malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

സാരസ്വതപൂജ

ഇ.വി ശ്രീധരന്‍
സരസ്വതീപൂജ മനുഷ്യനെ നവീകരിക്കാനും നവശക്തി പകരാനുമുള്ള അര്‍ച്ചനയാണ്


ഇന്ന് മഹാനവമിയാണ്. വിദ്യാദേവതയായ ശ്രീ ശാരദാംബികയുടെ വിജയോത്സവം. നവരാത്രി കഴിഞ്ഞു. മൂന്ന് ഭാവങ്ങളിലൂടെ ഒമ്പത് രാത്രികള്‍കൊണ്ട് ദേവി ശത്രുക്കളെ ജയിക്കുകയായിരുന്നു-മഹാലക്ഷ്മിയായും മഹാസരസ്വതിയായും മഹാകാളിയായും. ഈ ഭാവങ്ങള്‍ വൈഷ്ണവമോ ശൈശവമോ അല്ല. ശാക്തേയമാണ്. ശാക്തേയ സ്വരൂപത്തിലാണ് ദേവി. ഈശ്വരചൈതന്യം ശക്തിസ്വരൂപിണിയായിത്തീരുക. ഈശ്വരചൈതന്യത്തിന് ഇങ്ങനെയൊരു രൂപഭാവങ്ങള്‍ ഭാരതത്തില്‍ മാത്രമേയുള്ളൂ. ഭാരതത്തിലെ ഈ ദേവീസങ്കല്‍പത്തിന് അനേകം ഭാവങ്ങളുണ്ട് - ദുര്‍ഗ, ചാമുണ്ഡി, കണ്ണകി, ഭുവനേശ്വരി, കാളി, സരസ്വതി. ദേവിയുടെ സരസ്വതീഭാവത്തിന്റെ വിജയോത്സവമാണിന്ന്. ഈ വിജയോത്സവത്തിലെ നക്ഷത്രങ്ങള്‍ കുഞ്ഞുങ്ങളാണ്.
അരിയില്‍ വിരലുകള്‍കൊണ്ട് ഹരി എന്നെഴുതിയും ഗുരുവിന്റെ മോതിരത്തില്‍ നിന്ന് നാവില്‍ അക്ഷരങ്ങള്‍ ഏറ്റുവാങ്ങിയും ജീവിതത്തിന്റെ വെളിച്ചത്തിലേക്കും സൗന്ദര്യത്തിലേക്കും കടന്നുവരാനുള്ളസമ്മതിപത്രം സരസ്വതിയില്‍ നിന്ന് സമ്പാദിക്കുകയാണ് കുഞ്ഞുങ്ങള്‍. അക്ഷരപ്രപഞ്ചത്തിലൂടെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കടന്നുവരാന്‍ വെമ്പുന്ന ശിശുക്കളുടെ ഉത്സവം കൂടിയാണ് ഈ വിജയദശമിയില്‍ നടക്കുന്നത്. അക്ഷരപ്രപഞ്ചം അതിന് പുതിയ ആരാധകരെ തേടുകയാണ്. സംഗീതപ്രപഞ്ചം അതിന് പുതിയ നാദോപാസകരെ തേടുകയാണ്. കലകളെല്ലാം സരസ്വതീസമക്ഷം ഉണര്‍ന്നെത്തുകയാണ്. പൂക്കളെല്ലാം താമരപ്പൂ സരസ്വതി സവിധത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. സ്വരരാഗങ്ങളെല്ലാം സരസ്വതീ ദേവിയുടെ മഹാവീണയുടെ മുമ്പില്‍ നമിക്കുകയാണ്. വിജയദശമി വിദ്യയുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ഉത്സവം. ഇത് വിദ്യയുടെയും സംസ്‌കൃതിയുടെയും വിജയദശമി.

എന്നാല്‍ നന്മയുടെ ആചാരങ്ങള്‍ അറ്റുവീഴുന്നു. നന്മയുടെ സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോകുന്നു. കുഞ്ഞുങ്ങള്‍ക്ക് അക്ഷരമുറ്റത്ത് ഉടുക്കാനുള്ള പട്ടുകോണകങ്ങള്‍ നഷ്ടപ്പെടുന്നു. ഗുരുവിന്റെ വിരലില്‍ നിന്ന് അക്ഷരം നാവില്‍ കുറിച്ചുവാങ്ങാന്‍ എത്തുന്ന കുഞ്ഞുങ്ങളില്‍ പാവുമുണ്ടുകള്‍ പ്രകാശിക്കുന്നില്ല. അരിയും വിരലും നാവും മോതിരവും അക്ഷരങ്ങളും പരസ്യത്തിനുപയോഗിക്കുകയാണ് ലാഭം മാത്രം കൊതിക്കുന്ന സ്ഥാപനങ്ങള്‍. അക്ഷരബ്രഹ്മം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. കുഞ്ഞുങ്ങളെ വിദ്യയുടെ യന്ത്രങ്ങളാക്കിമാറ്റുന്നു. അക്ഷരം തേടുന്ന കുഞ്ഞുങ്ങളെ നമ്മുടെ കാലം വാനുകളില്‍ കയറ്റിക്കൊണ്ടുപോയി പാര്‍വതി പുത്തനാറുകളില്‍ മുക്കിക്കൊല്ലുകയാണ്. നമ്മള്‍ അക്ഷരബ്രഹ്മത്തിന്റെ കഴുത്തറക്കുകയാണ്. ദൈവങ്ങളായ കുഞ്ഞുങ്ങളെ കൊല്ലുകയാണ്.അക്ഷരവിദ്യയുടെ വെളിച്ചം നമുക്കിന്നാവശ്യമില്ല. ഈ വെളിച്ചം മനസ്സില്‍നിന്നെങ്ങോ പറന്നുപോയി. 'പൂജ'വെയ്പ്പിനെ നമ്മുടെ കാലത്തിന്റെ ക്രൂരമായ പ്രായോഗികവിചാരം മതവല്‍ക്കരിച്ച് മതത്തിന്റെ ശക്തിയാക്കി മാറ്റുന്നു. ഒരു കാലം വരും. ആ കാലം നമ്മുടെ മനസ്സില്‍ അണിഞ്ഞൊരുങ്ങുകയാണ്. ആയുധങ്ങള്‍ മാത്രം പൂജിക്കുന്നകാലം. പരസ്പരം കൊല്ലാനുള്ള ആയുധങ്ങള്‍ പൂജിക്കുന്ന കാലം. അക്ഷരബ്രഹ്മത്തിന്റെ വെളിച്ചം മായ്ച്ചുകൊണ്ട് ആയുധബ്രഹ്മത്തിന്റെ ഇരുട്ട് ഒഴുകിയെത്തുകയാണ് നമ്മുടെ മനസ്സിലേക്ക്. ഇരുട്ട് നിറയുന്ന മനസ്സിനോടുള്ള സരസ്വതിയുടെ യുദ്ധത്തിന്റെ പവിത്രമായ വിജയമാഘോഷിക്കുകയാണിന്ന്. മനസ്സിനെ പൂജിക്കുകയെന്ന ആഘോഷം. ഈ പുജ മനുഷ്യന് നവചേതന സ്വപ്നം കാണുന്നു. സരസ്വതീപൂജ മനുഷ്യനെ നവീകരിക്കാനും നവശക്തി പകരാനുമുള്ള പൂജയാണ്.

അക്ഷരബ്രഹ്മത്തിന്റെ വെളിച്ചംകൊണ്ട് മനുഷ്യനെ നവീകരിക്കാന്‍ വേണ്ടി കേരളത്തില്‍ ഭൂജാതനായ ഒരു ലോകഗുരുവാണ് ശ്രീനാരായണന്‍. ഇക്കൊല്ലത്തെ വിജയദശമിയും ശിവഗിരിയിലെ ശ്രീ ശാരദാമഠവും നാരായണഗുരുവിന്റെ മനുഷ്യസങ്കല്‍പത്തിലേക്ക് മനസ്സ് ചേര്‍ത്തുവെക്കാന്‍ മനുഷ്യരാശിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പില്‍ക്കാലത്ത് ഗുരുദേവ സന്ദേശങ്ങളുടെ തലസ്ഥാനമായിത്തീര്‍ന്ന ശിവഗിരിയില്‍ ഗുരുദേവന്‍ സ്ഥാപിച്ച ശ്രീ ശാരദാ പ്രതിഷ്ഠയുടെ ശതാബ്ദിയാഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഇക്കൊല്ലത്തെ വിജയദശമിക്ക് കഴിയുന്നു. 1087 മേടം 18 ചൊവ്വാഴ്ച പുലര്‍കാലത്ത് ചിത്രാപൗര്‍ണ്ണമി നാളിലാണ് വിദ്യാദേവതയായ ശാരദാദേവിയെ ഗുരു ശിവഗിരിയില്‍ പ്രതിഷ്ഠിച്ചത്. 'വിദ്യകൊണ്ട് സ്വതന്ത്രരാവുക' എന്ന ഗുരുദേവ സന്ദേശത്തിന് പ്രതീകാത്മക മാഹാത്മ്യമാണ് ശാരദാപ്രതിഷ്ഠ. ഇവിടെ നടക്കുന്ന നവരാത്രി ആഘോഷങ്ങളും വിജയദശമിയുമൊക്കെ മനുഷ്യനെ നവീകരിച്ച് വെളിച്ചത്തിലേക്ക് നയിക്കാനുള്ള ധ്യാനങ്ങളാണ്. ചെന്താമരയില്‍ നിവസിക്കുന്ന ശിവഗിരിയിലെ ശാരദാദേവിയില്‍ നിന്ന് വിദ്യയുടെയും സംസ്‌കാരത്തിന്റെയും മാനവീയതയുടെയും വെളിച്ചം പ്രസരിക്കട്ടെയെന്ന് ഗുരുദേവന്‍ ആശിച്ചു. പാവങ്ങള്‍ക്ക് ഒരു ജ്യോതിര്‍മയമായ ലോകം സരസ്വതിയിലൂടെ തുറന്നുകിട്ടട്ടെ എന്ന് ഗുരുദേവന്‍ ആശിച്ചു. ശാരദാദേവിയെ ഗുരുദേവന്‍ മനുഷ്യവംശത്തിന്റെ അമ്മയായികണ്ടു. ശിവഗിരിയില്‍ വരുന്ന ഭക്തജനങ്ങളോട് ചിലപ്പോഴൊക്കെ ശാരദാമഠത്തിലേക്ക് നോക്കിക്കൊണ്ട് ഗുരുദേവന്‍ ചോദിക്കുമായിരുന്നുപോലും 'നമ്മുടെ അമ്മയെ കണ്ടില്ലേ' എന്ന്.

നാരായണഗുരു എണ്‍പതിലധികം ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ്. കണ്ണാടിയും ദീപവും അക്ഷരങ്ങളുമൊക്കെ പ്രതിഷ്ഠകളായിത്തീര്‍ന്നു. ഗുരുവിന്റെ രണ്ട് വ്യത്യസ്തമായ പ്രതിഷ്ഠകളാണ് അരുവിപ്പുറത്തെ ശിവനും ശിവഗിരിയിലെ ശാരദയും. ശാരദാപ്രതിഷ്ഠ നടത്തുമ്പോള്‍ താന്ത്രികവിധി പ്രകാരമുള്ള പൂജാസംവിധാനങ്ങള്‍ ഗുരു ഒഴിവാക്കുകയായിരുന്നു. ഈ ക്ഷേത്രത്തില്‍ നിവേദ്യമോ ഉത്സവമോ മറ്റേതെങ്കിലും ചടങ്ങുകളോ ഇല്ല. ഭക്തന്മാര്‍ക്ക് സ്‌തോത്രം ചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള സംവിധാനം മാത്രമാണുള്ളത്. ദേവിയുടെയും പ്രാര്‍ത്ഥനാ നിര്‍ഭരരായി നില്‍ക്കുന്ന മനുഷ്യരുടെയും ഇടയില്‍ ഒരു പൂജാരിപോലുമില്ല. ദേവിയെ പ്രധാന പ്രതിഷ്ഠയാക്കിക്കൊണ്ടുള്ള ഒരു ആരാധനാക്ഷേത്രം അരുവിപ്പുറത്തുനിന്ന് പോരുമ്പോഴേ ഗുരുവിന്റെ മനസ്സിലുണ്ടായിരുന്നതാണ്. മറ്റ് പ്രതിഷ്ഠകളെല്ലാം ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം സ്ഥാപിച്ചുകൊടുത്തതാണ്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും ഗുരുദേവന്റെ ആത്മാവിഷ്‌കാരം തന്നെയാകുന്നു. ഗുരുദേവ സന്ദേശങ്ങള്‍ ഈ രണ്ട് പ്രതിഷ്ഠകള്‍ക്കകത്തും കുടിയിരിക്കുന്നുണ്ട്. സകല മനുഷ്യര്‍ക്കും 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ' വന്ന് പ്രാര്‍ത്ഥിക്കാവുന്ന ഒരിടം. ആ പ്രാര്‍ത്ഥന വിദ്യാസ്വരൂപിണിയുടെ മുമ്പിലാവുമ്പോള്‍ അതൊരു പുതിയ സംസ്‌കാരമായിത്തീരുന്നു. ഈ അര്‍ത്ഥത്തില്‍ ശാരദാക്ഷേത്രം ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. സംസ്‌കാരത്തിന് വിത്തിടുന്ന പുണ്യക്ഷേത്രമാണ്. ഈ വിത്തിടല്‍ കര്‍മ്മം വിജയദശമി നാളില്‍ ഇവിടെ നടക്കുന്നു. പ്രകൃതിയാണ് ഗുരുദേവനെ ശിവഗിരിയിലേക്ക് ക്ഷണിച്ചത്. പ്രകൃതിയുടെ സൗന്ദര്യവും ദൈവികതയും കണ്ടെത്താനുള്ള ഒരു പ്രത്യേക മനസ്സ് ഗുരുദേവനുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള എല്ലാ സംശയങ്ങളും ചോദ്യങ്ങളും ഗുരുദേവന്‍ ആദ്യം പ്രകടിപ്പിച്ചത് പ്രകൃതിയോടാണ്. വിശുദ്ധവും സുന്ദരവുമായ പ്രകൃതിക്കകത്താണ് ക്ഷേത്രങ്ങള്‍ പണിയേണ്ടതെന്ന് ഗുരുദേവന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കാനും പ്രകൃതിയിലൂടെ മനുഷ്യനെ കണ്ടെത്താനും ഗുരുദേവന് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിമനോഹരങ്ങളായ പ്രദേശങ്ങള്‍ കണ്ടെത്താന്‍ ഏതോ അന്തര്‍ദൃഷ്ടിയാല്‍ അനുഗൃഹീതനായിരുന്നു നാരായണഗുരുവെന്ന് മഹാകവി ഉള്ളൂര്‍ തന്റെ മലയാള സാഹിത്യചരിത്രത്തില്‍ എഴുതിയിട്ടുണ്ട്.

ശാരദാ പ്രതിഷ്ഠയിലൂടെ ക്ഷേത്രസങ്കല്‍പത്തിനും ആരാധനാക്രമത്തിനും ഒരു പുതിയമുഖം ഗുരുദേവന്‍ നല്‍കുകയായിരുന്നു. കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരാന്‍ പാകത്തില്‍ നിര്‍മ്മിച്ച ഒരു അഷ്ടകോണ്‍ മണ്ഡപമാണ് ശാരദാക്ഷേത്രം. ഇത്രയും മനോഹരവും എന്നാല്‍ ലളിതവുമായ മറ്റൊരു ക്ഷേത്രം ഇന്ത്യയില്‍ എവിടെയുമില്ല. അഷ്ടകോണ്‍ മണ്ഡപത്തിലും ശാരദാ പ്രതിഷ്ഠയിലും ഗുരുദേവന്‍ ഏറെ സന്തുഷ്ടനായിരുന്നു. ക്ഷേത്രങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ശാരദാ പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ ഗുരുദേവന്‍ മൂര്‍ക്കോത്ത് കുമാരനോട് പറഞ്ഞു. 'പഴയ സമ്പ്രദായത്തില്‍ പണം ചെലവഴിച്ച് ചെയ്തുണ്ടാക്കേണ്ട കാര്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് സുഖത്തില്‍ വന്നിരിക്കാനും പ്രസംഗിക്കാനും മറ്റും ഏര്‍പ്പാടുകളുള്ള വിശാലമായ മുറികളാണ് വേണ്ടത്. ക്ഷേത്രങ്ങളോട് സംബന്ധിച്ച് വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും ക്ഷേത്രത്തോട് സംബന്ധിച്ച് ഉണ്ടായിരിക്കേണ്ടതാണ്. ജനങ്ങളില്‍ നിന്ന് വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന പണം സാധുക്കളായ ജനങ്ങള്‍ക്കുതന്നെ പ്രയോജനകരമായ വിധത്തില്‍ ചെലവഴിക്കുകയാണ് വേണ്ടത.ക്ഷേത്രങ്ങളെ നാരായണഗുരു വിഭാവനം ചെയ്തത് ആരാധനാലയമായും ധ്യാനാലയമായും വിദ്യാലയമായും സാംസ്‌കാരികാലയമായിട്ടുമൊക്കെയാണ്. ശിവഗിരിയിലെ ശ്രീ ശാദരാമഠം നാരായണഗുരുവിന്റെ ഈ ക്ഷേത്രസങ്കല്‍പങ്ങള്‍ പുഷ്പിക്കുന്നതിനുള്ള മാതൃകാസ്ഥാനമാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം