malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

മാര്‍ഗി സതി

ആര്‍ പാര്‍വതീദേവി
കണ്ണകി വലിച്ചെറിയുന്ന ചിലമ്പുവീണ് കൂത്തമ്പലം കത്തിയമരുമോയെന്ന് സദസ്യര്‍ അമ്പരന്നേക്കും.... സതീദേവി എന്ന മാര്‍ഗി സതി അരങ്ങില്‍ പകര്‍ന്നാടുകയാണ്. താന്‍ സ്വയം രചിച്ച "കണ്ണകീ ചരിതം" അരങ്ങിലെത്തുമ്പോള്‍ സതി കണ്ണകിയെ പൂര്‍ണമായി ആവാഹിക്കുന്നു. കണ്ണകി മാത്രമല്ല സീതയും സുഭദ്രയും പൂതനയും ശൂര്‍പ്പണഖയും മാര്‍ഗി സതിയുടെ അനിതരസാധാരണമായ നാട്യപ്രതിഭയാല്‍ ജീവന്‍വച്ച കഥാപാത്രങ്ങളാണ്. എന്നാല്‍ , ഒരു നങ്ങ്യാരമ്മയായി കൂത്തവതരിപ്പിക്കുന്നതില്‍ ഒതുങ്ങുന്നില്ല സതീദേവിയുടെ കലാസപര്യ. 800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന നങ്ങ്യാര്‍കൂത്തിന്റെ പ്രസിദ്ധിക്കും വളര്‍ച്ചയ്ക്കും വേണ്ടി സതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും കലാകേരളം തിരിച്ചറിഞ്ഞിട്ടില്ല. നൂറ്റാണ്ടുകളായി ശ്രീകൃഷ്ണചരിതം മാത്രമാണ് നങ്ങ്യാര്‍കൂത്തായി അവതരിപ്പിച്ചിരുന്നത്.

@Photo
ഇത് ഈ പുരാതന ക്ലാസിക് കലയെ വല്ലാതെ ശുഷ്കമാക്കുന്നുവെന്ന തിരിച്ചറിവാണ് പുതിയ ആട്ടപ്രകാരങ്ങള്‍ രചിക്കാന്‍ സതിയെ പ്രേരിപ്പിച്ചത്. കൂടിയാട്ടത്തില്‍ രാമായണകഥ ധാരാളമായി ഉപയോഗപ്പെടുത്തുകയും സീതയായി അനേകവട്ടം അരങ്ങിലെത്തുകയും ചെയ്തപ്പോഴാണ് "ശ്രീരാമചരിതം" ആട്ടപ്രകാരം നങ്ങ്യാര്‍കൂത്തിനായി 1999ല്‍ സതി എഴുതിയത്. ഇന്ന് നിരവധിപേര്‍ ഈ പുസ്തകത്തെ അവലംബമാക്കി കൂത്ത് അവതരിപ്പിക്കുന്നു. രണ്ടാമത് സതി രചിച്ച "കണ്ണകീ ചരിതം" ഈ കലയുടെ ചരിത്രത്തിലെ മറ്റൊരു അര്‍ഥപൂര്‍ണമായ പരീക്ഷണമായി. നൂറുകണക്കിന് അരങ്ങുകളില്‍ സതി കണ്ണകിയുടെ കഥ അവതരിപ്പിക്കുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. സ്ത്രീകള്‍ മാത്രം അരങ്ങിലെത്തുന്ന നങ്ങ്യാര്‍കൂത്തില്‍ സ്ത്രീപ്രധാനങ്ങളായ കഥകള്‍ക്ക് അനന്തസാധ്യതയുണ്ടെന്ന് സതി മനസ്സിലാക്കിയത് ബാല്യംതൊട്ടേ ഈ കലയുമായുള്ള ഹൃദയബന്ധത്തിലൂടെയാണ്. ഒരു സ്ത്രീ എന്ന തരത്തില്‍ പുരാണങ്ങളെ വായിക്കാനും പൊളിച്ചെഴുതാനുമുള്ള ശ്രമങ്ങളും സതി നടത്തിവരുന്നു. ഇതിന്റെ ഫലമാണ് "ഭക്തമീര"യും "സീതായന"വും. സീതയുടെ ഭാഗത്തുനിന്നും രാമായണത്തെ വായിക്കാനും വിമര്‍ശനാത്മകമായി സമീപിക്കാനും നങ്ങ്യാര്‍കൂത്തിലൂടെ സതിക്ക് കഴിയുമ്പോള്‍ ഒരു ക്ലാസിക്കല്‍ കലയ്ക്ക് വ്യത്യസ്തമാനം കൈവരുന്നു. "ഭക്തമീര"യും "സീതായന"വും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരിക്കുകയാണ്. ഏതെങ്കിലും പ്രസാധകര്‍ ഇവ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് സതി പ്രതീക്ഷിക്കുന്നു. കാരണം പ്രസാധനത്തിന്റെ നൂലാമാലകളിലേയ്ക്ക് കടക്കാനുള്ള മാനസികവും ഭൗതികവുമായ സാഹചര്യം ഇന്ന് സതിക്കില്ല.

ഏഴുവര്‍ഷം മുമ്പുണ്ടായ ആകസ്മിക ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍നിന്നും ഇനിയും സതി മോചിതയായിട്ടില്ല. കലയോടുള്ള അദമ്യമായ പ്രണയം മാത്രമാണ് സതിക്ക് മുന്നോട്ടുപോകാനുള്ള കരുത്ത് നല്‍കുന്നത്. കൈയില്‍ മുറുകെപ്പിടിച്ച്, ചേര്‍ത്തുനിര്‍ത്തി പ്രശസ്തിയുടെ സുവര്‍ണഗോപുരത്തില്‍ തന്നെ എത്തിച്ച ഉറ്റസുഹൃത്തുകൂടിയായ ജീവിതസഖാവിന്റെ അകാലവേര്‍പാട് സതിയുടെ ഹൃദയത്തിനേല്‍പ്പിച്ച മുറിവ് ചെറുതല്ല. കൂത്തരങ്ങില്‍ വൈദ്യുതാഘാതമേറ്റ് എന്‍ സുബ്രഹ്മണ്യന്‍ പോറ്റിക്ക് ജീവന്‍ നഷ്ടമായതോടെ സതിയുടെ ജീവിതതാളവും ഇടറി. ഒരു ഇടവേളയ്ക്കുശേഷം അരങ്ങിലേയ്ക്ക് മടങ്ങിവന്നപ്പോള്‍ ജീവിതം പലതും പഠിപ്പിച്ചു. തിരുവനന്തപുരത്ത് കരമനയാറിന്റെ തീരത്തെ "രംഗശ്രീ" എന്ന തന്റെ കൊച്ചുവീട്ടിലിരുന്ന് ജീവിതകഥ പറയുമ്പോള്‍ ചുഴിയും മലരും പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു കാട്ടാറ് ഒഴുകിപ്പോകുന്നതായി തോന്നി. "ഞങ്ങളുടെ ജീവിതം കണ്ട് ഈശ്വരനുപോലും അസൂയ തോന്നിയോയെന്ന് സംശയം. ഇങ്ങനെയൊരു ജീവിതപങ്കാളിയെ അപൂര്‍വമായേ ഒരു സ്ത്രീക്ക് കിട്ടൂ. പതിനെട്ടു വര്‍ഷത്തെ ഞങ്ങളുടെ ജീവിതം അങ്ങനെയായിരുന്നു. തിരുവനന്തപുരത്ത് ശാന്തിക്കാരനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍ . ഒരു കലാകാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ആലോചന കൊണ്ടുവന്നത് കഥകളി കലാകാരനായ എന്റെ അമ്മാവനാണ്. ഉയര്‍ന്ന വിദ്യാഭ്യാസമോ പണമോ സൗന്ദര്യമോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, നിന്നെ അവര്‍ വേദനിപ്പിക്കില്ലെന്നാണ് അമ്മാവന്‍ പറഞ്ഞത്. എനിക്കും അതായിരുന്നു വേണ്ടിയിരുന്നത്. ആ പറഞ്ഞത് തെറ്റിയില്ല. ഞങ്ങള്‍ ഒരുമിച്ച കഴിഞ്ഞ 18 വര്‍ഷം എന്റെ കണ്ണു നനയാന്‍ അനുവദിച്ചിട്ടില്ല. ഞാനൊരു വലിയ കലാകാരിയാകണമെന്ന ഒറ്റ ആഗ്രഹമേ അദ്ദേഹത്തിനും ഉണ്ടായിരുന്നുള്ളൂ. അതിനായി കൈപിടിച്ച് ഒപ്പം നിന്നു. എന്നും, എവിടെയും ഞാന്‍ ഒറ്റയ്ക്കു പോയിട്ടില്ല. എവിടെ പരിപാടിയുണ്ടെങ്കിലും എല്ലാ ഒരുക്കങ്ങളും അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. ഞാനൊന്നും അറിയേണ്ട കാര്യമില്ല. 2005 ജൂണ്‍ 30- ആ ദിവസവും അങ്ങനെതന്നെയായിരുന്നു. "നോട്ടം" എന്ന സിനിമയാണ് എല്ലാറ്റിനും നിമിത്തമായതെന്ന് തോന്നുന്നു. ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് ഓര്‍ക്കാന്‍കൂടി കഴിയാത്ത കാര്യമായിരുന്നു. നോട്ടം സിനിമയുടെ സംവിധായകന്‍ ശിവകുമാര്‍ പറവൂര്‍ ആദ്യം സംസാരിച്ചതും അദ്ദേഹത്തോടാണ്. ഞാനാദ്യം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഒരു നങ്ങ്യാരമ്മയുടെ കഥ പറയുന്ന സിനിമയില്‍ അഭിനയിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. നങ്ങ്യാര്‍കൂത്തിന് ഈ സിനിമയിലൂടെ കൂടുതല്‍ പ്രശസ്തി ഉണ്ടാകുമെന്നും അദ്ദേഹം വിശ്വസിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍തന്നെ ഒടുവില്‍ തീരുമാനിച്ചു.

തിരുവനന്തപുരത്ത് മാര്‍ഗിയുടെ അങ്കണത്തിലായിരുന്നു ഷൂട്ടിങ്. രാവിലെ ഞാനും മക്കളും അദ്ദേഹവുംകൂടി മാര്‍ഗിയിലേക്ക് വന്നു. നെടുമുടി വേണുവും ജഗതി ശ്രീകുമാറും ഒക്കെയുണ്ടായിരുന്നു. ചെന്നപാടെ ചമയമിടാന്‍ ഞാനും മകളും മേലേയ്ക്ക് പോയി. സാധാരണ ഞാന്‍ ചമയമിടുമ്പോള്‍ അദ്ദേഹം അരികിലിരുന്ന് ഇടയ്ക്ക കൊട്ടും. ഇന്ന് ഷൂട്ടിങ് ആയിരുന്നതുകൊണ്ട് എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാനും മറ്റുമുള്ള തിരക്കായിരുന്നതുകൊണ്ടാകാം മുകളിലേയ്ക്ക് വന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കെന്തോ ഒരു തളര്‍ച്ചപോലെ തോന്നി. ഞാന്‍ മോളോടു പറഞ്ഞു എന്തോ ഒരു വയ്യായ്ക, അച്ഛനെവിടെയെന്ന് തിരക്കാന്‍ . അപ്പോഴേയ്ക്കും അവിടെയാകെ തിരക്കും ബഹളവുമായി. ഞാനവിടെ തളര്‍ന്നിരുന്നു. അപ്പോഴാണ് ആരോ വന്നു പറഞ്ഞത്, ഒന്നും പേടിക്കാനില്ല, പോറ്റിക്ക് ചെറുതായൊന്ന് ഷോക്കേറ്റുവെന്ന്. ഏതോ ലൈറ്റ് മാറ്റിയിട്ടതാണത്രെ. പിന്നെ എനിക്ക് ഒരോര്‍മയും ഇല്ല. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു - എന്തും നേരിടാന്‍ തയ്യാറാകണമെന്ന്, എല്ലാം കഴിഞ്ഞുവെന്ന് അതോടെ മനസ്സിലായി. ഏറെ മോഹിച്ച് നിര്‍മിച്ച ഈ വീട്ടില്‍ കൊണ്ടുവന്നു. ദിവസങ്ങളോളം എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. എല്ലാ തകര്‍ന്നുവെന്ന് ഞാന്‍ തീരുമാനിച്ചു. ഏഴും പതിനഞ്ചും വയസ്സായ രണ്ട് കുട്ടികള്‍ . അദ്ദേഹത്തിന്റെ വൃദ്ധനും രോഗിയുമായ അച്ഛനാണ് എന്നെ ആശ്വസിപ്പിച്ചത്. "പുത്രദുഃഖത്തേക്കാള്‍ കഠിനമായതെന്താണുള്ളത്. എന്നെ ഈശ്വരന്‍ വിളിക്കാതെ എന്റെ മകനെയല്ലേ കൊണ്ടുപോയത്. അവന്റെ ആഗ്രഹം നീ പൂര്‍ത്തീകരിക്കണം. മക്കളെ വളര്‍ത്തണം. ഇങ്ങനെ കിടക്കുന്നതുകൊണ്ട് ഫലമില്ല - എന്നാണ് അച്ഛന്‍ പറഞ്ഞത്. ആ പറഞ്ഞത് ശരിയായിരുന്നു. കുറച്ചുദിവസം കഴിഞ്ഞതോടെ ഞാനും കുട്ടികളും തനിച്ചായി. മരണം തിരക്കി വന്നവരൊക്കെ ഓരോ വഴിക്കു പോയപ്പോള്‍ ആ സത്യം മനസ്സിലാക്കി. അച്ഛന്‍ പറഞ്ഞതുപോലെ കലയുണ്ട് കൈയില്‍ അത് കളയരുത്. അദ്ദേഹത്തിന്റെ മരണത്തോടെ "നോട്ട"ത്തിന്റെ ഷൂട്ടിങ് നിലച്ചിരുന്നു. ഞാന്‍ അഭിനയിക്കുമെങ്കില്‍ മാത്രമേ ആ സിനിമ പൂര്‍ത്തീകരിക്കൂ എന്നാണ് തീരുമാനമെന്ന് ശിവകുമാര്‍ പറഞ്ഞു. അവര്‍ എന്നും വീട്ടില്‍വരും.

ഞാന്‍ തയ്യാറാകാത്തതുകൊണ്ട് അവര്‍ മടങ്ങിപ്പോകും. ഏറെ ബുദ്ധിമുട്ടി സിനിമയെടുക്കാന്‍ ഒരുങ്ങിയതാണവര്‍ . ഞാന്‍ സഹകരിച്ചില്ലെങ്കില്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടം ഭീകരമായിരിക്കും. ഒടുവില്‍ അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ സിനിമ പൂര്‍ത്തിയാക്കി. 22 ദിവസത്തെ ഷൂട്ടിങ്. എന്നാല്‍ ഷൂട്ടിങ് തീരുന്നതിനുമുമ്പ് അച്ഛനും മരിച്ചു. പുത്രദുഃഖം അനുഭവിക്കാന്‍ മാത്രമായി അച്ഛന്‍ ജീവിച്ചിരുന്നതുപോലെ. ഭര്‍ത്താവിന്റെ മരണത്തിന് ഒരു മാസം മുമ്പാണ് സതിയുടെ അച്ഛന്‍ മരിച്ചത്. പ്രായാധിക്യം ഉണ്ടായിരുന്നെങ്കിലും ആ മരണവും അപ്രതീക്ഷിതമായിരുന്നു. ഭര്‍ത്താവ്, അച്ഛന്‍ , ഭര്‍തൃപിതാവ് - ഏറ്റവും വേണ്ടപ്പെട്ട മൂന്നുപേരുടെ അടുത്തടുത്തുള്ള മരണങ്ങള്‍ സതിയില്‍ ഉണ്ടാക്കിയത് കടുത്ത അരക്ഷിതാവസ്ഥയും നിസ്സഹായതയും. "മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞു. താനും ഒന്നുമറിയാത്ത മക്കളും അവശേഷിച്ചു. എങ്ങനെയും ജീവിച്ചേ പറ്റൂ. കൈയില്‍ ആകെയുള്ളത് കലയാണ്. 18 വര്‍ഷം ഒരു ദിവസം പോലും പിരിഞ്ഞിരിക്കാത്ത അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന വീട്. അടുക്കളയില്‍ എന്റെയൊപ്പം എല്ലാ പണിക്കും വരും. ഞാന്‍ അടിച്ചുവാരിയാല്‍ പിന്നാലെ തറ തുടയ്ക്കാന്‍ വെള്ളവുമായെത്തും. വളരെ മോഹിച്ചു നിര്‍മിച്ച വീട്ടില്‍ താമസിച്ചു മതിയായിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ഇപ്പോഴും ഞാന്‍ ഈ വീട്ടില്‍ അനുഭവിക്കാറുണ്ട്. എന്നെയും എന്റെ കലയേയും ഇത്രയേറെ വിലമതിച്ചിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്നത് എന്റെ കടമയായി ഞാന്‍ കരുതി. പക്ഷേ ജീവിക്കാന്‍ പണം വേണ്ടേ? സിനിമാറ്റിക് ഡാന്‍സുകാര്‍ക്ക് എത്ര പണം കൊടുക്കാനും നമ്മുടെ നാട്ടില്‍ ആര്‍ക്കും മടിയില്ല. പക്ഷേ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് തുച്ഛമായ കാശേ കിട്ടൂ. - ആയിരവും രണ്ടായിരവും മാത്രം. അങ്ങനെയാണ് കലാമണ്ഡലത്തില്‍ അധ്യാപികയാവാന്‍ തീരുമാനിച്ചത്.

മരണം അന്വേഷിച്ച് അന്നത്തെ സാംസ്കാരിക മന്ത്രി വീട്ടില്‍ വന്നിരുന്നു. അദ്ദേഹം ജോലി ഉറപ്പുനല്‍കി. പക്ഷേ വീണ്ടും അനാവശ്യമായ ചില ഇടപെടലുകള്‍ കാരണം വളരെക്കാലം ബുദ്ധിമുട്ടി. ഒടുവില്‍ കടലാസുകള്‍ എല്ലാം ശരിയായി. ഇന്ന് മകനോടൊപ്പം കലാമണ്ഡലത്തില്‍ കഴിയുന്നു. തനിച്ച് യാത്ര ചെയ്യുന്നതുപോയിട്ട് തീവണ്ടി ടിക്കറ്റെടുക്കാന്‍പോലും അറിയാതിരുന്ന ഞാന്‍ എല്ലാ തീരുമാനങ്ങളും ഇന്ന് തനിച്ചെടുക്കുന്നു. തിരുവനന്തപുരം-തൃശൂര്‍ യാത്ര സ്ഥിരമായി. അദ്ദേഹം ഉള്ളപ്പോള്‍ ഒന്നും അറിയേണ്ട ആവശ്യമുണ്ടായിരുന്നില്ല. 47 വയസ്സുള്ള ഞാന്‍ ഇപ്പോള്‍ ചിലപ്പോള്‍ ആഗ്രഹിക്കാറുണ്ട്, എന്റെ തലമുടിയൊന്ന് നരച്ചിരുന്നുവെങ്കില്‍ എന്ന്, ആഗ്രഹിക്കുന്ന വേഗത്തില്‍ പക്ഷേ, നരയ്ക്കുന്നില്ല..." ഇന്നു പക്ഷേ, സതി അശക്തയല്ല. കല നല്‍കുന്ന ധൈര്യവും അനുഭവങ്ങളുടെ ശക്തിയും ഇന്ന് സതിക്കുണ്ട്. നര്‍ത്തകിയായ മകള്‍ രംഗശ്രീരേവതിയുടെ വിവാഹം നടത്തി. 15 വയസ്സുകാരനായ മകന്‍ ദേവനാരായണന്‍ അച്ഛന്റെ ഇടയ്ക്ക കൈയിലെടുത്തുകഴിഞ്ഞു. നങ്ങ്യാര്‍കൂത്തിന്റെ വ്യാപനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മക്കള്‍ സതിക്ക് കൂട്ടുണ്ട്. രംഗശ്രീ എന്ന സ്വന്തം സ്ഥാപനത്തില്‍ കലയെ ഗൗരവമായി കാണുന്ന കുറച്ചു പെണ്‍കുട്ടികളെങ്കിലും കൂത്തു പഠിക്കാനെ ത്തുന്നു. ഇത് സതിക്ക് നല്‍കുന്ന സംതൃപ്തി ചെറുതല്ല. കലയുടെ തനിമ നഷ്ടപ്പെടുത്തുന്ന പരീക്ഷണങ്ങളോട് സതിക്ക് താല്‍പ്പര്യമില്ല. വേഷവും ചമയവും വാദ്യവും അതേപടി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന ഉറച്ച അഭിപ്രായം സതിക്കുണ്ട്. പക്ഷേ പുതിയ ആട്ടപ്രകാരങ്ങള്‍ ഉണ്ടാകണം. നങ്ങ്യാരമ്മമാര്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കണം. കൂടുതല്‍ അരങ്ങുകള്‍ ഉണ്ടാകണം. 11 വയസ്സില്‍ ചമയം ഇട്ട സതിയുടെ കലാസപര്യ മൂന്നര പ്പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. ആയിരത്തിലേറെ അരങ്ങുകള്‍ , നൂറിലേറെ കഥാപാത്രങ്ങള്‍ . ഇനിയും കൂടുതല്‍ പുതുമ നിറഞ്ഞ കഥകളും കഥാപാത്രങ്ങളുമായി എത്തുന്ന മാര്‍ഗി സതിക്കായി കൂത്തമ്പലങ്ങള്‍ കാത്തിരിക്കുന്നു.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം