malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീപക്ഷ മാധ്യമനയം അനിവാര്യം

ഗീതാനസീര്‍
ഒരു സ്ത്രീയെ എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്? ഒരു ഉപഭോഗവസ്തുവായോ അതോ ഒരു സെന്‍സേഷണല്‍ വാര്‍ത്താ ഉപകരണമായോ? സ്ത്രീയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തില്‍ ഇതുവരെ പ്രത്യേക നിഷ്‌കര്‍ഷകളോ നിബന്ധനകളോ മാധ്യമനയത്തിലുള്ളതായി അറിവില്ല. അഥവാ എന്തെങ്കിലുമുണ്ടെങ്കില്‍ത്തന്നെ അവയൊന്നും പാലിക്കപ്പെട്ടു കാണാറുമില്ല. ഇരുമത വിഭാഗക്കാര്‍ തമ്മില്‍ സംഘട്ടനമുണ്ടായാല്‍ അവരുടെ മതം എടുത്തു പ്രതിപാദിക്കരുതെന്നൊരു ചട്ടം ഇവിടെയുണ്ട്. വര്‍ഗീയ സംഘട്ടനം പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ നിര്‍ദേശം വന്നത്.

പക്ഷേ സ്ത്രീകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വാര്‍ത്തകളിലും സംഭവങ്ങളിലും യാതൊരു വിധ സദാചാരനിഷ്ഠയും ആരും മുന്നോട്ടുവച്ചു കണ്ടില്ല. ഇതിനെക്കുറിച്ച് ഗൗരവമായി ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും മാധ്യമങ്ങളും ഒരുമിച്ചിരുന്നൊരു പൊതുധാരണ ഉണ്ടാക്കേണ്ടത് ഇന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.

സ്ത്രീ ഒരു ഉപഭോഗവസ്തു മാത്രമാകുന്ന ആഗോളവല്‍ക്കരണകാലഘട്ടത്തില്‍ ലാഭം ലക്ഷ്യമാക്കി നീങ്ങുന്ന മാധ്യമ അധിപന്മാര്‍ക്ക് ഈ കച്ചവടത്തില്‍ തങ്ങള്‍ക്കെത്ര കിട്ടുമെന്ന ചിന്ത മാത്രമാണുള്ളത്. അത്തരം സമീപനം സ്വീകരിക്കുന്ന മാധ്യമമുതലാളിമാര്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടുക സെന്‍സേഷണല്‍ വാര്‍ത്തകള്‍ കൂടുതല്‍ കൂടുതല്‍ സൃഷ്ടിക്കാനാണ്. അവിടെ സ്ത്രീയുടെ മാനാഭിമാനത്തിനോ പ്രശ്‌നത്തിന്റെ സത്യസന്ധതയ്‌ക്കോ വലിയ വിലയൊന്നും ഉണ്ടാകില്ല.

കഴിഞ്ഞ കുറെ കാലങ്ങളായി നമ്മള്‍ ഒരാഘോഷമാക്കി മാറ്റുന്ന വിഷയമാണ് സ്ത്രീപീഡനപരമ്പരകള്‍. ഇതില്‍ ഒരു വയസ്സുകാരി തൊട്ട് 76 വയസുകാരി വരെ പെടും. സൂര്യനെല്ലി, കിളിരൂര്‍, കോഴിക്കോട്, കവിയൂര്‍, കൊട്ടിയം, വിതുര തുടങ്ങിയ സ്ഥലനാമങ്ങളില്‍ കുപ്രസിദ്ധി നേടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതിയും അവയ്ക്കനുവദിക്കപ്പെട്ട പത്രത്താളുകളും ദിവസങ്ങളുമൊക്കെ വെറുതെയൊന്നു വിലയിരുത്തി നോക്കുമ്പോള്‍ത്തന്നെ ആര്‍ക്കും ഈ കാര്യം ബോധ്യമാകും. മാധ്യമങ്ങളുടെ മാത്രം ഇടപെടല്‍കൊണ്ട് പുറംലോകമറിഞ്ഞ സംഭവങ്ങളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി നിലനില്‍ക്കുകയും ഭൂരിപക്ഷവാര്‍ത്തകളിലും അങ്ങേയറ്റത്തെ അനീതി സ്ത്രീകള്‍ നേരിടുന്നു എന്ന യാഥാര്‍ഥ്യം മുഴച്ചുനില്‍ക്കുകയുമാണിവിടെ.

സ്ത്രീകള്‍ നേരിടുന്ന ലൈംഗികപീഡനസംഭവങ്ങളുടെ തലവാചകം തൊട്ട് ചിത്രങ്ങളടക്കം വാര്‍ത്ത പൂര്‍ണമായും സ്ത്രീവിരുദ്ധമായാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ഇരകളാകുമ്പോള്‍ പെണ്‍വാണിഭ മാഫിയകള്‍ വേട്ടക്കാരാവുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ ഒരിക്കലും അത്തരത്തില്‍ ഒരവതരണം സംഭവിക്കുന്നില്ല. പെണ്‍കുട്ടിയെ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കുന്ന താത്തമാരും ചേച്ചിമാരും ആന്റിമാരുമാണ് പ്രധാന വില്ലത്തികളായി ചിത്രീകരിക്കപ്പെടുന്നത്. ഇരയ്ക്കും വേട്ടക്കാരനുമിടയിലെ ഈ ദല്ലാള്‍ സ്ത്രീയാകുന്നതുകൊണ്ട് ഇതൊരു സ്ത്രീകേന്ദ്രീകൃത അവിഹിത ഇടപാടായി സമര്‍ഥിച്ച് അത്തരത്തില്‍ അന്വേഷണം കൊണ്ടുപോകാനാവശ്യമായ രംഗസംവിധാനമൊരുക്കുകയാണ് പിന്നെ മാധ്യമങ്ങളുടെ ജോലി!

എന്താണിതിലെ യാഥാര്‍ഥ്യം? സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ അനുഭവം എടുത്തുനോക്കൂ. ബസ് കണ്ടക്ടറായ ചെറുപ്പക്കാരനുമായുള്ള പ്രണയം എവിടെച്ചെന്നാണ് അവസാനിച്ചത്? ഈ രംഗത്തെ ചതിക്കുഴികളൊന്നുമറിയാത്ത നിര്‍ധനയായ പെണ്‍കുട്ടിയെ കണ്ടക്ടര്‍ തൊട്ട് ഉപഭോഗവസ്തുവായി കൈകാര്യം ചെയ്ത പേരറിയുന്നതും അറിയാത്തതുമായ മാന്യന്മാരുടെ പുറകേപോയി അവരെയും അവരുടെ ചെയ്തികളെയും തുറന്നുകാട്ടാനുള്ള ഒരന്വേഷണ പരമ്പര എഴുതാന്‍ ഇവിടത്തെ ഏതു മാധ്യമം തയ്യാറായി? എന്തുകൊണ്ട് തയ്യാറായില്ല? തയ്യാറായില്ല എന്നു മാത്രമല്ല നിസ്സഹായയായ പെണ്‍കുട്ടിയുടെ ചാരിത്ര്യശുദ്ധി കീറിമുറിച്ച് ചര്‍ച്ച ചെയ്ത് അവളെ ക്രൂരമായി വേട്ടയാടുകയും കൂടി ചെയ്തു.

മനുഷ്യനിലെ മൃഗതുല്യമായ ലൈംഗികാസക്തിക്കനുയോജ്യമായ മസാലകള്‍ ചേര്‍ത്ത് ആ പെണ്‍കുട്ടിയുടെ തകര്‍ന്നടിഞ്ഞ ജീവിതത്തെ നിഷ്‌കരുണം എടുത്തമ്മാനമാടിയപ്പോള്‍, സ്ത്രീ എന്താണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ കേരളത്തിലെ അമ്മമാര്‍ക്ക് അതൊരു വലിയ ഷോക്കായിരുന്നു. ഇവര്‍ക്കുമില്ലേ അമ്മയും സഹോദരിയും പെണ്‍മക്കളുമൊക്കെ എന്നവര്‍ അകംനൊന്തു കരഞ്ഞു ചോദിച്ചതിനു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീപീഡനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സ്ത്രീകള്‍ നേരിടുന്ന മറ്റു പീഡനങ്ങളുടെ കാര്യത്തിലും ഈ ഇരട്ടത്താപ്പ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്.
മാധ്യമങ്ങളുടെ ഇത്തരം സമീപനംകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളും നഷ്ടവും വിലയിരുത്തേണ്ടതുണ്ട്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും നിര്‍ധനകുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്. കേരളത്തില്‍ ഇതു കൂടുതലായും കണ്ടുവരുന്നത് തോട്ടം, കയര്‍, കശുവണ്ടി മേഖലകളിലാണ്. ഈ മേഖലകളിലുണ്ടായ തകര്‍ച്ചയും സാമ്പത്തിക പ്രശ്‌നങ്ങളും ഇതിനൊരു കാരണമായി സാമൂഹ്യശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്. ഇത്തരം മേഖലകള്‍ കേന്ദ്രീകരിച്ച് അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് സാമ്രാജ്യം കെട്ടിപ്പടുത്ത പെണ്‍വാണിഭ മാഫിയാസംഘങ്ങള്‍ക്ക് ശക്തമായ പിന്തുണയും സഹായവും ഉന്നതങ്ങളില്‍ നിന്നു ലഭിക്കാറുണ്ട്. അവര്‍ക്ക് ആരെയും വിലയ്‌ക്കെടുക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട് ഈ പെണ്‍വാണിഭവാര്‍ത്തകളും ഒരാഘോഷമായി നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടി. ഇത്തരം മാഫിയകള്‍ക്ക് രക്ഷപ്പെടാനും അവരെ പൊതുജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനും ഈ മാധ്യമനയം കൊണ്ടുസാധിച്ചു. അതിന് രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥവൃന്ദം, നിയമനീതിപാലകര്‍ എന്നുവേണ്ട ഭരണകൂട സംവിധാനങ്ങളാകെയും ഒത്താശ നല്‍കി. ആ അര്‍ഥത്തില്‍ ഈ പീഡനങ്ങളെല്ലാം തന്നെ മാധ്യമങ്ങളാഘോഷിച്ച ഭരണകൂട ഭീകരതയാണ്.

മയക്കിയിട്ട് ദിവസങ്ങളോളം നടത്തിയ ലൈംഗികപീഡനത്തിനിടയില്‍ വേദനകൊണ്ടു പുളയുമ്പോള്‍ എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന ചോദ്യം ബഹുമാനപ്പെട്ട നീതിപീഠം ഉന്നയിക്കാന്‍ ധൈര്യം കാണിച്ചതുതന്നെ ഈ വാര്‍ത്താചിത്രീകരണങ്ങളുടെ പ്രേരണയാലാണ്. ഇതുതന്നെയാണ് ഇത്തരം എല്ലാ കേസുകളിലുമുണ്ടായിട്ടുള്ളത്. ''എനിക്കു വയ്യ, ഈ തെളിവെടുപ്പ് നാടകം ഒന്നവസാനിപ്പിച്ച് എന്നെ വെറുതെ വിടൂ, എനിക്കൊരു പരാതിയുമില്ല'' എന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി നിസ്സഹായയായി അപേക്ഷിക്കണമെങ്കില്‍, ആ രോദനത്തിലെ നോവ് തിരിച്ചറിയണമെങ്കില്‍, ഇരയാകുന്നവര്‍ മാധ്യമസൃഷ്ടാക്കളുടെ സ്വന്തം അമ്മയോ, സഹോദരിയോ, മകളോ ആകണം - ആരാന്റമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ അതു നമുക്കൊരാഘോഷം - അത്രതന്നെ.
പക്ഷേ, യാതൊരു നിയന്ത്രണങ്ങളും വിലക്കുകളുമില്ലാത്ത ഇത്തരം വാര്‍ത്താസൃഷ്ടികള്‍ക്ക് ഒരവസാനം ഉണ്ടായേ മതിയാകൂ. അത്തരമൊരു സ്ത്രീപക്ഷ മാധ്യമനയം ഇവിടെ ഉണ്ടാകണം. അതിന് സ്ത്രീസംഘടനകളും സ്ത്രീപ്രവര്‍ത്തകരും മുഖ്യധാരാ പ്രസ്ഥാനങ്ങളും ഒരു കൂട്ടായ ശ്രമം നടത്തേണ്ടതുണ്ട്. ഇതൊരു വെറും സ്ത്രീപ്രശ്‌നമല്ല. ഒരു കുടുംബത്തെ, ഒരു സമൂഹത്തെ മുഴുവന്‍ തകര്‍ക്കുന്ന അപകടകരമായ അവസ്ഥയ്ക്കു കടിഞ്ഞാണിടാനുള്ള തീവ്രശ്രമമാണ്. അതുകൊണ്ട് നമുക്കൊരു സ്ത്രീപക്ഷ മാധ്യമനയം കൂടിയേ തീരു!

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം