malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

അമ്മക്കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു

ഡെസ്നി സുല്‍ഹ്
ഒന്നാം കാഴ്ച


ചുളുങ്ങിയ വിരലുകള്‍കൊണ്ട് ഓറഞ്ച് കരയുള്ള പുത്തന്‍ കസവുമുണ്ടില്‍ അമ്മിണിയമ്മ വീണ്ടും വീണ്ടും തലോടിക്കൊണ്ടിരുന്നു. കാഴ്ച വറ്റിയ കണ്ണുകള്‍ക്കുനേരെ പല തവണ അത് ചേര്‍ത്തുവച്ചുനോക്കി. അടുത്തിരിക്കുന്ന ആളോട് ചോദിച്ചു, "ഓറഞ്ച് തന്നെയല്ലേ കളറ്?" കാഴ്ച മറഞ്ഞെങ്കിലും വര്‍ഷങ്ങളായി നടന്നു ശീലിച്ച വൃദ്ധസദനത്തിന്റെ വരാന്തയിലൂടെ നടന്നുനടന്ന് മേട്രന്റെ മുറിയിലേക്ക്. "ഇതൊന്ന് സൂക്ഷിച്ച് വയ്ക്ക്വോ? എനിക്ക് ആവശ്യമുള്ളപ്പോ തന്നാ മതി." ആരോ സമ്മാനിച്ചുപോയ അമൂല്യവസ്തു ഒരു തവണ കൂടി മണത്തുനോക്കി മനസ്സില്ലാമനസ്സോടെ കൈമാറി കുറേയേറെ പായാരം പറഞ്ഞ് വീണ്ടും സ്വന്തം കട്ടിലിലേക്ക്... "അല്ലാ, എന്നാ ഇനി അതൊന്നുടുക്കുക?"

രണ്ടാം കാഴ്ച

വെറുതെ വഴിയിലേക്ക് നോക്കിയിരിക്കുന്നുവെന്നേയുള്ളൂ. ആരും വരാനില്ല. അന്ന് 50 പവന്‍ കൊടുത്ത് കെട്ടിച്ചുവിട്ടതാണ്. ഭര്‍ത്താവ് മരിച്ചു. നാല് ആങ്ങളമാരുടെ ഒരേയൊരു പെങ്ങള്‍. അച്ഛനും ആങ്ങളയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എല്ലാവരുടെയും കാര്യങ്ങള്‍ നോക്കി വീട്ടില്‍ത്തന്നെ കൂടി. തിരക്കുകള്‍ക്കിടയില്‍ കാലം കടന്നുപോയതറിഞ്ഞില്ല. അച്ഛനും അമ്മയും മരിച്ചു. ആങ്ങളമാരും ഒന്നൊന്നായി പോയി. അവരുടെ മക്കള്‍ ജോലിയും കുടുംബവുമായി നാടിന്റെ അതിര്‍ത്തി കടന്നുപോയി. ബാക്കിയായത് മക്കളില്ലാത്ത ഈ അമ്മ മാത്രം. അവര്‍ക്ക് നടന്നുകയറാനായി ഒരു വൃദ്ധസദനത്തിന്റെ വാതില്‍ തുറന്നുവച്ചിരുന്നു. എങ്കിലും അവര്‍ ഇടയ്ക്കിടെ വിജനമായ വഴിയിലേക്ക് നോക്കിനില്‍ക്കും. ആരെങ്കിലും ഒന്നു കാണാനെങ്കിലും വന്നാലോ...

മൂന്നാം കാഴ്ച

പ്രായം നോക്കിയാല്‍ വൃദ്ധസദനത്തില്‍ വരാറായിട്ടില്ല. അവസ്ഥ കണ്ടപ്പോള്‍ തെരുവിലേക്ക് ഇറക്കിവിടാന്‍ വൃദ്ധസദനത്തിന്റെ നടത്തിപ്പുകാര്‍ക്ക് തോന്നിയതുമില്ല. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മനസ്സിന് ചെറിയൊരു ചാഞ്ചാട്ടം വന്നത്. മരുന്നും ചികിത്സയുംകൊണ്ട് മനസ്സിനെ പിന്നെ വരുതിക്ക് നിര്‍ത്തി. കോളേജില്‍ പഠിക്കുമ്പോള്‍ നല്ലൊരു കല്യാണാലോചന വന്നു. കഥകളൊക്കെ നാട്ടുകാര്‍ പറഞ്ഞറിയുംമുമ്പ് വീട്ടുകാര്‍ ധൃതിപിടിച്ച് കല്യാണം നടത്തി. ബാധ്യത തീര്‍ന്നു. പുതിയ വീട്ടില്‍ പുതിയ അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ തുടങ്ങുംമുമ്പ് പണ്ടെന്നോ വന്നുപോയ രോഗത്തെപ്പറ്റി കുത്തുവാക്കുകള്‍. ആദ്യത്തെ മുറുമുറുക്കലുകള്‍ പെട്ടെന്ന് വലിയ ബഹളങ്ങളിലും വഴക്കുകളിലേക്കും വഴിമാറി. മനസ്സിന് കടിഞ്ഞാണിടാന്‍ പറ്റാത്തപോലെ. ഇടയ്ക്കൊക്കെ പതറിപ്പോയി. വീണ്ടും സ്വന്തം വീട്ടിലേക്ക്. തീര്‍ത്തുവിട്ട ബാധ്യത വീണ്ടും വീട്ടില്‍ വന്നു കയറിയതിന്റെ അസ്വസ്ഥത അവിടെയും. വീടിന്റെ ഓരങ്ങളിലേക്കും ഇരുട്ടുകട്ടപിടിച്ച മുറിക്കുള്ളിലേക്കും ജീവിതം പറിച്ചുനട്ടു. പതുക്കെപ്പതുക്കെ വീടിന്റെയും വീട്ടുകാരുടെ മനസ്സിന്റെയും പിന്നാമ്പുറത്തേക്ക് അവളെ തള്ളിയിട്ടു. ഒറ്റയ്ക്ക് നിരാലംബയായി നിന്ന അവര്‍ക്ക് കൂട്ടായി ഇപ്പോഴുള്ളത് ഇതേ കണ്ണീര്‍ നവുള്ള ഓര്‍മകളുള്ള കുറേ അമ്മമാര്‍. മനസ്സ് ശാന്തമാകുമ്പോള്‍ അവര്‍ പറയും, "അയാള്‍ വരും. എന്നെ കൂട്ടിക്കൊണ്ടുപോകും. ഞങ്ങള്‍ നന്നായി ജീവിക്കും." മറ്റൊരു കുടുംബമായി നന്നായി ജീവിക്കുന്ന അയാളുടെ കഥയറിയാവുന്ന മറ്റ് അമ്മമാര്‍ അവള്‍ കാണാതെ കണ്ണീര്‍ തുടയ്ക്കും.

നാലാം കാഴ്ച

ബുദ്ധിവൈകല്യമുള്ള മകളുടെ കൈപിടിച്ച് ഒരു സന്ധ്യക്ക് പ്രായം തളര്‍ത്തിയ കണ്ണുകളുമായി ആ അമ്മ വൃദ്ധസദനത്തിന്റെ പടികടന്നുവന്നു. കാസര്‍കോട്ടെ ഏതോ ഗ്രാമത്തില്‍ നന്നായി ജീവിച്ചുപോന്ന ഒരമ്മയും മകളും. സ്വത്തൊക്കെ എങ്ങനെയോ ബന്ധുക്കളുടെ കൈയിലായി. അലഞ്ഞുതിരിയാന്‍ അവരുടെ അഭിമാനം സമ്മതിച്ചില്ല. ആരെങ്കിലും അറിഞ്ഞ് തരുന്നത് തിന്ന് അവര്‍ ഒരു പാറമടയില്‍ രാവും പകലും കഴിഞ്ഞുകൂടി. മഴ പെയ്യുമ്പോള്‍ മരങ്ങള്‍ കുടപിടിച്ചു. ഒടുവില്‍ കനിവു വറ്റിയിട്ടില്ലാത്ത ചിലര്‍ ചേര്‍ന്ന് ഇരുവരേയും വൃദ്ധസദനത്തിലെത്തിച്ചു. കരഞ്ഞുതളര്‍ന്ന അമ്മയുടെ കണ്ണുകള്‍ ഒരു പ്രഭാതത്തില്‍ തുറന്നില്ല. ഒന്നും മനസ്സിലാവാതെ വാര്‍ധക്യം ബാധിച്ചു തുടങ്ങിയ മകള്‍ അടുത്തിരുന്നു. പിന്നെ ചിലപ്പോഴൊക്കെ അമ്മയുടെ അസാന്നിധ്യം തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ അവര്‍ കരഞ്ഞു. ചിലപ്പോള്‍ കരയാനും&ാറമവെ;മറന്നുപോയി. അങ്ങനെയങ്ങനെ...

അഞ്ചാം കാഴ്ച

അടുത്തുള്ള വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് അമ്മ മകന്റെ പട്ടിണിയകറ്റിയത്. ഉടുമുണ്ട് മുറുക്കിയുടുത്ത് മകനെ വിശപ്പറിയിക്കാതെ വളര്‍ത്തി, പഠിപ്പിച്ചു. മകന്‍ ഒന്നുമറിയാതെ വളര്‍ന്നു, പഠിച്ചു, ജോലിയായി, നേതാവായി. പഴയ കാലത്തെ അവന്‍ ഓര്‍മയില്‍നിന്നുതന്നെ ചവിട്ടിപ്പുറത്താക്കി. ഒപ്പം ആ കാലത്തിന്റെ ഓര്‍മപ്പെടുത്തലായ അമ്മയേയും. വൃദ്ധസദനത്തിന്റെ ജനലഴികളില്‍ക്കൂടി അവര്‍ അവനെ മാത്രം പ്രതീക്ഷിച്ച് നോക്കിനിന്നു. ആരും ഒരിക്കലും വന്നില്ല. അവര്‍ ഒരിക്കലും മകനെ കുറ്റപ്പെടുത്തിയില്ല. അവന്റെ തിരക്കുകള്‍ എന്ന് സമാധാനിച്ചു. ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍ മറ്റാരും കേള്‍ക്കാതെ അവര്‍ മേട്രണോട് മാത്രം പറഞ്ഞു, "ഞാന്‍ മരിച്ചാല്‍ അവന്‍ തന്നെ കൊള്ളിവയ്ക്കണം. അതിന് അവന്‍ വരാതിരിക്കില്ല. എന്റെ മകനല്ലേ." പറഞ്ഞുപറഞ്ഞ് ഒരു രാത്രിയില്‍ അവര്‍ കണ്ണടയ്ച്ചു. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാര്‍ പലവട്ടം വീട്ടുകാരുമായി സംസാരിക്കാന്‍ ശ്രമിച്ചു. പലപ്പോഴും വിചിത്രമായ മറുപടികള്‍. ചിലപ്പോള്‍ മറുപടിയേയില്ല. നേരം പുലരും വരെ ഈ കണ്ണുപൊത്തിക്കളി തുടര്‍ന്നു. ഒടുവില്‍ മരിച്ചയാളെ തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി കിട്ടി. നേരം വെളുത്തപ്പോഴേക്കും മരണം വൃദ്ധസദനത്തിലെ മറ്റൊരാളെക്കൂടി തട്ടിയെടുത്തിരുന്നു. അവരുടെ അകന്ന ബന്ധുക്കള്‍ ഉടനെത്തി. ക്രിയകള്‍ ചെയ്യാനുള്ള ഏര്‍പ്പാടുകളായി. മകന്റെ സ്ഥാനത്തുനിന്ന് ചിത കത്തിക്കാനൊരുങ്ങിയ ചെറുപ്പക്കാരന്‍ പറഞ്ഞു, "ഈ മരിച്ചത് എന്റെ സ്വന്തം അമ്മയായിട്ടല്ല ഞാന്‍ ക്രിയ ചെയ്യുന്നത്. ഇന്നലെ മരിച്ചതും എന്റെ അമ്മയല്ല. ഇരുവര്‍ക്കും മകന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ തന്നെ ശേഷക്രിയ ചെയ്യാം." ജന്മം നല്‍കിയ മകന്‍ കൈയൊഴിഞ്ഞ ആ അമ്മയുടെ ആത്മാവിന് അങ്ങനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത മകന്‍ മോക്ഷം നല്‍കി. ചടങ്ങുകള്‍ കഴിഞ്ഞ് പിറ്റേ ദിവസം വൃദ്ധസദനത്തിന്റെ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍. "എന്റെ അമ്മയ്ക്കുവേണ്ടി ക്രിയകള്‍ ചെയ്തതിന് താങ്ക്സ്." മറുപടി പറയാതെ ഓഫീസര്‍ ഫോണ്‍വച്ചു. ഉള്ളില്‍ ആര്‍ത്തലയ്ക്കുന്ന ഒരു കടല്‍ കുറുക്കിക്കുറുക്കി ഇവിടെ കുറേ അമ്മമാരുണ്ട്. വേച്ചും വിറച്ചും ഓര്‍മകളെ ആട്ടിയകറ്റി ഇടയ്ക്ക് ചിരിച്ചും ദിവസങ്ങള്‍ ഒന്നിനുമല്ലാതെ തള്ളിനീക്കുന്നവര്‍. തൃശൂര്‍ നെടുപുഴ കസ്തൂര്‍ബാ ഓള്‍ഡ് ഏജ് ഹോമിലെ 28 അമ്മമാര്‍ക്കും പറയാനുള്ളത് ഇതേ കഥകളാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ വൃദ്ധസദനങ്ങളിലേയും ആയിരക്കണക്കിന് അമ്മമാര്‍ക്ക് പറയാനുള്ള അതേ കഥ. പിന്നിട്ട കാലത്തിന്റെ കണ്ണീര്‍വഴികളില്‍ അവര്‍ ഒരേപോലെ നടന്നു. ഒരേ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. കൈപിടിച്ചു നടത്തിയ മക്കള്‍ കൈത്താങ്ങാവുമെന്ന് പ്രതീക്ഷിച്ചുപോയതിന്റെ നിരാശയില്‍ അവര്‍ വെന്തുപോയിരിക്കുന്നു. മാതൃദിനത്തിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, മാതൃത്വത്തെ പ്രകീര്‍ത്തിച്ച് ഉച്ചഭാഷിണികള്‍ വിറകൊള്ളുമ്പോള്‍ ഇവിടത്തെ അമ്മമാര്‍ പറയും രോഗത്തിന്റെ, നിരാശ്രയത്വത്തിന്റെ, അനാഥത്വത്തിന്റെ, ചിലപ്പോള്‍ വഞ്ചനയുടെയും നെഞ്ചുപിളര്‍ക്കുന്ന കഥകള്‍... കാലം അങ്ങനെ ചില വേഷങ്ങള്‍ എല്ലാവര്‍ക്കും കരുതിവച്ചിട്ടുണ്ട്. ചിന്തകള്‍ക്കൊപ്പം ഓടിയെത്താനാവാത്ത പ്രായം. സ്നേഹവും പരിഗണനയും ആവശ്യമുള്ള രണ്ടാം ബാല്യം. പരിഗണനയ്ക്ക് പകരം അവഗണനയും പരിചരണത്തിന് പകരം ആട്ടിയകറ്റലും അനുഭവിക്കേണ്ടി വന്ന അമ്മമാര്‍ എന്നിട്ടും എന്തേ മക്കളെ ശപിക്കുന്നില്ലെന്ന് അത്ഭുതം തോന്നും ഈ വരാന്തകളിലൂടെ അവര്‍ക്കൊപ്പം നടന്നാല്‍. ചെയ്യേണ്ട കടമകള്‍ ഭംഗിയായി നിര്‍വഹിച്ചതിന്റെ അഭിമാനം, മക്കള്‍ നന്നായി ജീവിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം, അവരുടെ സന്തോഷങ്ങളിലേക്ക് ഓടിയെത്താനാകുന്നില്ലല്ലോ എന്ന നിരാശ. ഇതൊക്കെയേയുള്ളൂ ഇവരുടെ ജീവിതത്തില്‍. ഉപേക്ഷിച്ചുപോയാലും ഈ അമ്മമാരുടെ ജീവിതവും തുടിപ്പും സ്വപ്നവും പ്രാര്‍ഥനയും ഇപ്പോഴും ആ മക്കള്‍ക്ക് ചുറ്റും ഉപഗ്രഹം പോലെ കറങ്ങിത്തിരിയുന്നു. പണത്തിന്റെ പിന്‍ബലത്തില്‍ അമ്മമാരെഭ"സുരക്ഷിതസ്ഥാനങ്ങളില്‍" എത്തിച്ച് സമാധാനമായി ജീവിതം മുന്നോട്ട് നയിക്കുന്ന മക്കളുണ്ട്. നോക്കാന്‍ നേരമില്ലാത്തതിനാലും വിദേശത്തേക്ക് കൊണ്ടുപോകാന്‍ മാത്രം ഗ്ലാമര്‍ ഇല്ലാത്തതിനാലും അമ്മയുടെ പഴഞ്ചന്‍ രീതികളോട് യോജിക്കാനാവാത്തതിനാലും വൃദ്ധസദനങ്ങളില്‍ തള്ളി മാസാമാസം വന്‍ തുക നല്‍കി കടമ നിര്‍വഹിക്കുന്നവര്‍. സ്നേഹം പണമായും സമ്മാനങ്ങളായും വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങളായും വന്നുകൊണ്ടിരിക്കും. മക്കളുടെയും പേരക്കുട്ടികളുടെയും സാമീപ്യവും കരുതലും സ്നേഹത്തോടെയുള്ള സ്പര്‍ശവും മാത്രം മതി ഇവര്‍ക്കെന്ന് അറിയാഞ്ഞിട്ടല്ല. ഒരു കാലഘട്ടം മുഴുവന്‍ കരിയും പുകയുമേറ്റ് അടുക്കളയില്‍ വെന്തുതീര്‍ന്നത് ഈ മക്കളെക്കുറിച്ച് കണ്ട സ്വപ്നങ്ങളാണെന്ന് മാത്രമേ അവര്‍ അറിയാതെ പോകുന്നുള്ളൂ. വിവാഹം മറന്ന് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച് ഒടുവില്‍ ഒറ്റപ്പെട്ടുപോയവരും ഈ തണലുകളില്‍ അഭയം തേടുന്നുണ്ട്. സ്വന്തം മക്കളല്ലെന്ന് ഒരിക്കലും കരുതിയിട്ടില്ല. അമ്മയുടെ അതേ കരുതല്‍ നല്‍കി, സ്നേഹം വിളമ്പി നിറച്ചുമൂട്ടി വളര്‍ത്തി. വളര്‍ന്നപ്പോള്‍ വന്ന കാലം മറന്നു. വളര്‍ത്തിയവര്‍ അന്യരായി. വാര്‍ധക്യത്തിന്റെ അവശതയില്‍ മക്കള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷപോലും ഇപ്പോള്‍ മിക്കവരും കൊണ്ടുനടക്കാറില്ല. മക്കള്‍ വളരുന്നു, ജോലി നേടുന്നു, സ്വന്തം കുടുംബമുണ്ടാക്കുന്നു. അതിനിടയില്‍ ആദ്യം അറ്റുപോകുന്ന കണ്ണിയാണ് രക്ഷിതാക്കള്‍. തനിച്ചായിപ്പോകുന്നവര്‍ക്ക് ആശ്രയിക്കാന്‍ വൃദ്ധസദനങ്ങളേയുള്ളൂ. നാളെ മക്കള്‍ നോക്കുമെന്ന് പ്രതീക്ഷിക്കാന്‍പോലും പല രക്ഷിതാക്കള്‍ക്കും ഇപ്പോള്‍ ഭയമാണ്. മാമ്പൂ കണ്ടും മക്കളെ കണ്ടും ആശിക്കരുതെന്ന് അവര്‍ക്കറിയാം. നാളെ ഒരു കോഴിക്കൂട്ടിലും വിറകുപുരയിലും അടുക്കള ചായ്പിലും ജീവിതം ഒടുങ്ങിത്തീരരുതെന്ന് അവര്‍ക്കും നിര്‍ബന്ധമുണ്ട്. അതിനായി അവര്‍ പണം സ്വരുക്കൂട്ടി വയ്ക്കുന്നു. പെന്‍ഷന്‍ പദ്ധതികളുടെ പിന്‍ബലത്തില്‍ നാളെയും തലയുയര്‍ത്തി നടക്കണമെന്ന് വാശിപിടിക്കുന്നു. മക്കള്‍ക്ക് നഷ്ടപ്പെടുന്ന അതേ സ്നേഹവും ഇഴയടുപ്പവും പതുക്കെ രക്ഷിതാക്കളില്‍ നിന്നും ഇല്ലാതെയാവുകയാണ്.

ജീവിതസായാഹ്നത്തിലെ അവഗണനയുടെ തെളിവായി വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ളത് കേരളത്തിലാണ്. 2000ല്‍ എസ് ഇരുദയ രാജന്‍ നടത്തിയ കേരള ഓള്‍ഡ് ഏജ് ഹോം സര്‍വേ പ്രകാരം 134 വൃദ്ധസദനങ്ങള്‍ സംസ്ഥാനത്തുണ്ട്. അന്തേവാസികളില്‍ ഭൂരിപക്ഷവും നോക്കാനാരുമില്ലാത്തതിനാല്‍ എത്തിപ്പെട്ടതാണ്. മക്കളുമായുള്ള വഴക്കും കുടുംബവഴക്കുകളും മറ്റു ചിലര്‍ക്ക് കാരണമാകുമ്പോള്‍ ഞെട്ടിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം വന്നവരുടെ എണ്ണമാണ്. 20 ശതമാനത്തോളം പേര്‍ ആര്‍ക്കും ബുദ്ധിമുട്ടാകാതിരിക്കാന്‍ സ്വയം വഴിതെളിച്ചവരാണ്. ആശ്വസിക്കാന്‍ വകയുള്ളത്, പുതിയ ജീവിതത്തില്‍ ഭൂരിപക്ഷം അന്തേവാസികളും സംതൃപ്തരാണെന്ന കണ്ടെത്തലാണ്. വേനല്‍മഴ മാറിയ ഒരു വൈകുന്നേരത്ത് വൃദ്ധസദനത്തിന്റെ വരാന്തയിലിരുന്ന് ഒരമ്മ പഴയൊരു കഥ ഓര്‍മിപ്പിച്ചു. മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിന് ഭക്ഷണം കൊടുത്തിരുന്ന വക്ക് ചുളുങ്ങിയ പാത്രം പേരക്കുട്ടി സൂക്ഷിച്ചുവച്ചിരിക്കുന്നതു കണ്ട് മകന് അത്ഭുതം തോന്നി. ചോദിച്ചപ്പോള്‍ മകന്‍ പറഞ്ഞത്രേ അച്ഛന് വയസ്സാവുമ്പോള്‍ ഭക്ഷണം തരാന്‍ സൂക്ഷിച്ചുവച്ചതാണെന്ന്. കഥ പറയുമ്പോഴും ആ അമ്മ സ്വന്തം മക്കളെപ്പറ്റി പരാതി പറഞ്ഞില്ല. ഒരു വെറും ഉപദേശം മാത്രം. കാരണം, ജന്മം നല്‍കാത്ത അമ്മമാര്‍ക്ക് ശേഷക്രിയ ചെയ്യാന്‍ നന്മയുള്ള മനസ്സുള്ള മക്കള്‍ അന്യംനിന്നുപോയിട്ടില്ലെന്നതിന് സാക്ഷിയാണ് ആ കണ്ണുകള്‍. അവര്‍ നന്മയില്‍ വിശ്വസിക്കുന്നു. എല്ലാ അമ്മമാരെയുംപോലെ.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം