malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

അശാന്തിപര്‍വം

എന്‍ കെ സുജിലേഷ്
ആധുനികവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഒരു പരിധിവരെയെങ്കിലും അരക്ഷിതരായി കഴിയേണ്ടി വരികയെന്നത് ഒരു കാരണവശാലും ആശാസ്യമല്ല. പൊതുസ്ഥലങ്ങളെപ്പോലെ വീടുകള്‍ക്കുള്ളിലും സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയാവുന്നുവെന്നത് അത്യന്തം ആശങ്കയ്ക്കു വഴിവയ്ക്കുന്നു. സംരക്ഷണവലയമാകേണ്ട കൈകള്‍ കാമാര്‍ത്തമാകുന്നത് സമീപകാല യാഥാര്‍ഥ്യം. പിതാവെന്നോ സഹോദരനെന്നോ മാതുലനെന്നോ വ്യത്യാസമില്ലാതെ ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഒരു തലമുറയെ എങ്ങനെയാണ് നമ്മള്‍ ആശ്വസിപ്പിക്കുക.

@Photo
വീടുകള്‍ , ഇടവഴികള്‍ , പൊതുനിരത്തുകള്‍ , ജോലിസ്ഥലങ്ങള്‍ .... ഇവയൊക്കെയും അരക്ഷിതമായ ഒരു കാലത്തിന്റെ അടയാളങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഒരിക്കലും ആശാവഹമാവില്ല. എക്കാലത്തും തലകുനിച്ചു നില്‍ക്കാന്‍ മാത്രം പാതകങ്ങള്‍ ചെയ്തുകൂട്ടിയവരായി ഒരു കാലഘട്ടത്തിലെ ജനതയെ വിലയിരുത്തുക എത്രമാത്രം ലജ്ജാകരമായിരിക്കും. കാട്ടുചെള്ളിന്റെ മൂളലായി... പേടിപ്പെടുത്തുന്ന സ്വപ്നങ്ങളായി.... രക്തമുറഞ്ഞുപോകുന്ന ഓര്‍മകളായി..... ഭീതിദമായ ഭാവി നമ്മെ കാത്തിരിക്കുന്നു. ജീവിതമെന്തെന്നറിയും മുമ്പ് പൊലിഞ്ഞുപോയവര്‍ ഭാഗ്യവാന്മാര്‍ . ഈ ലോകത്ത് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് ഒന്നും അറിയേണ്ടിവന്നില്ലല്ലോ എന്ന് സമാധാനിക്കുന്നവരുടെ എണ്ണമാണിപ്പോള്‍ കൂടുതല്‍ . കപടസദാചാരത്തിന്റെ കുപ്പായമണിഞ്ഞ് കൊഞ്ഞനം കുത്തുന്നവര്‍ക്കുമുന്നില്‍ മാനത്തിനു കേഴുന്നത് കുത്താന്‍ വരുന്ന പോത്തിനോട് വേദമോതുന്നതിനു തുല്യം. പീഡനക്കേസുകളുടെ ബാഹുല്യത്തില്‍ കേരളം തലകുനിച്ചുതുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. അറിഞ്ഞതിനപ്പുറമാണ് ഇതിന്റെ വേരുകളാഴ്ന്നിട്ടുള്ളതെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. ഒരിടത്തും ഒരിക്കലും ഒരാളിലും വിശ്വാസമുറപ്പിക്കാനാകാത്തവിധം നമ്മുടെ സഹോദരിമാര്‍ അരക്ഷിതരാകുന്നതിന്റെ കാരണം അന്വേഷിക്കാതെ തന്നെ വ്യക്തം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുമാത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളേക്കാള്‍ പീഡിപ്പിക്കപ്പെടുന്നത് വീടുകളിലാണെന്ന് കാണാം. മൊത്തം കേസുകളുടെ മുപ്പത് ശതമാനത്തോളവും ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ഉള്ള പീഡനങ്ങളുടേതാണ്. എന്നാല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും അതിക്രമത്തിനിരയാവുന്നുവെന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. സന്ധ്യമയങ്ങിയാലുള്ള യാത്രകള്‍പോലും അരക്ഷിതമാവുന്ന സ്ഥിതിവിശേഷത്തിലേക്ക് കേരളം നീങ്ങുന്നുവെന്ന യാഥാര്‍ഥ്യം നാമെല്ലാം പതുക്കെ അംഗീകരിച്ചു തുടങ്ങി. അത്യാവശ്യക്കാരൊഴികെ ബാക്കിയെല്ലാവരും ഇരുട്ടുവീഴുംമുമ്പ് വീടണയുന്നുവെന്നതും ശീലമായിത്തുടങ്ങിയിരിക്കുന്നു. സംഭവങ്ങളെ നിസ്സംഗഭാവത്തോടെ നോക്കിക്കാണുന്ന ഒരു തലമുറ വളരുന്നുവെന്നതും കാണാതിരുന്നുകൂടാ. അഞ്ചുവയസ്സുകാരിയെ പീഡനശ്രമത്തിനിടെ കുളത്തില്‍ തള്ളിയിട്ട എട്ടുവയസ്സുകാരനും പീഡന ശ്രമത്തിനിടെ പിഞ്ചുകുഞ്ഞിനെ കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച എട്ടാംക്ലാസുകാരനും കേരളത്തിന്റെ സംസാര വിഷയത്തിലും പത്രത്താളുകളിലും രണ്ടോ മൂന്നോ ദിവസമേ തങ്ങിനിന്നിട്ടുള്ളൂ. തിരക്കേറിയ ജീവിതത്തില്‍ നാമെല്ലാം മറക്കുന്നു. ലോകത്തെവിടെയും ആധുനിക ജീവിതത്തിന്റെ ശാപമാണ് അരാജകത്വം. മുകളില്‍ പറഞ്ഞ സംഭവങ്ങളിലൊന്നിനുകാരണം ആ കുട്ടിയുടെ ഗാര്‍ഹിക പശ്ചാത്തലമാണെന്നത് പിന്നീട് പുറത്തുവന്ന സത്യം. വഴിതെറ്റലിന്റെ "വഴി" വീടുകളില്‍ തുടങ്ങുന്നുവെന്നതും നമ്മെ വല്ലാതെയൊന്നും അലോസരപ്പെടുത്തുന്നില്ല. നമുക്കിതൊക്കെ ശീലമായിത്തുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

സ്വകാര്യതകള്‍ നഷ്ടമാവുകയും പൊതുവല്‍ക്കരണം ശീലമാവുകയും ചെയ്തതോടെ നാമെല്ലാം ഒഴുക്കിനനുസരിച്ച് നീന്തിത്തുടങ്ങി. പൊറുക്കാനാവാത്തവര്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു. സഭ്യമല്ലാത്ത വസ്ത്രധാരണരീതിയെ കുറ്റംപറഞ്ഞവര്‍ ഒറ്റപ്പെടുമെന്നായപ്പോള്‍ വായടച്ചു. ഇതാണോ വലിയ കാര്യമെന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ക്ക് വേറെ വഴികളില്ലായിരുന്നു. അനുകരണത്തിന്റെ സീമ അതിരുകടന്നപ്പോള്‍ നമ്മള്‍തന്നെ മാതൃകകളായി. വര്‍ഷങ്ങള്‍ക്കപ്പുറത്ത് പ്രതിഷേധംമൂലം ഉപേക്ഷിക്കേണ്ടിവന്ന സുന്ദരിപ്പട്ട മത്സരങ്ങള്‍ക്ക് ഇന്ന് വാര്‍ത്തകളില്‍ മെച്ചപ്പെട്ട സ്ഥാനമാണ്. എതിര്‍ക്കപ്പെടേണ്ടതാണെന്ന ചിന്തയും അസ്ഥാനത്തായി. സംഭവിക്കുന്ന അരുതുകള്‍ക്കെല്ലാം കാരണം ഇതൊക്കെയാണെന്നല്ല. പക്ഷേ കരുതിയിരിക്കാന്‍ നമ്മള്‍ മറന്നുതുടങ്ങിയിരിക്കുന്നു. നമ്മുടെ വീടുകള്‍പോലും മക്കള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളായി മാറിയതിന്റെ ഉത്തരവാദിത്തം ആരുടെയും തലയില്‍ കെട്ടിവയ്ക്കാനാവില്ല. സ്കൂളിലേക്കോ കോളേജിലേക്കോ തൊഴിലിടങ്ങളിലേക്കോ പോകുന്ന പെണ്‍മക്കള്‍ തിരിച്ചുവന്നാല്‍ മാത്രമേ അവര്‍ ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് ഉറപ്പിക്കാനാവൂ. അഞ്ചുവര്‍ഷം മുമ്പ് ഇങ്ങനെ പറയുന്നത് അതിശയോക്തിയാവുമെങ്കില്‍ ഇന്ന് സ്ഥിതിയാകെ മാറിയിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍പോലും ക്രൂരമായി ലൈംഗികപീഡനത്തിനിരയാകുന്നുവെന്നത് ചിലരുടെയെങ്കിലും മാനസികനിലയിലെ താളംതെറ്റലായി ചുരുക്കാനാവില്ലെന്ന് സമകാലിക സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

സമൂഹത്തിന്റെ ബോധനിലയില്‍ കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട് എന്നുതന്നെയാണ് ഇത്തരം വൈകൃതങ്ങള്‍ വിളിച്ചുപറയുന്നത്. കുറ്റം പറയേണ്ടത് സമൂഹത്തെത്തന്നെയെന്ന് നിസ്സംശയം പറയാവുന്ന സംഭവങ്ങളും ചുരുക്കമല്ല. സുരക്ഷിതമെന്നു കരുതുന്ന വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ മാസങ്ങളോളം അരങ്ങേറുന്ന പീഡനപര്‍വങ്ങളെ, അതില്‍നിന്നുയരുന്ന നിലവിളികളെ കാണാതിരിക്കാന്‍ മാത്രം നമ്മുടെ കണ്ണുകളും കാതുകളും അടഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ മാത്രം കാലം അത്രയൊന്നും കെട്ടുപോയിട്ടില്ല. പക്ഷേ, മാതാപിതാക്കളും മക്കളും പരസ്പരം അന്യന്മാരാകുന്ന കാലത്തേക്കുള്ള പ്രയാണത്തിന് ഇന്ന് വേഗമല്‍പ്പം കൂടുതലാണ്. അച്ഛനും സഹോദരനും മാറിമാറി "ഉപയോഗിച്ച" പെണ്‍കുട്ടി ജീവിച്ചതും ജീവിക്കുന്നതും കേരളത്തിലാണെന്നോര്‍ക്കുക. മിസ്ഡ് കോള്‍ പ്രണയങ്ങളുടെ "ഗുണഭോക്താക്കളും" അല്ലലേതുമില്ലാതെ ഇവിടെ "സുഖജീവിതം" നയിക്കുന്നു. പിടഞ്ഞുതീരുമ്പോഴുണ്ടാകുന്ന നിലവിളികള്‍ക്ക് സംഗീതത്തിന്റെ താളവും മാധുര്യവും കല്‍പ്പിച്ചുകിട്ടുന്ന ആസുരതയുടെ കാലത്തേക്കുള്ള പോക്കില്‍ കരുതിയിരിക്കുക തന്നെ. തിരിച്ചടിക്കാനുള്ള ഊര്‍ജവുമായി.......

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം