malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഔഷധക്കമ്പോളത്തിലെ കെണിയും കൊള്ളയും

ഹെന്‍ട്രി ഓസ്റ്റിന്‍
സര്‍ക്കാര്‍ ഡോക്ടര്‍മാരെങ്കിലും മരുന്നുകളുടെ രാസനാമം മാത്രം കുറിക്കുന്ന ശീലം അനുവര്‍ത്തിച്ചാല്‍ നിലവില്‍ വിപണിയിലുള്ള ആയിരക്കണക്കിന് അലോപ്പതി ഔഷധങ്ങളുടെ വില 70 മുതല്‍ 150 ശതമാനം വരെ കുറയും. ചികിത്സകരും മരുന്നു വിപണനക്കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം അവസാനിപ്പിക്കാനും ആരോഗ്യമേഖലയിലെ അധാര്‍മ്മിക പ്രവണതകള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ കാര്യമായി ഇടപെടേണ്ട സമയം കഴിഞ്ഞു.


ലോകത്ത് മുപ്പത്തിമൂവായിരത്തില്‍പരം അറിയപ്പെടുന്ന രോഗങ്ങളുണ്ട്. എല്ലാ വര്‍ഷവും അഞ്ഞൂറില്‍പ്പരം പുതിയ രോഗങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. രോഗവും അതിനെ നിയന്ത്രിക്കുവാനുള്ള മരുന്നുകളും തമ്മിലുള്ള മത്സരം അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആഗോളവ്യാപകമായി സര്‍ക്കാര്‍ മേഖലയെക്കാളുപരി സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് മരുന്നുകള്‍ കണ്ടെത്തുന്നതിനും വിപണനം ചെയ്യുന്നതിനും മുന്‍പന്തിയിലുള്ളത്. അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നു ഗവേഷണത്തിനായി ചെലവഴിക്കുന്ന തുക ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയെക്കാള്‍ വലുതാണ്. ഉദാഹരണത്തിന് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഫൈസര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിനുവേണ്ടി ചെലവഴിക്കുന്ന തുക പ്രതിവര്‍ഷം 60,000 കോടിയില്‍പരം രൂപയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിപണി 45,000 കോടി രൂപയോളമേ വരൂ. ഒരു മരുന്ന് വിപണിയിലെത്തിക്കുവാന്‍ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് 50 മുതല്‍ 150 ദശലക്ഷം ഡോളര്‍വരെ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

15 മുതല്‍ 20 വര്‍ഷം വരെ മൃഗങ്ങളിലും മനുഷ്യരിലും ക്ലിനിക്കല്‍ റിസര്‍ച്ച് നടത്തി മരുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും പാര്‍ശ്വഫലങ്ങളും കണ്ടെത്തിയശേഷമാണ് മരുന്നിന് ഫെഡറല്‍ ഡ്രഗ് ഏജന്‍സിയുടെ അനുമതി ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു കമ്പനി കണ്ടെത്തുന്ന മരുന്നിന് പേറ്റന്റ് സംരക്ഷണം നല്‍കാറുണ്ട്. ഒരു മരുന്ന് വികസിപ്പിക്കുവാന്‍ വേണ്ടിവരുന്ന ചെലവുകള്‍ മുതലാക്കാന്‍വേണ്ടി 20 വര്‍ഷത്തേക്ക് അവര്‍ക്കുമാത്രം ആ മരുന്ന് വിപണനം ചെയ്യുവാനുള്ള അവകാശമാണ് വികസിത രാജ്യങ്ങളില്‍ നല്‍കപ്പെടുന്നത്. ഇന്ത്യയില്‍ പേറ്റന്റ് സംരക്ഷണം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ റിവേഴ്‌സ് എന്‍ജിനീയറിങ്ങ് എന്ന ഓമന പേരില്‍, മരുന്ന് ഉല്പാദിപ്പിക്കുന്ന രീതിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ആഗോള ഭീമന്മാര്‍ ഇറക്കിയിരുന്ന മരുന്നുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. മാനുഫാക്ചറിംഗ് രീതി വ്യത്യസ്തമാണെന്ന് സ്ഥാപിച്ചുകൊണ്ട് പ്രോസസ് പേറ്റന്റുകള്‍ നേടിക്കൊണ്ടായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ ഇത് സാധിച്ചിരുന്നത്. റിസര്‍ച്ചിനുവേണ്ടി പണച്ചെലവില്ലാതിരുന്നതിനാല്‍ ഇന്ത്യന്‍ മരുന്നുകളുടെ വില വളരെ കുറവുമായിരുന്നു. ആഗോളതലത്തില്‍ത്തന്നെ ഏറ്റവും ചെലവു കുറച്ച് മരുന്ന് ഉണ്ടാക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ആഫ്രിക്കയ്ക്കുവേണ്ടി എയ്ഡ്‌സ് രോഗത്തിനുള്ള കിറ്റുകള്‍ വിതരണം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ 20 ഡോളറിന് കൊടുക്കാമെന്നേറ്റ മരുന്നുകള്‍ ഇന്ത്യന്‍ കമ്പനിയായ സിപ്ല രണ്ട് ഡോളറിന് സപ്ലൈ ചെയ്യാമെന്നേറ്റപ്പോള്‍ അമേരിക്കന്‍ സെനറ്റില്‍വരെ ഈ വിലക്കുറവ് ചര്‍ച്ചാവിഷയമായി.

ഇന്ത്യ പേറ്റന്റ് നിയമം അംഗീകരിച്ചതോടുകൂടി 2005നുശേഷം കണ്ടുപിടിക്കപ്പെട്ട മരുന്നുകള്‍ക്ക് പ്രോസസ് പേറ്റന്റുകള്‍വഴി ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കാതെവരുന്നു. വരുംകാലങ്ങളില്‍ മറ്റ് വികസിത രാജ്യങ്ങളെപ്പോലെതന്നെ ഇന്ത്യയിലും പേറ്റന്റുള്ള കമ്പനിക്ക് മാത്രമേ ആ മരുന്ന് വിപണിയില്‍ ഇറക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ കമ്പനി പറയുന്ന വിലയ്ക്ക് രോഗി മരുന്ന് വാങ്ങിക്കേണ്ടിവരും. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മരുന്ന് ബ്രാന്‍ഡായ 'ലിപ്പിറ്റോര്‍' എന്ന കൊളസ്‌ട്രോളിനുവേണ്ടിയുള്ള, 'അറ്റോര്‍വാസ്റ്റാറ്റിന്‍' എന്ന ജനറിക് നാമത്തില്‍ അറിയപ്പെടുന്ന മരുന്ന് ഒരു ഗുളികയ്ക്ക് രണ്ട് ഡോളര്‍ (90 രൂപ) എന്ന നിരക്കിലാണ് ഫൈസര്‍ കമ്പനി വിദേശങ്ങളില്‍ വിറ്റുവരുന്നത്. ഇന്ത്യയില്‍ ഇതേ മരുന്ന് ഒരു ഗുളികയ്ക്ക് 2 രൂപ നിരക്കില്‍ ലഭ്യമാണ്. പേറ്റന്റ് റെജീമിലേക്ക് ഇന്ത്യയും കടന്നുവരുന്നതോടുകൂടി വിലയിലുള്ള അന്തരം ഇന്ത്യയിലെ രോഗികളും നല്‍കേണ്ടിവരും.ഒരു മരുന്ന് എന്നുപറഞ്ഞാല്‍ ഒന്നോ അതിലധികം ചെറുകണികകളുടെ (മോളിക്യൂള്‍സ്) മിശ്രണമാകാം. ഓരോ മരുന്നിനും ഒരു 'ജനറിക് നാമം' അഥവാ അറിയപ്പെടുന്ന ഒരു കെമിക്കല്‍ നാമം ഉണ്ടാകും. ഒരേ മരുന്നുതന്നെ വ്യത്യസ്ത കമ്പനികള്‍ വെവ്വേറെ വ്യാപാര നാമങ്ങളില്‍ വിപണിയില്‍ എത്തിക്കാറുണ്ട്. ഇത്തരം മരുന്നുകള്‍ക്ക് കമ്പനിയുടെ ബ്രാന്‍ഡ് നെയിം നല്‍കാറുണ്ട്. ഉദാഹരണത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആന്റി ബയോട്ടിക്കായ അമോക്‌സിസിലിന്‍ എന്ന ജനറിക് നാമമുള്ള ആന്റിബയോട്ടിക്കിന് വിപണിയില്‍ 500ല്‍പരം ബ്രാന്‍ഡുകള്‍ ഉണ്ട്. പ്രശസ്ത കമ്പനികളുടെ വിവിധ ബ്രാന്‍ഡുകളാണ് ഐമോക്‌സ്, അമോക്‌സ്, വാര്‍സിലിന്‍ തുടങ്ങിയവ. വ്യത്യസ്ത ബ്രാന്‍ഡുകള്‍ പലനിരക്കുകളിലാണ് വിപണിയില്‍ കമ്പനികള്‍ എത്തിക്കുന്നത്. അതായത് ഒരേ മരുന്ന് വ്യത്യസ്ത പേരുകളില്‍ വിപണിയില്‍ ഇറങ്ങുന്നു. മരുന്നുകള്‍ കുറിക്കുന്ന ഡോക്ടറാണ് ഏത് ബ്രാന്‍ഡ് രോഗി വാങ്ങിക്കണമെന്ന് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ മരുന്നുകമ്പനികളുടെ കസ്റ്റമര്‍ രോഗിയല്ല, മറിച്ച് ഡോക്ടറാണ്.

ഡോക്ടര്‍ക്ക് താല്‍പര്യമുള്ള കമ്പനിയുടെ ബ്രാന്‍ഡ് കുറിക്കുന്നതിന് കമ്പനികള്‍ ഡോക്ടറെ സ്വാധീനിക്കാറുണ്ട്. മെഡിക്കല്‍ റെപ്രസന്റേറ്റീവ്‌സുവഴി നിരന്തരം സന്ദര്‍ശിക്കുകയും സാംപിളുകള്‍ നല്‍കുകയും മെഡിക്കല്‍ ലിറ്ററേച്ചറുകളും, ചെറിയ കോംപ്ലിമെന്റുകളും നല്‍കുകയുമെല്ലാം പതിവുള്ളതാണ്. വിപണിയിലുള്ള കടുത്ത മത്സരം അതിജീവിക്കുവാന്‍ കമ്പനികള്‍ ഡോക്ടര്‍മാരെ സ്വാധീനിക്കുവാന്‍വേണ്ടി 'ഡീലുകള്‍' വയ്ക്കാന്‍ തുടങ്ങിയത് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലാണ്. തങ്ങളുടെ മരുന്നുകള്‍ മാത്രം എഴുതാന്‍ ചെറിയ പാരിതോഷികങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍, കാറുകള്‍ വരെ നല്‍കുന്ന പതിവുണ്ട്. പാരിതോഷികങ്ങള്‍ നല്‍കാന്‍ മരുന്നിന്റെ എം.ആര്‍.പി. കൂട്ടിവച്ചുകൊണ്ട് അതിന്റെ ലാഭത്തിന്റെ ഒരു വിഹിതമാണ് ഡോക്ടര്‍ക്ക് പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വിപണിയിലുള്ളപ്പോഴും തങ്ങള്‍ക്ക് താല്‍പര്യമുള്ള കമ്പനിയുടെ വിലയേറിയ ബ്രാന്‍ഡുകള്‍ ഡോക്ടര്‍മാര്‍ കുറിക്കുന്നതു. പലപ്പോഴും മിക്ക കമ്പനികള്‍ക്കും മരുന്ന് ഉണ്ടാക്കി കൊടുക്കുന്നത് ഒരേ മാനുഫാക്ചറര്‍ തന്നെയായിരിക്കും. തമിഴ്‌നാട്ടിലും ഗുജറാത്തിലും ഉത്തരാഞ്ചലിലും ഇത്തരത്തില്‍ മരുന്ന് നിര്‍മ്മിച്ചുകൊടുക്കുന്ന കോണ്‍ട്രാക്ട് മാനുഫാക്ചറര്‍മാര്‍ അനവധിയുണ്ട്. ഇവയില്‍ പലതും കര്‍ശന ഗുണനിലവാരം പുലര്‍ത്തിക്കൊണ്ട് മരുന്നുകള്‍ ഉണ്ടാക്കുന്നവയുമാണ്. ക്വാളിറ്റി കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേഷനുകളായ ഡബ്ല്യൂ.എച്ച്.ഒ, ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകളുള്ള ഫാക്ടറികളാണ് ഇവയില്‍ മിക്കതും.

കൂട്ടത്തില്‍ യാതൊരു ക്വാളിറ്റി നിയന്ത്രണങ്ങളുമില്ലാത്ത ചെറുകിട ഫാക്ടറികളും ഇവിടങ്ങളിലുണ്ട്. ഇന്ത്യയിലെ പ്രമുഖരായ മിക്ക കമ്പനികളും തങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് കോണ്‍ട്രാക്ട് മാനുഫാക്ചറിംഗിലൂടെയാണ് മരുന്നുകള്‍ നിര്‍മ്മിച്ച് സ്വന്തം ബ്രാന്‍ഡ് നെയിമില്‍ വിപണിയില്‍ എത്തിക്കുന്നത്. ചുരുക്കത്തില്‍ പല കമ്പനികളും മാര്‍ക്കറ്റിങ്ങ് മാത്രമാണ് നടത്തുന്നത്. തങ്ങളുടെ ബ്രാന്‍ഡുകള്‍ വിപണിയില്‍ മുന്‍പന്തിയിലെത്താന്‍ ഡോക്ടര്‍മാരെ സ്വാധീനിക്കുക മാത്രമാണ് മിക്ക കമ്പനികളുടെ പ്രധാന പണി. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരും കമ്പനികളും തമ്മില്‍ പല അവിശുദ്ധ ഇടപാടുകളും നടക്കുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി രോഗികള്‍ ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് കഴിക്കേണ്ടിവരികയും ആവശ്യത്തില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ആരോഗ്യരംഗത്ത് മുടക്കുന്ന ഓരോ രൂപയും നികുതിദായകന്റെ പണമായതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ കമ്പനികളുടെ ബ്രാന്‍ഡുകള്‍ എഴുതുന്നതും അത്തരം ബ്രാന്‍ഡുകള്‍ സര്‍ക്കാര്‍ വാങ്ങിച്ച് വിപണനം ചെയ്യുന്നതും നികുതിദായകനോടുകാണിക്കുന്ന കടുത്ത അനീതിയാണ്. കമ്പനികളും ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ഏറ്റവും പ്രകടമാകുന്നത് സര്‍ക്കാര്‍ മേഖലയില്‍ത്തന്നെയാണ്. ഡോക്ടര്‍മാര്‍ എഴുതുന്ന ബ്രാന്‍ഡുകള്‍ മെഡിസിന്‍ കോര്‍പ്പറേഷന്‍ വഴിയും നീതി സ്‌റ്റോറുകള്‍ വഴിയുമാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങി വിപണനം ചെയ്യുന്നത്. നിലവില്‍ കമ്പനികളില്‍നിന്ന് നേരിട്ട് ക്വട്ടേഷനുകള്‍ സ്വീകരിച്ചുകൊണ്ട് ബ്രാന്‍ഡുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങിച്ച് വിപണനം ചെയ്യുന്നതാണ് കേരളത്തിലെ രീതി. പക്ഷേ നീതി സ്‌റ്റോറുകളിലും മെഡിസിന്‍ കോര്‍പ്പറേഷനും നേരിട്ട് കമ്പനികള്‍ മരുന്ന് സപ്ലൈ ചെയ്യുന്നത് മെഡിക്കല്‍ സ്‌റ്റോറുകളുടെയും വിതരണക്കാരുടെയും അസ്സോസിയേഷനായ ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന്‍ (എ.കെ.സി.ഡി.എ.) പല രീതിയില്‍ തടയിടാറുണ്ട്. നേരിട്ട് സപ്ലൈ ചെയ്യുന്ന കമ്പനികളെ കരിംപട്ടികയില്‍ പെടുത്തി ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അത്തരം കമ്പനികളുടെ മരുന്നുകള്‍ വാങ്ങുന്നതില്‍നിന്ന് തടയുക ചിലയവസരങ്ങളില്‍ കമ്പനികളെ പിഴയടിക്കുക മുതലായ നടപടികള്‍ എ.കെ.സി.ഡി.എ. കൈക്കൊണ്ടിട്ടുണ്ട്.

എ.കെ.സി.ഡി.എ. ഇത്തരത്തില്‍ കടുത്ത നിലപാടുകള്‍ എടുക്കുന്നതുകൊണ്ട് കമ്പനികളും നേരിട്ട് മെഡിസിന്‍ കോര്‍പ്പറേഷനോ നീതി സ്‌റ്റോറുകള്‍ക്കോ മരുന്നുകള്‍ നല്‍കാറില്ല. കമ്പനികളുടെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍നിന്ന് മരുന്ന് ബ്രാന്‍ഡുകള്‍ വാങ്ങിക്കേണ്ട അവസ്ഥയിലാണ് പലപ്പോഴും നീതി സ്‌റ്റോറുകള്‍. ഇൗ രീതിക്ക് കാതലായ മാറ്റം വരണമെങ്കില്‍ മരുന്നു വ്യാപാരത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ത്തന്നെ ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാകേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഒരേ മരുന്നിന്റെതന്നെ വിവിധ ബ്രാന്‍ഡുകള്‍ കുറിക്കുന്നതുകൊണ്ടാണ് മെഡിസിന്‍ കോര്‍പ്പറേഷനും നീതി സ്‌റ്റോറുകള്‍ക്കുമെല്ലാം വിവിധതരം ബ്രാന്‍ഡുകള്‍ വാങ്ങിക്കേണ്ടിവരുന്നത്. കമ്പനികള്‍ പല എം.ആര്‍.പി.കളില്‍ വില്‍ക്കുന്ന ഒരേ മരുന്നുതന്നെ ഇത്തരത്തില്‍ സര്‍ക്കാരിന് വാങ്ങിക്കേണ്ടിവരാറുണ്ട്. സ്വകാര്യമേഖലയിലെ ആശുപത്രികളെയും ഡോക്ടര്‍മാരെയും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് കുറേ പരിമിതികളുണ്ടെങ്കിലും നികുതിദായകന്റെ പണംകൊണ്ട് ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് തീര്‍ച്ചയായും കഴിയും. ഒരു മരുന്നിന്റെ ജനറിക് നാമം മാത്രം സര്‍ക്കാര്‍ ഡോക്ടര്‍ പ്രിസ്‌ക്രൈബ് ചെയ്താല്‍ വിവിധ ബ്രാന്‍ഡുകള്‍ സ്‌റ്റോക്ക് ചെയ്യുന്ന ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ സംവിധാനം മുക്തമാകും.
ജനറിക് നാമമെന്നു പറഞ്ഞാല്‍ നേരത്തേ സൂചിപ്പിച്ചപോലെ ഒരു മരുന്നിന്റെ സര്‍വധാ അറിയപ്പെടുന്ന കെമിക്കല്‍ ഫോര്‍മുലയുടെ നാമമാണ്.

ഉദാഹരണത്തിന് ആന്റിബയോട്ടിക്കുകളായ അമോക്‌സിസിലില്‍, അസിത്രോമൈസിന്‍, സെഫോടാക്‌സിം, അമിക്കെസിന്‍, പ്രമേഹരോഗത്തിനുപയോഗിക്കുന്ന ഗ്ലൈക്ലാസൈഡ്, ഗ്ലിമിപ്രൈഡ്, മെറ്റ്‌ഫോര്‍മിന്‍ തുടങ്ങി ആയിരക്കണക്കിന് ജനറിക് മരുന്നുകളാണ് വിപണിയിലുള്ളത്. ഇത്തരത്തിലുള്ള ഓരോ മരുന്നിനും നൂറുകണക്കിന് കമ്പനികളുടെ ആയിരക്കണക്കിന് ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. ബ്രാന്‍ഡുകള്‍ കുറിക്കാതെ മരുന്നിന്റെ ജനറിക് നാമം മാത്രം ഡോക്ടര്‍ കുറിച്ചാല്‍ ജനറിക് മരുന്നുകള്‍ മാത്രം സര്‍ക്കാര്‍ സ്‌റ്റോക്ക് ചെയ്യുകയും ചെയ്താല്‍ രോഗികള്‍ മരുന്നിന് കൊടുക്കുന്ന വിലയില്‍ 70 ശതമാനം മുതല്‍ 150 ശതമാനംവരെ കുറവുണ്ടാകും. ജനറിക് പ്രിസ്‌ക്രിപ്ഷനിലേക്ക് മാറിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ മെഡിസിന്‍ കോര്‍പ്പറേഷനും നീതി സ്‌റ്റോറുകള്‍ക്കും അനേകം ബ്രാന്‍ഡുകളുടെ ഇന്‍വെന്ററി സൂക്ഷിക്കുന്നതിനുള്ള ബാദ്ധ്യത ഇല്ലാതാവുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം വരുമ്പോള്‍ ഡോക്ടര്‍മാര്‍ പതിവായി പറയാറുള്ളത് ജനറിക് മരുന്നുകള്‍ക്ക് ക്വാളിറ്റിയില്ല എന്നുള്ളതാണ്. മുമ്പ് പറഞ്ഞതുപോലെ പ്രമുഖരായ ഇന്ത്യന്‍ കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും ഇന്ന് അവരുടെ ബ്രാന്‍ഡുകള്‍ സ്വന്തമായി ഉണ്ടാക്കാറില്ല. മറിച്ച് കോണ്‍ട്രാക്ട് മാനുഫാക്ചറിംഗിലൂടെ വ്യത്യസ്ത ഫാക്ടറികളില്‍നിന്ന് അവര്‍ നിഷ്‌കര്‍ഷിക്കുന്ന ക്വാളിറ്റിയില്‍ മരുന്ന് ഉല്പാദിപ്പിച്ച് വിപണനം ചെയ്യുകയാണ് പതിവ്. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നീതി സ്‌റ്റോറുകള്‍ വഴിയും മെഡിസിന്‍ കോര്‍പ്പറേഷന്‍ വഴിയും വാങ്ങി വിറ്റ മരുന്നുകളുടെ ഒരു പര്‍ച്ചേസ് ഓഡിറ്റ് നടത്തിയാല്‍ ശരാശരി പ്രതിവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മരുന്നുകളുടെ പട്ടിക നിര്‍ണയിക്കാവുന്നതാണ്.

പട്ടികയിലുള്ള മരുന്നുകള്‍ മെഡിസിന്‍ കോര്‍പ്പറേഷന് ഡബ്ല്യൂ.എച്ച്.ഒ, ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകളുള്ള ഗുണമേന്മയോടുകൂടി ഉല്പാദിപ്പിക്കുന്ന ഫാക്ടറികളില്‍നിന്ന് ക്വട്ടേഷന്‍ സ്വീകരിച്ചുകൊണ്ട് നേരിട്ട് ഉല്‍പാദിപ്പിച്ച് നീതി സ്‌റ്റോറുകളും ഗവണ്‍മെന്റ് ഫാര്‍മസികളുംവഴി വിപണിയില്‍ എത്തിക്കാവുന്നതാണ്. കര്‍ശന ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഈ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാനാകും. ഇത്തരത്തില്‍ രോഗികള്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ക്കുവേണ്ടി ചെലവാക്കുന്ന അധിക പണം അവര്‍ക്ക് ലാഭിക്കാനാകുകയും സര്‍ക്കാരിന് ഗുണമേന്മയുള്ള മരുന്നുകള്‍ ഉറപ്പുവരുത്തുകയും ചെയ്യാം. സര്‍ക്കാര്‍ ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് പരിഹാരം കണ്ടെത്താനും സാധിക്കും.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം