malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

കാത്ത തകഴി എഴുതാത്ത കഥ

സന്തോഷ് ജോസഫ്
വിശ്വസാഹിത്യകാരന്‍ തകഴിയുടെ കഥാപാത്രങ്ങള്‍ക്ക് പിന്നിലെ കരുത്തായി നിലകൊണ്ട കാത്തച്ചേച്ചി വിടപറയുമ്പോള്‍ സാഹിത്യമെഴുതാതെ സാഹിത്യകാരിയുടെ പരിവേഷത്തില്‍ നിന്ന മാതൃത്വത്തെയാണ് കേരളത്തിന് നഷ്ടമാകുന്നത്.

നെടുമുടി ചെമ്പകശ്ശേരിച്ചിറയില്‍ പെരുമാനൂര്‍ കുഞ്ഞുണ്ണി മേനോന്‍-പാര്‍വ്വതിയമ്മ ദമ്പതികളുടെ മകള്‍ കമലാക്ഷിയമ്മയെ 1934 സെപ്തംബര്‍ 15നാണ് തകഴി ശങ്കരമംഗലം തറവാട്ടിലെ ശിവശങ്കരപ്പിളള ജീവിതത്തിലേയ്ക്ക് കൈപിടിച്ചടുപ്പിക്കുന്നത്. സാഹിത്യലോകത്ത് തകഴിയെന്ന തന്റെ ഗ്രാമത്തിന്റെ ചുരുക്കപ്പേരില്‍ ശിവശങ്കരപ്പിളള അറിയപ്പെട്ടപ്പോള്‍ കമലാക്ഷിയമ്മയെന്ന പേരിനേക്കാള്‍ കാത്തയെന്ന ചുരുക്കേപ്പരാണ് മലയാളത്തിലെങ്ങും മുഴങ്ങിയത്. വിശ്വസാഹിത്യകാരനായി തകഴി വളരുമ്പോള്‍ നിഴല്‍ പോലെ കാത്തയും കൂടെയുണ്ടായിരുന്നു. നേരില്‍ കണ്ടിട്ടില്ലാത്ത കേരളീയര്‍ക്ക് കാത്തച്ചേച്ചിയെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആ സുന്ദര മുഖം മനസില്‍ തെളിയും. പൂമുഖത്തെ ചാരുകസേരയില്‍ തകഴിയ്ക്കരികെ... ഊന്നുവടിയുമായി നില്‍ക്കുന്ന തകഴിയോട് ചേര്‍ന്ന് അതിലും ബലവത്തായ താങ്ങായി.... കാത്തച്ചേച്ചി, ഇങ്ങനെ മാധ്യമങ്ങളില്‍ തകഴിയ്ക്ക് നിഴലായി നില്‍ക്കുന്നതിന്റേയും ആ ദാമ്പത്യ പരിശുദ്ധി വായിച്ചറിഞ്ഞതിന്റേയും അറിവുകളാണ് ഇവരെക്കുറിച്ച് പലര്‍ക്കുമുളളത്. ജീവിതത്തിന്റെ ആ ഇഴയടുപ്പം 1999 ഏപ്രില്‍ 10ന് തകഴി വേര്‍പിരിയും വരെ കാത്തുസൂക്ഷിക്കുവാനും കാത്തയ്ക്ക് കഴിഞ്ഞു.

എഴുത്തുകാരനെ നേര്‍വഴിയിലൂടെ നയിച്ചതിന്റെ അപൂര്‍വ്വതയാണ് പലരും കാത്തയില്‍ ദര്‍ശിച്ചിരുന്നത്. എഴുത്തുകാരനെന്ന നിലയില്‍ തകഴിയുടെ ഓരം പറ്റി നടന്നിരുന്ന ഭാര്യ ഒരിക്കലും അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രമായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് നോവലെഴുത്തിനിരിക്കുന്ന ഭര്‍ത്താവിനൊപ്പം കട്ടന്‍ചായയും തിളപ്പിച്ച് കൂട്ടിരുന്ന കഥ തകഴിയുടെ മരണശേഷം പലപ്പോഴും കാത്തച്ചേച്ചി പറഞ്ഞിട്ടുമുണ്ട്. സാഹിത്യമെന്ന തരത്തില്‍ ഒരുവരിപോലും കുറിക്കാത്ത ഇവര്‍ക്ക് ആദ്യകാല സാഹിത്യകാരന്മാരെ പലരേയും പരിചയമുണ്ടായിരുന്നു. വീട്ടില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കാളായെത്തുന്ന ഇവര്‍ക്ക് ഭക്ഷണം വെച്ചുവിളമ്പുന്നതിലായിരുന്നു കാത്തയ്ക്ക് താല്പര്യം. സാഹിത്യകാരന്റെ ഭാര്യയെന്ന നിലയ്ക്കുമപ്പുറം വാര്‍ദ്ധക്യത്തിലും ദാമ്പത്യ ജീവിത പരിശുദ്ധിയുടെ കരുത്ത് കാട്ടിക്കൊടുത്തു എന്നതാണ് കാത്തയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ രത്‌നച്ചുരുക്കം.

തകഴിയുടെ മൃതകുടീരത്തിനരികെ അവസാന നാള്‍വരെ കഴിച്ചുകൂട്ടണമെന്ന ആഗ്രഹം സഫലീകരിക്കുകയാണ് കാത്ത ചെയ്തതെന്ന് പറയാം. ഭര്‍ത്താവിന്റെ സ്മരണ നിലനിര്‍ത്താന്‍ ശങ്കരമംഗലത്ത് തറവാട് സാംസ്‌ക്കാരിക വകുപ്പിന് നല്‍കി അവിടെ ഒരു രൂപ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കാത്തച്ചേച്ചി നമ്മില്‍ നിന്നും വേര്‍പിരിയുമ്പോള്‍ കേരളം ഏറെ ദുഃഖിക്കുന്നു. മറ്റൊരു സാഹിത്യകാരന്റെ ഭാര്യയ്ക്കും ലഭിക്കാത്ത ആദരവും ബഹുമാനവുമാണല്ലോ കേരളീയ ജനത കാത്തച്ചേച്ചിയ്ക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ ആ വേര്‍പാട് മലയാളത്തിന്റെ കഥാ തറവാട്ടിലെ വീട്ടമ്മയുടെ വിയോഗമായി ഏവരും കാണുന്നു.

*വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം