malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

വര്‍ധിക്കുന്ന വിവാഹമോചനങ്ങള്‍

അഡ്വ. പി രാജന്‍

ഏറെ ഗൗരവമുള്ളതും എന്നാല്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്നതുമായ ഒരു വെളിപ്പെടുത്തല്‍ ഈയിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തുകയുണ്ടായി. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ദാമ്പത്യപ്രശ്നങ്ങള്‍ സംബന്ധിച്ചായിരുന്നു അത്. കേരളത്തിലെ കുടുംബകോടതികളില്‍ വിവാഹബന്ധം വേര്‍പെടുത്താനായി 44,236 കേസുകള്‍ 2010-11 കാലയളവില്‍ ഫയല്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 6000 കേസുകള്‍ ഫയല്‍ ചെയ്ത തിരുവനന്തപുരം ജില്ലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. കാസര്‍കോട്ടാണ് കുറവ്- 987.

വിവാഹമോചനത്തിനായി കുടുംബകോടതികളെ സമീപിക്കുന്ന ദമ്പതികളില്‍ കൂടുതലും 40 വയസ്സില്‍ താഴെയുള്ളവരാണ്. പല കേസിലും നിസ്സാര പ്രശ്നങ്ങളാണ് വേര്‍പിരിയലിലേക്ക് നയിക്കുന്നത്. ചെറിയ അപസ്വരങ്ങള്‍പോലും പരിഹരിക്കാന്‍ ശ്രമിക്കാതെ നിയമത്തിന്റെ വഴിതേടുന്നതാണ് ഇത്രയധികം വിവാഹമോചനക്കേസുകള്‍ക്ക് കാരണം. കുടുംബകോടതികള്‍ നിലവില്‍ വരുന്നതിന് മുമ്പ് സിവില്‍ കോടതികളില്‍ വളരെകുറച്ച് വേര്‍പിരിയല്‍ ഹര്‍ജികള്‍ മാത്രമാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഒരു തരത്തിലും ബന്ധം തുടരാന്‍ പറ്റാത്ത മധ്യവയസ്കരായിരുന്നു അന്ന് കോടതികളെ സമീപിച്ചിരുന്നത്. മദ്യവും മൊബൈല്‍ ഫോണുകളും ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനവും അതുവഴി കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പല വിവാഹമോചന കേസുകളിലും സ്ത്രീകളെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.

ജോലിയില്‍നിന്നുള്ള വരുമാനം വഴിവിട്ട ജീവിതത്തിന് തികയാതെ വരുമ്പോള്‍ ഭാര്യയുടെ വരുമാനമോ സ്വര്‍ണാഭരണമോ ഭര്‍ത്താവ് സ്വന്തമാക്കുന്നു. ഇത് കുടുംബത്തെ അനിശ്ചിതത്വത്തിലാക്കുന്നു. ആത്മഹത്യപോലും സംഭവിക്കുന്നു. ഈ സാഹചര്യം പലപ്പോഴും കുട്ടികളെ ക്രിമിനല്‍ സ്വഭാവമുള്ളവരാക്കി മാറ്റുന്നു. മൊബൈല്‍ ഫോണ്‍ ഏറെ ഉപകാരപ്രദമാണെങ്കിലും അതിന്റെ ദുരുപയോഗം ദാമ്പത്യ ബന്ധത്തിന്റെ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. മൊബൈല്‍ ഫോണ്‍വഴി സ്ത്രീകള്‍ ചതിക്കുഴിയില്‍ പെടുന്നത് സാധാരണമാണ്. സ്ത്രീകളെ വശീകരിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇക്കാര്യം പുറത്തറിയുമ്പോള്‍ നേരത്തെ ഒരുമിച്ച് എടുത്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. കുടുംബ ബന്ധം തകരാതിരിക്കാനും മാനം രക്ഷിക്കാനും പല സ്ത്രീകള്‍ക്കും പൊലീസിനെയും കോടതിയെയും സമീപിക്കേണ്ടിവരുന്നു. വിവാഹമോചനക്കേസുകളില്‍ കോടതിയില്‍ സത്യം തെളിയിക്കുക മിക്കവാറും അസാധ്യമാണ്. ഭേദമാവാത്ത മാനസികരോഗം, പരസ്ത്രീബന്ധം, ക്രൂരമായ പെരുമാറ്റം പോലുള്ള കാരണങ്ങളാല്‍ ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ അപൂര്‍വമായേ അനുകൂല വിധി ലഭിക്കൂ. രേഖകള്‍ വഴിയോ സാക്ഷികളിലൂടെയോ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രയാസമായതിനാലാണ് ഇത്തരം കേസുകളില്‍ അനുകൂല വിധി കിട്ടാത്തത്. നിയമങ്ങളും പരിഹാരങ്ങളും ഹിന്ദു, ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ഒരുമിച്ച് കഴിയുക അസാധ്യമെന്ന് കാണുന്നുവെങ്കില്‍ യോജിച്ച് ഹര്‍ജി നല്‍കിയാല്‍, പരപ്രേരണയില്ലെന്ന് ബോധ്യമായാല്‍ കോടതിക്ക് വേര്‍പിരിയല്‍ അനുവദിക്കാവുന്നതാണ്.

മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് കോടതി വഴി മുസ്ലിം വിവാഹമോചന നിയമപ്രകാരമേ ബന്ധം വിച്ഛേദിക്കാനാകൂ. എന്നാല്‍, ഭര്‍ത്താക്കന്മാര്‍ക്ക് കോടതിയെ സമീപിക്കാതെ തലാഖ് സമ്പ്രദായം വഴി വിവാഹമോചനം നേടാം. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താന്‍ അടുത്തകാലത്ത് പ്രാബല്യത്തില്‍വന്നതാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ 498 (എ) വകുപ്പ്. ഗാര്‍ഹിക പീഡന നിരോധന നിയമം 2005, വിവാഹമോചിതയായ മുസ്ലിം സ്ത്രീകള്‍ക്കുള്ള പരിരക്ഷാ നിയമം-1986 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭാര്യമാര്‍ വിവാഹമോചന ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ മിക്കപ്പോഴും വിപരീതഫലമുണ്ടാകുന്നതായാണ് അനുഭവം. കജഇ498 (അ) വകുപ്പു പ്രകാരം പണത്തിനോ മറ്റു വസ്തുക്കള്‍ക്കോവേണ്ടി പീഡനമേറ്റാല്‍ ഭാര്യക്ക് കോടതിയെ സമീപിക്കാം. 1983ല്‍ ഈ വകുപ്പ് പ്രാബല്യത്തില്‍ വന്നശേഷം ഫയല്‍ ചെയ്ത ഒട്ടേറെ കേസുകള്‍ അകാരണവും നിരപരാധികളായ ബന്ധുക്കളെ കോടതി കയറ്റാന്‍ ഉദ്ദേശിച്ചുള്ളതുമായിരുന്നു. നിയമം ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കിയ സുപ്രീംകോടതി വകുപ്പുകളില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2008 ട.ഇ. 2131;അകഞ 2003 ട.ഇ. 1386) മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹമോചിതക്ക് മൊഴിചൊല്ലിയ ഭര്‍ത്താവ് ചിലവ് സംഖ്യ നല്‍കേണ്ടിയിരുന്നില്ല. ടലരശേീി 125 ഇഞജഇ, 1973 വിവാഹമോചിതരായ മുസ്ലിം സ്ത്രീകള്‍ക്ക് മറ്റുള്ളവരെപ്പോലെ ബാധകമാണോ എന്ന നിയമപ്രശ്നം പരിഗണനക്ക് വന്നപ്പോള്‍, തുല്യനീതി മതത്തിന്റെ പേരില്‍ ഒരു കൂട്ടര്‍ക്ക് നിഷേധിക്കരുതെന്ന് സൂപ്രിംകോടതി വിധിച്ചു. (അവമാാലറ ഗവമി ഢെ ടവമവ ആമിൗ ആലലഴമാഅകഞ 1985 ടഇ 954) മുസ്ലിം വ്യക്തിനിയമത്തിന് വിരുദ്ധമാണ് ഷാബാനു കേസിലെ വിധിയെന്ന് വിവിധ മതസംഘടനകള്‍ അഭിപ്രായപ്പെട്ടതിനാല്‍ പാര്‍ലമെന്റ് മുസ്ലിം സ്ത്രീകള്‍ക്കായി മാത്രം, വിവാഹമോചിതയായാല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി 1986 എന്ന നിയമം പുറപ്പെടുവിച്ചു. ഇതിനുശേഷമാണ് മുസ്ലിം സ്ത്രീകള്‍ക്ക് സംരക്ഷണം കോടതി വഴി ലഭ്യമാവുന്നത്.

സാമ്പത്തികഭദ്രത വിദ്യാഭ്യാസവും ജോലിയുമുള്ള യുവതീയുവാക്കള്‍ക്ക് പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. സ്വതന്ത്രമായ കാഴ്ചപ്പാടും തീരുമാനങ്ങളുമാണ് ഇവരെ നയിക്കുന്നത്. ഒരുമിച്ച് കഴിയാന്‍ സാധിക്കില്ലെന്ന് ബോധ്യമാവുന്നതോടെ ചെറുപ്പക്കാര്‍ വിവാഹ ബന്ധം വേര്‍പെടുത്തി സന്തോഷത്തോടെ പിരിയുന്നതും സാധാരണമായി. ഇവരെ ഒരുമിപ്പിക്കാന്‍ കോടതിയും കൗണ്‍സിലര്‍മാരും നടത്തുന്ന ശ്രമം വെറുതെയാവുന്നു. വിവാഹമോചന കേസുകളില്‍ സംരക്ഷണത്തിനായി ഭാര്യക്ക് ചിലവ് സംഖ്യ വിധിച്ചാലും പണം ലഭിക്കാന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുന്നു. സ്വമേധയാ ചിലവ് സംഖ്യ നല്‍കുന്ന ഭര്‍ത്താക്കന്മാര്‍ അപൂര്‍വം. വരുമാനമോ സ്വത്തോ ഇല്ലാത്ത ഭര്‍ത്താക്കന്മാര്‍ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തയാറാകുന്നു. ഭൂസ്വത്ത് ഉള്ളവരില്‍നിന്ന് പണം ഈടാക്കുക ചുവപ്പുനാടയില്‍ കുരുങ്ങുന്നതിനാല്‍ വര്‍ഷങ്ങള്‍കഴിഞ്ഞാലും കോടതി വിധി കടലാസില്‍ ഒതുങ്ങുകയേ ഉള്ളൂ. സാമൂഹിക സംഘടനകളും വനിതാ സംഘടനകളും പല വിഷയങ്ങളിലും പ്രസക്തമായ ഇടപെടല്‍ നടത്തുന്ന സംസ്ഥാനമാണ് കേരളം. വിവാഹത്തിന് മുമ്പും ശേഷവും ഇത്തരം സംഘടനകളുടെ ഇടപെടല്‍ ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവുന്ന വിള്ളലുകള്‍ ഒരു പരിധിവരെ ഒഴിവാക്കി കുടുംബജീവിതം തുടരാന്‍ പ്രയോജനപ്പെടും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് മതിയായ ബോധവല്‍ക്കരണം നല്‍കാന്‍ പ്രാദേശിക തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ കുറെയെങ്കിലും പരിഹരിക്കാനാകും.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം