malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

അരങ്ങിന്റെ പൈതൃകം

ആര്‍.പ്രദീപ്‌
ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ ശതാഭിഷിക്തനാകുന്നു. മെയ്‌ നാല്‌ വെള്ളിയാഴ്ച അദ്ദേഹം പിറന്നാള്‍ ആഘോഷിക്കുന്നത്‌ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട നിര്‍വൃതിയിലാണ്‌. നാടകകൃത്ത്‌, നാടക സംവിധായകന്‍, കവി, ചലച്ചിത്ര-ലളിതഗാന രചയിതാവ്‌, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവല്‍ക്കാരന്‍, ഗ്രന്ഥകര്‍ത്താവ്‌, പ്രഭാഷകന്‍….. എല്ലാം ഒത്തു ചേര്‍ന്ന പ്രതിഭാധനനാണ്‌ കാവാലം നാരായണപ്പണിക്കര്‍.

കാവാലം എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നാം തിരിച്ചറിയുന്നു, അതാരാണെന്ന്‌. കാവാലം കേവലമൊരു വ്യക്തിയല്ല. ഒരു സ്ഥലപ്പേരുമല്ല. അതിലുമുപരി അതൊരു പ്രസ്ഥാനമാണ്‌. കാളിദാസനും ഭാസനും സമ്പന്നമാക്കിയ ഭാരതീയ നാടകപ്രസ്ഥാനത്തിന്‌ മലയാളത്തിന്റെതായ സംഭാവനകള്‍ നല്‍കിയ മഹത്തായ പ്രസ്ഥാനം. ഭാരതീയ നാടകപ്രസ്ഥാനത്തിന്റെ തനതുഭാവങ്ങളും രൂപങ്ങളും ലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയാണ്‌ കാവാലം നാരായണപ്പണിക്കര്‍. കാവാലം സൃഷ്ടിച്ച നാടകസംസ്കാരം ഇന്ത്യയുടെ മണ്ണിലൂടെ, ലോകത്തിന്റെ മണ്ണിലൂടെ യാത്രചെയ്ത്‌ ‘തനതു നാടക’ വേദിയെ പരിചയപ്പെടുത്തി. ഊരുഭംഗവും കര്‍ണഭാരവും ഭഗവദ്ദജ്ജുകവും ഷേക്സ്പിയറുടെ കൊടുങ്കാറ്റുമെല്ലാം കാവാലത്തിലൂടെ മലയാളിക്ക്‌ അനുഭവേദ്യമായി.

@Photo
തനതു നാടകവേദിയെന്നാണ്‌ കാവാലത്തിന്റെ നാടക പ്രസ്ഥാനം അറിയപ്പെടുന്നത്‌. തനത്‌ എന്ന പദം ഇന്ന്‌ സാര്‍വ്വത്രികമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യകാലത്ത്‌ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പദമായിരുന്നു അത്‌. ‘തനത്‌’ എന്നത്‌ ഒരു ക്ലാസിക്‌ കലാരൂപത്തെ വിശേഷിപ്പിക്കാനുള്ളതാണെന്നായിരുന്നു ചിലരുടെ പക്ഷം. മറ്റു ചിലര്‍ നാട്ടുസംസ്കൃതിയില്‍ നിന്നുള്‍ക്കൊണ്ട കലാരൂപമെന്നും പ്രചരിപ്പിച്ചു. എന്നാല്‍ ചുറ്റുപാടുകളില്‍ നിന്ന്‌ ശക്തി സംഭരിച്ചു വികസിക്കുന്ന സര്‍ഗ്ഗ വ്യാപാരമെന്ന വിശ്വാസത്തില്‍ നിന്നുണ്ടായതാണ്‌ തനതുനാടകമെന്ന്‌ കാവാലം വിവരിക്കുന്നു. കാവാലത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്‌:
“ഞാന്‍ നാടകം എഴുതുന്നതിനു മുന്നേ നാടകപ്രമേയം കവിതാരൂപത്തിലെഴുതും. എന്നിട്ട്‌ ആ കവിതയിലെ ബിംബങ്ങള്‍ ഉപയോഗിച്ച്‌ ആ നാടകം വികസിപ്പിക്കും.”

കാവാലത്തിന്റെ നാടകങ്ങളിലെ സംഭാഷണങ്ങളിലും ഗാനങ്ങളിലുമെല്ലാം നാടോടിപ്പാട്ടുകളുടെ ലാവണ്യവും കവിതകളുടെയും ഗൗരവവും നാടാന്‍ വായ്ത്താരികളുടെ ഭംഗിയും വേര്‍തിരിക്കാനാകാത്ത വിധം അലിഞ്ഞു ചേര്‍ന്നിരിക്കും. ‘തനത്‌’ എന്ന രൂപത്തെ അര്‍ഥവത്താക്കുന്നതും അതാണ്‌.
എഴുപതുകള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പേ തന്നെ കേരളത്തില്‍ തനതു നാടകസങ്കല്‍പം രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1967 ആഗസ്തില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ആരംഭിച്ച ‘നാടകക്കളരി’യില്‍ നാടകപ്രവര്‍ത്തകരും കവികളും മറ്റു കലാകാരന്മാരും പങ്കെടുത്തു. ‘ആ കളരിയുടെ സല്ലാപവേദിയില്‍ വച്ചാണ്‌ എം.ഗോവിന്ദന്‍, പുതിയ നാടക പ്രസ്ഥാനത്തെ, തന്റെ സഹജമായ രീതിയില്‍ ‘തനതു നാടകം’ എന്ന പേരുചൊല്ലി വിളിക്കുന്നത്‌.

കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങള്‍ പ്രചാരം നേടിയതോടെ അതുവരെക്കാണാത്തൊരു സംസ്കാരത്തെ അരങ്ങില്‍ നിന്ന്‌ ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു. 26 നാടകങ്ങള്‍ കാവാലത്തില്‍ നിന്ന്‌ നമുക്കു ലഭിച്ചു. സംസ്കൃത നാടകങ്ങളും ഷേക്സ്പിയര്‍ നാടകങ്ങളും വിവര്‍ത്തനം ചെയ്ത്‌ അദ്ദേഹം പ്രേക്ഷകനെ അനുഭവിപ്പിച്ചു. കാവാലത്തിന്റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്‌ പ്രൊഫസര്‍ കുമാരവര്‍മ, ചലച്ചിത്രസംവിധായകനായിരുന്ന ജി.അരവിന്ദന്‍ എന്നിവരാണ്‌. പിന്നീട്‌ സ്വന്തം നാടകങ്ങള്‍ കാവാലം തന്നെ സംവിധാനം ചെയ്യാനാരംഭിച്ചു. നാടകവേദിക്ക്‌ പുത്തനുണര്‍വും പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ കാഴ്ചകളും സമ്മാനിക്കാന്‍ കാവാലത്തിന്റെ രംഗഭാഷയ്ക്കായി.

കാവാലം എഴുതിയ സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിംകുട്ടി, നാടകചക്രം(ഏകാങ്കനാടകങ്ങളുടെ സമാഹാരം), കൈക്കുറ്റപ്പാട്‌, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത്‌ ഇന്ത്യന്‍ നാടകവേദിക്ക്‌ നവ്യാനുഭവമാണ്‌ നല്‍കിയത്‌. അരങ്ങിലെത്തിയ കഥാപാത്രങ്ങളും രംഗാവതരണവുമെല്ലാം അദ്ഭുതത്തോടെയാണ്‌ പ്രേക്ഷകര്‍ കണ്ടത്‌. പുതുക്കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കാവാലത്തിന്റെ തൂലികയ്ക്കും രംഗാവതരണത്തിനും കഴിഞ്ഞു.

ഭാസന്റെ അഞ്ച്‌ സംസ്കൃതനാടങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, മധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണഭാരം എന്നിവ ഭാസഭാരതം എന്നപേരില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത്‌ അവതരിപ്പിച്ചു. ബോധായനന്റെ സംസ്കൃതനാടകം ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വര്‍മന്റെ സംസ്കൃതനാടകം മത്തവിലാസവും സാര്‍ത്രിന്റെ ഫ്രഞ്ച്‌ നാടകം ട്രോജന്‍ സ്ത്രീകളും ഷേക്സ്പിയര്‍ നാടകങ്ങളായ കൊടുങ്കാറ്റ്‌, ഒരു മധ്യവേനല്‍ രാക്കനവ്‌ എന്നിവയും കാവാലത്തിന്റെ രംഗാവതരണത്തിലൂടെ ലോകമെങ്ങുമുള്ള നാടകപ്രേമികള്‍ക്ക്‌ അനുഭവിക്കാനായി.

1984ലാണ്‌ ‘കര്‍ണഭാരം’ എന്ന സംസ്കൃതനാടകം കാവാലം ഒരുക്കിയത്‌. 2001ല്‍ പ്രശസ്തനടന്‍ മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതോടെ ‘കര്‍ണഭാര’ത്തിന്‌ താരപദവി കൈവന്നു. നാടകത്തില്‍ അഭിനയിക്കാന്‍ ലാലിന്‌ താത്പര്യമുണ്ടെന്നറിഞ്ഞ്‌ കര്‍ണഭാരത്തില്‍ അഭിനയിക്കാന്‍ കാവാലം പറയുകയായിരുന്നു. നാടകത്തിന്റെ കാസറ്റും സംഭാഷണങ്ങളും ലാലിന്‌ എത്തിച്ചുകൊടുത്തു. പത്തു ദിവസത്തെ റിഹേഴ്സല്‍ വേണ്ടിവരുമെന്നും അറിയിച്ചു. റിഹേഴ്സലിനെത്തുമ്പോള്‍ നാടകത്തിലെ മുഴുവന്‍ സംസ്കൃതസംഭാഷണങ്ങളും ലാല്‍ കാണാതെ പഠിച്ചിരുന്നു. പിന്നീട്‌ രാവിലെ മുതല്‍ രാത്രി വരെ പരിശീലനമായിരുന്നു. ഉച്ചയ്ക്ക്‌ ഊണു കഴിക്കാന്‍ വീട്ടില്‍ പോയതൊഴിച്ചാല്‍ മുഴുവന്‍ സമയവും ലാല്‍ റിഹേഴ്സല്‍ ക്യാമ്പില്‍ തന്നെയുണ്ടായിരുന്നു. ‘കര്‍ണഭാരം’ ആദ്യം ദല്‍ഹിയില്‍ അവതരിപ്പിച്ചപ്പോള്‍ ലാലിന്‌ ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. പിന്നീട്‌ പലയിടങ്ങളിലും ലാല്‍ കര്‍ണനായി വേദിയിലെത്തി. കാളിദാസന്റെ വിക്രമോര്‍വശീയം നാടകമായി അവതരിപ്പിക്കാന്‍ ലാലിന്‌ താത്പര്യമുണ്ടായിരുന്നു പക്ഷേ, സിനിമാഭിനയത്തിന്റെ തിരക്കില്‍ ഇനിയും അതു നടന്നിട്ടില്ല.
ലോകത്തിനു മുന്നില്‍ ഭാരതത്തിന്‌ അഭിമാനത്തോടെ കാട്ടാവുന്ന ഒരു ശാസ്ത്രഗ്രന്ഥമേയുള്ളൂ, ഭരതമുനി രചിച്ച നാട്യശാസ്ത്രമെന്നാണ്‌ കാവാലത്തിന്റെ പക്ഷം. 36 അധ്യായങ്ങളിലൂടെ സൗന്ദര്യശാസ്ത്രത്തിന്റെയും അഭിനയത്തിന്റെ രസതന്ത്രത്തെക്കുറിച്ചുമെല്ലാം വിശാലമായ ജാലകങ്ങളാണ്‌ ഭരതമുനി തുറന്നിടുന്നത്‌.
നാട്യശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കാതെയുള്ള നാടകപഠനം അപൂര്‍ണമാണ്‌. നമ്മുടെ ഡ്രാമ സ്കൂളുകളിലൊന്നും ഇതു പഠിപ്പിക്കുന്നില്ല. ദല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ പോലും ഇതാണ്‌ സ്ഥിതി. പഠിപ്പിക്കാന്‍ ആളെ കിട്ടുന്നില്ലെന്നാണ്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി. തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥയാണിതെന്ന്‌ കാവാലം പറയുന്നു. നാട്യശാസ്ത്രം എവിടെയെങ്കിലും പഠിപ്പിച്ചാലല്ലേ വരുംതലമുറയ്ക്ക്‌ പകര്‍ന്നു നല്‍കാന്‍ ആളെ കിട്ടുകയുള്ളൂ. ഇതിനു പകരം പാശ്ചാത്യനാടകസങ്കേതങ്ങളാണ്‌ നമ്മുടെ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്നത്‌. നമ്മുടെ പാരമ്പര്യവഴികളെ മറന്നുകൊണ്ടുള്ള നാടകപഠനം അധഃപ്പതനത്തിലേക്കേ നമ്മെ നയിക്കുകയുള്ളു എന്നും അദ്ദേഹം പരിതപിക്കുന്നു.

ഏറെ കഷ്ടപ്പെട്ട്‌ ഒരുക്കുന്ന നാടകങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന്‌ നല്ല വേദികള്‍ നമുക്കില്ലെന്നതാണ്‌ അദ്ദേഹം പങ്കുവയ്ക്കുന്ന മറ്റൊരു സങ്കടം. നാടകം അവതരിപ്പിക്കാന്‍ മാത്രമായി ഓഡിറ്റോറിയങ്ങളും ഹാളുകളും ഉണ്ടാകണം. നാടകത്തിന്റെ ശബ്ദക്രമീകരണവും വെളിച്ചവിന്യാസവുമെല്ലാം കൃത്യമാകണമെങ്കില്‍ അതു കൂടിയേതീരു. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്‌. ബാംഗ്ലൂരിലെ ‘രംഗശങ്കര’ തിയേറ്റര്‍ തന്നെ നല്ല ഉദാഹരണം. പ്രശസ്ത നാടകനടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ ഓര്‍മയ്ക്ക്‌ അദ്ദേഹത്തിന്റെ പത്നി അരുന്ധതി നാഗ്‌ പണികഴിപ്പിച്ചതാണീ തിയേറ്റര്‍. ഗിരീഷ്‌ കര്‍ണാട്‌ ആണ്‌ രംഗശങ്കരയുടെ ചെയര്‍മാന്‍. ഇന്നിപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള നാടകവേദിയാണ്‌ ‘രംഗശങ്കര’. മുംബൈയിലും ദല്‍ഹിയിലുമൊക്കെ നാടകങ്ങള്‍ക്ക്‌ മാത്രമായി പ്രത്യേക തട്ടകങ്ങളുണ്ട്‌. നമ്മുടെ നാട്ടില്‍ സിനിമാതിയേറ്ററുകളിലാണ്‌ നാടകം കളിക്കുന്നത്‌. നാടകോത്സവങ്ങള്‍ തന്നെ ചലച്ചിത്രമേളകളുടെ രീതിയിലേക്ക്‌ മാറ്റുന്നതാണിപ്പോഴത്തെ രീതി. സ്വന്തമായ വേദികളുണ്ടെങ്കില്‍ മാത്രമേ നാടകവേദി നിലനില്‍ക്കൂ. ഒരു രാജ്യത്ത്‌ നാടകവേദികളുണ്ടെങ്കില്‍ മാത്രമേ ആ രാജ്യത്ത്‌ സംസ്കാരം നിലനില്‍ക്കൂ എന്ന പക്ഷക്കാരനാണ്‌ താനെന്നും അദ്ദേഹം പറയുന്നു.

എണ്‍പത്തിനാലാം വയസ്സിലും തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള സോപാനം നാടകക്കളരിയിലിരുന്ന്‌ പുതിയ നാടകത്തെക്കുറിച്ചാണ്‌ കാവാലം ചിന്തിക്കുന്നത്‌. പ്രായം നാടകത്തിന്റെ ചുവടുകള്‍ക്കും പാട്ടുകള്‍ക്കും ശബ്ദത്തിനും തളര്‍ച്ചയുണ്ടാക്കിയിട്ടില്ല. നൂറുകണക്കിന്‌ പദ്ധതികളാണ്‌ മനസ്സില്‍ ഉരുത്തിരിയുന്നത്‌. എല്ലാം ഫലപ്രാപ്തിയിലെത്തിക്കാന്‍ വിശ്രമമില്ലാത്ത അധ്വാനത്തിലാണ്‌ അദ്ദേഹം.

ചലച്ചിത്രഗാന രചനയിലും കാവാലം സജീവമായിരുന്നു. എന്നാല്‍ നാടകത്തിന്‌ കൂടുതല്‍ സമയം ചെലവിടേണ്ടി വന്നപ്പോള്‍ പാട്ടെഴുത്തില്‍ അധികം ശ്രദ്ധിക്കാനായില്ല. 1982ല്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ‘ആലോലം’ എന്ന ചിത്രത്തിനുവേണ്ടിയാണ്‌ ആദ്യമായി പാട്ടെഴുതിയത്‌. പിന്നീടിതുവരെ നാല്‍പതിലേറെ സിനിമകള്‍ക്ക്‌ ഗാനരചന നടത്തി. ഒരിക്കലും തിരക്കുള്ള പാട്ടെഴുത്തുകാരനാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴത്തെ പാട്ടെഴുത്തുരീതിയോട്‌ അല്‍പം പോലും താത്പര്യവുമില്ല. ‘ഉത്സവപ്പിറ്റേന്ന്‌’ എന്ന സിനിമയ്ക്കുവേണ്ടി “പുലരിപ്പൂമഞ്ഞു തുള്ളിയില്‍” എന്ന വരികളെഴുതി സംഗീതസംവിധായകന്‍ ദേവരാജന്‌ ഫോണിലൂടെ പറഞ്ഞുകേള്‍പ്പിക്കുകയായിരുന്നു. എക്കാലത്തെയും ഹിറ്റ്‌ ഗാനമായി അതു മാറുകയും ചെയ്തു.
കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിലാണ്‌ നാരായണപ്പണിക്കര്‍ ജനിച്ചത്‌. അച്ഛന്‍ ശോഭവര്‍മ. അമ്മ ചാലയില്‍ കുഞ്ഞുലക്ഷ്മിഅമ്മ. കേരളാ സര്‍വകലാശാലയില്‍ നിന്ന്‌ ബി എ ബിരുദവും മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ നിയമ ബിരുദവും നേടി. 1955 മുതല്‍ 61 വരെ ആലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ്‌ ചെയ്തു. ചെറുപ്പത്തിലേ കവിതാരചനയില്‍ താത്പര്യമുണ്ടായിരുന്നു. 1964ലാണ്‌ കവിതയില്‍ നിന്നും നാടകത്തിലേക്ക്‌ ചുവടുറപ്പിക്കുന്നത്‌. 1974ല്‍ തിരുവരങ്ങ്‌ നാടക സംഘത്തിന്‌ രൂ പം നല്‍കി. അവനവന്‍ കടമ്പയാണ്‌ തിരുവരങ്ങ്‌ ആദ്യം അവതരിപ്പിച്ച നാടകം. 1980ല്‍ സോപാനം എന്ന രംഗകലാഗവേഷണകേന്ദ്രം ആരംഭിച്ചു.

ജപ്പാന്‍, റഷ്യ, ഗ്രീസ്‌, ഇറ്റലി, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, അമേരിക്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍ നാടകം അവതരിപ്പിക്കുകയും നാടകക്കളരിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. നിരവധി പുരസ്കാരങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തി. 2007ല്‍ ഭാരതം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. പിറന്നാള്‍ ആഘോഷം വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണ്‌ കാവാലത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും. മെയ്‌ നാലിനും അഞ്ചിനും സോപാനം കളരിയില്‍ വിവിധ പരിപാടികളാണ്‌ നടത്തുന്നത്‌.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം