകു മ്പോഴും ത്രേസ്യാ ഡയസിനു പറയാന്‍ കഴിയണം മാധ്യമങ്ങള്‍ പീഡനകഥകള്‍ ആഘോഷിക്കുകയാ ണെന്ന്.
അറേബ്യന്‍ സംസ്‌കാരമല്ല ഭാരതത്തിന്റേത്. എണ്ണപ്പണത്തിന്റെ കൊഴുപ്പുള്ള സുന്ദരിമാരല്ല ഇവിടെയു ള്ളത്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍.

ലോകശരാശരിയുടെ 1000 മടങ്ങ് മദ്യം അകത്താക്കുന്ന നമ്മുടെ പാവം പുരുഷന്മാര്‍. ബിവറേജസ് കോര്‍പ്പറേഷനു മുന്നിലെ നീണ്ട ക്യൂവില്‍ കുഞ്ഞാടുകളെപ്പോലെ ഒത്തൊരുമയോടെ നില്‍ക്കുന്നവര്‍ തനിനിറം കാട്ടുന്നത് കാണണമെങ്കില്‍ വീട്ടില്‍ ചെല്ലണം.

''കണ്ണീര്‍ വരുത്താതെ കരയുന്നവനാണല്ലോ പുരുഷന്‍'' എന്നു മനസ്സിലാക്കാന്‍ ത്രേസ്യാ ഡയസിനു കഴിഞ്ഞെങ്കിലും നമുക്കു ചുറ്റിലുമുള്ള കണ്ണീര്‍ വറ്റിപ്പോയ സാധുസ്ത്രീകളെ കാണാന്‍ കണ്ണുണ്ടായില്ലല്ലോ.
സ്വന്തം കണ്ണിനുമുന്നിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ഡോക്ടറാകണമെന്നില്ല. പക്ഷേ മനസ്സില്‍ ഒരല്‍പം മനുഷ്യത്വം ബാക്കിയുാവണം.

ഭാരതസ്ത്രീയുടെ ഭാവശുദ്ധിക്ക് ഒരു മങ്ങലും വന്നിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സമൂഹം അവളുടെ ജീവിതത്തില്‍ അഴലിന്റെ അധ്യായങ്ങളെഴുതി ചേര്‍ക്കുമ്പോള്‍, അതിജീവനത്തിനായി അവള്‍ മുറുകെപ്പിടിക്കുന്നത് സ്വന്തം മനസിലവശേഷിക്കുന്ന നന്മയിലും കാരുണ്യത്തിലുമാണെന്ന് തിരിച്ചറിയുക.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം