malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

കൂടുന്ന ചൂടും ഏറുന്ന രോഗങ്ങളും

ഡോ.അനില്‍കുമാര്‍ വടവാതൂര്‍
ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ചൂടും വേണം. തണുപ്പും വേണം. ഇവയില്‍ ഏതിലെങ്കിലും ഏറ്റകുറച്ചിലുണ്ടായാല്‍ ഭൂമിക്ക്‌ പൊള്ളും. ഭൂമിക്ക്‌ പൊള്ളിയാല്‍ മാലോകര്‍ക്ക്‌ കൊള്ളും. ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്നവും ഇതുതന്നെ.

പണ്ട്‌ പണ്ട്‌ ഭൂമിയിലെ എല്ലാകാര്യങ്ങള്‍ക്കും ഒരു സംതുലിതാവസ്ഥ ഉണ്ടായിരുന്നു. പക്ഷേ മനുഷ്യന്റെ അഹങ്കാരം അതൊക്കെ കീഴ്മേല്‍ മറിച്ചു. അങ്ങനെ ഒരുപാടു മാലിന്യങ്ങളും വിഷവാതകങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലെത്തി. കയ്യും കണക്കുമില്ലാതെ നടന്ന ആ ഉത്സര്‍ജനപ്രവാഹം ഭൂമിയെ ഒരു ഹരിതഗൃഹമാക്കി മാറ്റി. ഹരിതഗൃഹം എന്നാല്‍ ഉള്ളിലേക്ക്‌ കടന്നുവരുന്ന സൂര്യതാപത്തെ തിരികെവിടാതെ അകത്തുതന്നെ തളച്ചിടുന്ന കെണി.
കാര്‍ബണ്‍ഡൈഓക്സൈഡ്‌, നൈട്രസ്‌ ഓക്സൈഡ്‌, മീതേന്‍ തുടങ്ങി അറിയുന്നതും അറിയാത്തതുമായ ഒരുപാട്‌ ഹരിതവാതകങ്ങള്‍ അഥവാ ഗ്രീന്‍ഹൗസ്‌ ഗ്യാസുകള്‍ ചേര്‍ന്നാണ്‌ ഭൂമിയില്‍ ഈ താപം കെണിയൊരുക്കിയത്‌. ആ താപത്തില്‍ ഭൂഗോളം ചുട്ടുപഴുത്തു. ആ ചൂടില്‍ ഭൂമിയിലെ പടുകൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു. കടല്‍നിരപ്പ്‌ കുതിച്ചുയര്‍ന്നു. അന്തരീക്ഷത്തെ ചൂടുകാറ്റുകള്‍ കയ്യടക്കി. മരുഭൂമികള്‍ ജനിച്ചു. നൂറുക്കണക്കിന്‌ പുതിയ രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടി.

ഭൂഗോളതാപം അനുനിമിഷം വര്‍ദ്ധിച്ചുവരികയാണ്‌. പക്ഷേ അതൊക്കെ മറന്ന്‌ സുഖമായുറങ്ങാനാണ്‌ നമുക്കിഷ്ടം. കുടിവെള്ളം മുട്ടുന്നതും ചുടുകാറ്റില്‍ തണ്ണീര്‍പ്പാടങ്ങള്‍ വറ്റിവരളുന്നതും രോഗക്കൊതുകുകള്‍ ആര്‍ത്തുവിളിച്ചെത്തുന്നതും അറിയാതിരിക്കുന്നത്‌ ഒരു സുഖം തന്നെയാണല്ലോ.

ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങള്‍ ഏതൊക്കെയാണെന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാം 1990നുശേഷം ലോകചരിത്രത്തിലെ ചൂടേറിയ പത്തുവര്‍ഷങ്ങള്‍ 1990 നു ശേഷമാണ്‌ കടന്നുവന്നത്‌. 2003-ല്‍ വീശിയടിച്ച ഉഷ്ണക്കാറ്റില്‍ യൂറോപ്പില്‍ പിടഞ്ഞുമരിച്ചത്‌ 35000 മനുഷ്യര്‍. ഏഷ്യയിലെ പ്രതിവര്‍ഷ താപവര്‍ധന 0.6ഡിഗ്രി സെന്റിഗ്രേഡ്‌. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ബംഗാളിലെ കടല്‍തിരയുയര്‍ന്ന്‌ വിഴുങ്ങിയത്‌ 7500ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍.

ആഗോളതാപം അധികരിച്ചാല്‍ മറ്റുപലതും സംഭവിക്കുമെന്നാണ്‌ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്‌. ശുദ്ധജലത്തിന്റെ അമൂല്യസ്രോതസുകളായ ഹിമാലയഹിമാനികള്‍ വിയര്‍ത്തൊഴുകിത്തീരുകയാണ്‌. അവ പ്രതിവര്‍ഷം 15മീറ്റര്‍ വീതം പിന്നാക്കംപോവുകയാണത്രെ. അതില്‍ ഗംഗോത്രി ഹിമാനിയുടെ പിന്മാറ്റ നിരക്ക്‌ പ്രതിവര്‍ഷം 30മീറ്റര്‍ വീതമാണ്‌. ഭൂമിയുടെ ചൂട്‌ വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 2035 ആകുമ്പോഴേക്കും മിക്ക ഹിമാനികളും ഓര്‍മ്മയാവും. ഓര്‍ക്കുക-ഭൂലോകത്തെ ശുദ്ധജലത്തിന്റെ സുരക്ഷിതമായ ഏക ശേഖരമാണ്‌ ഈ ഹിമാനികള്‍.

ജനസംഖ്യ പെരുകുന്നതോടെ കാടുകളുടെ മേല്‍ കനത്ത സമ്മര്‍ദമുണ്ടാകും. അത്‌ വന്‍തോതിലുള്ള വനനശീകരണത്തിനും കൂടുതല്‍ ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജനത്തിനും വഴിയൊരുക്കും. മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ കടല്‍ നിരപ്പ്‌ ഉയരും. അങ്ങിനെവരുമ്പോള്‍ കടല്‍തീരത്തെ ജനപദങ്ങളും ചെറുദീപുകളും കണ്ടല്‍കാടുകളും മുങ്ങിപ്പോകുമെന്നാണ്‌ പ്രവചനം. തീരനാടുകളിലെ കുടിവെള്ള സ്രോതസുകളില്‍ ലവണജലം കലരുകയും അവിടങ്ങളില്‍ വന്‍തോതില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്യും. ഏഷ്യയില്‍ ബംഗ്ലാദേശിനെയാവും ഈ ദുസ്ഥിതി ശക്തമായി ബാധിക്കുക. ലോകജനസംഖ്യയില്‍ 40ശതനമാനത്തോളവും കടല്‍ത്തീരത്തിന്റെ 60കീ.മീ.ചുറ്റുവട്ടത്താണ്‌ താമസിക്കുന്നത്‌ എന്ന കണക്കുകൂടി ഇവിടെ കൂട്ടിവായിക്കുക.

വരള്‍ച്ചയും അതിവൃഷ്ടിയും മാറിമാറി സംഭവിക്കുകയെന്നത്‌ അതിതാപനത്തിന്റെ മറ്റൊരു ദൂഷ്യഫലം. ഒപ്പം ചുഴലിക്കൊടുങ്കാറ്റുകളുടെ ആവൃത്തി വര്‍ദ്ധിക്കും. കര കടലാകാനും മരുഭൂമികള്‍ ജനിക്കാനും കാലാവസ്ഥാ മാറ്റത്തിന്റെ തീവ്രത അവസരമൊരുക്കുന്നു. ഇംഗ്ലണ്ടിലെ താപനില റഷ്യയിലെ കൊടും ശൈത്യമുള്ള സൈബീരിയയിലേതുപോലെ ആയാല്‍ അതിശയിക്കേണ്ടത്രെ. കൃഷി തകരാറിലാകുന്നതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാവും. പോഷകാഹാരക്കുറവ്‌ മൂലം വരും തലമുറയുടെ ആരോഗ്യം തകരും. ഈ പ്രശ്നങ്ങള്‍ ഏറെയും ബാധിക്കുക വികസ്വരരാജ്യങ്ങളെയും അവികസിതരാജ്യങ്ങളെയുമായിരിക്കുമെന്നതാണ്‌ ഏറെ ഖേദകരം. കാരണം, പരിസ്ഥിതി തകരാറുമൂലമുണ്ടാകുന്ന ആഘാതത്തെ നേരിടാന്‍ ഈ രാജ്യങ്ങളൊന്നും തന്നെ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല.

ആഗോള താപനമുയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി മാരകമായ സാംക്രമികരോഗങ്ങളുടെ വ്യാപനമായിരിക്കുമെന്ന്‌ ഐകക്യരാഷ്ട്രസംഘടനയും ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ്‌ നല്‍കുന്നു. കൊതുകുകളും മറ്റ്‌ വെക്ടറുകളും പരത്തുന്ന രോഗങ്ങളായ മലേറിയ,ഡെങ്കിപനി, മന്ത്‌, എലിപ്പനി, പക്ഷിപനി എന്നിവ മുതല്‍ വയറിളക്കവും പോഷകാഹാരക്കുറവും വരെ ജനങ്ങളെ വ്യാപകമായി ആക്രമിക്കും. ഇത്തരം ജീവികളും അണുക്കളും ഇന്നുവരെ എത്തിച്ചേരാത്ത ഭൂഭാഗങ്ങളിലേയ്ക്ക്‌ കടന്നുകയറാന്‍ കാലാവസ്ഥാമാറ്റം അവസരമൊരുക്കുമെന്നാണ്‌ ശാസ്ത്രജ്ഞരുടെ ആശങ്ക. അവിടെ പ്രതിരോധശേഷി കുറഞ്ഞവരെ അവ കൂട്ടത്തോടെ ആക്രമിക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും ചെറുദീപുകളിലെയും നിവാസികളാവും ഇതുമൂലം ഏറ്റവുമധികം ബുദ്ധിമുട്ട്‌ നേരിടേണ്ടിവരിക. ഡെങ്കിപ്പനി പരത്തുന്ന ഈഡീസ്‌ ഈജിപ്റ്റി എന്ന കൊതുകുകള്‍ സാധാരണയായി കാണപ്പെടുക പരമാവധി 1000മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലാവും. പക്ഷേ ചൂട്‌ വര്‍ദ്ധിക്കുന്നതിന്‌ ആനുപാതികമായി അവ ഉയരങ്ങളിലേക്ക്‌ പരന്നു തുടങ്ങി. ആന്റീസ്‌ പര്‍വ്വതത്തിലെ 2000മീറ്റര്‍ ഉയരത്തിലുള്ള ഗിരിശൃംഗങ്ങളില്‍ വരെ ഇപ്പോള്‍ ഈ കൊതുകുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മലേറിയ പരത്തുന്ന കൊതുകുകളെ ഇന്‍ഡോനേഷ്യയിലെ വന്‍പര്‍വ്വതങ്ങളുടെ ശിഖരത്തിലാണ്‌ കണ്ടെത്തിയത്‌. ഡെങ്കിപ്പനി സങ്കീര്‍ണമായാല്‍ രക്തസ്രാവം, തളര്‍ച്ച, മരണം തുടങ്ങിയ പ്രശ്നങ്ങളൊക്കെ സംഭവിക്കാം. ഡെങ്കി പരത്തുന്ന കൊതുകിനിഷ്ടം ചൂടാണ്‌. അതിനാല്‍ ചൂട്‌ കൂടുന്നതനുസരിച്ച്‌ അവ തങ്ങളുടെ പ്രവര്‍ത്തനമേഖല വ്യാപിക്കും. ലോകജനസംഖ്യയുടെ അഞ്ചില്‍ രണ്ടുഭാഗം ജനങ്ങളും ഡെങ്കിപ്പനിയുടെ ഭീഷണിയിലാണത്രെ. സുഡാനില്‍ കാണപ്പെടുന്ന അനോഫലീസ്‌ ഗാമ്പിയോ എന്നയിനം കൊതുക്‌ 55 ഡിഗ്രി ചൂടില്‍പോലും തന്റെ ജോലികൃത്യമായി നടത്തിക്കൊണ്ടിരിക്കും.

ആഗോളതാപനിലയില്‍ മൂന്ന്‌ ഡിഗ്രി വര്‍ധനയുണ്ടായാല്‍ 50 മുതല്‍ 80 വരെ ദശലക്ഷം ആളുകള്‍ മലേറിയ ബാധിതരാവും. ഇപ്പോള്‍തന്നെ ലോകജനസംഖ്യയില്‍ 45ശതമാനവും മലേറിയ ഭീഷണിയിലാണെന്നും പ്രവചനങ്ങള്‍ പറയുന്നു. ഭൂമിയുടെ ചിലമേഖലകളില്‍ അതിശൈത്യം പിടിമുറുക്കാനും ആഗോളതാപനില കാരണമാവും. മറ്റു ചിലയിടത്ത്‌ കൊടും മഴയാവും ഉണ്ടാവുക. അത്തരം സ്ഥലങ്ങളില്‍ കൊതുകുകള്‍ വ്യാപകമായി മുട്ടയിട്ട്‌ പെരുകും.
അത്യുഷ്ണം ത്വക്ക്‌ കാന്‍സര്‍ തിമിരം തുടങ്ങിയ രോഗങ്ങളുടെ വ്യാപകമായ ആഗമനത്തിനും വഴിയൊരുക്കുന്നു. മനുഷ്യന്റെ രോഗപ്രതിരോധശക്തിയില്‍ കാര്യമായ കുറവ്‌ സംഭവിക്കാനും ഈ അവസ്ഥ വഴിതെളിക്കും. ചൂടിനോട്‌ പ്രതികരിക്കാനും താപസന്തുലനം പിടിച്ചുനിറുത്താനും ശരീരം പെടാപ്പാടുപ്പെടുന്ന അവസ്ഥയില്‍ നടത്തുന്ന വാക്സിനേഷനുകള്‍ക്കുപോലും വേണ്ട ഫലം ലഭിക്കില്ല. വല്ലാത്ത തളര്‍ച്ച, താളംതെറ്റിയ ഹൃദയസ്പന്ദനം, താഴ്‌ന്നരക്തസമ്മര്‍ദം, തുടങ്ങി ഒട്ടേറെ രീതികളിലാവും ശരീരം കനത്ത ചൂടിനോട്‌ പ്രതികരിക്കുക. വായുവില്‍ തങ്ങിനില്‍ക്കുന്ന പൊടി, എയ്‌റോസോള്‍, പരാഗരേണു, പൂപ്പുകള്‍, ചെളി, വാഹനമാലിന്യങ്ങള്‍ തുടങ്ങിയവയുടെ ഒക്കെ അളവ്‌ കുത്തനെ വര്‍ദ്ധിക്കാന്‍ ആഗോളതാപനം വഴിയൊരുക്കുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഈ അന്തരീക്ഷമലിനീകരണം ശ്വാസകോശരോഗങ്ങളുടെ തീവ്രത വര്‍ധിപ്പിക്കും. അന്തരീക്ഷത്തിലെ നാനോമാലിന്യങ്ങള്‍ ശ്വാസകോശത്തില്‍ കുടിപ്പാര്‍പ്പു തുടങ്ങുമ്പോള്‍ ആസ്തമ, ഹൃദ്രോഗം തുടങ്ങി പറഞ്ഞുതീരാത്തത്ര മാരകരോഗങ്ങള്‍ മനുഷ്യനെ വേട്ടയാടും.

ചൂടുകുടുമ്പോള്‍ ലോകത്തെമ്പാടുമുള്ള വെള്ളക്കെട്ടുകളും ചതുപ്പുനിലങ്ങളും വറ്റിവരളും. ദേശാടനപക്ഷികള്‍ക്കും രോഗവാഹകരായ നാടന്‍പക്ഷികള്‍ക്കും താവളമില്ലാതാവും. ഈറന്‍ നിലങ്ങള്‍ കൈമോശം വന്ന അവ പിന്നെ ആശ്രയം തേടുക നാട്ടിലെ വളര്‍ത്തുമൃഗകേന്ദ്രങ്ങളിലാവും. അങ്ങിനെ പക്ഷിപ്പനി അടക്കമുള്ള രോഗങ്ങള്‍ പക്ഷികളില്‍ നിന്ന്‌ നാട്ടുപക്ഷികളിലേക്കും നാട്ടുമൃഗങ്ങളിലേക്കും അവിടെനിന്ന്‌ മനുഷ്യരിലേക്കും പടര്‍ന്നുകയറാനാണ്‌ സാധ്യത. വളര്‍ത്തുമൃഗങ്ങള്‍ രോഗബാധിതരാവുന്നതോടെ മാംസഭക്ഷണത്തിന്റെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടാവും.

സസ്യഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലും വന്‍ തകര്‍ച്ചയുണ്ടാക്കാന്‍ ആഗോളതാപനവും കാലാവസ്ഥാമാറ്റവും വഴിവയ്ക്കുമെന്ന്‌ തീര്‍ച്ച. പരാഗണത്തെ സഹായിക്കുന്ന ഷഡ്പദങ്ങള്‍ ചൂടുപേടിച്ച്‌ നാടുവിടുന്നതോടെ കായ്കനികളുടെയും ധാന്യമണികളുടെയും ഉല്‍പാദനം തകരും. വരള്‍ച്ചമൂലം ചെടിയുടെ വളര്‍ച്ചയും മുരടിക്കും. അതിനൊപ്പം വര്‍ധിച്ചുവരുന്ന ശത്രുകീടങ്ങള്‍ ചെടികളെ കൂട്ടത്തോടെ ആക്രമിക്കാന്‍ തുടങ്ങുമെന്നും അറിയുക. മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കുന്ന തരത്തില്‍ മണ്ണാലിപ്പും ഉരുള്‍പൊട്ടലുമൊക്കെ അതിനൊപ്പം നമുക്ക്‌ പ്രതീക്ഷിക്കാം. മത്സ്യത്തിന്റെ പ്രജനനവും കുറയും. ശുദ്ധജലത്തിന്റെ അഭാവത്തില്‍ ഉണ്ടായേക്കാവുന്ന ജലജന്യരോഗങ്ങളായ വയറിളക്കം, ഡയേറിയ തുടങ്ങിയവ അരങ്ങുതകര്‍ക്കുമെന്നതാണ്‌ താപീകരണത്തിന്റെ മറ്റൊരു തിക്തഫലം.

ചുരുക്കത്തില്‍ ഏറെ ആശങ്കാജനകമാണ്‌ വരുംകാലം. മാലിന്യവാതകങ്ങളുടെ ഉത്സര്‍ജനം നിയന്ത്രിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടാകാത്ത പക്ഷം ഭൂഗോളം ഒരു അഗ്നിഗോളമാവും. മനുഷ്യന്‍ വറചെട്ടിയില്‍ നിന്ന്‌ എരിതീയില്‍ പതിക്കുന്ന അവസ്ഥ. അതൊഴിവാക്കാന്‍ നാം നമ്മുടെ നിലയില്‍ തന്നെ ശ്രമം ആരംഭിക്കണം. ഏറ്റവും താഴത്തെ തട്ടില്‍ നിന്നുള്ള എളിയ ശ്രമം….. കാരണം ഭരണകൂടങ്ങളില്‍ നിന്ന്‌ അധികമൊന്നും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ലന്നതു തന്നെ.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം