malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

നന്മയുടെ പൂമരം

ഇ.വി ശ്രീധരന്‍
'ആദാമിന്റെ മകന്‍ അബു' എന്ന ചലച്ചിത്രത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു നിരൂപണം


സിനിമ സംവിധായകന്റെ കല, സിനിമ സിനിമോട്ടോഗ്രാഫിയുടെയും എഡിറ്റിംഗിന്റെയും ശബ്ദമിശ്രണങ്ങളുടെയും കല, സിനിമ അഭിനേതാക്കളുടെ കല, സിനിമ തിരക്കഥയുടെയും അതിനു പിറകിലെ പ്രമേയാവബോധത്തിന്റെയും കല എന്നിങ്ങനെയുള്ള വിതണ്ഡവാദങ്ങളൊക്കെ ഒതുങ്ങിയതിനുശേഷം വന്നുപിറന്ന ഒരു മലയാള സിനിമയാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു.'സലിംകുമാര്‍, സറീനാ വഹാബ്, നെടുമുടി വേണു, മുകേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. മലയാള സിനിമയ്ക്ക് സുപരിചിതനായ മധു അമ്പാട്ടാണ് ഛായാഗ്രഹകന്‍. രമേശ് നാരായണന്‍ സംഗീതവും ഐസക് തോമസ് കൊട്ടുകാപ്പള്ളി പശ്ചാത്തലസംഗീതവും ജ്യോതിഷ് കലാസംവിധാനവും പട്ടണം റഷീദ് ചമയവും നിര്‍വഹിച്ചിരിക്കുന്നു. ഈ സിനിമയെ സംബന്ധിക്കുന്ന കോഴിക്കോടന്റെയും സിനിക്കിന്റെയും പണി എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ അവസാനിച്ചിരിക്കുന്നു. സിനിമയുടെ നിരൂപണങ്ങള്‍ എഴുതുമ്പോള്‍ പത്രങ്ങളെ ഭയപ്പെടണമെന്നാണ് മേല്‍പ്പറഞ്ഞ രണ്ടു നല്ല മനുഷ്യന്മാര്‍ക്കും ലഭിച്ച പാഠങ്ങള്‍. ഇന്നത്തെ നിരൂപകന്മാര്‍ക്ക് ഉള്ള പാഠങ്ങളും നിബന്ധനകളും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജയറാമിനെയും സുരേഷ്‌ഗോപിയെയും ദിലീപിനെയും വെറുപ്പിക്കരുത് എന്നാണ്. ഈ പാഠത്തോടാണ്, ഈ പാഠമനുസരിച്ച് സിനിമാ നിരൂപണമെഴുതുന്നവരോടാണ് മലയാളിയുടെ ലോകപ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പൊട്ടിത്തെറിച്ചുകൊണ്ടു പറയുന്നത്; ആദ്യം പോയി സിനിമ പഠിക്കൂ എന്ന്. എന്തായാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും ജയറാമിനെയും ദിലീപിനെയും വെറുപ്പിക്കാതെ തന്നെ വേണം 'ആദാമിന്റെ മകന്‍ അബു'വില്‍ അബുവിന്റെ വേഷം കെട്ടിയ സലിംകുമാറിനെ പ്രശംസിക്കാനും പുകഴ്ത്താനും. ഇദ്ദേഹം ഒരു വലിയ നടനാണെന്ന് എഴുതേണ്ടിവരുമ്പോള്‍ നിങ്ങളുടെ പേനയെ പത്രമുതലാളിമാര്‍ ഒടിച്ചു കളയും. ഈ കച്ചവടസത്യമാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ മുമ്പില്‍ നിവേദിക്കാനുള്ളത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടുള്ള വലിയ നടന്മാരില്‍ ഒരാളാണ് അല്ലെങ്കില്‍ ലോകത്തു ഗണിക്കപ്പെടുന്ന ഒരു നടനായി സലിംകുമാര്‍ ഈ സിനിമയിലൂടെ വളര്‍ന്നിട്ടുണ്ട്.

ഇവിടെ സലിംകുമാറിനു വേണ്ടി ഞാന്‍ ഉദ്ധരിക്കുന്നത് ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനെയാണ്. അദ്ദേഹം എന്നെപ്പോലെ തന്നെ സിനിമാ പണ്ഡിതനൊന്നുമല്ല. എന്നാലും അദ്ദേഹം സിനിമ കണ്ടിട്ട് പറഞ്ഞ ഒരു കാര്യത്തില്‍ എനിക്കു വിശ്വാസമുണ്ട്: ''മലയാള സിനിമ എങ്ങനെയായിരിക്കണമെന്ന താക്കീതാണ് 'ആദാമിന്റെ മകന്‍ അബു' നല്‍കുന്നത്. മലയാള സിനിമയില്‍ ഉണങ്ങിയ ആല്‍മരങ്ങള്‍ ചെറിയ ചെടികളെ വളരാന്‍ അനുവദിക്കുന്നില്ല. ഉണങ്ങിയ ആല്‍മരങ്ങള്‍ ഒരുപാടുണ്ടായാല്‍ മാത്രം കാടാവുകയില്ലെന്ന് മലയാള സിനിമാ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും തിരിച്ചറിയണം. സലിംകുമാറിനെപ്പോലുള്ളവര്‍ ഇത്തരക്കാര്‍ക്കെതിരെ അതിശക്തമായ താക്കീതെന്ന നിലയിലാണ് അഭിനയിക്കുന്നത്. എന്റെ കയ്യില്‍ ഈ സിനിമയ്ക്കു കൊടുക്കാന്‍ അവാര്‍ഡൊന്നുമില്ലല്ലൊ എന്ന ദുഃഖമാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്. മലയാള സിനിമ എങ്ങനെ ആയിരിക്കണമെന്ന ദിശാബോധമാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഈ സിനിമ ലോകോത്തരമാണെന്നു തന്നെ പറയാം. അസാധാരണായ സംയമനവും നിയന്ത്രണവും പാലിച്ച സിനിമയാണിത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പലവട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ ഒരു സിനിമ കാണുന്നത്. സലിംകുമാര്‍ സിനിമയില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്. അത്രമാത്രം കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട് ഈ സിനിമയില്‍ ആ നടന്‍.''
ആത്യന്തികമായി സിനിമ വൈകാരികമാണ്. വൈകാരികതയുടെ കല എന്ന സത്യസന്ധമായ പ്രഖ്യാപനമാണ് ഈ സിനിമ നടത്തിയിരിക്കുന്നത്.

ഈ സിനിമ ഇതു കാണുന്നവരുടെ മനസ്സില്‍ ദൈവാഭിമുഖ്യമുള്ള നന്മയുടെ ഒരു കെടാവിളക്ക് കൊളുത്തിവയ്ക്കുന്നുണ്ട്. ആത്യന്തികമായി ദുരന്തം മാത്രമായ ജീവിതത്തിന് അതിന്റെ കുറേ നിമിഷങ്ങളില്‍ ലഭിക്കുന്ന പ്രത്യാശയാണ് ഈ വിളക്ക്. ഈ വിളക്ക് കെടാവിളക്കായി മാറുക എന്നതാണ് എല്ലാ ദൈവികദര്‍ശനങ്ങളുടെയും സ്വപ്‌നം. ആ സ്വപ്‌നത്തിന്മേലാണ് സ്വപ്‌നത്തിന്റെയും വികാരത്തിന്റെയും കലയായ ഈ സിനിമ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ ഒരു സൂഫി സന്യാസിയാണ് ഈ സിനിമയിലെ നായകന്‍. സന്യാസത്തിന്റെ മണങ്ങള്‍ക്കും ഗുണങ്ങള്‍ക്കും ഇടയിലാണ് അബു ജീവിക്കുന്നത്. സിനിമയുടെ നിറങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും ചലനത്തിനും സന്യാസത്തിന്റെ രാഗങ്ങളുണ്ട്.അബു എന്നും അയിസു എന്നും പേരുള്ള വൃദ്ധ ദമ്പതികളാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഹജ്ജിനു പോകാന്‍ വൃദ്ധ ദമ്പതികള്‍ തങ്ങളുടെ പരമമായ ദാരിദ്ര്യത്തിനിടയില്‍ ഒരു പാവപ്പെട്ട ജീവിതം നയിച്ചുകൊണ്ടു നടത്തുന്ന പരിശ്രമങ്ങളുടെ ദൈവസാന്നിധ്യമുള്ള പരാജയമാണ് സിനിമയുടെ പ്രമേയത്തിനാധാരം. ഒരുപക്ഷേ ദൈവാനുഗ്രഹം ലഭിക്കുന്ന പരാജയം. വൃദ്ധ ദമ്പതികളുടെ നായികാ നായക വേഷം മലയാള സിനിമയുടെ ഒരു ചുവടുമാറ്റത്തിന്റെ നാന്ദിയാണ്. സെന്റും സുറുമയും വില്‍പ്പനക്കാരനായ അബുവും ഭാര്യ അയിസുമ്മയും ഹജ്ജിനു പോകാനാശിക്കുന്നു. ജീവിതത്തിലെ ഏക ആഗ്രഹം. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം മാത്രമേ ഹജ്ജ് യാത്രയ്ക്ക് ഉപയോഗിക്കാവൂ എന്ന വിശ്വാസത്തെ നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ടാണ് അബുവും അയിസുവും പണം സ്വരൂപിക്കുന്നത്. ഈ പണം സ്വരൂപിക്കല്‍ അവര്‍ക്കൊരു പുണ്യകര്‍മം തന്നെയാണ്. പോറ്റി വളര്‍ത്തി വലുതാക്കി പുറത്തേക്കു വിട്ട് ജീവിതത്തില്‍ സാമ്പത്തികമായി നിലയിലെത്തിയ മകനെക്കൊണ്ട് അവര്‍ക്കൊരുപകാരവുമുണ്ടായില്ല. അവരുടെ പറമ്പിലെ മിണ്ടാപ്രാണിയായ പ്ലാവിന്റെ കാതല്‍ നശിച്ചുപോയതുപോലെത്തന്നെ മകനും അവരുടെ ജീവിതത്തില്‍ കാതലില്ലാത്തവനായി മാറി.

ഹജ്ജിനു പോകാനുള്ള പണം തികയ്ക്കാനായി പ്ലാവ് വില്‍ക്കുന്നു. പ്ലാവ് മുറിച്ചപ്പോഴാണ് അതിന് കാതലില്ലെന്നു മനസ്സിലാവുന്നത്. അബു പ്ലാവ് വാങ്ങിയ ജോണ്‍സന് പണം തിരിച്ചു കൊടുക്കുന്നു. ജോണ്‍സന് ആ പണം സ്വീകരിക്കാന്‍ കഴിയുന്നില്ല. അബുവിനെ സഹായിക്കാനെത്തുന്ന നല്ലവനായ മാഷിന്റെയും പണം അബു ദൈവികമായി സ്വീകരിക്കുന്നില്ല. സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടേ ഹജ്ജ് നടത്താവൂ എന്ന വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് അങ്ങനെ സ്വന്തം വിയര്‍പ്പില്‍ നിന്നുണ്ടാക്കിയ പണം കൊണ്ട് അടുത്തകൊല്ലം ഹജ്ജിനു പോകാമെന്നു സമാധാനിക്കുന്നു അബുവും അയിസുമ്മയും. വാസ്തവത്തില്‍ അവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കഴിഞ്ഞു സ്വന്തം വീട്ടില്‍ താമസിച്ചുകൊണ്ടുതന്നെ. ഇതാണ് ഈ സിനിമയിലെ മതവിചാരം. ഇസ്ലാം മതത്തിന് കേരളത്തില്‍ നിന്നു ലഭിച്ച രണ്ട് ദൈവിക പ്രതീകങ്ങളാണ് മതദ്വേഷമേതുമില്ലാത്ത അബുവും അയിസുമ്മയും.
നന്മയുടെ വിളക്കുമരത്തില്‍ നിന്നു പൊഴിഞ്ഞു വീണ വെളിച്ചത്തിന്റെ പൂക്കളാണ് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും. ജോണ്‍സനും ഹൈദരും മാസ്റ്റരും ഉസ്താദുമൊക്കെ ജീവിതത്തിലേക്ക് വെളിച്ചം പ്രസിപ്പിക്കുന്ന വെള്ളിപ്പൂക്കളായി ഈ സിനിമയില്‍ ജീവിക്കുന്നു. ആദാമിന്റെ മകന്‍ അബു മനുഷ്യന്റെ നന്മയില്‍ വിശ്വാസമര്‍പ്പിച്ച ഒരു മഹത്തായ കലാസൃഷ്ടിയാണ്. മഹത്തായ എന്ന വിശേഷണം ഈ സിനിമ അര്‍ഹിക്കുന്നു. നന്മയുടെ നിരവധി ജീവിതമുഹൂര്‍ത്തങ്ങള്‍ ഈ ഫിലിം മുന്നോട്ടുവെക്കുന്നുണ്ട്.
ദൈവവിശ്വാസം ജീവിതത്തെ സ്വയം വരിക്കുകയാണ് അബുവിലൂടെയും അയിസുമ്മയിലൂടെയും ഈ സിനിമയില്‍. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് ദൈവത്തോട് അന്തിമമായി മാപ്പിരക്കാനാണ് ഒരു ഇസ്ലാം മതവിശ്വാസി ഹജ്ജിനു പോകുന്നത്. മതവിശ്വാസം ഈ സിനിമയില്‍ ഇത്രയുമേയുള്ളൂ.

ഇസ്ലാം സ്‌നേഹത്തിന്റെ മതമാണ് എന്ന് ഇതിലെ ജീവിതം കൊണ്ടെഴുതുകയാണ് സംവിധായകന്‍ സലിം അഹമ്മദ്. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നിന്നാണ് അസാധാരണമായ ഈ സ്‌നേഹഗാഥ ഒഴുകിയെത്തുന്നത്. മതം സിനിമയില്‍ ആചാരമല്ല; സ്‌നേഹവും വിശ്വാസത്തിന്റെ ഉറപ്പുമാണ്. ഇസ്ലാമിക വിശ്വാസങ്ങളെ സര്‍വശക്തനായ ദൈവത്തിന്റെ ഭാഷയില്‍ ഒരു സ്ത്രീയിലൂടെയും പുരുഷനിലൂടെയും അവതരിപ്പിക്കുകയാണ് സംവിധായകന്‍ സലിം അഹമ്മദ്. ''ഞാന്‍ ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാളല്ല; അഞ്ചുനേരം നിസ്‌കരിക്കാറില്ല''- എന്നു പറയുമ്പോഴും സംവിധായകന്റെ മനസ്സില്‍ ഇസ്ലാമികമായ ഒരു ധര്‍മ വിചാരമുണ്ട്. അന്യന്റെ അധ്വാനഫലം സ്വന്തമാക്കരുത് എന്ന ഇസ്ലാമിക ധര്‍മത്തിനു നല്‍കുന്ന ചലച്ചിത്ര വ്യാഖ്യാനം കൂടിയാണ് സംവിധാനയകനായ സലിം അഹമ്മദിനെ സംബന്ധിച്ചിടത്തോളം തന്റെ അബുവിനെക്കുറിച്ചുള്ള സിനിമ. ആദാമിന്റെ മകന്‍ അബു സലിം അഹമ്മദിന്റെ ഈ വിചാരത്തിനുമപ്പുറത്തേയ്ക്കു കടന്നുപോയിരിക്കുന്നു. അബുവും അയിസുമ്മയും സ്വപ്‌നം കാണുന്ന ഹജ്ജ് കര്‍മത്തിന്റെ പുണ്യത്തിലൊരംശം സലിം അഹമ്മദിനും ലഭിച്ചിരിക്കുന്നു. നീച കഥാപാത്രങ്ങളും ഹാസ്യകഥാപാത്രങ്ങളും ഹീനകര്‍മങ്ങളുമില്ലാത്ത ഒരു സിനിമയാണിത്. ആയതിനാല്‍ ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും നന്മകൊതിക്കുന്ന മനുഷ്യരുടെ ഇഷ്ടത്തിലേക്കു വരുന്നു. സലിംകുമാറും സറീനാ വഹാബും ഈ സിനിമയിലൂടെ കാഴ്ചവെക്കുന്നത് ജീവിതം തന്നെയാണ്. അഭിനയം ജീവിതത്തനിമയുടെ കെട്ടിയാട്ടമാണെന്ന് സലിം കുമാറും സറീനാവഹാബും സിനിമയെന്ന കലയെ ബോധ്യപ്പെടുത്തുകയാണ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം