malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീസംരക്ഷണ നിയമത്തിന്റെ അനിവാര്യത

ഇ എസ് ബിജിമോള്‍
സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുവാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയോ ലിസ്റ്റു ചെയ്യുകയോ ചെയ്യുന്നതിനു മുമ്പായി പൊതുജനാഭിപ്രായം സ്വരൂപിക്കുവാന്‍ നടത്തിയ ആഭ്യന്തരമന്ത്രിയുടെ ശ്രമം സംഘാടകരുടെ പ്രതീക്ഷക്കും അപ്പുറത്ത് പങ്കാളിത്തം കൊണ്ടും ആശയങ്ങള്‍കൊണ്ടും ശ്രദ്ധേയമായി.

സ്ത്രീയുടെ സ്വകാര്യതയെ കാരുണ്യത്തോടും അന്തസ്സിനെ കരുതലോടും കാണേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണ്. വരുംതലമുറകളുടെ സൃഷ്ടിക്ക് മുഖ്യപങ്കാളിയാകുന്ന സ്ത്രീക്ക് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥ നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിലങ്ങുതടിയാകും. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ മുതല്‍ ഗാര്‍ഹികപീഡന നിരോധന നിയമം വരെ ഉണ്ടെങ്കിലും സ്ത്രീക്കു നീതി കിട്ടുവാന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഒരു കഥാപാത്രമായി കാത്തിരിക്കേണ്ടിവരുന്നു. കാലാകാലങ്ങളോളം നീണ്ടുപോകുന്ന നിയമനടപടിയില്‍ തെളിവുകളും സാക്ഷികളും അപ്രത്യക്ഷരാകുകയും പ്രതിഭാഗം ചേരുകയും ചെയ്യുക വഴി അന്തിമമായി ലഭിക്കേണ്ട നീതി തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തില്‍ എതിരായി മാറും. അതിവേഗ കോടതികളുടെ ആവശ്യം ബില്ലില്‍ വ്യവസ്ഥ ചെയ്യേണ്ടതുണ്ട്.

16 വര്‍ഷം നീണ്ടുപോയ സൂര്യനെല്ലികേസ് പ്രതികള്‍ രക്ഷപ്പെട്ടതും സ്വന്തം പേരുപോലും നഷ്ടപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി ഒളിവില്‍ കഴിയേണ്ടിവന്നതും അവിടെയും ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കാക്കിയിട്ടതും അല്ലാത്തതുമായ ആള്‍രൂപങ്ങള്‍ കടന്നുകയറി കഥയുണ്ടാക്കി അപമാനിച്ചതും അന്തസ്സ് നശിപ്പിച്ചതും സാക്ഷരകേരളം കണ്ടു.

കായംകുളത്തു കൊല്ലപ്പെട്ട സ്മിതയുടെ കേസിലും ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊല്ലപ്പെട്ട സൗമ്യയുടെ കേസിലും പരാതി കൊടുക്കുന്നതിലും പരാതി കേള്‍ക്കുന്നതിലും കേസ് നടത്തിപ്പിലും കാട്ടിയ ജാഗ്രത പ്രതികളെ ജയിലില്‍ എത്തിച്ചു.

നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷം പരാതികൊടുക്കുവാനുള്ള സ്ത്രീയുടെ അവകാശത്തെ അപഹസിക്കുന്നതാണ്. അതിന്റെ ഫലമായി പരാതിപ്പെടുവാനുള്ള അവകാശം പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ജീവിക്കേണ്ടിവരുന്നു. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ലിംഗസൗഹൃദ വിരുദ്ധമാണ്. 'പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വീടിന് പുറത്തിറങ്ങാതിരിക്കുക, നിങ്ങള്‍ വീടുകളില്‍ സുരക്ഷിതരാണ്' എന്ന് നമുക്ക് സ്ത്രീകളോടും പെണ്‍കുട്ടികളോടും പറയുവാന്‍ ഈ സൈബര്‍ യുഗത്തില്‍ കഴിയില്ല. 80,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. അടച്ചിട്ട വീടിനുള്ളിലേക്കും ക്ഷണിക്കാതെ എത്തുന്നവരാണ് സൈബര്‍ കുറ്റവാളികള്‍. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ കൂട്ട ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയുടെ അനേ്വഷണം സൈബര്‍ ക്രിമിനലിസത്തിന്റെ ഭീകരമുഖം തുറന്നുകാട്ടി. പരാതി സ്വീകരിച്ച കേസുകള്‍ 80,000 എങ്കില്‍ പരാതി നല്‍കാതെ പോയത് എത്ര ആയിരിക്കും?

തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടും എന്ന ഭീതി ഉണ്ടാവണം. ഭീതി ഇല്ലാത്ത കുറ്റവാളികള്‍ സാമൂഹ്യ സുരക്ഷ നഷ്ടപ്പെടുത്തും, രാജ്യത്തെ അപകടത്തിലാക്കും.

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. അധികാരവും പണവും പദവിയും പ്രയോജനപ്പെടുത്തി നിയമം പോലും വിലയ്ക്കു വാങ്ങിയതിന് സാക്ഷിയായ റൗഫിന്റെ വെളിപ്പെടുത്തലുകള്‍ പോലും വെളിച്ചം കണ്ടില്ല. പുതിയ അനേ്വഷണ സംഘത്തിന്റെ അനേ്വഷണവും അട്ടിമറിക്കപ്പെട്ടു. ഇവിടെ നിയമം പോലും അപഹസിക്കപ്പെടുന്നു. ഇപ്പോള്‍ കേസ് തന്നെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

സ്ത്രീ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളില്‍ കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാണ്. സ്ത്രീ-പുരുഷ അനുപാതം അസൂയാവഹമാണ്. എന്നാല്‍ കേരള നിയമസഭയില്‍ 140 എം എല്‍ എ മാരില്‍ ഒരു മന്ത്രിയടക്കം ഭരണപ്രതിപക്ഷ ബെഞ്ചുകളില്‍ ആകെ വനിതാ എം എല്‍ എ മാരുടെ എണ്ണം 6 മാത്രം. സാമൂഹിക മണ്ഡലങ്ങള്‍ ഇനിയും സ്ത്രീ സമൂഹത്തെ സ്വാഗതം ചെയ്തു തുടങ്ങിയിട്ടില്ല.

പഞ്ചായത്തുകളിലെ 50 ശതമാനം വനിതാ സംവരണം പോലും ഭൂരിപക്ഷ പുരുഷസമൂഹം അസ്വസ്ഥതയോടെയാണ് സ്വാഗതം ചെയ്തത്. രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ സാമൂഹിക രംഗങ്ങളില്‍ സ്ത്രീപങ്കാളിത്തം ഇനിയും ഉണ്ടാവണം. സ്ഥായിയായി സ്ത്രീ സമൂഹത്തിന്റെ മാന്യത വര്‍ധിപ്പിക്കുന്നതിന്, അന്തസ്സ് ഉയര്‍ത്തുന്നതിന്, സാമൂഹിക രംഗങ്ങളിലെ സ്ത്രീ സാന്നിധ്യം അനിവാര്യമാണ്. അസംബ്ലിയിലെയും പാര്‍ലമെന്റിലെയും വനിതാസംവരണം ഇന്നും സമസ്യയായി തുടരുന്നു.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഉപഭോഗഭ്രമം സ്ത്രീകളുടെ മാത്രമല്ല കുട്ടികളുടെയും സ്വകാര്യതയിലേക്കു കടന്നുകയറുവാന്‍ അക്രമകാരികളെ പ്രേരിപ്പിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം മറ്റൊരു ഗള്‍ഫ് ആണ്. തൊഴില്‍ തേടി എത്തുന്ന സ്ത്രീ തൊഴിലാളികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. വൃത്തിയും സുരക്ഷിതവുമായ പാര്‍പ്പിട സൗകര്യങ്ങള്‍ തൊഴില്‍ദാതാവിന്റെ ചുമതലയാവണം. നിയമത്തില്‍ ഇതും വ്യവസ്ഥ ചെയ്യേണ്ടതുണ്ട്.
ദൈനംദിനം കേള്‍ക്കുന്ന ലൈംഗിക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തിപരവും സാമൂഹ്യവുമായ സുരക്ഷിതത്വമില്ലായ്മയിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവങ്ങളാണ്. നീതിന്യായ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുകയും കഠിനമായ ശിക്ഷാരീതി സ്വീകരിക്കുകയും വേണം. 354, 307 വകുപ്പുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ വകുപ്പുകള്‍ ശക്തിപ്പെടുത്തിക്കൊണ്ട് തമിഴ്‌നാട് പ്രതേ്യക നിയമം പാസാക്കിയത് അനുകരണീയം ആണ്. പീഡന കേസുകള്‍ പരിശോധിക്കുമ്പോള്‍ എന്നും വില്ലനായി നമ്മുടെ മുമ്പില്‍ മദ്യവും മയക്കുമരുന്നും ഉണ്ടെന്ന് വിസ്മരിക്കരുത്. മദ്യനയത്തില്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ കുപ്രസിദ്ധി ഇതിനോടകം നമുക്കു ബോധ്യപ്പെതാണ്.
ബാര്‍ഹോട്ടലുകളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ യു ഡി എഫ് മുന്നണിയിലെ ഘടകകക്ഷികള്‍ നടത്തുന്ന കിടമത്സരവും അംഗീകരിച്ചു പുറത്താക്കിയ മദ്യനയവും ഉദാഹരണങ്ങളാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനുശേഷം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷയുടെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം ആണെന്ന തിരിച്ചറിവ് ഉണ്ടാവണം. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ജാഗ്രത ഭവനങ്ങളില്‍ നിന്നു തന്നെ ആരംഭിക്കേണ്ടതുണ്ട്. കുറ്റവാസനയുള്ളവരെ മുന്‍കൂട്ടി തിരിച്ചറിയുവാനും അതിക്രമത്തിന് വിധേയരായാല്‍ പ്രതിരോധിക്കുവാനും തക്കവിധം ശാരീരികവും മാനസികവുമായി വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. ബില്ലിന്റെ ഭാഗമായി ഇത് വ്യവസ്ഥ ചെയ്യണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊല്ലത്തു പെണ്‍കുട്ടികള്‍ക്കായി നടന്ന വനിതാ വാളന്റിയര്‍ ക്യാമ്പ് സംസ്ഥാനത്തിന് അകത്തും പുറത്തും ചര്‍ച്ച ചെയ്ത മാതൃകാ പരിശീലന പരിപാടിയായി മാറി.
'പൂച്ചക്കുട്ടികളായി വന്ന ഞങ്ങള്‍ പുലിക്കുട്ടിയുടെ ആത്മവിശ്വാസത്തോടെ മടങ്ങുന്നു.' എന്നു പരിശീലന പരിപാടിയില്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ അഭിപ്രായപ്പെടുമ്പോള്‍ വാക്കുകള്‍ക്ക് അപ്പുറം പരിശീലന പരിപാടിയിലൂടെ ആര്‍ജ്ജിച്ച ആത്മവിശ്വാസം പ്രശംസനീയമാണ്.

പീഡിത വ്യക്തികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും സാമൂഹ്യ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരുന്നതിനും മാന്യമായ നഷ്ടപരിഹാരം നല്‍കുന്നതിനും സ്ത്രീയുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ടാവണം.

നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് നിയമങ്ങളുടെ പഴുതുകള്‍ പ്രയോജനപ്പെടുത്തി നിയമത്തേയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അധികാരവും പദവിയും പണവും പ്രയോജനപ്പെടുത്തി അക്രമികള്‍ ഒരു രാഷ്ട്രത്തെ വെല്ലുവിളിക്കുമ്പോള്‍ പ്രതിരോധിക്കുവാന്‍ ജീവനുള്ള നിയമങ്ങള്‍ ഉണ്ടാവണം.

ശക്തമായ നിയമ നിര്‍മ്മാണത്തിന് ശക്തമായ ജനകീയ അഭിപ്രായം അനിവാര്യമാണ്. ശഴുരൃശാല@െസലൃമഹമുീഹശരല.ഴീ്.ശി എന്ന ാമശഹ ശറ യില്‍ ബില്ലിന്റെകോപ്പി ലഭ്യമാണ്. അഭിപ്രായങ്ങള്‍ കത്തിലൂടെയും മുകളില്‍ പറഞ്ഞ മെയില്‍ഐഡി വഴിയും അറിയിക്കാവുന്നതാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം