malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

അല്‍ഭുതങ്ങളുടെ ആപ്പിള്‍മാന്‍

തോംസണ്‍ മിന്റു


സര്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ഒരു ആപ്പിള്‍ വീണപ്പോള്‍ ഭൗതികശാസ്ത്രത്തിന്റെ ജാതകം മാറിമറിഞ്ഞു. അരികു മുറിഞ്ഞ ഒരു ആപ്പിള്‍ ഉയര്‍ത്തിക്കാട്ടി സ്റ്റീവ് ജോബ്‌സ് ആധുനിക സാങ്കേതിക വിദ്യയില്‍ വിസ്മയലോകം തീര്‍ത്തുസ്റ്റീവ് ജോബ്‌സിന്റെ മരണം പലരെയും ഒട്ടൊന്നുമല്ല ഞെട്ടിച്ചത്. ലോകം തേങ്ങുകയും കാപട്യമില്ലാതെ കണ്ണീരൊഴുക്കുകയും ചെയ്തപ്പോള്‍ അത്യാഗ്രഹികളായ ബാങ്കര്‍മാരും കൗടില്യന്മാരായ എക്‌സ്‌ചേഞ്ച് ദല്ലാള്‍മാരും താടിവച്ച തീവ്രവാദികളുമൊക്കെ നടുക്കത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. അവര്‍ക്കായിരുന്നുവല്ലോ നഷ്ടം മുഴുവന്‍. വാസ്തവത്തില്‍ പണത്തിനും അധികാരത്തിനും കാമത്തിനുമൊക്കെ അപ്പുറം എന്തെല്ലാമോ ഉണ്ട് എന്നതാണ് സ്റ്റീവ് ലോകത്തെ ഓര്‍മിപ്പിച്ചത്. സാമര്‍ത്ഥ്യത്തിന്റെ നക്ഷത്രപൂരിത അത്യുന്നതികളിലെത്താന്‍ അദ്ദേഹം ഒരു തലമുറയെ പ്രേരിപ്പിച്ചു. അതിലുമുപരിയായി ജീവിതമെന്ന സൗഭാഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. അതിന്റെ ഹ്രസ്വമായ ദൈര്‍ഘ്യം, വ്യക്തിഗത സ്വപ്‌നത്തിന്റെ പ്രാധാന്യം എന്നിവയൊക്കെ അദ്ദേഹം അനുസ്മരിപ്പിച്ചു. 2005ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ചരിത്രപരമായ പ്രസംഗം ജോബ്‌സിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതായിരുന്നു. ''ജീവിതത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം മരണമാണ്. ജീവിതത്തില്‍ വ്യതിയാനങ്ങള്‍ക്കിടയാക്കുന്ന ഘടകമാണത്.'' - അദ്ദേഹം പറഞ്ഞു. ആ പ്രസംഗത്തില്‍ത്തന്നെ, നാടോടിക്കഥ പോലെ അമ്പരപ്പുളവാക്കുന്ന തന്റെ ജീവിതകഥ അദ്ദേഹം വെളിപ്പെടുത്തി. കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും അവിവാഹിതയുമായ അമ്മ എങ്ങനെ തന്നെ ദത്ത് നല്‍കിയെന്നും തൊഴിലാളികളായ ദത്തുമാതാപിതാക്കള്‍ ദാരിദ്ര്യത്തിന്റെ ചൂടറിയാതെ തന്നെ എങ്ങനെ വളര്‍ത്തിയെന്നും അദ്ദേഹം വിശദമാക്കി. ദത്തുപുത്രന് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ജീവിതത്തിലെ സര്‍വസമ്പാദ്യവും അവരെങ്ങനെ വിനിയോഗിച്ചുവെന്നും പ്രസംഗത്തില്‍ ജോബ്‌സ് ചൂണ്ടിക്കാണിച്ചു.

കോളജില്‍നിന്ന് പുറത്താക്കപ്പെട്ട ജോബ്‌സ് രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ആപ്പിള്‍ സ്ഥാപിച്ചു. മാക്കിന്റോഷ് അവതരിപ്പിച്ചതോടെയാണ് 1984ല്‍ ആപ്പിളും ജോബ്‌സും ജനങ്ങള്‍ക്ക് പ്രിയങ്കരമായത്. കേവലമൊരു മൗസിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ആദ്യ കമ്പ്യൂട്ടറായിരുന്നു മാക്കിന്റോഷ്.ലോകത്ത് വിജയകിരീടം ചൂടിയ ബിസിനസുകാരിലൊരാള്‍ എന്ന നിലയില്‍ മാത്രമല്ല ജോബ്‌സിനെ ലോകം നമിക്കുന്നത്. അസാധാരണായ കണ്ടുപിടിത്തങ്ങളും അദ്ദേഹത്തെ ആരാധനാപാത്രമാക്കി. മാക്കിന്റോഷിനു പുറമെ ഐപാഡും അദ്ദേഹത്തെ സഹായിച്ചു. ജീവിതകഥയും ലോകകാഴ്ചപ്പാടും ഏറ്റവുമൊടുവില്‍ ക്യാന്‍സര്‍ എന്ന മാരകരോഗവും അദ്ദേഹത്തെ ആരാധനമൂര്‍ത്തിയാക്കി വളര്‍ത്തി.

പണമുണ്ടാക്കുകയായിരുന്നില്ല ജോബ്‌സിന്റെ പ്രാഥമിക ലക്ഷ്യം. ഒരാളും ചിന്തിക്കാത്തതും നിരൂപിക്കാത്തതുമായ വസ്തുക്കള്‍ ഉണ്ടാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം.സ്റ്റീവിന്റെ എണ്ണമറ്റ സ്വത്തിലായിരിക്കാം ഇന്ത്യന്‍ ബിസിനസുകാരുടെ കണ്ണുകള്‍ പതിയുന്നത്; അതല്ലാതെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളിലോ ജീവിതശൈലിയിലോ ആയിരിക്കില്ല. അല്ലെങ്കില്‍ത്തന്നെ ഇന്ത്യന്‍ ബിസിനസ് പ്രഭുക്കന്മാര്‍ക്ക് ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തങ്ങളിലായിരുന്നില്ലല്ലോ താല്‍പര്യം. പൊങ്ങച്ചം തുളുമ്പുന്ന ജീവിതശൈലി, ധാരാളിത്തം നിറയുന്ന മക്കള്‍ വിവാഹം, അതിഭീമമായ ചെലവില്‍ നിര്‍മിച്ച വാസകേന്ദ്രങ്ങള്‍ എന്നിവയിലാണ് അവര്‍ക്ക് ഭ്രമം. അത്തരം ബാബേല്‍ ഗോപുരങ്ങള്‍ നിര്‍മിക്കാന്‍ സ്റ്റീവിന് സമയമോ താല്‍പര്യമോ ഉണ്ടായിരുന്നില്ല. ഒടുക്കം വരെ സാധാരണക്കാര്‍ക്കിടയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കളിയും ചിരിയും നിറഞ്ഞ കുട്ടികള്‍ക്കിടയിലെ ആ വാസം ബഹുവിശേഷം തന്നെയായിരുന്നുവെന്നാണ് അദ്ദേഹം തന്നെ പരാമര്‍ശിച്ചിട്ടുള്ളത്. അന്ത്യകാലത്ത് അദ്ദേഹത്തിന്റെ വസതി ജനങ്ങളാല്‍ തിങ്ങിനിറയാതിരിക്കാന്‍ പൊലീസ് സഹായിക്കണമെന്ന് ആപ്പിള്‍ എക്‌സിക്യുട്ടീവുകള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഹിന്ദു, ബുദ്ധമതങ്ങളിലെ ജോബ്‌സിന്റെ ചില ചിന്തകളും വിശ്വാസപ്രമാണങ്ങളും കുട്ടിക്കാലംമുതല്‍ക്കേ തന്നെ മുളയിട്ടിരുന്നു. യൂവാവായിരിക്കെ ആത്മീയ പ്രേരണ നേടാനായി അദ്ദേഹം ഇന്ത്യയിലുടനീളം യാത്രചെയ്തിരുന്നു. എന്നാല്‍ ആത്മീയതയുടെ പേരിലെ കാപട്യങ്ങള്‍ കണ്ട് മനംനൊന്താണ് അദ്ദേഹം മടങ്ങിയത്.നീം കരോളി ബാബയെയായിരുന്നു ജോബ് തേടിയത്. പക്ഷേ അദ്ദേഹമെത്തുംമുമ്പേ ബാബ അന്ത്യയാത്രയായി.ജീവിതത്തില്‍ ഏറ്റവുമധികം പ്രേരണയേകിയത് എന്തെന്ന് ചോദിച്ചപ്പോഴൊക്കെ ബീറ്റില്‍സിനെ ചൂണ്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജനകീയ ടെലിവിഷന്‍ പരിപാടിയായ സിക്സ്റ്റി മിനിറ്റ്‌സില്‍ തന്റെ ബിസിനസ് മോഡല്‍ ബീറ്റില്‍സ് ആണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞു: '' അവര്‍ നാലുപേര്‍, ഓരോരുത്തരുടെയും കുറവുകള്‍ പരസ്പരം നികത്തി. സംഘത്തെ സന്തുലിതമാക്കി. അങ്ങനെ അവര്‍ മഹത്തായൊരു സംഘവുമായി...'' ഇതുപോലെയുള്ള ആശയങ്ങളാണ് വിജയകരങ്ങളായ കോര്‍പറേറ്റ് മന്ദിരങ്ങള്‍ കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സഹായകരമായത്. വാസ്തവത്തില്‍ ആപ്പിള്‍ എന്ന പേരുപോലുമെത്തിയത് ബീറ്റില്‍സില്‍നിന്നായിരുന്നു. ആപ്പിള്‍ റെക്കോഡ്‌സ് ഓഫ് ബീറ്റില്‍സ് എന്ന വരിയായിരുന്നു അതിന്റെ പ്രചോദനം. നെക്സ്റ്റ് കമ്പ്യൂട്ടറും പിക്‌സാര്‍ എന്ന ആനിമേഷന്‍ സ്റ്റുഡിയോയുമൊക്കെ ഉല്‍ഭവിച്ചത് ഇവിടെനിന്നുതന്നെ.

ഇത്രയും ഉന്നത സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയിട്ടും ലളിതമായിരുന്നു സ്റ്റീവിന്റെ ജീവിതം. ഉന്നത സാങ്കേതിക ലോകത്തെ ആശാരിപ്പണിക്കാരനാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവം. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സ്യം മാത്രം കഴിച്ചിരുന്ന സസ്യഭുക്കായിരുന്നു ജോബ്‌സ്. മാംസാഹാരം വര്‍ജിച്ചു. അദ്ദേഹത്തിന്റെ വിവാഹം ആശീര്‍വദിച്ചത് സെന്‍ ബുദ്ധ സന്യാസിയായിരുന്നു.ലോകമെമ്പാടുമുള്ള ജനത, പ്രത്യേകിച്ച് യുവാക്കള്‍ ജോബ്‌സില്‍ കണ്ടതൊക്കെ ആരാധിച്ചു. കോളജില്‍ നിന്ന് പുറത്തായയാള്‍, വീഡിയോഗെയിമുകളില്‍ ജീവിക്കുന്നവന്‍, എല്‍ എല്‍ ഡി കുത്തിവെക്കുന്നത് പതിവാക്കിയിരുന്ന ഹിപ്പി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെങ്കിലും ജോബ്‌സ് പ്രിയങ്കരനായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മികവും. തന്റെ സാങ്കേതിക സംഭാവനകളുടെ പേരില്‍ വൈദ്യുതി വിളക്ക് കണ്ടുപിടിച്ച എഡിസന് സമാനമാണ് സ്റ്റീവ് ജോബ്‌സ്. തത്വചിന്തകനെന്ന നിലയില്‍ ഒരുപക്ഷേ കാള്‍ മാര്‍ക്‌സിനെക്കാള്‍ ജനകീയന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങളുടെ ജീവിതശൈലിയെ സമൂലം സ്വാധീനിച്ച വ്യക്തിയെന്നാവും ജോബ്‌സിനെ ചരിത്രം നോക്കിക്കാണുക. 'ആശയങ്ങളും കൊടിയുമല്ല ലോകം ഭരിക്കുന്നത്. മികച്ച സംഭാവനകളാണ്' എന്ന് ജോബ്‌സിന്റെ വിയോഗത്തെ ഓര്‍ത്ത് ഒരാള്‍ വിലപിച്ചു. ആ വിലാപം വെറും കരച്ചിലല്ല.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം