malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ആരെയും അമ്പരപ്പിക്കുന്ന അര്‍ബുദ മരണങ്ങള്‍

ജോണ്‍സണ്‍ ജോസഫ്
അമിതമായ പുകയില ഉപയോഗം വിതയ്ക്കുന്ന മനുഷ്യവിനാശങ്ങളെപ്പറ്റി ഒരു പഠന റിപ്പോര്‍ട്ട്


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരുഷന്മാര്‍ മരിക്കുന്നത് വായിലെ കാന്‍സര്‍ മൂലവും സ്ത്രീകള്‍ ഇത് ഗര്‍ഭാശയ കാന്‍സര്‍ മൂലവുമാണെന്ന് റിപ്പോര്‍ട്ട്. 2010ല്‍ രാജ്യത്ത് 5,56,400 പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. 30നും 69നും ഇടയിലുള്ളവരായിരുന്നു 70 ശതമാനവും. 2010ല്‍ ആകെയുണ്ടായ 25 ലക്ഷം പുരുഷ മരണങ്ങളില്‍ എട്ടുശതമാനവും 16 ലക്ഷം സ്ത്രീ മരണങ്ങളില്‍ 12 ശതമാനവും കാന്‍സര്‍മൂലമായിരുന്നു. മാര്‍ച്ച് 28 ലെ 'ദി ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 2001-2003 ലെ 1,22,429 മരണങ്ങളില്‍ 7137 എണ്ണം കാന്‍സര്‍ മൂലമായിരുന്നെങ്കില്‍ 2010 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത് 5,56,400 പേരാണെന്ന ഞെട്ടിക്കുന്ന കണക്കാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

പുരുഷന്മാര്‍ക്കിടയില്‍ 23 ശതമാനം മരണവും വായിലെ കാന്‍സര്‍ മൂലമായിരുന്നു. ഉദരത്തിലെ അര്‍ബുദത്തിനാണ് രണ്ടാം സ്ഥാനം (12.6 ശതമാനം). ശ്വാസകോശ കാന്‍സര്‍ 11.4 ശതമാനവുമായി മൂന്നാം സ്ഥാനത്തെത്തുന്നു. സ്ത്രീകളില്‍ ഒന്നാം സ്ഥാനം ഗര്‍ഭാശയ കാന്‍സറിനാണ്. 17 ശതമാനം മരണവും ഇതുമൂലമാണെങ്കില്‍ 10.2 ശതമാനവുമായി സ്താനാര്‍ബുദമാണ് രണ്ടാം സ്ഥാനത്ത് വരുന്നത്.

പുകയിലയുമായി ബന്ധപ്പെട്ടാണ് പുരുഷന്മാരുടെ 42 ശതമാനം കാന്‍സര്‍ ബാധയുമെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭൂരിഭാഗം കാന്‍സറും ഒഴിവാക്കാവുന്നതാണെന്നാണ് ടൊറന്റൊ സര്‍വകലാശാലയിലെ ആഗോള ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. പ്രഭാത്ജാ പറയുന്നത്. ഈ പഠനത്തില്‍ പ്രധാനി ജാ ആയിരുന്നു. 18.3 ശതമാനം സ്ത്രീകള്‍ മരിക്കുന്നത് പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന കാന്‍സര്‍ മൂലമാണ്. ശ്വാസകോശ കാന്‍സറിനേക്കാള്‍ ഇരട്ടിയിലധികം വരുന്നു പുകയില കാന്‍സര്‍ മരണം.

'പുകയില ഉപയോഗം കൊണ്ടുള്ള കാന്‍സര്‍ മരണങ്ങളുടെ എണ്ണം ഭീകരമാണ്. ഏതാണ്ട് 1,20,000 വരുന്നു. ഇതില്‍ 84000 പുരുഷന്മാരും 36000 സ്ത്രീകളുമാണ്' - ജാ പറഞ്ഞു.'20 ശതമാനവും പുകയില ചവയ്ക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്' ഇങ്ങനെ കാന്‍സര്‍ വന്നു മരിക്കുന്നവര്‍ നഗരങ്ങളില്‍ 27,000 വും ഗ്രാമങ്ങളില്‍ 57,000 വുമാണെന്നാണ് കണ്ടെത്തല്‍. അതായത് നഗരങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികംപേര്‍ ഗ്രാമങ്ങളില്‍ മരിക്കുന്നു.മറ്റു രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലി തന്നെയാണ് ഏറ്റവും മാരകം. 2008 ല്‍ ജായും സംഘവും തന്നെ ന്യൂ ഇംഗ്ലണ്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഒരുവര്‍ഷം പുകവലിമൂലം 10 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അണുബാധപോലുള്ള മറ്റ് മരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കാന്‍സര്‍ മൂലം 19.6 ശതമാനം പേര്‍ മരിക്കുന്നു.

ചില കാര്യങ്ങളില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കണക്കുകള്‍ ഒത്തുവരുന്നു. എന്നാല്‍ ചിലപ്പോള്‍ ഇത് വ്യത്യസ്തവുമാകുന്നു. പുരുഷന്മാരില്‍ വായിലെ കാന്‍സറാണ് രണ്ടിടത്തും ഏറ്റവും മാരകം. നഗരങ്ങളില്‍ രണ്ടാംസ്ഥാനം ശ്വാസകോശ കാന്‍സറിനാണെങ്കില്‍ ഗ്രാമങ്ങളില്‍ ഇത് ഉ2ദര കാന്‍സറാണ്.

'പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതും ഒന്നിക്കുന്നതാണ് ഇതിന് കാരണം' ജാ പറയുന്നു. സ്ത്രീകളുടെ കാര്യത്തില്‍ ഗര്‍ഭാശയ കാന്‍സര്‍ ബാധ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ മൂന്നിരട്ടി അധികമാണ്. എന്നാല്‍ സ്തനാര്‍ബുദംമൂലമുള്ള മരണം രണ്ടിടത്തും ഒരുപോലെയാണ്. എന്നാല്‍ ഗ്രാമീണ സ്ത്രീകളിലാണ് വയറ്റിലെ കാന്‍സര്‍ കൂടുതല്‍.ഓരോ പ്രദേശങ്ങളിലും കണക്കുകളില്‍ വ്യത്യാസം വരുന്നതും കാണാം. വടക്കു കിഴക്കന്‍ പ്രദേശത്തെ ഒരു 30 കാരന് 70 വയസിന് കാന്‍സര്‍ പിടിപെട്ട് മരിക്കാനുള്ള സാധ്യത 11.2 ശതമാനമാണ്. സ്ത്രീകളുടെ കാര്യത്തില്‍ ഇത് ആറു ശതമാനംവരും. എന്നാല്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ ഈ സാധ്യത മൂന്നു ശതമാനം മാത്രം.

ആസാമിലെയും മറ്റ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പുകയിലയുമായി ബന്ധപ്പെട്ട കാന്‍സര്‍ മൂലമുണ്ടാകുന്ന മരണസംഖ്യ ദേശീയതലത്തില്‍ എല്ലാത്തരം കാന്‍സര്‍ ബാധമൂലം മരിക്കുന്നവരേക്കാള്‍ അധികമാണ്. 'ഈ പ്രദേശങ്ങളില്‍ പുകയില ഉപയോഗം സാധാരണമാണ്.' ജാ വിശദമാക്കി.
പുകയിലകൊണ്ടല്ലാത്ത കാന്‍സറിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വലിയ വ്യതിയാനങ്ങളുണ്ട്. 'ഇതിന് കാരണമെന്താണെന്ന് മനസിലാവുന്നില്ല. കൂടുതല്‍ ഗവേഷണം ആവശ്യമാണ്. അത് ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഉപകാരപ്രദമായിരിക്കും.'ഇരുലിംഗങ്ങളിലും സാധാരണ കാണപ്പെടുന്ന കാന്‍സറുകള്‍ സംസ്ഥാനങ്ങളില്‍ നാലുമടങ്ങുവരെ വ്യത്യാസം കാണിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കേരളം, പശ്ചിമ ബംഗാള്‍, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഇത്തരം കാന്‍സറുകളുടെ കാര്യത്തില്‍ ഉയര്‍ന്ന നിരക്ക് കാണിക്കുന്നു. ആസാം, ബീഹാര്‍, ചത്തീസ്ഗണ്ഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തരഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ പിന്നിലാണ്.

'പാവപ്പെട്ട സംസ്ഥാനങ്ങളില്‍ ഈ വ്യത്യാസം ഉണ്ടായത് എങ്ങിനെയെന്ന് അറിയില്ലെന്ന്' ജാ പറയുന്നു. സാക്ഷരത നിര്‍ണായകമാണ്. വിദ്യാഭ്യാസമില്ലാത്തവര്‍ക്കിടയില്‍ മരണസംഖ്യ കൂടുതലാണ്. നിരക്ഷരരായ 1,00,000 പുരുഷന്മാരില്‍ മരണനിരക്ക് 106 ആണ്. ഇത്രയും തന്നെ സ്ത്രീകളില്‍ ഇത് 107 വരുന്നു. വിദ്യാഭ്യാസം നേടിയ ഒരുലക്ഷം പുരുഷന്മാരുടെ മരണനിരക്ക് 76-ഉം സ്ത്രീകളുടെ കാര്യത്തില്‍ ഇത് 43 ഉം ആണ്.പ്രായംകൂടി കണക്കിലെടുക്കുമ്പോള്‍ ഏറ്റവും താഴെതട്ടിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വനിതകള്‍ തമ്മിലുള്ള വ്യത്യാസം നോക്കുമ്പോള്‍ വായിലെ കാന്‍സറിനാണ് ഒന്നാം സ്ഥാനം. തുടര്‍ന്ന് വയറ്, ഗര്‍ഭാശയം എന്നിങ്ങനെ വരുന്നു. എന്നാല്‍ സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ല. റിപ്പോര്‍ട്ട് പറയുന്നു.

മുസ്ലിമുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭാശയ കാന്‍സര്‍ സാധ്യത വളരെ കുറവായി കണ്ടെത്തി. 75 ശതമാനം മുസ്ലിമുകളുള്ള കാശ്മീരിലും 40 ശതമാനമുള്ള ആസാമിലും ഗര്‍ഭാശയ കാന്‍സര്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ്. എന്നാല്‍ സ്തനാര്‍ബുദവും ഉദര കാന്‍സറും കൂടുതലാണ്. ലിവര്‍കാന്‍സറിന്റെയും മറ്റു കാന്‍സറുകളുടെയും കാര്യത്തില്‍ മുസ്ലിം പുരുഷന്മാരുടെ മരണനിരക്ക് ഹിന്ദുക്കളെ അപേക്ഷിച്ച് കൂടുതലാണ്.'വായിലെയും ശ്വാസകോശത്തിലെയും കാന്‍സര്‍ നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മരുന്ന് പുകയില നിയന്ത്രണമാണ്.' ജാ പറയുന്നു. 'പല മരണങ്ങള്‍ക്കും പ്രധാന കാരണം അല്ലെങ്കില്‍ ഏക കാരണം പുകയിലാണ്. മറ്റു രാജ്യങ്ങളില്‍ പുകയില കമ്പനികളെ കീഴടക്കി കഴിഞ്ഞു. ഇവിടെയും അത് സംഭവിക്കും. പക്ഷേ അല്‍പംകൂടി സാവകാശം വേണ്ടിവരും.' 'അമിത നികുതി ഏര്‍പ്പെടുത്തുകയാണ് ഒരു മാര്‍ഗം' ജാ ചൂണ്ടിക്കാട്ടി. 'ഫ്രാന്‍സില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നികുതി മൂന്നിരട്ടിയാക്കി. പുകയില ഉപയോഗം പകുതിയാകുകയും വരുമാനം കൂടുകയും ചെയ്തു.' 'മെക്‌സിക്കോ 30 ശതമാനം നികുതി ഉയര്‍ത്തി. ഫിലിപൈന്‍സ് 200 ശതമാനം കൂട്ടാന്‍ ആലോചിക്കുന്നു. അടുത്തവര്‍ഷം അതുണ്ടാകും.' ജാ പറഞ്ഞു.

രോഗം നേരത്തെ കണ്ടെത്തിയാല്‍ ഗ്രാമീണ മേഖലയിലാണെങ്കില്‍പോലും സുഖപ്പെടുത്താമെന്നാണ് ജാ പറയുന്നത്.വികസ്വര രാജ്യങ്ങളിലും സ്ഥിതി മാറി വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭാശയ കാന്‍സര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും മരണ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും നഗരങ്ങളില്‍ എണ്ണം വളരെ കുറയുന്നുണ്ട്.എന്നാല്‍ സ്തനാര്‍ബുദം മൂലമുള്ള മരണനിരക്ക് വര്‍ദ്ധിക്കുന്നതായി കാണാം. 'ഇന്ത്യയിലെ മാറിവരുന്ന ജീവിത സാഹചര്യങ്ങളാണ് ഇതിന് പ്രധാന കാരണം. വൈകിയുള്ള ഗര്‍ഭവും മറ്റും ഇതിന് വഴിയൊരുക്കുന്നു.' 2004-2005 ലാണ് ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചത്. ഒരു കുടുംബത്തിലെ കാര്യങ്ങള്‍ ഏതെങ്കിലും ഒരംഗത്തില്‍ നിന്നാണ് ശേഖരിച്ചത്. 2003 ലെ കണക്കനുസരിച്ച് 2010 ലേക്ക് കൂടുകയായിരുന്നു. ഇതില്‍ പിഴവുകള്‍ വരാന്‍ സാധ്യത കുറവാണ്.സംസാരത്തിലൂടെയുള്ള കണ്ടെത്തലുകളില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കില്ലെങ്കിലും വായ്, ഗര്‍ഭാശയം, സ്തനാര്‍ബുദങ്ങളുടെ കാര്യത്തില്‍ ക്ലാസിഫിക്കേഷനില്‍ വലിയ വ്യത്യാസം വരാന്‍ സാധ്യത കുറവാണ്. ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'മില്യന്‍ ഡെത്ത് സ്റ്റഡി' അനുസരിച്ചാണ് മരണനിരക്ക് കണക്കാക്കിയിട്ടുള്ളത്. ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ മരണ കാരണങ്ങളെക്കുറിച്ചുള്ള ദേശീയതലത്തിലെ സമഗ്ര പഠനമാണ് 'മില്യന്‍ ഡെത്ത് സ്റ്റഡി.'

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം