malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

എം ടി മലയാളിയുടെ സ്വകാര്യ അഹങ്കാരം

സ്വന്തം ലേഖകൻ
ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് എം ടി. മലയാളിയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന്‍ വേറെ ഉണ്ടാവുമെന്നും തോന്നുന്നില്ല. വൈകിയെത്തിയ പുരസ്‌കാരത്തെയും ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം സ്വീകരിക്കുന്നു. ഉറക്കെച്ചിരിക്കാന്‍ മടിയുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഓര്‍മ്മയിലുള്ള മലയാളി ആ ചെറുപുഞ്ചിരിയെ നെഞ്ചേറ്റുന്നു.

ആധുനിക മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ സ്മാരകത്തിനു വേണ്ടി കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റെ അധ്യക്ഷസ്ഥാനമലങ്കരിക്കുകയും ചെയ്യുന്ന എം ടിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതോടെ ആ പുരസ്‌കാരം തന്നെ അംഗീകരിക്കപ്പെടുകയാണ്. എഴുത്തിനിരുത്ത് പോലുള്ള കാര്യങ്ങള്‍ മാത്രം നടന്നിരുന്ന തുഞ്ചന്‍ പറമ്പിനെ ഇന്ന് കാണുന്ന തരത്തിലേക്ക് മാറ്റിയെടുത്തതില്‍ എം ടിയുടെ പങ്ക് നിര്‍ണായകമാണ്. ഭാഷാ സ്‌നേഹികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും തീര്‍ത്ഥാടന കേന്ദ്രമായി തുഞ്ചന്‍ പറമ്പിനെ മാറ്റിയെടുക്കുകയായിരുന്നു എം ടി.
മലയാളത്തില്‍ ഏറ്റവും വിപണി മൂല്യമുള്ള എഴുത്തുകാരന്‍കൂടിയാണ് എം ടി. കാലങ്ങള്‍ മാറുമ്പോഴും വില്‍പ്പനശാലകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും ബെസ്റ്റ് സെല്ലറുകളായി നിലനില്‍ക്കുന്നു. കൂടല്ലൂരെന്ന ചെറിയ ഗ്രാമത്തിന്റെയും അവിടുത്തെ ക്ഷയിച്ചുപോകുന്ന നാലുകെട്ടുകളുടെയും കൂട്ടുകുടുംബ ജീവിതത്തിലെ അനുഭവങ്ങളും ഏകാന്തതയുമെല്ലാം എം ടി വരച്ചിടുമ്പോള്‍ ഓരോ മലയാളിക്കും അത് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഏകാന്തതയും വിരഹവും നഷ്ടപ്പെടുന്ന സ്‌നേഹങ്ങളുടെ വേദനയുമെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ നിറയുന്നു. താന്‍ കടന്നുവന്ന ജീവിതാനുഭവങ്ങളുടെ തീവ്രത തന്നെയാണ് അദ്ദേഹത്തിന്റെ രചനകളുടെ കരുത്ത്. ദാരിദ്ര്യത്തിന്റെ വേദന ആവോളം നിറഞ്ഞതായിരുന്നു എം ടിയുടെ ബാല്യകാലം. എന്നാല്‍ ദാരിദ്ര്യത്തിന്റെ കയ്പിനിടയിലും വായനയുടെ വിശാലമായ ലോകം തേടിയലയുകയായിരുന്നു അദ്ദേഹം. ഈ യാത്രകള്‍ തന്നെയാണ് മികച്ചൊരു എഴുത്തുകാരനിലേക്ക് എം ടിയെ വളര്‍ത്തിയതും. ആ യാത്രയുടെ സ്വഭാവം പോലെ എം ടി എന്നും ആള്‍ക്കൂട്ടത്തില്‍ തനിയെയായി. ഗൃഹാതുരമായ സങ്കല്‍പ്പങ്ങളും പഴമയുടെ ഗന്ധവും എം ടിയുടെ രചനകളില്‍ നിറഞ്ഞു നിന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരു കാലത്ത് നിലനിന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും ഫ്യൂഡലിസത്തിന്റെ തകര്‍ച്ച മരുമക്കത്തായ സമ്പ്രദായത്തെ എങ്ങിനെ ബാധിച്ചുവെന്നെല്ലാം ആ കൃതികള്‍ ബോധ്യപ്പെടുത്തി. പുതുതായി സൃഷ്ടിച്ചെടുത്ത എം ടിയുടെ ശൈലി ഒരു കാലഘട്ടത്തെ തന്നെ മാറ്റിമറിച്ചു.

എം ടി യ്ക്ക് ഇത്തരമൊരു പുരസ്‌കാരം നല്‍കാന്‍ വൈകിപ്പോയി എന്ന ജൂറിയുടെ വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഇത്രയേറെ സംഭാവന ചെയ്ത എം ടി വാസുദേവന്‍ നായരപ്പോലൊരാള്‍ക്ക് ഇതിന് മുമ്പ് തന്നെ ലഭിക്കേണ്ടതായിരുന്നു ഈ പുരസ്‌കാരം. നോവല്‍, ചെറുകഥ, നാടകം, തിരക്കഥ, സിനിമാ സംവിധാനം തുടങ്ങിയ മേഖലകളില്‍ ഒരേ സമയം വിജയം നേടാന്‍ കഴിഞ്ഞു എന്നതാണ് എം ടിയെ മറ്റ് എഴുത്തുകാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ രക്തം പുരണ്ട മണ്‍തരികള്‍ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയിരുന്നു. 1954 ല്‍ ലോക കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാളത്തിന്റെ സാന്നിധ്യമായി എം ടി മാറുന്നത്. വേറിട്ടൊരു പ്രണയ കഥ പറഞ്ഞ പാതിരാവും പകല്‍ വെളിച്ചവുമാണ് ആദ്യ നോവല്‍. എന്നാല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ നാലുകെട്ടാണ്. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എം ടിയെതേടിയെത്തി. അപ്പോള്‍ എംടിക്ക് 26 വയസ്സ് മാത്രമായിരുന്നു.

നാലുകെട്ടിന്റെ കാഥികന്‍ എന്ന വിശേഷണം തന്നെ എം ടിയ്ക്ക് പിന്നീട് കൈവന്നു. പല നോവലുകളിലും അപ്പുണ്ണിയുടെ തുടര്‍ച്ചകള്‍ കടന്നുവന്നു. മലയാളത്തിന്റെ അതിരില്‍ ഒതുങ്ങുന്നില്ല എം ടി എന്ന പേരും അദ്ദേഹത്തിന്റെ കൃതികളും. എം ടിയുടെ പ്രധാന രചനകളെല്ലാം പല ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള സാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസമായ രണ്ടാമൂഴം അഭ്രാപാളികളിലേക്ക് ആവിഷ്‌ക്കരിക്കാനുള്ള ഒരുക്കത്തിനിടെയാണ് എം ടിയെ തേടി എഴുത്തച്ഛന്‍ പുരസ്‌ക്കാരമെത്തുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാവും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതിക വിദഗ്ധരും താരങ്ങളുമാണ് അണിനിരക്കുന്നത്. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രത്തിന്റെ രചന ആരംഭിച്ചിട്ടില്ലെന്നും അത്തരത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എം ടി പറഞ്ഞു. ഇതേ സമയം ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരത്തിളക്കത്തില്‍ മറ്റൊരു മാസ്റ്റര്‍ പീസിനായുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങുകയാണ് എം ടി എന്ന മലയാളത്തിന്റെ അഭിമാനം .

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം