malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

കഥപറയുന്ന അസ്ഥികൂടങ്ങള്‍

ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പച്ചനിറഞ്ഞ കൊടുങ്കാടുകളില്‍ പാഞ്ഞു നടന്ന രക്തക്കൊതിയന്മാരായ ഡിനാസോറുകളെ നമുക്കൊക്കെ പരിചയമുണ്ട്‌. മലപോലെ ചീര്‍ത്ത ശരീരവും വലിച്ച്‌ മനുഷ്യനെ പിച്ചിചീന്താന്‍ അവ പാഞ്ഞു നടന്ന കഥ ജുറാസിക്പാര്‍ക്ക്‌ എന്ന സിനിമയില്‍ നാമൊക്കെ വീര്‍പ്പടക്കി കണ്ടതാണ്‌. ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പ്‌ അന്യം നിന്ന ഡിനാസോറുകളെ ഡിഎന്‍എ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുനര്‍ ജനിപ്പിച്ചുവെന്നാണ്‌ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്‌ നമുക്ക്‌ പറഞ്ഞു തന്നത്‌. അതിനാവശ്യമായ ഡിഎന്‍എ ലഭിച്ചതാകട്ടെ ഡിനാസോറിന്റെ ചോരകുടിച്ച കൊതുകിന്റെ ഫോസിലില്‍ നിന്നും. ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ച്‌ മണ്ണടിഞ്ഞ അവ ഭൂമിക്കടിയില്‍ തങ്ങളുടെ ഫോസിലുകള്‍ ശേഷിപ്പിച്ചു. ഭൂമിയുടെയും ജീവമണ്ഡലത്തിന്റെയും ചരിത്രം നമുക്ക്‌ പറഞ്ഞുതരാന്‍.! ഭൂമിയില്‍ ഏറെ ആഴത്തിലാകും ഫോസിലുകള്‍. അവ ലഭിക്കുക അപൂര്‍വ്വ സംഭവവും. എന്നാല്‍ അത്തരം സ്ഥലങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക്‌ പുണ്യഭൂമിയാണ്‌. ഒരിക്കലും വിശ്വസിക്കാനാകാത്ത സത്യങ്ങള്‍ വിളിച്ചു പറയുന്ന ആ തിരുശേഷിപ്പുകള്‍ അവന്റെ ആവേശമാണ്‌. അത്തരമൊരിടമാണ്‌ വടക്കന്‍ കൊളമ്പിയയിലെ ‘സെറിജോണ്‍’(രലൃൃ‍ലഷീി‍) ലോകത്തെ പാമ്പായ പാമ്പുകളുടെയെല്ലാം മുതുമുത്തച്ഛന്‍ ‘ടൈറ്റനോബ’(ഠശമ്ീ‍യമ)യുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്‌ അവിടെ നിന്നാണ്‌. മുതലകളെപ്പോലും ജീവനോടെ വിഴുങ്ങിയിരുന്ന 40 അടിയിലേറെ നീളവും ഒരു ടണ്ണിലേറെ ഭാരവുമുണ്ടായിരുന്ന സര്‍പ്പ രാക്ഷസന്‍.

കരീബിയന്‍ കടല്‍തീരത്തു നിന്ന്‌ 60 മെയില്‍ അകലെ വടക്കന്‍ കൊളമ്പിയയിലെ ഖാനികളുടെ നാടായ ‘സെറിജോണി’ലായിരുന്നു ‘ടൈറ്റനോബ’ അവതരിച്ചത്‌. അവിടെ ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊടുംകാടായിരുന്നു. നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു അത്‌. പിന്നെ വനം നശിച്ചു. ചൂട്‌ കൂടി. സെറിജോണ്‍ കല്‍ക്കരിയുടെ അമൂല്യ സമ്പത്താണെന്ന്‌ അറിഞ്ഞതോടെ അവിടുത്തെ കാലാവസ്ഥയും പരിസ്ഥിതിയും തകിടം മറിഞ്ഞു. ഖാനനം തുടങ്ങിയതോടെ മരങ്ങള്‍ മറഞ്ഞു. അവിടമാകെ കുണ്ടുംകുഴിയും മൊട്ടക്കുന്നുകളും നിറഞ്ഞു. ഒപ്പം ഉഷ്ണമേഖലാ ചതുപ്പുകളും. കല്‍ക്കരി കോരിക്കോരി വന്‍ ഗര്‍ത്തങ്ങള്‍ അവിടെമാകെ നിറഞ്ഞു. കഴിഞ്ഞ ഒരൊറ്റ വര്‍ഷം കൊണ്ട്‌ അവിടെനിന്നു കുഴിച്ചെടുത്തത്‌ 315 ലക്ഷം ടണ്‍ കല്‍ക്കരിയാണ്‌.

എന്നാല്‍ ശാസ്ത്രജ്ഞര്‍ അവിടം അറിയുന്നത്‌ ശാസ്ത്ര സത്യങ്ങളുടെ പ്രേതഭൂമി എന്ന പേരിലാണ്‌. 580 ലക്ഷം വര്‍ഷം മുമ്പ്‌ സെറിജോണില്‍ വലിയൊരു ജൈവ ആവാസ വ്യവസ്ഥ നിലനിന്നതായി അവര്‍ കണ്ടെത്തി. ആമസോണ്‍ തടത്തിന്റെ ഇരട്ടി വര്‍ഷപാതം ലഭിച്ചിരുന്ന കൊടുങ്കാടുകള്‍ കാലക്രമത്തില്‍ കാടും മരവും മൃഗങ്ങളുമൊക്കെ മണ്ണടിഞ്ഞു. മണ്ണിനടിയിലെ ചെളിയും ചെളിപ്പാറകളും പക്ഷേ, അവയുടെ സത്യം വരും തലമുറയ്ക്കായി കാത്തു സംരക്ഷിച്ചു. അങ്ങനെ പന്ത്രണ്ട്‌ അടി നീളമുള്ള ആമകളും ഏഴ്‌ അടി നീളമുള്ള മത്സ്യങ്ങളും അവിടെ ജീവിച്ചതായി നാമറിഞ്ഞു. എന്നാല്‍ കാടുകളുടെ യഥാര്‍ത്ഥ തമ്പുരാന്‍ ഇവരാരുമായിരുന്നില്ലെന്ന്‌ ഫോസിലുകള്‍ ഇപ്പോള്‍ നമ്മോടു പറയുന്നു. ടൈറ്റനോബ(ടൈറ്റനോബ സെറിജോണിന്‍സിസ്‌ എന്ന്‌ ശാസ്ത്രജ്ഞര്‍) എന്ന സര്‍പ്പരാജനായിരുന്നു ആ തമ്പുരാന്‍.

പുരാജീവി ശാസ്ത്രജ്ഞര്‍ അഥവാ ജീവാഗ്മ വിജ്ഞാന വിദഗ്ധര്‍ (പാലിയന്റോളജിസ്റ്റുകള്‍) ആയ ജോനാഥന്‍ ബ്ലോച്ച്‌, ജാസണ്‍, ജോര്‍ജ്ജ്‌ മോറിനോ തുടങ്ങിയവരൊക്കെ സര്‍പ്പരാജന്റെ സത്യം കണ്ടെത്താന്‍ സെറിജോണ്‍സില്‍ ഏറെ വിയര്‍പ്പൊഴുക്കി. ഏതാണ്ട്‌ പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അവിചാരിതമായ ഒരു ഫോസില്‍ കണത്തിന്റെ രൂപത്തിലാണ്‍ഹെന്‍ട്രി ഗാര്‍സ്യ എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞന്റെ മുന്നില്‍ സര്‍പ്പരാജന്‍ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം കല്‍ക്കരി ഖാനിയുടെ ചില്ലുകൂട്ടില്‍ ആ തിരുശേഷിപ്പ്‌ പ്രതിഷ്ഠിച്ചു. ഫീല്‍ഡ്‌ പഠനത്തിനു വന്ന പാലിയന്റോളജിസ്റ്റുകളാണ്‌ കണ്ണാടിക്കൂട്ടിലെ അമൂല്യ വസ്തുവിനെ സൂക്ഷ്മദര്‍ശിനിക്കു മുന്നിലെത്തിച്ചത്‌. ഖാനനനഗരമാകെ അവര്‍ അരിച്ചു പെറുക്കി. ഒട്ടേറെ അസ്ഥികളും കശേരുക്കളും അവര്‍ക്ക്‌ ലഭിച്ചു. ഏതാണ്ട്‌ നൂറിലേറെ കശേരുക്കള്‍. അനാക്കോണ്ടയുടേതിനോട്‌ സാദൃശ്യമുള്ളവ. എന്നാല്‍ അതിലും വളരെ നീളമുള്ളവ. സര്‍പ്പരാജന്റെ തലയോട്ടിയുടെ ഫോസിലും ഗവേഷകര്‍ കണ്ടെത്തി. ഏതാണ്ട്‌ രണ്ടടി നീളമുള്ള നെടുങ്കന്‍ തലയോട്ടി. മൃദു അസ്ഥികള്‍ കൊണ്ടു നിര്‍മ്മിക്കുന്ന പാമ്പിന്റെ തലയോട്ടി അതിന്റെ മരണ ശേഷം ദ്രവിച്ച്‌ ചിതറിപ്പോകുകയാണ്‌ പതിവ്‌. എന്നാല്‍ ഗവേഷകരെ ഭാഗ്യം തുണച്ചു.

പ്രകൃത്യാതീത കാലത്തെക്കുറിച്ച്‌ അപാരമായ അറിവ്‌ ലഭിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വര്‍ത്തമാനകാല ജീവിതത്തെ ഭാവിക്കുവേണ്ടി സജ്ജമാക്കാനുള്ള അപാരമായ അറിവാണ്‌ വടക്കന്‍ കൊളമ്പിയയിലെ ഉപേക്ഷിക്കപ്പെട്ട ഖാനിക്കുള്ളില്‍ നിന്നു ലഭിച്ചത്‌. ഇത്‌ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്‌.
ഭൂ പാളികളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മണ്‍മറഞ്ഞ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ്‌ ഫോസിലുകള്‍. ജീവികളുടെ മാംസളമായ ഭാഗങ്ങള്‍ ചീഞ്ഞളിഞ്ഞ ശേഷം കാഠിന്യമേറിയ ഭാഗങ്ങളും മരങ്ങളുടെ തായ്ത്തടികളുമൊക്കെ ഫോസിലുകളായി മാറുന്നു. ചിലപ്പോള്‍ ഒരു ജീവി മുഴുവനായി തന്നെ മണ്‍പാറകളില്‍ സംരക്ഷിക്കപ്പെട്ടേക്കാം. മഞ്ഞുമൂടിയ ആര്‍ട്ടിക്ക്‌ പാളികളില്‍ നിന്ന്‌ ലക്ഷോപലക്ഷം വര്‍ഷം പഴക്കമുള്ള മാമത്തുകളുടെ ശരീരം കണ്ടെടുത്തത്‌ ഓര്‍ക്കുക. മണ്‍മറഞ്ഞ ജീവജാലങ്ങളെ കുറിച്ച്‌ പഠിക്കുന്ന ശാസ്ത്ര ശാഖയെ പാലിയന്റോളജി എന്നാണ്‌ വിളിക്കുന്നത്‌.

സസ്യങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയെ പുരാസസ്യശാസ്ത്രം അഥവാ പാലിയോബോട്ടണി എന്നും പുരാജന്തുശാസ്ത്രത്തെ പാലിയോ സുവോളജി എന്നുമാണ്‌ പറയുക. ഇവ സസ്യ ജന്തു പരിമാണത്തെക്കുറിച്ച്‌ അമൂല്യമായ അറിവ്‌ നമുക്ക്‌ പകര്‍ന്നു നല്‍കുന്നു.

വടക്കന്‍ കൊളമ്പിയയിലെ പുരാശാസ്ത്രജ്ഞര്‍ക്ക്‌ നാമാവശേഷമായ ഒട്ടേറെ ജീവജാലങ്ങളുടെ ഫോസിലുകളാണ്‌ ലഭിച്ചത്‌. ആമസോണ്‍ നദിയിലെ ആമകളേക്കാള്‍ 67 ശതമാനം വലിപ്പം കൂടിയ ആമകളുടെ ഫോസില്‍ അതിലൊന്നു മാത്രം. അവിടെ നിന്നു ലഭിച്ച ഇലകളുടെ ഫോസിലുകള്‍ പരിശോധിച്ച ജമാമിലോ, ഹരേരാ എന്നീ ശാസ്ത്രജ്ഞര്‍ മറ്റൊരു കാര്യമാണെന്ന്‌ പ്രശസ്ത്ര ശാസ്ത്ര മാസികയായ സ്മിത്ത്‌ സോണിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

കാര്‍ബണ്‍ ഐസോടോപ്പ്‌ പഠനം വ്യക്തമാക്കിയത്‌ അന്നത്തെ അന്തരീക്ഷ വായുവില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ്‌ ഇന്നത്തേക്കാള്‍ 50 ശതമാനം കൂടുതലായിരുന്നുവെന്നത്രെ. അത്‌ ഭൂമിയുടെ ഊഷ്മാവ്‌ വല്ലാതെ കൂട്ടിയിരിക്കും. കാലാവസ്ഥാമാറ്റത്തെ ജീവജാലങ്ങള്‍ അതിജീവിക്കുന്നതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ഈ പഠനം നമുക്ക്‌ സമ്മാനിക്കും. കാര്‍ബണ്‍ഡൈഓക്സൈഡിന്റെയും മറ്റും അളവ്‌ വല്ലാതെ വര്‍ദ്ധിച്ച്‌ ആഗോളതാപനം ആസന്നമായാല്‍ നിലനില്‍ക്കാനാകാത്ത സസ്യവര്‍ഗ്ഗങ്ങള്‍ അന്യം നിന്നു പോകുമെന്ന വ്യക്തമായ സൂചനയാണിത്‌ നമുക്ക്‌ നല്‍കുന്നത്‌.

ചൂടുകൂടിയാല്‍ ചെടികള്‍ക്കു വേണ്ടവിധത്തില്‍ പ്രകാശ സംശ്ലേഷണം നടത്താനാകില്ലെന്ന്‌ സസ്യഫോസിലുകളുടെ പഠനം നമുക്കു പറഞ്ഞു തരുന്നു. എന്നാല്‍ ചില സസ്യങ്ങള്‍ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തേക്കാം. ചെടിയുടെ ഇലയുടെ ഏതാനും ഫോസിലുകള്‍ നമ്മെ എത്രത്തോളം പഠിപ്പിക്കുന്നുവെന്ന്‌ നോക്കുക. എത്ര മുന്നറിയിപ്പുകല്‍ നമുക്കു നല്‍കുന്നുവെന്നറിയുക….

ഭൂതകാലം നമുക്കുവേണ്ടി അവശേഷിപ്പിച്ചു പോയ മുന്നറിയിപ്പിന്റെ നാഴികക്കല്ലുകളാണ്‌ ഫോസിലുകള്‍. അവ കണ്ടെത്തി വിശകലനം ചെയ്യുക മാനവരാശിയുടെ കര്‍ത്തവ്യമാണ്‌. വിശകലനം ചെയ്യുക മാത്രം ചെയ്യുന്നതുകൊണ്ട്‌ ആ കര്‍ത്തവ്യം അവസാനിക്കുന്നില്ല.

അവ നമുക്കു നല്‍കുന്ന സൂചനകള്‍ മനസ്സിലാക്കണം. അതനുസരിച്ച്‌ ജീവിക്കുകയും വേണം. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക”കളാണ്‌ അവ. ആദ്യം കയ്ക്കുമെങ്കിലും പിന്നീട്‌ മധുരിക്കുമെന്ന്‌ തീര്‍ച്ച.


വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം