malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

യാത്രയിലെ പെണ്‍കാഴ്ചകള്‍

ഗീതാഞ്ജലി കൃഷ്ണന്‍
ആഫ്രിക്കാ വന്‍കരയില്‍ പിറവിയെടുത്ത മനുഷ്യനെന്ന അത്ഭുതജീവി, അനേകം തലമുറകളായി യാത്ര ചെയ്താണ് ഭൂമി മുഴുവനും വ്യാപിച്ചത്. പലായനവും ദേശാടനവുമായ യാത്രകള്‍ , പുതിയ വാസസ്ഥലങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ . "നഷ്ടവസന്തസ്ഥലികളില്‍ നിന്ന് സമൃദ്ധവസന്ത തടങ്ങളിലേക്കിളവറ്റു പറക്കും പക്ഷികള്‍ പോലെ..." ഇപ്പോഴും നിരന്തരം യാത്രചെയ്യുന്ന നാടോടികള്‍ ഉണ്ട്. യാത്രയില്ലാതെ ജീവനില്ല. ഭൂമി യാത്രചെയ്യുമ്പോഴും അത് സൂര്യന്റെ അയനമെന്ന് വിളിക്കാനാണ് നമുക്കിഷ്ടം. ഒരാള്‍ യാത്ര ചെയ്യുന്നത് എന്തിനുവേണ്ടിയാകും? സ്ഥലങ്ങള്‍ കാണാനും രസിക്കാനുമുള്ള ആഗ്രഹം എല്ലാവരിലും കുടിയിരിപ്പുണ്ട്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനും തനിക്ക് യോജിച്ച ഇടം കണ്ടെത്തി അവിടെ വേരുറപ്പിക്കാനുമുള്ള ചോദന എല്ലാ ജീവജാതിയിലും ഉണ്ട്. ചെടികളും മരങ്ങളും യാത്രക്ക് സജ്ജമാക്കി വിത്തുകളെ സൃഷ്ടിക്കുന്നു. പ്രായപൂര്‍ത്തിയാവുമ്പോള്‍ ജനിച്ച കൂടുവിട്ട് പക്ഷികളും മൃഗങ്ങളും ദൂരെപ്പോകുന്നു. കച്ചവടത്തിനും മതപ്രചാരണത്തിനും സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനുമായി മനുഷ്യന്‍ ചെയ്ത യാത്രകള്‍ , ചരിത്രം രേഖപ്പെടുത്തിവച്ച യാത്രാവിവരണങ്ങളായി. ഹുയാന്‍ സാങ്ങും ഇബന്‍ ബത്തൂത്തയും വില്യം ലോഗനുമെല്ലാം അമൂല്യങ്ങളായ വിവരങ്ങളാണ് പിന്‍തലമുറക്ക് നല്‍കിപ്പോയത്. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് ലോകം മുഴുവന്‍ ഒറ്റഗ്രാമമായി ചുരുങ്ങുമ്പോള്‍ യാത്ര ചെയ്യുന്നവര്‍ , യാത്രക്കുള്ള സൗകര്യങ്ങള്‍ , എല്ലാം അനേക മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ബിസിനസ് കാര്യങ്ങള്‍ക്കായി ഇന്ന് ലോകം മുഴുവന്‍ യാത്രചെയ്യുന്ന എത്രയോ പേരുണ്ട്! അവര്‍ക്ക് യാത്രകള്‍ കൂടുതലും കൂടിക്കാഴ്ചകളാണ്.

സഞ്ചാര സാഹിത്യം സര്‍ഗാത്മക സാഹിത്യമല്ല എന്ന് സാഹിത്യലോകത്ത് ഒരു ധാരണയുണ്ട്. എം പി വീരേന്ദ്രകുമാറിന്റെ "ഹൈമവതഭൂവിലിന്" സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ മാധ്യമങ്ങളില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായി. സര്‍ഗാത്മകതയുടെ സ്പര്‍ശനമില്ലെങ്കില്‍ , കാണുവാനും കേള്‍ക്കുവാനുമുള്ള കഴിവില്ലെങ്കില്‍ , നിരീക്ഷണ പാടവമില്ലെങ്കില്‍ , യാത്രാവിവരണം ഒരു റിപ്പോര്‍ട്ട് മാത്രമായിരിക്കും. യാത്രാവിവരണത്തില്‍ ഭാവന പറ്റില്ലല്ലോ. വിവരങ്ങള്‍ വാസ്തവമായിരിക്കണം. ഏതൊരു സാഹിത്യസൃഷ്ടിയെയും പാരായണക്ഷമമാക്കുന്നത് അതിലെ ഭാഷയുടെ മനോഹാരിതയാണ്. അറിവുകള്‍ , ഓര്‍മകള്‍ , അനുഭവങ്ങള്‍ , വെളിപ്പെടുത്തലുകള്‍ , കാഴ്ചകള്‍ , ആശയങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ രചനയാവുമ്പോഴേ യാത്രാവിവരണവും നല്ലതാവൂ. സര്‍ഗാത്മക സൃഷ്ടിയെക്കാളും യാത്രാവിവരണമെഴുതാന്‍ പണവും സമയവും അധ്വാനവും കൂടുതല്‍ വേണമെന്ന് എസ് കെ പൊറ്റെക്കാട്ട്. "സഞ്ചാരത്തിനു ചെലവഴിച്ച കാലത്തെക്കാളും, അനുഭവിച്ച ക്ലേശങ്ങളെക്കാളും കൂടുതല്‍ കാലവും ക്ലേശങ്ങളും ആ സഞ്ചാരവിവരണങ്ങളെഴുതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നു എന്നത് ഒരു പരമാര്‍ഥം മാത്രമാണ്" എന്ന് എസ് കെ തന്റെ ഏറ്റവും മികച്ച രചനകളിലൊന്നായ ബാലിദ്വീപിന്റെ ആമുഖത്തില്‍ പറയുന്നു.

യാത്രകള്‍ , സഞ്ചാരിയുടെ കൗതുകം എല്ലാവരിലും കുടിയിരിപ്പുണ്ട്. ഏതുതരം യാത്രയിലും കൗതുകത്തിനു കുറവുണ്ടാകുന്നില്ല. "യാത്രകളില്‍ യാതനകളുണ്ടാവുമ്പോഴും പുതിയ സ്ഥലങ്ങള്‍ , ആളുകള്‍ , ഭക്ഷണം ഇവ പരിചയപ്പെട്ട് ആനന്ദിക്കുന്നത് ആരോഗ്യമുള്ള മനസ്സിന്റെ പ്രത്യേകതയാണ്. സംഗീതം ആസ്വദിക്കുന്നതുപോലെ നൈസര്‍ഗികമായ ചോദന. ഈ ചോദനയില്‍ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരല്ല. യാത്രകളോരോന്നും പുതിയ പുതിയ അനുഭവങ്ങള്‍ തരുന്നു. സര്‍വോപരി ആനന്ദം തരുന്നു. യാത്രാവിവരണം ആ ആനന്ദത്തിന്റെ അടയാളമാണ്. "ഓരോ യാത്രയും നിങ്ങളെ മറ്റൊരാളാക്കുന്നു" എന്ന ചൈനീസ് പഴഞ്ചൊല്ലുപോലെ. മലയാളഭാഷയില്‍ യാത്രാവിവരണങ്ങള്‍ ധാരാളമായി പുറത്തുവരുന്നുണ്ടെങ്കിലും ഉത്തമഗ്രന്ഥങ്ങളുടെ കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്താവുന്നവ അനേകമില്ല. എസ് കെ പൊറ്റെക്കാട്ടിനുശേഷം, എം പി വീരേന്ദ്രകുമാറും സക്കറിയയുമാണ് യാത്രാവിവരണങ്ങള്‍ നല്‍കി ഭാഷയെ സമ്പന്നമാക്കിയവര്‍ . കെ എ ബീന, കെ വി സുരേന്ദ്രനാഥ്, ആഷാമേനോന്‍ , എം കെ രാമചന്ദ്രന്‍ , രവീന്ദ്രന്‍ , പി വത്സല തുടങ്ങിയവരും ഈ കൂട്ടത്തിലുണ്ട്.

യാത്ര ചെയ്തുകഴിഞ്ഞ്, മടങ്ങി, അത് അപഗ്രഥിക്കുമ്പോഴാണ് യാത്രാവിവരണം പിറക്കുക. തന്നെ സ്പര്‍ശിച്ച കാഴ്ചകള്‍ , അനുഭവങ്ങള്‍ , പരിചയപ്പെട്ട സഹയാത്രികര്‍ , സുഹൃത്തുക്കള്‍ , കണ്ട ദേശത്തിന്റെ പ്രത്യേകതകള്‍ , അവിടത്തെ ജീവിതം എല്ലാം യാത്രാവിവരണത്തില്‍ വിഷയമാവുന്നു. സംഘമായി യാത്ര ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കഥാപാത്രങ്ങളായി വരും. അവരുടെയും സന്തോഷങ്ങളും ദുഃഖങ്ങളും വായനക്കാരുമായി പങ്കുവക്കും. യാത്രചെയ്തെത്തുന്ന സ്ഥലം സഞ്ചാരിയുടെ സ്വപ്നഭൂമിയാണ്. അല്ലാതെ വെറുതെ സന്ദര്‍ശനം നടത്തുന്നയാള്‍ യാത്രാവിവരണമെഴുതുകയില്ല. തന്റെ പാരസ്പര്യങ്ങള്‍ : ചെന്നുകയറുന്നിടം തന്റെ വീട്, തന്റെ ലോകം എന്നു കരുതുന്നയാളാണ് സഞ്ചാരി. സാമൂഹ്യക്രമങ്ങള്‍ സ്ത്രീയെയും രൂപപ്പെടുത്തിയിരിക്കുന്നത് അങ്ങനെതന്നെയാണ്. സ്വന്തം വീടുവിട്ട് അന്യദേശത്തും അന്യഗൃഹത്തിലും തന്റെയിടം തേടേണ്ടവള്‍ . അവിടെ ഇണങ്ങിയും പിണങ്ങിയും സമരസപ്പെടേണ്ടവള്‍ . ഏതു ദേശവും കാലവും സ്വന്തമെന്നു കരുതാന്‍ പഠിപ്പിക്കപ്പെട്ടവള്‍ . അവള്‍ക്കല്ലാതെ ആര്‍ക്കാണ് നല്ല യാത്രാനുഭവങ്ങള്‍ എഴുതാന്‍ സാധിക്കുക?

സ്ത്രീകളുടെ യാത്രകള്‍ , യാത്രാവിവരണങ്ങള്‍ എങ്ങനെ വിഭിന്നമാവുന്നു എന്നതാണ് ഈ അന്വേഷണം. മലയാളത്തില്‍ യാത്രാവിവരണങ്ങള്‍ എഴുതുന്ന സ്ത്രീകള്‍ എത്രയോ കുറവ്. ജനപ്രിയ സാഹിത്യ ശാഖയായിട്ടും സ്ത്രീകള്‍ യാത്രകള്‍ , യാത്രാവിവരണങ്ങള്‍ രേഖപ്പെടുത്തുന്നില്ല. എണ്ണമെടുത്താല്‍ എല്ലാംകൂടി വിരലിലെണ്ണാവുന്നതേ ഉണ്ടാവൂ. സ്വന്തം ശരീരം എന്ന തരളമായ ഭാരവുംപേറി പെണ്‍മനസ്സിന് തനിയേ യാത്ര ചെയ്യാനാവില്ലല്ലോ, യാതന നിറഞ്ഞ, ജീവിതയാത്ര എന്ന വമ്പന്‍ യാത്രയല്ലാതെ. സ്ത്രീകള്‍ പൊതുവേ ആരെയെങ്കിലും അനുഗമിച്ചും സംഘം ചേര്‍ന്നും യാത്രകള്‍ നടത്തുന്നു. യാത്രകളിലെ സുരക്ഷിതത്വം സ്ത്രീക്ക് വലിയൊരു പ്രശ്നമാണ്. ഇന്ത്യയില്‍ , പ്രത്യേകിച്ച് കേരളത്തില്‍ . ഈയടുത്ത ദിവസം സൗമ്യ എന്ന പെണ്‍കുട്ടിക്ക് തീവണ്ടിയാത്രക്കിടയില്‍ സഹയാത്രികനില്‍നിന്നും പീഡനമേറ്റുവാങ്ങി മരണം വരിക്കേണ്ടിവന്ന സാഹചര്യമാണ് കേരളത്തിലെ യാത്രയിലെ സുരക്ഷിതത്വം. സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ബേജാറില്ലാതെ പടിഞ്ഞാറന്‍ വനിതകള്‍ ഇപ്പോള്‍ സുഖമായി യാത്ര ചെയ്യുന്നുണ്ട്. ഒറ്റക്കും, പിന്നെ സംഘം ചേര്‍ന്നും. എന്തുകൊണ്ട് സ്ഥലങ്ങള്‍ കാണാന്‍ മാത്രമായി ഇന്ത്യയിലെ സ്ത്രീകള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നില്ല? ബാക്ക് പാക്കുമായി ഒറ്റക്കു സഞ്ചരിക്കുന്ന ഒരു മദാമ്മ.... അവരെയും ഈ നാട് വെറുതേ വിടാറുണ്ടോ? ചിലപ്പോള്‍ കേള്‍ക്കാം, ഗോവന്‍ കടപ്പുറത്ത്, അല്ലെങ്കില്‍ വര്‍ക്കല പാപനാശത്ത്, വിദേശയുവതി മാനഭംഗം ചെയ്തു കൊല്ലപ്പെട്ട നിലയില്‍ ... എങ്കിലും വിദേശിവനിതകള്‍ യാത്ര ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് യാത്രക്കിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ചോദ്യം വരും, ഇവള്‍ക്ക് മര്യാദക്ക് വീട്ടിലിരുന്നുകൂടായിരുന്നോ? എന്തിനാണ് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത്?

"കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ" എന്നു ചൊല്ലി മലയാളികള്‍ എന്നും സ്ത്രീ യാത്രകളെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അതിലേറെ, പെണ്ണിന് വീടിനുപുറത്തു പോവാന്‍ ഒട്ടേറെ വിലക്കുകളുണ്ട്. തനിച്ച് യാത്രക്കു പോയിട്ട് തിരിച്ചു വീടെത്തിയാല്‍ സമാധാനമോ സൈ്വരമോ കിട്ടുമെന്നുറപ്പില്ല. വീടിന്റെ അകത്തേക്ക് കയറ്റുമോ എന്നുതന്നെ തീര്‍ച്ചയില്ല. എങ്കിലും യാത്രകള്‍ക്കുവേണ്ടി സ്ത്രീകള്‍ എത്ര ദാഹിക്കുന്നുവെന്നതിനുദാഹരണമാണ് മൈന ഉമൈബാന്റെ കാട്ടുപൊന്തയിലെ സഞ്ചാരവും സുജാതാദേവിയുടെ കാടുകളുടെ താളം തേടി എന്ന പഠനയാത്രയും. സാധാരണ ജനപഥങ്ങളില്‍പോലും സഞ്ചാരം അപ്രാപ്യമാണെന്നിരിക്കെയാണ് ഈ സ്ത്രീകള്‍ വനയാത്ര നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇവര്‍ എന്തുകൊണ്ട് യാത്രകള്‍ വിവരിക്കുന്നുവെന്നാല്‍ , തന്റെ യാത്രകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെ എന്നുകരുതി മാത്രമാണ്. ഒരുതരം പാത വെട്ടിത്തെളിക്കല്‍ കൂടിയാണ് ഇവര്‍ക്ക് യാത്രകള്‍ . മൈന ഉമൈബാന്‍ എഴുതുമ്പോലെ: കൈയില്‍ വെട്ടുകത്തി കരുതും. കരിങ്കുറിഞ്ഞി വെട്ടിയും വകഞ്ഞുമാറ്റിയും വഴിയുണ്ടാക്കും. യാത്രക്കിടക്ക് ജീപ്പിലും മറ്റും വരുന്ന മനുഷ്യരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ കാട്ടുപൊന്തയിലോ മരച്ചുവട്ടിലോ പതുങ്ങിയിരിക്കേണ്ടതായും വരും (കാട്ടുപൊന്തയിലെ സഞ്ചാരം). സുജാതാദേവിയെപ്പോലെ, സര്‍ക്കാര്‍ സംവിധാനങ്ങളുമായി സമരം ചെയ്തുകൊണ്ട് നാഷണല്‍ പാര്‍ക്കുകളുടെയും സംരക്ഷിതവനങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ വായനക്ക് അവതരിപ്പിക്കുകയുമാവാം (കാടുകളുടെ താളം തേടി).

സ്ത്രീ യാത്രകളിലെ വൈവിധ്യം


യാത്രകള്‍ രേഖപ്പെടുത്താതെ പോവുന്നു എന്നതാണ് സത്യം. അല്ലാതെ യാത്രകള്‍ ഇല്ലാഞ്ഞല്ല. സ്ത്രീ യാത്രകളെക്കുറിച്ച് പറയുമ്പോള്‍ ഇതിഹാസപ്രസിദ്ധമായ രണ്ട് യാത്രകളുണ്ട്. ഗാന്ധാരദേശത്തെ രാജകുമാരിയായ ഗാന്ധാരി ഹസ്തിനപുരത്തേക്കു വന്ന യാത്ര. (ഇരാവതി കാര്‍വേ, തന്റെ മഹാഭാരത പഠനങ്ങളില്‍ ഗാന്ധാരിയുടെ ഈ യാത്ര വിവരിക്കുന്നുണ്ട്. അന്ധനായ രാജകുമാരനുവേണ്ടി അതറിയിക്കാതെ ദൂരദേശത്തുനിന്ന് വധുവിനെ കൊണ്ടുവന്നത.്) മറ്റൊന്ന് സീത ശ്രീരാമനെ അനുഗമിച്ചുചെയ്ത വനയാത്ര. ഇതു രണ്ടുമാണ് സ്ത്രീ യാത്രകളുടെ മാതൃകകള്‍ . അറിയാത്ത, കാണാത്ത ദേശത്തേക്ക് ഉള്ള വധുവിന്റെ യാത്ര, അതുപോലെതന്നെ ഭര്‍ത്താവിനെ അനുഗമിച്ചുകൊണ്ടുള്ള അനുയാത്ര. മിസിസ് കെ എം മാത്യുവിനെ നാം അറിയുക പാചകഗ്രന്ഥങ്ങളെഴുതുന്ന വിദഗ്ധയായ വീട്ടമ്മയായിട്ടാണ്. അന്നമ്മ മാത്യു എന്ന അവര്‍ , ഭര്‍ത്താവിനോടൊപ്പം അനേകം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കയും അതിമനോഹരങ്ങളായ യാത്രാവിവരണങ്ങള്‍ നമുക്ക് തരികയും ചെയ്തിട്ടുണ്ട്. പഠനകാലം തമിഴ്നാട്ടില്‍ കഴിച്ചുകൂട്ടിയ ലേഖികക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു എന്ന് ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. ഈ ലേഖനങ്ങളെല്ലാം പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ചതാവണം. മിസിസ് റേയ്ച്ചല്‍ തോമസ് മനോരാജ്യം വാരികയിലെ അമ്മയും കുഞ്ഞും എന്ന പങ്തി കൈകാര്യം ചെയ്തിരുന്നവരാണ്. "ലോകമേ തറവാട്" എന്ന അവരുടെ യാത്രാവിവരണവും ഒരു അനുയാത്രയാണ്.

സ്ത്രീകള്‍ക്ക് പൊതുവേ മൂന്നുതരം യാത്രകളാണ് അടയാളപ്പെടുത്തിക്കാണുന്നത്. 1. അനുയാത്ര 2. സംഘം ചേര്‍ന്നുള്ളയാത്ര 3. തൊഴിലിന്റെ ഭാഗമായുള്ള യാത്ര. മിക്കവാറും എല്ലാ യാത്രാവിവരണങ്ങളും ഇവയില്‍പ്പെടും. (ഏകാന്തവും സാഹസികവുമായ ഒരു സ്ത്രീയാത്രയേ മലയാളത്തില്‍ ഉള്ളൂ. അത് സുജാതാദേവിയുടെ കാടുകളുടെ താളം തേടി എന്ന പഠനയാത്രയാണ്.) അനുയാത്രകള്‍ കൂടുതലും ചെന്നുചേരുന്ന നാട്ടിലെ പ്രവാസ ജീവിതമാണ് വിവരിക്കുന്നത്. സ്ത്രീജീവിതം എന്നും പ്രവാസമാണ്. ജനിച്ചുവളര്‍ന്ന വീട്ടിലോ നാട്ടിലോ അല്ലല്ലോ അവള്‍ തന്റെ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്നത്. സംഘം ചേര്‍ന്നുള്ള യാത്രകള്‍ തീര്‍ഥയാത്രകളും വിനോദയാത്രകളുമാണ്. അവ ഇക്കാലത്ത് സ്ത്രീകളുടെയിടയില്‍ കൂടുതലായി കാണുന്നു. കാരണം സാമ്പത്തിക സ്വാതന്ത്ര്യം തന്നെ. വത്സലാ മോഹന്റെ "കൈലാസപരിക്രമണം" ഒരു തീര്‍ഥയാത്രയാണ്. ഭക്തിരസപ്രധാനമെങ്കിലും സ്വതന്ത്രയായ ഒരു സ്ത്രീയുടെ യാത്രാവിവരണമെന്ന നിലയില്‍ ഇത് പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും കൈലാസവും മറ്റും സ്ത്രീകള്‍ക്ക് അഗമ്യങ്ങളാണെന്ന് എം കെ രാമചന്ദ്രനെപ്പോലുള്ളവര്‍ പറഞ്ഞുവച്ചിരിക്കുന്ന സ്ഥിതിക്ക്. ഔദ്യോഗികമായ യാത്രകള്‍ മിക്കപ്പോഴും നല്ല യാത്രാവിവരണങ്ങള്‍ക്ക് പ്രചോദനമാകാറുണ്ട്. ഔദ്യോഗിക യാത്രയായ കെ ഗൗരിയമ്മയുടെ ലണ്ടന്‍ ഡയറിയാണ് മലയാളി സ്ത്രീ എഴുതിയ ആദ്യ വിദേശയാത്രാവിവരണം എന്നു തോന്നുന്നു (1959ല്‍ ). കെ എ ബീനയുടെ "ബീന കണ്ട റഷ്യ" എന്ന കുട്ടിക്കാല റഷ്യന്‍ യാത്രയേയും ഔദ്യോഗിക യാത്രയുടെ ഗണത്തില്‍ ഉള്‍പ്പെടുത്താം.

പെണ്‍കാഴ്ചകള്‍


കാഴ്ചയും കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസമാണ് സ്ത്രീ യാത്രകളെയും പുരുഷയാത്രകളെയും വിവരണങ്ങളില്‍ വ്യത്യസ്തമാക്കുന്നത്. സ്ത്രീകളുടെ കണ്ണുകള്‍ താരതമ്യേന വലുതും ഒരേസമയം വിസ്തൃത വീക്ഷണം നല്‍കുന്നതുമാണ്. അതേസമയം പുരുഷന്റേത് ചെറുതും കേന്ദ്രീകൃത വീക്ഷണം നല്‍കുന്നതുമാണ്. ഏകാഗ്രമായ സമീപനത്തിനും പഠനത്തിനും (വേട്ടക്കും) ഈ രീതി - പുരുഷ വീക്ഷണം - സഹായകമാവുന്നു. അതേസമയം വിസ്തൃത വീക്ഷണം പലകാര്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് താരതമ്യേന എളുപ്പമാക്കുന്നു. സ്ത്രീരചനകള്‍ക്ക് സ്നേഹവും ലാവണ്യവും സൗന്ദര്യം പകരാറുണ്ട്. പുരുഷരചനകള്‍ക്ക് അനുഭവവും നിരീക്ഷണവുമാണ് കരുത്ത്. കാണുന്ന കാഴ്ചയിലെ ഒരേ കാര്യം തന്നെ സ്ത്രീയും പുരുഷനും വ്യത്യസ്ത രീതിയിലാണ് വിവരിക്കുക. ഉപയോഗിക്കുന്ന വാക്കുകളോട്, വിവരണങ്ങളോട് ഒരടുപ്പക്കൂടുതല്‍ അനുഭവപ്പെടും.

ആര്‍ത്തേക്ക് ഉള്‍പ്പെട്ട ഉക്രൈന്‍ സംസ്ഥാനത്തെപ്പറ്റി കെ എ ബീനയും എസ് കെ പൊറ്റെക്കാടും പറയുന്നത് ഇങ്ങനെ: എസ് കെ: "പുല്ലു മേഞ്ഞ കര്‍ഷക ഗൃഹങ്ങള്‍ . വെള്ള വലിച്ച ചുമരുകളോടുകൂടിയ ആ വീടുകളുടെ ആകൃതി ഏതാണ്ട് കേരളത്തിലെ ഒരു നാടന്‍ വീടിന്റേതുപോലെ തന്നെയാണ്. വീടിന്റെ മുതുകത്ത് ചതുരാകൃതിയിലുള്ള ഒരു പുകക്കുഴല്‍ തങ്ങിനില്‍ക്കുന്നു എന്ന വ്യത്യാസം മാത്രമുണ്ട്".

കെ എ ബീന: "കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് എന്നും ആര്‍ത്തേക്ക് കേരളത്തെ ഓര്‍മിപ്പിക്കാന്‍ സഹായകമായിരുന്നു. പച്ചനിറമാര്‍ന്ന പ്രകൃതി. പൂത്തുലഞ്ഞ ചെടികള്‍ . മലയും കടലും. രണ്ടു ദേശങ്ങളും തമ്മിലെന്തു സാമ്യം! കരിങ്കടലിലൂടെ അരിച്ചരിച്ചു നീങ്ങുന്ന കപ്പലുകള്‍ . ബോട്ടുകള്‍ . ഇവിടം എത്ര ആകര്‍ഷകമായിരിക്കുന്നു.!"

സ്ത്രീ യാത്രകളെ, വിവരണങ്ങളെ വിമര്‍ശന വിധേയമായാണ് പാശ്ചാത്യ നിരൂപകര്‍ കാണുന്നത്. സ്ത്രീകള്‍ യാത്രയിലുണ്ടായ വൈകാരികാനുഭവങ്ങള്‍ക്ക് കാഴ്ചകളെക്കാള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നു. ഭൂപ്രകൃതിയും സ്മാരകങ്ങളും വിവരിക്കുന്നതിനുപകരം അവിടത്തെ ജീവിതം വിവരിക്കുന്നു... എന്നിങ്ങനെ. അതുകൊണ്ടുതന്നെ പല പാശ്ചാത്യ വിമര്‍ശകരും പറയാറുള്ളത് സ്ത്രീകളുടെ യാത്രാവിവരണങ്ങള്‍ക്ക് വായനക്കാര്‍ കുറവാണെന്നും അവ ശുഷ്കമാണെന്നുമാണ്. എന്നാല്‍ , മലയാളത്തില്‍ ഈ വിവരണങ്ങള്‍ക്ക് വായനക്കാര്‍ കുറവാണെന്ന് തോന്നുന്നില്ല. മലയാളത്തിലെ ജനപ്രിയ സാഹിത്യശാഖയാണ് യാത്രാവിവരണം, ആരെഴുതിയാലും. വീടും വീട്ടുകാരും ഇല്ലാതെ പുരുഷന്‍ നടത്തുന്ന യാത്രയും, ഏതു യാത്രയായാലും അതെന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നു പറയുന്ന സ്ത്രീ യാത്രയും വിഭിന്നമാകുന്നത് എന്തും സ്വാംശീകരിക്കാനുള്ള അവളുടെ കഴിവുകൊണ്ടാണ്. കോളനി വാഴ്ചക്കാലത്ത് ഭര്‍ത്താവിനോ അച്ഛനോ സഹോദരനോ ഒപ്പം ഇന്ത്യയിലേക്കുവന്ന യൂറോപ്യന്‍ വനിതകള്‍ ധാരാളം യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ടത്രേ. ഇന്ത്യയിലെ അക്കാലത്തെ ജീവിതത്തെപ്പറ്റിയുള്ള യഥാര്‍ഥ പരിഛേദം ഈ വിവരണങ്ങള്‍ നല്‍കുന്നുവെന്ന് ഇന്ദിരാഘോഷ് കണ്ടെത്തിയിരിക്കുന്നു (ഠവല ുീംലൃ ീള വേല ളലാമഹല ഴമ്വല ണീാലി േൃമ്ലഹഹലൃെ ശി ഇീഹീിശമഹ കിറശമ). ഒരുപക്ഷേ, "വോഡ്ക്ക" എന്ന പദമില്ലാത്ത ഏക റഷ്യന്‍ യാത്രാവിവരണം "ബീന കണ്ട റഷ്യ" ആയിരിക്കും. പുരുഷന്മാരുടെ പല യാത്രാവിവരണങ്ങളിലും കാണും, മദ്യപാനത്തെക്കുറിച്ചും അന്നാട്ടിലെ, താനഭിമുഖീകരിച്ച സ്ത്രീകളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ . ഇവ എഴുത്തിന്റെ വിപണനസാധ്യതയെ തീര്‍ച്ചയായും വര്‍ധിപ്പിക്കുന്നുണ്ടാവും. പരിസരം കാണുവാനും അവിടത്തെ ജീവിതം വിവരിക്കുവാനും സ്ത്രീകള്‍ താല്‍പ്പര്യപ്പെടുമ്പോള്‍ പുരുഷന്മാര്‍ ഹോട്ടലുകളെക്കുറിച്ചും മദ്യശാലകളെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചും എഴുതുന്നു. മുന്‍പേ യാത്ര ചെയ്ത സ്ത്രീകളുടെ ചാരിത്ര വിശുദ്ധിക്ക് കോട്ടം സംഭവിച്ചിട്ടുള്ളതിനാലാണ് യാത്രക്കിടയില്‍ ദുരന്തങ്ങളുണ്ടാവുന്നത് എന്ന അന്ധവിശ്വാസവും പരത്തുന്നു. കൈലാസ് യാത്രക്ക് വിശ്രുത നര്‍ത്തകിയായിരുന്ന പ്രൊതിമാ ബേദി ഉള്‍പ്പെട്ടതിനാലാണ് മാള്‍പ്പാ ദുരന്തമുണ്ടായത് എന്ന് യാത്രാവിവരണങ്ങളില്‍ രണ്ടുപേര്‍ സമര്‍ഥിക്കുന്നു (എം കെ രാമചന്ദ്രന്‍ : കൈലാസ് മാനസ സരോവര്‍ യാത്ര, ആഷാ മേനോന്‍ : ഹിമാലയ പ്രത്യക്ഷങ്ങള്‍). സര്‍വം സഹയായ പ്രകൃതിക്ക് സ്ത്രീയുടെ ചാരിത്രവിശുദ്ധിയില്‍ എത്ര താല്‍പ്പര്യം! യാത്രകളെ അവിസ്മരണീയമാക്കിയ എസ് കെ പൊറ്റെക്കാട്ടിന്റെ മുന്നില്‍ നമസ്കരിക്കാതെ ആര്‍ക്കും മലയാളത്തിലെ യാത്രാവിവരണങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കയില്ല. എങ്കിലും സ്ത്രീവിരുദ്ധമായ പ്രയോഗങ്ങള്‍ , ആശയങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിലും സുലഭം. "ചരക്ക്", "പെണ്‍കൊതിചാപ്പന്മാര്‍" (ബാലിദ്വീപ്) ഇങ്ങനെ. അപരിചിതരായ സ്ത്രീകള്‍ ലൈംഗികാനുഭവങ്ങള്‍ക്കായി പിന്തുടര്‍ന്നതും പണം വാങ്ങിയതും മറ്റും വിവരിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സോവിയറ്റ് യാത്രക്കുറിപ്പുകളിലാണ്. പെണ്‍കുട്ടികള്‍ മുന്നോട്ടുവന്ന് ഡ്രിംഗ്സ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതും കൂടെക്കൂടിയതും മറ്റും പല യാത്രാവിവരണങ്ങളിലും കാണാം (ടി എന്‍ ഗോപകുമാര്‍ : വോള്‍ഗാ തരംഗങ്ങള്‍ , പുനത്തില്‍ കുഞ്ഞബ്ദുള്ള: വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍).

സ്ത്രീകള്‍ക്ക് എഴുതാന്‍ പുരുഷന്മാരെപ്പോലെ അനുഭവങ്ങളില്ല എന്നു ചില വിമര്‍ശകരും പരിഹസിക്കാറുണ്ട്. മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരും സഞ്ചാരികളോ (എം ടി, ബഷീര്‍ , എസ് കെ പൊറ്റെക്കാട്ട്) മഹാ നഗരങ്ങളില്‍ ചേക്കേറിയവരോ ആണ് (മാധവിക്കുട്ടി, ഒ വി വിജയന്‍ , എം മുകുന്ദന്‍). അനുഭവമാണ് എഴുത്തിനുള്ള ഏറ്റവും നല്ല പാഠം എന്നതിന് തര്‍ക്കമില്ല. എഴുത്തിനുള്ള നിമിത്തവും അതുതന്നെയാണ്. അനുഭവം തേടിയുള്ള പുരുഷന്റെ യാത്രയും, ഏതിടവും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ വെമ്പല്‍ പൂണ്ട സ്ത്രീയാത്രയും തമ്മില്‍ അന്തരമുണ്ടാവുന്നത് ഇതുകൊണ്ടാണ്. ഭാഷയിലും പാഠത്തിലും കൈവരുന്ന പെണ്‍മനസ്സിന്റെയും സത്തയുടെയും മുദ്രണമാണത്. വിവാഹം തന്നെ തീര്‍ത്തും അപരിചിതമായ യാത്രയോ പറിച്ചുനടലോ ആണല്ലോ. വരന്റെ വീട്, അവിടത്തെ ബന്ധുക്കള്‍ എന്നിവ മുന്‍പ് കണ്ടിട്ടോ പരിചയിച്ചിട്ടോ ഉണ്ടാവില്ല. യാത്ര ചെയ്തെത്തുന്ന അപരിചിതമായ വീട്ടില്‍ , ദേശത്തില്‍ അവരോടൊപ്പമാണ് ഇനി ജീവിക്കേണ്ടത്. അതിജീവനത്തിന്റെ സ്ത്രീമന്ത്രം. സമരവും സമരസപ്പെടലും. പല സ്ത്രീയാത്രകളിലും ഈ അതിജീവനത്തിന്റെ ജീവശാസ്ത്രം വായിക്കാം. എഴുതുന്ന കര്‍ത്തൃത്വത്തിന്റെയും പാഠത്തിന്റെയും കാര്യത്തില്‍ ചെറിയ വ്യത്യാസം അുനഭവപ്പെടുമെങ്കിലും എം പി വീരേന്ദ്രകുമാര്‍ , കെ വി സുരേന്ദ്രനാഥ് എന്നിവരുടെ യാത്രാവിവരണങ്ങള്‍ക്ക് പുരുഷകേന്ദ്രീകൃതങ്ങളായ സമീപനങ്ങളോ മേല്‍വിവരിച്ചതുപോലുള്ള രസകരങ്ങളായ അനുഭൂതി വിവരണങ്ങളോ ഇല്ല. കുടുംബസമേതനായാണ് വീരേന്ദ്രകുമാര്‍ സഞ്ചരിക്കുന്നത്. അദ്ദേഹം പ്രകൃതിയെയും പരിസ്ഥിതിയേയും പറ്റി ആകുലനാവുന്നു. അതുപോലെ, കെ വി സുരേന്ദ്രനാഥിന്റെ കൈലാസ്-മാനസ സരോവര്‍ യാത്ര, മാനവികതയും പരിസ്ഥിതി സ്നേഹവും ഒത്തിണങ്ങിയ ഒരു കമ്യൂണിസ്റ്റുകാരന്റെ യാത്രയാണ് (ലോകത്തിന്റെ മുകള്‍ത്തട്ടിലൂടെ). ഭക്തിയുടെ അംശമില്ലാത്ത ഈ യാത്ര, മറ്റേതൊരു കൈലാസയാത്രാ വിവരണത്തെക്കാളും മികച്ചതാവുന്നതും അതുകൊണ്ടാണ്. യാത്രാവിവരണങ്ങള്‍ കാണുന്ന, സഞ്ചരിക്കുന്ന സ്ഥലത്തെക്കാളേറെ, എഴുതുന്നയാളുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്. നോവലും മറ്റും പരകായപ്രവേശത്തിന്റെ അനുഭവങ്ങളാവുമ്പോള്‍ , ഇത്, സ്വന്തം അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിവരണങ്ങളാവുന്നു, ആത്മാവിഷ്കാരമാവുന്നു.

വിജ്ഞാന നിര്‍മിതി


യാത്രാവിവരണം ഒരുതരം സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സ്വയം ഒരു രാജ്യത്തെ സൃഷ്ടിക്കുകയുമാണ്. ഒരു ദേശത്തെ, രാജ്യത്തെ, സ്വന്തം വാക്കുകള്‍ കൊണ്ടുള്ള രേഖപ്പെടുത്തലും ആണത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആത്മകഥനവുമാണ്. ഞാന്‍ കണ്ട ജീവിതം ഇതാ ഇതാണ് എന്ന് ആത്മകഥയില്‍ പറയുമ്പോലെ തന്നെയല്ലേ ഞാന്‍ കണ്ട റഷ്യ, അല്ലെങ്കില്‍ ഞാന്‍ കണ്ട അമേരിക്ക ഇതാ ഇങ്ങനെയാണ് എന്നു പറയുന്നത്? സ്ഥലവിവരണമോ സ്ഥിതിവിവരക്കണക്കോ മാത്രമല്ല യാത്രാവിവരണമെന്നും ഈ വനിതകള്‍ കാട്ടിത്തരുന്നു. യാത്രാവിവരണങ്ങളില്‍ , "ഞാന്‍" തന്നെയാണ് പ്രധാന കഥാപാത്രം. ചിലയിടങ്ങളില്‍ ഈ "ഞാന്‍" ഞങ്ങള്‍ ആയി മാറാറുണ്ട്. യാത്രാവിവരണം ആത്മകഥനമാവുന്നത് അങ്ങനെയാണ്. പുരാണവും ചരിത്രവും യാത്രാനുഭവങ്ങളും കാഴ്ചകളും വിവരിച്ചുകൊണ്ട്, താന്‍ തന്റെ സഞ്ചാരം എങ്ങനെ അനുഭവിച്ചു എന്നുകൂടിയാണ് കാട്ടിത്തരുന്നത്. മാത്രമല്ല, അത് എഴുതപ്പെടുന്ന കാലത്തിന്റെ പരിഛേദം കൂടിയാണ്. കാണുന്ന സ്ഥലങ്ങളേക്കാളേറെ, എഴുതുന്നയാളിന്റെ പരിജ്ഞാനം, വായന, ജീവിതവീക്ഷണം, ലോകപരിചയം മുതലായവ അറിവുനിര്‍മിതിയില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്ത്രീകള്‍ അയല്പക്കം, കുടുംബം എന്നിവയില്‍ യോജിച്ചുചേരുന്നതാണ് യാത്രാവിവരണങ്ങളിലെല്ലാം കാണുക. ഏകാന്തരായി താമസിച്ചും അലഞ്ഞും പുറംകാഴ്ചകള്‍ കാണാനും രമിക്കാനും രസിക്കാനും അത് വിവരിക്കാനും സ്ത്രീകള്‍ക്ക് താല്‍പര്യമില്ല. പകരം, ജീവിതം അനുഭവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ജീവിക്കുന്ന ദേശം കൂടുതല്‍ പ്രത്യക്ഷമാകുന്നത് ഈ വിവരണങ്ങളിലാവുന്നത് അതുകൊണ്ടാണ്.

മേധാ പട്ക്കറും വന്ദന ശിവയും സുഗതകുമാരിയും ദയാഭായിയുമെല്ലാം പൊതുവായി സൂക്ഷിക്കുന്ന ഒരു ജൈവബന്ധമുണ്ട്. സ്ത്രീയും പ്രകൃതിയുമായുള്ള ജൈവബന്ധം. അതേ ജൈവബന്ധമാണ് യാത്രയില്‍ സുജാതാദേവിക്ക് (കാടുകളുടെ താളം തേടി) തുണയാവുന്നത്. "ജീവിതക്ലേശങ്ങളെക്കാളും പാരമ്പര്യത്തിന്റെ കനത്ത ചങ്ങലയാണ് ഉത്തരേന്ത്യക്കാരെ ബന്ധിച്ചിരിക്കുന്നത്. പണി ചെയ്യാന്‍മാത്രമായി പിറന്നവളാണ് ഇവിടത്തെ ഗ്രാമീണ സ്ത്രീ. പുലരും മുന്‍പ് ഒരു വലിയ കുട്ടയുമായി കാട്ടിലേക്ക് പുറപ്പെടുന്നവള്‍ നടു നിവര്‍ത്തുന്നത് രാവേറെ ചെന്നതിനു ശേഷമാണ്. വിറകു വെട്ടണം, വെള്ളം കൊണ്ടുവരണം, കൃഷിപ്പണി ചെയ്യണം, പുല്ലരിയണം, കുഞ്ഞുങ്ങളെ നോക്കണം. എന്നാലും പരുക്കന്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി മല്ലിട്ട് ജീവിച്ചിട്ടും ഹിമാലയത്തിലെ സ്ത്രീകളുടെ പാട്ടിന്റെ ഉറവ വറ്റുന്നില്ല. പുല്ലരിയുമ്പോഴും പണി ചെയ്യുമ്പോഴും അവര്‍ പാടുന്നു. യാത്രക്കിടയിലും സന്തോഷവും സങ്കടവുമൊക്കെ പാട്ടിലൂടെ തുറന്നൊഴുക്കി വിടുന്നു. ഈ കിന്നരിമാര്‍ക്ക് ദുര്‍മേദസ്സില്ലാത്തത് ഭക്ഷണക്കുറവുകൊണ്ടു മാത്രമല്ല, തലമുറകളായുള്ള മലകയറ്റവും ഭാരം പേറിയുള്ള നടത്തവും കൊണ്ടാണത്രേ. ഇവരുടെ പുരുഷന്മാരാവട്ടെ, ടൂറിസ്റ്റ് സീസണില്‍ പണിയെടുത്തിട്ട് മറ്റുകാലത്ത് പുകച്ചും കുടിച്ചും ചീട്ടുകളിച്ചും അലസജീവിതം നയിക്കുന്നു". ഈ സത്യങ്ങള്‍ സ്ത്രീപക്ഷ വെളിപ്പെടുത്തലുകള്‍ എന്നുമാത്രം കരുതി അവഗണിക്കാന്‍ പറ്റുമോ? ഇതേ ജൈവബന്ധം പി വത്സല അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ പ്രദേശത്ത് നടത്തിയ യാത്രാവിവരണത്തിലും പ്രകടമാണ്. ഓക്കിഫെേന്‍ാക്കി എന്ന ചതുപ്പും ഞാവല്‍ മരത്തിലെ നനഞ്ഞ കൂട്ടിലിരുന്ന് ആവലാതി പറയുന്ന കിളികളും അമേരിന്ത്യന്‍ ആദിവാസി ഭൂമികളും അവര്‍ തുറന്നിടുന്ന പുതിയ ജാലകങ്ങളാണ്. ഒരു അമേരിക്കന്‍ വെള്ളക്കാരി ഗര്‍ഭിണിയെ ഒരു അമേരിന്ത്യന്‍ വൃദ്ധ, നമ്മുടെ നാട്ടിലെപ്പോലെ തിരിയുഴിയുകയും കടുകും മുളകും ധാന്യമണികളും ഉഴിഞ്ഞ് അടുപ്പില്‍ ഹോമിക്കയും ചെയ്യുന്ന കാഴ്ച വേറിട്ട ഈ പെണ്‍കാഴ്ചക്കുമാത്രം അവകാശപ്പെട്ടത്. നാലു യാത്രാ വിവരണങ്ങളാണ്, സ്ത്രീകളുടെ വിവരണങ്ങളുടെ പ്രതിനിധികളായി ചേര്‍ത്തിരിക്കുന്നത്.

സ്വപ്നം നിലച്ച റഷ്യയില്‍ : ബോബി അലോഷ്യസ്


കായികകേരളം എന്നും ഓര്‍മിക്കുന്ന ആളാണ് ഹൈജമ്പ് താരമായ ബോബി അലോഷ്യസ്. ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയിലെ മെഡല്‍ ജേതാവും റെക്കോഡിന്റെ ഉടമയും. ശരീരത്തിന്റെ അനന്തസാധ്യതകള്‍ പരിശീലിച്ച് പ്രാവീണ്യം നേടിയ ആളാണ് കായികതാരം. ശരീരത്തിനു ശ്രുതി ചേര്‍ത്ത് പാകപ്പെടുത്തിയവള്‍ . കായിക പരിശീലനത്തിനായി റഷ്യയിലെത്തുന്ന ബോബിയുടെ റഷ്യന്‍ കാഴ്ചകള്‍ : "സ്വപ്നം നിലച്ച റഷ്യയില്‍" ഒരു ദുരന്തചിത്രമായി നമ്മെ വേദനിപ്പിക്കും. അതേസമയം മനസിന്റെ വ്യാപാരങ്ങളില്‍ പൂര്‍ണത കൈവരിച്ച ആളാണ് എഴുത്തുകാരന്‍ . മലയാളത്തിലെ പ്രിയപ്പെട്ട കഥാകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയും (വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍) ബോബി അലോഷ്യസും കമ്യൂണിസ്റ്റാനന്തര റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത് ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്. കുഞ്ഞബ്ദുള്ള 2000-ാമാണ്ടില്‍ . ബോബി അലോഷ്യസ് 2001ല്‍ . രണ്ടുപേരും പരിചയപ്പെടുന്ന പല മോസ്കോ മലയാളികളും ഒരേ വ്യക്തികളാ ണ്. ഈ രണ്ടു യാത്രാവിവരണങ്ങളും ഒരുമിച്ച് വായിക്കുന്നയാളിന് സ്ത്രീകളുടെ കാഴ്ചയിലെ, ഉള്‍ക്കൊള്ളലിലെ വ്യത്യാസം പെട്ടെന്ന് ബോധ്യപ്പെടും. പെരിസ്ട്രോയിക്കക്കു ശേഷമുള്ള റഷ്യ നമ്മുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കും. ഒരു സംസ്കാരവും ജീവിതരീതിയും ഇത്ര നിസ്സാരമായി എങ്ങനെ നശിപ്പിക്കപ്പെട്ടു എന്നത് ഒരു കടംകഥയായിത്തന്നെ ബോബിക്ക് തോന്നി. തന്റെ ഒഴിവുദിവസങ്ങള്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവിടത്തെ ജീവിതം മനസിലാക്കാനും ബോബി വിനിയോഗിക്കുന്നു. ഫാക്ടറികളുടെയും കൂട്ടുകൃഷിക്കളങ്ങളുടെയും തകര്‍ച്ചയും അവിടെ നടമാടുന്ന അരാജകത്വവും അഴിമതിയും നവനാസികളുടെ (ഹിറ്റ്ലറുടെ പുതിയ അനുഭാവികള്‍) തേര്‍വാഴ്ചയുമെല്ലാം സ്പോര്‍ട്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരാള്‍ എത്ര ഹൃദയസ്പൃക്കായാണ് വിവരിച്ചിരിക്കുന്നത്! "ഒന്നരവര്‍ഷം നീണ്ട റഷ്യന്‍ ജീവിതത്തിനിടയില്‍ കണ്ട കാഴ്ചകള്‍ നല്‍കിയ നടുക്കവും ആഘാതവും ഈ പുസ്തകരചനക്ക് പ്രചോദനമായി"എന്ന് ബോബി തന്നെ പറയുന്നു. ഭര്‍ത്താവ് ഷാജന്‍ സക്കറിയയോടൊപ്പമാണ് ബോബി മോസ്കോവില്‍ എത്തുന്നത്. ബോബിക്ക് താമസ സൗകര്യം ശരിയാവുംവരെ ഷാജന്‍ ഒരു മാസത്തോളം കൂടെ നില്‍ക്കുന്നുണ്ട്. പിന്നീട് മോസ്കോയിലെ മലയാളികളും റഷ്യന്‍ ഒളിമ്പിക്ക് താരമായ യെലേനയും ബോബിയെ സഹായിക്കുന്നു. ഈ കുറിപ്പുകള്‍ തയാറാക്കാന്‍ ഷാജന്‍ സഹായിച്ചുവത്രേ. "സാര്‍ ചക്രവര്‍ത്തിമാരുടെ ക്രൂരതകളും സ്റ്റാലിന്‍ എന്ന ഇരുമ്പുമനുഷ്യന്റെ പീഡനങ്ങളും ചരിത്രത്തില്‍ നിറം പിടിപ്പിച്ച് സ്ഥാനം പിടിച്ചപ്പോള്‍ മുതലാളിത്തത്തിലേക്കുള്ള മാറ്റം സൃഷ്ടിച്ച ചോരപ്പാടുകള്‍ മനഃപൂര്‍വം രചിക്കപ്പെടാതെ പോയി" ബോബി എഴുതുന്നു. കുഞ്ഞബ്ദുള്ളയുടെയൊ (വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍) ടി എന്‍ ഗോപകുമാറിന്റെയൊ (വോള്‍ഗാ തരംഗങ്ങള്‍) വിവരണങ്ങളില്‍ ഇത്തരം കാഴ്ചകളേയില്ല. വരേണ്യവര്‍ഗത്തിന്റെതായ യാത്രയാണ് അവര്‍ നടത്തുന്നത്. ക്രെംലിന്‍ കൊട്ടാരവും ലെനിന്‍ മുസ്സോളിയവും ടോള്‍സ്റ്റോയിയുടെ സ്മാരകവും മറ്റും കുഞ്ഞബ്ദുള്ളയും സന്ദര്‍ശിക്കുന്നുണ്ട്. അവര്‍ മദ്യം കുടിക്കയും ഹോട്ടലില്‍ നൃത്തം ചെയ്യുകയും കാസിനോയില്‍ പോവുകയും മറ്റും ചെയ്യുന്നു. മാത്രമല്ല, വിവരണത്തിലെ കാഴ്ചപ്പാട് ഇങ്ങനെ: വിശ്വസുന്ദരിയുടെ കഴുത്തുപോലെ നീണ്ട് മനോഹരമായ പാത്രത്തിന്റെ പിടി. വരണ്ട മുലകള്‍ പോലുള്ള ചീസിന്റെ കഷണങ്ങള്‍ . കവലയില്‍ സുന്ദരികളായ വേശ്യകള്‍ നില്‍പ്പുണ്ട്. കൂടെ വരട്ടേ എന്ന് അവര്‍ ചോദിക്കുന്നു. "തിന്നും കുടിച്ചും ആടിയും പാടിയും നൃത്തം ചവിട്ടിയും ചൂതുകളിച്ചും പ്രായഭേദമെന്യേ ആള്‍ക്കൂട്ടം രസിക്കുന്നു. ഉള്ളവര്‍ മദിരോത്സവത്തില്‍ ആറാടുന്നു. ഇല്ലാത്തവര്‍ ഒരുനേരത്തെ ഭക്ഷണത്തിനായി കേഴുന്നു". ഇതുപോലെ, പുനത്തില്‍ കുഞ്ഞബ്ദുള്ള റഷ്യന്‍ ജീവിതം കാണുന്നത് അപൂര്‍വം. ഈ വസ്തുത, "വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍"എന്ന പുസ്തകത്തിന് ആമുഖമെഴുതിയ എ എം ഷിനാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ബോബിയുടെ എഴുത്തില്‍ സ്നേഹം തുടുത്തുനില്‍ക്കുന്നു. ദാരിദ്ര്യം നിറഞ്ഞ യാത്രയാണ് ബോബിയുടേത്. പരിശീലനത്തിനുള്ള പണമല്ലാതെ, താമസത്തിനുള്ള സൗകര്യം സ്പോണ്‍സര്‍ നല്‍കിയിരുന്നില്ല. ഒളിമ്പിക്ക് സ്വര്‍ണം നേടിയ യെലേന, ബോബിക്കും ഭര്‍ത്താവിനും ആതിഥ്യമരുളുന്നതും തനിക്കെന്ന വ്യാജേന സ്റ്റേഡിയത്തിലെ മെസ്സില്‍നിന്നും ബോബിക്കും ഭക്ഷണമെടുത്ത് നല്‍കുന്നതും റഷ്യക്കാരുടെ സ്നേഹമാണ്. ബോബിയുടെ ഈ രചനയില്‍ സ്ത്രൈണ ഗുണങ്ങളായ ഇഛാശക്തി, ജീവിതാഭിമുഖ്യം, നിഷ്ക്കളങ്കത, പാരസ്പര്യം എന്നിവ തെളിഞ്ഞു വിലസുന്നു. കമ്യൂണിസം തകര്‍ന്നിട്ടും റഷ്യന്‍ ഗ്രാമീണ ജനതക്ക് ഇപ്പോഴും ഇന്ത്യക്കാരോട് സ്നേഹമുണ്ട്. സത്കാരങ്ങള്‍കൊണ്ട് അവര്‍ ബോബിയെ പൊതിയുന്നു. ഇന്ത്യന്‍ സിനിമ, ചരിത്രം, ഭാഷ ഒക്കെ അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഹിന്ദിയും തമിഴും മലയാളവുമൊക്കെ റഷ്യക്ക് പണ്ട് ഔദ്യോഗിക വിദേശഭാഷകളായിരുന്നു. എന്നാല്‍ ഈ രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ഇന്ത്യ തന്ത്രപൂര്‍വം കൂറുമാറിയെന്നും ഒരു ചെറുകൈ സഹായം പോലും ചെയ്തില്ലെന്നും റഷ്യന്‍ ഗ്രാമീണര്‍ വിശ്വസിക്കുന്നു. പറയാതെ വയ്യ എന്ന വിമ്മിട്ടത്താലാണ് ബോബി ഈ വിവരണം നമുക്ക് നല്‍കുന്നത്.

കാടുകളുടെ താളം തേടി: സുജാതാദേവി


ലോകത്തില്‍ ഹിമാലയത്തെക്കാളേറെ വൈവിധ്യമാര്‍ന്ന പ്രകൃതി അപൂര്‍വം. അതുപോലെ അപൂര്‍വം "കാടുകളുടെ താളം തേടി" എന്ന ഈ യാത്രാവിവരണവും. ഒരു നദി തടസ്സങ്ങളെ തരണം ചെയ്ത്, സ്വാഭാവികമായി കുതിച്ചുചാടി, കളിച്ചുചിരിച്ച് ഒഴുകുമ്പോലെ ഈ വനയാത്രയെ നമുക്ക് കാണാം. തരളമായ ശരീരവുംപേറി ഒരു സ്ത്രീ ഒറ്റക്ക് എങ്ങനെ യാത്രചെയ്യും എന്നതിന്, കാട് എങ്ങനെ അവരെ സ്വീകരിക്കുമെന്നതിന് ഈ യാത്രാവിവരണമാണ് തെളിവ്. തന്റെ "ലിംഗപദവി (ജെന്‍ഡര്‍)"എന്ന സത്യം ഇവിടെ അപ്രസക്തമാക്കിയാണ് സുജാതാദേവി സഞ്ചരിക്കുന്നത്. അവരെ പല കാട്ടിലും കൂട്ടിക്കൊണ്ടുപോവുന്ന വനപാലകരുടെ സഹായം, പിന്നെ പത്രപ്രവര്‍ത്തക എന്ന പരിവേഷം ഇവ മാത്രമാണ് പലയിടത്തും തുണ. "ഒറ്റക്ക് യാത്ര ചെയ്യുന്ന ഏതോ ധനികയായ ടൂറിസ്റ്റെന്നു കരുതിയാവാം, ജനം ബഹുമാനപൂര്‍വം പെരുമാറിയത്! മക്കളുടെ പഴയ പാന്റും ഷര്‍ട്ടും വിന്‍ഡ്ചീറ്ററുമൊക്കെ ചാര്‍ത്തിയിറങ്ങുമ്പോള്‍ അമേരിക്കയില്‍ നിന്നുവന്ന നീഗ്രോ അല്ലെങ്കില്‍ മുളാറ്റോയെങ്കിലുമായിരിക്കുമെന്ന് ആള്‍ക്കാര്‍ വിചാരിച്ചു കാണും!" അവര്‍ സ്വയം ആശ്ചര്യപ്പെടുന്നു. പക്ഷേ കേരളം വിട്ടാല്‍ ഒറ്റക്കുള്ള സ്ത്രീയാത്രക്ക് അത്രക്ക് ഭയപ്പെടാനില്ലെന്ന് കേരളത്തിനു പുറത്ത് യാത്ര ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അറിയാം. കേരളത്തിലേക്കാള്‍ മറ്റേതൊരു സ്ഥലവും ഭേദമാണത്രെ!

പരിസ്ഥിതി പ്രവര്‍ത്തകയും കവിയുമായ സുഗതകുമാരിയുടെ അനുജത്തിയായ സുജാതാദേവി ഹിമാലയന്‍ കാടുകളില്‍ നടത്തിയ പഠനയാത്രയുടെ വിവരണം, ബജേന്ദ്രിപാലിന്റെ (എവറസ്റ്റാരോഹകയായ ആദ്യത്തെ ഇന്ത്യക്കാരി) എവറസ്റ്റാരോഹണ വിവരണത്തിനോടാണ് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുക. സാധാരണ യാത്രാവിവരണങ്ങളെയും സ്ത്രീ സങ്കല്‍പ്പത്തെയും വിമോചിപ്പിച്ചുകൊണ്ടേ ഇതു വായിക്കാന്‍ പറ്റൂ. ഈ സാഹസികത മലയാളി സ്ത്രീക്ക് അപരിചിതം. സാഹസികതയല്ലാതെ മറ്റൊന്നും ലേഖിക കാര്യമാക്കുന്നില്ല. "ഇക്കോളജിയെക്കാളും സോഷ്യോളജിയെക്കാളും പരുക്കന്‍ ജീവിത പാഠങ്ങളാണ് ഞാന്‍ നന്നായി പഠിച്ചതെന്നു തോന്നുന്നു. വഴിവക്കിലെ പെട്ടിക്കടയില്‍നിന്നും ഭക്ഷണം കഴിക്കാന്‍ , പീടികത്തിണ്ണയിലും ചായക്കടയിലും അന്തിയുറങ്ങാന്‍ , അപരിചിതരുടെ സൈക്കിളിന്റെ പിന്നിലും ലോറിയിലുമൊക്കെ യാത്ര ചെയ്യാന്‍ , റിസര്‍വേഷനില്ലാതെ ട്രെയിനിലെ ഇടനാഴിയിലെ പെട്ടിയില്‍ കുത്തിയിരുന്നുറങ്ങാന്‍ , രോഗങ്ങളെ ചെറുക്കാന്‍ , സ്വന്തം ഭാരം സ്വയം ചുമക്കാന്‍ , മര്യാദക്കാരോടും മര്യാദയില്ലാത്തവരോടും പെരുമാറാന്‍ , സ്വയം സൂക്ഷിക്കാന്‍ , തനിച്ചിരിക്കാന്‍ .." നാല്‍പ്പത്തിയഞ്ചു വയസ്സുണ്ടായിരുന്ന, നാഗരികയായ ഒരാള്‍ , പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത കാടിനുള്ളില്‍ രണ്ടുമാസം യാത്ര ചെയ്ത് കഴിഞ്ഞതിന്റെ വിവരണം സാഹസികതയല്ലാതെ മറ്റെന്താണ്? "പതിനായിരം അടി ഉയരത്തില്‍ ചായക്കടയിലെ തീ കാഞ്ഞിരുന്നാണ് ഇതെഴുതുന്നത്. "ഹരീ കീ ധുന്‍" എന്ന പ്രസിദ്ധമായ താഴ്വരയിലേക്ക് കടക്കാന്‍ മല കയറി വന്നതാണ്. പക്ഷേ മുകളിലത്തെ മേഖലയിലേക്ക് കടക്കാന്‍ വയ്യ. മഴ, ആലിപ്പഴം പൊഴിയല്‍ , മഞ്ഞുപെയ്യല്‍ ... ഇതൊന്നും പോരാഞ്ഞ് വാരിക്കൂട്ടി തറയിലടിക്കാന്‍ ശ്രമിക്കുന്ന കംസന്‍ കാറ്റും." സീമയെന്ന പേരുള്ള സ്ഥലത്തെ ജനവാസത്തിന്റെ സീമയില്‍ , പൂജ്യം ഡിഗ്രിക്കു താഴെയുള്ള തണുപ്പില്‍ , ചായക്കടയിലെ മുകള്‍നിലയിലെ രാപാര്‍ക്കല്‍ വായനക്കാരുടെ രക്തവും മരവിപ്പിക്കും. "ഗതി കിട്ടാത്ത ഒരാത്മാവിന്റെ കുറവു തീര്‍ക്കാനെന്നപോലെ ഈ കാറ്റിലൂടെ, മഴയിലൂടെ ഞാനൊരു രണ്ടു ഫര്‍ലോങ് പോയി. ഇത്തിരി മറവുള്ള ഒരിടം തേടി. കക്കൂസും കുളിമുറിയുമൊന്നും അത്യാവശ്യങ്ങളില്‍പ്പെടുന്ന ഭൂവിഭാഗങ്ങളല്ലല്ലോ ഇതൊന്നും". ചായക്കടക്കാരുടെ കാരുണ്യം ചായ മാത്രമല്ല, ചൂടു ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും പച്ചരിച്ചോറുമായി അവതരിക്കുന്നു. അവിടെയും ലേഖികയുടെ നര്‍മബോധം: "അപ്പോഴും പറഞ്ഞില്ലേ, പോരണ്ടാ, പോരണ്ടാന്ന്... പോരണ്ടാ, പോരണ്ടാന്ന്".

പരിസ്ഥിതി വാദിയും പക്ഷിശാസ്ത്രജ്ഞനുമായ സാലിം അലി ഏറെക്കാലം ഡെറാഡൂണില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പക്ഷിഗൈഡുകളാണ് സുജാതാദേവി പക്ഷികളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. സുജാതാദേവിയുടെ പക്ഷികളെ കാണാനുള്ള ആഗ്രഹം ഒരുപക്ഷേ സാലിം അലിയോളം തന്നെ വരും. അദ്ദേഹത്തിന്റെ ആത്മകഥയായ "ഫാള്‍ ഓഫ് എ സ്പാരോ"യിലും ഇത്രക്ക് പക്ഷിവിവരണങ്ങളില്ല. സിനിമാഭ്രാന്തര്‍ക്ക് താരദര്‍ശനം എന്നുപറയുമ്പോലെ തന്നെ ഒരു പക്ഷിഭ്രാന്ത് ഈ വിവരണങ്ങളിലെ ആര്‍ത്തിയില്‍ വായിച്ചെടുക്കാം. നോക്കുക: "എന്തൊക്കെ മരങ്ങളാണ്, എത്ര പൂക്കളാണ്, പുഴകളാണ്! കൊച്ചു കൊച്ചു നൂറു വെള്ളച്ചാട്ടമുണ്ട് വഴി നിറയെ. പുഴയിലെ പാറക്കെട്ടില്‍ നമ്മുടെ വണ്ണാത്തിയെക്കാളും ഇത്തിരികൂടിപ്പോന്ന റിവര്‍ചാറ്റ് അഥവാ വെള്ളത്തൊപ്പിക്കാരന്‍ ചുവപ്പന്‍ സ്റ്റാര്‍ട് ഇരതേടി നില്‍പ്പുണ്ട്. കരിം ചുവപ്പുവാലും വയറും കരിനീല ദേഹവുമുള്ള ഒരുണ്ടക്കിളി. തലയില്‍ വെണ്ണ പൊത്തിയതുപോലെ അല്‍പ്പം വെളുപ്പും." "കറുത്തു സുന്ദരന്മാരായ ഖലീജ് എന്ന കാട്ടുകോഴികളെ ഞാന്‍ കേദാരത്തില്‍ വച്ചുതന്നെ കണ്ടിരുന്നു. ചെറുതൊപ്പി വച്ച തവിട്ടു കാട്ടുകോഴികളേയും നേരത്തേ പരിചയപ്പെട്ടിരുന്നു. പശുവിഹാറിലെ പുതുമുഖങ്ങളിലൊന്ന് റോസ് ഫിഞ്ച് ആയിരുന്നു. ആ നെഞ്ചിലെ ഇളം ചുവപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. നമ്മുടെ ഒരു പക്ഷിക്കും ഇങ്ങനെയൊരു നിറമില്ല" (പേജ് 36, 37). "പുള്ളിപ്രാവില്ലാത്ത ഇടമില്ല. ഇലപ്പടര്‍പ്പിനിടയില്‍ ഒന്നുരണ്ടിടത്ത് കാട്ടുകോഴികളെ കണ്ടു. അതിനിടയില്‍ ഒരു കുരങ്ങന്‍ - റിസൈസ് മെക്കാക്ക്- തറയിലിറങ്ങി എന്തൊക്കെയോ പെറുക്കിയും കടിച്ചുതുപ്പിയും നടക്കുന്നുണ്ടായിരുന്നു. ഒരു വലിയ മരത്തിലൂടെ വേഗം വേഗംനടന്ന് മുകളിലേക്ക് കയറുന്ന സുന്ദരന്‍ കൊച്ചുകിളിയെ ഞാനാദ്യം കാണുകയായിരുന്നു. വെളുത്ത വയറും കറുത്ത തലയും കറുപ്പും ചാരവും കലര്‍ന്ന പുറവുമുള്ള ഇവനാവണം ഹിമാലയന്‍ ട്രീ കീപ്പര്‍ "(പേജ് 70). ഇത്തരത്തിലുള്ള വിവരണങ്ങള്‍ , ചിറകും തൂവലും വാലും വര്‍ണിച്ച്, ഗൈഡ് ബുക്കുനോക്കി ഓരോന്നിനെയും തിരിച്ചറിഞ്ഞ് കുറുകലും പാട്ടും കേള്‍പ്പിച്ചു നല്‍കാന്‍ ഒരു യഥാര്‍ഥ പ്രകൃതി നിരീക്ഷകക്കു മാത്രമേ സാധിക്കൂ. പ്രകൃതി നിരീക്ഷകയുടെ യാത്രാവിവരണമെന്ന് ഇതിനെ വിളിക്കാം. മലയാളത്തില്‍ ഇത്തരമൊന്ന് അപൂര്‍വമെന്ന് പറയാനിതാണ് കാരണം. വഴിവക്കില്‍ കാണുന്ന, പക്ഷികളെയും മൃഗങ്ങളെയും തിരിച്ചറിയാന്‍ അതെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് സാധിക്കയില്ല. പലരും ഹംസമെന്ന് പറയുന്നത് താറാവിനെയായിരിക്കും. ശ്യാമക്കിളിയെ കുയിലെന്നും വിളിക്കും! പല യാത്രാവിവരണങ്ങളിലും ഇങ്ങനെ തെറ്റായ പക്ഷിപ്പേരുകള്‍ അരോചകമാവാറുണ്ട്. അധികം പേരും പക്ഷികളെ ശ്രദ്ധിക്കാറുപോലും ഇല്ല. പതിനഞ്ച് അധ്യായങ്ങളിലായി പകുത്തുവെച്ച ഈ പുസ്തകം സര്‍ക്കാരിന്റെ പ്രകൃതി-വന സംരക്ഷണത്തിനോടും വികസന നയത്തോടുമുള്ള ഒരു വിമര്‍ശനം കൂടിയാണ്. "ഭരിക്കുന്നവര്‍ക്ക് സ്ത്രീയോടും പ്രകൃതിയോടും ഒരേ സമീപനമാണ്. ഉടമസ്ഥാവകാശവും ചൂഷണവും. പട്ടണങ്ങളെ ഊട്ടുന്നതിലും താലോലിക്കുന്നതിലുമാണ് എന്നും സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യം. കാടിനുള്ളില്‍ കഴിയുന്ന ഗ്രാമീണരുടെ പുനരധിവാസത്തിനുള്ള പണവും സ്ഥലവും കണ്ടെത്തുക വിഷമമുള്ള കാര്യമല്ല. നഗരത്തില്‍ ആര്‍ക്കും വേണ്ടാത്ത ഷോപ്പിങ് കോംപ്ളക്്സുകള്‍ കെട്ടുന്നതാണ് വികസനം. തല്‍ക്കാലം~ വോട്ടുനേടാനുള്ള വ്യഗ്രത മാത്രമേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളൂ.~ ദീര്‍ഘദൃഷ്ടിയോടെ ആസൂത്രണം നടത്തണമെന്ന് പറയാനുള്ള കാലം എന്നേ കഴിഞ്ഞുപോയി. ഉരുള്‍പൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും വൃഷ്ടിപ്രദേശം വരണ്ടുപോകലിന്റെയും ഒത്ത നടുവില്‍ വന്നെത്തിയിട്ടും ഒന്നും കണ്ടുംകേട്ടുമില്ലെന്ന് ഭാവിച്ച് വീണ്ടും വിത്തെടുത്തുണ്ണുന്ന വിഡ്ഢിത്തത്തില്‍ നാം മുഴുകുന്നു. ഈ പോക്കിന് കടിഞ്ഞാണിടാന്‍ ആരും തയ്യാറല്ലെങ്കില്‍ ഈ നാട് അനുഭവിച്ചു തീര്‍ക്കട്ടെ". ഇതാണ് ഈ യാത്രയുടെ കണ്ടെത്തല്‍ . ഇതുതന്നെയാണ് ജൈവപ്രകൃതിയോടിണങ്ങിയ ഒരു സ്ത്രീയുടെ യാത്രക്കുള്ള സവിശേഷതയും വ്യത്യാസവും.

ബ്രഹ്മപുത്രയിലെ വീട്: കെ എ ബീന


ഒരു ദേശം ജീവിക്കുന്നത് കൃഷിയിലും ഉത്സവങ്ങളിലും ആചാരങ്ങളിലും ആഹാരരീതിയിലും ഭാഷയിലും സാഹിത്യത്തിലും സംഗീതത്തിലും വാസ്തുവിദ്യയിലുമൊക്കെക്കൂടിയാണ്. ഒരു ദേശത്തെ ഇങ്ങനെ പരിചയപ്പെടുത്തുന്നതിന്റെ കൃത്യമായ പ്രതിനിധിയാണ് ബ്രഹ്മപുത്രയിലെ വീട്. ഇതില്‍ എല്ലാമുണ്ട്. കുടുംബസമേതം അസമില്‍ ചേക്കേറിയ കെ എ ബീന, അസമിനെ അടയാളപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന ദേശത്തെ അനുഭവിപ്പിക്കുന്നു.പുതിയ പ്രദേശത്തോടും സ്ഥലവാസികളോടും ഇണങ്ങാന്‍ സ്ത്രീകള്‍ക്ക് ചാതുര്യം കൂടും. അസമിലെ ദേശീയോത്സവമായ ബിഹു ബീനയും രവീന്ദ്രനും വര്‍ണിക്കുന്നതിലെ വ്യത്യാസം ശ്രദ്ധിക്കാം. ബീനയുടെ വാക്കുകളില്‍ ആ ഉത്സവലഹരി തുളുമ്പുന്നു. എത്ര അടുപ്പമാണ് ബീനയുടെ വാക്കുകളില്‍! രവീന്ദ്രന്‍ (ബുദ്ധ പദം): "അസമിയ സംഗീതത്തിന്റെ തുടക്കം ബിഹു ഗാനങ്ങളില്‍ നിന്നാണ്. അവയുടെ നിഷ്കളങ്ക ലാളിത്യവും മൃദുല പ്രമേയ സൂചനകളും ഹൃദയാവര്‍ജകങ്ങളാണ്. വൃദ്ധിപൂജാസങ്കല്‍പ്പങ്ങളുടെ പഴയ ചരിത്രമുള്ള ബിഹുഭൂമിമാതാവിന്റെ ഉല്പാദനപരതയെ ഉത്തേജിപ്പിക്കുവാനാണ് ആഘോഷിക്കപ്പെടുന്നതെന്നതിനാല്‍ ഗാനങ്ങളുടെ പൊതുവേ അന്തര്‍ഗതം രതിപ്രേരകം തന്നെ. അകന്ന ഗ്രാമങ്ങളില്‍ യുവതീയുവാക്കള്‍ ഗ്രാമത്തിന്റെ കാഴ്ചപ്പാടുകള്‍ക്കു വെളിയിലുള്ള വൃക്ഷനിഴലുകളില്‍ക്കൂടി സൈ്വരമായി പാടി നൃത്തം ചെയ്യുന്ന പതിവ് ഇപ്പോഴുമുണ്ട്. സ്വാഭാവികമായും ഈ നൃത്തസമ്മേളനങ്ങള്‍ പ്രണയാനുനയങ്ങള്‍ക്ക് തുടക്കമാവുന്നു."

ബീന (ബ്രഹ്മപുത്രയിലെ വീട്): "ഗ്രാമം ഉത്സവ ലഹരിയിലായിരുന്നു. ഭോലാ ഘറുകളിലേക്ക് ആടുകള്‍ , കോഴികള്‍ , റൂയി എന്നു വിളിക്കുന്ന വലിയ പുഴമീനുകള്‍ ഒക്കെ വന്നുകൊണ്ടേയിരുന്നു. ചാക്കുകണക്കിനു പച്ചക്കറികളും. രാത്രി വീടിനുപുറത്തു നടക്കുന്ന സമൂഹ പാചകവും സമൂഹ സദ്യയുമൊക്കെയാണ് മാഘ ബിഹുവിന്റെ പ്രത്യേകത. ഇറച്ചിയും മീനും ഇതിന് നിര്‍ബന്ധമാണ്. അസമില്‍ ബ്രാഹ്മണര്‍ പോലും ഇറച്ചിയും മീനും കഴിക്കുന്നവരാണ്. ഭക്ഷണം കഴിഞ്ഞതോടെ ചെറുപ്പക്കാര്‍ പാട്ടും നൃത്തവുമാരംഭിച്ചു. ഗ്രാമം മുഴുവനും ഇതേ കാഴ്ചകളായിരുന്നു. വയലുകളിലെ മേജികളും ഭോലാഘറുകളും തീക്കുണ്ഡങ്ങളും ഉത്സാഹഭരിതരായ ജനങ്ങളും ഒരപൂര്‍വ കാഴ്ചയായിരുന്നു."ബ്രഹ്മപുത്രക്ക് "ദുര്‍വാസാവ്" എന്ന പേരാണ് ചേരുക. ദേഷ്യക്കാരനായ മഹാമുനി. പല നാടുകളിലെ പല പല ജീവിതസംസ്കാരങ്ങള്‍ ഏറ്റുവാങ്ങി പ്രയാണം തുടരുന്ന നദികള്‍ക്ക് എന്നും മനുഷ്യപ്രകൃതിയാണ്. അനന്തവിശാലമായ ജലപ്രവാഹം, പല പേരില്‍ , പല സ്ഥലങ്ങളില്‍ , അസമിനെ, ഇന്ത്യയെ ധന്യയാക്കുന്നു. നദികളെ, "കഴലില്‍ ചിറകുള്ള സഞ്ചാരപ്രിയര്‍ , നിലത്തെഴുതാന്‍ പഠിച്ചവര്‍ , പറയാന്‍ പഠിച്ചവര്‍" എന്ന് വയലാര്‍ രാമവര്‍മ എഴുതിയത് സത്യമാണ്. ബ്രഹ്മപുത്ര കണ്ട ബീനക്ക് പരന്ന വായനയും സിനിമ, സംഗീതം, പാചകം തുടങ്ങി പ്രായോഗിക ജീവിതത്തിന്റെ എല്ലാ വശങ്ങളും പണിയായുധങ്ങളാവുന്നു. ബ്രഹ്മപുത്രയുടെ അശാന്തി, പകര്‍ച്ചപോലെ കൈവശം വച്ചിരിക്കയാണ് അസം ജനത. കലാപവും ലഹളയും അസ്വസ്ഥതകളും അവിടെ ജീവിതത്തെ എന്നും കലുഷമാക്കുന്നു. എപ്പോഴും ഭൂകമ്പമുണ്ടാവുന്ന, വെള്ളപ്പൊക്കമുണ്ടാവുന്ന നാട്. കള്ളന്മാരെ പേടിക്കുന്ന വീട്ടുടമസ്ഥര്‍ . അവരുടെ മനസിലെ അരക്ഷിതാവസ്ഥ, നമുക്ക് രസകരമായി വായിച്ചുപോവാം. അലസതയുടെ കാര്യത്തിലായാലും ആചാരങ്ങളുടെ കാര്യത്തിലായാലും നമ്മള്‍ മലയാളികള്‍ക്ക് അവരുമായി സാമ്യം ഉണ്ട്. അശാസ്ത്രീയമായ ആസൂത്രണം സര്‍വമേഖലയിലും വിനാശം വരുത്തുന്നു. മുന്‍കരുതലുകളെല്ലാം പിഴച്ച മനുഷ്യര്‍ ഓരോ വെള്ളപ്പൊക്കത്തിലും ജീവനും സ്വത്തും രക്ഷിക്കാന്‍ നെട്ടോട്ടമോടുന്നു.

പുസ്തകത്തില്‍ ബീന വിവരിക്കുന്നതുപോലെ, താംബൂല ചര്‍വണം മലയാളിയുടെയും പ്രധാന വിനോദമായിരുന്നു. പണ്ട് കോര്‍പറേഷന്‍ , ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഓഫീസുകളുടെ മൂലകള്‍ മുറുക്കാന്‍ തുപ്പലുകൊണ്ട് അലങ്കരിച്ചുവച്ചിരിക്കുന്നത് അസമിലെപ്പോലെ ഇവിടെയും കാണാം. ഇടവഴികളില്‍ മൂത്രം ഒഴിച്ചു നിറച്ചു വച്ചിരിക്കുന്നത്, ഓടകള്‍ പ്ലാസ്റ്റിക്കും മറ്റ് മാലിന്യക്കൂമ്പാരങ്ങളും നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നത്... ഇതെല്ലാം കേരളത്തിലെയും അവസ്ഥകളാണല്ലൊ. അന്തമില്ലാത്ത സാദൃശ്യമോര്‍ത്ത് അത്ഭുതം കൂറാന്‍ ഇനിയുമുണ്ട്. ഓരോ വെള്ളപ്പൊക്കവും ഗൌഹത്തിയെ വലയ്ക്കുമ്പോള്‍ ഒരു വേനല്‍ മഴയില്‍പോലും വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന തിരുവനന്തപുരത്തിലെ നഗര ആസൂത്രണം നമ്മെ കീഴടക്കും. മനുഷ്യര്‍ എവിടെയും ഒരുപോലെയാണല്ലൊ? അസമില്‍ ഒരു കലാപത്തിന് അരങ്ങൊരുങ്ങുവാന്‍ അധിക കാരണമൊന്നും വേണ്ട എന്ന് ബീന; രണ്ടുതവണ തീവ്രവാദി കലാപത്തിനിടയില്‍പ്പെട്ടത് നിസ്സഹായതയോടെ വിവരിക്കുന്നുമുണ്ട്. "അസംകാരുടെ ഏറ്റവും വലിയ പ്രശ്നം ബംഗാളികളുടെ ധാര്‍ഷ്ട്യവും തലയെടുപ്പുമാണെന്ന് പറയുന്നു. അവര്‍ക്ക് ബംഗാളികളെ തോല്‍പ്പിച്ച് മുന്നേറാനുള്ള കഠിനാധ്വാനശീലമൊ മനക്കരുത്തൊ കായികശേഷിയൊ ഇല്ലത്രെ." തോക്കെടുക്കാതെ അസംകാര്‍ക്ക് നിര്‍വാഹമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഴുവനും മറ്റു സംസ്ഥാനക്കാരോടുള്ള ഈ അസഹിഷ്ണുത പ്രകടമാണ്. പ്രവാസിയായി അസമില്‍ കൂടുകൂട്ടിയ ബീന, അവിടത്തെ ഉത്സവാനുഭവങ്ങളും വാടകവീട്ടിലെ തമാശകളും ഋതുക്കളുടെ പകര്‍ച്ചയും സരളമായി വിവരിക്കുന്നു. മമത എന്ന വീട്ടുവേലക്കാരിയുടെ അനുഭവങ്ങളും സുഹൃത്തുക്കളുടെയും മറ്റും തെക്കേ ഇന്ത്യന്‍ വിഭവങ്ങളോടുള്ള കമ്പവും മലയാളിയുടെയും അസംകാരുടെയും പാചകരീതിയും മൈത്രേയ എന്ന ബംഗാളി കുലവധുവിന്റെ കഷ്ടപ്പാടും പൂവാലന്മാരോ, സ്ത്രീധനമോ ഇല്ലാത്ത അസമിലെ ഉയര്‍ന്ന ലിംഗപദവിയുമെല്ലാം ബീന രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട വിവരങ്ങളാണ്. ബീന, ചരിത്രവും സ്ഥലവിവരണവും അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോര്‍ത്തുവച്ചിരിക്കുന്നതാണ് വായനക്ക് അനുസ്യൂതത്വം നല്‍കുന്നത്. കാമാഖ്യാ എന്ന ശക്തിസ്വരൂപിണിയുടെ ഇരിപ്പിടമാണ് അസംകാരുടെ കുലദേവത. മൃഗബലിയും പക്ഷിബലിയും ആചാരങ്ങളാക്കിയ ഈ ക്ഷേത്രത്തില്‍ ദേവിക്ക് വിഗ്രഹമോ രൂപമോ ഇല്ല. കാമാഖ്യാ ദേവീ ദര്‍ശനവും കാസിരംഗ, ചിറാപുഞ്ചി, സിക്കിം എന്നീ സന്ദര്‍ശനങ്ങളും "ബ്രഹ്മപുത്രയിലെ വീടിന്റെ" ആകര്‍ഷണീയതകളാണ്.

വേറിട്ടൊരു അമേരിക്ക: പി വത്സല


വടക്കേ അമേരിക്ക അകലെയുള്ള രാജ്യമേയല്ല, ഇന്ന്. ഭൂമിയുടെ മറുപുറത്താണെങ്കിലും ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ ഏറ്റവുമധികം കുടിയേറിയിരിക്കുന്നത് വടക്കേ അമേരിക്കയിലാണ്. അതിലൊരു മകനെ അമ്മ സന്ദര്‍ശിക്കുന്ന യാത്രാനുഭവങ്ങളാണ് "വേറിട്ടൊരു അമേരിക്ക". "വസുധൈവ കുടുംബകം" എന്ന സത്യമാണ് വത്സല ഈ പുസ്തകത്തില്‍ കണ്ടെത്തുന്നത്. "ഒരേയൊരു സൂര്യന്‍ , ഇന്നലെയീ നേരത്ത് നമ്മുടെ നാട്ടില്‍നിന്നും വന്ന് വീണ്ടും പടിഞ്ഞാറോട്ട് വിടപറയുന്നവന്‍ . കാറ്റ് ഇന്ത്യാസമുദ്രം താണ്ടി, അത്ലാന്റിക്കിനു മീതേ പറന്ന് ഞങ്ങളുടെ അടുത്തെത്തിയിരിക്കുന്നു. മഴ പെയ്യുന്നു. ഒരേ മഴ. ഒരേ ആകാശത്തിനു കീഴെ തണുത്തു വിറയ്ക്കുന്ന ഭൂമി. അപ്പോള്‍ എന്റെ മനസ്സില്‍ കോഴിക്കോടില്ല, കേരളമില്ല, ഇന്ത്യയില്ല, ഏഷ്യയില്ല. ഒരേയൊരു ആവാസസ്ഥലി. നമ്മുടെ പ്രിയപ്പെട്ട ഭൂമി." യാത്ര ജീവിതം തന്നെയാവുന്നു എന്ന കണ്ടെത്തലും കൃതഹസ്തയായ ഈ എഴൂത്തുകാരിക്ക് ലഭിക്കുന്നുണ്ട്.

തിരുനെല്ലിയുടെ, നെല്ലിന്റെ കഥാകാരി അമേരിക്കയിലെ ആദിസമൂഹങ്ങളുടെ ജീവിതം ഒപ്പിയെടുക്കുന്നതില്‍ അത്ഭുതമില്ല. "അമേരിക്കയുടെ ചരിത്രം നരവേട്ടയുടെയും ജന്തുവേട്ടയുടെയും രക്തരൂക്ഷിതമായ ചരിത്രമാകുന്നു. ഈ ഭൂമി മനുഷനുമാത്രം അവകാശപ്പെട്ടതാണെന്ന ആദിമ ക്രൈസ്തവ സങ്കല്‍പ്പത്തിന്റെ ഒരു കറുത്ത നിഴല്‍ ജീവിതത്തിന്റെ ഉള്‍വിളികളിലെല്ലാം പ്രകടമാണ്. അധിനിവേശ സമൂഹങ്ങള്‍ , ഒരു ഭൂഖണ്ഡത്തെ മുഴുവനും വേട്ടയാടിയും കാട് ചുട്ടും നശിപ്പിച്ചു. കുടിയേറ്റ സംസ്കാരത്തിന്റെ പാരമ്യത്തില്‍ അവര്‍ ലോകത്തെ മുഴുവനും തീറ്റാനുള്ള ഭക്ഷ്യവിളകളുടെയും പാലിന്റെയും മാംസത്തിന്റെയും ഉടമകളായി. യുദ്ധോല്‍പന്നങ്ങളാണ്, മരുന്നാണ്, വാഹനസഞ്ചാരസാമഗ്രികളാണ് കൂടുതല്‍ ലാഭകരങ്ങളെന്നു വന്നപ്പോള്‍ , ടൂറിസ്റ്റ് വ്യവസായം ഒരു സവര്‍ണ വാഗ്ദാനമെന്നു കണ്ടപ്പോള്‍ അവര്‍ വീണ്ടും പ്രകൃതിയെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു". ജോണ്‍ സ്റ്റീന്‍ ബക്കിന്റെ "ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍" എന്ന പ്രശസ്ത കൃതി വീണ്ടും വായിച്ചതുപോലെ അനുഭവപ്പെടുന്നു. ഫ്ളോറിഡാ സ്റ്റേറ്റില്‍ മകനോടൊപ്പം താമസിച്ച വത്സല, അമേരിന്ത്യക്കാരുടെ, ആദിഗോത്രങ്ങളുടെ പല ആവാസകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നു. അവിടെ അവര്‍ അമേരിന്ത്യക്കാര്‍ക്ക് യഥാര്‍ഥ ഇന്ത്യക്കാരുമായുള്ള സാദൃശ്യത്തില്‍ അത്ഭുതം കൂറുന്നുണ്ട്. അമേരിന്ത്യക്കാരുടേതായ "ടാക്കോ ബെല്‍" എന്ന ഹോട്ടല്‍ ശൃംഖലയില്‍ കര്‍ലോങ് എന്ന ഒരു വിഭവം കഴിക്കുന്നുണ്ട്്. "വലിയ വൃത്താകൃതിയില്‍ പരത്തിയെടുത്ത പഞ്ഞിപോലെ മൃദുലമായ ചോളച്ചപ്പാത്തി ഒരെണ്ണം. അതില്‍ മലബാര്‍ കോഴിക്കറിയും പുഴുക്കലരിച്ചോറും ഉള്ളിയും ചേര്‍ത്ത് ഫില്ലിങ് ആക്കി ചപ്പാത്തി ഏലാഞ്ചിപോലെ തെരച്ചെടുത്ത് ഒരറ്റം മടക്കി പ്ലേറ്റില്‍ തരും. കൈയില്‍ പിടിച്ച് യാത്രാമധ്യേയും കഴിക്കാവുന്ന ആഹാരം. മധുരത്തിന് അട. പേര്‍ വെസ്പാനട. മലബാര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കോഴിക്കറിയുണ്ടാക്കാന്‍ അമേരിക്കന്‍ ആദിവാസികള്‍ പഠിച്ചത് എവിടെ നിന്നാവും?

ഒരു കാക്കയെ, പരുന്തിനെ, ഒരു പൂച്ചയെപ്പോലും കാണാത്തതാണ് പല വിദേശയാത്രകളും. വത്സല അമേരിക്കയില്‍ പ്രകൃതി ജീവിതം കാണാന്‍ ശ്രമിക്കുന്നുവെങ്കിലും സാധിക്കുന്നില്ല. "ഞാവല്‍മരത്തില്‍ കുരുവിക്കൂടുകളുണ്ട്. പനങ്കൂട്ടത്തിനിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നൊരു പേരറിയാന്‍ പാടില്ലാത്ത വൃക്ഷമുടിയില്‍ ഒരു കാക്കയുടെ സ്വരം എന്നെ വിസ്മയിപ്പിക്കുന്നു. രണ്ടു കാക്കകള്‍ . എങ്ങനെയോ വഴിതെറ്റിയെത്തിയതാണ്. ഇന്നാട്ടില്‍ ഒരിക്കല്‍ മാത്രമേ ഒരു കാക്കയെ കണ്ടിട്ടുള്ളു. കാക്കകള്‍ ഒരേ മരത്തില്‍ ചേക്കേറുന്നു. കൂടുവച്ച ഞാവല്‍മരത്തില്‍നിന്നും കിളികള്‍ മറ്റു വൃക്ഷങ്ങളിലേക്ക് പോകുന്നില്ല. അണ്ണാരക്കണ്ണന്‍ തന്റെ സ്വന്തം മരത്തില്‍ മേല്‍കീഴ് ഓടിത്തിമിര്‍ക്കുന്നു. പുല്‍ത്തകിടിയിലെ കീടനാശിനി പ്രയോഗത്തില്‍നിന്നും രക്ഷപ്പെടുന്ന പച്ചത്തുള്ളന്‍ ഉയരങ്ങളിലൊരു ജനല്‍പ്പാളിമേല്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. ഒരു പാറ്റ മുന്‍കതകിനു പുറത്തെ ചവിട്ടിയുടെ ഓരത്ത് പ്രാണനൊളിപ്പിക്കുന്നു. മനുഷ്യര്‍ ഫ്ളാറ്റുകളില്‍നിന്നും പുറത്തിറങ്ങി വണ്ടികളില്‍ ഓടിമറയുന്നു. ഒറ്റ വിന്‍ഡ് സ്ക്രീനും തുറന്നിടുന്നില്ല. ഇവിടെ ഓരോ ഭവന സമുച്ചയവും ക്ലാസ് സമയത്തെ ഒരു സ്കൂള്‍ ബില്‍ഡിങ് പോലെ അച്ചടക്കത്തില്‍ കഴിയുന്നു." മരവിച്ച ജീവന്റെ നാട്!. അമേരിക്കയെപ്പോലെ ഒരു ഭോഗികളുടെ, അരാജകത്വത്തിന്റെ നാട്ടില്‍ എത്തപ്പെട്ടിട്ടും വത്സല അത്തരം രുചികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. തെക്കേ അമേരിക്കയിലെ ബ്രസീല്‍ സന്ദര്‍ശിക്കുന്ന നടരാജന്‍ (ദക്ഷിണായനകാലം) ബ്രസീലിലെ ഒരു ബസ്സ്റ്റോപ്പില്‍ നിന്നും ഒപ്പിയെടുക്കുന്ന കാഴ്ചയും വീടിന്റെ ജനല്‍ തുറന്ന് വത്സല കാണുന്നതും നോക്കാം. നടരാജന്‍ (ദക്ഷിണായനകാലം): എന്നോടൊപ്പം ബസ് കാത്തുനില്‍ക്കുന്ന കുറേപ്പേരുണ്ട്. അതില്‍ യുവതികളുടെ വേഷം, ബ്രസീലിന്റെ ദേശീയവേഷം തന്നെ. ഇറുകിക്കിടക്കുന്ന ജീന്‍സും മാറിന്റെ മുക്കാല്പങ്കും പുറത്തുകാട്ടുന്ന ടോപ്പും. ടോപ്പ് ആകട്ടെ, വയറിനു മുകളില്‍ അവസാനിക്കും. അതായത് വയറിന്റെ മുന്‍പും പിന്‍പും നഗ്നം. കടഞ്ഞെടുത്ത മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ ഇതിലും നല്ലൊരു വേഷം അവരുടെ സ്നാനവസ്ത്രമായ ഡെന്റല്‍ ഫ്ളോസ് ബിക്കിനി മാത്രം. കണ്ണിന് പാല്‍പായസം കുടിച്ച പ്രതീതി. വശ്യം, ഹൃദ്യം.

വത്സല (വേറിട്ടൊരു അമേരിക്ക): അയലത്തെ ഗൃഹനാഥനും പത്നിയും വിരുന്നുവന്ന വേറെ രണ്ടുമൂന്നു പെണ്ണുങ്ങളും വെയിലും നിഴലും ഉടുത്ത് നെടുനീളെക്കിടക്കുന്ന തുറന്ന മുറ്റത്തൂടെ വടക്കോട്ടു നടക്കുന്നു. നീന്തല്‍ത്തടാകത്തിലേക്കാണ്. പുരുഷന്‍ ബെര്‍മ്യൂഡയും ബനിയനും ധരിച്ച്, ടര്‍ക്കി ടവ്വല്‍ ചുമലിലിട്ട്. പെണ്ണുങ്ങള്‍ മുന്നെ പറഞ്ഞ മട്ടില്‍ മൂന്നിഞ്ചു വസ്ത്രം ധരിച്ച് ടവ്വല്‍ നീട്ടിപ്പിടിച്ച കയ്യില്‍ തൂക്കി, അങ്ങനെ. മുടി മേലോട്ട് കെട്ടി വച്ചിരിക്കുന്നു. പെണ്ണുങ്ങളുടെ നഗ്നതക്കു ചുറ്റിനും ആണ്‍ കണ്ണുകള്‍ ഇവിടെ ആര്‍ത്ത് ആഘോഷിക്കാത്തതിനു കാരണം ഇതുതന്നെ.

ദേശവും യാത്രയും


ഒരു ദേശം, ഒരു വ്യക്തിയെപ്പോലെതന്നെ ജീവനും ശരീരവും ഭാഷയും സംസ്കാരവും ആഹാരരീതിയുമുള്ള, എന്നാല്‍ ദൃഢമായ രൂപഗുണമില്ലാത്ത യൂഥമാണ്. ചരിത്രത്തിലൂടെയും കാലത്തിലൂടെയും അത് പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ചേര്‍ന്നതാണോ യഥാര്‍ഥ ഇന്ത്യ? അതോ ഇന്നത്തെ ഭൂപടത്തില്‍ കാണുന്നതാണോ? ആര്‍ക്കും സംശയം തോന്നാം. യുഎസ്എസ്ആര്‍ എന്ന ഭൂപടം എവിടെപ്പോയി? കാലം മുന്നോട്ടു ചലിക്കുമ്പോള്‍ ദേശങ്ങള്‍ പുതിയ രാഷ്ട്രീയവും ഭൂപടവും സംസ്കാരവും നേടുന്നു. അതിര്‍ത്തികള്‍ സൃഷ്ടിക്കപ്പെടുമ്പോഴും ദേശം മനുഷ്യമനസ്സുകളില്‍ അതിരില്ലാതെ ജീവിക്കുന്നു. ദേശത്തിന്റെ അതിരുകളും ചിത്രങ്ങളും ജീവിക്കുന്നത് എഴുതപ്പെട്ട ചരിത്രത്തിലും പാഠങ്ങളിലുമാണെന്ന് ഹോമി ഭാഭാ (നേഷന്‍ ആന്‍ഡ് നറേഷന്‍). സാഹിത്യത്തിലും എഴുതപ്പെട്ട ചരിത്രത്തിലും യാത്രാവിവരണങ്ങളിലും കൂടിയാണ് ഓരോ ദേശവും ജീവിക്കുന്നത്. എഴുതപ്പെടുന്ന ദേശം ഇബന്‍ ബത്തൂത്തയുടെ യാത്രാവിവരണങ്ങളും വില്യം ലോഗന്റെ മലബാര്‍ മാനുവലും കേരള ചരിത്രത്തിലെ പ്രധാന ജാലകങ്ങളായി മാറിയത് അങ്ങനെയാണ.് ദേശത്തെക്കുറിച്ചുള്ള അറിവിന്റെ സൃഷ്ടിയാണ് യാത്രാവിവരണമെഴുതുന്നതിലൂടെ ഒരാള്‍ നിര്‍വഹിക്കുന്നത്. അതെഴുതുന്ന കാലവും ആ യാത്രാവിവരണത്തിലൂടെ സംസ്കരിച്ച് സൂക്ഷിക്കപ്പെടുന്നു. ഓരോ രാജ്യവും ജീവിക്കുന്നത് അവിടത്തെ മനുഷ്യരുടെ മനസ്സിനുള്ളിലാണ്. മാതൃഭാഷയും മാതൃരാജ്യവും സംസ്കാരവും ചെറുതും വലുതുമായ കൂട്ടായ്മകളും ആയി ദേശം ജീവിക്കുന്നു. ഭൂപ്രകൃതി അതിനു സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യമനസ്സില്‍ ജീവിച്ചാല്‍ മാത്രമേ "ദേശീയത" എന്ന വാക്കിന് അര്‍ഥമുള്ളൂ. ഒരു ദേശത്തിന്റെ ഭൂമി ശരീരവും ജനത ആത്മാവുമാണ്. അത് രേഖപ്പെടുത്തുന്നത് സഞ്ചാരിയുടെ ചുമതലയുമാകുന്നു. അപ്പോള്‍ , ഒരു ദേശത്തിന്റെ ഭൂപ്രകൃതിയും മലയും പുഴയും വര്‍ണിക്കുന്നത് കാഴ്ചയുടെ കൗതുകം കലര്‍ന്ന ശരീരവര്‍ണനയേ ആവുന്നുള്ളൂ. അവിടുത്തെ ജനങ്ങളുടെ ജീവിതവും ഭാഷയും ആഹാരരീതിയും സംസ്കാരവും വൈകാരികാനുഭവങ്ങളും വിവരിക്കുമ്പോള്‍ മാത്രമേ ദേശത്തിന്റെ ആത്മാവ് എഴുതപ്പെടുന്നുള്ളൂ. സ്ത്രീയാത്രകളുടെ ചാരുത - പരിണിതഫലം അതാണ്. സ്ത്രീ എന്നാല്‍ സ്ഥാവരമായത് - വീട്, അമ്മ, സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദമില്ലാത്തവള്‍ എന്നെല്ലാമാണ് സമൂഹ മനഃസ്ഥിതി. മലയാള ഭാഷയില്‍ സ്ത്രീകള്‍ എഴുതിയ യാത്രാവിവരണങ്ങള്‍ കുറവായത് സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണല്ലോ. എന്നാല്‍ സഞ്ചരിക്കുന്ന പലതും, നദി, കപ്പല്‍ മുതലായവ സാങ്കല്പികമായി സ്ത്രീകളായത് കൗതുകകരം. സ്ത്രീകള്‍ എന്തുകൊണ്ട് തനിയെ യാത്ര ചെയ്യുന്നില്ല എന്നതിന് ഉത്തരമാണ് ടിസ്സി മറിയം തോമസിന്റെ ഇറങ്ങിനടപ്പ് എന്ന പുസ്തകം. തനിയെ അനവധി യാത്രകള്‍ ചെയ്യാന്‍ ഇതെഴുതുന്നവള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. വിവരസാങ്കേതിക വ്യവസായം പുഷ്കലമായ ഇക്കാലത്ത് ധാരാളം ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിദേശരാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്നു. വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ളതുകൊണ്ട് ജോലി സംബന്ധമായും അല്ലാതെയും പലയിടത്തും പോവാന്‍ അവസരം കൈവരുന്നു. അടുത്തിടെ വിക്രം സാരാഭായ് സ്പേയ്സ് സെന്ററില്‍ ജോലി ചെയ്യുന്ന ഒരുസംഘം കൂട്ടുകാരികള്‍ പുരുഷന്മാരെ ആരെയും കൂട്ടാതെ സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിച്ചുവന്നു എന്നു പറയുകയുണ്ടായി. ആരുടെയും സംരക്ഷണവും അകമ്പടിയുമില്ലാതെ യാത്ര ചെയ്യാനും ഇന്നത്തെ സ്ത്രീകള്‍ പഠിച്ചിരിക്കുന്നു. തനിച്ച് ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കാന്‍ - നല്ല ഹോട്ടലുകളാണെങ്കില്‍ സുരക്ഷിതമായും- പ്രയാസമില്ല. അതുകൊണ്ട് ഇനിയും നമുക്ക് യാത്രാവിവരണങ്ങള്‍ പ്രതീക്ഷിക്കാം. സ്ത്രീകള്‍ എഴുതേണ്ടത് എത്ര ആവശ്യമാണെന്നതിലേക്കാണ് ഈ യാത്രകള്‍ , വിവരണങ്ങള്‍ പ്രഖ്യാപിക്കുന്നത്. വേറിട്ട കാഴ്ചകളുടെ കലിഡോസ്കോപ് എന്നാലല്ലേ കാണാന്‍ കിട്ടൂ? സ്ത്രീ മനസ്സിലെ ഈ വിമ്മിട്ടത്തെപ്പറ്റി വിജയലക്ഷ്മിയുടെ കവിത: "വീട്ടുമുറ്റത്തെ കിണറ്റുവെള്ളം ഞാറ്റുവേലപ്പെയ്ത്തിലാര്‍ത്തു പൊങ്ങി ആകാശം കാണുവാനെത്തിനോക്കി ആവാതെയെപ്പോഴോ താണിറങ്ങി ആറ്റിലേക്കെത്താനറിഞ്ഞുകൂടാ ആഴിത്തിരയോളം പോകവയ്യാ ആടിമാസക്കറുപ്പൊന്നുമാത്രം ആഴക്കടല്‍ പോലകത്തൊതുക്കാം"

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം