malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

അടര്‍ക്കളത്തില്‍ ഞങ്ങള്‍

കെ പി എന്‍ അമൃത
1948ല്‍ ആരംഭിച്ച പാലിയം സത്യഗ്രഹം. അധഃകൃതര്‍ക്ക് പൊതുനിരത്തിലൂടെ വഴിനടക്കാനുള്ള അവകാശത്തിനായി സംഘടിപ്പിച്ച അതിശക്തമായ സമരം. ക്രൂരമായ മര്‍ദനങ്ങള്‍ അരങ്ങേറിയ ആ സമരത്തില്‍ "യോഗക്ഷേമസഭ" പങ്കാളിയായി. കൂട്ടത്തില്‍ അന്തര്‍ജന സമാജവും. ആര്യാപള്ളം, തളിയില്‍ ഉമാദേവി അന്തര്‍ജനം, കെ ഗംഗാദേവി, ഇ എസ് സരസ്വതി, പി എം ശ്രീദേവി, സാവിത്രി എന്നിവരുടെ കൂട്ടത്തില്‍ ഒരു നവവധുവുമുണ്ടായിരുന്നു. അത് വി എന്‍ ദേവസേനയായിരുന്നു. സമരമുഖത്തെ പങ്കാളിയായിരുന്ന സാവിത്രിയുടെ അര്‍ഥവത്തും ഗാംഭീര്യം നിറഞ്ഞതുമായ പ്രസംഗത്തിലെ മര്‍മഭാഗങ്ങള്‍ 87-ാം വയസ്സിലും ഇപ്പോഴും ആ അമ്മ സ്മരിക്കുന്നു. അങ്കമാലിക്കടുത്ത് എളവൂരില്‍ ചെത്തിയാട് മനയിലെ പെണ്‍കിടാവായി ജനിച്ച ദേവസേന സ്കൂളില്‍പോയി പഠിക്കുന്നതിന് ഇല്ലത്ത് നടത്തിയ പോരാട്ടങ്ങള്‍ക്ക് അച്ഛനില്‍നിന്നും മര്‍ദനം ഏല്‍ക്കേണ്ടിവന്നു.

"എല്ലാരും സ്കൂളില് പോവ്മ്പോ നിയ്ക്കും മോഹണ്ടായിരുന്ന്വേ" എന്ന് അമ്മ സഫലമാകാത്ത ആഗ്രഹത്തെക്കുറിച്ച് പറയുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ദിവസം മുഴുവനും നേദിക്കലും, ശീപോതിക്ക് ഒരുക്കലും, ഗണപതിക്കിടലുമായി നമ്പൂതിരി സ്ത്രീകള്‍ കഴിഞ്ഞുകൂടിയിരുന്നകാലം. ദേവസേനയെ 16 വയസ്സില്‍ വേളികഴിച്ചത് വെങ്ങാലൂര്‍ മനയിലെ നാരായണന്‍ നമ്പൂതിരി. ആദ്യാക്ഷരങ്ങള്‍ ഒരു ട്യൂഷന്‍ ടീച്ചറില്‍നിന്നും അഭ്യസിച്ച അവരെ മുഴുവനായും എഴുതാനും വായിക്കാനും പഠിപ്പിച്ചത് ഉല്‍പ്പതിഷ്ണുവായ ഭര്‍ത്താവ്. ഇംഗ്ലീഷ് അക്ഷരങ്ങളും അദ്ദേഹം ഭാര്യയെ പഠിപ്പിച്ചു. കുപ്പായമിടാന്‍ അനുമതി ലഭിച്ചു. പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമായി. എന്നാല്‍ തനിയ്ക്കു ലഭിച്ച സ്വാതന്ത്ര്യത്തെ സ്വയം നുകര്‍ന്നുകൊണ്ടിരിക്കാന്‍ ദേവസേനയുടെ മനസ്സ് അനുവദിച്ചില്ല. തന്റെ സഹയാത്രികര്‍ക്കു കൂടി നേടിക്കൊടുക്കാന്‍ അവര്‍ സമൂഹത്തിലേയ്ക്കിറങ്ങി. "അടര്‍ക്കളത്തില്‍ ഞങ്ങള്‍ അടര്‍ക്കളത്തില്‍" എന്ന കവിത ചൊല്ലിക്കൊണ്ടാണ് ആ അമ്മ ഭൂതകാലം ഓര്‍മയില്‍നിന്നും അടര്‍ത്തിയത്. തടവറകളായിരുന്നു നമ്പൂതിരി സ്ത്രീകള്‍ക്ക് സ്വന്തം വീടുകളെന്ന് അവര്‍ പറയുന്നു. ഋതുമതിയായാല്‍ പഠനം നിര്‍ത്തണം. കുപ്പായമൂരണം. പട്ടക്കുട എടുത്തേ പുറത്തിറങ്ങാവൂ. അതായിരുന്നു രീതി.

"സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് സ്ത്രീതന്നെ സമരം ചെയ്യണം. തത്തയ്ക്കു കൂടുതുറന്നുകൊടുക്കുന്ന ധര്‍മബോധമില്ല; അതിന്റെ ചിറകുവച്ചുകൊണ്ടുതന്നെ അത് തല്ലിതകര്‍ക്കണം എന്ന ആശയം നമ്പൂതിരി സമുദായത്തിനകത്തുള്ള ഉല്‍പ്പതിഷ്ണുക്കളില്‍നിന്നുതന്നെ പൊട്ടിപ്പുറപ്പെട്ടു. കൂട് തല്ലിത്തകര്‍ത്തുവരാന്‍ വെമ്പിനിന്നിരുന്ന സ്ത്രീകള്‍ ഈ ആശയത്തെ നെഞ്ചേറ്റുവാങ്ങി അടര്‍ക്കളത്തിലിറങ്ങി. നമ്പൂതിരി സ്ത്രീകളനുഭവിച്ച അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പോരാടുന്നതിനായി 1931ല്‍ രൂപീകരിക്കപ്പെട്ട അന്തര്‍ജനസമാജം ഇ എം എസ് ആണ് ഉദ്ഘാടനം ചെയ്തത്. വിധവാവിവാഹം, പരിവേദനം (സജാതീയ വിവാഹം), ഏകപത്നീവ്രതം എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഈ കൂട്ടായ്മ. 1944ല്‍ ഓങ്ങല്ലൂരില്‍ വച്ച് നടന്ന യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍ സ്ത്രീകളുടെ "തൊഴില്‍കേന്ദ്രം" എന്ന ആശയം സാക്ഷാല്‍ക്കരിക്കാന്‍ തീരുമാനമെടുത്തു. അന്തര്‍ജനങ്ങള്‍ സ്വന്തമായി തൊഴില്‍ചെയ്ത് ജീവിയ്ക്കണമെന്നും സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും നേടണമെന്നുമായിരുന്നു ഉദ്ദേശ്യം. അത് രൂപീകരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കന്യാകുമാരിമുതല്‍ കാസര്‍കോട്വരെ പ്രവര്‍ത്തകര്‍ "യാചനായാത്ര" നടത്തി.

ഇല്ലങ്ങളില്‍നിന്ന് ഇല്ലങ്ങളിലേയ്ക്കുള്ള നാലുപേര്‍സംഘമായുള്ള യാത്രയില്‍ നമ്പൂതിരി സ്ത്രീകളെ ബോധവല്‍ക്കരിക്കലും തൊഴിലെടുക്കാന്‍ പ്രേരിപ്പിയ്ക്കലും സഹായിക്കലുമായിരുന്നു പ്രവര്‍ത്തനം. യാചനായാത്രയില്‍ മധ്യകേരളത്തില്‍ ദേവസേന പങ്കെടുക്കുകയുണ്ടായി. മഹാകവി അക്കിത്തത്തിന്റെ "ഇടിമുഴക്കം" എന്ന കവിത ചൊല്ലിക്കൊണ്ടുള്ള യാത്ര അമ്മ പ്രത്യേകമോര്‍ക്കുന്നു. യാചനായാത്ര ഫലംകണ്ടു. സ്ത്രീകളുടെ ആദ്യത്തെ "കമ്യൂണ്‍" ആയ തൊഴില്‍ കേന്ദ്രത്തില്‍ നെയ്ത്തും നൂല്‍നൂല്‍പ്പുമായി അന്തര്‍ജനങ്ങള്‍ ജീവിച്ചു. കുടുംബത്തിനകത്തുള്ള അസ്വാതന്ത്ര്യത്തിനെതിരെ നടത്തിയ വിപ്ലവപ്രവര്‍ത്തനംതന്നെയായിരുന്നു തൊഴില്‍ കേന്ദ്രമെന്ന് ആ അമ്മ അഭിമാനിക്കുന്നു. എത്ര ആഢ്യനായാലും കേമനായാലും ശരി, ഭര്‍ത്താവിന് അടിമയായി ജീവിക്കാന്‍ തയ്യാറല്ലാത്ത സ്ത്രീകളുടെ കൂട്ടായ്മയായിരുന്നു അതെന്ന് സ്മരിയ്ക്കുമ്പോള്‍ത്തന്നെ തീര്‍ത്തും ഉല്‍പ്പതിഷ്ണുവായിരുന്ന തന്റെ ഭര്‍ത്താവ് തനിക്ക് തിരിച്ചറിവും സ്വാതന്ത്ര്യവും നല്‍കിയെന്നും ദേവസേന സമ്മതിക്കുനു. തൊഴില്‍ കേന്ദ്രത്തില്‍ത്തന്നെ അന്തേവാസിയായിരുന്ന കാവുങ്ങല്‍ ഭാര്‍ഗവിയെന്ന 13 വയസ്സുകാരിയുടെ അനുഭവം, പെണ്‍കിടാങ്ങളുടെ ഭാരം ഒഴിവാക്കാന്‍പണംവാങ്ങി കാനറജില്ലയിലെ സിര്‍സി, സിദ്ധപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്ന പതിവ് എന്നീ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് എന്ന നാടകവും കൂട്ടായ ചര്‍ച്ചയിലൂടെ ജനിച്ചു.

ആ നാടകത്തില്‍ പുരുഷകഥാപാത്രങ്ങളെയടക്കം സ്ത്രീകളാണ് അവതരിപ്പിച്ചത്. (ഇന്നും മിമിക്രിയിലും മോണോ ആക്ടിലും പല കലാരൂപങ്ങളിലും സ്ത്രീയുടെ ഭാഗം ചെയ്യുന്നത് പുരുഷനാണെന്നത് ഓര്‍ക്കുക). തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്" എന്ന നാടകത്തില്‍ ഒരു പ്രധാന ഭാഗംതന്നെ ദേവസേന അഭിനയിച്ചു. നമ്പൂതിരി സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഗാഥയായ ആ നാടകത്തില്‍ പങ്കാളിയായതില്‍ അഭിമാനിക്കുന്നു അമ്മ. അന്തര്‍ജനങ്ങള്‍ പണിയെടുക്കണം, അടിമകളായല്ല, സ്വതന്ത്രമായിട്ട്, തികച്ചും സ്വതന്ത്രമായിട്ട്"എന്ന തൊഴില്‍ കേന്ദ്രത്തിലെ വാക്കുകള്‍ ദേവസേനയ്ക്ക് ഇന്നത്തെ കാലഘട്ടത്തിലേയ്ക്ക് പരിഷ്കരിച്ചെഴുതാനുണ്ട്. മനോരാജ്യം കണ്ട് വീട്ടിലിരിയ്ക്കലല്ല പണിയെടുത്ത് സ്വന്തംകാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ക്കാവണം എന്ന് അമ്മ പറയുന്നു. ഭാര്യമാരെ ജോലിയ്ക്കുവിട്ടാല്‍ താന്തോന്നികളാകുമെന്നും കുടുംബം തകരുമെന്നും ഇന്നും പരിഹസിക്കുന്ന പുരുഷന്മാര്‍ "തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്" എന്ന നാടകത്തിലെ വക്കീലനെ ഓര്‍മിപ്പിയ്ക്കുന്നു. നമ്പൂതിരി സ്ത്രീകളുടെ പൊതുസ്ഥലങ്ങള്‍ കുളവും ക്ഷേത്രങ്ങളും മാത്രമായിരുന്ന അവസ്ഥയില്‍നിന്നും കുംടുംബത്തിനകത്തും പുറത്തും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ തക്കവണ്ണം അവര്‍ വളര്‍ന്നുവെങ്കില്‍ അതിനുകാരണം ഒത്തുതീര്‍പ്പുകളില്ലാത്ത കലഹങ്ങളായിരുന്നു. സ്വകാര്യ വീക്ഷണത്തില്‍നിന്നും സാമൂഹ്യവീക്ഷണത്തിലേയ്ക്കുള്ള നമ്പൂതിരി സ്ത്രീകളുടെ രാഷ്ട്രീയ പ്രയാണമായിരുന്നു അവ.

അന്തര്‍ജന സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ന് നിലച്ചതിനെക്കുറിച്ച് അമ്മ പറയുന്നു. "പരിവേദനം ആവാംന്നായി, വിധവാവിവാഹം നിഷിദ്ധമല്ലാതായി. പട്ടക്കുട നിര്‍ബന്ധമില്ല, ബ്ലൗസ് ധരിക്കാം, വാല്യക്കാരിയില്ലാതെ സ്വതന്ത്രമായി പുറത്തുപോകാം എല്ലാം ഞങ്ങള് നേടി, ഇന്യെന്തിനാ പ്രതിഷേധം" നമ്പൂതിരി സമുദായത്തില്‍ ആണും പെണ്ണും ഒന്നിച്ചു നടത്തിയ പോരാട്ടം, അത് സമാനതകളില്ലാത്തതായിരുന്നു. ആദ്യമായി, ഘോഷ ബഹിഷ്കരിച്ച്, ബ്ലൗസും ശീലക്കുടയുമണിഞ്ഞ് പ്രത്യക്ഷപ്പെട്ട പാര്‍വതി മനഴി, അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്" രചിച്ച് "കന്യകമാരുടെ കരപല്ലവങ്ങളില്‍" സമര്‍പ്പിച്ച വി ടി ഭട്ടതിരിപ്പാട്, വിധവാവിവാഹം ചെയ്ത് അനീതിക്കെതിരെ പോരാടിയ എം ആര്‍ ബി, "ഋതുമതി" കളുടെ കണ്ണീരും വേദനയും ഹൃദയത്തിലനുഭവിച്ച പ്രേംജി, എന്നിവരുടെ "നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള" കഠിനശ്രമങ്ങള്‍ക്കൊപ്പം നിന്ന് ഇത്തരം തീവ്രമായ ഇടപെടലുകളില്‍ ചരിത്രപരമായ തന്റെ ദൗത്യം നിര്‍വഹിച്ച ചാരിതാര്‍ഥ്യമാണ് വി എന്‍ ദേവസേനയുടെ വാക്കുകളില്‍ വായിക്കാനായത്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം