malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

മുടി(ഞ്ഞ) കച്ചവടം

സി എസ് മീര
ആഞ്ചലീന ജോളിയുടെ മുടിയഴകിനു തിരുപ്പതി വെങ്കിടേശ്വരന്‍ കനിയണം. വിഖ്യാത ബ്രിട്ടീഷ് മോഡലും നടിയുമായ നവോമി ക്യാംബെല്‍ അടക്കം മറ്റ് ലോകസുന്ദരികളില്‍ പലരുടെയും കാര്യത്തില്‍ ഇതുതന്നെ സ്ഥിതി. അവരുടെ മുടിനീട്ടാനുള്ള നീട്ടല്‍ മുടി (ഒമശൃ ലഃലേിശെീി) എത്തുന്നത് തിരുപ്പതിയില്‍ സ്ത്രീകള്‍ ഭക്ത്യാദരപൂര്‍വം മുറിച്ചുനീക്കുന്ന മുടിയില്‍നിന്നായിട്ട് വര്‍ഷങ്ങളായി. ലോക മുടിവിപണിയില്‍ ഏറ്റവും ആവശ്യക്കാരുള്ളത് ഇന്ത്യയില്‍നിന്നുള്ള നീളന്‍മുടി(ൃലാ്യ വമശൃ)ക്കാണ്. ഇന്ത്യ 2010-11ല്‍ 941 കോടി രൂപയുടെ തലമുടിയാണ് കയറ്റുമതി ചെയ്തത്. എണ്‍പതുകളിലെ 50 ലക്ഷം രൂപയില്‍നിന്നാണ് ഈ കുതിച്ചുകയറ്റം.

ഒന്നോ രണ്ടോ സ്ഥാപനങ്ങളായിരുന്നു മുമ്പ് ഈ രംഗത്ത് ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇന്ന് നാല്‍പ്പതിലേറൈ കയറ്റുമതി കമ്പനികളുടെ മുഖ്യവ്യാപാരം മുടിയാണ്. മുടി ലഭിക്കുന്ന മുഖ്യസ്ഥലം ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രംതന്നെ. വര്‍ഷം തോറും മൂന്നുകോടി തീര്‍ഥാടകരെത്തുന്ന ഇവിടെ ഒരു വര്‍ഷം 400 ടണ്‍ മുടിയാണ് ലേലത്തില്‍ പോകുന്നത്. 600 ബാര്‍ബര്‍മാര്‍ ഇവിടെ പണിയെടുക്കുന്നു. ഇവിടെയെത്തി ഭക്തര്‍ മുറിക്കുന്ന മുടി ക്ഷേത്രം അധികൃതര്‍തന്നെ ലേലം ചെയ്തുവില്‍ക്കും. ഈ മുടി തരംതിരിക്കാനും ശുദ്ധീകരിക്കാനുമുള്ള ഫാക്ടറികളും തിരുപ്പതിയില്‍തന്നെയുണ്ട്. ഇവിടെ ജോലിചെയ്യുന്നതും ഏറെയും സ്ത്രീകള്‍തന്നെ. തമിഴ്നാട്ടിലെ പഴനിയാണ് മുടികിട്ടുന്ന മറ്റൊരു ക്ഷേത്രം. ചെന്നൈയിലെ തിരുത്താണി ക്ഷേത്രത്തില്‍ ഉത്സവസമയത്ത് മുടി മുറിക്കുന്നവരുണ്ട്. ഇവിടെ ഒരു ദിവസം മുടി വടിക്കുന്നവരുടെ എണ്ണം ആയിരത്തിലധികം വരും. അതില്‍ സ്ത്രീകളുമുണ്ടാകും. ഉത്തരേന്ത്യയില്‍ മുടിമുറിക്കല്‍ വഴിപാടുള്ള ക്ഷേത്രങ്ങളില്ലാത്തതിനാല്‍ തെക്കേ ഇന്ത്യയില്‍തന്നെയാണ് മുടി കച്ചവടകമ്പനികള്‍ പലതും. തിരുപ്പതിയില്‍ സ്ത്രീകളുടെ നീളന്‍മുടിമുതല്‍ കുറ്റിമുടിവരെ ലഭ്യമാണ്.

ക്ഷേത്രത്തില്‍ മുടി തരംതിരിച്ചാണ് വില്‍പ്പന. ഒരേ നീളത്തിലുള്ള നീളന്‍മുടിയാണ് പ്രധാന ഇനം. ഒരു സ്ത്രീക്ക് തലയില്‍ 200 ഗ്രാം മുതല്‍ 300 ഗ്രാം വരെ മുടിയുണ്ടാകുമെന്നാണ് കണക്ക്. ഇതിനാണ് വില കൂടുതല്‍ . ഒരാളുടെ തലയില്‍നിന്ന് മുറിക്കുന്ന മുടി ഒന്നായിത്തന്നെ ഉപയോഗിക്കും. ഈ മുടി വിഗ്ഗിലും മുടിക്ക് നീളം കൂട്ടാനുള്ള എക്സ്റ്റെന്‍ഷനായും ഉപയോഗിക്കും. മറ്റൊരിനം പുരുഷന്മാരുടെ തലയിലെ കുറ്റിമുടിയാണ്. ഇതിന് വില കുറവാണ്. എല്‍ -സിസ്റ്റൈന്‍ വേര്‍തിരിക്കാന്‍ ഈ മുടിയാണ്് എടുക്കുന്നത്. ബാര്‍ബര്‍ഷോപ്പുകളില്‍നിന്നും ഈ ഇനം മുടി ശേഖരിക്കാനും സംവിധാനമുണ്ട്. ചീപ്പില്‍ കുടുങ്ങി കൊഴിയുന്ന മുടി വീട്ടിലെത്തി ശേഖരിക്കാനും ആളുണ്ട്. രാജ്യത്താകെ മൂന്നുലക്ഷത്തോളം പേര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ടെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. കേരളത്തില്‍ മുമ്പ് വീടുകളിലെത്തി കൊഴിഞ്ഞ മുടി ശേഖരിക്കുന്ന രീതി ഉണ്ടായിരുന്നു. തിരുപ്പന്‍ നിര്‍മാണത്തിനായി ഇത് ഉപയോഗിച്ചിരുന്നു. മുടി കയറ്റുമതിരംഗത്ത് ഏറെ സജീവമായ ഒരു സ്ഥാപനം ഇപ്പോള്‍ കേരളത്തില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്നു. 50 ലക്ഷം രൂപയുടെ പ്രതിവര്‍ഷ വ്യാപാരം ഇവര്‍ക്കുമുണ്ട്. അതിനിടെ തമിഴ്നാട്ടില്‍ മുടിവേട്ടക്കാര്‍ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മുടി കവരുന്നതായി വാര്‍ത്തകള്‍ വന്നു. അക്രമങ്ങളും കേട്ടുതുടങ്ങി. ലാഭം മാത്രം വിഷയമാകുമ്പോള്‍ എന്തും ന്യായം. അറുപതുകളില്‍ കയറ്റുമതി തുടങ്ങിയിരുന്നു. വളരെ കുറച്ചു മുടിയേ അന്ന് അയച്ചിരുന്നുള്ളൂ. നല്ല വിലയും കിട്ടി. എഴുപതുകളില്‍ കച്ചവടം മന്ദിച്ചു. ജപ്പാന്‍കാര്‍ കൃത്രിമ മുടിയുമായി രംഗത്തെത്തി. വിപണി അവരുടെ പിടിയിലായി.

ഇന്ത്യന്‍ മുടിക്ക് ആവശ്യക്കാരില്ലാതായി. പക്ഷേ, എണ്‍പതുകളുടെ മധ്യത്തില്‍ വീണ്ടും കഥ മാറി. കൃത്രിമമുടിയില്‍ തീര്‍ത്ത വിഗ്ഗുകളും മറ്റും ആളുകള്‍ക്ക് വേണ്ടാതായി. യഥാര്‍ഥ മുടിക്ക് പിന്നെയും ആവശ്യക്കാരായി. കൂടുതല്‍ കയറ്റുമതിക്കാരും രംഗത്തെത്തി. ഇന്ന് പലനിറങ്ങളില്‍ ഇന്ത്യന്‍ മുടി കപ്പല്‍ കയറുന്നു. കറുപ്പും വെളുപ്പും തവിട്ടും ചാരനിറവും ഒക്കെയായി ചുരുണ്ടതും നീണ്ടതും പട്ടുപോലെയുള്ളതുമായി പല വിഭാഗങ്ങളിലായാണ് ഇന്ന് മുടി തരം തിരിച്ച് അയക്കുന്നത്. ഇതെല്ലാം വിഗ്ഗുകളിലും പാവകളിലും മറ്റും ഉപയോഗിക്കാനാണ്.

1980 മുതലാണ് എല്‍ -സിസ്റ്റൈന്‍ വേര്‍തിരിക്കാനായി മുടി ജപ്പാന്‍കാര്‍ വാങ്ങിത്തുടങ്ങിയത്. പിന്നെ പല രാജ്യക്കാരും ഈ രംഗത്തേക്ക് വന്നു. അമേരിക്ക, ഇറ്റലി, ചൈന, ടുണീഷ്യ, ഹോങ്കോങ് എന്നിവയാണ് ഇന്ത്യന്‍ മുടിയുടെ മുഖ്യ ആവശ്യക്കാര്‍ . ആദ്യം ചൈനക്കാരുടെ മുടിക്കായിരുന്നു അമേരിക്കയില്‍ പ്രിയം. തൊണ്ണൂറുകളില്‍ ഇരട്ടി കട്ടിയുള്ള ഇന്ത്യന്‍ മുടിക്കായി ആ സ്ഥാനം. അതോടെ ചൈന ഇന്ത്യയില്‍നിന്ന് കൂടുതല്‍ മുടി വാങ്ങിത്തുടങ്ങി. അവരത് പലവിധ ഉല്‍പ്പന്നങ്ങളാക്കി അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് അയച്ചുതുടങ്ങി. 2010-ലെ കണക്കനുസരിച്ച് ഇന്ത്യന്‍ മുടിയുടെ കയറ്റുമതിയില്‍ പകുതിയും ചൈനയിലേക്കാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം