malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

തീവ്രവാദികളുടെ പേടി സ്വപ്നം

എന്‍ കെ കണ്ണന്‍മേനോന്‍
ധീരോദാത്തമായ ചെറുത്തുനില്‍പ്പിന്റെയും അചഞ്ചലമായ മനോധൈര്യത്തിന്റെയും സഹനത്തിന്റെയും സര്‍വോപരി മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ ഉദാഹരണം വിളംബരം ചെയ്യുന്ന സംഭവബഹുലമായ ഒരു കഥയാണിത്. മുസ്ലിം വനിതകള്‍ ഭര്‍തൃപരിചരണവും സന്താനോല്‍പാദനവും ദൈനംദിന ഗാര്‍ഹിക പ്രവര്‍ത്തനങ്ങളും മാത്രം നടത്തി കുടുംബത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍, പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയാന്‍ വിധിക്കപ്പെട്ടവരാണെന്ന പ്രാകൃതവും പഴഞ്ചനുമായ പ്രമാണത്തിന്റെ മുഖത്ത് ലഭിച്ച കനത്ത പ്രഹരം കൂടിയാണത്.

സോമാലിയയിലെ ഡോ. ഹവാ അബ്ദി എന്ന വനിതാ ഡോക്ടറാണ് ഇതിലെ പ്രധാന കഥാപാത്രം. നൂറുകണക്കിന് ആയുധധാരികളായ മുസ്ലിം തീവ്രാദികള്‍ വളഞ്ഞുവച്ച് വധഭീഷണി മുഴക്കി മാറിന് നേരെ ചൂണ്ടിയ നിറതോക്കുകള്‍ ഒരു കൂസലുമില്ലാതെ തികഞ്ഞ ഗൗരവത്തോടെ പുറംകൈകൊണ്ട് തട്ടിനീക്കി അവര്‍ ഉച്ചൈസ്ഥരം പ്രഖ്യാപിച്ചു: അതെ, ഞാനൊരു മുസ്ലിം വനിതതന്നെയാണ്. അതോടൊപ്പം ഞാനൊരു ഡോക്ടറുമാണ്. രോഗബാധിതരായവരേയും അവശരായവരെയും ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ ഡോക്ടര്‍മാര്‍ എടുത്തിരിക്കുന്ന പ്രതിജ്ഞ. ഞാനത് നിറവേറ്റുക തന്നെ ചെയ്യും. എന്നെ ഇതില്‍ നിന്നും മതവിശ്വാസങ്ങളുടെ പേരില്‍ പിന്തിരിപ്പിക്കുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. ഇസ്ലാംമതം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. പരിശുദ്ധ ഖുറാനിലൊരിടത്തും നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ സഹജീവികളെ ചുട്ടെരിക്കുവാനോ, അന്യരുടെ സ്വത്ത് ബലം പ്രയോഗിച്ച് കവര്‍ന്നെടുക്കുവാനോ മറ്റുള്ളവരുടെ ഗൃഹങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കുവാനോ അനുവദിച്ചിട്ടില്ല.

മുസ്ലിം വനിതകള്‍ ആതുരസേവനം നടത്തുന്നതിനെയും പരിശുദ്ധ ഖുറാനില്‍ വിലക്കു കല്പിച്ചിട്ടില്ല. രോഗികളെയും നിരാലംബരെയും അക്രമങ്ങളില്‍ മുറിവേറ്റവരെയും ശുശ്രൂഷിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യുകയെന്ന മഹത്വവും ദൈവകല്പിതവുമായ കര്‍മമാണ് ഞാന്‍ നിര്‍വഹിക്കുന്നത്. ഇത് ഞാന്‍ തുടരുക തന്നെ ചെയ്യും. നിങ്ങളുടെ ഭീഷണിക്കുമുമ്പില്‍ ഞാന്‍ തലകുനിക്കുമെന്ന് കരുതണ്ട. നിങ്ങളെ നേരിടുവാന്‍ എന്റെ കൈവശം ആയുധങ്ങളൊന്നുമില്ല. പക്ഷേ എനിക്കതിനുള്ള ശക്തി തരുന്നത് സര്‍വശക്തനായ അള്ളാഹുവും ഇസ്ലാം മതത്തിലുള്ള എന്റെ അടിയുറച്ച വിശ്വാസവുമാണ്. കടക്കൂ പുറത്ത്. എന്റെ ശവത്തില്‍ ചവുട്ടിയല്ലാതെ ഇനി നിങ്ങള്‍ക്ക് ഒരടി മുന്നോട്ടുപോകുവാന്‍ കഴിയില്ല. ഡോ. അബ്ദിയുടെ തീ പാറുന്ന ഈ വാക്കുകള്‍ കേട്ട് അവര്‍ നടത്തുന്ന ആശുപത്രിയും കെട്ടിടങ്ങളും ബലമായി പിടിച്ചെടുക്കുവാന്‍ വന്ന തീവ്രവാദി ഗ്രൂപ്പിന്റെ നേതാവടക്കം മുഖംമൂടിയണിഞ്ഞ് ആയുധധാരികളായി എത്തിയ മുഴുവന്‍പേരും അന്ധാളിച്ചു നിന്നുപോയി. നിരായുധരായ ആ മുസ്ലിം വനിതയുടെ നിശ്ചയദാര്‍ഢ്യത്തിനും ധീരതയ്ക്കും മുന്നില്‍ അടിപതറിയ തീവ്രവാദികള്‍ അരിശം മൂത്ത് ആശുപത്രി കെട്ടിടങ്ങള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും നാശനഷ്ടം വരുത്തി തല്‍ക്കാലം പിന്മാറി, ഞങ്ങള്‍ ഇനിയും വരുമെന്ന മുന്നറിയിപ്പോടെ. ഒരു വനിതയുടെ മുന്നില്‍ അടിയറ പറയേണ്ടിവന്നതിെന്‍റ അപമാനഭാരം താങ്ങാന്‍ കഴിയാതെ തീവ്രവാദികളുടെ ചെറുസംഘങ്ങള്‍ നിരവധി പ്രാവശ്യം ഡോ. അബ്ദിയുടെ ആശുപത്രിയും ക്യാമ്പും ആക്രമിച്ചു. അനാഥര്‍ക്കും രോഗികള്‍ക്കുംവേണ്ടി ശേഖരിച്ച ഭക്ഷണവും വസ്ത്രങ്ങളും ജീവന്‍രക്ഷാ മരുന്നുകളും ഓരോ തവണയും അവര്‍ ബലമായി തട്ടിയെടുത്തു. ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളെയും ക്യാമ്പിലെ അന്തേവാസികളെയും ക്രൂരമായി ദേഹോപദ്രവമേല്പിച്ചു. ഈ ആക്രമണത്തില്‍ പല രോഗികളും വൃദ്ധരും കൊല്ലപ്പെട്ടു. പുതുക്കിപ്പണിത കെട്ടിടങ്ങള്‍ അവര്‍ ഇടിച്ചുനിരത്തി. ഉദാരമതികള്‍ സംഭാവനയായി നല്‍കിയ ആരോഗ്യപരിശോധനാ സാമഗ്രികള്‍ മനഃപൂര്‍വം ഉപയോഗശൂന്യമാക്കി.

പൈശാചികമായ ഈ അക്രമങ്ങള്‍ക്കൊന്നും ഡോ. അബ്ദിയെ തന്റെ ദീനദയാലു പ്രവര്‍ത്തനങ്ങളില്‍നിന്നൊന്നും പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല. സഹായാഭ്യര്‍ഥനയുമായി തന്റെ ക്യാമ്പില്‍ വന്നെത്തുന്നവരെ കൈയൊഴിയുവാന്‍ ഡോ. അബ്ദി തയാറായില്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത തീവ്രവാദികള്‍ ഏതു നിമിഷവും അവരുടെ ജീവന്‍ അപഹരിച്ചേക്കുമെന്നും സോമാലിയക്ക് അകത്തും പുറത്തുമുള്ള സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും മുന്നറിയിപ്പ് അവര്‍ വകവച്ചില്ല. മരണംഭയന്ന് ഈ ലോകത്ത് ആര്‍ക്കും ജീവിക്കുവാന്‍ കഴിയില്ലെന്നും മരണം എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ലെന്നും അതുകൊണ്ട് താനിതില്‍നിന്നും പിന്തിരിയുന്ന പ്രശ്നമില്ലെന്നും അവര്‍ ധീരമായി പ്രഖ്യാപിച്ചു. ഡോ. അബ്ദി വര്‍ധിച്ച ആത്മവിശ്വാസത്തോടെ കീഴടങ്ങാന്‍ മനസ്സില്ലെന്ന് പരസ്യമായി പറഞ്ഞ് തന്റെ ഭൂമിയില്‍ കാലുറപ്പിച്ചുനിന്നു. അറുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഡോ. ഹവ അബ്ദി സോമാലിയയിലെ ഒരു വരേണ്യ കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പത്തിലേ സാമൂഹ്യപ്രവര്‍ത്തനത്തില്‍ തല്‍പരരായിരുന്ന അവര്‍ സ്വന്തം നാട്ടില്‍നിന്ന് നിയമത്തില്‍ ബിരുദമെടുത്തു. പക്ഷേ അതുകൊണ്ടവര്‍ സംതൃപ്തയായില്ല. ആതുരസേവനത്തിനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛ അവരെ മെഡിക്കല്‍ ബിരുദമെടുക്കുന്നതിന് പ്രേരിപ്പിച്ചു.

അക്കാലത്ത് സോമാലിയ സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു. അന്ന് സാമൂഹിക-സാമ്പത്തിക രംഗത്ത് സോവിയറ്റ് യൂണിയന്റെ അകമഴിഞ്ഞ സഹായം സോമാലിയക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് സോവിയറ്റ് യൂണിയനില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പ് സമ്പാദിക്കുവാന്‍ ഡോ. അബ്ദിക്ക് ഏറെ പാടുപെടേണ്ടി വന്നില്ല.യുക്രേനിലെ കീവ് സര്‍വകലാശാലയില്‍നിന്ന് പ്രശസ്തമായ നിലയില്‍ അവര്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. വിദേശ പരിശീലനം ലഭിച്ച് സോമാലിയയില്‍ എത്തിയ ഡോക്ടര്‍മാരുടെ ആദ്യസംഘത്തില്‍ ഡോ. അബ്ദിയും ഉള്‍പ്പെട്ടിരുന്നു. ഒരുപക്ഷേ സോമാലിയന്‍ വംശജയായ ആദ്യ വനിതാ ഡോക്ടറും ഡോ. അബ്ദിയായിരുന്നു; ആദ്യ വനിതാ ഗൈനക്കോളജിസ്റ്റും. അതിനിടെ അവര്‍ വിവാഹിതരായി, മൂന്ന് കുട്ടികളുടെ മാതാവുമായി. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഡോ. അബ്ദി സോമാലിയയിലെ പ്രശസ്തയായ ഡോക്ടറായി. സോമാലിയയിലെ എല്ലാ പ്രവിശ്യകളില്‍നിന്നും ചികിത്സ തേടി രോഗികള്‍ ഡോ. അബ്ദിയെ സമീപിച്ചു. നിര്‍ധനരായവര്‍ക്ക് അവര്‍ സൗജന്യ ചികിത്സയും മരുന്നും പ്രദാനം ചെയ്തു. സാമ്പത്തിക ശേഷിയുള്ളവരുടെ കൈയില്‍നിന്ന് മാത്രമേ അവര്‍ ഫീസ് ഈടാക്കിയുള്ളൂ. അങ്ങനെ സ്വരൂപിക്കുന്ന പണം മുഴുവന്‍ അവര്‍ സൗജന്യ ചികിത്സ ലഭിക്കുന്നവര്‍ക്കായി ഉപയോഗിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലും പുറത്തും അവരുടെ ഈ വിശിഷ്ട സേവനങ്ങള്‍ക്ക് സാര്‍വത്രികമായ അംഗീകാരം ലഭിച്ചു. പ്രാരംഭത്തില്‍ സോമാലിയയുടെ തലസ്ഥാനമായ മൊഗാ ഡിഷു (ങഛഏഅ ഉകടഒഡ)വില്‍ ആരംഭിച്ച ഒറ്റ മുറി ക്ലിനിക് 1983 ആയപ്പോഴേയ്ക്കും പട്ടണത്തിനുപുറത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വനിതാ ശിശുസംരക്ഷണ ആശുപത്രിയാക്കി മാറ്റുവാന്‍ അവര്‍ക്കു കഴിഞ്ഞു. അങ്ങനെയാണ് ലോകപ്രശസ്തമായ ഡോ. ഹവാ അബ്ദി ഫൗണ്ടേഷന്‍ രൂപംകൊണ്ടത്. അവിടെ അവശര്‍ക്കും ആലംബഹീനര്‍ക്കും സൗജന്യ ചികിത്സാസഹായം ലഭിച്ചിരുന്നു. ശരാശരി അഞ്ഞൂറിലേറെ രോഗികളാണ് ഡോ. അബ്ദിയുടെ ചികിത്സ തേടി നിത്യേന ആശുപത്രിയില്‍ എത്തുന്നത്.

ഇതിനിടെ ആശുപത്രിക്ക് ചുറ്റുമുള്ള ആയിരത്തി മുന്നൂറേക്കര്‍ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഡോ. അബ്ദി വാങ്ങി. രാഷ്ട്രീയ തകിടംമറിച്ചിലുകള്‍ക്ക് പ്രസിദ്ധി നേടിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതും മത-ഗോത്ര ശത്രുത വച്ചുപുലര്‍ത്തുന്ന രാജ്യങ്ങളാണ്. സോമാലിയയുടെ അയല്‍രാജ്യമായ എത്യോപ്യ നൂറ്റാണ്ടുകളായി സോമാലിയയുമായി നിതാന്ത ശത്രുത വച്ചുപുലര്‍ത്തുന്നു. 1974-ല്‍ എത്യോപ്യയുടെ ഭരണം അപ്രതീക്ഷിതമായി കമ്യൂണിസ്റ്റുകാര്‍ പിടിച്ചടക്കി. അന്നുവരെ അമേരിക്കന്‍ സ്വാധീനവലയത്തിലായിരുന്ന എത്യോപ്യയിലെ ഭരണമാറ്റം സ്വാഭാവികമായും ആ രാജ്യത്തെ സോവിയറ്റ് യൂണിയനുമായി അടുപ്പിച്ചു. ഇത് സോമാലിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചു. അവര്‍ സോവിയറ്റ് യൂണിയനുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ച് മറുകണ്ടം ചാടി, അമേരിക്കന്‍ പാളയത്തിലായി. രാഷ്ട്രീയമായ ഈ മാറ്റം മറിച്ചിലുകള്‍ സോമാലിയന്‍ ഭരണകൂടത്തെ അസ്ഥിരവും ദുര്‍ബലവുമാക്കി. 1991-ല്‍ സോമാലിയന്‍ ഭരണത്തലവന്‍ മൊഹമ്മദ് സെയ്ത് ബാരെ (ങഛഒഅങങഋഉ ടഅകഉ ആഅഞഞഋ) അട്ടിമറിക്കപ്പെട്ടു. അതോടെ സോമാലിയന്‍ ഗോത്രങ്ങള്‍ തമ്മില്‍ അധികാരത്തിനുവേണ്ടി രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി സോമാലിയ ലോകരാജ്യങ്ങളില്‍നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടു. നാടെങ്ങും അരാജകത്വം നടമാടി. സാമ്പത്തികസ്ഥിതി താറുമാറായി. സ്വജനപക്ഷപാതവും അഴിമതിയും സര്‍വവ്യാപകമായി. ഗവണ്‍മെന്റ് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഫാക്ടറികളില്‍ ഉല്‍പാദനം നിലച്ചു. കൃഷിയിറക്കാതെ കൃഷിയിടങ്ങള്‍ തരിശുഭൂമിയായി. ക്രമസമാധാനത്തിനു നിയോഗിക്കപ്പെട്ട പല പൊലീസ് ഉദ്യോഗസ്ഥന്മാരും ആയുധങ്ങളോടെ തീവ്രവാദികളുടെ കൂടെ ചേര്‍ന്നു. കോടതികള്‍ പോലും പ്രവര്‍ത്തിക്കാതെയായി.

അഴിമതിയില്‍ കുളിച്ച കേന്ദ്രഭരണകൂടത്തിന് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കടുത്ത ഭക്ഷ്യക്ഷാമത്തിലും പകര്‍ച്ചവ്യാധികളിലുംപെട്ട് ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ അവസരം മുതലാക്കി മതതീവ്രവാദി ഗ്രൂപ്പുകള്‍ അന്യോന്യം കലഹിക്കുന്ന ഗോത്രങ്ങളുടെ നേതൃത്വം പിടിച്ചടക്കി. അതോടെ സോമാലിയ ശരിക്കും ഒരു കലാപഭൂമിയായി മാറി. കൊളളയും കൊള്ളിവയ്പും കൂട്ടക്കൊലയും നിത്യസംഭവമായി. മനുഷ്യന്റെ ജീവനും സ്വത്തിനും ഒരു സംരക്ഷണവും ലഭിക്കാത്ത സ്ഥിതിവന്നു. കൈയൂക്കുള്ളവര്‍ കാര്യക്കാരായി. പെണ്‍കുട്ടികള്‍ പട്ടാപ്പകല്‍ പൊതുസ്ഥലങ്ങളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. മുസ്ലിം വനിതകള്‍ക്ക് പൊതു വിദ്യാഭ്യാസം നേടുന്നതിനും തൊഴില്‍ ചെയ്യുന്നതിനമുള്ള അവകാശം നിഷേധിക്കപ്പെട്ടു. മതതീവ്രവാദി ഗ്രൂപ്പുകള്‍ പഴഞ്ചന്‍ മതഗോത്രനിയമങ്ങള്‍ അതേപടി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ഭയവിഹ്വലരായ ജനങ്ങള്‍ കൂട്ടത്തോടെ സകലതും ഉപേക്ഷിച്ച്, തങ്ങള്‍ ജനിച്ചുവളര്‍ന്ന ഗ്രാമങ്ങളില്‍നിന്നും പലായനം ചെയ്തു. ഡോ. അബ്ദിയുടെ വിശാലമായ കൃഷിഭൂമി സര്‍വസ്വവും നഷ്ടപ്പെട്ട, പീഡിപ്പിക്കപ്പെട്ട, ആഭ്യന്തര കലാപത്തില്‍ മുറിവേറ്റ ആയിരങ്ങളുടെ അഭയകേന്ദ്രമായി മാറി. ഡോ. അബ്ദിയുടെയും ചുരുക്കം ചില സന്നദ്ധ സംഘടനകളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പരിമിതമായ സൗകര്യങ്ങളുള്ള ആയിരക്കണക്കിന് ചെറിയ ടെന്റുകള്‍ ദ്രുതഗതിയില്‍ നിര്‍മിക്കപ്പെട്ടു.

സ്വവസതികളില്‍നിന്നും ആട്ടിയോടിക്കപ്പെട്ട വൃദ്ധരെയും കുട്ടികളെയും ഗര്‍ഭിണികളെയും ദീനം പിടിപെട്ടവരെയും ടെന്റുകളില്‍ പാര്‍പ്പിച്ചു. അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ശുശ്രൂഷയും നല്‍കി സഹായിച്ചു. സാഹസികത നിറഞ്ഞ അമ്മയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ അമേരിക്കയില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്ന അവരുടെ രണ്ടു പെണ്‍മക്കളും- ഡോ. ആമിന മുഹമ്മദും ഡോ. ഡെക്കോ മുഹമ്മദും -സോമാലിയയില്‍ എത്തിയിരുന്നു. ഇന്ന് ഈ അഭയാര്‍ഥി ക്യാമ്പില്‍ തൊണ്ണൂറായിരം അന്തേവാസികളുണ്ട്. അവരില്‍ ആരോഗ്യമുള്ളവര്‍ ഡോ. അബ്ദിയുടെ വിശാലമായ കൃഷിഭൂമിയില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നു. അഭയാര്‍ഥികളായ സ്ത്രീകളില്‍ പലരും കൈത്തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. അങ്ങനെ ഡോ. ഹവാ അബ്ദി ഫൗണ്ടേഷന്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അഭയാര്‍ഥിക്യാമ്പായി മാറിയിരിക്കുന്നു. ആയിരക്കണക്കിനു വരുന്ന അഭയാര്‍ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ ഡോ. അബ്ദി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. അഭയാര്‍ഥികളുടെ കുട്ടികള്‍ക്കായി ഒരു ഒരു പ്രാഥമിക വിദ്യാലയം നടത്തുന്നു. അഭയാര്‍ഥികളല്ലാത്ത സമീപ പ്രദേശങ്ങളിലെ കുട്ടികളും ഈ സ്കൂളില്‍ പഠിക്കുന്നതിനു വന്നെത്തുന്നു. കാരണം തീവ്രവാദികളുടെ സ്വാധീനത്തിലുള്ള പ്രദേശങ്ങളില്‍ മതപഠനത്തിനുള്ള മദ്രസകള്‍ മാത്രമേ അനുവദിക്കുന്നുള്ളു.

850 ഓളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഈ സ്കൂളില്‍ പഠിക്കുന്നത്. നിരക്ഷരരായ വനിതകള്‍ക്ക് അക്ഷരാഭ്യാസം നല്‍കുവാനും പൊതുവിജ്ഞാനം പകരുവാനും മറ്റൊരു കേന്ദ്രവും ക്യാമ്പിനുള്ളില്‍ നടത്തുന്നുണ്ട്. ആരോഗ്യസംരക്ഷണത്തെക്കുറിച്ച് പൊതുവിജ്ഞാനം നല്‍കുവാന്‍ ആഴ്ചയില്‍ ഒരു ദിവസം പ്രത്യേകം പഠനകേന്ദ്രങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ കളെ ദേഹോപദ്രവമേല്‍പിക്കുന്ന പുരുഷന്മാരെ ശിക്ഷിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഒരു ചെറിയ ജയിലും ഈ ക്യാമ്പിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. കോപാകുലരായ ഭര്‍ത്താക്കന്മാര്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഭാര്യമാരെ തല്ലുന്ന കാഴ്ച സോമാലിയയില്‍ സര്‍വസാധാരണമാണ്. ഇതിന് ഒരു വിരാമമിടുവാന്‍ ഉദ്ദേശിച്ചുകൊണ്ടും പുരുഷന്മാരെ നേരായ ജീവിതം നയിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടും നടത്തുന്ന ക്ലാസുകള്‍ ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാരുടെ അടിമകളല്ലെന്നും സാമൂഹ്യജീവിതത്തില്‍ തുല്യപങ്കാളിത്തം നല്‍കേണ്ടവരാണെന്നുമുള്ള ബോധവല്‍ക്കരണമാണ് ഇവിടെ നടത്തുന്നത്. നൂറ്റാണ്ടുകളായി വച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളുടെ അടിത്തറ പൊളിക്കുന്ന പ്രചാരണത്തിനെതിരെ തീവ്രവാദികളും രംഗത്തുവന്നിട്ടുണ്ട്. പക്ഷേ അവരുടെ എതിര്‍പ്പ് പണ്ടേപോലെ ഫലിക്കുന്നില്ല

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനവലയത്തില്‍നിന്നും പുരുഷന്മാരെ മോചിപ്പിക്കുവാനുള്ള ബോധവല്‍ക്കരണവും പഠനകേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്. തലമുറകളായി തുടര്‍ന്നുവന്ന ഈ ദുശ്ശീലങ്ങള്‍ ഇവരുടെ മനസ്സില്‍നിന്നും തുടച്ചുമാറ്റുവാന്‍ ഏറെ പാടുപെടേണ്ടി വരുന്നുണ്ടെന്നാണ് ഡോ. അബ്ദി പറയുന്നത്. എന്നിരുന്നാലും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവരിപ്പോഴും. ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും മനുഷ്യാവകാശ സംഘടനകളും ഡോ. അബ്ദിയുടെ ഈ പ്രവര്‍ത്തനങ്ങളെ വാനോളം വാഴ്ത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന അടിയന്തര സഹായമായി സോമാലിയക്കയച്ച ഭക്ഷണവും മരുന്നും പലതവണ തീവ്രവാദികള്‍ കൊള്ള ചെയ്യുകയുണ്ടായി. ദുര്‍ബലമായ സോമാലിയന്‍ കേന്ദ്രഭരണകൂടത്തിന് അടിയന്തര സഹായവുമായെത്തിയ യു എന്‍ സംഘത്തെ അക്രമികളില്‍നിന്നും സംരക്ഷിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് യു എന്‍ സംഘടനകള്‍ സോമാലിയയിലേക്ക് സഹായം എത്തിക്കുന്നത് നിര്‍ത്തലാക്കി. ഇതോടെ സോമാലിയന്‍ ജനതയ്ക്ക് ഡോ. അബ്ദി നടത്തുന്ന അഭയാര്‍ഥി ക്യാമ്പ് മാത്രമായി സഹായങ്ങള്‍ക്കുള്ള ഏക ആശ്രയം. ഡോ. അബ്ദിയുടെയും മക്കളുടെയും ശ്രമഫലമായി യു എന്‍ സഹായം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ ഈ സഹായം നിത്യേന വര്‍ധിച്ചുവരുന്ന അഭയാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ഒട്ടും പര്യാപ്തമല്ല. പട്ടിണിയും രോഗവുംമൂലം മരണവക്ത്രത്തില്‍ കിടന്നു പിടയുന്നവരുടെ ജീവന്‍ രക്ഷിക്കുവാന്‍ സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര സന്ദേശം മിക്ക രാഷ്ട്രത്തലവന്മാര്‍ക്കും ഡോ. ഹവാ അബ്ദി ഫൗണ്ടേഷന്‍ അയച്ചിരുന്നു. ഇതിന്റെ ഫലമായി പല രാഷ്ട്രങ്ങളും യുദ്ധാടിസ്ഥാനത്തില്‍ സഹായമെത്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

ഒരു മുസ്ലിം വനിതയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ സഹിഷ്ണുതയോടെ ഏറെനാള്‍ വീക്ഷിക്കുവാന്‍ സോമാലിയയിലെ മുസ്ലിം മതതീവ്രവാദി സംഘടനകള്‍ക്ക് കഴിഞ്ഞില്ല. ഡോ. അബ്ദിയെ മുസ്ലിം മതവിശ്വാസവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരായി മുദ്രകുത്തി ഒറ്റപ്പെടുത്തുവാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും വിഫലമായി. ഡോ. അബ്ദിയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയാണ് 2010 മെയ് മാസത്തിലെ ഒരു സുപ്രഭാതത്തില്‍ ലോകമനഃസാക്ഷിയെപ്പോലും നടുക്കിയ ക്രൂരവും നിന്ദ്യവുമായ അക്രമം ഡോ. അബ്ദിയുടെ ക്യാമ്പിനുനേരെ തീവ്രവാദികള്‍ അഴിച്ചുവിട്ടത്. ഇസ്ലാമിന്റെ പാര്‍ടിയെന്നര്‍ഥം വരുന്ന ഹിസബ്-അല്‍-ഇസ്ലാം (ഒകദആഅഘകടഘഅങ) എന്ന തീവ്രവാദി സംഘടനയുടെ എഴുനൂറ്റമ്പത് ആയുധധാരികളായ ഭടന്മാര്‍ ഡോ. അബ്ദി നടത്തുന്ന ക്യാമ്പും ആശുപത്രിയും ഓഫീസുകെട്ടിടങ്ങളും ഭക്ഷണവും മരുന്നും സൂക്ഷിക്കുന്ന കലവറകളും വളഞ്ഞു. ഇതിന് നേതൃത്വം നല്‍കിയ ഗ്രൂപ്പിന്റെ തലവന്‍ ഡോ. അബ്ദിയെ കസ്റ്റഡിയിലെടുത്ത് ഒരു മുറിയിലിട്ടടച്ചു.

മുസ്ലിം മതത്തില്‍ സ്ത്രീകള്‍ക്ക് നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഡോ. അബ്ദി ഉടനടി അവസാനിപ്പിക്കണമെന്നും അവരുടെ ഉടമസ്ഥതയിലുള്ള 1300 ഏക്കര്‍ കൃഷിഭൂമിയും ആശുപത്രിയും വിദ്യാലയവും കെട്ടിടങ്ങളും മറ്റു സ്ഥാവരജംഗമവസ്തുക്കളും ഉടനടി ഭീകരര്‍ക്കു കൈമാറണമെന്നും അല്ലെങ്കില്‍ ഡോ. അബ്ദിയുടെ ജീവന്‍തന്നെ അപകടത്തിലാകുമെന്നും അവര്‍ ഭീഷണി മുഴക്കി. ഒട്ടും കൂസലില്ലാതെ മുഖത്ത് ഭയപ്പാടിന്റെ ലേശമില്ലാതെ തീവ്രവാദി നേതാവിന്റെ മുഖത്തുനോക്കി ഡോ. അബ്ദി പറഞ്ഞു: ഇല്ല. ഞാനിത് വിട്ടുതരില്ലെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. ഞാനത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. ഈ അഭയകേന്ദ്രത്തില്‍ കഴിയുന്ന പതിനായിരങ്ങളുടെ സ്വത്താണിതെല്ലാം. ഞാനൊരു വിശിഷ്ട സേവനം മാത്രമാണ് ചെയ്യുന്നത്. സമൂഹ നന്മയ്ക്കായി നിങ്ങള്‍ ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇതിനു മറുപടിയായി തീവ്രവാദി നേതാവിന് ഒന്നും പറയുവാനുണ്ടായിരുന്നില്ല. ഡോ. അബ്ദിയെ അവര്‍ ഏകാന്ത തടവിലാക്കി. ആശുപത്രിയും കെട്ടിടങ്ങളും തീവ്രവാദികളുടെ അധീനത്തിലാക്കി. ഈ വാര്‍ത്ത സോമാലിയക്കകത്തും പുറത്തും കാട്ടുതീപോലെ പരന്നു.

ലോകമെമ്പമാടുമുള്ള സോമാലിയക്കാര്‍ ഏകസ്വരത്തില്‍ ഈ കാടന്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധംനരേഖപ്പെടുത്തി. ഹിസബ്-അല്‍-ഇസ്ലാമിന്റെ തലസ്ഥാനത്തേക്ക് ഇ-മെയിലുകളുടെയും ഫോണ്‍വിളികളുടെയും പ്രവാഹമായി. പ്രമുഖ സോമാലിയന്‍ പൗരന്മാരുടെ നേതൃത്വത്തില്‍ നിരവധി ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ ചര്‍ച്ചക്കായി ഉയര്‍ന്നുവന്നു. ഡോ. അബ്ദിയെ തടങ്കലില്‍നിന്നും മോചിപ്പിക്കാമെന്നും അവരെ ആശുപത്രി നടത്തുവാന്‍ അനുവദിക്കാമെന്നും എന്നാല്‍ അവരുടെ ക്യാമ്പിന്റെയും ആശുപത്രിയുടെയും പൂര്‍ണ നിയന്ത്രണം ഹിസബ് -അല്‍-ഇസ്ലാമിന്റെ കൈകളിലായിരിക്കണമെന്നും തീവ്രവാദികള്‍ ശഠിച്ചു. തനിക്ക് തീവ്രവാദികളുടെ ഒരു ഔദാര്യവും ആവശ്യമില്ലെന്നും അവര്‍ നിരുപാധികം തന്റെ ക്യാമ്പില്‍നിന്നും പിന്മാറണമെന്നും അവര്‍ വരുത്തിവച്ച ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ക്ഷമാപണം വാക്കാല്‍ പറഞ്ഞാല്‍പ്പോരാ എഴുതിത്തരണമെന്നും അല്ലാത്തൊരു ഒത്തുതീര്‍പ്പിനും താന്‍ തയ്യാറല്ലെന്നും ഡോ. അബ്ദിയും വാദിച്ചു. ഒരാഴ്ച നീണ്ടുനിന്ന ചര്‍ച്ചകളുടെ അന്ത്യത്തില്‍ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലാതെ, ലോകമെമ്പാടുമുയര്‍ന്നുവന്ന ജനരോഷത്തെ ഭയന്ന് തീവ്രവാദി നേതാവും കൂട്ടരും ക്ഷമാപണമെഴുതിക്കൊടുത്ത് ഡോ. അബ്ദിയുടെ ക്യാമ്പില്‍നിന്നും അപമാനിതരായി പിന്മാറി. ഡോ. അബ്ദിയുടെ ധീരമായ ചെറുത്തുനില്‍പ്പിനേയും അന്യമായ ധൈര്യത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് ആയിരക്കണക്കിന് സന്ദേശങ്ങള്‍ അബ്ദിയുടെ ക്യാമ്പിലേക്ക് ഒഴുകിയെത്തി.

ഈ വാര്‍ത്തയറിഞ്ഞ് അമേരിക്കയിലെ അറ്റ്ലാന്റയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകള്‍ ഡോ. ഡെക്കൊ മുഹമ്മദിനെ പ്രതികരണമറിയാന്‍ സമീപിച്ച പത്രപ്രതിനിധികളോട് അവര്‍ പറഞ്ഞതിങ്ങനെയാണ്: നിര്‍ണായകമായ ആ ആഴ്ചയിലെ എല്ലാ ദിവസവും ഞാനമ്മയെ വിളിച്ച്, അമ്മേ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആ തീവ്രവാദികളോട് മല്ലടിക്കാന്‍ നില്‍ക്കല്ലെയെന്ന് അപേക്ഷിക്കാറുണ്ട്. അവര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കി എങ്ങനെയെങ്കിലും അവരുടെ പിടിയില്‍നിന്നും രക്ഷപ്പെടൂവെന്നും ഞാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. പക്ഷേ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു: ഇല്ല മോളെ, ഞാന്‍ കീഴടങ്ങില്ല. ഭീരുവായി, അനീതിക്കുമുമ്പില്‍ കീഴടങ്ങുന്നതിലും ഭേദം അന്തസ്സോടെ മരണം കൈവരിക്കുകയാണ്. മാപ്പെഴുതി പിന്മാറിയെങ്കിലും ആശുപത്രിക്കും ഓഫീസ് കെട്ടിടങ്ങള്‍ക്കും തീവ്രവാദികള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ വിവരണാതീതമായിരുന്നു. ആശുപത്രിയും ഓഫീസ് കെട്ടിടങ്ങളും അവര്‍ തല്ലിത്തകര്‍ത്തിരുന്നു. വൈദ്യപരിശോധനയ്ക്കായി ഉപയോഗിക്കുന്ന എക്സറേ മെഷീനടക്കം എല്ലാം കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്തിരുന്നു. ഓപ്പറേഷന്‍ തിയേറ്റര്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ട നിലയിലായിരുന്നു. അത്യാസന്ന നിലയിലായിരുന്ന പല രോഗികളും ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. പിഞ്ചുകുഞ്ഞുങ്ങളില്‍ പലരും അരുംകൊല ചെയ്യപ്പെട്ടിരുന്നു. കാവല്‍ നിന്നിരുന്ന പല വളണ്ടിയര്‍മാരും പൈശാചികമായി കൊല ചെയ്യപ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ ടെന്റുകളില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന സ്ത്രീകളെ തീവ്രവാദികള്‍ ബലാത്സംഗം ചെയ്യുകയും അതിക്രമങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ച പുരുഷന്മാരെ ക്യാമ്പില്‍നിന്ന് ആട്ടിയോടിക്കുകയോ, വധിക്കുകയോ ചെയ്തിരുന്നു. ആശുപത്രിയും പരിസരവും ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളില്‍നിന്നും വമിച്ചിരുന്ന ദുര്‍ഗന്ധംകൊണ്ട് അസഹനീയമായിരുന്നു.

തന്റെ സ്വപ്നങ്ങളും ജീവിതാഭിലാഷങ്ങളും തകര്‍ന്നടിഞ്ഞുവെന്ന് ചിന്തിച്ച് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുവാന്‍ ഡോ. അബ്ദി തയാറായില്ല. വര്‍ധിച്ച ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും സത്യത്തിനും നീതിക്കും മനുഷ്യസ്നേഹത്തിനുംവേണ്ടി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു നീങ്ങുവാനാണ് അസാധാരണമായ കര്‍മധീരതയുടെ പ്രതീകമായ അവര്‍ തീരുമാനിച്ചത്.

പരാജയമെന്ന വാക്കിന് തന്റെ ജീവിതത്തില്‍ സ്ഥാനമില്ലെന്ന്, അമ്മയുടെ പ്രവര്‍ത്തനങ്ങളെ ഭയാശങ്കകളോടെ വീക്ഷിച്ചിരുന്ന സ്വന്തം മക്കളോട് അവര്‍ പറഞ്ഞു. നമ്മള്‍ ഒരു പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സോമാലിയയിലെ വനിതകള്‍ സമൂഹനായികമാരാവാന്‍ തയ്യാറെടുക്കുകയാണ്. നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണം. അവര്‍ മക്കളെ ഇടക്കിടെ ഓര്‍മപ്പെടുത്തി. ഡോ. ഹവാ അബ്ദി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വസിക്കുന്ന സോമാലിയന്‍ വംശജരായ വ്യവസായികളെയും സമ്പന്നരെയും കാണുവാനും തന്റെ ഫൗണ്ടേഷന്റെ നടത്തിപ്പിനുവേണ്ടി സംഭാവന ചെയ്യിക്കുവാനുമുള്ള പര്യടനത്തിലാണ്. വനിതകളുടെ പൊതുക്ഷേമത്തിനും സ്വയം പര്യാപ്തരാക്കുന്നതിനുവേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റല്‍ വോയ്സസ് എന്ന സംഘടനയുമായി യോജിച്ച് ടാക്സ് ഇളവു ലഭിക്കുന്ന സംഭാവന പിരിക്കുന്നതിനും ഡോ. അബ്ദി ശ്രമമാരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും ഡോ. അബ്ദിക്ക് നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഗ്ലാമര്‍ മാഗസിന്‍ നടത്തിയ ഗാലപ്പോളില്‍ ഡോ. അബ്ദിയെയും മക്കളെയും 2010-ലെ പ്രശസ്ത ലോകവനിത (ംീാമി ീള വേല ്യലമൃ) കളായി തെരഞ്ഞെടുത്തിരിക്കുന്നു.ഈ ബഹുമതിക്ക് എല്ലാംകൊണ്ടും അവര്‍ അര്‍ഹരാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം