malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

പ്രസിദ്ധ സംഗീതജ്ഞരുടെ ജീവിതത്തിലെ ചില സംഭവ കഥകള്‍

ഡോ. കെ ഓമനക്കുട്ടി
സംഗീതജ്ഞരുടെ ജീവിതം സംഭവ ബഹുലമാണ്. രസകരങ്ങളായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചവരുമാണവര്‍ . ആദ്യമായി തിരുവിതാംകൂറില്‍നിന്നു തുടങ്ങാം. പ്രതിഭാധനനായ സ്വാതിതിരുനാള്‍ മഹാരാജാവ് "രാജാക്കന്മാരിലെ സംഗീതജ്ഞനെ"ന്നും "സംഗീതജ്ഞരിലെ രാജാവെ"ന്നും പുകഴ്പെട്ടവനാണ്. 34 വയസ്സിനകം രചിക്കാവുന്നത്ര രചനകള്‍ നിര്‍വഹിച്ചു. ശ്രീപത്മനാഭദാസനായ അദ്ദേഹമാണ് തിരുവിതാംകൂര്‍ രാജാക്കന്മാരില്‍വച്ച് ഏറ്റവും ധനം ശ്രീപത്മനാഭന് സമര്‍പ്പിച്ചതും. ഗര്‍ഭശ്രീമാനായ അദ്ദേഹത്തെ പ്രസവിച്ച സമയത്ത് വനത്തില്‍നിന്ന് ഒരു വെള്ളാനയെ ലഭിച്ചു എന്നൊരു കഥയുണ്ട്. വെള്ളാനയെ ലഭിക്കുന്നത് ഭാഗ്യമാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. വാസ്തവത്തില്‍ തിരുവിതാംകൂറിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ രാജ്യത്തിനുവേണ്ടി ഇത്രയും ഭരണപരിഷ്കാരം ചെയ്തിട്ടുള്ള മഹാരാജാക്കന്മാര്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അതുപോലെ, സംഗീതം മുഖേന ദേശീയോദ്ഗ്രഥനം നിര്‍വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഭാരതത്തിലെമ്പാടുമുള്ള സംഗീതരത്നങ്ങളില്‍ പലരും അദ്ദേഹത്തിന്റെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു എന്നുള്ളത് ഒരു ചരിത്രസത്യം മാത്രം. 18 ഭാഷകള്‍ അദ്ദേഹത്തിനു വശമായിരുന്നു. ഏഴില്‍ കൂടുതല്‍ ഭാഷകളില്‍ അദ്ദേഹം സംഗീതകൃതികള്‍ രചിച്ചിട്ടുണ്ട്.

ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍ , മുത്തുസ്വാമി ദീക്ഷിതര്‍ , ശ്യാമശാസ്ത്രികള്‍ തുടങ്ങിയവര്‍ സ്വാതിയുടെ സമകാലീനര്‍ ആയിരുന്നു. ഒരു കാര്യമിവിടെ വളരെയധികം സ്മരിക്കപ്പെടേണ്ടതാണ്. വളരെ പ്രായം ചെന്നശേഷമാണവരെല്ലാം വിടപറഞ്ഞത്. അവരെല്ലാം ഏറ്റവും നല്ല കൃതികള്‍ രചിച്ച് സംഗീതലോകത്തേക്ക് സംഭാവനയും നല്‍കി. പക്ഷേ, സ്വാതിയോ? ചെറുപ്രായത്തിനകം വൈവിധ്യമേറിയ അനേകം സംഗീതരൂപങ്ങളാണ് രചിച്ചിട്ടുള്ളത്. സാഹിത്യപരമായും സംഗീതപരമായും അദ്ദേഹം രചിച്ചിട്ടുള്ള കൃതികളെ അവലോകനം ചെയ്താല്‍ നാം അത്ഭുതസ്തബ്ധരായിപ്പോകും. അദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവിതകാലം സംഭവബഹുലമായിരുന്നു. സ്വാതിയുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഇരയിമ്മന്‍തമ്പി. സ്വാതിയും തമ്പിയും കര്‍ണാടക സംഗീതത്തിലെ പ്രാധാന്യമേറിയ സംഗീതരൂപമായ "പദ"ങ്ങള്‍ രചിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ പദങ്ങള്‍ എന്ന സംഗീതരൂപം, പുറമെ ശൃംഗാരമെന്നു തോന്നാമെങ്കിലും അകമേ ഭക്തിസാന്ദ്രമാണ്. ജീവാത്മാവിന്റെ പരമാത്മാവിലേക്കുള്ള ലയനമാണ് പദത്തിന്റെ പ്രമേയം.

അതില്‍ നായകനും (പരമാത്മാവ്) നായികയും (ജീവാത്മാവ്) സഖിയു (ജീവാത്മാവിനെ പരമാത്മാവിലേക്ക് നയിക്കുന്ന ഗുരു)മാണ് കഥാപാത്രങ്ങള്‍ . സ്വാതിപദങ്ങളില്‍ ജീവാത്മാവ് (നായിക) അദ്ദേഹം തന്നെയാണ്. പരമാത്മാവ് (നായകന്‍) ശ്രീപത്മനാഭനാണ്. ചുരുക്കത്തില്‍ സ്വാതിയുടെ പദങ്ങള്‍ ദൈവീകമാണ്. ഇരയിമ്മന്‍തമ്പിയുടെ നായിക തമ്പിതന്നെ. നായകനോ സാക്ഷാല്‍ സ്വാതിതിരുനാള്‍ . ഒരു വ്യത്യാസം സ്വാതിയുടെ പദങ്ങളില്‍നിന്ന് തമ്പിയുടെ പദങ്ങള്‍ക്കുണ്ട്. അതായത് തമ്പിയുടെ പദങ്ങള്‍ "പച്ച ശൃംഗാര"ത്തെ ദ്യോതിപ്പിക്കുന്നവയാണ്. സ്വാതിയുടെ പ്രിയപത്നിയായിരുന്നു നാരായണിപ്പിള്ള തങ്കച്ചി. ഒരിക്കല്‍ അവര്‍ തമ്മില്‍ ഒരു സൗന്ദര്യപ്പിണക്കംമൂലം കുറച്ചകലുവാനിടയായി. തമ്പിക്കത് ഹൃദയഭേദകമായി. അദ്ദേഹം, ഈ പിണക്കം തീര്‍ക്കാന്‍വേണ്ടി അമ്മച്ചിക്ക് ഒരു പദമെഴുതിക്കൊടുത്തു. അത് കാംബോജി രാഗത്തില്‍ പാടണമെന്നും അഭ്യര്‍ഥിച്ചു. തമ്പുരാന്‍ വരുന്ന സമയം വീണമീട്ടി ഈ പദം പാടണമെന്നും തമ്പി അമ്മച്ചിക്കു നിര്‍ദേശം നല്‍കി. തമ്പുരാന്‍ വരുന്ന സമയംനോക്കി അമ്മച്ചി വീണ വായിച്ചുകൊണ്ടു പാടി "പ്രാണനാഥനെനിക്കു നല്‍കിയ- പരമാനന്ദ രസത്തെ പറവാനെളുതാമോ- ബാലേ".

പദഗാനാലാപം പൂര്‍ത്തിയായതോടുകൂടി പരിഭവം കാറ്റില്‍ പറന്നുപോയി.

* * * * *

18-ാം നൂറ്റാണ്ടില്‍ ഉദയര്‍പാളയത്തു ജീവിച്ചിരുന്ന കലാസ്നേഹിയും കലാസംരക്ഷകനുമായ ജമീന്ദാരായിരുന്നു യുവരംഗഭൂപതി. നീതിമാനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. ജനങ്ങള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിരുന്നത് "അഭിനവഭോജന്‍" എന്നാണ്. അക്കാലത്തു ജീവിച്ചിരുന്ന അതിപ്രശസ്തനായ ഗായകനായിരുന്നു ഭൂലോക ഗന്ധര്‍വ നാരായണസ്വാമി അയ്യര്‍ . ഭൂലോക ഗന്ധര്‍വന്‍ എന്ന വാക്കിന്റെ അര്‍ഥം ഭൂമിയിലെ ദേവഗായകന്‍ എന്നാണ്. യുവരംഗഭൂപതി ഒരിക്കല്‍ ഈ ഗാനഗന്ധര്‍വനെ തന്റെ ആസ്ഥാനത്തേക്കു ക്ഷണിച്ചുവരുത്തി. അദ്ദേഹത്തിനു താമസത്തിനായി ഒരു മണിമന്ദിരംതന്നെ ഏര്‍പ്പാടാക്കി. പരിചരണത്തിനായി അനേകം സേവകരെയും ഏര്‍പ്പെടുത്തി. പക്ഷേ, ജമീന്ദാര്‍ അദ്ദേഹത്തെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയോ പാടാന്‍ അവസരം ഒരുക്കുകയോ ചെയ്തില്ല. ദിവസങ്ങള്‍ വളരെയേറെ കഴിഞ്ഞിട്ടും തന്നെ പാടിക്കാത്തതുകൊണ്ട് ഭൂലോകഗന്ധര്‍വന് വളരെയേറെ നിരാശയുണ്ടായി. ഒരുദിവസം അദ്ദേഹം ദേഹത്തൊക്കെ എണ്ണതേച്ച് കുളിക്കാനൊരുങ്ങി. തത്സമയംതന്നെ അദ്ദേഹത്തിന് പാടുവാന്‍ പ്രചോദനമുണ്ടായി. വളരെ ഭംഗിയായി അതിമനോഹരമായി കുളിമുറിയില്‍ നിന്നുകൊണ്ടു പാടി. താന്‍ തന്നെയാണോ ഇത്രയും അസാധ്യമായി പാടിയത് എന്ന് സ്വയം ചോദിച്ചു. സന്തോഷം സഹിക്കവയ്യാതെ ഉറക്കെ അദ്ദേഹം പറഞ്ഞു, "ജമീന്ദാര്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ; ഈ നിമിഷം ഞാന്‍ പാടിയ പാട്ടു കേട്ടിരുന്നെങ്കില്‍ ; എന്റെ ഗാനാലാപനത്തിന്റെ വില അദ്ദേഹം മനസ്സിലാക്കുമായിരുന്നു". മറുപടിയുടന്‍ വന്നു. "ഞാനിവിടെ തന്നെയുണ്ട്. അങ്ങയുടെ ദേവഗീതം എന്റെ ചെവികള്‍ക്ക് സ്വര്‍ഗീയസുഖം നല്‍കി. ഈ ഒരു സന്ദര്‍ഭത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്." സാക്ഷാല്‍ ജമീന്ദാരാണ് ഇപ്രകാരം വിളിച്ചുപറഞ്ഞത് എന്നു മനസ്സിലാക്കിയ ദേവഗായകന്‍ സ്തബ്ധനായിപ്പോയി. ജമീന്ദാര്‍ ഇപ്രകാരം പറഞ്ഞു: "അങ്ങ് ക്ഷമിക്കണം. മറ്റൊരാളിന്റെ ആജ്ഞയനുസരിച്ച് പാടിയാല്‍ ഒരിക്കലും അതു സ്വാഭാവികമായിരിക്കുകയില്ല. താങ്കള്‍ ഇപ്രകാരമൊരു ചുറ്റുപാടില്‍ സ്വയംമറന്ന് പാടുമ്പോള്‍ എന്നെ അറിയിക്കണമെന്നു പറഞ്ഞ് ഭടന്മാരെ ഞാനിവിടെ ഏര്‍പ്പെടുത്തിയിരുന്നു. ഏതായാലും ഇതൊരു അസുലഭ സന്ദര്‍ഭമായിരുന്നു. സന്തോഷംകൊണ്ട് ഇന്നെനിക്ക് ജന്മസാഫല്യമുണ്ടായിരിക്കുന്നു." അനന്തരം ജമീന്ദാര്‍ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് സംഗീത സദിര് നടത്തി. കച്ചേരി പരിസമാപിച്ചപ്പോള്‍ ജമീന്ദാര്‍ തലകുനിച്ച്, ആദരവോടുകൂടി ഗായകന് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കി. യുവരംഗഭൂപതി ഒരു വലിയ സംഗീതരസികനും "പദം" എന്ന ഗാനരൂപത്തിന്റെ രചയിതാവുമായിരുന്നു. രണ്ടു കൊടികള്‍ കെട്ടിയ അസാധാരണ തംബുരു ഉപയോഗിച്ചിരുന്ന സുപ്രസിദ്ധ ഗായകനായ ബോബിലി കേശവീയ്യെയും യുരംഗഭൂപതി വിളിച്ചാദരിച്ചിട്ടുണ്ട്.

* * * *

പാലക്കാട്ടുകാരനായ ഒരു ബ്രാഹ്മണബാലന്‍ തിരുവനന്തപുരത്തേക്കു ചേക്കേറി. ഒരു സന്ദര്‍ഭത്തില്‍ ഇദ്ദേഹം പാടുന്നത് സ്വാതിതിരുനാള്‍ മഹാരാജാവ് കേള്‍ക്കുകയുണ്ടായി. ഈ ബാലന്‍ പില്‍ക്കാലത്ത് സ്വാതിയുടെ സംഗീതസദസ്സിലെ ഒരു രത്നം തന്നെയായിത്തീര്‍ന്നു. ആ സുപ്രസിദ്ധ ഗായകനാണ് പരമേശ്വരഭാഗവതര്‍ . സ്വാതിയുടെ രാജകീയസദസ്സിലെ പ്രധാന ഗായകനായിരുന്ന വടിവേലുവിന്റെ സംഗീതത്തോട് പരമേശ്വരന് ആരാധനയായിരുന്നു. പരമേശ്വര ഭാഗവതരുടെ വത്സലശിഷ്യനായിരുന്നു സംഗീതത്തില്‍ അതുല്യപ്രതിഭയായ കോയമ്പത്തൂര്‍ രാഘവഅയ്യര്‍ . വടിവേലുവിന്റെ സംഗീതത്തെക്കുറിച്ച് പരമേശ്വര ഭാഗവതര്‍ രാഘവയ്യരോട് പുകഴ്ത്തി പറയാറുണ്ടായിരുന്നു. എന്നാല്‍ , തന്റെ പാട്ടിനെക്കുറിച്ച് ഗുരുനാഥന്‍ ഒരഭിപ്രായവും പറയാത്തതില്‍ രാഘവയ്യര്‍ക്ക് വലിയ സങ്കടം തോന്നി. ഒരിക്കല്‍ ധൈര്യം സംഭരിച്ച് അദ്ദേഹം ഗുരുനാഥനോടിപ്രകാരം ചോദിച്ചു: "വടിവേലുവിന്റെ സംഗീതവുമായി എന്റെ സംഗീതത്തെ അങ്ങ് എപ്രകാരമാണ് വിലയിരുത്തുന്നത്"? ഉടനെ മറുപടി വന്നു. "അവനുക്ക് വിളക്ക് എടുത്തുകൊണ്ടു പോവതര്‍ക്കൂട ഉനക്ക് യോക്യതൈ ഇല്ലൈ". അതായത്, വടിവേലുവിന്റെ മുമ്പില്‍ വിളക്കു പിടിക്കാനുള്ള യോഗ്യതപോലും നിനക്കില്ല. അക്കാലത്ത് രാത്രികാലങ്ങളില്‍ തങ്ങളുടെ യജമാനന്മാര്‍ക്ക് വഴികാട്ടാനായി ഭൃത്യന്മാര്‍ വിളക്കുപിടിച്ച് മുമ്പില്‍നടക്കുന്നത് ഒരു ആചാരമായിരുന്നു.

* * * * *

തിരുവയ്യാര്‍ സുബ്രഹ്മണ്യഅയ്യര്‍ എന്നൊരു വിദ്വാനുണ്ടായിരുന്നു. താളസംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ അക്കാലത്താരുമില്ലായിരുന്നു. ഒരു താളത്തില്‍ മാത്രം ഒരു ഗാനം വളരെ ശുദ്ധമായി പാടാന്‍തന്നെ അതീവ ശ്രദ്ധ ആവശ്യമാണ്. അദ്ദേഹം ഒരു അടതാളവര്‍ണം ഒരേസമയം അഞ്ചു താളങ്ങളിട്ടു പാടുവാന്‍ പ്രാപ്തനായിരുന്നു. രണ്ടു താളങ്ങള്‍ - ഒരെണ്ണം വീതം രണ്ടു കൈകള്‍കൊണ്ടും മറ്റു രണ്ടു താളങ്ങള്‍ ഒന്നുവീതം രണ്ടു കാലുകള്‍കൊണ്ടും ഒരു താളം തലയുടെ ആട്ടംകൊണ്ടും (സര്‍വലഘു കാണിച്ചുകൊണ്ട്) ക്രമീകരിച്ചാണ് അദ്ദേഹം ഇത്രയധികം ദുഷ്കരമായ താളക്രമം നടത്തിയിരുന്നത്. അദ്ദേഹം സ്വീകരിച്ചിരുന്ന താളങ്ങള്‍ : 1. ഖണ്ഡജാതി അടതാളം (14 അക്ഷരം അടിസ്ഥാനമായെടുത്ത്) 2. ചതുരശ്രജാതി ധ്രുവതാളം 3. തിശ്രജാതി ത്രിപുടതാളം 4. ആദിതാളം 5. ചതുരശ്രജാതി ഏകതാളം.

* * * *

ജലതരംഗം സുബ്ബയ്യര്‍ എന്ന മഹാന്‍ മനോധര്‍മത്തിലുള്‍പ്പെടുന്ന കല്‍പനസ്വരം ഒരേസമയം രണ്ടു വ്യത്യസ്ത താളങ്ങളില്‍ വായിച്ചിരുന്നതായി പറയപ്പെടുന്നു. ജലതരംഗം ഒരു "പോളിഫോണിക്" ഉദകവാദ്യമായതുകൊണ്ട് ഇത് സാധ്യമാണെന്ന് പറയാം. അദ്ദേഹം ഒരിക്കല്‍ ഒരു ജലതരംഗ കച്ചേരി അവതരിപ്പിക്കുകയായിരുന്നു. പക്കവാദ്യം മഹാവിദ്വാന്മാരായ മാമുണ്ടിയാ പിള്ളയും ദക്ഷിണാമൂര്‍ത്തിപ്പിള്ളയും. ഇവരെ കടത്തിവെട്ടാന്‍ അക്കാലത്ത് താളവാദ്യങ്ങളില്‍ ആരുംതന്നെയുണ്ടായിരുന്നില്ല. കച്ചേരിക്കിടയ്ക്ക് ഇവര്‍ രണ്ടുപേരും അടക്കം പറയുന്നത് സുബ്ബയ്യര്‍ ശ്രദ്ധിച്ചു. സുബ്ബയ്യരുടെ താളം തെറ്റിക്കാനുള്ള ഒരു ഗൂഢാലോചനതന്നെയായിരുന്നു അത്. അതു മനസ്സിലാക്കിയ സുബ്ബയ്യര്‍ അടുത്ത ഗാനത്തിന്റെ രീതി മാറ്റി. അദ്ദേഹം ജലം നിറച്ച കപ്പുകള്‍ വയ്ക്കുന്നതിന്റെ ക്രമം മാറ്റി. അതായത് അര്‍ധചന്ദ്രാകൃതിയില്‍ സമാന്തരമായി കപ്പുകള്‍ ക്രമീകരിച്ചു. ഒരു ഗാനം വായിച്ചശേഷം അതിന്റെ മനോധര്‍മ സംഗീതത്തിലുള്‍പ്പെട്ട കല്‍പനസ്വരം വായിച്ചുതുടങ്ങി. ഒരു കമ്പുകൊണ്ട് ഒരു വരിയിലെ കപ്പുകളില്‍ രൂപക താളത്തിലും മറ്റേ കമ്പുകൊണ്ട് രണ്ടാമത്തെ വരിയിലെ കപ്പുകളില്‍ ആദിതാളത്തിലും വായിച്ചുതുടങ്ങി. രൂപകതാളത്തിലെ എട്ട് ആവര്‍ത്തനം കഴിയുമ്പോള്‍ രണ്ടു താളങ്ങളും യോജിക്കത്തക്കവിധത്തില്‍ വായന തുടര്‍ന്നു. മാമുണ്ടിയാപിള്ളയും ദക്ഷിണാമൂര്‍ത്തിപ്പിള്ളയും സ്തബ്ധരായി. ഏതു താളത്തിനു വായിക്കണമെന്നറിയാതെ, വാദ്യത്തില്‍ തൊടുവാന്‍പോലും പറ്റാതെയിരുന്നുപോയി. അതിനുശേഷം സുബ്ബയ്യരുടെ കച്ചേരികള്‍ക്ക് വളരെ കരുതലോടെ; മര്യാദയോടെയും ആദരവോടുകൂടിയും മാത്രമേ അവര്‍ വാദ്യങ്ങള്‍ വായിച്ചിരുന്നുള്ളു. നമ്മുടെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദകവാദ്യമാണ് ജലതരംഗം. അലക്സാണ്ടര്‍ ദി ഗ്രേറ്റിന്റെ കാലത്ത് ഈ വാദ്യം "വാട്ടര്‍ ഓര്‍ഗന്‍" എന്ന പേരില്‍ ഇന്ത്യയില്‍നിന്ന് ഗ്രീസിലേക്കു പ്രചരിപ്പിക്കപ്പെട്ടു. അതിപുരാതനകാലത്ത് ലോഹകപ്പുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും എ ഡി 1000 മുതല്‍ ചീനക്കപ്പുകളാണ് ഈ വാദ്യത്തിനുവേണ്ടി ഉപയോഗിക്കാറുള്ളത്.

* * * *

രസകരമായ ചില സംഭവങ്ങളും സംഗീതകച്ചേരി നടത്തുന്നതിനു മധ്യേ ഉണ്ടായിട്ടുണ്ട്. തിരുപ്പ പുലിയൂര്‍ (കൂടല്ലൂര്‍) എന്ന സ്ഥലത്ത് ഒരു വലിയ പണക്കാരന്റെ വീട്ടിലെ കല്യാണത്തിന് പാടുവാനായി അക്കാലത്തെ ഒരു വലിയ സംഗീതജ്ഞനായ എട്ടയാപുരം രാമചന്ദ്രഭാഗവതരെ വീട്ടുടമ വിളിച്ചുവരുത്തി. പട്ടണം സുബ്രഹ്മണ്യയ്യരുടെ സുപ്രസിദ്ധമായ കൃതി ബേഗട രാഗത്തിലുള്ള "അഭിമാനമെന്നടുഗല്‍കു രാമ" ഭാഗവതര്‍ പാടിത്തുടങ്ങി. അപ്പോള്‍ ഗൃഹനാഥന്‍ ഭാഗവതരോട് "അഭിമാന" എന്ന പല്ലവിഭാഗത്ത് കല്‍പനസ്വരം പാടുവാന്‍ ആവശ്യപ്പെട്ടു. ഭാഗവതര്‍ വീട്ടുടമയോട് ചോദിച്ചു: "അഭിമാനത്തിര്‍ക്കു പാടട്ടുമാ? അന്നവസ്തിരത്തിര്‍ക്കു പാടട്ടുമാ?" സംഗീതത്തില്‍ വലിയ പിടിയില്ലാത്ത വ്യക്തിയായിരുന്നു വീട്ടുടമ. ഗൃഹനാഥന് വളരെ ദേഷ്യമുണ്ടായി. "എന്ത്, ഇയാള്‍ എന്നെ അപമാനിക്കുന്നോ? അഭിമാനത്തിനു വേണ്ടി പാടണമോ? അതോ അന്നവസ്ത്രത്തിനുവേണ്ടി പാടണമോ എന്നു ചോദിച്ചിയാള്‍ എന്നെ അപമാനിക്കുന്നു." ഭാഗവതര്‍ ശാന്തനായി പറഞ്ഞു: "ഒരു കൃതിക്ക് പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഞാന്‍ ചോദിച്ചത് അഭിമാന (പല്ലവി)ത്തിനാണോ അതോ അന്നവസ്ത്ര (ചരണ) ഭാഗത്താണോ സ്വരം പാടേണ്ടത് എന്നാണ്. അല്ലാതെ അങ്ങയെ അപമാനിക്കാന്‍വേണ്ടി ആയിരുന്നില്ല." തന്റെ അബദ്ധം മനസ്സിലാക്കിയ ഗൃഹനാഥന്‍ "രണ്ടു ഭാഗത്തില്‍ ഏതെങ്കിലും ഒന്നിന് കല്‍പനസ്വരം പാടുക" എന്ന് ജാള്യത്തോടെ പറഞ്ഞു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം