malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

തകഴിയുടെ പാദമുദ്രകള്‍

ക്ലീറ്റസ് കാക്കനാട്
മനുഷ്യാവസ്ഥയെ കുട്ടനാടന്‍ കാര്‍ഷിക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച മലയാളത്തിലെ വിശ്വസാഹിത്യ പ്രതിഭ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മശതാബ്ദി ദിനമാണ് ഇന്ന്.


കണ്ണെത്താദൂരം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍ പച്ചപ്പട്ട് പുതച്ചുനില്‍ക്കും. സായാഹ്നങ്ങളില്‍ വിദൂരത്ത് സ്വര്‍ണഛവി തെളിഞ്ഞുനില്‍ക്കും. വഴിയോരങ്ങളില്‍ തെങ്ങുകള്‍ അതിരിട്ടുനില്‍ക്കും. വാഴക്കുലകള്‍ വരവേല്‍ക്കാന്‍ തൊടികളില്‍ ഉയര്‍ന്നുനില്‍ക്കും...
ഇതാണ് തകഴി എന്ന കൊച്ചുഗ്രാമം. തകഴിയെന്ന മഹാസാഹിത്യകാരന്റെ വലിയ സാമ്രാജ്യം. അദ്ദേഹത്തിന്റെ കഥകളില്‍ ഈ നാടിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. പശ്ചാത്തലത്തില്‍ ഇവിടത്തെ നാട്ടുവഴികളും മാടക്കടകളും വട്ടക്കൂട്ടങ്ങളുമുണ്ടായിരുന്നു. ഇവിടത്തെ സാമൂഹ്യജീവിതമായിരുന്നു കഥാതന്തുക്കളില്‍ നിറഞ്ഞുനിന്നിരുന്നത്.

മഹാസാഹിത്യകാരന്‍ ഇന്നില്ലെങ്കിലും ഗ്രാമ്യഭംഗിക്ക് മാറ്റമില്ല. ജീവിച്ചിരുന്നെങ്കില്‍ ഈ വയല്‍വരമ്പുകള്‍ കടന്നും നാട്ടുവഴികള്‍ താണ്ടിയും എത്രയോ പേര്‍ ഇന്ന്്, ഏപ്രില്‍ 17ന് ഇവിടെയെത്തുമായിരുന്നു. ജീവിച്ചിരുന്നെങ്കില്‍ മഹാസാഹിത്യകാരന്് ഇന്ന് നൂറുവയസ് തികയുമായിരുന്നു.
ലാളിത്യമായിരുന്നു തകഴിയുടെ (ഗ്രാമത്തിന്റെയും സാഹിത്യകാരന്റെയും) മുഖമുദ്ര. 'ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെറുമൊരു സാധാരണ കര്‍ഷകന്‍. എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകള്‍ തന്നെ അതു വിളിച്ചു പറയും'.

തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്‌കാരം ഒക്ടേവിയാ പാസില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ കുട്ടനാടിന്റെ ഇതിഹാസകാരന്‍ പറഞ്ഞതാണിത്. കാലിലെ ചെളിപ്പാടുകള്‍ മറച്ചുകൊണ്ട്് അന്നുമാത്രമെ ആ കാലുകളില്‍ ചെരിപ്പുകളുണ്ടായിരുന്നുള്ളൂ. ജീവിതത്തിലൊരിക്കലും ചെരിപ്പിടാതിരുന്ന അദ്ദേഹം മക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിലാണ് ജ്ഞാനപീഠം വാങ്ങാന്‍ ഡല്‍ഹിക്ക് വണ്ടി കയറുമ്പോള്‍ ചെരിപ്പിട്ടത്. തിരിച്ചുവന്നപ്പോള്‍ അത് പടിക്കുപുറത്തുവച്ചു. 'എന്റെ മണ്ണിന്റെ നെറുകയിലൂടെ ഇങ്ങനെ നടക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം മറ്റെവിടെനിന്ന് കിട്ടും?'-അതായിരുന്നു അതിനുള്ള ന്യായീകരണം.

കാര്‍ഷികവൃത്തിയുടെ സാഹസികതയില്‍ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചാത്തലമൊരുക്കുന്ന കുട്ടനാടന്‍ കാര്‍ഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റേയും പാര്‍വതിയുടേയും മകനായി 1912ഏപ്രില്‍ 17നാണ് ശിവശങ്കരന്‍ ജനിച്ചത്. നാലു വര്‍ഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കുപോലെയും ലാറ്റിന്‍ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാന്‍ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതര്‍ക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.ഒന്‍പതാം കഌസില്‍ പഠിക്കുമ്പോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിയോടു തോന്നിയ ആരാധനയാണ് ആദ്യ രചന..! എന്നാല്‍ ആ കുട്ടിയില്‍ നിന്ന് അതിനു ലഭിച്ച അഭിനന്ദനമാണ് ഏറെ പ്രചോദനമായത്. തുടര്‍ന്ന് കഥയെഴുത്ത് തകൃതിയിലായി. എന്‍എസ്സ്എസ്സിന്റെ മുഖപത്രമായ സര്‍വീസില്‍ വന്ന 'സാധുപെണ്ണ്'' ആണ് ആദ്യം അച്ചടിമഷി പുരണ്ട കഥ. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലുള്ള പ്രബോധനമായിരുന്നു പിന്നീട് പ്രചോദനം.

സ്‌കൂള്‍ ഫൈനലിനു ശേഷം രണ്ടു വര്‍ഷത്തെ പഌഡര്‍ഷിപ്പിനു ചേര്‍ന്നു മജിസ്‌ട്രേട്ടു കോടതിയില്‍ പ്രാക്ടീസിനുള്ള യോഗ്യത നേടി. തിരുവനന്തപുരത്തു താമസിച്ച ഈ കാലയളവില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി അടുത്തിടപഴകുവാനുള്ള അവസരമുണ്ടായി. കെ. ശിവശങ്കരപ്പിള്ള എന്ന പേര്‍ ആനുകാലികങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തില്‍, ഒരു സാധാരണ തൂക്കിക്കൊല, സ്ഥലം മാറ്റം, മുതലായവ ആദ്യകാല കൃതികളാണ്. ത്യാഗത്തിന്റെ പ്രതിഫലം എന്ന ആദ്യ നോവല്‍ 1933ല്‍ പുറത്തുവന്നു. ഇ.വി കൃഷ്ണപിള്ളയുടെ അവതാരികയോടു കൂടി പതിതപങ്കജം, തുടര്‍ന്ന് ആദ്യ കഥാസമാഹാരം 'പുതുമലര്‍' 1935ല്‍.

ഒരു ദിവസം അച്ഛന്‍ വീട്ടിലേക്കു വിളിച്ചുവരുത്തി ''ഡാ, നാരായണപിള്ളയുടെ അനന്തിരവള്‍ ഒരുപെണ്ണുണ്ട്, അവളും നീയുമായുള്ള സംബന്ധം നിശ്ചയിച്ചു'' എന്നു പറഞ്ഞു. അമ്മയും പറഞ്ഞു നല്ല പെണ്ണാണ്. അങ്ങനെ കാത്ത ജീവിത സഖിയായി.രാജകീയ പ്രണയങ്ങളും കുബേര പ്രേമങ്ങളും തകര്‍ത്താടിയിരുന്ന മലയാള കഥാലോകത്തിലേക്ക് തോട്ടിച്ചിയുടേയും തോട്ടിയുടേയും പവിത്രപ്രേമത്തെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രചോദനം ആലപ്പുഴയിലെ വക്കീല്‍ ഗുമസ്തപ്പണിയാണ് നല്‍കിയത്. ചന്ദ്രികാചര്‍ച്ചിതമായ രാത്രിയില്‍ പ്രേമസംഗമങ്ങള്‍ നടത്തിയിരുന്ന മന്ത്രികുമാരനും രാജകുമാരിക്കും പകരം നൈറ്റ് സോയില്‍ ഡിപ്പോയില്‍ വച്ചുള്ള ഒരു തോട്ടി-തോട്ടിച്ചി പ്രണയം, തോട്ടിയായ ചുടലമുത്തു വള്ളിയെ ആശ്‌ളേഷിക്കുന്നത് അങ്ങനെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് തരംഗമായെത്തിയത്. നിത്യ വ്യവഹാരങ്ങളില്‍ സാക്ഷിയാ കേണ്ടി വന്ന അനേകം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1947ല്‍ തോട്ടിയുടെ മകന്‍ നോവലായിറങ്ങിയത്.

ഉഴവുപാട്ടും തേക്കുപാട്ടും കളപറിപ്പാട്ടും കൊയ്ത്തുമെതിപ്പാട്ടുകളും താരാട്ടുപാടി വളര്‍ത്തിയ കുട്ടനാടന്‍ ബാല്യങ്ങളുടേയും പത്തിനൊന്നു പതം കൊണ്ടുമാത്രം ആണ്ടുകാലം അരവയര്‍ പിഴയ്‌ക്കേണ്ടുന്ന അടിയാള കുടുംബങ്ങളുടേയും അടിയാളത്തിയുടെ ഒട്ടിയ വയറില്‍ മേലാളതമ്പ്രാക്കളുടെ വിളയാട്ടങ്ങളുടേയും കഥയുമായി രണ്ടിടങ്ങഴി പുറത്തിറങ്ങുമ്പോള്‍ അതൊരു സാമൂഹിക പരിവര്‍ത്തനത്തിനുള്ള കാഹളം കൂടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന് എന്ന അവബോധം ആദ്യം ഉയര്‍ത്തിയതും പത്തിനൊന്നു പതം ലഭിച്ചിരു ന്നിടത്ത് എട്ടിനൊന്നുപതവും നാലിനൊന്നു തീര്‍പ്പും എന്ന ആവശ്യവും ഉന്നയിക്കാനുള്ള ആത്മധൈര്യവും അടിയാളര്‍ക്ക് പകരാന്‍ 1948ല്‍ ഇറങ്ങിയ രണ്ടിടങ്ങഴിയും പ്രേരണയായി. പ്രഭാതം മുതല്‍ പ്രദോഷം വരെ പാടശേഖരങ്ങളില്‍ ചോര നീരാക്കുന്ന പുലയന്റേയും പറയന്റേയും ആകുലതകള്‍ക്കും അല്പസന്തോഷങ്ങള്‍ക്കുമൊപ്പം കാര്‍ഷിക രംഗത്ത് അനിവാര്യമായിരുന്ന വിപഌവത്തിന്റെ വിത്തും അങ്ങിനെ വിതയ്ക്കപ്പെടുകയായിരുന്നു.

തലയോട്, തെണ്ടിവര്‍ഗ്ഗം, അവന്റെ സ്മരണകള്‍ എന്നീ കഥകള്‍ക്കു ശേഷമാണ് ചെമ്മീന്റെ ചാകര വരവ്. അമ്പലപ്പുഴ വിദ്യാര്‍ത്ഥിയായിരുന്ന കാലം സഹപാഠികളുടെ അരയക്കുടിയില്‍ നിന്നും ലഭിച്ച അടി സ്ഥാനഅറിവുകളുടെ ഓര്‍മ്മക്കീറുകളും, വക്കീലായപ്പോള്‍ കൈകാര്യം ചെയ്യേണ്ടിവന്ന അരയന്മാരുടെ കേസുകെട്ടുകളും കടലമ്മ എന്ന അപാര ശാക്തിക ബിംബവും നല്കിയ ഉര്‍ജ്ജത്തില്‍ നിന്നാണ് ചെമ്മീന്‍ രൂപം കൊണ്ടത്. കടലമ്മ ഒരു ദേവതയായി അരയന്റെ മനസ്സില്‍ കുടികൊള്ളുന്നു. അവന്റെ നിത്യ സത്യങ്ങളും ജീവതവ്യഥകളുമെല്ലാം അവിടെയാണ് സമര്‍പ്പിക്കപ്പെടുന്നത്. അലൗകികമായ പരിവേഷത്തോടെ ആ അമ്മ എല്ലാ അരയക്കുടികളേയും സംരക്ഷിച്ചുപോരുന്നു. ആ വിശ്വാസം തന്നെയാണ് തോണിയില്‍ പുറംകടലില്‍ പോണ അരയന്റെ ജീവന്‍ കുടിയിലുള്ള അരയത്തിയുടെ വിശുദ്ധിയിലൂടെയാണ് സം രക്ഷിക്കപ്പെടുന്നത് എന്നത്. കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചെമ്പങ്കുഞ്ഞും നമുക്കു കാട്ടിത്തരുന്നതും മറ്റൊന്നല്ല.

1956ല്‍ ചെമ്മീന്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം കരസ്തമാക്കി. ലോകഭാഷകളിലേക്കു മൊഴിമാറ്റം നടത്താന്‍ യുനെസ്‌കോ ചെമ്മീന്‍ തെരഞ്ഞെടുത്തു. പതിനാലു ലോകഭാഷകളിലും എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചെമ്മീന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന സിനിമ രാഷ്ടപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടി.ഏറെ കാലിക പ്രസക്തിയുള്ള കഥയുമായാണ് തുടര്‍ന്ന് ഏണിപ്പടികള്‍ എത്തിയത്. തൊഴിലിലെ അഭിവൃദ്ധിയുടെ പടവുകള്‍ താണ്ടിക്കയറാന്‍ എന്തു കുത്സിത തന്ത്രവും പ്രയോഗിക്കാന്‍ മടിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ ഇന്ന് സര്‍വസാധാരണ കാഴ്ചയാണ്. എല്ലാ മൂല്യങ്ങളും അരിഞ്ഞുതള്ളി തന്റെ ലക്ഷ്യത്തിലെത്താന്‍ കച്ചകെട്ടിയിറങ്ങിയ സര്‍ക്കാര്‍ ഗുമസ്തന്‍ ഔദ്യോഗികമായി പരമോന്നതിയിലെത്തിയിട്ടും ഏണിപ്പടികളിലെ കേശവപിള്ളയ്ക്കു വീണ്ടും മുന്നില്‍ ശൂന്യതമാത്രമാണ് അവശേഷിച്ചത്.

കയര്‍ എന്ന ഇതിഹാസത്തില്‍ മനുഷ്യനും മണ്ണുമായുള്ള അഗാധ ബന്ധത്തിന്റെയും എല്ലാ മാറ്റങ്ങളേയും അറിഞ്ഞുള്‍ക്കൊള്ളുന്ന കാലത്തിന്റേയും സമന്വയമാണ് ഇതിവൃത്തം. രണ്ടര നൂറ്റാണ്ടു കാലം, ആറ് തലമുറകള്‍, നായകനും നായികയും സമൂഹവും മണ്ണുമാണ്. മോഹവും മോഹഭംഗങ്ങളും ആനന്ദവും ദുഖവും ആശയും നിരാശയും, കുടിയേറ്റവും അധിനിവേശവും ജന്മി മുതലാളിത്തത്തിന്റെ ഭീകര വാഴ്ചയും തൊഴിലാളിവര്‍ഗ്ഗം അനുഭവിച്ച അടിച്ചമര്‍ത്തലുകളും ഉയര്‍ത്തെഴുനേല്പുകളും കൂടിക്കുഴഞ്ഞ ആറില്പരം തലമുറകളെക്കണ്ട ഒരു ദേശത്തിന്റെ കാലിക പരിണാമങ്ങളുടെ ആഖ്യായികയാണ് ഈ ഇതിഹാസ സമാനമായ രചന. ഭൂമി അളന്നുതിരിച്ചു തിട്ടപ്പെടുത്തുന്ന ക് ളാസ്സിഫയര്‍ എന്ന കഌസിപ്പേരുടെ വരവറിയിച്ചുകൊണ്ടു തുടങ്ങുന്ന കയര്‍, നാഗംപിള്ളയും ഔതയും പെണ്ണുങ്ങളുടെ സൗന്ദര്യപ്പിണക്കങ്ങള്‍ വരുത്തുന്ന വിനയും ആദ്യ സ്‌കൂളിന്റെ വരവും തമിഴ് ബ്രാഹ്മണരുടെ അധിനിവേശവും വിപഌവകാരിയായ വെടിപ്പുരക്കല്‍ കുഞ്ഞന്‍നായരും, ഖാദി, തപാല്‍, രാഷ്ട്രീയം, കോണ്‍ഗ്രസ്സ്, വൈക്കം സത്യാഗ്രഹം, പുന്നപ്ര വയലാറും സ്വാതന്ത്ര്യ ലബ്ധിയും, മന്നത്തു പത്മനാഭനും എന്‍ എസ്സ് എസ്സും വരെയെത്തുമ്പോഴേക്കും ആരും ഒന്നുമാകുന്നില്ലന്നും എങ്ങുമെത്തുന്നില്ലന്നും എല്ലാം കാലഗതിയില്‍ വിലയം പ്രാപിക്കുന്ന അനുഭവ ചരിത്രമാവുമ്പോഴേക്കും പൂക്കൈതയാറിലൂടെ ഒരുപാടു ജലം കുട്ടനാടിനെ കഴുകി വേമ്പനാട്ടുകായലിലൂടെ അലയാഴിയുടെ അഗാധതയിലേക്ക് ഒഴുകിപ്പോയിരുന്നു.

സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1985ല്‍ ജ്ഞാനപീഠം-ഒരു മലയാളി എഴുത്തുകാരന് തന്റെ കാലത്തു നിലവിലുള്ള പരമാവധി പുരസ്‌കാരങ്ങളും ഏറ്റുവാങ്ങാന്‍ തക്ക ഭാഗ്യ ജന്മത്തിന്റെ തമ്പുരാന്‍ കാലയവനികക്കുള്ളിലിരുന്ന് ഇനിയും പറയാന്‍ ബാക്കിവച്ചുപോയ കഥകള്‍ക്കുള്ള തിരക്കഥ മെനയുകയാവാം. 1999 ഏപ്രില്‍ പത്തിന് ജീവിതത്തോട് വിടപറഞ്ഞ തകഴിയുടെ ശങ്കരമംഗലം തറവാട് പിന്നീട് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു, ഇന്നത് അനശ്വര കഥാകാരന്റെ നാമത്തിലുള്ള മ്യൂസിയമായി സംരക്ഷിപ്പെട്ടിരിക്കുന്നു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം