malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

അബുവിന്റെ സ്വന്തം സലിം

ഗണേഷ്‌ മോഹന്‍
കഥയില്ലായ്മയിലും നിലവാരത്തകര്‍ച്ചയിലും കിതക്കുന്ന മലയാള സിനിമയില്‍ ലാളിത്യവും ഗൗരവപൂര്‍ണ്ണവുമായ സ്നേഹത്തിന്റെ ഉദാത്ത കഥയുമായി പെയ്തിറങ്ങുകയാണ്‌ നവാഗത സംവിധായകന്‍ സലിം അഹമ്മദ്‌. പ്രഥമ ചിത്രത്തിന്റെ നിര്‍മ്മാണ സംവിധാനങ്ങളിലൂടെ ദേശീയ സംസ്ഥാന തലത്തിലുള്ള അംഗീകാരവും ശ്രദ്ധയും നേടിയിരിക്കുകയാണ്‌ ഈ യുവാവ്‌. നവാഗതന്റെ ഇടര്‍ച്ചയില്ലാതെ തരിശുഭൂമിയില്‍ നിന്നാണ്‌ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുമായി ടെലിവിഷന്റെ ചെറിയ സ്ക്രീനില്‍ നിന്നും ആഴവും പരപ്പുമുള്ള സിനിമയുടെ വിശാല അഭ്രപാളിക്കുള്ളില്‍ തന്റെ കാഴ്ചപ്പാടുകളെ സലിം ആവിഷ്കരിച്ചിരിക്കുന്നത്‌. ഇത്തരത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ്‌ ഇദ്ദേഹം.

അവാര്‍ഡ്‌ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്‌ കാലാകാലങ്ങളിലുള്ള വിവാദങ്ങള്‍ ഇത്തവണ ഇല്ല എന്നത്‌ ഇദ്ദേഹത്തിനുള്ള അംഗീകാരമായി. ഒരേ സിനിമക്ക്‌ തന്നെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിക്കുക, അതും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക്‌, ആ സിനിമയിലെ നായകനടനും തിരക്കഥക്കും ഛായാഗ്രഹണത്തിനും പശ്ചാത്തല സംഗീതത്തിനും. വളരെ അപൂര്‍വ്വം. ആദ്യചിത്രം തന്ന അമൂല്യസമ്പത്ത്‌ നെഞ്ചോട്‌ ചേര്‍ത്തുകൊണ്ട്‌ സലിം അഹമ്മദ്‌ ജന്മഭൂമിയോട്‌ മനസ്സു തുറന്നു.

സാധാരണക്കാരനായി വളര്‍ന്ന താങ്കളെത്തേടി ദേശീയ ബഹുമതി എത്തിയിരിക്കുകയാണ്‌. ആദ്യ ചിത്രം തന്നെ ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയപ്പോള്‍ എന്തുതോന്നുന്നു പത്തു വര്‍ഷമായി എന്റെ മനസ്സിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു ഒരു സിനിമ നിര്‍മ്മിക്കുക എന്നത്‌. തീര്‍ച്ചയായും ആ ആഗ്രഹം സഫലമാവുകയും അതിന്‌ ദേശീയ അംഗീകാരമടക്കം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഈ പുരസ്കാരങ്ങളെ വളരെ ഗൗരവമായി കാണുന്നു. അവാര്‍ഡ്‌ താങ്കള്‍ പ്രതീക്ഷിച്ചിരുന്നോ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപക്ഷെ സലിം കുമാറിനെപ്പോലുള്ള സീനിയര്‍ നടന്‌ ഈ ചിത്രത്തിലെ അഭിനയത്തിന്‌ അവാര്‍ഡ്‌ ലഭിക്കുമെന്ന്‌ കരുതിയിരുന്നു. അവാര്‍ഡുകള്‍ ലഭിക്കുമ്പോഴാണല്ലോ ഏതൊരാളും അറിയപ്പെടുന്നത്‌.

ഇത്തരത്തില്‍ ഒരു വിഷയം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്‌
മൂന്നു കഥകളുടെ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കിയിരുന്നു. അതില്‍ ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാട്‌, സംസ്കാരം, അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആദാമിന്റെ മകന്‍ അബു എന്ന കഥ തെരഞ്ഞെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലെ കഥാപാത്രങ്ങളെല്ലാം നന്മയെ പ്രതിനിധീകരിക്കുന്നവരാണ്‌, അബു എന്ന കഥാപാത്രത്തിന്റെ മകന്‍ ഒഴികെ.

ആദ്യ ചിത്രം തന്നെ ആര്‍ട്ട്‌ സിനിമയില്‍. അതും ഒരു ഹാസ്യതാരത്തെ ഗൗരവമുള്ള റോളില്‍ അവതരിപ്പിച്ചുകൊണ്ട്‌. മലയാള സിനിമയില്‍ ഇതൊരു പരീക്ഷണത്തിന്റെ തുടക്കമാണോ
സിനിമയെടുക്കുമ്പോള്‍ ആര്‍ട്ട്‌ സിനിമയെന്നോ കൊമേഴ്സ്യല്‍ സിനിമയെന്നോ ചിന്തിച്ചിട്ടില്ല. യാഥാര്‍ത്ഥ്യത്തെ സാധാരണക്കാരന്‌ മനസ്സിലാവുന്ന ഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു. സാധാരണ സിനിമകളിലെല്ലാം നായക-നായികാ കഥാപാത്രങ്ങള്‍ ചെറുപ്പക്കാരും അവരുമായി ബന്ധപ്പെട്ട പ്രണയവുമറ്റുമാണ്‌ ചിത്രീകരിക്കാറ്‌. എന്നാല്‍ ഇവിടെ 75 ഉം 65 ഉം പ്രായമുള്ള സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം, സ്നേഹമാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഹജ്ജ്‌ എന്നതല്ല, മറിച്ച്‌ ഉദാത്ത സ്നേഹമാണ്‌ സിനിമയില്‍ വരച്ചു കാട്ടുന്നത്‌. സാധാരണ സിനിമകളിലെ ഫോര്‍മുലയില്‍ നിന്നും വ്യത്യസ്തമാണ്‌ ഈ കാഴ്ചപ്പാട്‌.

സിനിമയിലേക്ക്‌ എത്തിച്ചേര്‍ന്ന വഴി
നന്നെ ചെറുപ്പം തൊട്ടേ സിനിമ ഒരു മോഹമായി എന്റെ ഉള്ളിലുണ്ടായിരുന്നു. ചെറുപ്പത്തില്‍ ചെറുകഥകള്‍ എഴുതുമായിരുന്നു. പഠനത്തിന്‌ ശേഷം എയര്‍ലൈന്‍സ്‌ മേഖലയില്‍ ജോലി ചെയ്യുകയും ഒടുവില്‍ ജോലി ഉപേക്ഷിക്കുകയും ചെയ്തു. തൃശൂര്‍ സ്കൂള്‍ ഓഫ്‌ ആര്‍ട്സില്‍ പഠനത്തിന്‌ ചേര്‍ന്നെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ചു. കലശലായ സിനിമാമോഹം മിനി സ്ക്രീനുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ പ്രേരണയായി. ഇതിനിടയില്‍ സാഫല്യം എന്ന സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും അത്‌ സംവിധാന രംഗത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ സഹായകരമാവുകയും ചെയ്തു.

വരും നാളുകളില്‍ കൂടുതല്‍ സിനിമകളെടുക്കാന്‍ ഉദ്ദേശ്യമുണ്ടോ
തീര്‍ച്ചയായും. ആദാമിന്റെ മകന്‍ അബു പ്രദര്‍ശനത്തിനെത്തിയാലുടന്‍ കയ്യിലുള്ള രണ്ട്‌ തിരക്കഥകളില്‍ ഏതെങ്കിലും ഒന്ന്‌ സിനിമയാക്കാന്‍ ആരംഭിക്കും. സാധാരണക്കാരന്‌ വേണ്ടിയായിരിക്കും എന്നും ചിത്രങ്ങളെടുക്കുക.

അബു എന്ന കഥാപാത്രത്തില്‍ ആത്മാംശത്തിന്റെ ആവിഷ്കാരമില്ലേ
ഇല്ല, ജോലി ചെയ്ത സാഹചര്യത്തിലെ പരിചിത മുഖം മാത്രമാണ്‌ അബു. ജീവിച്ച ചുറ്റുപാട്‌ മാത്രം സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നു. തുടക്കക്കാരനായ താങ്കള്‍ ലാഭം ലക്ഷ്യമാക്കാതെ ഒരു പക്ഷെ സാമ്പത്തികമായി നഷ്ടം സംഭവിക്കുമെന്ന്‌ കണ്ടിട്ടുകൂടി ഇത്തരത്തില്‍ ഒരുദ്യമത്തിലൂടെ വേറിട്ടൊരു ശബ്ദം സിനിമയില്‍ എത്തിക്കുകയായിരുന്നോ

ഒരിക്കലും ഈ സിനിമ നിര്‍മ്മിക്കുമ്പോള്‍ ലാഭം പ്രതീക്ഷിച്ചിട്ടില്ല. മുതല്‍ മുടക്ക്‌ തിരിച്ചു പിടിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. തീര്‍ച്ചയായും വേറിട്ട ശബ്ദം എത്തിച്ചുവെന്ന്‌ പറയാം. ഉത്തരവാദിത്തം വര്‍ദ്ധിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ക്ക്‌ പിന്നാലെ മലയാള സിനിമാ ലോകത്ത്‌ വിവാദങ്ങള്‍ പതിവാണ്‌. പക്ഷെ ഇത്തവണ അവാര്‍ഡുമായി ബന്ധപ്പെട്ട്‌ വിവാദം കാണുന്നില്ല. ഇതിന്‌ ഉത്തരം പറയാന്‍ ഞാനാളല്ല. ഞാനൊരു തുടക്കക്കാരന്‍ മാത്രമാണ്‌. അവാര്‍ഡ്‌ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്‌.

അവാര്‍ഡ്‌ ജൂറിയില്‍ മലയാളി ഇല്ലാത്തതാണ്‌ അവാര്‍ഡ്‌ ലഭിക്കാന്‍ കാരണമെന്ന സലിം കുമാറിന്റെ അഭിപ്രായത്തോട്‌ താങ്കളുടെ പ്രതികരണം പ്രതികരിക്കുന്നില്ല. അത്‌ അവരുടെ അഭിപ്രായം.

മലയാളത്തില്‍ സിനിമകള്‍ പലപ്പോഴും വന്‍ സാമ്പത്തിക പരാജയത്തിലാണ്‌. ഇതിന്‌ കാരണം വിഷ്വല്‍ മീഡിയയുടെ അമിതമായ സ്വാധീനം മലയാളികളെ വീട്ടിലിരുത്തുന്നു. ഇവര്‍ തിയ്യേറ്ററുകളില്‍ പോകാന്‍ താത്പര്യപ്പെടുന്നില്ല. ആദാമിന്റെ മകന്‍ അബു എന്ന കഥയിലെ ഉള്ളടക്കം

ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യവേ കോഴിക്കോട്‌ നന്ന്‌ ബോംബെ വഴി ജിദ്ദവരെ ഫ്ലൈറ്റില്‍ യാത്ര ചെയ്തപ്പോള്‍ കണ്ടുമുട്ടിയ പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന യാത്രക്കാരാണ്‌ കഥയുടെ ഉത്ഭവത്തിന്‌ കാരണം. ഹജ്ജിന്‌ പോവുക എന്നത്‌ പുണ്യമായി കരുതി അതിനനുസരിച്ച്‌ ജീവിക്കുന്ന അബുവിന്റെയും ഭാര്യ ആയിഷുമ്മയുടെയും കഥയാണിത്‌. ഒരു സാധാരണക്കാരന്റെ വിശ്വാസവും പുണ്യം ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹവും. അതോടൊപ്പം വിനാശകരമായ പരിസ്ഥിതി നാശം കൊണ്ടുണ്ടാകുന്ന ഭീഷണികളും ആഗോളഭീകരവാദവും സിനിമയില്‍ പരാമര്‍ശിക്കുന്നു.

സലിം അഹമ്മദ്‌ സംവിധാനവും കഥയും തിരക്കഥയും രചിക്കുകയും കാസര്‍കോട്‌ സ്വദേശിയായ അഷറഫ്‌ ബേഡിയോടൊപ്പം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന സിനിമക്ക്‌ നാല്‌ ദേശീയ പുരസ്കാരങ്ങളും നാല്‌ സംസ്ഥാന പുരസ്കാരങ്ങളുമാണ്‌ ലഭിച്ചിരിക്കുന്നത്‌. ഏറ്റവും നല്ല സിനിമ, ഏറ്റവും നല്ല നടന്‍(സലിം കുമാര്‍), മികച്ച ഛായാഗ്രഹണം(മധു അമ്പാട്ട്‌), പശ്ചാത്തല സംഗീതം(ഐസക്‌ തോമസ്‌ കൊട്ടുകപ്പള്ളി) എന്നിവക്ക്‌ ദേശീയ പുരസ്കാരങ്ങളും മികച്ച നടന്‍(സലിം കുമാര്‍), മികച്ച തിരക്കഥാകൃത്ത്‌(സലിം അഹമ്മദ്‌), പശ്ചാത്തല സംഗീതം(ഐസക്‌ തോമസ്‌ കൊട്ടുകപ്പള്ളി), മികച്ച സിനിമ എന്നീ സംസ്ഥാന അവാര്‍ഡുകളുമാണ്‌ സിനിമക്ക്‌ ലഭിച്ചത്‌. കൂടാതെ മികച്ച സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും സലിം അഹമ്മദിനും നിര്‍മ്മാണ പങ്കാളിയായ അഷ്‌റഫ്‌ ബേഡിക്കും ലഭിക്കും.

മട്ടന്നൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പിആര്‍എന്‍എസ്‌എസ്‌ കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കിയ സലിം ട്രാവല്‍ ആന്റ്‌ ടൂറിസം കോഴ്സ്‌ പൂര്‍ത്തിയാക്കി മട്ടന്നൂരിലും കോഴിക്കോടുമായി ട്രാവല്‍ ഏജന്‍സികളില്‍ ജോലി ചെയ്തു. വിവിധ ചാനലുകളില്‍ കോമഡി പരിപാടികളും വിനോദ പരിപാടികളും സ്കിപ്ര്റ്റ്‌, അഭിനയം എന്നിവ നടത്തി. മട്ടന്നൂര്‍ കേന്ദ്രമായി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ചാപ്ലിന്‍സ്‌ ഇന്ത്യ എന്ന ട്രൂപ്പിലൂടെ നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുക്കുന്നതിന്‌ നേതൃത്വം നല്‍കി. ജില്ലയിലെ നിരവധി കലാകാരന്‍മാര്‍ സലിമിന്റെ ശിഷ്യഗണങ്ങളില്‍പ്പെട്ടവരാണ്‌. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ പി.പി.ഹൗസില്‍ അഹമ്മദ്‌-ആസിയുമ്മ ദമ്പതികളുടെ മകനാണ്‌ സലിം അഹമ്മദ്‌. ഭാര്യ: മഫീദ. മക്കള്‍: അലന്‍, അമല്‍. ഇപ്പോള്‍ സിനിമാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ എറണാകുളം ഇടപ്പള്ളിയില്‍ താമസം.

*


വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം