malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീ സ്വാതന്ത്ര്യം സമം പുരുഷ സ്വാതന്ത്ര്യം

ജി അനില്‍കുമാര്‍
ചൈനയില്‍ അവസാനത്തെ രാജാവ് സ്ഥാനത്യാഗം ചെയ്യുമ്പോള്‍ കൊട്ടാരത്തില്‍ ആയിരത്തിലധികം നപുംസകം അവശേഷിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അന്തഃപുരങ്ങളില്‍ അധിവസിച്ചിരുന്ന റാണിമാരില്‍ ആരെ രാജാവിന് രാത്രി എത്തിച്ചുകൊടുക്കണമെന്ന് നിശ്ചയിക്കുന്നതും അവരെ കുളിപ്പിച്ച് തൈലം പൂശി പട്ടില്‍ പൊതിഞ്ഞ് ചുമന്ന് രാജകൊട്ടാരത്തില്‍ എത്തിച്ചിരുന്നതും ഇവരായിരുന്നു. ചൈനയില്‍ ഉയര്‍ന്ന കുടുംബങ്ങള്‍പോലും ആണ്‍കുട്ടികളെ ഷണ്ഡവല്‍ക്കരിച്ചിരുന്നു. ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കൊട്ടാരത്തില്‍ ജോലി ഉറപ്പാക്കാനും അതുവഴി ഉയര്‍ന്ന വരുമാനത്തിനും രാജകൊട്ടാരവുമായി ബന്ധംസ്ഥാപിക്കുന്നതിനുമുള്ള ഉപാധിയായി കുലീനകുടുംബങ്ങള്‍പോലും ഇതിനെ കരുതിയിരുന്നു. രാജകൊട്ടാരങ്ങളിലെ റാണിമാരുടെ അന്തഃപുരങ്ങളില്‍ കാവല്‍നിന്നിരുന്ന ഭൃത്യന്മാരെ ഷണ്ഡന്മാരാക്കുന്ന പതിവ് എല്ലാ പ്രാചീനസമൂഹത്തിലും നിലനിന്നിരുന്നു.

ലൈംഗികമോഹങ്ങളുണരാത്ത, ഉറച്ച പേശികളുള്ള അര്‍ധപുരുഷന്മാര്‍ ഭരണകൂടം വച്ചുപുലര്‍ത്തുന്ന സദാചാരചിന്തയുടെ അടയാളമായി നിലകൊള്ളുന്നു. ജര്‍മനിയില്‍ ഹിറ്റ്ലറുടെ അധികാരപ്രാപ്തി വേഗത്തിലായത് ലോകം സദാചാരത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണെന്ന വിലയിരുത്തലുകളുണ്ട്. കപടസദാചാരബോധവും അവ സംരക്ഷിക്കുന്ന പുരുഷാധിപത്യ സംവിധാനവും വെല്ലുവിളിക്കപ്പെടുന്നു എന്ന തോന്നല്‍ പുരുഷനെ എത്രമാത്രം അസ്വസ്ഥനാക്കുന്നു എന്നത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമമായി വികസിക്കുന്നതുകാണാം. ലൈംഗിക വിപണനവും അതിക്രമവും സദാചാരലംഘനവും നിറഞ്ഞ വാര്‍ത്തകള്‍ ദിനവും പുറത്തുവരുന്നു. എപ്പോഴും എവിടെയും സ്ത്രീ ആക്രമിക്കപ്പെടുന്നു. ഇതില്‍നിന്ന് വ്യത്യസ്തമാണ് രാത്രി കൊച്ചിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ ജോലിസ്ഥലത്തേക്കുപോയ തസ്നിബാനുവിനു നേര്‍ക്കുണ്ടായ അക്രമം. ബംഗളൂരുവില്‍ പബുകള്‍ക്കുനേരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തിന് സമാനമാണത്. രണ്ടും സാദാചാര സംരക്ഷണത്തിനുവേണ്ടി. യുവതിയുടെ യാത്ര സ്ത്രീലൈംഗികതയെക്കുറിച്ചുള്ള പുരുഷകേന്ദ്രീകൃത സദാചാരബോധത്തിന് വിപരീതമായതാണ് അക്രമത്തിനു പ്രേരകമായത്. സദാചാര പൊലീസ് എന്ന പദംതന്നെ അടുത്തിടെ രൂപംപ്രാപിച്ചതാണ്. പുരുഷകേന്ദ്രീകൃത ലൈംഗികകാഴ്ചപ്പാടുകളാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. സ്ത്രീ സമൂഹത്തില്‍ എങ്ങനെ അടങ്ങിയൊതുങ്ങി ജീവിക്കണം എന്നതുസംബന്ധിച്ച് നിയതമായ രീതികളുണ്ട്. പരിഷ്കൃതമെന്നു കരുതുന്ന നമ്മുടെ സമൂഹവും സ്ത്രീകളെ ഇത്തരം കണ്ടീഷനിങ്ങിന് വിധേയമാക്കുന്നു. പുരുഷന് ഇത് ബാധകമല്ല. ഇത്തരം കണ്ടീഷനിങ്ങില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമം സ്ത്രീകളില്‍ വളരുന്നത് പുരുഷനെ അസ്വസ്ഥനാക്കുന്നു. ലൈംഗികശക്തി എന്നത് ഏതൊരു ജീവിയുടെയും സൃഷ്ടിപരമായ ശക്തിയാണ് (രൃലമശേ്ല ുീംലൃ). ഈ ശക്തിയുടെ സര്‍ഗാത്മകമായ പ്രയോഗത്തിന് തടസ്സം നില്‍ക്കുന്നത് എപ്പോഴും വ്യവസ്ഥിതിയാണ്.

ലൈംഗികതയ്ക്കു മേല്‍ ഉയരുന്ന വിലക്കുകള്‍ വ്യക്തിയുടെ സര്‍ഗശേഷിയെ മരവിപ്പിക്കുന്നതിലേക്കാണ് ചെന്നെത്തുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന പുരുഷമേധാവിത്വം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നത് സ്ത്രീലൈംഗികതയെ അടിച്ചമര്‍ത്തിയും വഴിതിരിച്ചുവിട്ടുമാണ്. കായികശക്തിയെ ലൈംഗികശക്തിയായി തെറ്റിദ്ധരിക്കുന്നതില്‍നിന്നാണ് സ്ത്രീയുടെ അടിമത്തം ആരംഭിക്കുന്നത്. ലിംഗാരാധനപോലുള്ള മതസങ്കല്‍പ്പങ്ങള്‍ പുരുഷമേധാവിത്വം അരക്കിട്ടുറപ്പിച്ച ഘടകങ്ങളാണ്. ലൈംഗികശക്തിയെ സര്‍ഗശക്തിയായി രൂപാന്തരപ്പെടുത്താനുള്ള മനുഷ്യന്റെ കഴിവിനെ എല്ലാ സംഘടിത മതങ്ങളും എതിര്‍ത്തിട്ടുണ്ട്. മനുഷ്യന്റെ സര്‍ഗശേഷി ഭരണകൂടത്തിനെതിരായി ഉണര്‍ന്നെണീക്കാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ഇതിനു പിന്നിലെ പ്രേരകഘടകം. ഈശ്വരന്റെ പിതൃത്വവും മനുഷ്യന്റെ സാഹോദര്യവും പ്രഖ്യാപിക്കുന്നവയാണ് ലോകത്തിലെ മിക്ക പിതൃമേധാവിത്ത (ുമേൃശമൃരവ്യ) മതങ്ങളും. മനുഷ്യന്റെ സാഹോദര്യം ആശയലോകത്തല്ലാതെ പ്രായോഗികലോകത്ത് നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സം പിതാവെന്ന പ്രതീകമാണ്. ഒരു പിതാവിന്റെ മക്കള്‍ എല്ലാവരും തുല്യരല്ല. പിതാവിന്റെ കൂടുതല്‍ പ്രീതിനേടാന്‍ മക്കള്‍ അന്യോന്യം മത്സരിക്കുന്നു. ഈ മത്സരത്തില്‍ കായേന്‍ ഹാബേലിനെ കൊല്ലുന്നു. ഞാനെന്റെ സഹോദരന്റെ കാവല്‍ക്കാരനോ എന്ന കായേന്റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. സര്‍വാധിപതിയായ പിതാവിന്റെ ബിംബം മനസ്സില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് സാഹോദര്യസ്നേഹത്തിന് തടസ്സമാകുന്നു. ഈശ്വരന്‍ , പിതാവ്, ഭരണാധികാരി (െമേലേ) ഇവയെല്ലാം മനുഷ്യമനസ്സിനെ വേട്ടയാടുന്ന പിതൃസങ്കല്‍പ്പങ്ങളാണ്. ഇത്തരം സങ്കല്‍പ്പങ്ങള്‍ തകര്‍ത്തുകൊണ്ടല്ലാതെ സ്ത്രീസ്വാതന്ത്ര്യം സാധ്യമാകില്ല. സ്ത്രീസ്വാതന്ത്ര്യം എന്നും ഭരണകൂടകാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നവയാണ്.

വ്യവസ്ഥാപിത ഭരണകൂടത്തിന്റെ ഔദാര്യത്തിനപ്പുറം സ്ത്രീസ്വാതന്ത്ര്യം വളര്‍ന്നില്ല. ഇത്തരം ഭരണകൂടത്തെ നിലനിര്‍ത്തുന്നതിലും പിതൃ ആധിപത്യ സംവിധാനം രൂപപ്പെടുത്തുന്നതിലും സ്ത്രീകള്‍ക്കും പങ്കുണ്ടെന്നു കാണാം. പുരുഷന്റെ മോഹത്തിനിണങ്ങുന്ന വിധമുള്ള സ്ത്രീ സ്വാതന്ത്ര്യം സ്ത്രീയെ മോചിതയാക്കില്ല. അതുകൊണ്ടുതന്നെ സ്ത്രീസ്വാതന്ത്ര്യം സങ്കീര്‍ണമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തും. കൗരവസഭയില്‍ വസ്ത്രാക്ഷേപത്തിനിരയാകുമ്പോഴും പാഞ്ചാലി ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. "സ്വയം അടിമയാക്കപ്പെട്ട ഭര്‍ത്താവിന് ഭാര്യയുടെമേലുള്ള അവകാശാധികാരം" ആയിരുന്നു ചോദ്യം. ധര്‍മപുത്രര്‍ തലതാഴ്ത്തിയിരുന്നു. പിതാമഹനായ ഭീഷ്മരും ധൃതരാഷ്ട്രരും മൗനികളായി. ഉത്തരം സങ്കീര്‍ണമായിരുന്നു. വ്യവസ്ഥിതിക്ക് സ്വയം കീഴ്പ്പെട്ട പുരുഷന് സ്ത്രീക്കുമേലുള്ള അവകാശം സ്ഥാപിക്കാന്‍ എന്തധികാരം?

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം