malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

മദ്യപനെ തിരസ്‌കരിക്കുന്ന യുവതികള്‍

ചാര്‍ളി പോള്‍
മദ്യപാനശീലംമൂലം മനോരോഗികളായിത്തീരുന്നവരുടെ എണ്ണം ഇന്ത്യയിലും
കേരളത്തിലും വര്‍ദ്ധിച്ചുവരികയാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും
തരത്തിലുള്ള മനോരോഗം ബാധിക്കുന്നു. 100 മദ്യപരുടെ കുടുംബം എടുത്താല്‍ അതില്‍ ഏഴ് കുടുംബങ്ങളിലും മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ വിവാഹം കഴിച്ചാല്‍ അടുത്ത 12 തലമുറ വരെ മാനസിക വിഭ്രാന്തിയുള്ളവര്‍ ജനിക്കുമെന്നാണ് പറയപ്പെടുന്നത്.


നിങ്ങള്‍ മദ്യപനാണോ? എങ്കില്‍ അവിവാഹിതനായി തുടരുന്നതാണ് നിങ്ങള്‍ക്ക് നല്ലത്; ഈ ഉപദേശമാണ് ബീഹാറിലെ രണ്ടു കല്യാണപ്പെണ്ണുങ്ങള്‍ തങ്ങളുടെ പ്രതിശ്രുത വരന്മാര്‍ക്ക് നല്‍കിയത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ അമിത മദ്യപനാണെന്നറിഞ്ഞതോടെ സവിതകുമാരി എന്ന യുവതി വിവാഹപ്പന്തലില്‍നിന്ന് എഴുന്നേറ്റു പോകുകയായിരുന്നു. റോത്താസ് ജില്ലയിലെ കയ്‌റ ഗ്രാമത്തിലെ 20കാരിയാണ് സവിതകുമാരി. മദ്യപനായ വരനെ വേണ്ടെന്നുവച്ച സവിത, മദ്യപനായ ഭര്‍ത്താവ് ശല്യക്കാരനും ഉത്തരവാദിത്വബോധമില്ലാത്തവനുമായിരിക്കും എന്നാണ് പ്രതികരിച്ചത്. സവിതകുമാരിയുടെ വീട്ടുകാര്‍ അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തു.

സവിതകുമാരി വരനെ തിരസ്‌കരിച്ച അതേദിവസം, അതേ ഗ്രാമത്തില്‍ത്തന്നെ മറ്റൊരിടത്ത് പ്രതിശ്രുതവരന്‍ കുടിയനാണെന്നുകണ്ട വധുവിന്റെ അച്ഛന്‍ അയാളുമൊത്തുള്ള മകളുടെ വിവാഹം ഉപേക്ഷിച്ചു. വിവാഹത്തിനു മുമ്പുള്ള ചടങ്ങില്‍ മദ്യപിച്ചെത്തിയ വരന്‍ ആളുകളെ അധിക്ഷേപിക്കുകയും സ്ത്രീകള്‍ക്കു നേരെ കസേരകള്‍ വലിച്ചെറിഞ്ഞു ബഹളമുണ്ടാക്കുകയും ചെയ്തു. വിവാഹരാത്രിയില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ഒരുവനൊപ്പം മകളെ പറഞ്ഞയയ്ക്കില്ലെന്നു വധുവിന്റെ പിതാവ് ലാലന്‍ സിംഗ് ഉറപ്പിക്കുകയായിരുന്നു. വരന്റെ വീട്ടുകാര്‍ ന്യായീകരണങ്ങള്‍ പലതും നല്‍കിയെങ്കിലും വധുവിന്റെ അച്ഛന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരു മദ്യപനുമായുള്ള വിവാഹജീവിതം ഒരിക്കലും സന്തോഷപ്രദമായിരിക്കുകയില്ലെന്നാണ് പ്രസിദ്ധ മനോരോഗ ചികിത്സകനായ റൂത്ത്‌ഫോക്‌സ് അഭിപ്രായപ്പെടുന്നത്.

2012 മേയ് 19ന് കൊച്ചിയില്‍ നടന്ന ലൈംഗികശാസ്ത്ര വിദഗ്ധരുടെ സമ്മേളനം ''സെക്‌സ് മെഡ് 2012'' നാല്‍പതു ശതമാനം വിവാഹബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണമാകുന്നത് ലൈംഗിക പ്രശ്‌നങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. യൂറോളജി, ഗൈനക്കോളജി, ക്ലീനിക്കല്‍ സൈക്കോളജി, സൈക്യാട്രി, സര്‍ജറി, റേഡിയോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍പെട്ട 200 ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മദ്യപാനം, പുകവലി, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവ യുവതലമുറയുടെ ലൈംഗികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. കേരള ഹൈക്കോടതി ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവി 2012 മാര്‍ച്ചില്‍ കൊച്ചിയില്‍ ചേര്‍ന്ന ജനസേവ ഗ്രാമീണ ആശ്രയഭവന്റെ രൂപീകരണ സമ്മേളനത്തില്‍ കേരളത്തിലെ 80 ശതമാനം കുടുംബങ്ങളും തകര്‍ച്ചയുടെ വക്കിലാണെന്നും അതിന് കാരണം മലയാളിയുടെ മദ്യപാനശീലമാണെന്നും പറഞ്ഞു. ഗാര്‍ഹികപീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനും കാരണം മദ്യാസക്തിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശരാശരി 37 വിവാഹമോചനം പ്രതിദിനം കേരളത്തിലുണ്ട്. ഇതിനു പ്രധാന കാരണം ഭര്‍ത്താവിന്റെ മദ്യപാനാസക്തിയാണ്.

സ്വിറ്റ്‌സര്‍ലന്റുകാരനും പ്രശസ്ത മനോരോഗ വിദഗ്ധനുമായ ഡോ. ഇ.എം. ഹോച്ചിന്റെ അഭിപ്രായത്തില്‍ മദ്യപാനശീലംമൂലം മനോരോഗികളായിത്തീരുന്നവരുടെ എണ്ണം ഇന്ത്യയിലും കേരളത്തിലും വര്‍ദ്ധിച്ചുവരികയാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ബാധിക്കുന്നു. 100 മദ്യപരുടെ കുടുംബം എടുത്താല്‍ അതില്‍ 7 കുടുംബങ്ങളിലും മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ വിവാഹം കഴിച്ചാല്‍ അടുത്ത 12 തലമുറ വരെ മാനസിക വിഭ്രാന്തിയുള്ളവര്‍ ജനിക്കുമെന്നാണ് പറയപ്പെടുന്നത്. ഡോ. വില്യം എച്ച് മാസ്റ്റേഴ്‌സ്, ഡോ. വെര്‍ജീനിയ ഇ. ജോണ്‍ സണ്‍ എന്നീ രണ്ട് ശാസ്ത്രജ്ഞന്മാര്‍ ലൈംഗികശാസ്ത്രത്തെക്കുറിച്ച് തികച്ചും നൂതനമായ രീതിയില്‍ നടത്തിയ ഗവേഷണഫലമായി 1966ല്‍ ''മനുഷ്യന്റെ ലൈംഗിക പ്രതികരണം'' (Human sexual response) എന്ന പേരിലും 1970ല്‍ മനുഷ്യന്റെ ലൈംഗികമായ അപര്യാപ്തത (Human sexual Inadequacy) എന്ന പേരിലും രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. തങ്ങളുടെ ആശുപത്രികളില്‍ ചികിത്സയ്ക്കുവരുന്ന പുരുഷന്മാരില്‍ ബഹുഭൂരിപക്ഷംപേരും ആപേക്ഷിക ഷണ്ഡത്വം (seconday impo-tency) ഉള്ളവരായിരുന്നു എന്നവര്‍ കണ്ടെത്തി. ഇതിന് കാരണമായി അവര്‍ കണ്ടത് മദ്യപാനമാണ്.

കാനഡയിലെ മാനിറ്റോബയില്‍ 1995നുശേഷം ജനിച്ച 14,000 കുട്ടികളില്‍ മാനിറ്റോബ സര്‍വകലാശാല നടത്തിയ ഗവേഷണപ്രകാരം ഏഴുവയസ്സുവരെ അമ്മമാര്‍ അനുഭവിക്കുന്ന സംഘര്‍ഷം കുട്ടികളെ ബാധിക്കും എന്ന് കണ്ടെത്തി. മദ്യപന്റെ ഭാര്യ നിരന്തരസംഘര്‍ഷത്തിലായിരിക്കും. ഈ സംഘര്‍ഷങ്ങള്‍ അമ്മയുടെ ശരീരത്തില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭകാലത്ത് ഭര്‍ത്താവിന്റെ പ്രേരണയാലോ അല്ലാതെയോ അമ്മ കുടിച്ചാല്‍ കുഞ്ഞിന് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പൊതുവില്‍ Fetal alcoholic spectrum disorders (FASD) എന്നു പറയുന്നു. ശാരീരിക-മാനസിക-വൈകാരികപ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകാം. ഇടുങ്ങിയ കണ്ണ്, നേര്‍ത്ത മേല്‍ച്ചുണ്ട്, പതിഞ്ഞ മൂക്ക്, വളഞ്ഞ വിരല്‍ എന്നീ വൈരൂപ്യവും ഉണ്ടാകാം. ആസ്മ, ചുഴലി എന്നീരോഗങ്ങളും ഉണ്ടാകാം. പഠനശേഷി കുറവാകാനാണ് സാധ്യത.

ഗര്‍ഭസ്ഥശിശു എല്ലാം അറിയുന്നുണ്ട് എന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. 50 ശതമാനം ഒരു കുട്ടിയുടെ സ്വഭാവരൂപീകരണം ഗര്‍ഭകാലഘട്ടത്തിലും 30 ശതമാനം ഏഴുവയസ്സുവരെ എന്നുമാണ് മനഃശാസ്ത്ര നിഗമനം. ഭര്‍ത്താവിന്റെ മദ്യപാനംമൂലം കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അമ്മയുടെ ശരീരത്തില്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കാം. അവ കുട്ടിയുടെ വളര്‍ച്ചയെ മുരടിപ്പിക്കും. സ്‌നേഹവും അംഗീകാരവുമാണ് കുടുംബത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുക. ഇത് ലഭ്യമല്ലാതെ വന്നാല്‍ കുടുംബജീവിതം ദുരിതസമാനമാകും.

ലൈംഗികമായ സംതൃപ്തി ദാമ്പത്യ ബന്ധത്തില്‍ പ്രധാനമാണ്. മദ്യപര്‍ പലപ്പോഴും ഭാര്യമാരെ ബലാല്‍സംഗം ചെയ്യുന്നവരാകാം. ഇത്തരം അസംതൃപ്ത ലൈംഗിക ബന്ധത്തില്‍ ജനിക്കുന്നവര്‍ ലൈംഗിക വൈകല്യങ്ങള്‍ ഉള്ളവരാകാം. ദാമ്പത്യ ജീവിതത്തിലെ പ്രധാന വില്ലന്‍ സംശയരോഗമാണ്. മദ്യം ആദ്യകാലങ്ങളില്‍ ചെറിയ തോതില്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെങ്കിലും പിന്നീട് ശാരീരിക ബന്ധത്തിന് സാധിക്കാതെ വരും. അപ്പോള്‍ ഭാര്യ വേലി ചാടുന്നുവെന്ന് സംശയിച്ച് ശാരീരികപീഢനം വരെ ഉണ്ടാകും. ജനിതക സിദ്ധാന്തമനുസരിച്ച് മദ്യപരുടെ മക്കള്‍ മദ്യപരാകാം. അതിനുള്ള സാധ്യത 60 ശതമാനമാണ്.

മാതാപിതാക്കളുടെ മാനസികസമ്മര്‍ദ്ദവും അവര്‍ തമ്മിലുള്ള വഴക്കും കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ പ്രതിഫലിക്കും. കുട്ടികള്‍ നിസംഗരും നിഷേധികളുമാകും. ചില പഠനങ്ങള്‍ പ്രകാരം മാതാപിതാക്കള്‍ തമ്മില്‍ കൂടെക്കൂടെ അഭിപ്രായഭിന്നതകളും വഴക്കുകളും ഉണ്ടാകാറുള്ള കുടുംബങ്ങളില്‍നിന്നുവരുന്ന കുട്ടികളില്‍ കുറ്റവാസനയുള്ളവരുടെ നിരക്ക് 62.5 ശതമാനമാണ്. കുടുംബബന്ധങ്ങളിലെ ശൈഥില്യം കുട്ടികളിലെ കുറ്റവാസനയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു. ദുര്‍വൃത്തരും മദ്യപാനികളും സാമൂഹ്യവിരുദ്ധരുമായ മാതാപിതാക്കളാണ് കുറ്റവാസനയുള്ള കുട്ടികളില്‍ അധികംപേരുടേതും. മാതാപിതാക്കളുടെ ചിട്ടയില്ലാത്ത ജീവിതശൈലി മക്കള്‍ അനുകരിക്കും. ബുദ്ധിശൂന്യമായ കാര്‍ക്കശ്യവും ശിക്ഷാനടപടികളും കുട്ടികളെ കളവ് പറയിക്കുന്നതിനും മോഷ്ടിക്കുന്നതിനും ഒളിച്ചോടുന്നതിനും മറ്റും പ്രേരിപ്പിക്കുന്നു.

അംഗീകാരസ്‌നേഹം, സംരക്ഷണസ്‌നേഹം, ക്ഷമിക്കുന്ന സ്‌നേഹം, പ്രോത്സാഹിപ്പിക്കുന്ന സ്‌നേഹം, പ്രത്യാശപകരുന്ന സ്‌നേഹം എന്നിങ്ങനെ അഞ്ചുതരം സ്‌നേഹപ്രക്രിയ ജീവിതവളര്‍ച്ചയ്ക്ക് ആവശ്യമാണ്. അത് മദ്യപരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം മദ്യപനെ വിവാഹം കഴിക്കണമോ വേണ്ടയോ?

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം